രു കൈപ്പടങ്ങളും മണ്ണില്‍ പരത്തിവെച്ച്, നെറ്റിയും നാസികയും നിലത്തു തട്ടിച്ച്,
കാല്‍മുട്ടുകുത്തി, കാല്‍വിരലുകളിലൂന്നി,
'ഞാനല്ല.... ഞാനല്ല' എന്ന ബോധത്തോടെ മനുഷ്യന് ചെയ്യാനാകുന്ന ഏറ്റവും പരമമായ വിധേയത്വ പ്രകടനമാണ് സുജൂദ്.
''മണ്ണാകെ താനൊരുവനാണ് ജയിച്ചതെന്ന
പൊണ്ണത്തമേന്തി ജഹലായി മദിച്ച കണ്ണേ,
മണ്ണോട് ചേര്‍ന്ന് കനിവോടെ സുജൂദുചെയ്യൂ,
കണ്ണീരുപെയ്ത് നനയട്ടെ വരണ്ട നെഞ്ചും.''
രണ്ടു കൈപ്പടങ്ങളും മണ്ണില്‍ പരത്തിവെച്ച്, നെറ്റിയും നാസികയും നിലത്തു തട്ടിച്ച്, കാല്‍മുട്ടുകുത്തി, കാല്‍വിരലുകളിലൂന്നി,
'ഞാനല്ല.... ഞാനല്ല' എന്ന ബോധത്തോടെ മനുഷ്യന് ചെയ്യാനാകുന്ന ഏറ്റവും പരമമായ വിധേയത്വ പ്രകടനമാണ് സുജൂദ്.
സമര്‍പ്പണത്തിന്റെ ഉന്നതവും ഉദാത്തവുമായ നില. അതു ചെയ്യുമ്പോള്‍ മനുഷ്യന്‍ ഉറുമ്പിനോളം ചെറുതാകും. അത് ചെയ്യുമ്പോള്‍ താഴ്മയുടെ ഏറ്റവും ഉയര്‍ന്ന അവസ്ഥയിലേക്ക് മനുഷ്യന്‍ പ്രാപിക്കും. അതു ചെയ്യുമ്പോള്‍ ശരീരം മണ്ണിനെ പ്രാപിക്കുകയും ആത്മാവ് ആകാശത്തോളം ഉയരുകയും ചെയ്യും.
'സാഷ്ടാംഗപ്രണാമം' എന്ന സംസ്‌കൃതപദമാണ് സുജൂദ് എന്ന അറബി പദത്തിന്റെ തര്‍ജമയായി മലയാളത്തില്‍ നടപ്പുള്ളത്. അറബിയിലെ 'സജദ' എന്ന ക്രിയാപദത്തില്‍നിന്ന് സുജൂദ് എന്ന നാമമുണ്ടാകുന്നു. ഇസ്‌ലാമിക കര്‍മവിജ്ഞാനീയത്തിലെ ഒരു സാങ്കേതിക പദം കൂടി ആണ് സുജൂദ്. ദൈവമായി കല്‍പ്പിക്കുന്ന ഒന്നിനു മുമ്പില്‍ സ്വയം സമര്‍പ്പിക്കുന്നു എന്ന മനസ്സോടെ കൈകളും ശിരസ്സും നിലത്തു തൊട്ടുള്ള ആരാധനയോ ആരാധനയുടെ ഭാഗമോ ആയിട്ടാണ് സുജൂദ് എന്ന സാങ്കേതിക ശബ്ദത്തെ ഫിഖ്ഹ് പരിചരിക്കുക. നെറ്റി, മൂക്ക്, കാല്‍മുട്ടുകള്‍, പാദങ്ങള്‍, മുന്‍കൈകള്‍ എന്നിവ ചേര്‍ന്ന് എട്ടു അംഗങ്ങളോടുകൂടിയ പ്രണാമം ആണ് സാഷ്ടാംഗപ്രണാമം. യഥാര്‍ഥത്തില്‍, സുജൂദ് ചെയ്യുമ്പോള്‍ നിലത്തു തൊടേണ്ടത് ഹൃദയമാണ്. അത് മണ്ണില്‍ സ്പര്‍ശിക്കാതെ ഒരു സുജൂദും പൂര്‍ത്തിയാവുകയില്ല, ഒരവയവവും മണ്ണില്‍ തൊടാതെ ഹൃദയംകൊണ്ടുമാത്രം ചിലപ്പോഴെങ്കിലും സുജൂദ് സംഭവിക്കുകയും ആവാം. ഏറക്കുറെ എല്ലാ മതത്തിലുമുണ്ട് ഈ പ്രണാമരീതി. ചിലര്‍ മുട്ടുകുത്തി ക്രിസ്ത്യാനികളെപ്പോലെ, ചിലര്‍ കമഴ്ന്നടിച്ച് നിലത്തു കിടന്ന് ഹൈന്ദവരെപ്പോലെ തങ്ങളുടെ ദൈവങ്ങള്‍ക്കുമുമ്പില്‍ സുജൂദുചെയ്യുന്നു. ഇസ്‌ലാമിലെ സുജൂദിനെ മാത്രം മുന്‍നിറുത്തി നമസ്‌കാരത്തിന്റെ സൗന്ദര്യഘടകങ്ങളെ ഇഴപിരിച്ചു കാണാനുള്ള ശ്രമമാണ് ഈ ലേഖനം.
