കഴിഞ്ഞ ദിവസം ഏതാനും കെ.ജി വിദ്യാര്‍ഥികളുടെ മാതാക്കളുമായി സംസാരിക്കാന്‍ അവസരം ലഭിച്ചു.
കഴിഞ്ഞ ദിവസം ഏതാനും കെ.ജി വിദ്യാര്‍ഥികളുടെ മാതാക്കളുമായി സംസാരിക്കാന്‍ അവസരം ലഭിച്ചു. അതിനിടയില്‍ ചോദിച്ചു. 'നിങ്ങള്‍ കുട്ടികളെ ശിക്ഷിക്കാറുണ്ടോ?'
മഹാ ഭൂരിപക്ഷം മാതാക്കളും ശിക്ഷിക്കാറുണ്ടെന്ന് തുറന്നു പറഞ്ഞു. അപ്പോള്‍ എന്തിനാണ് ശിക്ഷിക്കാറ് എന്ന് ചോദിച്ചു. ''വികൃതി കാണിക്കുകയും അനുസരണക്കേട് കാണിക്കുകയും ചെയ്യുന്നതിനാല്‍'' എല്ലാവരുടെയും മറുപടി സമാനമായിരുന്നു.
'കുട്ടികളെ അവരുടെ തെറ്റ് ബോധ്യപ്പെടുത്തിയാണോ ശിക്ഷിക്കാറുള്ളത്'
'അല്ല. ശിക്ഷ കിട്ടുമ്പോള്‍ തെറ്റ് ബോധ്യമാകുമല്ലോ' അവര്‍ പറഞ്ഞു.
ഈ സമീപനം കോടതികളോ ന്യായാധിപരോ സ്വീകരിച്ചാല്‍ നാം അംഗീകരിക്കുമോ?
'ഇല്ല'
'അല്ലാഹു തന്റെ അടിമകളെ കുറ്റം ബോധ്യപ്പെടുത്തിയല്ലേ ശിക്ഷിക്കുകയുള്ളൂ.'
'അതെ' അവര്‍ അറിയിച്ചു.
'അപ്പോള്‍ അല്ലാഹുവിന് തന്റെ അടിമകളുടെ മേല്‍ ഉള്ളതിനെക്കാള്‍ അധികാരം നമുക്ക് നമ്മുടെ കുട്ടികളുടെ മേലുണ്ടോ?
എല്ലാവരും മൗനം പാലിച്ചു. അപ്പോള്‍ മറ്റൊരു ചോദ്യം ഉന്നയിച്ചു. 'കുട്ടികള്‍ക്ക് എത്ര പ്രായമാകും വരെ നിങ്ങള്‍ അവരെ അടിക്കും?'
'പത്ത് പന്ത്രണ്ട് വയസ്സാകുന്നതുവരെ' അവര്‍ പറഞ്ഞു.
'അതിനുശേഷം അവര്‍ തെറ്റു ചെയ്താലോ?'
'അതുവരെയും പറഞ്ഞുകൊടുത്തിട്ടും അടിച്ചിട്ടും നന്നാകുന്നില്ലെങ്കില്‍ അവരെ അവരുടെ പാട്ടിനു വിടും. അല്ലാതെന്തു ചെയ്യാനാ.' ആ സഹോദരിമാര്‍ തങ്ങളുടെ നിസ്സഹായത അറിയിച്ചു.
'അടിച്ചാല്‍ കുട്ടികള്‍ നന്നാകുമോ?' മറ്റൊരു ചോദ്യം ഉന്നയിച്ചു.
'പേടിച്ചു വികൃതി നിര്‍ത്തും. പറഞ്ഞത് അനുസരിച്ചെന്നു വരും.'
'പേടി കാരണമാണ് തെറ്റില്‍നിന്ന് അകന്നു നില്‍ക്കുന്നതും അനുസരിക്കുന്നതുമെങ്കില്‍ പേടിക്കുന്ന പ്രായം കഴിഞ്ഞാലോ?'
അതിനും വ്യക്തമായ മറുപടി ഉണ്ടായില്ല. അതിനാല്‍ മറ്റൊരു ചോദ്യം ഉന്നയിച്ചു.
'നിങ്ങള്‍ അടി തുടങ്ങിയാല്‍ എപ്പോഴാണ് അത് നിര്‍ത്തുക? എത്ര തവണ അടിക്കും? എത്ര തവണ ദേഷ്യപ്പെട്ടു സംസാരിക്കും?
'മക്കള്‍ അനുസരിക്കുന്നതുവരെ' ചിലര്‍ പറഞ്ഞു.
