ആച്ചുട്ടിത്താളം-16
മഴ പെയ്യുകയാണ്. ചുട്ടുപൊള്ളുന്ന ഭൂമിക്ക് തണുപ്പിന്റെ നെടുവീര്‍പ്പ്. ആകാശം കറുത്തു തന്നെ കിടന്നു. അവിടവിടെ നനഞ്ഞ സാരി ഒന്ന് ഉണങ്ങിക്കിട്ടിയെങ്കില്‍. മഴ നില്‍ക്കാതെ പെയ്യുമ്പോഴും എനിക്കു ചൂടുതന്നെ. ഈ ചൂട് ജനിക്കുമ്പോഴേ കിട്ടിയതാവണം. ഗര്‍ഭപാത്രത്തിലെ ഇളം ചൂടിനപ്പുറം വേവു നിറഞ്ഞ ഉമ്മയുടെ നെഞ്ചിന്റെ ചൂട് അതിനെ ചുട്ടു നീറ്റിയിട്ടുണ്ടാവണം. അത് എന്റെ നെഞ്ച് ഏറ്റുവാങ്ങിയിട്ടുണ്ടാവും.
ആ കാണുന്നതാണു റയില്‍വേ സ്റ്റേഷന്‍ എന്ന് മറിയം ചൂണ്ടിക്കാണിച്ചു തന്ന പരിചയമേ ഉള്ളൂ. അതിലപ്പുറം ഒരു പരിചയവുമില്ല. ടിക്കറ്റെടുത്ത് പ്ലാറ്റ് ഫോമിലേക്കിറങ്ങുമ്പോള്‍ രണ്ടു വണ്ടി നിര്‍ത്തിയിട്ടുണ്ട്. ഏതില്‍ കയറണം. ഒരുപിടിയും കിട്ടിയില്ല. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വണ്ടിയിലാണ് കയറേണ്ടത്. മനസ്സില്‍ കണക്കുകൂട്ടി കയറി. വണ്ടി നീങ്ങുമ്പോള്‍ നെഞ്ച് പടാപടാന്ന് പിടക്കുന്നതറിഞ്ഞു. വഴി തെറ്റിയോ? സ്റ്റേഷനുകളുടെ എണ്ണം മറിയം സൂചിപ്പിച്ചിരുന്നു. യാത്രയാണ്. യതീംഖാനയില്‍ നിന്നിറങ്ങുമ്പോള്‍ വഴിമൂടിയ ഇരുട്ടിന്റെ കനം കണ്ണുകളെ മൂടിയിരുന്നു.
'പോരുന്നോ?'
മറിയത്തിന്റെ വിളി, എവിടേക്കു പോകണമെന്നറിയാത്ത അനിശ്ചിതത്വത്തിലാ യിരുന്നു ഞാന്‍ കേട്ടത്. സബുട്ടിയെ ശ്രദ്ധിക്കണമെന്ന് പ്രൊഫസറോട് ഓര്‍മിപ്പിച്ച് ഇറങ്ങിയതായിരുന്നു ഞാന്‍. യതീംഖാനയിലെ പൂര്‍വ്വ വിദ്യാര്‍ഥിനിയാണ് മറിയം. അവളുടെ വിളര്‍ത്ത മുഖത്തേക്ക് വിസ്മയത്തോടെ നോക്കി.
ഒരു പ്രൈവറ്റ് സ്‌കൂളില്‍ അധ്യാപികയാണ് അവള്‍.
'നഴ്‌സറി കുട്ടികളെ പഠിപ്പിക്കാനല്ലേ അനക്ക് കഴിയൂ'-
എന്ന അവളുടെ വാക്കില്‍ പിന്നെ ഒന്നും ആലോചിച്ചില്ല. ഇനിയും ഒരു വര്‍ഷം കൂടി വീട്ടില്‍ നിന്ന് പഠനം തുടരാന്‍ കഴിയില്ല. ചെറിയ ഒരു വരുമാനമെങ്കിലും ഉണ്ടായേ പറ്റൂ.
