ചേനയെന്നു കേട്ടാല്‍ ചൊറിയുന്നതാണെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ അതുകൊണ്ടുണ്ടാക്കിയ സാമ്പാര്‍, ഉപ്പേരി, കൊണ്ടാട്ടം എന്നിവ കഴിക്കാത്തവര്‍ കുറവായിരിക്കും.
ചേനയെന്നു കേട്ടാല്‍ ചൊറിയുന്നതാണെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ അതുകൊണ്ടുണ്ടാക്കിയ സാമ്പാര്‍, ഉപ്പേരി, കൊണ്ടാട്ടം എന്നിവ കഴിക്കാത്തവര്‍ കുറവായിരിക്കും. മാര്‍ക്കറ്റില്‍ മറ്റുള്ള പച്ചക്കറികളെ അപേക്ഷിച്ചു വിലകുറവുള്ളതും എളുപ്പത്തില്‍ ലഭ്യമാകുന്നതുമാണ് ചേന. പച്ചക്കറികള്‍ക്കു പുറമെ മാംസക്കറികളിലും മത്സ്യക്കറിയില്‍പോലും ചേര്‍ക്കാവുന്നതാണ്. ആവര്‍ത്തിക്കും തോറും ഗുണം കൂടുമെന്നപോലെ ചേര്‍ക്കും തോറും രുചിയും കൂട്ടും ചേന. നന്നായി നാളികേരം വറുത്തുവെച്ചാല്‍ ഇവന്‍ ഏതുതരം മാംസക്കറിയേയും വെല്ലുവിളിക്കും. മോരില്‍ നാളികേരവും മഞ്ഞളും ചേര്‍ത്തരച്ച് ഉണ്ടാക്കുന്ന ചേനക്കറി വളരെ രുചികരമാണ്.
ചിലര്‍ക്ക് ചേന നുറുക്കുമ്പോള്‍ നീര് കൈയിലായാല്‍ കൈകള്‍ക്കു പരുപരുപ്പുണ്ടാവുകയും തൊലി പോവുകയും ചെയ്യും. കൈയില്‍ വെളിച്ചെണ്ണ നല്ലവണ്ണം പുരട്ടി ചേന മുറിച്ചാല്‍ ചൊറിച്ചില്‍ തടയാം. വെളിച്ചെണ്ണ നല്ലൊരു അണുനാശക ഔഷധമാണ്. ചേനയിലെ കോശങ്ങളിലുള്ള കാത്സ്യം ഓക്‌സിലേറ്റ് പരലുകളാണ് ചൊറിച്ചിലുണ്ടാക്കുന്നത്. ചേന വെള്ളത്തിലിട്ടു തിളപ്പിച്ചു വെള്ളം ഊറ്റിക്കളഞ്ഞാലും ചൊറിച്ചിലുണ്ടാവുകയില്ല.
വാതം, കഫം, അര്‍ശ്ശസ്, രക്താതിസാരം എന്നീ രോഗങ്ങളെ ചികിത്സിക്കുന്നതില്‍ ചേന ഒരു പ്രധാന ചേരുവയാണ്. അകത്തേക്കു കഴിക്കുന്നതുപോലെ പുറമേക്കു പുരട്ടാനുള്ള ഔഷധങ്ങളിലും ചേന ഉപയോഗിക്കുന്നു.
ചേന വേവിച്ചതും ഉള്ളിയും സമം ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന ലേഹ്യത്തില്‍ ആവശ്യത്തിനു തേന്‍ ഒഴിച്ചു പാകപ്പെടുത്തിയാല്‍ അര്‍ശസിനുള്ള ഔഷധമായി. ചേനയില്‍ ജലാംശം, പ്രോട്ടീന്‍, കൊഴുപ്പ്, ധാതുക്കള്‍, നാരുകള്‍, അന്നജം, ഫോസ്ഫറസ്, കാത്സ്യം, ഇരുമ്പ്, നിക്കോട്ടിനിക് ആസിഡ്, ജീവകം, തയാമീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ചേന ഒരു സമീകൃത പച്ചക്കറിയാണ്. അതുകൊണ്ട് തന്നെ നിത്യഭക്ഷണത്തില്‍ ചേനയേയും ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിനു നല്ലതാണ്.