'അതോ നിങ്ങളുടെ കോപം അടങ്ങുന്നതു വരെയോ?'
'അതും ശരിയാണ്.' ചിരിച്ചുകൊണ്ട് അവര്‍ പറഞ്ഞു.
'ഭര്‍ത്താക്കന്മാര്‍ നിങ്ങളോട് കോപിക്കാറുണ്ടോ?'
'അത് സ്വാഭാവികമല്ലേ'
'അതെല്ലാം ന്യായമായ കാരണത്തിനാണെന്ന് നിങ്ങള്‍ക്ക് ബോധ്യമുണ്ടോ?'
'തെറ്റിദ്ധാരണയും കോപത്തിനു കാരണമാകാറുണ്ട്.'
'കുറ്റം ബോധ്യപ്പെടുത്തിയേ കുറ്റപ്പെടുത്തലുണ്ടാവുകയുളളുവെന്ന് തീരുമാനിച്ചിരുന്നുവെങ്കില്‍ അങ്ങനെ സംഭവിക്കുമായിരുന്നോ.'
'തീര്‍ച്ചയായും ഇല്ല.' അവര്‍ ഏകസ്വരത്തില്‍ പറഞ്ഞു.
'എങ്കില്‍ മക്കളോടുള്ള സമീപനത്തിലും ഇത് ബാധകമല്ലേ'
ശരിയാണ്. അവര്‍ തലയാട്ടി സമ്മതിച്ചു. അപ്പോള്‍ മറ്റൊരു ചോദ്യം ഉന്നയിച്ചു.
'ഭര്‍ത്താക്കന്മാരുടെ കുറ്റപ്പെടുത്തലുകളും ആക്ഷേപശകാരങ്ങളും നിങ്ങളിലുണ്ടാക്കാറുള്ള പ്രതികരണമെന്താണ്.'
'വെറുപ്പും കോപവും'
'അപ്പോള്‍ നിങ്ങളുടെ ശിക്ഷയും ശകാരവും മക്കളിലുണ്ടാക്കുന്ന വികാരവും അതൊക്കെ തന്നെയാവില്ലേ'
'ശരിയാണ്. തങ്ങള്‍ നന്നാകാനാണ് ഉമ്മമാര്‍ ശിക്ഷിക്കുന്നെതന്നൊന്നും ആ പ്രായത്തില്‍ കുട്ടികള്‍ മനസ്സിലാക്കുകയില്ല.'
'ഭര്‍ത്താക്കന്മാര്‍ കോപിക്കുന്നതും കുറ്റപ്പെടുത്തുന്നതും നിങ്ങളില്‍ കാര്യമായ മാറ്റം ഉണ്ടാക്കാറുണ്ടോ. ഭര്‍ത്താക്കന്മാര്‍ക്ക് കോപം വരുന്നത് തല്‍ക്കാലം അടക്കി നിര്‍ത്തി പിന്നീട് ശാന്തമായ സമയത്ത് പോരായ്മകളും തെറ്റുകളും വിശദീകരിച്ച് തിരുത്താനാവശ്യപ്പെടുന്നതാകുമായിരുന്നില്ലേ കൂടുതല്‍ നിങ്ങളെ സ്വാധീനിക്കുക.'
'അതിലെന്താ സംശയം. സ്‌നേഹപൂര്‍വ്വം പോരായ്മകള്‍ ചൂണ്ടിക്കാണിച്ചാല്‍ തിരുത്താന്‍ തയ്യാറാകാത്ത സ്ത്രീകള്‍ വളരെ കുറവായിരിക്കും.' അവര്‍ തങ്ങളുടെ മനസ്സ് തുറന്നു.
'എങ്കില്‍ കുട്ടികളുടെ കാര്യത്തില്‍ നിങ്ങളുടെ നിലപാടും ഇതേ പ്രകാരം ആകുകയല്ലേ വേണ്ടത്. അവരുടെ വികൃതികളും അനുസരണക്കേടും കാണുമ്പോള്‍ കോപം വന്നാല്‍ പെട്ടെന്ന് പ്രതികരിക്കാതിരിക്കുക. ശാന്തമായ ശേഷം നല്ല നിലയില്‍ കാര്യം പറഞ്ഞു ബോധ്യപ്പെടുത്തുക.'
തുടര്‍ന്നു കോപം വന്നാല്‍ ഉടനെ നടപടി സ്വീകരിച്ചാലുണ്ടാകുന്ന വിപത്തും നീട്ടിവെച്ചാലുണ്ടാകുന്ന നന്മയും വ്യക്തമാക്കുന്ന രണ്ടു സംഭവങ്ങള്‍ വിശദീകരിച്ചുകൊടുത്തു.
