പര്‍വാസ് ചിറകടിച്ചത് സുന്ദരമായ പ്രതീക്ഷകളിലേക്കാണ്. ഒരു പക്ഷി ആദ്യമായി ചിറകടിച്ചുയരുന്നതിനെ ഓര്‍മ്മപ്പെടുത്തുമാറ്
പര്‍വാസ് ചിറകടിച്ചത് സുന്ദരമായ പ്രതീക്ഷകളിലേക്കാണ്. ഒരു പക്ഷി ആദ്യമായി ചിറകടിച്ചുയരുന്നതിനെ ഓര്‍മ്മപ്പെടുത്തുമാറ് അവിസ്മരണീയമായിരുന്നു പെണ്‍കുട്ടികള്‍ക്ക് മാത്രമായി പെണ്‍കുട്ടികള്‍ സംഘടിപ്പിച്ച പര്‍വാസ് കലാവിരുന്ന്.
ഡിസംബര്‍ ഒമ്പതിനാണ് ഫറൂഖ് ഇര്‍ശാദിയ കോളേജില്‍ വെച്ച് ജി.ഐ.ഒ കേരള ‘പര്‍വാസ്' എന്ന പേരില്‍ ഇസ്ലാമിക് ക്യാമ്പസ് ഫെസ്റ്റ് & കോണ്‍ഫറന്‍സ് ഒരുക്കിയത്. പര്‍വാസ് വൈവിധ്യങ്ങളായ സര്‍ഗാത്മകാവിഷ്‌ക്കാരങ്ങളാലും സംഘാടന മികവിനാലും വേറിട്ടുനിന്നു. ജി.ഐ.ഒവിന്റെ ചരിത്രത്തില്‍ ഉന്നതിയില്‍ തന്നെ പര്‍വാസ് അടയാളമിട്ടു.
അമ്പത്തഞ്ച് ഇനങ്ങളിലായി ആയിരത്തിലധികം വിദ്യാര്‍ത്ഥിനികള്‍ പര്‍വാസില്‍ കഴിവ് തെളിയിച്ചു. നവംബര്‍ 18-ന് സംസ്ഥാനത്തെ നാല് സെന്ററുകളിലായി നടന്ന രചനാ മത്സരങ്ങളോടെയാണ് സര്‍ഗവസന്തത്തിന് തുടക്കം കുറിച്ചത്. വാക്ക് കൊണ്ടും വരകൊണ്ടും വിസ്മയം തീര്‍ക്കുകയായിരുന്നു വിദ്യാര്‍ത്ഥിനികള്‍. സമകാലിക രാഷ്ട്രീയത്തെ കൃത്യമായി മനസ്സിലാക്കുന്ന കഥ, തിരക്കഥ, കവിത, ഉപന്യാസങ്ങള്‍ തുടങ്ങിയവ രചനാ വൈഭവത്തെ പ്രതിഫലിപ്പിക്കുന്നതിനൊപ്പം നാളെയുടെ പ്രതീക്ഷകളായ ഒരു പെണ്‍കൂട്ടം വളര്‍ന്നു വരുന്നുണ്ടെന്നതിന്റെ സാക്ഷ്യം കൂടിയായി. വര്‍ണങ്ങള്‍ വിതറിയ, ഭാവനയെ വെളിച്ചം കാണിച്ച അക്ഷരങ്ങളാല്‍ അത്ഭുതം സൃഷ്ടിച്ചവയായിരുന്നു കാര്‍ട്ടൂണ്‍, കാലിഗ്രഫി, ചിത്രരചനാ മത്സരങ്ങള്‍. തീക്ഷ്ണ വാര്‍ത്തമാനങ്ങള്‍ പങ്കുവെച്ച കൂട്ടായ പരിശ്രമങ്ങളുടെ സൃഷ്ടികളായിരുന്നു കൊളാഷ്, ഇന്‍ലന്‍ഡ് മാഗസിന്‍ തുടങ്ങിയവ.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആവേശത്തോടെയും പ്രാര്‍ത്ഥനയോടെയും പുലര്‍ച്ചെ തന്നെ വിദ്യാര്‍ത്ഥിനികള്‍ ഇര്‍ഷാദിയ കോളേജിലേക്ക് എത്തി. 9 വേദികളില്‍ സമാന്തരമായി നടന്ന മത്സര ഇനങ്ങള്‍ക്ക് കൃത്യസമയത്ത് തന്നെ തുടക്കം കുറിച്ചു.
