പത്താം ക്ലാസ്സ് പാസ്സായാല്‍ പിന്നെ ജീവിതത്തിന്റെ ഒരു വഴിത്തിരിവാണല്ലോ. ഭാവിയില്‍ എന്താകണം എന്ന തീരുമാനം എടുക്കേണ്ട സമയമാണത്. സിനിമ ധാരാളം കാണുന്ന കാലം ആയിരുന്നു. കൂടുതലും ഹിന്ദി സിനിമകളോടായിരുന്നു താല്‍പര്യം. അഭിനയം, സംവിധാനം, ഫോട്ടോഗ്രഫി ഒക്കെ താല്‍പര്യമുള്ള വിഷയങ്ങള്‍. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ പിതാവ് കുവൈറ്റില്‍ നിന്ന് യാഷിക്കയുടെ വില കൂടിയ ക്യാമറ കൊണ്ട് വന്നു തന്നിരുന്നു. 35 ാാ ക്യാമറ ആയിരുന്നു അത്. ഫോട്ടോഗ്രഫി വളരെ ചിലവേറിയ ഹോബി ആയിരുന്നെങ്കിലും, എന്റെ താല്‍പര്യം പരിഗണിച്ച് ചില വിട്ടുവീഴ്ചകള്‍ ഒക്കെ മാതാപിതാക്കള്‍ ചെയ്തിരുന്നു. അങ്ങിനെ ബ്ലാക്ക് ആന്റ് വൈറ്റില്‍ കുറെ അധികം ഫോട്ടോകള്‍ എടുത്തു. രണ്ടു മൂന്നു ഫോട്ടോ ആല്‍ബങ്ങള്‍ നിറച്ചു.
എങ്കിലും ഭാവിയില്‍ ഞാന്‍ ആരാകണം എന്ന കാര്യത്തില്‍ അവര്‍ക്ക് ഒരു സംശയവും ഇല്ലായിരുന്നു. എന്നെ ഒരു ഡോക്ടര്‍ ആക്കണം എന്ന കാര്യത്തില്‍ അവര്‍ എകാഭിപ്രായക്കാര്‍ ആയിരുന്നു. പക്ഷെ എനിക്ക് അക്കാര്യത്തില്‍ വലിയ ശുഭാപ്തി വിശ്വാസം ഒന്നുമില്ലായിരുന്നു. ഏതായാലും വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി, തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ പ്രീ ഡിഗ്രി സെക്കന്റ് ഗ്രൂപ്പിന് ചേര്‍ന്നു. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ആയിരുന്നു വിഷയങ്ങള്‍. ശാസ്ത്ര വിഷയങ്ങളോട് എനിക്ക് പൊതുവേ ആഭിമുഖ്യം കുറവായിരുന്നു. പ്രത്യേകിച്ച് കെമിസ്ട്രി എനിക്ക് തീരെ ദഹിക്കാത്ത വിഷയം ആയിരുന്നു. സുവോളജി ലാബില്‍ ജീവനുള്ള തവളയെ എടുത്തു കീറി മുറിക്കുന്നതും എനിക്ക് അറപ്പുളവാക്കുന്ന കൃത്യമായിരുന്നു. പക്ഷെ ഡോക്ടര്‍ ആവണമെങ്കില്‍ ആദ്യം ഇതൊക്കെ ചെയ്‌തേ പറ്റൂ. ഒരിക്കല്‍ ബോട്ടണി ലാബില്‍ ഒരു സസ്യത്തിന്റെ തണ്ട് പിടിച്ചു കൊണ്ട് അതിന്റെ ക്രോസ് സെക്ഷന്‍ മൈക്രോസ്‌കോപ്പില്‍ വെച്ച് പരിശോധിക്കാനായി മുറിച്ചപ്പോള്‍, തണ്ടിനൊപ്പം എന്റെ വിരലിന്റെയും പരിച്ചേദം കിട്ടി. വിരലില്‍ നിന്ന് ചോര ഒഴുകുന്നത് കണ്ട് ഞാന്‍ ബോധം കെട്ടു വീണു. പിന്നീട് ബോധം തെളിഞ്ഞപ്പോള്‍ ലാബ് ഇന്‍സ്ട്രക്ടര്‍ പറഞ്ഞു: ''തന്നോട് സ്‌ടെമ്മിന്റെ ക്രോസ് സെക്ഷന്‍ മുറിക്കാനല്ലേ പറഞ്ഞത്, വിരലിന്റെ അല്ലല്ലോ''
''ബ്ലേഡിനു മൂര്‍ച്ച കൂടുതല്‍ ആയിരുന്നു സാര്‍'' ഞാന്‍ പറഞ്ഞു.