ഡീല്‍കാര്‍ നെഗി വിശ്വപ്രസിദ്ധനായ കൗണ്‍സലറാണ്. ഒരുദിവസം പരിപാടി കഴിഞ്ഞ് ക്ഷീണിതനായി വീട്ടിലെത്തി. അന്നു തന്നെ അബ്രഹാം ലിങ്കനെ കുറിച്ച് ഒരു റേഡിയോ പ്രഭാഷണം നടത്തേണ്ടിവന്നു. ക്ഷീണം കാരണം അബ്രഹാം ലിങ്കന്റെ ജനനത്തിയ്യതിയുള്‍പ്പെടെ ചില പിഴവുകള്‍ പറ്റി. പ്രസംഗം കേട്ട ഒരു സ്ത്രീ കടുത്തഭാഷയില്‍ രൂക്ഷമായി ആക്ഷേപിക്കുന്ന കത്തയച്ചു. അതിന് ഡീല്‍കാര്‍നെഗി മറുപടി തയ്യാറാക്കി. അത് പൂര്‍ത്തിയായപ്പോള്‍ രാത്രി പന്ത്രണ്ട് മണിയായിരുന്നു. അതിനാല്‍ പിറ്റേന്ന് അയക്കാമെന്ന് തീരുമാനിച്ചു. രാവിലെ വായിച്ചുനോക്കുമ്പോള്‍ അത് രൂക്ഷവും ഒട്ടും മാന്യമല്ലാത്തതുമാണെന്ന് തോന്നി. അതിനാല്‍ മാറ്റിയെഴുതി. അത് ഒന്നുകൂടി വായിച്ചുനോക്കിയപ്പോള്‍ താന്‍ ആറുമണിക്കൂര്‍ കൂടി കാത്തിരിക്കാമെന്ന് തീരുമാനിച്ചു. പിറ്റേന്ന് അതെടുത്ത് വായിച്ചുനോക്കിയപ്പോള്‍ തന്റെ ഭാഗത്തുനിന്നുവന്ന അബദ്ധങ്ങളെ വിമര്‍ശിച്ചെഴുതിയത് ആക്ഷേപിക്കുന്നതും കുറ്റപ്പെടുത്തുന്നതും ശരിയല്ലെന്ന് ബോധ്യമായി. കത്ത് കീറിയിട്ട ശേഷം സംഭവിച്ചതെല്ലാം വിശദമായി എഴുതി ആ സ്ത്രീക്ക് കത്തയച്ചു. അതു വായിച്ച കത്തയച്ച സ്ത്രീ തന്റെ ഭാഗത്ത് നിന്ന് സംഭവിച്ച അബദ്ധം വിശദീകരിച്ചും ക്ഷമ ചോദിച്ചും മറുപടി അയച്ചു. പ്രഭാഷണം കേട്ടപ്പോഴുണ്ടായ വികാരം ഉടനെത്തനെ പ്രകടിപ്പിച്ചതിനാലാണ് തന്റെ കത്തിലെ ഭാഷയും ശൈലിയും രൂക്ഷവും വിവേകരഹിതവുമായതെന്നും അതില്‍ വ്യക്തമാക്കി. അങ്ങനെ അവര്‍ക്കിടയില്‍ വളര്‍ന്നുവന്ന സൗഹൃദം ജീവിതാന്ത്യംവരെ തുടര്‍ന്നു.