ഉമ്മയോടു യാത്ര പറയണം. എടുത്തുവെക്കാന്‍ പ്രത്യേകിച്ചൊന്നുമില്ല. ഡിഗ്രി എന്ന വഴി തല്‍ക്കാലം മറക്കുക. വേറെ നിവൃത്തിയില്ല. ഉമ്മ വിഷമിക്കുമായിരിക്കും. പക്ഷെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ വയ്യ. ഉമ്മ നിസ്സംഗതയോടെ നില്‍ക്കുന്നത് വേദനയോടെ കണ്ടു. ജീവിതത്തിന്റെ പെരുവഴിയിലേക്ക് ഇറങ്ങുകയാണ്. യതീംഖാന സുരക്ഷിതത്വമായിരുന്നു. അഭയമായിരുന്നു. സുരക്ഷിതത്വത്തിന്റെ കൈകള്‍ കുഴഞ്ഞു പോയിരിക്കുന്നു. എനിക്ക് എന്നെ നോക്കിയേ പറ്റൂ.
താമസിക്കുന്ന സ്ഥലത്തു നിന്ന് അരമണിക്കൂറെങ്കിലും നടക്കണം റെയില്‍വേ സ്റ്റേഷനിലേക്ക്. ഇതുവരെ തീവണ്ടിയില്‍ കയറിയിട്ടില്ല. രാവിലെയും വൈകുന്നേരവും അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന തീവണ്ടിയുടെ നേരിയ ചൂളംവിളി വീട്ടിലിരിക്കുമ്പോഴൊക്കെ കേട്ടിട്ടുണ്ട്. ജൂണ്‍ മാസത്തിലെ മൂടിക്കെട്ടിയ ആകാശത്തിനു കീഴെ കുടയില്ലാതെ ഞാന്‍ നടന്നു.
'വേഗം എറങ്ങിക്കോ. പ്പൊ മഴല്ല.'
മറിയം ധൃതികൂട്ടി. സ്റ്റേഷനിലെത്തുന്നതു വരെ മഴ പെയ്യാതിരിക്കണേന്ന് നെഞ്ചുരുകി. പൊറത്തക്കുളത്തിലെ എണ്ണപ്പാടയിലേക്ക് പെയ്തിറങ്ങുന്ന മഴത്തുള്ളികളെ എനിക്കിഷ്ടമായിരുന്നു. പൊറത്തക്കണ്ടത്തിന്റെ വിണ്ട നിലത്തേക്ക് സൈനമ്മായി പാടിയിറക്കിയ മഴത്തുള്ളികളെയും എനിക്കിഷ്ടമായിരുന്നു. തായരയില്‍ ഉമ്മ വെച്ച പാത്രങ്ങളിലേക്ക് ചോര്‍ച്ചയുടെ താളം കൊട്ടിപ്പാടുമ്പോള്‍ കരി മെഴുകിയ നിലത്തു നിന്ന് അരിച്ചു കയറുന്ന തണുപ്പില്‍ മഴയുടെ കമ്പുകളില്‍ ആകാശത്തേക്ക് കോണികെട്ടുന്ന മഴയുറക്കങ്ങള്‍ എന്നും എനിക്കിഷ്ടമായിരുന്നു.
വളരുമ്പോള്‍ എന്തെല്ലാമാണു നഷ്ടമാകുന്നത്? മഴയുടെ കുളിരും താളവും ജീവിതത്തിന്റെ ചൂടും വേവുമായി മാറുകയാണോ? എത്ര വേഗത്തിലാണ് നടന്നത്. എന്നിട്ടും സ്റ്റേഷന്റെ ഒതുക്കു കയറുമ്പോള്‍ മഴ സാരിയില്‍ തൊട്ടു. തിമിര്‍ത്തു പെയ്യുന്ന മഴയിലും മനസ്സിന്റെ ചൂട് നെറ്റിയില്‍ പൊടിഞ്ഞു. ഭയം ശരീരത്തിലേക്ക് പടര്‍ന്നു കയറി. ഇതുതന്നെയല്ലേ ട്രെയിന്‍?