ശരീരവും ആത്മാവും
ഇരുകാലില്‍ നിവര്‍ന്നുനില്‍ക്കുന്ന ഏക ജീവി മനുഷ്യനാണത്രെ. അതുകൊണ്ടുതന്നെ കുമ്പിടുക എന്നത് മനുഷ്യനെ സംബന്ധിച്ച് എളിമയുടെ അടയാളമായി മാറി. ബഹുമാനം സൂചിപ്പിക്കാനും വിധേയത്വം പ്രകടിപ്പിക്കാനും മനുഷ്യന് കുമ്പിടേണ്ടിവന്നു. ഉയര്‍ന്ന തലയും താഴ്ന്ന തലയും അവരുടെ മാനസികവും സാമൂഹികവുമായ പദവിയുടെയും പ്രതികരണങ്ങളുടെയും പ്രതീകമാണ്. അടിമകള്‍ എപ്പോഴും തലകുനിച്ചും മുട്ടുകുത്തിയും മാത്രം നിന്നു. നിവര്‍ന്ന തല ധീരതയുടെയും അധികാരത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ചിഹ്നമാണ്. താഴ്ന്ന തല കുറ്റബോധത്തിന്റെയും ഭയത്തിന്റെയും സൂചനയാണ്. രാജാക്കളുടെയും മേലാളരുടെയും മുമ്പില്‍ കുമ്പിടുക എന്നത് നിയമമായിരുന്നു. കേരളത്തില്‍ 'വലിച്ചുനീട്ടിത്തൊഴുക' എന്ന ഒരു ഏര്‍പ്പാടുണ്ടായിരുന്നു. രാജാവിന്റെ മുമ്പില്‍ നില്‍ക്കുന്നതിനുമുമ്പുള്ള അതിവിധേയത്വത്തിന്റെ ശരീരപ്രകടനമാണത്. 'പഞ്ചപുച്ഛമടക്കി നില്‍ക്കുക' എന്നത് പിന്നീട് മലയാളത്തില്‍ വിധേയപ്പെടുന്നതിന്റെ ശൈലിയായിമാറി. ഇന്ത്യയിലെ ജാതിവ്യവസ്ഥ രൂപപ്പെടുത്തിയ കീഴാള ശരീരഘടന കുനിഞ്ഞുനില്‍ക്കുക എന്നായിരുന്നു. അതുകൊണ്ടാണ് 'ഒരു മനുഷ്യന്റെ മുമ്പിലും കുനിഞ്ഞുനില്‍ക്കരുത്' എന്ന് മമ്പുറം തങ്ങള്‍ ഏറനാട്ടിലെ ദലിതരെ പരിശീലിപ്പിച്ചത്.
ജാഹിലിയ്യത്തിന്റെ കാലത്ത് മക്കയില്‍ പ്രതിഷ്ഠിക്കപ്പെട്ട കല്‍പിത ഈശ്വരഗണങ്ങളുടെ മുമ്പില്‍ കുനിഞ്ഞുനിന്നുമാത്രം ശീലിച്ച ജനതയെ നിവര്‍ന്നുനില്‍ക്കാന്‍ പഠിപ്പിച്ചത് ഇസ്‌ലാമാണ്. എല്ലാ വിധേയത്വവും പടച്ചതമ്പുരാനുമാത്രമേ പാടുള്ളൂ എന്നായിരുന്നു ഇസ്‌ലാമിന്റെ നിഷ്‌കര്‍ഷ. അതുകൊണ്ടുതന്നെ കഅ്ബക്കു പരിസരത്തുനിന്ന് നബിതിരുമേനിയും അവിടത്തെ അനുചരന്മാരും കണ്ണുകൊണ്ട് കാണുന്ന ആരുടെയും മുമ്പിലല്ലാതെ സുജൂദ് ചെയ്യുന്നത് ഖുറൈശികളെ വെകിളിപിടിപ്പിച്ചിരുന്നു. 'കാരുണികന്നായ് സുജൂദ് ചെയ്യൂ എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ പറയും 'എന്തോന്ന് കാരുണികന്‍? നീ കല്‍പ്പിക്കുന്നവര്‍ക്കൊക്കെ ഞങ്ങള്‍ സുജൂദ് ചെയ്യണമെന്നോ? അങ്ങനെ അവരുടെ വെറി വര്‍ധിച്ചുപോയിരിക്കുന്നു' (അല്‍ ഫുര്‍ഖാന്‍ - 60)
റസൂല്‍ (സ) സുജൂദ് ചെയ്യവെ ഒട്ടകത്തിന്റെ കുടല്‍മാല തിരുദേഹത്തിലേക്ക് വലിച്ചിട്ട് ആ വെറി വളരെ നീചമായി അവര്‍ പ്രകടിപ്പിക്കുകയും ചെയ്തു. പ്രിയ പുത്രി ഫാത്തിമ ബീവി ഓടിവന്ന് അത് വലിച്ചിട്ട് ഖുറൈശിപ്രമാണിമാരുടെ ക്രൂരതക്കെതിരെ അലറിവിളിച്ചു. ഈ സംഭവത്തെ ഖുര്‍ആന്‍ അതിശക്തമായ ഭാഷയിലാണ് പ്രതിപാദിക്കുന്നത്. ''തടയുന്നവനെ നീ കണ്ടുവോ? അടിമയെ, അവന്‍ നമസ്‌കരിക്കെ. നീ കണ്ടുവോ, അവന്‍ നേര്‍വഴിയിലായിരുന്നു. അല്ലെങ്കിലോ, തഖ്‌വയെപ്പറ്റി കല്‍പ്പിക്കുന്നവന്‍. നീ കണ്ടുവോ, കളവാക്കിയവനെ. പിന്തിരിഞ്ഞവനെയും. അവനറിഞ്ഞുകൂടേ, അല്ലാഹു കാണുകതന്നെ ചെയ്യുമെന്ന്? വേണ്ട, അവന്‍ പിന്‍മാറിപ്പോയില്ലെങ്കില്‍ അവന്റെ കുടുമയില്‍ തന്നെ ഞാന്‍ പിടികൂടും. പാപംചെയ്ത, കള്ളംചമയ്ച്ച കുടുമ. അപ്പോഴവന്‍ തന്റെ കൂട്ടക്കാരെ വിളിക്കട്ടെ. ഞാന്‍ എന്റെ സൈന്യത്തെയും വിളിക്കും. വേണ്ട, അവനെ അനുസരിക്കരുത്! സൂജൂദ് ചെയ്യുക, സാമീപ്യം നേടുക'' (അല്‍ അലഖ്. 9 - 19) ഖുര്‍ആനില്‍ ആദ്യമായി അവതരിക്കപ്പെട്ട ആയത്തുകളായ ''ഇഖ്‌റഅ്...'' (വായിക്കുക...) എന്നുതുടങ്ങുന്ന സൂക്തങ്ങളോട് ചേര്‍ന്നവയാണ് ഈ അസാധാരണഭാഷയിലുള്ള താക്കീതുകള്‍. അറിവ്, മനുഷ്യ സൃഷ്ടിപ്പ്, നമസ്‌കാരം, സുജൂദ് എന്നീ നാലു വ്യത്യസ്ത രൂപകങ്ങളെ ചേര്‍ത്തുവെച്ച് ഖുര്‍ആന്‍ ഇവിടെ സൃഷ്ടിക്കുന്ന കലിമത്തുകളുടെ ദാര്‍ശനിക തലം എത്ര വിശദപ്പെടുത്തിയാലാണ് മുഴുവനാവുക? ഇഖ്‌റഅ് എന്ന ആദ്യ വാക്യത്തിന്റെ സാകല്യമാണല്ലോ ഖുര്‍ആന്‍. അതിന്റെ പാരായണത്തിനിടെ സുജൂദ് എന്ന് കാണുന്നിടത്തൊക്കെയും സാഷ്ടാംഗപ്രണാമത്തില്‍ വീഴണം എന്ന കല്‍പനയുടെ കാവ്യാംശവും അതുതന്നെ. ഉപരിയായ ഏതൊരു കര്‍മം മൂലവും അസാധുവായിപ്പോകുന്ന നിര്‍ബന്ധ നമസ്‌കാരത്തിനിടയില്‍ പോലും ഈ പാരായണ സുജൂദ് (സജദത്തുത്തിലാവ) നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു എന്നും ഓര്‍ക്കുക.