സൂര്യകൃഷ്ണ മൂര്‍ത്തി തന്റെ 'മുറിവുകള്‍' എന്ന കൃതിയില്‍ എഴുതിയ ഒരു സംഭവം. ഒരച്ഛനും മകനുമുണ്ടായിരുന്നു. ഇരുവരും വളരെ സ്‌നേഹത്തിലായിരുന്നു. അങ്ങനെ അച്ഛന്‍ ഒരു കാര്‍ വാങ്ങി. കുട്ടി മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അയാള്‍ അല്‍പമകലേക്ക് നടന്നുപോയി. തിരിച്ചുവരുമ്പോള്‍ കുട്ടി ഇരുമ്പുകമ്പികൊണ്ട് കാറിന്മേല്‍ എന്തോ എഴുതുന്നതുകണ്ടു. കോപാകുലനായ അച്ഛന്‍ ഓടിവന്ന് കമ്പിവാങ്ങി അവനെ തുരുതുരാ അടിച്ചു. കോപമടങ്ങുംവരെ അടിതുടര്‍ന്നു. അച്ഛന്‍ അകത്ത് പോയെങ്കിലും മകന്‍ നിര്‍ത്താതെ കരഞ്ഞുകൊണ്ടിരുന്നു. അല്‍പം കഴിഞ്ഞ് മകന്റെ അടുത്ത് വന്ന് നോക്കുമ്പോള്‍ മകന്റെ കയ്യിലെ രണ്ടുവിരലുകള്‍ തടിച്ചുവീര്‍ക്കുകയും നിറംമാറുകയും ചെയ്തിരിക്കുന്നു. ഉടനെ ആശുപത്രിയില്‍ കൊണ്ടുപോയി ഡോക്ടറെ കാണിച്ചപ്പോഴാണ് ഇരുവിരലുകളുടെയും ചലനശേഷി നഷ്ടപ്പെട്ട വിവരമറിയുന്നത്. ആശുപത്രിവിട്ട് വീട്ടിലെത്തിയ അച്ഛന്‍ കാറിന്റെ അടുക്കല്‍ ചെന്നു നോക്കുമ്പോഴാണ് മകന്‍ കുറിച്ചിട്ട വാചകം ശ്രദ്ധയില്‍പെടുന്നത്. 'ഐ ലവ് മൈ പപ്പാ.' ആ അച്ഛന്റെ ദുഃഖത്തിനും ഖേദത്തിനും അതിരുകളുണ്ടായിരുന്നില്ലെന്ന് പറയേണ്ടതില്ലല്ലോ.
മനുഷ്യനിലെ ഏറ്റവും അപകടകരമായ വികാരമാണ് കോപം. വീട്ടിലും നാട്ടിലും കുടുംബത്തിലും സമൂഹത്തിലും അതുണ്ടാക്കുന്ന കുഴപ്പങ്ങള്‍ വിവരണാതീതമത്രെ. എന്നല്ല; എല്ലാ കുഴപ്പങ്ങള്‍ക്കും കലാപങ്ങള്‍ക്കും കാരണം ആരുടെയൊക്കെയോ കോപമാണ്. യുദ്ധങ്ങള്‍ക്കുപോലും പലപ്പോ ഴും കാരണമാകാറുള്ളത് ഭരണാധികാരികളിലുണ്ടാകുന്ന കോപമാണ്.
കോപം മിത്രത്തെ ശത്രുവാക്കുന്നു. അടുത്തവനെ അകറ്റുന്നു. മാതാപിതാക്കള്‍ക്കിടയിലെ ബന്ധം വഷളാക്കുന്നു. ദാമ്പത്യത്തെ ശിഥിലമാക്കുന്നു. കുടുംബങ്ങള്‍ക്കിടയില്‍ അകല്‍ച്ചയുണ്ടാക്കുന്നു. സമുദായങ്ങള്‍ക്കുള്ളിലും സമുദായങ്ങള്‍ തമ്മിലും ഭിന്നത സൃഷ്ടിക്കുന്നു. നാട്ടില്‍ കലാപങ്ങളുണ്ടാക്കുന്നു. കൊലപാതങ്ങള്‍ക്കുവരെ കാരണമായിരിത്തീരുന്നു.
പലരും കോപം വരുന്നതോടെ എല്ലാം മറക്കും. സ്വന്തത്തെപ്പോലും. വിവേകം നഷ്ടപ്പെടും. ആത്മനിയന്ത്രണം അന്യംനില്‍ക്കും. പലതും വിളിച്ചുപറയും. സ്വബോധം നഷ്ടപ്പെട്ടവനെപ്പോലെ പലതും കാട്ടിക്കൂട്ടും. മാറിനിന്ന് വീക്ഷിക്കുന്നവരില്‍ കടുത്തപരിഹാസവും പുഛവുമാണ് ഇതുണ്ടാക്കുക. കോപമടങ്ങുന്നതോടെ തന്നോട് തന്നെ അവമതിപ്പ് അനുഭവപ്പെടും. അപ്പോഴേക്കും അപരിഹാര്യമായ ഒട്ടേറെ വിപത്തുകള്‍ വരുത്തിയിരിക്കും. കോപാകുലനായി പറഞ്ഞ വാക്കുകള്‍ തിരിച്ചെടുക്കാനാവില്ലല്ലോ. ചെയ്തുപോയ പ്രവൃത്തികള്‍ തിരുത്താനാവാത്തതുമായിരിക്കും. അതുകൊണ്ടാണ് പ്രവാചകന്‍ കോപപ്രകൃതനായ ഒരാള്‍വന്ന് ഉപദേശം തേടിയപ്പോള്‍ മൂന്നുതവണയും 'നീ കോപിക്കരുത്' എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ചുപറഞ്ഞത്.
