പ്രഖ്യാപിത മുസ്‌ലിം വിരുദ്ധ അജണ്ടയോടുകൂടിയുള്ള നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പുതിയൊരു വിവാഹമോചന നിയമത്തിനായുള്ള ആവശ്യം പ്രശ്‌നഭരിതമാണ്
പ്രഖ്യാപിത മുസ്‌ലിം വിരുദ്ധ അജണ്ടയോടുകൂടിയുള്ള നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പുതിയൊരു വിവാഹമോചന നിയമത്തിനായുള്ള ആവശ്യം പ്രശ്‌നഭരിതമാണ്. മുസ്‌ലിം സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ആവശ്യമായിട്ടുള്ളത് പുതിയൊരു നിയമനിര്‍മാണമോ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുകയോ അല്ല. പ്രത്യുത സമുദായത്തിനകത്ത് തങ്ങളുടെ അവകാശങ്ങളെ സംബന്ധിച്ചുള്ള നിയമപരമായ അവബോധവും ശാക്തീകരണവും നിലവിലുള്ള തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ പര്യാപ്തമായ നിയമ സഹായങ്ങളുമാണ്.
മുത്തലാഖിനെ സംബന്ധിച്ചും 2017 ആഗസ്റ്റില്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി ചരിത്രപരം എന്ന് വിശേഷിപ്പിച്ചുകൊണ്ട് എല്ലാവരും ആഘോഷിക്കുകയുണ്ടായി. മുസ്‌ലിം വിവാഹത്തിന്റെ ചാലകശക്തികളില്‍ കോടതിവിധി സവിശേഷ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പലരും മുഴപ്പിച്ചു കാണിച്ചിരുന്നു. ഭര്‍ത്താക്കന്മാര്‍ മൊഴിചൊല്ലുന്നത് സ്വമേധയാ അവസാനിപ്പിക്കുമെന്നും ഇനിമുതല്‍ വിവാഹബന്ധങ്ങള്‍ സന്തോഷകരമായി തുടരുമെന്നുമൊക്കെയുള്ള ധാരണയാണ് സൃഷ്ടിക്കപ്പെട്ടത്. മുസ്‌ലിം വിവാഹമോചനം അസാധുവായി പ്രഖ്യാപിക്കാന്‍ കഴിയുന്ന നീതിന്യായാധികാരികളെ സമീപിക്കാനും അങ്ങനെ ഇതരസ്ത്രീകളെപ്പോലെ ജീവനാംശം, കുട്ടികളുടെ സംരക്ഷണം, ദാമ്പത്യ ഗൃഹത്തിലെ താമസം തുടങ്ങിയ അവകാശങ്ങള്‍ ആവശ്യപ്പെടാനും കഴിയുമെന്ന മനഃപായസമുണ്ണുകയായിരുന്നു വിധിക്ക് ശേഷം എല്ലാവരും. എന്നാല്‍, ഈ വിധിയുണ്ടായിട്ടും മുത്തലാഖ് നിര്‍ബാധം തുടരുകയാണെന്നും അതിനെ ക്രിമിനല്‍ കുറ്റമാക്കുന്നതിന് നിയമനിര്‍മാണമാവശ്യമാണെന്നും അതുമാത്രമേ ഈ വിഷയത്തില്‍ ഫലപ്രദമാവുകയുള്ളൂ എന്നുമാണ് മൂന്ന് മാസത്തിന് ശേഷം ഇപ്പോള്‍ നമ്മോടു അധികാരികള്‍ പറയുന്നത്. ഇതൊരു ഹ്രസ്വ വീക്ഷണമാണെന്നേ പറയാന്‍ പറ്റൂ.
മുസ്‌ലിം പുരുഷന്മാരെ തടവിലിടാന്‍ പോലീസിന് കൂടുതല്‍ അധികാരം നല്‍കുന്നത് മുസ്‌ലിം വിരുദ്ധ അജണ്ട കൊണ്ടുണ്ടാക്കുന്ന വലതുപക്ഷ സര്‍ക്കാറിന് തീര്‍ത്തും അനുയോജ്യമാകാം. സമുദായത്തെ മുഴുവന്‍ അടിച്ചമര്‍ത്തുകയും ഗോമാംസം കൈവശം വെച്ചതിന്റെ പേരില്‍ പാവപ്പെട്ട മുസ്‌ലിമിനെ തല്ലിക്കൊല്ലുകയും ചെയ്യുന്ന സാഹചര്യത്തില്‍ എങ്ങനെയാണ് സമുദായത്തിനകത്ത് സ്ത്രീകളെ ശാക്തീകരിക്കുക?