അഭിനയ മികവുകൊണ്ടും ഊര്‍ജസ്വലമായ അവതരണത്താലും വ്യത്യസ്തത പുലര്‍ത്തിയ മോണോലോഗ് വേദി ജുനൈദിന്റെ രക്തസാക്ഷിത്വവും നജീബിന്റെയും രോഹിതിന്റെയും സ്വപ്നങ്ങളും, അടിച്ചമര്‍ത്തലിനോടുള്ള വിയോജിപ്പുകളുടെയും ഭാവപകര്‍ച്ചയായി മാറി.
താളാത്മകമായ സംഗീതവും കൂട്ടായ അവതരണത്തിലെ കൃത്യതയും സമകാലിക ആശയങ്ങളും ചരിത്ര സംഭവങ്ങളും കാണികളുടെ ഹൃദയത്തിലേക്ക് പകരുന്ന അനുഭവമായി മാറി സംഗീത ശില്‍പ്പങ്ങള്‍. ഹാദിയയോടുള്ള ഐക്യപ്പെടലും ഫാഷിസ്റ്റ് വിരുദ്ധ സന്ദേശവും ഉയര്‍ന്നപ്പോള്‍ അവിടം പ്രതിരോധത്തിന്റെ വേദിയായി മാറുകയായിരുന്നു. ശബ്ദത്തിനപ്പുറം മൂര്‍ത്തമായ ആശയങ്ങളും ഭാവപകര്‍ച്ചയും ആര്‍ജവത്തോടെ തീക്ഷ്ണമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന ഇടമായി മൈം മാറി.
മലയാള കവിതാലാപന മത്സരങ്ങളില്‍ ഒ.എന്‍.വിക്കും വൈലോപ്പിള്ളിക്കുമൊപ്പം മുരുകന്‍ കാട്ടാക്കടയടക്കമുള്ള യുവകവികളുടെ വരികളും മത്സരാര്‍ഥികള്‍ ആലപിച്ചു. ചരിത്ര സംഭവങ്ങളും ബഷീറിന്റെ എട്ട്കാലി മാമൂഞ്ഞും പോലുളള വ്യത്യസ്ത ആശയങ്ങള്‍ കഥാപ്രസംഗ വേദിയെ ഒഴുക്കുള്ളതാക്കി. വംശീയ വെറിക്കെതിരെയും സാമ്പത്തിക സംവരണാശയങ്ങളേയും രാഷ്ട്രീയമായി പ്രതിരോധിക്കുന്ന പ്രസംഗവേദികള്‍ പ്രതീക്ഷയുളളതാണ്.
സ്രഷ്ടാവിനോടുള്ള സ്‌നേഹവും സ്തുതിയും ആനന്ദവും ആത്മീയാനുഭൂതിയും നല്‍കിയ ഖവാലിയും, ഇശലുകള്‍ കൊണ്ട് അധിനിവേശങ്ങളോട് പോരാടിയ, പ്രണയവും കിസ്സകളും പെയ്തിറങ്ങിയ മാപ്പിളപ്പാട്ടിന്റെ ശീലുകളും വേറിട്ട അനുഭവങ്ങളായി.
അവസാന നിമിഷം വരെ വീറുറ്റ മത്സരം കാഴ്ച്ചവെച്ചു പ്രശ്‌നോത്തരി മത്സരം. ഖുര്‍ആന്‍ പാരായണ മത്സരം മാസ്മരികതയിലൂടെ പാരായണത്തിന്റെ അര്‍ത്ഥതലങ്ങള്‍ തീര്‍ത്തു.
