വീട്ടിലെ കാര്യക്കാരി

ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ് (കഥാകൃത്ത്)
ജനുവരി 2018

ഞങ്ങള്‍ ഏഴുമക്കളാണ്. അതില്‍ ഒരു പെണ്ണു മാത്രം. ഫാത്തിബി. വേറെ ഒരു പെങ്ങള്‍ ഉണ്ടായിരുന്നു. രണ്ടര വയസ്സുള്ളപ്പോള്‍ മരിച്ചുപോയി. ഞാന്‍ മൂത്ത ആളാണ്. ഫാത്തിബി നാലാമത്തേതും. അവളാണ് സത്യത്തില്‍ വീടിന്റെ നെടുംതൂണ്‍ എന്നു പറയാം. കാരണം വീട്ടില്‍ ഉമ്മയുടെ റോള്‍ അവളാണ് കൈകാര്യം ചെയ്തിരുന്നത്. ഉമ്മ അസുഖബാധിതയായിരുന്നു. ശ്വാസംമുട്ടും മറ്റ് അസുഖങ്ങളും ഉമ്മയെ തളര്‍ത്തിയപ്പോള്‍ ഉമ്മ ചെയ്യേണ്ട എല്ലാ ജോലികളും പെങ്ങള്‍ ഏറ്റെടുത്തു. അതുകൊണ്ട് തന്നെ വളരെ ചെറുപ്പത്തിലേ ഫാത്തിബി മുതിര്‍ന്ന ഒരാളായി മാറി. സാഹചര്യങ്ങള്‍ ചില ആളുകളെ പക്വമതികളാക്കും. പ്രായം കൂടിവരുമ്പോഴാണ് കൂടെയുള്ളവരുടെ ഗുണങ്ങള്‍ നാം മനസ്സിലാക്കുക. ചെറുപ്പകാലത്തോ, യൗവ്വനത്തിലോ നമുക്ക് മനസ്സിലാവില്ല. കാലം കഴിയുമ്പോഴാണ് പലരുടെയും മഹത്വം നാം തിരിച്ചറിയുക.

അവളെന്നും എനിക്ക് അത്ഭുതമായിരുന്നു. വിട്ടുവീഴ്ചയെല്ലാം അവളെ കണ്ടുപഠിക്കണം. കാരണം, വീട്ടില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഒരാളെയും കുറ്റംപറയാന്‍ അവള്‍ സമ്മതിക്കില്ല. അത് കുടുംബഭദ്രതക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്ന് ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു. പരസ്പരം കുറ്റപ്പെടുത്തുമ്പോഴാണ് കുടുംബത്തില്‍ കൂടുതല്‍ മോശമായ അവസ്ഥ ഉണ്ടാവുന്നത്. കുടുംബ തകര്‍ച്ചക്കും കാരണമാവുന്നു. ഞങ്ങളെയെല്ലാം കൂട്ടിയിണക്കാന്‍ അവളെന്നും ശ്രമിച്ചു.

പെങ്ങളെ സംബന്ധിച്ചിടത്തോളം അവളെന്നും പോസിറ്റീവ് സമീപനമായിരുന്നു. ഒരുപക്ഷേ നെഗറ്റീവ് ആയിരുന്നെങ്കില്‍ ഞങ്ങളുടെ കുടുംബം എന്നോ തകര്‍ന്നേനെയെന്ന് പലപ്പോഴും തോന്നാറുണ്ട്. കുടുംബത്തില്‍ ഒരാള്‍ നല്ലകാര്യങ്ങള്‍ ചെയ്താല്‍ നാം അഭിനന്ദിക്കാറില്ല. സ്ത്രീകള്‍ നല്ല ഭക്ഷണം ഉണ്ടാക്കിയാല്‍, കുടുംബനാഥന്‍ ഒരു നല്ല കാര്യം ചെയ്താല്‍ നാം ഒന്നും പറയില്ല. കാരണം, നാം എന്നും കാണുന്നവരല്ലേ എന്നാണ് ചിന്തിക്കുക. എന്നാല്‍ എല്ലാവരും നല്ലവാക്ക് പ്രതീക്ഷിക്കുന്നുണ്ട്. നാം പറയാറില്ലെന്നുമാത്രം. എന്നാല്‍ ഫാത്തിബി എല്ലാ നല്ലകാര്യങ്ങളെയും അഭിനന്ദിച്ചും പ്രോത്സാഹിപ്പിച്ചും കൊണ്ടേയിരുന്നു. അതുകൊണ്ടുതന്നെ മറ്റ് മനുഷ്യരോടുള്ള അവളുടെ സമീപനവും സ്‌നേഹവും എല്ലാവരും എന്നും ഓര്‍മിക്കുന്നു.