ഭര്‍ത്താവിന്റെ ഏകപക്ഷീയമായ വിവാഹമോചനാധികാരത്തില്‍ നിന്ന് തങ്ങളുടെ വിവാഹത്തെ അത് ദുസ്സഹമായ വിവാഹമാണെങ്കില്‍ പോലും, നിലനിറുത്തുക എന്നതാണ് മുസ്‌ലിം സ്ത്രീകളുടെ ആത്യന്തിക ലക്ഷ്യമെങ്കില്‍ ഭര്‍ത്താവിനെതിരെയുള്ള ഒരു ക്രിമിനല്‍ വിചാരണ അതിന് സഹായകരമായേക്കും. എന്നാല്‍ അവള്‍ക്ക് എത്രയും ആവശ്യമായിട്ടുള്ള സാമ്പത്തികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ അത് ഉതകിക്കൊള്ളണമെന്നില്ല.
1983-ല്‍ നടപ്പാക്കിയ ഇന്ത്യന്‍ പീനല്‍ കോഡ് 498 എ ക്ക് കീഴിലുള്ള സ്ത്രീധന നിരോധന വകുപ്പ് പ്രകാരം പരാതി ഫയല്‍ ചെയ്യുന്നതിന് തുല്യമായൊരു പരിഹാരമാര്‍ഗമായിരിക്കും അത്. വാറണ്ടൊന്നും കൂടാതെ ഭര്‍ത്താവിനെയും അയാളുടെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്യാന്‍ പോലീസിന് അധികാരം നല്‍കുന്നതാണ് ഈ വകുപ്പ്. അക്കാരണത്താല്‍ തന്നെ അതിന് സുപ്രീം കോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനം നേരിടുകയുണ്ടായി. തല്‍ഫലമായി ഭര്‍ത്താവിനെയും ഭര്‍തൃകുടുംബാംഗങ്ങളെയും തല്‍ക്ഷണം അറസ്റ്റ് ചെയ്യുന്നതിന് തടയിടപ്പെടുകയും കക്ഷികള്‍ പ്രാഥമികമായി കൗണ്‍സലിംഗിന് വിധേയമാക്കപ്പെടണമെന്ന് നിര്‍ദ്ദേശിക്കപ്പെടുകയും ചെയ്തു. സ്ത്രീ പ്രസ്ഥാനങ്ങളും ഈ വകുപ്പിന്റെ ഫലശൂന്യത തിരിച്ചറിഞ്ഞു. സ്ത്രീധനവുമായി ബന്ധപ്പെട്ട പീഢനങ്ങള്‍ക്കറുതി വരുത്താന്‍ ഇത് ഫലപ്രദമാകില്ലെന്ന് അവര്‍ക്ക് മനസ്സിലായി. സ്ത്രീകള്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ഒരു സിവില്‍ നിയമമാണാവശ്യമെന്ന് അവര്‍ക്ക് ബോധ്യപ്പെടുകയും ചെയ്തു. അങ്ങനെ രണ്ടു ദശാംശം നീണ്ടുനിന്ന പ്രചാരണ യജ്ഞത്തിനുശേഷം 2005-ല്‍ ഗാര്‍ഹിക പീഢനത്തിനെതിരെയുള്ള സ്ത്രീസംരക്ഷണ നിയമം നടപ്പിലാക്കപ്പെട്ടു. എല്ലാ സ്ത്രീകള്‍ക്കും തങ്ങളുടെ സിവില്‍ അവകാശം നേടിയെടുക്കാനുപയോഗിക്കാന്‍ കഴിയുന്ന ഒരു പൊതുനിയമമാണിത്. വാമൊഴി വിവാഹമോചനം നടത്തപ്പെടുന്ന മുസ്‌ലിം സ്ത്രീകള്‍ക്കും ഈ നിയമം ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നതാണ്. സുപ്രീം കോടതിവിധിക്ക് മുമ്പ് രണ്ടു വര്‍ഷം മീഡിയകളില്‍ നടന്ന ഉച്ചസ്ഥായിയുള്ള പ്രചാരണത്തെ അപേക്ഷിച്ച് നോക്കിയാല്‍ ഈ വിഷയത്തില്‍ സ്ത്രീ കൂട്ടായ്മകളില്‍ പോലും ഒരു ചര്‍ച്ചയും നടന്നതായി നാം കാണുന്നില്ല. ഇന്നും അവസ്ഥ അതുതന്നെയാണ്. എന്നാല്‍ മുത്തലാഖ് പിന്നെയും തുടര്‍ന്നപ്പോള്‍ മുസ്‌ലിം ഭര്‍ത്താവിനെ തടവിലിട്ടാല്‍ മുത്തലാഖ് നിയന്ത്രണത്തിന് അത് ഫലപ്രദമാകുമെന്ന് കരുതുകയാണ്; മറ്റൊരു ശീഘ്രപരിഹാരമാര്‍ഗം?