മനുഷ്യനാണ് ഏറ്റവും ശ്രേഷ്ഠമായി പടക്കപ്പെട്ട ജീവി. ഭൂമിയെ മുഴുവന്‍ മനുഷ്യന് അല്ലാഹു കീഴ്‌പെടുത്തിക്കൊടുത്തിരിക്കുന്നു. അതിനുവേണ്ടത്രയും ശാരീരികമായ പ്രത്യേകതകളും മനുഷ്യനു നല്‍കി. ശാരീരികമായ ദൗര്‍ബല്യങ്ങളെ മുഴുവന്‍ അതിജയിക്കുന്ന വിശേഷബുദ്ധിയും. എപ്പോഴും രണ്ടുകാലില്‍ നടക്കാനും തലയുയര്‍ത്തി നിവര്‍ന്നു നില്‍ക്കാനും മനുഷ്യനുമാത്രം കഴിഞ്ഞു. മനുഷ്യന്‍ നിവര്‍ന്നു നില്‍ക്കുമ്പോള്‍ ആനയും സിംഹവും പോലും ഭയന്നു. നമസ്‌കാരത്തിന്റെ തുടക്കത്തിലെ നില്‍പ്പ് ആ ശാരീരികമായ ആധിപത്യത്തെ ഓര്‍മിപ്പിക്കുന്നു. മേധാവിത്വത്തിന്റെ എല്ലാം പടച്ചവനു സമര്‍പ്പിച്ചശേഷം നെറ്റി മണ്ണില്‍ കുത്തുന്ന മനുഷ്യന്‍ താന്‍ പടച്ചവനു മുമ്പില്‍ എത്രയും നിസ്സാരനാണെന്ന് സമ്മതിക്കുകയാണ് ചെയ്യുന്നത്. സുജൂദില്‍ വീഴുന്ന മനുഷ്യന്‍ ജീവിവര്‍ഗത്തിലെ എറ്റവും നിസ്സാരമായ ഉറുമ്പിനോളം ചെറുതാകുന്നു. മനുഷ്യന്റെ എല്ലാ ബൗദ്ധിക ആധിപത്യത്തിനും കേന്ദ്രമായ തലച്ചോര്‍ അപ്പോള്‍ കാല്‍ക്കീഴിലേക്ക് ഒതുങ്ങിയൊഴിയുന്നു. സുജൂദില്‍ മനുഷ്യന്‍ കേവലമായ ശരീരത്തെ നിഷേധിക്കുകയും ആത്മസത്തയെ തിരിച്ചറിയുകയും ചെയ്യുന്നു. അതിനാല്‍, സുജൂദില്‍ കിടക്കുമ്പോള്‍ തലയിലേക്ക് രക്തം ഇരച്ചുകയറുമെന്നും അതുകൊണ്ടുതന്നെ നമസ്‌കാരം ആരോഗ്യവും ബുദ്ധിയും വര്‍ധിപ്പിക്കുമെന്നുമുള്ള ശാസ്ത്രീയ സമാധാനങ്ങള്‍ നിരത്തുന്നവര്‍ അറിവിന്റെ അധികാരത്തെ തിരിച്ചു സ്ഥാപിക്കുകയാണ് ചെയ്യുന്നത്. അത്തരം വാദങ്ങള്‍ മറക്കൂ. സുജൂദ് ചെയ്യൂ.
ഭാഷ അവസാനിക്കുന്നിടത്താണ് സ്തുതി
സുജൂദില്‍ കൂടുതലായി ഉരുവിടേണ്ടത് അത്യുന്നതനായ അല്ലാഹുവിനുള്ള സ്തുതികളാണ്. ''നിന്റെ റബ്ബിനെ സ്തുതികളാല്‍ പ്രകീര്‍ത്തനം ചെയ്യുക. സുജൂദ് ചെയ്യുന്നവരില്‍ ഉള്‍പ്പെടുകയും ചെയ്യുക'' (അല്‍ ഹിജ്ര്‍- 98) എന്ന കല്‍പനയില്‍ അതുണ്ട്. കെ. സി അബ്ദുല്ല മൗലവിയുടെ 'നമസ്‌കാരത്തിന്റെ ചൈതന്യം' എന്ന ചെറുപുസ്തകം നമസ്‌കാരത്തിന്റെ ആന്തരികസൗന്ദര്യത്തെ വെളിപ്പെടുത്തുന്ന അപൂര്‍വ പുസ്തകങ്ങളിലൊന്നാണ്. നമസ്‌കരിക്കുന്ന ഒരാള്‍ സുജദിലമര്‍ന്നുകഴിഞ്ഞാല്‍ തന്റെ ചിന്തകളിലൂടെ ഉരഞ്ഞുപോകുന്ന ചിലത് ആ പുസ്തകത്തില്‍ വിവരിക്കുന്നതു കാണാം: 'ആകാശഭൂമികളോടൊപ്പം ഞാനിതാ സുജൂദിലാകുന്നു. മണ്ണിലെ ഓരോ തിര്യക്കുകളോടുമൊപ്പം ഞാനിതാ പ്രപഞ്ചനാഥന് സ്തുതിയുരക്കുന്നു. അണ്ഡകടാഹങ്ങളോടൊപ്പം ഞാനിതാ എന്നെ സമര്‍പ്പണം ചെയ്യുന്നു. സകലപ്രപഞ്ചങ്ങളോടൊപ്പം പടച്ചറബ്ബിന് ഞാനിതാ വിനീതവിധേയമായിരിക്കുന്നു. അങ്ങനെ അത്യുന്നതനായ അല്ലാഹുവിനോട് ഞാന്‍ സമീപസ്ഥമായിരിക്കുന്നു....'' ഇനി ചോദിക്കൂ... കുറച്ച് സമയമേയുള്ളൂ... ചോദിക്കൂ, ചോദിക്കൂ. ''അറിയുക, റുകൂഇലായിക്കൊണ്ടും സുജൂദിലായിക്കൊണ്ടും ഖുര്‍ആന്‍ പാരായണം ചെയ്യുന്നതില്‍നിന്ന് ഞാന്‍ വിലക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ റുകൂഇല്‍ നിങ്ങള്‍ റബ്ബിനെ വാഴ്ത്തിക്കൊണ്ടിരിക്കുക. സുജൂദിലോ, കിണഞ്ഞ് ദുആയിരക്കുകയും ചെയ്യുക. അതിന് നിങ്ങള്‍ക്ക് മറുപടി ലഭിക്കുകതന്നെ ചെയ്യും'' എന്ന് റസൂല്‍ തിരുമേനി (സ) കല്‍പ്പിച്ചിട്ടുണ്ട്.