ഇസ്ലാമിക കലാലയങ്ങളുടെ പ്രാപ്തിയും നിലവാരവും കേരളീയ വിദ്യാഭ്യാസ മേഖലയില്‍ അവ നല്‍കുന്ന സംഭാവനയും പര്‍വാസില്‍ പ്രതിഫലിച്ചു. ഒപ്പം നാളെയുടെ പ്രതിഭകളെ കണ്ടെത്താനും പ്രോല്‍സാഹിപ്പിക്കാനും ജി.ഐ.ഒ-ക്ക് കഴിഞ്ഞു. സംഘാടന മികവിനാലും സമയനിഷ്ഠയാലും വിധികര്‍ത്താകളുടെയും അതിഥികളുടെയും പ്രശംസ പര്‍വാസിന് ലഭിച്ചു.
കലോല്‍സവത്തിന്റെ ആവേശം ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഫീദ അഹമ്മദിന്റെ അദ്ധ്യക്ഷതയിലുള്ള സമാപന സമ്മേളനത്തോടെ മുസ്ലിം സ്ത്രീയുടെ കൃത്യവും കാലികവുമായ അടയാളപ്പെടുത്തലായി മാറി.
വിഷന്‍ 2020 ഡയറക്ടറും ജമാഅത്തെ ഇസ്ലാമി മുന്‍ അഖിലേന്ത്യാ ഉപാധ്യക്ഷനുമായ പ്രൊഫ. സിദ്ദീഖ് ഹസന്‍ സാഹിബിന്റെ പ്രാര്‍ത്ഥനയാല്‍ അനുഗ്രഹീതമായ സമാപന സമ്മേളനത്തില്‍ ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ പി.മുജീബ് റഹ്മാന്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. മുഖ്യധാര പൊതു ബോധത്തെ പൊളിച്ചെഴുതിയ ചുവടുവെപ്പാണ് പര്‍വാസെന്നും ലിബറല്‍ ഫെമിനിസ്റ്റ് ധാരയെ മാറ്റിനിര്‍ത്തി ഇസ്ലാമിക ഭൂമികയില്‍ ഉറച്ച് നിന്ന് പുതിയ ആവിഷ്‌ക്കാര സാധ്യതകള്‍ കണ്ടെത്താന്‍ ജി.ഐ.ഒ ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം പ്രസിസന്റ് റഹ്മത്തുനിസ, സോളിഡാരിറ്റി പ്രസിഡന്റ് പി.എം സ്വാലിഹ്, എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം ഡോ. സഫീര്‍ എ.കെ. ജമാഅത്തെ ഇസ്ലാമി വിദ്യാഭ്യാസ വകുപ്പ് ചെയര്‍മാന്‍ കൂട്ടില്‍ മുഹമ്മദലി, വി.പി ബഷീര്‍, ആര്‍.യൂസുഫ്, ഫസ്‌ന മിയാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പര്‍വാസിനെ ആഘോഷമായും ആവേശമായും ഏറ്റെടുത്ത ഫറൂഖിലെ നാട്ടുകാരുടെയും ആതിഥേയ സ്ഥാപനമായ ഇര്‍ശാദിയയിലെ കൂട്ടുകാരുടെയും അധ്യാപകരുടെയും മറ്റൊരുപാട് പേരുടെയും പ്രാര്‍ത്ഥനയായിരുന്നു പര്‍വാസിന്റെ വിജയം.
മുപ്പതോളം സ്ഥാപനങ്ങള്‍ പങ്കെടുത്ത മത്സരത്തില്‍ 769 പോയിന്റ് നേടി മലപ്പുറം ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ ഓവറോള്‍ ചാമ്പ്യന്മാരായി. 557 പോയിന്റ് നേടി ഫറോക്ക് ഇര്‍ഷാദിയ കോളേജ് രണ്ടാമതെത്തി. ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ കോളേജിനാണ് മൂന്നാം സ്ഥാനം.
കാലത്തോടുള്ള ചോദ്യവും നീതിയോടുള്ള ഐക്യപ്പെടലും നന്മയുടെ നനവുമായി പര്‍വാസിന്റെ ചിറകടി പെയ്തു തീരുന്നില്ല. തട്ടമിട്ട പെണ്‍കുട്ടികള്‍ തീര്‍ത്ത സര്‍ഗാവിഷ്‌കാരങ്ങളുടെ വിശാലമായ ആകാശം പ്രപഞ്ചനാഥന്റെ കാരുണ്യത്തിന്റെ ചിറകടിയായ് ഇനിയും ഉയര്‍ന്നു പറക്കട്ടെ....