എന്നാല്‍, നിരക്ഷരയും ദരിദ്രയുമായ ഒരു മുസ്‌ലിം സ്ത്രീക്ക്, തനിക്ക് നിഷേധിക്കപ്പെട്ട ജീവനാംശവും താമസാവകാശവും വീണ്ടെടുക്കുന്നതിന് ഭര്‍ത്താവിനെതിരെ ക്രിമിനല്‍ നടപടി എടുത്ത് അയാളുടെ ശിക്ഷ ഉറപ്പിക്കാന്‍ എങ്ങനെ സാധിക്കും? സര്‍വോപരി അതൊരു ശിക്ഷ കൊണ്ട് എന്ത് നേട്ടമാണ് കഷ്ടപ്പെടുന്ന ആ സ്ത്രീക്ക് ലഭ്യമാവുക? ഭര്‍ത്താവിനെ മൂന്നോ, ഏഴോ, പത്ത് തന്നെയോ വര്‍ഷങ്ങള്‍ ജയിലിലിട്ടാല്‍ തന്റെ കൊച്ചുകുഞ്ഞുങ്ങളുടെ വിശപ്പടക്കാന്‍ അവളുടെ മേശമേല്‍ ആഹാരങ്ങളോ അവര്‍ക്കാവശ്യമായ ഉടുപ്പുകളോ അവരുടെ വിദ്യഭ്യാസത്തിനുള്ള സഹായങ്ങളോ അത് കൊണ്ടുവന്ന് കൊടുക്കുമോ?
വിവാഹം തകരുന്നതിന് പകരം അതിനെ രക്ഷിച്ചെടുക്കുകയും താമസം, ജീവിതച്ചെലവ് തുടങ്ങിയ അവളുടെ പൗരാവകാശങ്ങള്‍ ഉറപ്പിക്കുകയും ചെയ്യുക എന്നതാണ് ഒരു മുസ്‌ലിം സ്ത്രീയുടെ പരമമായ ആഗ്രഹം. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുക എന്നത് അതിന് പ്രതിവിധിയായിക്കൊള്ളണമെന്നില്ല. സമൂഹത്തില്‍ മുസ്‌ലിം വിരോധത്തിന് പകരുന്ന തട്ടിപ്പ് മാത്രമാണ്. അതേസമയം 1986 ലെ വിവാഹ മുക്തമായ മുസ്‌ലിം സ്ത്രീകളുടെ അവകാശ സംരക്ഷണ ആക്ടിനോടൊപ്പം ഗാര്‍ഹിക പീഢന ആക്ടിലെ വകുപ്പുകള്‍ കൂടി ഉപയോഗപ്പെടുത്തുകയോ അടുത്തിടെയുണ്ടായ സുപ്രീംകോടതിവിധിപ്രകാരം വിവാഹമോചനത്തെ എതിര്‍ക്കുകയോ ആണെങ്കില്‍ താമസം, ജീവനാംശം എന്നിവ നിഷേധിക്കപ്പെടുമ്പോള്‍ മുസ്‌ലിം സ്ത്രീക്ക് അവ ഉറപ്പാക്കാന്‍ അതുവഴി സാധിക്കുന്നതാണ്. മൊത്തമായ ഒരു തുകയിലൂടെ ഭര്‍ത്താവിനെ ഒത്തുതീര്‍പ്പിന് നിര്‍ബന്ധിതനാക്കാനും ഇത് സഹായകമാകും.
മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രചാരണം നടത്തുന്നവര്‍ക്കിടയില്‍ പോലും ഈ വിഷയത്തില്‍ അഭിപ്രായ ഐക്യമില്ലെന്നാണ് തോന്നുന്നത്. മതേതര വനിതാ അവകാശ സംഘാടകര്‍ പിന്തുണക്കുന്ന അവകാശ സംഘടനകള്‍ പിന്തുണക്കുന്ന ഒരു വിഭാഗം, ഒരു വലതുപക്ഷ ഭരണകൂടത്തിന്റെ ഈ ദിശയിലേക്കുള്ള നീക്കത്തിന് എതിരെ വ്യക്തമായ സൂചനകള്‍ നല്‍കുന്നുണ്ട്. മുത്തലാഖിനെ എതിര്‍ക്കുന്ന വലിയൊരു വിഭാഗം ആളുകളും സര്‍ക്കാറിന്റെ ഈ നീക്കത്തെ പിന്തുണക്കാത്തവരാണ്. എങ്കില്‍ എന്തിനാണ് ധൃതിപിടിച്ചുകൊണ്ടുള്ള ഇത്തരമൊരു നീക്കം? സര്‍ക്കാരിനിവിടെ ചുവടു പിഴച്ചിരിക്കുകയാണെന്നാണ് തോന്നുന്നത്.
അബൂസാലിഹ് ശരീഫിന്റെയും സയ്യിദ് വാലിദിന്റെയും അഭിപ്രായപ്രകാരം മുത്തലാഖ് വിരുദ്ധ പ്രചാരണത്തിന് ലഭിച്ച ഖ്യാതി, നോട്ടു അസാധുവാക്കല്‍ നടപടിക്ക് തൊട്ടുതാഴെ മാത്രമേ വരുകയുള്ളൂ. രണ്ടാമത് പറഞ്ഞത് വലിയൊരു വിഭാഗം ഇന്ത്യക്കാരെ ബാധിക്കുമ്പോള്‍ മുത്തലാഖ് പ്രശ്‌നം മുസ്‌ലിംകളിലെ വളരെ ചെറിയൊരു വിഭാഗത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമാണ്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി ഈ പ്രശ്‌നം ഉപയോഗപ്പെടുത്തിയ രീതിയെക്കുറിച്ച് 2011-ലെ സെന്‍സസ് വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി മുകളില്‍ ഉദ്ധരിച്ച രണ്ടുപേരും പറയുന്നത് വിവാഹമോചനത്തിലൂടെ ഉപേക്ഷിക്കപ്പെട്ട മുസ്‌ലിംസ്ത്രീകളെ അപേക്ഷിച്ചു എത്രയോ ഭീകരമാണ് ഉപേക്ഷിക്കപ്പെട്ട ഹിന്ദുസ്ത്രീകളുടെ സംഖ്യ എന്നാണ്. ഉപേക്ഷിക്കപ്പെട്ട 2.3 ദശലക്ഷം സ്ത്രീകളില്‍ മുസ്‌ലിംസ്ത്രീകളുടെ എണ്ണം വെറും 2.8 ലക്ഷം മാത്രം വരുമ്പോള്‍ ഹിന്ദുസ്ത്രീകളുടെ എണ്ണം രണ്ട് ദശലക്ഷത്തോളം വരും. എന്നിട്ടും അവരുടെ കാര്യം മിണ്ടാന്‍ ആരുമുണ്ടായില്ല. 2001-ലെ കാനേശുമാരി ഉദ്ധരിച്ചുകൊണ്ടു അവര്‍ ചൂണ്ടിക്കാട്ടുന്നത് ഭൂരിപക്ഷ സമുദായത്തെ അപേക്ഷിച്ചു മുസ്‌ലിംകള്‍ക്കിടയിലെ വിവാഹമോചനം എത്രയോ കുറവാണ്. ഭാര്യയെ ഉപേക്ഷിക്കുന്നത് ഒരു ക്രിമിനല്‍ കുറ്റമല്ലെങ്കില്‍ ത്വലാഖിലൂടെ അവളെ അവഗണിക്കുന്നത് എങ്ങനെയാണ് ക്രിമിനല്‍ കുറ്റമാവുക. ഉഭയ ഇരകളിലും അതിന്റെ ഫലം ഒരേ തരത്തിലാകുമ്പോള്‍!