ആ ദുആ കേള്‍ക്കാനായി മാത്രം ആകാശലോകത്തുനിന്ന് അല്ലാഹു മണ്ണിനോളം താഴേക്കു വരുന്നു. ആ പ്രാര്‍ഥന നിര്‍വഹിക്കാനായി മാത്രം സുജൂദില്‍ പടച്ചവനോട് മനുഷ്യന്‍ സമീപസ്ഥമാകുന്നു. പക്ഷേ, ചോദിക്കാനാവുന്നില്ല. ചോദിക്കാമെന്ന് കരുതിവെച്ചത് ഓര്‍ക്കാനാവുന്നില്ല. ഓര്‍മയുള്ളതുമുഴുവന്‍ വെളിപ്പെടുത്താനാവുന്നില്ല. വെളിപ്പെട്ടുപോകുന്നത് വേണ്ടത്ര ഫലപ്രദമാകുമോ എന്നുറപ്പില്ല, ഉറപ്പിച്ചു ചോദിച്ചതോ തനിക്ക് ഗുണമായിഭവിക്കുമോ എന്നും സംശയംതന്നെ... എന്തുചെയ്യും? സ്തുതി. സ്തുതി മാത്രമേയുള്ളൂ പരിഹാരം.... എല്ലാ ഭാഷയും അവസാനിക്കുമ്പോള്‍ അവശേഷിക്കുന്ന ഏക ഭാഷണം സ്തുതിയാണ്. അതുകൊണ്ടാണ് സുജൂദിലെ മന്ത്രമായി നബി പഠിപ്പിച്ചതും ഒരു സ്തുതിയായി മാറിയത്. ''സുബ്ഹാന റബ്ബിയല്‍ അഅ്‌ലാ വ ബി ഹംദിഹീ...''
സുജൂദിനകത്താണ് സ്വലാത്ത്
മാനസികവും ആത്മീയവുമായ രഹസ്യങ്ങളുടെ ഒരു വശവും ശാരീരികവും ഭൗതികവുമായ പരസ്യപ്പെടുത്തലുകളുടെ മറ്റൊരു വശവും ഏതൊരു ആരാധനക്കും ഉണ്ട്. രണ്ടും അനിവാര്യ ഘടകങ്ങള്‍തന്നെ. മാനസികമായ ആത്മീയനില എത്രയും അധികമാവാം. അത് ആരാധനയുടെ ചൈതന്യം വര്‍ധിപ്പിക്കും. എന്നാല്‍ പരസ്യപ്പെടുത്തുന്ന ഭൗതികഘടകം അമിതമായിപ്പോകാതിരിക്കാനുള്ള ശ്രദ്ധകൂടി ആത്മീയ ചൈതന്യത്തിന്റെ ഭാഗമാണ്. ഈ ഇരട്ടബാധ്യത നമസ്‌കാരത്തിലാണ് ഏറ്റവുമധികമുള്ളത്. ''അതിനാല്‍, നാശമൊക്കെയും നമസ്‌കരിക്കുന്നവര്‍ക്ക്; അവര്‍ സ്വന്തം നമസ്‌കാരത്തെപ്രതി അശ്രദ്ധരത്രെ, അവര്‍ പ്രകടനക്കാരത്രെ. ചെറു സഹായങ്ങള്‍പോലും മുടക്കുന്നവരും'' (അല്‍ മാഊന്‍ : 4 - 7). ഈ മുന്നറിയിപ്പ് ഭയന്ന് ഇരുട്ടത്തോ ഒറ്റയ്‌ക്കോ നമസ്‌കരിക്കാമെന്നു വെച്ചാലോ, അത് അത്രയ്ക്കങ്ങ് പ്രോത്സാഹിപ്പിച്ചിട്ടുമില്ല. ഇരുട്ടത്ത് നമസ്‌കാരം കറാഹത്താണ്. ഒറ്റയ്ക്കുള്ള നമസ്‌കാരം ശ്രേഷ്ഠത കുറഞ്ഞതും. നമസ്‌കാരത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും പ്രകടനാത്മകവുമായ നിലയാണ് സുജൂദ്. എന്നാല്‍, നിര്‍ബന്ധ നമസ്‌കാരത്തിന്റെ സാധാരണ കര്‍മങ്ങള്‍ക്കിടയില്‍ സാഷ്ടാംഗപ്രണാമം താരതമ്യേന ഹ്രസ്വമാണ്. അപ്പോള്‍ ഖുര്‍ആനില്‍നിന്ന് വല്ലതും ഓതിക്കൂടാ. അധികം ദീര്‍ഘിക്കാതെ, ഇടയ്ക്ക് ഒരു ഇടവേള നല്‍കി പെട്ടെന്ന് തിരിച്ചുപോരേണ്ട ഒരവസ്ഥയാണ് സുജൂദ്. വളരെ പെട്ടെന്ന് പ്രകടനാത്മകതയിലേക്ക് വഴുതിപ്പോകാനുള്ള അപകടസാധ്യത സുജൂദിനുണ്ട് എന്നതുകൊണ്ടുമാകാം അത്. പൂവ് ചെലവാകുന്നതുപോലെ പൊന്ന് ചെലവാകുകയില്ലല്ലോ. മാത്രമല്ല ഒറ്റയ്ക്കുള്ള രാത്രിനമസ്‌കാരങ്ങളില്‍ സുജൂദ് അല്‍പം ദീര്‍ഘമായാലും കുഴപ്പമില്ല എന്നും ഇളവുണ്ട്. അപ്പോള്‍ കാണാനാരുമില്ലല്ലോ, പടച്ചതമ്പുരാനല്ലാതെ.