''താന്‍ ഡോക്ടര്‍ ആയാല്‍ രോഗിയുടെ കഴുത്ത് മുറിക്കുമല്ലോ''
ഏതായാലും ഒരു കഴുത്തറുപ്പന്‍ ഡോക്ടര്‍ ആവണ്ട എന്ന് ഞാന്‍ തീരുമാനിച്ചു. വീട്ടിലെ ത്തിയ ഉടനെ ഞാന്‍ സന്തോഷ വാര്‍ത്ത ഉമ്മയെ അറിയിച്ചു.
''ലാബില്‍ പ്രാക്ടിക്കല്‍ ചെയ്യുമ്പോള്‍ എന്റെ കൈ വിരല്‍ മുറിഞ്ഞു''
''അള്ളോ, നോക്കട്ടെ'' ഉമ്മ പരിഭ്രാന്തയായി.
ഞാന്‍ പറഞ്ഞു: ''അതല്ല ഉമ്മാ. എന്റെ വിരലീന്നു ചോര ഒഴുകുന്നത് കണ്ട് ഞാന്‍ ബോധം കെട്ടു വീണു.''
''എന്റെ പടച്ചോനെ..!''
''അതുമല്ല ഉമ്മാ. സന്തോഷ വാര്‍ത്ത വരുന്നേ ഉള്ളു. സ്വന്തം കൈ മുറിഞ്ഞ ചോര കണ്ട് ബോധം കെട്ട ഒരാള്‍ക്ക് എങ്ങനെ ഡോക്ടര്‍ ആവാന്‍ പറ്റും? എങ്ങനെ ഓപ്പറേഷന്‍ ചെയ്യാന്‍ പറ്റും?''
ഉമ്മാ നിശബ്ദയായി.
''അതുകൊണ്ട് ബാപ്പയെ പറഞ്ഞു മനസ്സിലാക്കണം. ഇതെനിക്ക് പറ്റിയ പണിയല്ല എന്ന്''.
പിന്നെന്താണ് നിനക്ക് പറ്റിയ പണി? എന്ന ബാപ്പയുടെ മറുചോദ്യം കത്തിലൂടെ വന്നപ്പോള്‍ എനിക്ക് കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല. പക്ഷെ ഞാന്‍ ഒരു ആവശ്യം മുന്നോട്ടു വെച്ചു. ബാപ്പ വരുമ്പോള്‍ എനിക്ക് സിനിമയെ കുറിച്ച് പഠിക്കാന്‍ പറ്റിയ ഒരു പുസ്തകം കൊണ്ട് വരണം. അത് ബാപ്പ സന്തോഷത്തോടെ സമ്മതിച്ചു. സിനിമയോട് ഇഷ്ടം ഉള്ളത് കൊണ്ടല്ല, എന്റെ വായനാശീലത്തോട് ആഭിമുഖ്യമുള്ളതുകൊണ്ട്. ഞാന്‍ ഹൈസ്‌കൂളില്‍ എത്തുന്നതിനു മുന്‍പേ, മട്ടാഞ്ചേരിയിലെ ഇക്ബാല്‍ ലൈബ്രറിയില്‍ അംഗമായിരുന്നു. മലയാള കൃതികളോടൊപ്പം, വിശ്വസാഹിത്യത്തിലെ വിഖ്യാതകൃതികളുടെ തര്‍ജമകളും വായിച്ചു. പിന്നീട് മൗലാനാ ആസാദ് ലൈബ്രറിയുടെ അംഗമായി. മറ്റു ആണ്‍കുട്ടികള്‍ ഒഴിവുസമയങ്ങള്‍ കായിക വിനോദങ്ങളില്‍ ചെലവഴിക്കുമ്പോള്‍, ഞാന്‍ ഒരു പുസ്തകവുമായി എവിടെയെങ്കിലും ചടഞ്ഞു കൂടും. എന്റെ പിതാവ് വളരെ അഭിമാനത്തോടെ ഇത് പലരോടും പറയുമായിരുന്നു.
