അംബരചുംബികളുടെ നിര്‍മാണത്തില്‍ വിപ്ലവകരമായ കണ്ടുപിടുത്തങ്ങള്‍ നടത്തിയ എഞ്ചിനീയറാണ് ഡോ. ഫസ്‌ലുറഹ്മാന്‍ ഖാന്‍
അംബരചുംബികളുടെ നിര്‍മാണത്തില്‍ വിപ്ലവകരമായ കണ്ടുപിടുത്തങ്ങള്‍ നടത്തിയ എഞ്ചിനീയറാണ് ഡോ. ഫസ്‌ലുറഹ്മാന്‍ ഖാന്‍. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗത്ഭനായ ആര്‍കിടെക്റ്റും സ്ട്രക്ച്ചറല്‍ എഞ്ചിനീയറുമായാണ് അദ്ദേഹം ഗണിക്കപ്പെട്ടത്.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ശാസ്ത്രജ്ഞനാണല്ലോ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍. അദ്ദേഹത്തിന്റെ ഊര്‍ജതന്ത്ര സിദ്ധാന്തങ്ങള്‍ ഇന്നും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. അപ്രകാരം ഡോ. ഫസലുറഹ്മാന്‍ ഖാന്‍ ഉത്തുംഗസൗധങ്ങളുടെ നിര്‍മ്മാണത്തില്‍ ആവിഷ്‌കരിച്ച തത്വങ്ങളാണ് ആ മേഖലയില്‍ ഇന്നും പിന്തുടരപ്പെടുന്നത്. ഐന്‍സ്റ്റീന്‍ എന്ന പേരിലും അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു.
കമ്പ്യൂട്ടറിന്റെ സഹായത്തോടു കൂടിയാണല്ലോ ഇന്ന് എഞ്ചിനീയര്‍മാര്‍ കെട്ടിടങ്ങളുടെ ഡിസൈനുകള്‍ക്ക് രൂപകല്‍പന നല്‍കുന്നത്. ഈ നൂതന സാങ്കേതിക വിദ്യ കണ്ടുപിടിച്ചതും ഡോ. ഫസലുറഹ്മാന്‍ ഖാനാണ്.
1929 ഏപ്രില്‍ 3-ന് ബംഗ്ലാദേശിലെ ധാക്കയിലാണ് ഫസലുറഹ്മാന്‍ ഖാന്റെ ജനനം. പിതാവ് അബ്ദുറഹ്മാന്‍ ഖാന്‍ ഗണിതശാസ്ത്ര അധ്യാപകനും പാഠപുസ്തകങ്ങളുടെ രചയിതാവുമായിരുന്നു. ബംഗാള്‍ മേഖലയിലെ പൊതുവിദ്യാഭ്യാസ ഡയറക്ടറായാണ് അദ്ദേഹം സര്‍ക്കാര്‍ സേവനത്തില്‍ നിന്നും വിരമിച്ചത്.
ധാക്കയിലെ അര്‍മാനിറ്റോള ഗവ.ഹൈസ്‌കൂളില്‍ നിന്നാണ് ഫസലുറഹ്മാന്‍ ഖാന്‍ സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ശിബ്പൂറിലെ ബംഗാള്‍ എഞ്ചിനീയറിംഗ് കോളേജില്‍ ചേര്‍ന്ന് സിവില്‍ എഞ്ചിനീയറിംഗ് പഠിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് സയന്‍സ് ആന്റ് ടെക്‌നോളജി എന്ന പേരിലാണ് ഇപ്പോള്‍ ശിബ്പൂരിലെ ഈ കോളേജ് അറിയപ്പെടുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് ധാക്ക (ഇന്നത്തെ ബംഗ്ലാദേശ് യൂണിവേര്‍സിറ്റി ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി)യില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കി. അമേരിക്കയിലെ ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പും പാകിസ്താന്‍ ഗവണ്‍മെന്റിന്റെ മറ്റൊരു സ്‌കോളര്‍ഷിപ്പും അമേരിക്കയില്‍ ഉപരിപഠനം നടത്താന്‍ അവസരമൊരുക്കി. അങ്ങനെ 1952-ല്‍ ഇല്ലിനോയിസ് യൂനിവേര്‍സിറ്റിയില്‍ ബിരുദാനന്തര പഠനത്തിന് ചേര്‍ന്നു. അവിടെ നിന്ന് സ്‌ട്രെക്ച്വറല്‍ എഞ്ചിനീയറിംഗിലും. തിയററ്റിക്കല്‍ ആന്റ് അപ്ലൈഡ് എഞ്ചിനീയറിംഗിലുമായി രണ്ട് മാസ്റ്റര്‍ ബിരുദങ്ങളും സ്ട്രക്ച്വറല്‍ എഞ്ചിനീയറിംഗില്‍ പി.എച്ച്.ഡി ബിരുദവും കരസ്ഥമാക്കി.