നമസ്‌കാരത്തിന്റെ നിര്‍ബന്ധഘടകങ്ങളിലൊന്നാണ് സുജൂദ്. നമസ്‌കാരമോ, മുസ്‌ലിമിന്റെ അതിപ്രധാനമായ ഇബാദത്തുകളിലൊന്നും. അല്ലാഹുവല്ലാത്ത ദൈവങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കും (ശിര്‍ക്ക്) മതസത്തയെ മനസ്സിലാക്കിയശേഷവും നിഷേധിക്കുന്നവര്‍ക്കും (കുഫ്‌റ്) ഇടയില്‍നിന്ന് മുസ്‌ലിമിനെ വേര്‍ത്തിരിക്കുന്നതെന്തോ, അത് നമസ്‌കാരമാണെന്ന് നബിതങ്ങള്‍ (സ) പറഞ്ഞിരിക്കുന്നു. നമസ്‌കാരത്തിന് പകരംപദമായും സുജൂദ് എന്ന വാക്ക് ഖുര്‍ആനിലുണ്ട്. അല്ലാഹുവിന്റെ അടിമകള്‍ ''അവരോ, തങ്ങളുടെ റബ്ബിന്നായി ഉറക്കമിളക്കുന്നവരാണ്, സുജൂദിലമര്‍ന്നും എഴുന്നേറ്റുനിന്നും'' (അല്‍ ഫുര്‍ഖാന്‍ : 64) എന്നാണ് അതിലൊന്ന്. അവരിലൊരാളായ മര്‍യമിനോട് വിശുദ്ധഗര്‍ഭാവസ്ഥയില്‍ അല്ലാഹുവിന്റെ കല്‍പനയും അങ്ങിനെത്തന്നെ ''ഹേ മര്‍യം, നിന്റെ റബ്ബിനോട് വിധേയപ്പെടുക. സുജൂദ് ചെയ്യുക. റുകൂഅ് ചെയ്യുക, റുകൂഅ് ചെയ്യുന്നവരോടൊപ്പം'' (ആലു ഇംറാന്‍ : 43). നമസ്‌കരിക്കുന്ന സ്ഥലമാണ് 'മസ്ജിദ്'. സുജൂദ് ചെയ്യുന്ന ഇടം എന്നാണതിനര്‍ഥം. മസ്ജിദിനകത്തെ നമസ്‌കാരസ്ഥലമാണ് 'മുസ്വല്ല'. സുജൂദിനകത്താണ് നമസ്‌കാരം മുഴുവനും എന്ന ആലങ്കാരിക അര്‍ഥത്തിലേക്ക് പോലും ഈ നാമങ്ങള്‍ നമ്മെ കൊണ്ടുപോയേക്കാം.
നമസ്‌കരിക്കുന്നവരാണ് എന്നതിന് പ്രത്യക്ഷമായ ഒരു തെളിവും ശരീരം അവശേഷിപ്പിക്കുന്നില്ല, നെറ്റിയിലെ സുജൂദു ചെയ്തതിന്റെ, കറുത്തുപോയ തഴമ്പല്ലാതെ. അത് മുസ്‌ലിമിന്റെ ശരീര ചിഹ്‌നമായിപ്പോലും പലരും കരുതിയിരിക്കുന്നു. പടച്ചവനുമുമ്പില്‍ കുത്തിക്കുത്തി തഴമ്പിച്ചു കറുത്തുപോയ നെറ്റിയിലെ ആ ഇത്തിരിവട്ടം മഹ്ശറയില്‍ തിളങ്ങിനില്‍ക്കുമെന്ന് ഹദീസുകളില്‍ കാണാം. എന്തിന്, തൗറാത്തില്‍ പോലും മുസ്‌ലിമിനെ തിരിച്ചറിയാന്‍ അടയാളമായി നല്‍കിയത് ആ നെറ്റിത്തഴമ്പാണെന്നത് ഖുര്‍ആന്റെ തന്നെ സാക്ഷ്യമാണ്. ''മുഹമ്മദ്, അല്ലാഹുവിന്റെ റസൂല്‍. അവരോടൊപ്പമുള്ളവര്‍ കാഫിറുകളോട് കഠിനരുമാണ്. തങ്ങള്‍ക്കിടയില്‍ കാരുണ്യമുറ്റവരും. താങ്കള്‍ക്കവരെക്കാണാം, റുകൂഉ ചെയ്യുന്നവരായും സുജൂദു ചെയ്യുന്നവരായും. അവര്‍ അല്ലാഹുവില്‍നിന്നുള്ള അനുഗ്രഹവും തൃപ്തിയും ആഗ്രഹിക്കുന്നു. സുജൂദിന്റെ അടയാളമായി തങ്ങളുടെ മുഖങ്ങളില്‍ തഴമ്പുള്ളവരും. ഇതത്രെ തൗറാത്തില്‍ അവരുടെ സാമ്യം...'' (അല്‍ ഫത്ഹ് : 29)
സുജൂദിന്റെ സൗന്ദര്യങ്ങള്‍
ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിനിടയില്‍ ഇത്തിരിനേരം അടങ്ങിനില്‍ക്കാനുള്ള ക്ഷണമാണ് ബാങ്ക്. ''വിജയത്തിലേക്ക് വരൂ..'' എന്ന ആ വിളി എത്ര അര്‍ഥവത്താണ്. സമയമാകുമ്പോള്‍, എല്ലാം മറന്നു നമസ്‌കരിക്കാനുള്ള മുസ്‌ലിമിന്റെ ആവേശത്തെയാണ് ഇസ്‌ലാമിന്റെ സൗന്ദര്യത്തിലേക്കുള്ള ആദ്യ കാഴ്ചയായി ലിയോ പോള്‍ഡ് വെയ്‌സ് എന്ന മുഹമ്മദ് അസദ് അനുഭവിക്കുന്നത്. പത്രപ്രവര്‍ത്തകന്‍ എന്നനിലയിലുള്ള ലോകസഞ്ചാരത്തിനിടയില്‍ പലപ്പോഴും കണ്ട നമസ്‌കാരക്കാഴ്ച്ചകളെ ഏറെ ആഹ്ലാദത്തോടെ അദ്ദേഹം മക്കയിലേക്കുള്ള പാത എന്ന ഗ്രന്ഥത്തില്‍ വിശദമാക്കുന്നത് കാണാം. 