ഏതായാലും അടുത്ത പ്രാവശ്യം ബാപ്പ കുവൈറ്റില്‍ നിന്ന് വന്നപ്പോള്‍ എനിക്ക് ലഭിച്ച സമ്മാനമാണ്, 'ഒീം ീേ എശഹാ' എന്ന ഇംഗ്ലീഷ് പുസ്തകം. ഞാന്‍ ആ പുസ്തകം ഒരിക്കല്‍ അല്ല, പലവുരു വായിച്ചു. അഭിനയം, തിരക്കഥ, സംവിധാനം, ഫോട്ടോഗ്രഫി, എഡിറ്റിംഗ്, ശബ്ദലേഖനം തുടങ്ങി സിനിമയുടെ സമസ്ത മേഖലകളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന, പഠിപ്പിക്കുന്ന, ഒരു പുസ്തകം ആയിരുന്നു അത്. ഒരു സിനിമ കാണുമ്പോള്‍, അതിനു പിന്നില്‍ ഇത്രയും സങ്കീര്‍ണ്ണമായ സാങ്കേതിക വിദ്യ ഉണ്ടെന്ന് അതിനു മുന്‍പ് ഞാന്‍ മനസ്സിലാക്കിയിരുന്നില്ല. ആ പുസ്തകം മുഴുവന്‍ പഠിച്ച് കഴിഞ്ഞപ്പോള്‍ എനിക്ക് വ്യക്തമായ ഒരു തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞു. ഞാന്‍ തെരഞ്ഞെടുക്കാന്‍ പോകുന്ന തൊഴില്‍ സിനിമയാണെന്ന്. പക്ഷെ അപ്പോഴും എന്റെ മാതാപിതാക്കള്‍ക്ക് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു, ഞാന്‍ മെഡിക്കല്‍ കോളേജില്‍ ചേരുമെന്ന്.
മെഡിക്കല്‍ കോളേജ് പോയിട്ട് ആശുപത്രിയില്‍ പോലും കേറാന്‍ മടിക്കുന്ന എനിക്ക്, അല്ലാഹുവിന്റെ അനുഗ്രഹത്താല്‍, കാര്യമായ അസുഖങ്ങള്‍ ഒന്നും വന്നിരുന്നില്ല. അതുകൊണ്ട് തന്നെ ബാല്യവും യുവത്വവും ആശുപത്രിരഹിതമായി തന്നെ കഴിഞ്ഞു. എന്നാല്‍ ആരോഗ്യ പ്രശ്‌നത്തേക്കാളുപരി, മാനഹാനി ഉളവാക്കുമായിരുന്ന ഒരു സംഭവം ഈ കാലയളവില്‍ നടന്നു. ഏതൊക്കെ സന്നിഗ്ദ്ധഘട്ടത്തില്‍, ഏതൊക്കെ രൂപത്തില്‍, ദയാനിധിയായ തമ്പുരാന്‍ നമ്മുടെ ജീവിതത്തില്‍ അത്ഭുതകരമായി ഇടപെടുന്നുവെന്ന സത്യം പങ്കു വെയ്ക്കാന്‍ വേണ്ടി മാത്രമാണ് ഞാന്‍ അല്‍പം സങ്കോചത്തോടെയാണെകിലും ഇതിവിടെ കുറിക്കുന്നത്. സംഭവം വളരെ നിസ്സാരമാണ്. എങ്കിലും പറയുന്നതില്‍ അല്‍പം വൈക്ലബ്യമുണ്ട്...