മരങ്ങളില്‍ മഴയുടെ സംഗീതം. പാടത്ത് മഴയുത്സവം. സ്റ്റേഷനുകള്‍ മാറുന്നത് ശ്രദ്ധയോടെ നോക്കി. ഇറങ്ങുമ്പോള്‍ നേരിയ ചാറ്റല്‍ മഴയേയുള്ളൂ. സ്റ്റേഷന്റെ ഒതുക്കുകള്‍ എത്തുന്നത് ബസ്റ്റാന്റിലേക്കാണ്. നീണ്ട ഒതുക്കുകളില്‍ നിന്ന് ബസ്സിലേക്കുള്ള ദൂരമേയൂള്ളൂ. പക്ഷെ, അതിത്തിരി നീണ്ടതു തന്നെയാണ്. മഴ കുറഞ്ഞാലേ ഇറങ്ങാന്‍ പറ്റൂ. മഴയും തിരക്കും അലിഞ്ഞു ചേരുന്നത് നോക്കി നിന്നു. ഈ ചാറ്റല്‍ നില്‍ക്കുമെന്നു തോന്നുന്നില്ല. സാരിത്തല മഫ്തയുടെ മുകളിലേക്കു കയറ്റിയിട്ട് ധൃതിയില്‍ ബസ്സിനു നേരെ നടന്നു. സീറ്റിലിരുന്നപ്പോഴാണ് ശ്വാസം നേരെവീണത്. ഇനി ബസ്സിറങ്ങിയാലും സ്‌കൂളിലേക്കിത്തിരി നടക്കണം. മനസ്സ് എന്തിനും പാകപ്പെടുത്തി എടുത്തു. വഴിവക്കില്‍ തണല്‍ കിട്ടണമെന്നു വാശി പിടിക്കണ്ട. കിട്ടിയാലായി.
ആദ്യമായി തുടങ്ങുന്ന സ്ഥാപനം. വരാന്തയില്‍ നിറയെ രക്ഷിതാക്കളും കുട്ടികളും. മഴയൊഴിഞ്ഞത് റബ്ബിന്റെ കാരുണ്യമാവാം. ഇല്ലെങ്കില്‍ ഇത്രയും ആളുകളുടെ ഇടിയിലേക്ക് നനഞ്ഞു കുതിര്‍ന്ന് എങ്ങനെ കയറിച്ചെല്ലും. അഭിമാനം മാത്രമാണ് ഉമ്മ തന്ന സ്വത്ത്. ആരും ഒന്നും അറിയണ്ട. ഉമ്മ എത്ര സഹിച്ചിരുന്നു എന്നത് മനസ്സിന് പുതിയ തെളിച്ചമായി. ആള്‍ക്കൂട്ടത്തില്‍ ഒരാളായി. അവരുടെ കൂട്ടത്തിലെ ഒരാള്‍. കരയുന്ന കുഞ്ഞുങ്ങള്‍ക്ക് സഫിയ കളിപ്പാട്ടങ്ങള്‍ നല്‍കി. കുട്ടികളെ പരിചരിക്കാനുള്ള ആയയാണവള്‍. സ്‌കൂളിനടുത്തുതന്നെ വീട്. പക്വതയുള്ള പെണ്‍കുട്ടി. ഇരുണ്ട മുഖത്ത് ആഴത്തില്‍ രണ്ട് കുഴികള്‍. ചിരിക്കുമ്പോള്‍ അവയുടെ ആഴം കൂടി. ചന്തമുള്ള ചിരി. അവള്‍ കൈ പിടിച്ചു. ഹൃദയത്തിലാണ് തൊട്ടതെന്നു തോന്നി.