'ഇസ്‌ലാമിനെകുറിച്ചുള്ള ചിന്ത എന്റെ മനസ്സില്‍ മൊട്ടിടുന്നതിനു മുമ്പുതന്നെ, പള്ളിയിലോ വഴിയരികിലോ, പരുപരുത്ത പായിലോ നമസ്‌കരിക്കുന്ന മുസ്‌ലിമിനെ കാണുമ്പോള്‍ എനിക്ക് തോന്നിയിരുന്നു, എത്രയും എളിമയാര്‍ന്ന വിനയത്തിന്റെ ബഹിര്‍സ്ഫുരണമാണ് ഈ ആരാധനാ കര്‍മ്മമെന്ന്. തന്റെ ഇരുകരങ്ങളും ചുമലിനോളം ഉയര്‍ത്തി, തല താഴ്ത്തി, പൂര്‍ണ്ണമായും അവനില്‍ തന്നെ മുഴുകി, തനിക്കു ചുറ്റും നടന്നുകൊണ്ടിരിക്കുന്നതെന്തെന്നറിയാതെ, സ്വയം ശാന്തിയില്‍ ലയിച്ചിരിക്കുന്ന ആ പ്രാര്‍ത്ഥന വിനയത്തിന്റെ അങ്ങേയറ്റമാണെന്ന് എനിക്ക് തോന്നിയിരുന്നു'.
ദമാസ്‌കസിലെ വെള്ളിയാഴ്ചകളില്‍ നമസ്‌കാരത്തിന്റെ സൗന്ദര്യം കാണുന്നതിനു മാത്രം അദ്ദേഹം പള്ളികള്‍ സന്ദര്‍ശിച്ചു. വൃദ്ധനായ ഇമാമിനെ നിരുപാധികം അനുസരിക്കുന്ന മഅ്മൂമുകളുടെ ഗണങ്ങള്‍ അദ്ദേഹത്തെ അദ്ഭുതപ്പെടുത്തി. മറ്റൊരിടത്ത് അസദ് ഇങ്ങനെ എഴുതി. 'മുസ്‌ലിംകളുടെ നമസ്‌ക്കാരം കണ്ട നിമിഷത്തിലാണ്, മുസ്‌ലിംകളുടെ ദൈവം അവരുമായി എത്ര അടുത്തു നില്‍ക്കുന്നുവെന്ന് ഞാന്‍ മനസ്സിലാക്കിയത്. ഈ ജനങ്ങളുടെ വിശ്വാസം അവരുമായി എത്ര അടുത്തുനില്‍ക്കുന്നുവെന്നും. അവരുടെ പ്രാര്‍ത്ഥന അവരെ ജോലിയില്‍നിന്നു തടഞ്ഞുനിര്‍ത്തുന്നില്ല. അവരുടെ ജോലിയുടെ ഒരു ഭാഗം തന്നെയാണ് അതിനിടക്കുള്ള പ്രാര്‍ത്ഥന. മുസ് ലിംകളുടെ പ്രാര്‍ത്ഥന അവരുടെ ജീവിതത്തെക്കുറിച്ചു ശരിക്കും ഓര്‍മപ്പെടുത്തുകയാണ്. ദൈവത്തെ ഓര്‍ക്കുക വഴി അവരുടെ ജോലിയെ കുറിച്ച് അവര്‍ നന്നായി ഓര്‍ക്കുകയാണ്'. അസദ് മാത്രമല്ല ഇസ്‌ലാമിന്റെ ദാര്‍ശനിക സൗന്ദര്യത്തിലേക്ക് പ്രവേശിച്ച പല പ്രതിഭകളുടെയും ആദ്യജാലകം നമസ്‌കാരംതന്നെയായിരുന്നു.
'സുജൂദ്' എന്നുതന്നെയാണ് കമല സുറയ്യയുടെ ഒരു കവിതയ്ക്കു പേര്. ഇസ്‌ലാം സ്വീകരിച്ചശേഷം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട 'യാ അല്ലാഹ്' എന്ന സമാഹാരത്തിലാണത്. വെള്ളിമേഘങ്ങള്‍ വഴിതെറ്റിയ ആടുകളെപ്പോലെ അലഞ്ഞുനടന്ന ജീവിതാകാശത്തുനിന്ന് ഇസ്‌ലാമിന്റെ ജലാശയത്തിലേക്ക് പെയ്തണയുകയാണ്. ചുറ്റിലും ആളുകള്‍ പരിഹസിക്കുന്നു. പക്ഷേ, വിമോചനം നേടിയ മനസ്സോ... ''ഈ നവാഗതജ്ഞാനം / എന്റെ ശരീരത്തെ /വിറപ്പിക്കുന്നു. / ലജ്ജിതമായ ആത്മാവ്/ സുജൂദുചെയ്യുന്നു''. സുജൂദില്‍ വീണ് സകലം മറന്നുപോകുന്ന മനുഷ്യനെ പുറംലോകം കളിയാക്കുമെന്നുതന്നെയാണ് 'വിജനത്തില്‍' എന്ന കവിതയില്‍ ടി. ഉബൈദും പറഞ്ഞുവെക്കുന്നത്. (തെരഞ്ഞെടുത്ത കവിതകള്‍). ''അഭിജ്ഞന്മാരെന്നു നടിച്ചു, ഭൗതിക വിഭവത്തെമാത്രം സ്മരിച്ചു പൂജിക്കും വിമൂഢര്‍ക്കെന്തറിഞ്ഞിടാന്‍ തദാനന്ദം?'' എന്നാണ് കവിയുടെ ആശ്വാസം. സാധാരണ നമസ്‌കാരങ്ങളെക്കാള്‍, ഏകാന്തരാത്രികളില്‍ നടത്തുന്ന രഹസ്യനമസ്‌കാരങ്ങള്‍ക്കിടയിലെ ദീര്‍ഘമായ സൂജൂദുതന്നെയാണ് സ്രഷ്ടാവി നോടുള്ള ആത്മലയം കൂടുതല്‍ പകരുക.