തേവര കോളേജില്‍ പഠിക്കുമ്പോള്‍ ഞാന്‍ കോളേജ് മെസ്സില്‍ നിന്നാണ് ഉച്ചയൂണ് കഴിച്ചിരുന്നത്. ഒരു ദിവസം അവിടന്ന് കഴിച്ച ഊണിലെ എന്തോ പ്രശ്‌നം കാരണം വയര്‍ അസ്വസ്ഥമായി. ഉച്ച കഴിഞ്ഞുള്ള ക്ലാസ്സില്‍ ഇരിക്കുമ്പോള്‍, വയറ്റില്‍ വലിയ പ്രകമ്പനങ്ങള്‍ നടക്കാന്‍ തുടങ്ങി. ബോട്ടണി ക്ലാസ്സില്‍ സസ്യങ്ങളുടെ പ്രത്യുല്‍പാദന പ്രക്രിയയെക്കുറിച്ച് അദ്ധ്യാപകന്‍ അരങ്ങു തകര്‍ക്കുകയായിരുന്നു. എനിക്ക് ക്ലാസ്സില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. വയറ്റില്‍ ഒരു അഗ്‌നിപര്‍വതം പൊട്ടിത്തെറിക്കാന്‍ ഉരുണ്ടുകൂടുകയായിരുന്നു. ആ മഹാവിസ്‌ഫോ ടനത്തെ തടഞ്ഞു നിര്‍ത്താന്‍ സകല ശക്തിയും ഞാന്‍ സംഭരിച്ചു... എന്നാലും ഒരു ചെറിയ ബോംബ് പൊട്ടി. തൊട്ടടുത്തിരുന്ന ശശിയുടെ സൂക്ഷ്മ ഗ്രഹണേന്ദ്രിയങ്ങള്‍ ആ തരംഗങ്ങള്‍ പിടിച്ചെടുത്തു. അവന്‍ ആശ്ചര്യത്തോടെ എന്നെ നോക്കി. ഞാന്‍ ദയനീയമായി പുഞ്ചിരിച്ചു. ഒരു പൊട്ടിച്ചിരിയായിരുന്നു അവന്റെ പ്രതികരണം. ക്ലാസ് മുഴുവന്‍ തിരിഞ്ഞു ബാക്ക് ബെഞ്ചുകാരായ ഞങ്ങളെ നോക്കി. അദ്ധ്യാപകന്‍ സസ്യങ്ങളുടെ പ്രത്യുല്‍പാദനത്തിനു തല്‍ക്കാലം വിരാമം നല്‍കിക്കൊണ്ട് ശശിയോടു പറഞ്ഞു: ''തമാശ ഞങ്ങള്‍ കൂടി കേള്‍ക്കട്ടെ''. ശശി ചിരി അടക്കാനാവാതെ എന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടി.
''ഓ.. അപ്പോള്‍ താങ്കളുടെ സുഹൃത്തും, മാര്‍ഗദര്‍ശിയും തത്വജ്ഞാനിയുമായ ശ്രീമാന്‍ ആദം അയൂബിന്റെ വെളിപാടുകളാണ് താങ്കളെ ഉത്തേജിപ്പിച്ചത്?'' പഠിപ്പിക്കുന്നത് ബോട്ടണി ആണെങ്കിലും ഇദ്ദേഹം ആംഗലേയ സാഹിത്യത്തിലേ സംവദിക്കൂ. 'ഞങ്ങളെയും താങ്കളുടെ അമൂല്യമായ ബൗദ്ധിക വിസ്‌ഫോട നങ്ങള്‍ കൊണ്ടനുഗ്രഹിക്കൂ ആദം അയുബ്'
എല്ലാവരും പ്രതീക്ഷയോടെ എന്നെ നോക്കി. ഞാന്‍ എഴുന്നേറ്റു നിന്നു..
''സോറി സാര്‍'' ഞാന്‍ പതുക്കെ പറഞ്ഞു.
''ഞങ്ങളെ അങ്ങനെ നിരാശപ്പെടുത്തരുത് അയുബ് സര്‍. ഞങ്ങളും താങ്കളുടെ വെളിപാടു കള്‍ ആസ്വദിക്കട്ടെ'' അദ്ദേഹം തന്റെ പരിഹാസ ശരങ്ങള്‍ വര്‍ഷിച്ചുകൊണ്ടേയിരുന്നു.
''നാറ്റിക്കല്ലേ സാര്‍'' ഞാന്‍ ശ്വാസം അടക്കി പറഞ്ഞു. ശശി മാത്രമേ അത് കേട്ടുള്ളൂ. അവന്‍ ചിരി അടക്കാന്‍ പാടുപെട്ടു..
