മന ശുദ്ധിക്ക് പ്രാധാന്യം നല്‍കുന്ന ഇസ്‌ലാം ശരീരശുദ്ധിയെയും
മന ശുദ്ധിക്ക് പ്രാധാന്യം നല്‍കുന്ന ഇസ്‌ലാം ശരീരശുദ്ധിയെയും ഗൗരവത്തിലെടുത്തിരിക്കുന്നു. ശരീരം, വസ്ത്രം, ഇരിപ്പിടം, താമസസ്ഥലം, സഞ്ചരിക്കുന്ന വാഹനം, പാദരക്ഷകള്‍ എല്ലാം ശുദ്ധിയാക്കി വെക്കണമെന്നത് ഇസ്‌ലാമിന്റെ കൃത്യമായ കല്‍പനയില്‍ പെട്ടതാണ്. ബാഹ്യശുദ്ധിയുടെ പ്രാധാന്യത്തെക്കുറിച്ച് മുഹമ്മദ് നബി(സ) നടത്തിയ പ്രസ്താവന ഏറെ പ്രസിദ്ധമാണ്. ശുദ്ധി ഈമാനിന്റെ പകുതിയാണ് എന്നാണ് ആ പ്രവാചക പ്രസ്താവനയുടെ സാരം.
വീടും ചുറ്റുപാടും വൃത്തിയായി പരിപാലിക്കുക, മാലിന്യങ്ങള്‍ കൃത്യമായി സംസ്‌കരിക്കുക, നഖം വെട്ടുക, ദന്തശുദ്ധി ഉറപ്പുവരുത്തുക, അലക്കുക, കുളിക്കുക, രോമങ്ങള്‍ നീക്കം ചെയ്യുക, താടിയും തലമുടിയും ഭംഗിയാക്കി വെക്കുക... തുടങ്ങി ഒരുപാടുകാര്യങ്ങള്‍ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ഭാഗമായി നാം ശ്രദ്ധ പുലര്‍ത്തേണ്ട പ്രവാചക പാഠങ്ങളില്‍ പെട്ടതാണ്.
വൃത്തിബോധം; നമസ്‌കാരത്തിന്റെ മുന്നൊരുക്കത്തില്‍
വൃത്തിബോധം പ്രദാനം ചെയ്യുന്ന ഒരുപാട് മുന്നൊരുക്കങ്ങളെ തുടര്‍ന്നാണ് ഒരാള്‍ നമസ്‌കാരത്തില്‍ പ്രവേശിക്കേണ്ടത്. രണ്ട് മാലിന്യങ്ങള്‍ നിങ്ങളില്‍ തള്ളലും, മുട്ടലും സൃഷ്ടിക്കുമ്പോള്‍ നമസ്‌കാരത്തില്‍ പ്രവേശിക്കരുത് എന്ന് നബി (സ) ഉപദേശിച്ചിട്ടുണ്ട്. ആ ഒരവസ്ഥയില്‍ മനസ്സ് ഭക്തികൊണ്ട് നിറയില്ല. നമസ്‌കാരത്തില്‍ ഏകാഗ്രത ലഭിക്കില്ല. ശരീരം നമസ്‌കാരത്തിന് പാകമായാല്‍ മാത്രമേ മനസ്സില്‍ ഭക്തി നിറയുകയുള്ളൂ.
മസ്ജിദുകളുടെ ഭാഗമായി മല-മൂത്ര വിസര്‍ജന സൗകര്യങ്ങള്‍ സജ്ജീകരിച്ചുവെക്കുന്നതില്‍ പള്ളി ഭരണസമിതി കാണിക്കുന്ന ജാഗ്രത ആഴമുള്ള ദീനീബോധത്തിന്റെ പ്രസരണമാണ്. നമസ്‌കാരം മാത്രമല്ല. ഇബാദത്ത്; മൂത്രം ഒഴിച്ചും, മലം വിസര്‍ജിച്ചും ശരീരത്തെ നമസ്‌കാരത്തിനായി സെറ്റ് ചെയ്യലും പ്രതിഫലാര്‍ഹമായ ഇബാദത്തിന്റെ ഭാഗമാണ്. വിസര്‍ജനസ്ഥലത്തേക്കുള്ള പ്രവേശനം പോലും പ്രാര്‍ത്ഥനയാണ്. (അല്ലാഹുവേ! മ്ലേച്ഛതകളില്‍ നിന്ന് ഞാന്‍ നിന്നോട് അഭയം അര്‍ത്ഥിക്കുന്നു). വിസര്‍ജനം പൂര്‍ത്തിയാക്കി ആശ്വാസത്തോടെ പുറത്തിറങ്ങുമ്പോഴും പ്രാര്‍ത്ഥനയാണ്. (അല്ലാഹുവേ! മാപ്പ്; എന്നില്‍ നിന്ന് വിഷമം അകറ്റി, എനിക്ക് സൗഖ്യം നല്‍കിയ അല്ലാഹുവിന് സ്തുതി)
വുദൂഅ് പ്രയോഗവും അകംപൊരുളും
നമസ്‌കാരത്തില്‍ പ്രവേശിക്കുന്നതിന് മുമ്പായി കുളിച്ചു/ വുദൂഅ് ചെയ്ത് ശുദ്ധിയാവണം.