1956- ല്‍ ചിക്കാഗോയിലെ സെശറാീൃല ംശഹഹ െമിറ ാലൃൃശഹഹ എന്ന നിര്‍മാണ കമ്പനിയില്‍ ചേര്‍ന്നു അദ്ദേഹം. 1966-ല്‍ പ്രസ്തുത കമ്പനിയുടെ പാര്‍ട്്ണറായിത്തീര്‍ന്നു. അടുത്ത വര്‍ഷം അദ്ദേഹത്തിന് അമേരിക്കന്‍ പൗരത്വം ലഭിച്ചു.
ഉത്തുംഗ സൗധങ്ങളുടെ നിര്‍മ്മാണത്തിലാണ് ഫസ്‌ലുറഹ്മാന്‍ ഖാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. പൊക്കമുള്ള ബില്‍ഡിംഗുകളുടെ പരമ്പരാഗത നിര്‍മ്മാണരീതികള്‍ തിരുത്തിക്കൊണ്ട് വിപ്ലവാത്മക പുതിയ തത്വങ്ങളും രീതികളും അദ്ദേഹം ആവിഷ്‌കരിച്ചു. 1960-കളില്‍ ഫസലുറഹ്മാന്‍ ഖാന്‍ ആവിഷ്‌കരിച്ച പ്രസ്തുത സമ്പ്രദായങ്ങളാണ് അംബരചുംബികളുടെ നിര്‍മ്മാണത്തില്‍ ഇന്നും ലോകം പിന്തുടര്‍ന്ന് പോരുന്നത്.
അംബരചുംബികള്‍
1931-ല്‍ പണിപൂര്‍ത്തീകരിച്ച എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗായിരുന്നു 1970-കളുടെ തുടക്കം വരെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം. 102 നിലകളാണ് പ്രസ്തുത കെട്ടിടത്തിന് ഉണ്ടായിരുന്നത്. 1973-ല്‍ ഫസലുറഹ്മാന്റെ രൂപ കല്‍പ്പനപ്രകാരം ചിക്കാഗോയില്‍ നിര്‍മ്മിച്ച വില്‍സ് ടവര്‍ 110 നിലകളുമായി എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളി. പിന്നീട് 1998 വരെ 25 വര്‍ഷക്കാലം ലോകത്തിലെ ഏറ്റവും പൊക്കമുള്ള കെട്ടിടം എന്ന ബഹുമതി വില്‍സ് ടവര്‍ നിലനിര്‍ത്തി.
1969-ല്‍ 99 നിലകളുള്ള ജോണ്‍ ഹാന്‍കോക് സെന്റര്‍ നിര്‍മ്മിച്ചുകൊണ്ട് ഉത്തുംഗസൗധങ്ങളുടെ നിര്‍മാണത്തിലുള്ള തന്റെ പ്രാഗത്ഭ്യം ഫസലുറഹ്മാന്‍ അടയാളപ്പെടുത്തിയിരുന്നു.
കണ്ടുപിടുത്തങ്ങള്‍
അംബരചുംബികളായ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുക എന്നതിനപ്പുറം അത്തരം നിര്‍മിതികളുമായി ബന്ധപ്പെട്ട് ആവിഷ്‌കരിച്ച വിപ്ലവകരമായ ആശയങ്ങളും കണ്ടുപിടിച്ച സാങ്കേതിക മാതൃകകളുമാണ് ഫസലുറഹ്മാനെ വിശ്രുതനാക്കിയത്. കുറഞ്ഞ നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിച്ചു കൂടുതല്‍ സുഭദ്രമായ സൗധങ്ങള്‍ നിര്‍മിക്കാമെന്ന് അദ്ദേഹം ലോകത്തിന് കാണിച്ചുകൊടുത്തു.