ഞങ്ങളെ, മുമ്പ് ഒരുപാട് ബുദ്ധിമുട്ടിച്ച ഒരു കുടുംബാംഗമുണ്ടായിരുന്നു. പ്രായമായപ്പോള്‍ അദ്ദേഹത്തെ ബന്ധുക്കളെല്ലാം കയ്യൊഴിഞ്ഞു. അവസാനം ഞങ്ങളുടെ വീട്ടിലാണ് സ്ഥിരമായി വരുക. അദ്ദേഹം വീട്ടില്‍ വരുമ്പോള്‍ എനിക്ക് പഴയതെല്ലാം ഓര്‍മ്മവരും. അതുകൊണ്ട് തന്നെ സംസാരിക്കുമെങ്കിലും ഞാനത്ര മുഖം കൊടുക്കാറില്ല. അപ്പോള്‍ പെങ്ങള്‍ എന്നോട് ചോദിക്കും; എന്താണ് സംസാരിക്കാത്തതെന്ന്. ഞങ്ങളെ ഉപദ്രവിച്ച അദ്ദേഹത്തെ അവള്‍ പരിചരിക്കുന്നതും ഭക്ഷണം കൊടുക്കുന്നതും നല്ലവാക്കുപറയുന്നതും കേട്ട് ഞാന്‍ അന്തംവിട്ടുപോയിട്ടുണ്ട്. അത്രയും മാനസിക വളര്‍ച്ച ആര്‍ജിച്ചെടുക്കാന്‍ എനിക്ക് സാധിച്ചില്ലല്ലോയെന്ന് ഞാന്‍ കുറ്റബോധത്തോടെ ഓര്‍ക്കാറുണ്ട്.

പലപ്പോഴും തിരിച്ചറിവുണ്ടാകാന്‍ കാലമെടുക്കും. അപ്പോഴാണ് കുറ്റബോധം നമ്മെ വേട്ടയാടുക. അങ്ങനെയും സംഭവമുണ്ടായി. പ്രായമായ അദ്ദേഹം രോഗബാധിതനായി കിടപ്പിലായി സ്വന്തം പിതാവിനെയെന്ന പോലെ അദ്ദേഹത്തെ ഫാത്തിബി ശുശ്രൂഷിച്ചു. മരിക്കുന്നതിന് രണ്ടോമൂന്നോ ദിവസം മുമ്പ് അയാള്‍ വികാര വിക്ഷുബ്ധനായി. പെങ്ങളെ ചേര്‍ത്ത് നിര്‍ത്തികൊണ്ട് നിറകണ്ണുകളോടെ പറഞ്ഞു.

ഞാന്‍ ഒരുപാട് തെറ്റുകള്‍ നിങ്ങളോട് ചെയ്തുപോയിട്ടുണ്ട്. നിങ്ങളെ വേണ്ടവിധം പരിഗണിച്ചിട്ടില്ല. അകറ്റിക്കളയുകയാണ് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ എനിക്ക് മനസ്സിലാവുന്നു, ഞാന്‍ ആരെയാണോ സ്‌നേഹിക്കേണ്ടിയിരുന്നത് അവരെയല്ല സ്‌നേഹിച്ചത് എന്ന വസ്തുത. അതുകൊണ്ട് ഞാന്‍ ചെയ്ത തെറ്റുകള്‍ക്കെല്ലാം മോള് എന്നോട് പൊറുക്കണം.

മരണക്കിടക്കയില്‍ കിടന്ന് അദ്ദേഹം അവളോട് പറഞ്ഞത് എല്ലാവര്‍ക്കും വേണ്ടിയാണ്. എന്നാല്‍ എല്ലാവരോടും പറയാനുള്ള ധൈര്യം അയാള്‍ക്കുണ്ടായിരുന്നില്ല. കാരണം കുറ്റബോധം ഉള്ളിലുണ്ടാവണം. അതിനര്‍ഥം ഞങ്ങള്‍ മോശമായി പെരുമാറി എന്നല്ല. സാധാരണപോലെ പെരുമാറുകമാത്രം ചെയ്തു. അധികപരിഗണനയോ സ്‌നേഹമോ നല്‍കിയില്ല. എന്നാല്‍ അവള്‍ പ്രത്യേക സ്‌നഹവും കരുതലും നല്‍കി. അതുകൊണ്ടുതന്നെ ഐ.സി.യു.വില്‍ കിടക്കുമ്പോഴും ഫാത്തിബീയെയാണ് അദ്ദേഹം അന്വേഷിച്ചത്. അപ്പോള്‍ ഒരു വലിയ പാഠം പെങ്ങള്‍ ഞങ്ങളെ പഠിപ്പിക്കുകയാണ്. അതായത് ഈ ലോകത്ത് സ്‌നേഹത്തിലൂടെ നേടിയെടുക്കാന്‍ കഴിയാത്തതായി ഒന്നും ഇല്ലെന്നുള്ള വസ്തുത. സ്‌നേഹത്തിന്റെ ശക്തി അവള്‍ വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ്.