കോപം വരുമ്പോള്‍ നാവിനെയും കയ്യിനെയും അടക്കിനിര്‍ത്തുമെന്ന് ദൃഢനിശ്ചയം ചെയ്യുക. കോപമടങ്ങുന്നതുവരെ തീരുമാനമൊന്നുമെടുക്കാതിരിക്കുക. വാക്കുകള്‍ പറയുന്നതുവരെ നാം അവയുടെ ഉടമകളായിരിക്കും. പറഞ്ഞുകഴിഞ്ഞാല്‍ അടിമകളും. അവ നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും. കര്‍മങ്ങളും അവ്വിധം തന്നെ. അതുകൊണ്ടുതന്നെ കോപം ശമിക്കുംവരെ രണ്ടില്‍നിന്നും വിട്ടുനില്‍ക്കുക. പ്രവാചകന്‍ അതിനു നിര്‍ദ്ദേശിച്ച മാര്‍ഗം വുദു എടുക്കലാണ്.
ചിലരുടെ മനോവികാരം വളരെവേഗം ശരീരത്തില്‍ പ്രകടമാകും. പ്രത്യേകിച്ച് മുഖത്ത്. ദേഷ്യപ്രകടനത്തിന് വ്യത്യസ്ത രീതികളുണ്ട്. സംസാരിക്കാതിരിക്കുക. ചിരിക്കാതിരിക്കുക, ചോദിച്ചാല്‍ ഉത്തരം പറയാതിരിക്കുക. മുഖം കറുപ്പിക്കുക, വിരലുകള്‍ കൂട്ടിത്തിരുമ്മുക, മേശമേല്‍ ഇടിക്കുക, രൂക്ഷമായി നോക്കുക, ഇതൊക്കെയും ഒഴിവാക്കാന്‍ സാധിക്കുന്നവരാണ് സൗഭാഗ്യവാന്മാര്‍. കോപമടങ്ങി മനസ്സ് ശാന്തമായശേഷം മാത്രം നടന്ന സംഭവങ്ങളെ സംബന്ധിച്ച് ചിന്തിക്കുകയും കോപാകുലനാകാന്‍ കാരണമായ പ്രശ്‌നം സൂക്ഷ്മമായും വിവേകപൂര്‍വവും വിലയിരുത്തുകയും ചെയ്തശേഷം മാത്രം തീരുമാനമെടുക്കുകയും പരിഹാരത്തെക്കുറിച്ച് ആലോചിക്കുകയും ചെയ്യുന്നവരാണ് പക്വമതികള്‍.
മാതാപിതാക്കന്മാര്‍ കോപാകുലരായിരിക്കെ മക്കളെ ശകാരിക്കുകയോ ശിക്ഷാനടപടികള്‍ സ്വീകരിക്കുകയോ അരുത്. അവരുടെ കാര്യത്തില്‍ തീരുമാനമെടുക്കുകയുമരുത്. അപ്രകാരം തന്നെ മക്കളും മാതാപിതാക്കളോട് ദേഷ്യമുള്ളവരായിരിക്കെ ഒരക്ഷരവും ഉരിയാടരുത്. കോപമടങ്ങുന്നതുവരെ തീര്‍ത്തും മൗനികളാകണം. എന്നാല്‍ ആ മൗനവും കോപപ്രകടനമാകാതിരിക്കാന്‍ പ്രത്യേകം ജാഗ്രത വേണം. ദമ്പതികളിലാരും കോപാകുലരാകുമ്പോള്‍ പ്രതികരിക്കരുത്. സംയമനം പാലിക്കുകയും മനസ്സ് ശാന്തമായതിന് ശേഷം മാത്രം തീരുമാനമെടുക്കുകയും ആശയവിനിമയം നടത്തുകയും വേണം. കുറ്റപ്പെടുത്തലുകളെക്കാളും ആക്ഷേപശകാരങ്ങളെക്കാളും ആരിലും മാറ്റമുണ്ടാക്കുക അഭിനന്ദനങ്ങളും പ്രശംസകളും നന്ദിപ്രകടനങ്ങളുമാണ് എന്ന വസ്തുത വിസ്മരിക്കാതിരിക്കുക. സ്‌നേഹപൂര്‍വമായ ഉപദേശനിര്‍ദേശങ്ങള്‍ ആക്ഷേപശകാരങ്ങളെക്കാള്‍ ഫലപ്പെടുമെന്ന കാര്യം സംശയരഹിതമത്രെ.