ക്ലാസ് മുഴുവന്‍ എന്റെ 'വെളിപാട്' കേള്‍ക്കാന്‍ ആകാംക്ഷയോടെ എന്നെ നോക്കുകയായിരുന്നു. അവരെ നിരാശപ്പെടു ത്താന്‍ എനിക്ക് മനസ്സ് വന്നില്ല. പൊതുവികാരം മാനിച്ചുകൊണ്ട് ഞാന്‍ ഒരു ചെറിയ ബോംബു കൂടി പൊട്ടിച്ചു. ഇപ്രാവശ്യം ശശിക്ക് ചിരി നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. അവന്‍ പരിസരം മറന്ന് ആര്‍ത്തലച്ചു ചിരിക്കാന്‍ തുടങ്ങി.
അധ്യാപകന്റെ മുഖം ചുവന്നു. ''ഗുരുവും ശിഷ്യനും ദയവു ചെയ്ത് പുറത്തേക്കു പോകൂ''
''സസന്തോഷം'' എന്ന് പിറുപിറുത്തു കൊണ്ട് ഞാന്‍ വേഗം പുസ്തകങ്ങളുമായി പുറത്തു കടന്നു. ശശി ആ ക്ലാസ് കഴിയുന്നത് വരെ പുറത്തു നില്‍ക്കാനായിരുന്നു ഭാവം, എന്നാല്‍ ഞാന്‍ അവനോടൊന്നും പറയാതെ ഓടി. കോളേജിലെ ശുചിമുറിയില്‍ അഭയം തേടാന്‍ എനിക്ക് തോന്നിയില്ല. കുറെ ഗ്യാസ് പോയാല്‍ താല്‍ക്കാലിക ശമനം ഉണ്ടാവുമെന്ന പ്രതീക്ഷയില്‍ ഞാന്‍ ഓടി. വേഗം വീട്ടില്‍ എത്തുക എന്നതായിരുന്നു എന്റെ ലക്ഷ്യം. പക്ഷെ കോളേജില്‍ നിന്നും രണ്ടു കിലോമീറ്റര്‍ നടന്നാലേ മെയില്‍ റോഡിലുള്ള ബസ് സ്റ്റോപ്പില്‍ ഏത്തൂ. അന്ന്! കോളേജിനു മുന്നിലൂടെ ബസ് സര്‍വീസ് ഉണ്ടായിരുന്നില്ല. വീട്ടില്‍ എത്തുന്നത് വരെ പിടിച്ചു നിര്‍ത്താന്‍ കഴിയണേ എന്നായിരുന്നു പ്രാര്‍ത്ഥന. എന്നാല്‍ ബസ് സ്റ്റോപ്പില്‍ എത്തിയപ്പോഴേക്കും ഓട്ടത്തിന്റെ ആയാസം കൊണ്ട്, വയറ്റിലെ അഗ്‌നിപര്‍വതം കൂടുതല്‍ കലുഷിതമായി കഴിഞ്ഞിരുന്നു. ആദ്യം വരുന്ന ബസ്സില്‍ തന്നെ വലിഞ്ഞു കേറാന്‍ തയാറെടുത്തു നില്‍ക്കുമ്പോഴേക്കും അത് സംഭവിച്ചു! അഗ്‌നിപര്‍വതത്തിന്റെ മഹാവിസ്‌ഫോടനം! ബസ് സ്റ്റോപ്പില്‍ അധികം ആളുകള്‍ ഒന്നും ഇല്ലായിരുന്നു. ബസ് സ്റ്റോപ്പിനു തോട്ടുപിറകില്‍ ഒരു ഹോട്ടല്‍ ആണ്. അതിനടുത്ത് ഹോട്ടലിന്റെ പിന്‍ഭാഗത്തേക്ക് നയിക്കുന്ന ഒരു ചെറിയ ഇടവഴി ഉണ്ടായിരുന്നു. പാന്‍സിന്റെ പിന്‍വശം ആരും കാണാതിരിക്കാനായി, ഞാന്‍ പിറകോട്ടു ചുവടു വെച്ച് ആ ഇടവഴിയിലേക്ക് നടന്നു. ആ ഇടവഴിയില്‍ ആയിരുന്നു ആ ഹോട്ടലിന്റെ വൃതിഹീനമായ അടുക്കളയും കക്കൂസും എല്ലാം. ഒരു വൃദ്ധന്‍ അവിടെയിരുന്നു പാത്രങ്ങള്‍ കഴുകുന്നുണ്ടായിരുന്നു. ഞാന്‍ അങ്ങോട്ട് ചെന്ന്, അയാളോട് എന്റെ ആവശ്യം പറഞ്ഞു. അയാള്‍ എന്റെ പിന്‍ഭാഗം നോക്കി. 'വയറിളകിയതാണ്. നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല' ഞാന്‍ ക്ഷമാപണ സ്വരത്തില്‍ പറഞ്ഞു. പൊട്ടിപ്പൊളിഞ്ഞ വാതിലോടു കൂടിയ, തീരെ വൃത്തിയില്ലാത്ത കക്കൂസിലേക്ക് കൈ ചൂണ്ടിയിട്ട് അയാള്‍ പറഞ്ഞു 'അങ്ങോട്ട് കേറിക്കോള്'.