ഉയരമുള്ള കെട്ടിടങ്ങളുടെ നിര്‍മാണത്തില്‍ സ്റ്റീല്‍ ചട്ടക്കൂടുകളുടെ ഘടനയാണ് പരമ്പരാഗതമായി സ്വീകരിച്ചിരുന്നത്. ഫസലുറഹ്മാന്‍ അതിന് ബദലായി ട്യൂബ് സ്‌ട്രെക്ചര്‍ എന്ന പുതിയ സിസ്റ്റം കണ്ടുപിടിച്ചു. സ്റ്റീല്‍ സ്‌ട്രെക്ച്ചറിനേക്കാള്‍ പല നിലക്കും ഗുണകരമായിരുന്നു. ഒന്നാമതായി അത് നിര്‍മാണ സാമഗ്രികളുടെ ആവശ്യകത വളരെയധികം കുറച്ചു. അതിനാല്‍ സാമ്പത്തിക ഭാരവും പരിസ്ഥിക്കുണ്ടാകാവുന്ന നാശവും ആനുപാതികമായി ലഘൂകരിക്കപ്പെട്ടു. അതേസമയം സ്റ്റീല്‍ ചട്ടക്കൂടുകളെ അപേക്ഷിച്ച് ഉറപ്പും ഭദ്രതയും ട്യൂബ് സ്‌ട്രെക്ച്ചറിന് കൂടുതലായിരുന്നു. കാറ്റ്, ഭൂമികുലുക്കം എന്നിവയുടെ സമ്മര്‍ദങ്ങളെ ചെറുക്കാനുള്ള ശേഷി താരതമ്യേന കൂടുതലാണെന്നായിരുന്നു ട്യൂബ് സ്‌ട്രെക്ടറിന്റെ മറ്റൊരു മേന്മ. മാത്രമല്ല അത് കെട്ടിടത്തിന്റെ ഉള്‍ഭാഗ വിസ്തൃതി വര്‍ധിപ്പിക്കുകയും അവക്ക് വൈവിധ്യമാര്‍ന്ന ബാഹ്യരൂപങ്ങള്‍ നല്‍കാന്‍ ആര്‍കിടെക്ടിന് സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുന്നു.
1963-ല്‍ നിര്‍മ്മിച്ച ചിക്കാഗോയിലെ ദെവിറ്റ് ചെസ്റ്റ് നട്ട് അപ്പാര്‍ട്‌മെന്റ്‌സിലാണ് ട്യൂബ് സിസ്റ്റം ആദ്യമായി പരീക്ഷിക്കപ്പെട്ടത്. ലോകപ്രശസ്തമായ വേള്‍ഡ് ട്രെയ്ഡ് സെന്റര്‍ നിര്‍മിക്കപ്പെട്ടത് ഇതേ അടിസ്ഥാനത്തിലാണ്.
ട്യൂബ് ഫ്രെയിമുകളുടെ ഒട്ടനേകം വൈവിധ്യങ്ങളും പില്‍ക്കാലത്ത് ഫസലുറഹ്മാന്‍ ഖാന്‍ കണ്ടുപിടിക്കുകയുണ്ടായി. ട്രസ്സ്ഡ് ട്യൂബ് ആന്റ് ബ്രെയ്‌സിംഗ്, ബണ്‍ട്ല്‍ ട്യൂബ്, ട്യൂബ് ഇന്‍ ട്യൂബ്, ഔട്ട് റിഗ്ഗര്‍ ആന്റ് ബെല്‍റ്റ് ട്രസ്സ്, കോണ്‍ക്രീറ്റ് ട്യൂബ് സ്‌ട്രെക്ച്വര്‍, ഷിയര്‍ വാള്‍ ഫ്രെയിം ഇന്ററാക്ഷന്‍ സിസ്റ്റം തുടങ്ങിയ ഡിസൈനുകള്‍ അവയില്‍ ചിലതാണ്.