സ്‌നേഹസമ്പന്നനാണ് അവളുടെ ഭര്‍ത്താവ്. മാതൃകാദമ്പതികളാണവര്‍. എന്നാല്‍ അവര്‍ക്ക് കുട്ടികളില്ല. ഒരു കുഞ്ഞുണ്ടായിരുന്നു. രണ്ടരവയസ്സുള്ളപ്പോള്‍ മരണമടഞ്ഞു. പിന്നീട് ഗര്‍ഭിണിയായെങ്കിലും അബോര്‍ഷനായി. ഒരുപാട് ചികിത്സ നടത്തി. ഫലവത്തായില്ല. അതില്‍ അവള്‍ക്ക് വല്ലാത്ത മനപ്രയാസമുണ്ടായി. അവസാനം കൊച്ചിയില്‍ നടത്തിയ ചികിത്സയും ഫലംകാണാതെ വന്നപ്പോള്‍ അവള്‍ക്ക് നിരാശയായി. എന്റെ പെങ്ങളെ നിരാശ ബാധിച്ച് കാണുന്നതും ഞാനന്നാണ്. പക്വമതിയും കാര്യഗൗരവമുള്ളവളുമാണ് ഫാത്തിബി. എന്നാല്‍ ഇപ്പോളവള്‍ എന്റെ മുന്നില്‍ കൊച്ചുകുട്ടിയാവുന്നു. ഞാനവളുടെ മൂത്ത ജ്യേഷ്ഠനാവുന്നു. ഞാനവളോട് പറഞ്ഞു.

മക്കള്‍ ഇല്ലാത്തതില്‍ നീ വിഷമിക്കണോ. നിനക്ക് ധാരളം മക്കളുണ്ട്. നിന്റെ അനുജന്‍, സഹോദരങ്ങള്‍, അവരുടെ മക്കള്‍, എല്ലാം നിന്റെ മക്കളാണ്. ഇനി ഭാവിയില്‍ കുട്ടികള്‍ ഉണ്ടായിക്കൂടായ്കയുമില്ല. മറ്റൊന്ന് അമിതമായ ചികിത്സയും മറ്റും ചെയ്ത് വൈകല്യമുള്ള കുട്ടിയാണ് ജനിക്കുന്നതെങ്കിലോ. ഇപ്പോള്‍ നിനക്ക് പ്രശ്‌നങ്ങളൊന്നുമില്ല. നിനക്ക് ചുറ്റും ഇപ്പോള്‍ നിന്റെ സഹോദരങ്ങളുണ്ട്. അവരെല്ലാ കാലവും നിന്നോടൊപ്പമുണ്ടാവുമെന്നും നിനക്കറിയാം. അവരെ നീ കുട്ടികളായി കണക്കാക്കണം.

ഞാനതുപറഞ്ഞപ്പോള്‍ അവള്‍ക്കത് വലിയ ആശ്വാസമായി തോന്നി. ആറും ഏഴും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിട്ടും മാതാപിതാക്കളെ നോക്കാത്ത എത്രയോ മക്കളില്ലേ. വൃദ്ധസദനങ്ങളില്‍ എത്തിപ്പെടുന്നവരെ കണ്ടാല്‍ നാം അന്തംവിട്ടുപോകും. നമ്മുടെ മക്കള്‍ക്ക് നമ്മുടെ സ്വഭാവമായിരിക്കുമെന്ന് നാം കരുതും. അത് തെറ്റാണ്. അവരേത് സ്വഭാവമാണെന്ന് പ്രകൃതി തീരുമാനിക്കുന്ന സംഗതിയാണ്. അവളുടെ മനോവിഷമം മാറ്റാന്‍ ഞാന്‍ പിന്നെയും പറഞ്ഞുകൊണ്ടേയിരുന്നു. അവള്‍ക്ക് കാര്യങ്ങള്‍ മനസ്സിലായി. കാര്യങ്ങള്‍ പെട്ടെന്ന് ഗ്രഹിക്കാനുള്ള കഴിവുള്ളവളാണ് ഫാത്തിബി.

കണ്ണൂര്‍ വളപട്ടണത്തെ ഞങ്ങളുടെ കുടുംബത്തിലെ വിളക്കായ പെങ്ങള്‍ ഫാത്തിബി ഏവര്‍ക്കും മാതൃകയാവുമ്പോള്‍, അവളുടെ നൊമ്പരം ഒരു നെരിപ്പോടായി എന്റെ നെഞ്ചില്‍ പുകയുന്നു.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media