കുളി ദീനിയായ ഒരു അനുഷ്ഠാനവുമാണ്. ഇസ്‌ലാമിക കര്‍മശാസ്ത്രഭാഷയില്‍ വലിയ അശുദ്ധി എന്ന് വിശേഷിപ്പിക്കുന്ന അവസ്ഥയില്‍ നിന്ന് ഒരാള്‍ മുക്തനാവുന്നത് കുളി ഒരു അനുഷ്ഠാനമായി നിര്‍വ്വഹിക്കുന്നതിലൂടെയാണ്. ഭാര്യ - ഭര്‍ത്താക്കന്മാര്‍ എന്ന നിലയില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടവര്‍ നമസ്‌കാരത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് കുളിച്ചിരിക്കണം. ഭാര്യ - ഭര്‍തൃ ലൈംഗിക പ്രവര്‍ത്തനം വഴിയല്ലാതെ ഇന്ദ്രിയ സ്ഖലനം സംഭവിച്ചവരും നസ്‌കാരത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് കുളിച്ചിരിക്കണം. ആര്‍ത്തവരക്തം, പ്രസവരക്തം എന്നീ അവസ്ഥകളിലുള്ള സ്ത്രീകളും രക്തസ്രാവം നിലച്ചതിനു ശേഷം കുളിച്ചു ശുദ്ധിയായിട്ട് വേണം നമസ്‌കാരത്തില്‍ പ്രവേശിക്കുവാന്‍.
കുളി നിര്‍ബന്ധമായവന്‍ കുളിയിലൂടെയും, കുളി നിര്‍വഹിക്കുവാന്‍ ബാധ്യതയില്ലാത്തവന്‍ സ്വതന്ത്രമായും നിര്‍വഹിക്കേണ്ട ശുദ്ധീകരണ പ്രക്രിയയാണ് വുദൂഅ്.
കുളിയും വുദൂഅും അല്ലാഹുവിന്റെ തന്നെ കല്‍പനയാണ്. കര്‍മപരമായി മുഖവും കൈ-കാലുകളും കഴുകലും തല തടവലുമാണ് വുദൂഅ്. കര്‍മം എന്ന നിലക്ക് തന്നെ അത് പൂര്‍ത്തീകരിക്കല്‍ നമസ്‌കാരം സ്വീകാര്യമാവുന്നതിന് അത്യാവശ്യമാണ്. മുഖം പൂര്‍ണമായും കഴുകണം. ഇരുകൈകളും മുട്ടുള്‍പ്പെടെ കഴുകണം; തല പൂര്‍ണമായും തടവണം; ഇരുപാദങ്ങളും മുന്‍ഭാഗവും പിറക് ഭാഗവും നെരിയാണി ഉള്‍പ്പെടെ കഴുകണം. വുളു ചെയ്യുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വുളൂഅ് അപൂര്‍ണമാവാന്‍ സാധ്യതയുണ്ട്. വുളൂഇന്റെ അപൂര്‍ണത നമസ്‌കാരത്തിന്റെയും അപൂര്‍ണതയാണ്.
ഒരിക്കല്‍ മുഹമ്മദ് നബി(സ) ഇങ്ങനെ പ്രഖ്യാപിച്ചു. കാലിന്റെ പിറക്ഭാഗം അവഗണിക്കുന്നവര്‍ക്ക് നാശം.