വേള്‍ഡ് ട്രെയ്ഡ് സെന്ററിന് പുറമെ, അയോണ്‍ സെന്റര്‍, പട്രോണാസ് ടവേഴ്‌സ്, ജിന്‍മാവോ ബില്‍ഡിംഗ് ബാങ്ക് ഓഫ് ചീന ടവര്‍ തുടങ്ങി 40 നിലകളില്‍ കൂടുതലുള്ള അനേകം അനേകം അംബരചുംബികള്‍ പില്‍ക്കാലത്ത് നിര്‍മിക്കപ്പെട്ടത് ഫസലുറഹ്മാന്‍ ഖാന്റെ ട്യൂബ് സിസ്റ്റത്തെ മാതൃകയാക്കിയാണ്. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും പൊക്കമുള്ള ഗോപുരമായ ദുബായിലെ ബുര്‍ജ് ഖലീഫയുടെ നിര്‍മാണത്തില്‍ വരെ ഫസ്‌ലുറഹ്മാന്റെ നിര്‍മാണ മാതൃകകളുടെ ശക്തമായ സ്വാധീനം പ്രകടമാണ്.
ഉത്തുംഗ സൗധങ്ങളുടെ നിര്‍മ്മാണത്തില്‍ അടിസ്ഥാനമാക്കിയിരുന്ന സാമ്പ്രദായിക സങ്കല്‍പങ്ങളെ മറികടന്ന് തികച്ചും നൂതനമായ ഒരു മാതൃക ആവിഷ്‌കരിക്കുകയാണ് ഫസലുറഹ്മാന്‍ ഖാന്‍ ചെയ്തത്. കെട്ടിടങ്ങളുടെ ബാഹ്യാവരണത്തെ തന്നെ അതിന്റെ ഘടനയാക്കാമെന്ന് അദ്ദേഹം തെളിയിച്ചു. അത് ബില്‍ഡിംഗുകളുടെ ഭാരം ഗണ്യമായി ലഘൂകരിച്ചു. കെട്ടിടങ്ങള്‍ പെട്ടിയുടെ രൂപത്തില്‍ തന്നെ ആവേണ്ടതില്ലെന്നും തന്റെ ബണ്ട്ല്‍ഡ് ട്യൂബ് സ്‌ട്രെക്ച്ചറിലൂടെ അദ്ദേഹം വ്യക്തമാക്കി. അതിലൂടെ അത്യുന്നത സൗധങ്ങളുടെ സാമ്പത്തികത്തിലും രൂപഘടനയിലും അദ്ദേഹം കാതലായ മാറ്റം വരുത്തി.
1931-ല്‍ നിര്‍മിതമായ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ നിര്‍മാണത്തില്‍ ച.മീറ്ററിന് 206 കി.ഗ്രാം സ്റ്റീലാണ് ഉപയോഗിച്ചത്. എന്നാല്‍ 1961-ല്‍ നിര്‍മിതമായ ചെയ്‌സ് മാന്‍ഹാട്ടന്‍ ബാങ്ക് ബില്‍ഡിംഗിന്റെ നിര്‍മാണത്തില്‍ ച.മീറ്ററിന് 275 കി.ഗ്രാം സ്റ്റീല്‍ വേണ്ടിവന്നു. എന്നാല്‍, ഫസലുറഹ്മാന്‍ ഡിസൈന്‍ ചെയ്ത ജോണ്‍ ഹാന്‍കോക് ടവറിന് ചതുരശ്രമീറ്ററിന് വെറും 145 കി.ഗ്രാം സ്റ്റീല്‍ മാത്രമാണ് ഉപയോഗിച്ചത്. ബുര്‍ജ് ഖലീഫയുടെ നിര്‍മാണത്തിനാകട്ടെ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന് ഉപയോഗിച്ചതിന്റെ ഏതാണ്ട് പകുതിമാത്രം സ്റ്റീലാണ് ഉപയോഗിച്ചിട്ടുള്ളത്. ഫസലുറഹ്മാന്റെ നിര്‍മ്മാണ തത്വങ്ങളാണ് ബുര്‍ജ് ഖലീഫയെ സുസാധ്യമാക്കിയതെന്ന് വിലയിരുത്തപ്പെടുന്നു.