ഞാന്‍ അങ്ങോട്ട് കേറി കാര്യം സാധിച്ചു. പക്ഷെ അരയ്ക്ക് താഴെ വസ്ത്രം മുഴുവന്‍ വൃത്തികേടായിരുന്നു. പുറത്തിറങ്ങാന്‍ കഴിയാതെ വിഷമിച്ചു നില്‍ക്കുമ്പോള്‍, ആ വൃദ്ധന്‍ ഒരു അലക്കിയ മുണ്ട് കൊണ്ട് വന്നു തന്നു. 'ഇതുടുത്തിട്ടു പുറത്തേക്കു വന്നോ' ഞാന്‍ അതുടുത്തിട്ടു പുറത്തേക്കു വന്നു. അയാള്‍ പറഞ്ഞു' ചീത്തയായ ഉടുപ്പൊക്കെ ദേ ഈ ബക്കറ്റില്‍ ഇട്ടേക്കു. ഞാന്‍ നാളെ അലക്കി വെച്ചേക്കാം' അയാളോട് നന്ദി പറഞ്ഞു കൊണ്ട് ഞാന്‍ ഇറങ്ങി. കോളേജ് വിട്ടുകഴിഞ്ഞാല്‍ ഈ തേവര ബസ് സ്റ്റോപ്പ് വിദ്യാര്‍ഥികളെക്കൊണ്ട് നിറയും. അത് പോലെ തന്നെ, സിറ്റിയില്‍ നിന്ന് വരുന്ന ബസ്സുകള്‍ സെന്റ് തെരേസാസ് കോളേജിലെ പെണ്‍കുട്ടികളെക്കൊണ്ട് നിറഞ്ഞിരിക്കും. കോളേജ് വിടുന്നതിനു മുമ്പ് ആദ്യം വന്ന ബസ്സില്‍ കയറി ഞാന്‍ സ്ഥലം വിട്ടു.
പിറ്റേദിവസം കോളേജ് കഴിഞ്ഞ്, വൈകുന്നേരമാണ് ഞാന്‍ ആ വൃദ്ധനെ കാണാന്‍ പോയത്. അയാള്‍ എന്റെ വസ്ത്രങ്ങള്‍ അലക്കിത്തേച്ചു വെച്ചിരുന്നു. അതെടുത്തു തന്നപ്പോള്‍ ഞാന്‍ ഒരു ചെറിയ തുക അയാളുടെ മുന്നിലേക്ക് നീട്ടി. അയാള്‍ അത് നിരസിച്ചു.
'നിങ്ങള്‍ എന്നോട് ചെയ്ത ഉപകാരത്തിനുള്ള നന്ദിയാണിത്'. ഞാന്‍ പറഞ്ഞു.
'നന്ദി പടച്ചോനോട് പറ മോനെ'
'നിങ്ങള്‍ ഇതിന്റെ അലക്ക് കൂലിയെങ്കിലും വാങ്ങണം' ഞാന്‍ നിര്‍ബന്ധിച്ചു.
'കൂലി എനിക്ക് പടച്ചോന്‍ തരും'.
എത്ര നിര്‍ബന്ധിച്ചിട്ടും അയാള്‍ പണം വാങ്ങിയില്ല. ഞാന്‍ ആരാണെന്നോ എന്റെ പേര് എന്താണെന്നോ പോലും അയാള്‍ക്കറിയില്ല. എന്നിട്ടും എനിക്ക് വേണ്ടി എത്ര മ്ലേച്ചമായ ജോലിയാണ് അയാള്‍ ചെയ്തത്. ഞാന്‍ അയാളെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ പറഞ്ഞു,
'വേണ്ട, മേല് മുഴുവന്‍ അഴുക്കാണ്'.