പൊതുവില്‍ വുളൂഇല്‍ അവഗണിക്കപ്പെടുന്ന ഭാഗങ്ങളാണ് കൈമുട്ടുകളും കാലിന്റെ പിറക്ഭാഗവും. വുളൂഇനെ ആ അശ്രദ്ധ അപൂര്‍ണമാക്കും.
വുളൂഅ് ഭൗതികാര്‍ഥത്തിലുള്ള ഒരു കഴുകി ശുദ്ധീകരിക്കല്‍ പ്രക്രിയ അല്ല. അവയവ ശുദ്ധീകരണം വുളൂഇല്‍ നടക്കുന്നുണ്ടെന്നത് ശരിതന്നെ. വുളൂന്റെ ജലം അവയവങ്ങളിലൂടെ നീങ്ങിപ്പോവുന്നതോടൊപ്പം പാപങ്ങളും മാഞ്ഞുപോകുമെന്ന് നബി(സ) പഠിപ്പിച്ചിട്ടുണ്ട്. മനസ്സ് കൂടി വെടിപ്പാക്കുന്ന ഒരു കഴുകല്‍ പ്രക്രിയയാണ് വുളൂഅ്.
വുളൂഇന്റെ മഹത്വത്തെ മുഹമ്മദ് നബി(സ) ഇങ്ങനെ വിശദീകരിച്ചിട്ടുണ്ട്.
അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം. റസൂല്‍ (സ) പറയുന്നതായി ഞാന്‍ കേട്ടിരിക്കുന്നു. അന്ത്യനാളില്‍ എന്റെ ജനത വുളൂഇന്റെ ഫലമായി മുഖവും കൈകാലുകളും വെളുത്ത് പ്രകാശം പരത്തുന്നവരായി ഹാജരാക്കപ്പെടുന്നതാണ്. അതിനാല്‍ സാധിക്കുന്നവരൊക്കെ അവയവങ്ങള്‍ പൂര്‍ത്തീകരിച്ച് നീട്ടി കഴുകണം. (ഇമാം ബുഖാരിയും, ഇമാം മുസ്‌ലിമും സ്വഹീഹാണെന്ന് അംഗീകരിച്ചത്)
പ്രകാശിപ്പിച്ചു എന്നര്‍ത്ഥം വരുന്ന (അദാഅ:) എന്ന പദത്തില്‍ നിന്നാണ് വുളൂഅ് എന്ന നാമപദം ഉല്‍ഭവിച്ചിരിക്കുന്നത്. മനുഷ്യശരീരത്തിന്റെ അകത്തും പുറത്തും വെളിച്ചം വിതറുന്ന ഒരു കര്‍മ്മമാണ് വുളൂഅ്.
അബൂഹുറൈറ (റ) തന്നെ റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റൊരു പ്രവാചക വചനം ഇപ്രകാരമാണ്. ഒരുനാള്‍ മുഹമ്മദ് നബി(സ) സ്വഹാബികളോടായി ചോദിച്ചു. ചെറുപാപങ്ങള്‍ മായ്ച്ചുകളയുന്ന നിങ്ങളുടെ പദവി ഉയര്‍ത്തുന്ന ഒരു കാര്യം പറഞ്ഞു തരട്ടെയോ? അനുചരന്മാര്‍ പറഞ്ഞു. പറയൂ. പ്രവാചകരേ. റസൂല്‍ (സ) പ്രത്യുത്തരം ചെയ്തു.
പ്രയാസഘട്ടത്തിലും വുളൂഅ് പൂര്‍ത്തീകരിക്കുക.
ചവിട്ടടികള്‍ വര്‍ധിപ്പിക്കുക.
ഒരു നമസ്‌കാരത്തിന് ശേഷം അടുത്ത നമസ്‌കാരത്തിനായി പ്രതീക്ഷയര്‍പ്പിക്കുക.