മറ്റു നിര്‍മിതികള്‍
അംബരചുംബികളല്ലാത്ത കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിലും ഫസലുറഹ്മാന്‍ വിശ്രുതനാണ്. 1981-ല്‍ നിര്‍മ്മിച്ച ജിദ്ദ എയര്‍പോര്‍ട്ടിലെ ഹജ്ജ് ടെര്‍മിനല്‍ ഒരുദാഹരണം. ആവശ്യമില്ലാത്ത സമയങ്ങളില്‍ മടക്കിവെക്കാന്‍ കഴിയുന്ന, തമ്പുകളുടെ ആകൃതിയിലുള്ള മേല്‍ക്കൂരകളാണ് ഇതിന്റെ ഒരു സവിശേഷത. ആഗാഖാന്‍ ഫൗണ്ടേഷന്റെ വാസ്തുശില്‍പ അവാര്‍ഡ് അടക്കം നിരവധി അവാര്‍ഡുകള്‍ക്ക് ഇത് അര്‍ഹമാവുകയുണ്ടായി. മുസ്‌ലിം വാസ്തുശില്‍പ കലക്കുള്ള മഹത്തായ ഒരു സംഭാവന എന്നാണ് ആഗാഖാന്‍ അവാര്‍ഡ് കമ്മറ്റി അതിനെ വിലയിരുത്തിയത്. കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി കെട്ടിടം, അമേരിക്കയിലെ കൊളറാഡോയിലുളള എയര്‍ഫോര്‍സ് അക്കാദമി ബില്‍ഡിംഗ്, മിനിയാപോലിസിലെ ഹ്യൂബര്‍ട്ട് എച്ച്. ഹംഫ്രി മെട്രോ ഡോം തുടങ്ങിയ ലോക പ്രശസ്തമായ വേറെയും അനേകം കെട്ടിടങ്ങള്‍ ഈ ഗണത്തില്‍ പെടുന്നവയായിട്ടുണ്ട്.
കംപ്യൂട്ടര്‍ എയ്ഡഡ് ഡിസൈനിംഗ്
ഇപ്പോള്‍ ആര്‍കിടെക്റ്റുകളും എഞ്ചിനീയര്‍മാരും കംപ്യൂട്ടറിന്റെ സഹായത്തോട് കൂടിയാണ് കെട്ടിടങ്ങളുടെ രൂപകല്‍പനകള്‍ തയ്യാറാക്കാറുള്ളത്. എന്നാല്‍ 1970-കളില്‍ എഞ്ചിനീയര്‍മാര്‍ കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ. അങ്ങനെയുള്ള ഒരു കാലഘട്ടത്തിലാണ് ഡോ. ഫസലുറഹ്മാന്‍ ഖാന്‍ കംപ്യൂട്ടര്‍ എയ്ഡഡ് ഡിസൈനിംഗ് (CAD) കണ്ടുപിടിക്കുന്നത്. സ്‌കിസ്‌മോര്‍ കമ്പനിയുടെ പാര്‍ട്ണര്‍മാരെ ഇക്കാര്യം ബോധ്യപ്പെടുത്തി ഒരു മെയ്ന്‍ ഫ്രെയിം കംപ്യൂട്ടര്‍ വാങ്ങിക്കാന്‍ അദ്ദേഹത്തിന് വളരെയധികം പാടുപെടേണ്ടിവന്നു.
സംഭാവനകള്‍
ഡോ. ഫസലുറഹ്മാന്‍ ഖാന്റെ ഡിസൈനിംഗില്‍ നിര്‍മിക്കപ്പെട്ട പ്രശസ്തമായ ചില കെട്ടിടങ്ങള്‍ താഴെ പറയുന്നു.
ദൈവിറ്റ് ചെസ്റ്റ്‌നട്ട് അപാര്‍ട്‌മെന്റ് ചിക്കാഗോ (1963)
ബ്രണ്‍ഡ്‌വിക് ബില്‍ഡിംഗ്, ചിക്കാഗോ (1965)
ജോണ്‍ ഹാന്‍കോക് സെന്റര്‍, ചിക്കാഗോ (1969)
വണ്‍ഷൈന്‍ സ്‌ക്വയര്‍, ലൂയിസിയാന (1975)
യു.എസ്.ബാങ്ക് സെന്റര്‍, വില്‍വോകീ (1973)
ഹജ്ജ് ടെര്‍മിനല്‍, ജിദ്ദ (1980)
കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി (1978)
ഹ്യൂബര്‍ട് എച്ച് ഹംഫ്രീ മെട്രോ ഡോം മിനസോട്ടോ (1982)
ഒണ്‍ടേറിസെന്റര്‍, ചിക്കാഗോ (1986)
യു.എസ്. എയര്‍ഫോര്‍സ് അക്കാദമി കൊളറാഡോ
ബഹുമതികള്‍
