കേരളത്തിലെ കല്പവൃക്ഷമെന്നറിയപ്പെടുന്ന തെങ്ങ് ഒരു ദീര്‍ഘകാല വിളയാണ്. ഒരു മനുഷ്യായുസ്സിലും കൂടുതലാണ് തെങ്ങിന്റെ ആയുസ്സെന്ന് കേട്ടിട്ടില്ലേ. തെങ്ങിന്റെ വംശ വര്‍ദ്ധനവ് വിത്തില്‍ കൂടെ മാത്രമേ സാധ്യമാവൂ. തൈ നട്ട് ഏഴോ എട്ടോ വര്‍ഷം കഴിഞ്ഞിട്ടാണ് നാടന്‍ തെങ്ങുകള്‍ കായ്ക്കാന്‍ തുടങ്ങുന്നത്. ചുരുങ്ങിയത് സ്ഥായിയായ ഉല്പാദനം ലഭിക്കാന്‍ വീണ്ടും ഒരു ആറുവര്‍ഷമെങ്കിലും വേണ്ടിവരും. ആയതിനാല്‍ വിത്ത് തേങ്ങ തെരഞ്ഞെടുക്കുമ്പോള്‍ കൃത്യമായും ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്.
വിത്ത് കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കല്‍
കേരളത്തില്‍ തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ തെങ്ങുകള്‍ക്ക് വേരു ചീയല്‍ രോഗബാധ കണ്ടുവരുന്നതിനാല്‍ പ്രസ്തുത കേന്ദ്രങ്ങളെ വിത്തുതേങ്ങ എടുക്കുന്നതില്‍ നിന്നും ഒഴിവാക്കേണ്ടതാണ്.
മാതൃവൃക്ഷം (അമ്മതെങ്ങ്) തെരഞ്ഞെടുക്കല്‍
തെങ്ങിന്റെ ഉല്പാദനം, തേങ്ങയുടെ വലിപ്പം, ആകൃതി, കൊപ്രയുടെ അളവ്, തെങ്ങിന്റെ വയസ്സ് മുതലായ ഘടകങ്ങളില്‍ നല്ല പ്രകടനം കാഴ്ചവെക്കുന്ന തെങ്ങുകളെയാണ് അമ്മത്തെങ്ങായി തെരഞ്ഞെടുക്കേണ്ടത്. മുന്തിയ പരിചരണം കൊടുക്കുന്ന തെങ്ങുകള്‍ വിത്തുതേങ്ങ എടുക്കാന്‍ ഒഴിവാക്കുന്നതാണ് നല്ലത്.
മാതൃവൃക്ഷങ്ങള്‍ക്ക് വേണ്ട ഗുണങ്ങള്‍
സ്ഥിരമായി കായ്ക്കുന്നതും വര്‍ഷത്തില്‍ 80 ല്‍ കുറയാതെ നാളികേരം അമ്മത്തെങ്ങില്‍ നിന്നും ലഭിക്കണം.
ചുരുങ്ങിയത് 30-ല്‍ കുറയാത്ത ഓലകള്‍, ബലമുള്ള മടലുകള്‍, കരുത്തുള്ള ഞെട്ടോടു കൂടി 12-ല്‍ കുറയാത്ത കുലകളുണ്ടായിരിക്കണം.
മാതൃവൃക്ഷത്തിന്റെ പ്രായം 20-നും 50-നും ഇടയിലായിരിക്കണം.
വീട്, തൊഴുത്ത്, കമ്പോസ്റ്റ് കുഴി മുതലായവയുടെ അടുത്ത് വളരുന്ന തെങ്ങുകള്‍ അമ്മത്തെങ്ങായി പരിഗണിക്കരുത്.
വിത്ത് തേങ്ങയ്ക്ക് വേണ്ട ഗുണങ്ങള്‍
തേങ്ങ വലുപ്പമുള്ളതായിരിക്കണം. ഏറ്റവും വലുതും തീരെ ചെറുതും ആവരുത്.
തേങ്ങയൊന്നിന് ശരാശരി 150 ഗ്രാം കൊപ്ര ലഭിക്കണം.