പ്രശ്‌നത്തിന് വര്‍ഗീയ നിറം ചാര്‍ത്തിക്കൊണ്ട് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദ്രൗപദിയുടെ വസ്ത്രാക്ഷേപത്തോട് മുത്തലാഖിനെ താരതമ്യപ്പെടുത്തുകയുണ്ടായി. അദ്ദേഹത്തിന്റെ മറ്റൊരു മന്ത്രിസഭാംഗമായ സ്വാമി പ്രസാദ് മയൂരിന്റെ അഭിപ്രായത്തില്‍ മുസ്‌ലിംകള്‍ തങ്ങളുടെ കാമപൂര്‍ത്തിക്ക് ഭാര്യമാരെ തരാതരം മാറ്റാന്‍ വേണ്ടിയാണ് മുത്തലാഖില്‍ അഭയം തേടുകയും ഭാര്യമാരെ തെരുവുതെണ്ടികളാക്കുകയും ചെയ്യുന്നത് എന്നാണ്. ഇത് മുസ്‌ലിം വനിതാവ്യക്തിനിയമ ബോര്‍ഡിനെ രോഷാകുലമാക്കുകയും അതിന് അവര്‍ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുന്നതിനും ഇടയാക്കി. മുത്തലാഖ് നിരോധിക്കണമെന്നാവശ്യപ്പെടുകയും സുപ്രീകോടതിയില്‍ ഇടപെടുകയും ചെയ്തവരാണ് ഈ ഗ്രൂപ്പ്. വ്യക്തിനിയമത്തില്‍ ഭേദഗതി ആവശ്യപ്പെടുന്ന മുസ്‌ലിം സ്ത്രീകള്‍ നടത്തുന്ന ഞാണിന്മേല്‍ കളിയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
മുസ്‌ലിംകളെ രണ്ടാം കിടപൗരന്മാരാക്കി തള്ളിവിടുന്ന ഈ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് മുത്തലാണ് വിഷയത്തിലുള്ള മാധ്യമങ്ങളുടെ അമിത താല്‍പര്യവും മുസ്‌ലിം വ്യക്തിനിയമം പരിഷ്‌കരിക്കാനുള്ള ഗവണ്‍മെന്റിന്റെ അത്യുത്സാഹവും നമുക്ക് പരിശോധിക്കേണ്ടിവരുന്നത്.
പ്രഖ്യാപിത മുസ്‌ലിം വിരുദ്ധ അജണ്ടയുള്ള നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പുതിയൊരു നിയമനിര്‍മാണത്തിനുള്ള ആവശ്യം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതാണ്. ഈയിടെ എഴുതിയ ഒരു ലേഖനത്തില്‍ മുന്‍ കോണ്‍ഗ്രസ്സു എം.പി. മണിശങ്കര്‍ അയ്യര്‍ പ്രസക്തമായൊരു ചോദ്യമുന്നയിക്കുകയുണ്ടായി. 4.2 ശതമാനംമാത്രം വരുന്ന ഏറ്റവും കുറഞ്ഞ മുസ്‌ലിം പ്രാതിനിധ്യമുളള ഈ സര്‍ക്കാര്‍, മുസ്‌ലിംകള്‍ തങ്ങളുടെ വ്യതിരിക്തതയുടെ അടയാളമായി കരുതുന്ന വിവാഹ - വിവാഹമോചന വിഷയങ്ങളില്‍ നിയമനിര്‍മ്മാണം നടത്താനുള്ള ഒരു സ്ഥിതിയിലാണോ എന്നായിരുന്നു ആ ചോദ്യം. മറ്റൊരു നിയമനിര്‍മാണമോ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കലോ അല്ല മുസ്‌ലിം സ്ത്രീകള്‍ക്ക് ആവശ്യമായിട്ടുള്ളത്. സമുദായത്തിനകത്ത് തങ്ങളുടെ അവകാശങ്ങളെ സംബന്ധിച്ച നിയമപരമായ അവബോധവും നിലവിലുളള നിയമങ്ങള്‍ നേടിയെടുക്കാന്‍ പര്യാപ്തമായ നിയമസഹായങ്ങളുമാണ്. (ഏഷ്യന്‍ ഏജ് 25 നവ. 2017)
വിവ. ഷഹ്‌നാസ് ബീഗം