ഒട്ടനേകം അവാര്‍ഡുകളും ബഹുമതികളും ഫസലുറഹ്മാനെ തേടിയെത്തിയിട്ടുണ്ട്. എഞ്ചിനീയറിംഗ് ന്യൂസ് റിക്കാര്‍ഡ് അദ്ദേഹത്തെ അഞ്ച് തവണ എഞ്ചിനീയറിംഗ് വ്യവസായത്തിന് മഹത്തായ സംഭാവന നല്‍കിയവരുടെ കൂട്ടത്തില്‍ പരാമര്‍ശിക്കുകയുണ്ടായി. ഇല്ലിനോയ്‌സിലെ സ്‌ട്രെക്ച്വറല്‍ എഞ്ചിനീയേര്‍സ് അസോസിയേഷന്‍ പ്രസിദ്ധമായ ജോണ്‍ പാവര്‍ അവാര്‍ഡ് മരണാനന്തരബഹുമതിയായി നല്‍കിക്കൊണ്ട് 1987-ല്‍ അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. ചിക്കാഗോയിലെ വില്‍സ് ടവറിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു തെരുവിന് ഫസലുറഹ്മാന്‍ ഖാന്റെ പേരാണ് നല്‍കിയിരിക്കുന്നത്. 1971 -ലെ വാസണ്‍ മെഡല്‍, 1973 ആല്‍ഫ്രഡ് ലിണ്ടാവു അവാര്‍ഡ്, 1977-ലെ ഏണസ്റ്റ് ഹൊവാര്‍ഡ് അവാര്‍ഡ്, 1973-ലെ കിംബ്രോ അവാര്‍ഡ്, അതേവര്‍ഷം തന്നെ ഓസ്‌കാര്‍ ഫേബര്‍ അവാര്‍ഡ്, 1983-ലെ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ഓഫ് മെരിറ്റ് ഇന്‍സ്ട്രക്ച്വറല്‍ എഞ്ചിനീയറിംഗ്, 1987-ലെ ജോണ്‍ പാവര്‍ അവാര്‍ഡ്, 2006-ലെ വാള്‍ ഓഫ് ഫെയിം അവാര്‍ഡ്, 1972- ലെ മേന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് തുടങ്ങിയവ അവയില്‍ ചിലത് മാത്രം. കൗണ്‍സില്‍ ഓഫ് ടാള്‍ ബില്‍ഡിംഗ് ആന്റ് അര്‍ബന്‍ ഹാബിറ്റാറ്റ് അതിന്റെ സ്‌കൈ ക്രാപ്പര്‍ അവാര്‍ഡ് ഫസലുറഹ്മാന്റെ പേരിലാണ് നല്‍കി വരുന്നത്.
ഫസലുറഹ്മാന്‍ ഖാന്‍ കേവലം ഒരു സാങ്കേതിക വിദഗ്ദനായിരുന്നില്ല. കലാപ്രേമിയും മനുഷ്യസ്‌നേഹിയും ആക്ടിവിസ്റ്റുമെല്ലാമായിരുന്നു അദ്ദേഹം. ‘‘സാങ്കേതിക വിദഗ്ദര്‍ അവരുടെ സാങ്കേതിക വിദ്യയില്‍ മുങ്ങിപ്പോകരുത്. അവര്‍ ജീവിതം ആസ്വദിക്കണം. ജീവിതമെന്നാല്‍ കലയും സംഗീതവും നാടകവും സര്‍വോപരി ജനങ്ങളുമാണ്’’ എന്ന അദ്ദേഹത്തിന്റെ പ്രസ്താവ്യം പ്രസിദ്ധമാണ്. ബംഗ്ലാദേശ് രൂപീകരണത്തില്‍ കലാശിച്ച കലാപത്തില്‍ ബംഗ്ലാദേശിന് അനുകൂലമായി അമേരിക്കയില്‍ പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിനും കലാപത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും വേണ്ടി അമേരിക്കയിലെ ബംഗ്ലാദേശികളുടെ ഒരു സംഘടന രൂപീകരിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജന്മനാടിനോടുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉള്‍ക്കാഴ്ചയുടെയും പ്രതിജ്ഞാബന്ധതയുടെയും നിദര്‍ശനമത്രെ.
1982 മാര്‍ച്ച് 27-ന് ജിദ്ദയില്‍ വെച്ച് മരണപ്പെട്ട ഫസലുറഹ്മാന്‍ ഖാന്റെ ഖബറടക്കം ചിക്കാഗോയില്‍ ആയിരുന്നു.