''തവ കാരുണ്യപ്പൂനിലാവില്‍ പാരിടം
നവീന വെണ്‍തുകില്‍ പുതച്ചുറങ്ങവെ
തവ കവാടത്തിലണഞ്ഞേകാകിയായ്
ഇവന്‍ നിജാശകള്‍ പലതുണര്‍ത്തുമ്പോള്‍
അനുഭവിക്കയാണുടല്‍, ഉയിരുകള്‍
അനന്യലബ്ധമാമവര്‍ണ്യ നിര്‍വൃതി'' എന്നാണ് കവിയുടെ സാക്ഷ്യം.
സൂജൂദ് എന്ന കടം
നമസ്‌കരിക്കുമ്പോള്‍ മാത്രമല്ല, ജീവിതപ്രയാസം നീങ്ങിക്കിട്ടിയാലും വര്‍ധിച്ച ക്ഷേമമുണ്ടാകുമ്പോഴും ജീവിതദുരിതങ്ങള്‍ നേരിടുമ്പോഴും സുജൂദ് നിര്‍വഹിക്കണമെന്ന് റസൂല്‍ നിര്‍ദേശിച്ചിരിക്കുന്നു. പലപ്പോഴും, സന്തോഷവര്‍ത്തമാനങ്ങള്‍ കേട്ടാലുടന്‍ സുജൂദിലമര്‍ന്ന് റസൂല്‍തിരുമേനി അതിന് മാതൃകയും കാണിച്ചു. അബ്ദുര്‍റഹ്മാനു ബിന്‍ ഔഫ് (റ) എന്ന സ്വഹാബി ഒരനുഭവം പറയുന്നു: 'ഒരിക്കല്‍ റസൂല്‍ (സ) വീട്ടില്‍നിന്നു പുറത്തിറങ്ങി ദാനമുതലുകള്‍ സൂക്ഷിക്കുന്ന ഭാഗത്തേക്ക് ചെന്നു. എന്നിട്ട് ഖിബ്‌ലക്കു നേരെ അദ്ദേഹം സുജൂദിലായി. ഏറെനേരം സുജൂദില്‍ തുടര്‍ന്നു. അവിടുന്ന് തലയുയര്‍ത്തി. ഇങ്ങനെ പറഞ്ഞു: 'ജിബ്‌രീല്‍ എന്റെ അരികിലെത്തി ഈ സന്തോഷവര്‍ത്തമാനം അറിയിച്ചിരിക്കുന്നു: 'പരിശുദ്ധനും പരമോന്നതനുമായ അല്ലാഹു താങ്കളോട് ഇങ്ങനെ പറയുന്നു: ആരെങ്കിലും താങ്കള്‍ക്കായി സ്വലാത്ത് ചൊല്ലിയാല്‍ ഞാനും അയാള്‍ക്കായി സ്വലാത്ത് ചൊല്ലും. ആരെങ്കിലും താങ്കള്‍ക്ക് സലാം പറഞ്ഞാല്‍ ഞാനും അയാള്‍ക്കായി സലാംപറയും'. അത് കേട്ടപ്പോഴാണ് അല്ലാഹുവിനുള്ള നന്ദിയെന്നോണം ഞാന്‍ സുജൂദ് ചെയ്തത്. (അഹ്മദ്). സുജൂദിന്റെ ഈ സുന്നത്ത് തുടര്‍ന്നുകാണാം. പൊതുവിലക്കിന്റെ കാലത്ത്, തനിക്ക് അല്ലാഹു പൊറുത്തുതന്നിരിക്കുന്നു എന്ന സന്തോഷവര്‍ത്തമാനം കേട്ടപാട് കഅബ് ബിനു മാലിക് (റ) സുജൂദിലേക്കാണ് വീണത്. നബിയാണെന്നു വാദിച്ച് സമൂഹത്തില്‍ ഛിദ്രതയുണ്ടാക്കിയ മുസൈലിമ കൊല്ലപ്പെ ട്ടുവെന്ന് കേട്ടപ്പോള്‍ അബൂബകര്‍ സ്വിദ്ദീഖും(റ) സുജൂദ് ചെയ്തിട്ടുണ്ട്. അതുമാത്രമല്ല, ഭ്രാന്തനെ കാണുമ്പോള്‍ സുജൂദ്, നല്ല കവിത കാണുമ്പോള്‍ സുജൂദ്. ഇസ്‌ലാമിക ചരിത്രത്തില്‍ സുജൂദ് എന്ന പദം കൂടുതല്‍ പര്യായങ്ങളോടെ വിടരുന്നത് കാണാം.