'ഒരാഴ്ച ഉച്ചയ്ക്കു വിടാം'.
മാനേജര്‍ സൗഹൃദം കാട്ടി. സഫിയയോട് കുശലം പറഞ്ഞ് വേഗം ഇറങ്ങി. എന്റെ കണ്ണുകള്‍ ആകാശത്തായിരുന്നു. മഴ പെയ്യുമോ? വേഗം നടന്നു. ലെവല്‍ ക്രോസിന്റെ അടുത്തുള്ള കടയില്‍ നിന്ന് ആളുകള്‍ നോക്കുന്നുണ്ട്.
'നഴ്‌സറിയിലെ ടീച്ചറാ'
ആരെങ്കിലുമാവട്ടെ. ബസ് കിട്ടുന്നതു വരെ മഴപെയ്യാതിരിക്കുമോ? ബസില്‍ കയറുമ്പോള്‍ ആശ്വാസമായി. പക്ഷെ ഇറങ്ങുമ്പോള്‍ വീണ്ടും മഴ ചാറാന്‍ തുടങ്ങി. ഓടി റെയില്‍വേ സ്റ്റേഷന്റെ പടി കയറുമ്പോള്‍ ഒതുക്കിറങ്ങി വരുന്ന മനുഷ്യന്‍ കൂടെ തിരിച്ചു കയറി.
'കുട വേണോ മോളെ. രാവിലീം കണ്ടു മഴ നനയ്ണ്.'
മുഖത്ത് കൃത്രിമത്വം ഒന്നുമില്ല. രാവിലെ അദ്ദേഹം കണ്ടുവോ. തലയിലെ ചുവന്ന കെട്ടില്‍ പോര്‍ട്ടറാണെന്നു തിരിച്ചറിഞ്ഞു. അമ്പതോ അറുപതോ; എത്രയാവും പ്രായം? തിട്ടമില്ല. നരച്ച താടിരോമങ്ങള്‍ മയമില്ലാതെ കിടന്നു. ജീവിതത്തിന്റെ പ്രാരാബ്ധങ്ങള്‍ക്കു മേല്‍ എത്ര ചൂളം വിളികള്‍ കേട്ടിരിക്കും. കണ്ണുകളുടെ ആഴത്തില്‍ കാരുണ്യത്തിന്റെ നിറവ്.
വേണ്ടെന്നു തലയാട്ടി. വണ്ടിയില്‍ കയറുമ്പോഴും പിറകില്‍ അയാള്‍ എന്നെത്തന്നെ നോക്കി നില്‍ക്കുകയാണെന്നു തോന്നി. ആകെക്കൂടി ഒരു വിമ്മിട്ടം. ഒരു ചമ്മല്‍. എന്തിനെന്നറിയാത്ത സങ്കടം ഒതുക്കി. ഒന്നും രണ്ടും ദിവസം പോര. ഒരു മാസം തികയാതെ കാശ് കിട്ടില്ല. വണ്ടിക്കൂലി കഴിഞ്ഞാല്‍ അതൊരു കുടക്ക് തികയുമോ? ഓടുന്നത് മുഴുവന്‍ വെറുതെയാണെന്നു തോന്നി. കിതപ്പു മിച്ചം. എന്നാലും ഓടിയേ പറ്റൂ. നില്‍ക്കാന്‍ വയ്യ. തളര്‍ന്നു വീണുപോകും. അങ്ങനെയായിരിക്കുന്നു ജീവിതം.