നബി (സ) പറഞ്ഞു. മേല്‍പറഞ്ഞ ജാഗ്രത ഒരു സൈനിക സന്നാഹം തന്നെയാണ്; അതെ ജാഗ്രത്തായ സൈനിക സന്നാഹം. (മുസ്‌ലിം)
വുളൂഅ് പൂര്‍ത്തീകരിച്ചശേഷം നിര്‍വഹിക്കാനുള്ള പ്രാര്‍ത്ഥനയും നബി(സ) പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹു അല്ലാതെ ഇലാഹില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അവന്‍ ഏകന്‍. പങ്കുകാര്‍ ആരും ഇല്ല. മുഹമ്മദ് നബി അല്ലാഹുവിന്റെ അടിമയും ദൂതനുമാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവേ. നീ എന്നെ പശ്ചാത്തപിക്കുന്നവരില്‍, ശുദ്ധിയുള്ളവരില്‍ ഉല്‍പ്പെടുത്തേണമേ. അല്ലാഹുവേ. നീ പരിശുദ്ധന്‍. സ്തുതികളെല്ലാം നിനക്ക് മാത്രം. നീയല്ലാതെ ഇലാഹ് ഇല്ല. നിന്നോട് ഞാന്‍ മാപ്പിരക്കുന്നു. നിന്നിലേക്ക് ഞാന്‍ ഖേദിച്ച് മടങ്ങുന്നു.
അറബി മൂലം പഠിച്ച് ആശയം ഉള്‍ക്കൊണ്ട് ഹൃദയസാന്നിധ്യത്തോടെ ഈ പ്രാര്‍ത്ഥനയുടെ നിര്‍വഹണം ശീലമാക്കുന്നവര്‍ക്ക് ഓരോ വുളൂഇനെ തുടര്‍ന്നും അളക്കാനാവാത്ത ആത്മീയ ധന്യത അനുഭവിക്കാന്‍ സാധിക്കുന്നതാണ്.
നമസ്‌കാരത്തിന്റെ മുന്നോടിയായി നടക്കേണ്ട മറ്റ് രണ്ട് അനുഷ്ഠാനങ്ങള്‍ ബാങ്കും ഇഖാമത്തും ആണ്.
ബാങ്ക് ഒരു ഉണര്‍ത്തുപാട്ടാണ്. ദൈനംദിനം അഞ്ച് തവണ ആവര്‍ത്തിക്കുന്ന ഉണര്‍ത്തുപാട്ട്. ഇസ്‌ലാമിക സമൂഹത്തിന്റെ ജീവല്‍ സാന്നിധ്യം വിളിച്ചറിയിക്കുന്ന ഉജ്ജ്വലമായ പ്രഖ്യാപനം കൂടിയാണ് ബാങ്ക്. ആലസ്യത്തില്‍ നിന്നും വിസ്മൃതിയില്‍ നിന്നും കര്‍മലോകത്തേക്ക് മാനുഷ്യനെ, വിശ്വാസിയെ, മുസ്‌ലിമിനെ വിളിച്ചുകൊണ്ടുപോവുന്ന വിളംബര ശബ്ദമാണ് ബാങ്ക്.
അല്ലാഹു അക്ബര്‍ എന്ന വാക്ക് പ്രദാനം ചെയ്യുന്ന ജീവിതവീക്ഷണം പരമപ്രധാനമാണ്. അല്ലാഹുമാത്രമാണ് ഏറ്റം വലിയവന്‍ എന്ന് പറയുമ്പോള്‍ ബാക്കിയെല്ലാം ഒരുപോലെ ചെറുതാണ്; ആരും വലിയവന്‍ചമഞ്ഞ് സമൂഹത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കരുതെന്ന ആഹ്വാനം തക്ബീറില്‍ അടങ്ങിയിട്ടുണ്ട്. അല്ലാഹുവിന്റെ ഏകത്വവും മുഹമ്മദ് നബിയുടെ പ്രവാചകത്വവും നിരന്തരം ഓര്‍മപ്പെടുത്തുന്ന കര്‍മ്മം കൂടിയാണ് ബാങ്ക്. സത്യദര്‍ശനം നിരന്തരം മനുഷ്യരെ കേള്‍പ്പിക്കുക എന്ന ധര്‍മവും ബാങ്കിന്റെ ഉള്ളടക്കമാണ്.
വിജയത്തിന്റെ വഴി, പ്രാര്‍ത്ഥനയുടെ വഴിയാണ്, നമസ്‌കാരത്തിന്റെ വഴിയാണ്, ആത്മീയ ധന്യതയുടെ വഴിയാണ് എന്ന് ബാങ്ക് വിളിച്ചുപറയുന്നുണ്ട്. ശരീരത്തിനും ശരീരകാമനകള്‍ക്കപ്പുറം ആത്മീയതയുടെ അഗാധ ലോകത്തേക്കുള്ള യാത്രാവിളംബരമായി ബാങ്കും, ബാങ്കിനുശേഷമുള്ള ഇഖാമത്തും നമ്മെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നതാണ്.