തേങ്ങ ഓവല്‍ ആകൃതിയായിരിക്കണം.
പൊതിച്ച തേങ്ങക്ക് 600 ഗ്രാമില്‍ കുറയാതെ ഭാരമുണ്ടായിരിക്കണം.
മാതൃവൃക്ഷം ഉയരം കൂടിയതും നിലം ഉറപ്പേറിയതുമാണെങ്കില് വിത്ത് തേങ്ങ കയറുകെട്ടി ഇറക്കണം. തേങ്ങ നഴ്സറിയില്‍ പാകുന്നതിന് മുമ്പ് ചുരുങ്ങിയത് 60 ദിവസം തണലില്‍ സൂക്ഷിക്കണം.
വിത്ത് തേങ്ങ സംഭരണം
കേരളത്തില്‍ ഫെബ്രുവരി മാസങ്ങളിലാണ് വിത്ത് തേങ്ങ സംഭരിക്കുന്നത്. 12 മാസം മൂപ്പെത്തിയ തേങ്ങയായിരിക്കണം വിത്തിന് തെരഞ്ഞെടുക്കേണ്ടത്.
മൂപ്പ് ഉറപ്പ് വരുത്താന്‍
തേങ്ങയില്‍ വിരല്‍കൊണ്ട് കൊട്ടിനോക്കിയാല്‍ ഒരു പ്രത്യേകശബ്ദം കേള്‍ക്കാം.
തേങ്ങ ഭാരത്തില്‍ കുറവായിരിക്കും.
തേങ്ങ കുലുക്കി നോക്കിയാല്‍ വെള്ളം ചലിക്കുന്ന ശബ്ദം കേള്‍ക്കാം.
ചകിരിഭാഗം ചെത്തിനോക്കിയാല്‍ ബ്രൗണ്‍ കളര്‍ കാണാം.
ഒരു കുലയിലെ എല്ലാ തേങ്ങയും വിത്തിനായി ഉപയോഗിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ലക്ഷണമൊത്ത നാളികേരം മാത്രമേ വിത്തിന് ഉപയോഗിക്കാവൂ.
വിത്ത് തേങ്ങ സൂക്ഷിക്കല്‍
വിത്ത് തേങ്ങയുടെ വിളവെടുപ്പ് കഴിഞ്ഞ് പാകുന്നതുവരെ നന്നായി സൂക്ഷിച്ചില്ലെങ്കില്‍ തേങ്ങയിലെ വെള്ളം വറ്റി മുളച്ചുവരുന്നതിന്റെ ശതമാനം നന്നെ കുറയാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ ഇതിന് പരിഹാരമെന്നോണം തണലില്‍ മണല്‍ വിരിച്ച് സൂക്ഷിക്കാന്‍ ശുപാര്‍ശചെയ്യുന്നു.
മൂന്ന് ഇഞ്ച് വീതം കനത്തില്‍ മണല്‍ വിരിച്ച് തേങ്ങയുടെ പരണഭാഗം മുകളില്‍ വരത്തക്കവിധം ക്രമീകരിച്ച് ഒന്നിന് മുകളില്‍ ഒന്നായി അടുക്കി സൂക്ഷിക്കണം. ഇതിന് മുകളിലും മണല്‍ വിരിക്കണം. അഞ്ച് ലെയര്‍ വരെ ഇങ്ങനെ അടുക്കാം.
ചൂടേറ്റ് വെള്ളം വറ്റി പോകാതിരിക്കാന്‍ ഇടക്ക് വെള്ളം നനച്ച് കൊടുക്കുകയും അടുക്കിന്റെ മുകളില്‍ ഓലയും മറ്റും കൊണ്ട് മൂടുകയും വേണം.
മറ്റൊരു സംവിധാനം എന്ന നിലക്ക് വായു സഞ്ചാരമുള്ള ഷെഡുകളിലോ ബില്‍ഡിങ്ങുകളിലോ വിത്ത് തേങ്ങ സൂക്ഷിക്കാം.