പ്രായത്തിന്റെ ക്ഷീണം മറന്ന് ഉമ്മ ഓടുകയാണ്. ആ ഓട്ടം നിര്‍ത്തിയേ പറ്റൂ. അനിയന്റെ കൈകള്‍ക്ക് ബലം കിട്ടുന്ന നാളുകള്‍ക്കു വേണ്ടി കാത്തിരിക്കാം. അവനും തളര്‍ച്ചയുണ്ടാവും. ഇനി ഓടാന്‍ വയ്യാത്തത്ര കിതപ്പിലാണ് അമ്മായി. അവരുടെ മരുന്നിനുള്ളതെങ്കിലും ഉണ്ടാക്കാനുള്ള പെടാപാട്. ആരും വിശ്രമിക്കുന്നില്ല. എന്നിട്ടും പ്രശ്‌നങ്ങള്‍ ബാക്കി തന്നെ.
ശനിയാഴ്ചകള്‍ ഉമ്മയ്ക്കു നല്‍കുന്ന ആധി ഒരുപാട് കണ്ടിട്ടുണ്ട്. റേഷന്റെ അവസാന ദിവസമാണന്ന്. അന്ന് വാങ്ങിയില്ലെങ്കില്‍ ആ ആഴ്ചത്തെ അരി നഷ്ടപ്പെടും. എത്ര വേവിച്ചാലും കല്ലുപോലെ കിടക്കുന്ന മണക്കുന്ന പുല്‍ക്കോടന്‍ അരി അടുപ്പത്ത് വെച്ച് ഊതിയൂതി ഉമ്മയുടെ കണ്ണുകള്‍ നിറയുന്നത് പുകകൊണ്ട് മാത്രമല്ലെന്ന് തോന്നിയിട്ടുണ്ട്.
പറന്നു പറന്ന് ചിറക് കുഴയവെ മരക്കൊമ്പിലെ ഇത്തിരി തണലിലേക്ക് പറന്നിറങ്ങുന്ന പക്ഷിക്ക് ഇല കൊഴിഞ്ഞ ഒറ്റക്കൊമ്പിന്റെ ശൂന്യത വല്ലാത്ത വീര്‍പ്പ് മുട്ടലാവും. ഒരൊറ്റയിതളില്‍ വസന്തത്തെ കുടിയിരുത്തിയ നിമിഷം മുതല്‍ ആയൊരിതള്‍ വാടല്ലേയെന്ന പ്രാര്‍ഥന അതിനെ പൊള്ളി ക്കും. പക്ഷേ കൊഴിയാതിരിക്കില്ലല്ലോ. ഒരിക്കലുമണയാത്ത വസന്തത്തിന്റെ മണ്ണടരു കളിലേക്ക് ആ ഒരിതള്‍ പതിക്കുമ്പോള്‍ കൂടെ ഒരു ഹൃദയവുമുണ്ടാവും. മരുഭൂമിയുടെ മണ്ണില്‍ തളിര്‍ക്കാതെ, പൂക്കാതെ ഒരു ഹൃദയം..... ഉമ്മയെന്ന ഹൃദയം ഒരൊറ്റ ഇതളോടൊപ്പം ഗ്രീഷ്മത്തിന്റെ പൊള്ളലിലേക്ക് കൊഴിഞ്ഞുവീണതാണ്.
ടീച്ചറാകാന്‍ പഠിക്കാന്‍ ഒരുപാട് ചെലവു വേണം. യതീംഖാനയില്‍ നിന്ന് ഒന്നും കിട്ടില്ല. അവിടെ താമസിക്കാം. ഭക്ഷണം കഴിക്കാം. ബാക്കിയുള്ളതൊക്കെ സ്വയം വഹിക്കണം. എന്തെങ്കിലും നീക്കിവെക്കാതെ തരമില്ല.