മനുഷ്യര്‍മാത്രമല്ല പ്രപഞ്ചം മുഴുക്കെയും സുജൂദ് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്, പക്ഷെ, അതൊക്കെയും അല്ലാഹുവിനു മുമ്പില്‍ മാത്രമാണെന്നും മാത്രം. ഖുര്‍ആനില്‍ പലയിടത്തും അത് രേഖപ്പെടുത്തിയിട്ടുമുണ്ട്. ''നീ കാണുന്നില്ലേ? നിശ്ചയം അല്ലാഹു. അവന്ന് സുജൂദ് ചെയ്തുകൊണ്ടിരിക്കുന്നു, അകാശങ്ങളിലുള്ളവര്‍, ഭൂമിയിലുള്ളവരും. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പര്‍വതങ്ങളും മരവും ജീവജാലങ്ങളും മനുഷ്യരില്‍ ഏറെപ്പേരും. (അല്‍ ഹജ്ജ് -18). പ്രപഞ്ചത്തിലെ തിര്യക്കുകള്‍ നിര്‍വ ഹിച്ചുകൊണ്ടിരിക്കുന്ന ആ സുജൂദ് എവ്വിധ മായിരിക്കും? 'കാണുന്നില്ലേ' എന്ന് മനുഷ്യന്റെ കാഴ്ചയെ ഉണര്‍ത്തിക്കൊണ്ടാണ് ഈ സുജൂദുകളെക്കുറിച്ചൊക്കെയും പല ആയത്തുകളിലും അല്ലാഹു പ്രതിപാദിക്കുന്നത് എന്നതിനാല്‍ അത് കണ്ടറിയുകതന്നെ വേണം. അതിലേക്ക് ചില സൂചനകളും ഖുര്‍ആനില്‍തന്നെ കാണാം. 'അല്ലാഹു പടച്ച വസ്തുക്കള്‍ ഓരോന്നിലേക്കും ഇവര്‍ നോക്കുന്നില്ലേ. അതിന്റെ നിഴല്‍ ഇടത്തോട്ടും വലത്തോട്ടും ചാഞ്ഞുപോകുന്നു. അല്ലാഹുവിനുള്ള സുജൂദ്. അവ എളിമയുറ്റ വയാണ്. അല്ലാഹുവിന് സുജൂദുചെയ്തു കൊണ്ടിരിക്കുന്നു, ആകാശത്തിലുള്ളവ. ജീവിവര്‍ഗത്തില്‍നിന്ന് ഭൂമിയിലുള്ളവയും. മാലാഖമാരും. അവരോ, അഹങ്കരിക്കുന്നവരല്ല'' (അന്നഹ്ല്‍ - 48 -49). മനുഷ്യന്റെ സുജൂദ് നെറ്റി മണ്ണില്‍ തൊട്ടുകൊണ്ടാണ്. മണ്ണ് അവരുടെ അവസാനത്തെ കിടക്കയാണ്. ''അതില്‍ നിന്നെത്രെ നാം നിങ്ങളെ പടച്ചത്, അതിലേക്കുതന്നെ നിങ്ങളുടെ മടക്കം, അതില്‍നിന്നുതന്നെ മറുപിറവി, മറ്റൊരു വട്ടംകൂടി.'' എന്നാണ് ഖബറിലേക്ക് മൂന്നു പിടി മണ്ണുവാരിയിട്ട് ചൊല്ലുന്ന മന്ത്രത്തിന്റെ അര്‍ഥം. ആ മണ്ണില്‍ നെറ്റി കുത്തി നടത്തുന്ന ഓരോ സുജൂദും മരണപ്പെട്ടശേഷം സ്വന്തം നെറ്റിയില്‍ പതിക്കുന്ന മണ്‍തരികളെ ഓര്‍പ്പിച്ചേ മതിയാവൂ. പരലോകത്ത് മനുഷ്യരൊന്നടങ്കം കനത്ത ചൂടില്‍ പൊരിഞ്ഞ് വിചാരണക്കായി വിലപിക്കുന്നേരം അന്ത്യപ്രവാചകന്‍ മുഹമ്മദ് മുസ്ത്വഫാ തങ്ങള്‍ അല്ലാഹുവിന്റെ മുമ്പില്‍ നടത്തുന്ന ദീര്‍ഘമായ സുജൂദിനെക്കുറിച്ച് ഹദീസുകളില്‍ വിവരിക്കുന്നുണ്ട്. അല്ലാഹു വിന്റെ ശ്രദ്ധനേടാന്‍ സുജൂദിനെക്കാള്‍ വലിയ ശരീരാര്‍പ്പണമില്ലെന്ന് അല്ലാഹുവിന്റെ റസൂലിനെക്കാളധികം ആര്‍ക്കാണറിയുക?
മനുഷ്യനെ സൃഷ്ടിക്കുന്ന അവസര ത്തില്‍ പടച്ചവന്റെ സമക്ഷത്തിങ്കല്‍ മലക്കുകളു മായുണ്ടായ ഒരു സംവാദം പ്രസിദ്ധമാണല്ലോ. 'നിനക്ക് സ്തുതികളും ആരാധനകളും അര്‍പ്പിക്കാന്‍ തങ്ങളില്ലേ, പിന്നെ എന്തിന് ഒരു മനുഷ്യന്‍?' എന്നാണ് മലക്കുകള്‍ അല്ലാഹുവിനോട് തിരിച്ച് ചോദിച്ചത്. എന്നാല്‍ അല്ലാഹുവാകട്ടെ താന്‍ പടച്ച മനുഷ്യന് എല്ലാ വാക്കുകളും പഠിപ്പിച്ചുകൊടുത്തു. ഭാഷയുടെ ആധിപത്യത്തിനാല്‍ മലക്കുകള്‍ക്കും മേലെ മനുഷ്യന്‍ ആയിത്തീര്‍ന്നു. അതുകൊണ്ടാണ് മലക്കുകളോട് മനുഷ്യന് സുജൂദ്‌ചെയ്യാന്‍ അല്ലാഹു കല്‍പ്പിക്കുന്നത്. വഴങ്ങുകയല്ലാതെ മലക്കുകള്‍ക്ക് എന്തു ചെയ്യാനാകും. പക്ഷേ, ഇബ്‌ലീസ് അല്ലാഹുവിന്റെ ആജ്ഞ ധിക്കരിച്ചു. സുജൂദ് ചെയ്യാതിരുന്നതിന്റെ പേരില്‍ പ്രപഞ്ചകാലത്തോളം ശപിക്കപ്പെട്ട ജിന്നാണ് ഇബ്‌ലീസ്. വിനയത്തോടെ സുജൂദ്‌ചെയ്യാന്‍ കൂട്ടാക്കാത്ത ഏതൊരു മനുഷ്യനും ജീവിതകാലം മുഴുവന്‍ സാഷ്ടാംഗപ്രണാമം ചെയ്യുന്നത് ശപിക്കപ്പെട്ട ആ പിശാചിനാണ് എന്നാകുമോ ആ നിഷ്‌കാസനത്തിന്റെ അര്‍ഥം. ഒരു കാര്യം ഉറപ്പാണ്, മലക്കുകളാല്‍ മനുഷ്യന്‍ സുജൂദ് ചെയ്യപ്പെട്ടതുകൊണ്ടാണ് ജീവിതകാലം മുഴുവന്‍, മുഴുവന്‍ മനുഷ്യര്‍ക്കും അല്ലാഹുത്തഅലായുടെ സമക്ഷത്തിങ്കല്‍ സുജൂദ് ചര്യയായത്.
തീര്‍ത്താല്‍ തീരാത്ത കടം!