വിങ്ങുന്ന മനസ്സുമായാണ് ഞാന്‍ അന്ന് വീട്ടിലേക്കു തിരിച്ചു പോയത്. ഉമ്മയോട് വിവരം പറയുമ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു. പിറ്റേ ദിവസം ഒരു സമ്മാനപ്പൊതിയുമായാണ് ഞാന്‍ അയാളെ കാണാന്‍ പോയത്. ഉമ്മാ വാങ്ങിത്തന്ന പുതിയ മുണ്ടും ജുബ്ബയും.
ഹോട്ടലിന്റെ പിന്‍വശത്ത് പോയി നോക്കിയപ്പോള്‍ ആരെയും കണ്ടില്ല. വൃദ്ധന്റെ പേരു പോലും എനിക്കറിയില്ലായിരുന്നു. അവിടെ നിന്ന് കൊണ്ട് ശബ്ദം ഉണ്ടാക്കിയപ്പോള്‍ ഒരു പയ്യന്‍ ഇറങ്ങി വന്നു.
'ഇവിടെ പാത്രം കഴുകുന്ന...ഒരു ...വയസ്സന്‍ ....' ഞാന്‍ മുഴുവനാക്കുന്നതിനു മുന്‍പേ അവന്‍ പറഞ്ഞു,
'ങ്ങാ..ബാവക്ക.. മൂപ്പര് പോയി'
'പോയോ..? എവിടെപ്പോയി ?'
'മുതലാളി പറഞ്ഞു വിട്ടു.' അവന്‍ നിസ്സാരമായി പറഞ്ഞു.
'എന്തിനു ?'
'അങ്ങേര് ജോലി സമയത്ത് പുറത്തുള്ളവരുടെ തുണി അലക്കിക്കൊടുത്തു പൈസ ഉണ്ടാക്കുന്നത് മുതലാളി അറിഞ്ഞു'
ഞാന്‍ ഞെട്ടി. 'പൈസ ഉണ്ടാക്കുകയോ? ആര് പറഞ്ഞു?
'കണ്ടവര്‍ ആരോ മുതലാളിയോട് പറഞ്ഞു കൊടുത്തു'
അപ്പോള്‍ കുറ്റവാളി ഞാനാണെന്ന് എനിക്ക് മനസ്സിലായി.
'അദ്ദേഹം പൈസ ഒന്നും വാങ്ങിയില്ല' ഞാന്‍ പറഞ്ഞു.
'ഏതായാലും അങ്ങേര് പോയില്ലേ' അകത്തു നിന്നും ആരോ 'എടാ ' എന്ന് വിളിച്ചപ്പോള്‍ പയ്യന്‍ അകത്തേക്ക് കയറിപ്പോയി. ഞാന്‍ ആ സമ്മാനപ്പൊതിയുമായി തിരിച്ചു നടന്നു. പിന്നീട് ഞാന്‍ ഏറണാകുളത്തെ പല ഹോട്ടലുകളുടെയും അടുക്കളകളിലും മറ്റും കയറിയിറങ്ങി. എന്നെങ്കിലും അദ്ദേഹത്തെ കണ്ടുമുട്ടും എന്ന പ്രതീക്ഷയില്‍ ഞാന്‍ ആ സമ്മാനപ്പൊതി സൂക്ഷിച്ചു വെച്ചു.
നഗരത്തിന്റെ വര്‍ണ്ണപ്പകിട്ടാര്‍ന്ന മണിമേടകളില്‍ അല്ലാ, പിന്നാമ്പുറങ്ങളിലെ അഴുക്കുചാലുകളിലാണ് നന്മയുടെ മണിമുത്തുകള്‍ പുതഞ്ഞു കിടക്കുന്നത് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അന്ന് ആ വൃദ്ധനെ കണ്ടില്ലായിരുന്നെങ്കില്‍ ഞാന്‍ എന്ത് ചെയ്‌തേനെ എന്ന് എനിക്ക് ആലോചിക്കാന്‍ പോലും പറ്റുന്നില്ല.