ട്രെയിനിറങ്ങി നേരെ കിഴക്കോട്ടു നടന്നു. പുഴയില്‍ വെള്ളത്തിന്റെ കുത്തൊഴുക്ക്. റെയില്‍പാളത്തിലൂടെ പുഴയുടെ ഒഴുക്കു നോക്കി വെറുതെ നടന്നു. ഒരിക്കലും കൂട്ടിമുട്ടാത്ത ജീവിതത്തിന്റെ വഴികളാണ് പാളങ്ങളെന്നു തോന്നി. അതങ്ങനെ നീണ്ടു കിടക്കുകയാണ്. അറ്റമില്ലാതെ. മഴപെയ്യണമെന്നു വെറുതെ ആശിച്ചു. മഴ നനഞ്ഞ് എങ്ങോട്ടെന്നില്ലാതെ ഒരു നടത്തം. ആളുകള്‍ കാണുമെന്ന പേടിയില്ലാതെ. ആരുടെയും നോട്ടത്തില്‍ നിന്ന് ഒഴിഞ്ഞു മാറാതെ. അനന്തതയിലേക്കു കാലുകള്‍ വലിച്ചു നീട്ടിയൊരു പോക്ക്. ഉറക്കെ കരഞ്ഞാലും ആരും തിരിച്ചറിയാതെ. മഴയും കണ്ണീരും ഒത്തുചേരുന്ന ഒരു നിമിഷത്തിനു വേണ്ടി മനസ്സു കരഞ്ഞു. പക്ഷെ, മഴ മാറി നിന്നു. കാര്‍മേഘങ്ങള്‍ക്കിടയില്‍ നിന്ന് സൈനമ്മായി ചിരിക്കുന്നുണ്ടോ? ബാപ്പ അസ്വസ്ഥതയോടെ എന്നെ നോക്കുന്നുണ്ടോ?
'അനക്കെന്താ കുട്ട്യേ നട്ടപ്പിരാന്തോ?'
ഉറക്കെ ചിരിച്ചുകൊണ്ട് കണ്ണു നിറക്കുന്നുണ്ടോ? പാളത്തിനൊരു കുലുക്കം. പുഴയിറമ്പിലേക്ക് ഇറങ്ങി നിന്നു. അലറിക്കിതച്ച് കടന്നു പോകുന്ന വണ്ടിയുടെ കാറ്റില്‍ ഉലയാതെ പിടിച്ചു നിന്നു. തിരിഞ്ഞു നടക്കുമ്പോള്‍ മനസ്സ് ശാന്തമായിരുന്നു. പെയ്‌തൊഴിഞ്ഞ ആകാശം പോലെ ഒരു സ്വച്ഛത.
ആ ശാന്തത മനസ്സില്‍ സൂക്ഷിക്കാന്‍ ശ്രമിച്ചു. പാര്‍ക്കുന്ന വീടിന്റെ അനുവദിച്ചു തന്ന ഒറ്റ മുറിയുടെ ജാലകത്തിലൂടെ നക്ഷത്രങ്ങളെ നോക്കി നൂറുകണക്കിന് തസ്ബീഹുകള്‍ ഉരുവിട്ടു. രാത്രി ഒരു മണിക്കും രണ്ടു മണിക്കുമൊക്കെ വരുന്ന പഞ്ചായത്ത് വെള്ളത്തിന് അപ്പുറത്തെ വീട്ടിലെ കുടമെടുത്ത് നിലാവത്ത് ഇണ്ണിയുടെയും കുഞ്ഞുവിന്റെയും, കുഞ്ഞുട്ട്യാത്താന്റെയും കൂടെ ഇറങ്ങി വരിനിന്ന് അവരുടെ ടാങ്ക് നിറച്ചു കൊടുത്തു. കുഞ്ഞുട്ട്യാത്ത കൈപിടിച്ച് മുത്തി കണ്ണു നിറച്ചു.
'ന്റെ കൂട്ടീനെ മറക്കാന്‍ പറ്റൂല'
പ്രാര്‍ഥനയുടെ കണ്ണീരില്‍ ഒരിറ്റു തരണമെന്ന് ചിരിച്ചു. വീഴാതെ പിടിച്ചു നില്‍ക്കാന്‍ അതേയുള്ളൂ. പ്രാര്‍ഥനയുടെ കാവല്‍.
