നല്ല നാളേക്ക്
കാലങ്ങള്‍ മാറുകയാണ്. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ആളും സന്നാഹവും ഒരുങ്ങി.
കാലങ്ങള്‍ മാറുകയാണ്. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ആളും സന്നാഹവും ഒരുങ്ങി. ഡിസംബര്‍ മാസാവസാനം അടുത്തവര്‍ഷത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്. ആഘോഷത്തിമര്‍പ്പിനായി ഒരുങ്ങുകയാണ് എല്ലാവരും. അര്‍ധരാത്രികഴിഞ്ഞ് പടക്കങ്ങള്‍ പൊട്ടിച്ചും ലഹരിയില്‍ ആറാടിയും മറ്റൊരു നാളെയെ വരവേല്‍ക്കുന്ന വലിയൊരു ആള്‍ക്കൂട്ടം നമ്മുടെ ചുറ്റിലുമുണ്ട്. നാളെയുടെ ഒരുപാട് പ്രതീക്ഷകളെയാണ് നെഞ്ചേറ്റി അവര്‍ ആഘോഷിക്കുന്നത്.
പക്ഷേ ആഘോഷങ്ങള്‍ക്കിടയില്‍ അവഗണിച്ചു പോവുന്ന ചില കാര്യങ്ങളുണ്ട്. നാം ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളെയും കടന്നുപോവുകയാണെന്നും ചെയ്തതിനെക്കാളേറെ ഇനിയും ചെയ്യാന്‍ ബാക്കിയുണ്ടെന്നും മറന്നുപോവുകയാണ്. കുറഞ്ഞുകൊണ്ടേയിരിക്കുന്ന ആയുസ്സിനെ ഓര്‍മപ്പെടുത്തിയാണ് ഓരോ വര്‍ഷവും കടന്നുവരുന്നതെന്ന് നാമാരും ഓര്‍ക്കാറേയില്ല.
ഒരുപാട് ദുരന്തങ്ങള്‍ക്ക് സാക്ഷിയായി നിര്‍ത്തിക്കൊണ്ടാണ് കഴിഞ്ഞ നാളുകള്‍ പോയത്. ആര്‍ത്തലച്ചു വന്ന കടല്‍വെള്ളത്തില്‍ ഒലിച്ചുപോയ ജീവിതങ്ങളും സ്വപ്‌നങ്ങളും നിരവധിയാണ്. കടലെടുത്ത ജീവിതങ്ങളുടെ മൃതദേഹം പോലും ഇനിയും ഏറെ കിട്ടാന്‍ ബാക്കിയുണ്ട്. അവര്‍ക്കായി പ്രാര്‍ഥനയോടെ കാത്തിരിക്കുന്ന ഉറ്റവരുണ്ട്. ദുരിതങ്ങളുടെയും പ്രയാസങ്ങളുടെയും ദിനങ്ങളെ ബാക്കിയാക്കിയാണ് കഴിഞ്ഞവര്‍ഷം കടന്നുപോയത്. ജീവിതത്തില്‍ എത്ര നന്മകളെ ബാക്കി വെച്ചിട്ടുണ്ട് എന്നു ചോദിച്ചാണ് ദിവസങ്ങള്‍ കടന്നുപോവുന്നത്. ആയുസ്സിന്റെ താളുകള്‍ ഓരോന്നായി ചീന്തിയെറിയുമ്പോള്‍ വരാനായി പ്രതീക്ഷയോടെയും ഉല്‍സാഹത്തിമര്‍പ്പോടെയും കാത്തിരിക്കുന്ന നാളുകളില്‍ ഈ ചോദ്യം സ്വയം ചോദിച്ചുകൊണ്ടേയിരിക്കണം. എല്ലാ നന്മകളുടെയും ബാക്കിയിരിപ്പാവട്ടെ വരാനിരിക്കുന്ന കാലങ്ങള്‍.