'ഒന്നിനാത്രം പോന്ന പെണ്ണാ ജ്.. അനക്ക് അത് ഓര്‍മ്മണ്ടൊ'
ഉമ്മാന്റെ നെഞ്ചിന്റെ പിടക്കല്‍ ആ രാത്രികളില്‍ തൊട്ടടുത്ത് നിന്നാണെന്ന് തോന്നിയിട്ടുണ്ട്. കിലോമീറ്ററുകള്‍ക്കപ്പുറത്ത് സിമന്റും കരിയും കൂട്ടിത്തേച്ച് മിനുക്കിയ തറയുടെ തണുപ്പില്‍ കിടന്ന് ഉമ്മ ഉരുകുന്നുണ്ടാവും. ഒന്നിനാത്രം പോന്ന പെണ്ണിന് ഉറക്കമില്ലാത്തവനേ നീ കാവല്‍. ആകാശ ഭൂമികളുടെ തമ്പുരാനേ നീ തുണ. ആ തുണയല്ലാതെ ഒരു തുണയും ഞാന്‍ കണ്ടിട്ടില്ല. ആ സ്‌നേഹത്തുള്ളികള്‍ മണ്ണില്‍ വീണ് എന്നോട് ചിരിച്ചു. ചിരിയുടെ കളങ്കമില്ലാത്ത മുഖങ്ങളില്‍ ഞാനാ തുള്ളികള്‍ കണ്ടു. തുള്ളികള്‍ ഭൂമിയുടെ നെഞ്ചിലേക്ക് ഊര്‍ന്നിറങ്ങി. മാറിടം ചുരന്നു. കരുണയുടെ കണികകള്‍ മാറില്‍ നിന്ന് അരുവിയായ് താഴോട്ടൊഴുകി... കരുണയുടെ പ്രവാഹം. ഒഴുകിയൊഴുകി അനന്ത സാഗരത്തിന്റെ വാതിലില്‍ അവ മുട്ടിവിളിച്ചു. വരിക! ഞാന്‍ നിങ്ങളെ പുണരാന്‍ വെമ്പുന്നു. കരുണ തന്‍ നീരൊഴുക്കുകളേ... നിങ്ങളെന്നിലേക്കു ചേര്‍ന്ന് എന്നില്‍ നിന്ന് ഉപ്പുകുറുക്കുക. ജീവിതത്തിലേക്ക് ഉപ്പിന്റെ തരിവിതറി മുറിവുണക്കുക. ഒത്തിരി നീറ്റലെങ്കിലും മുറിവുണങ്ങുന്നത് ആശ്വാസത്തോടെ അനുഭവിച്ചു.
നേരിയ ചാറ്റല്‍ മഴയത്ത് നടന്നു പോകാനുള്ള മടി ക്രമേണ മാറി. കുട വേണോന്ന് പിന്നീടൊരിക്കലും അയാള്‍ ചോദിച്ചില്ല. പക്ഷെ സൗഹൃദത്തിന്റെ ഒരു ചിരി ഇടക്കു വീണുകിട്ടി. അപ്പോഴൊക്കെ കാരുണ്യത്തിന്റെ ഉറവ കണ്ണുകളുടെ ആഴങ്ങളില്‍ കണ്ടു. കാര്യങ്ങളെ അവധാനതയോടെ നോക്കിക്കാണാന്‍ പഠിച്ചു. എന്നിലെ ഞാന്‍ ജീവിതം പിച്ചവെച്ചു പഠിക്കുകയാണ്. വീഴാറാവുമ്പോള്‍ ആകാശത്തേക്കു നോക്കി. അവിടെ കാരുണ്യത്തിന്റെ നീര്‍ത്തുള്ളികള്‍ ആവോളം ഉണ്ടായിരുന്നു.
എല്ലാം തണുപ്പിക്കാന്‍, കുളിര്‍ന്നൊഴുകാന്‍ ആവോളം ശക്തിയുണ്ടായിരുന്നു അതിന്.
(തുടരും)