ആരാമം ചരിത്ര വഴി

ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ 1985-ലാണ് ആരാമം മാസിക ആരംഭിച്ചത്. സ്ത്രീകളില്‍ സൃഷ്ടിപരമായ വായനാശീലം വളര്‍ത്തുക, അവരില്‍ ഇസ്ലാമിക വിജ്ഞാനവും സാമൂഹികാവബോധവും വളര്‍ത്തുക, അവരുടെ സര്‍ഗാത്മക കഴിവുകള്‍ പോഷിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ആരാമത്തിനുള്ളത്.


ചിന്തയുടെയും വിജ്ഞാനത്തിന്റെയും ഇടങ്ങളില്‍നിന്ന് സ്ത്രീകളെ മാറ്റിനിര്‍ത്തി, ബൗദ്ധിക തലങ്ങളെ സ്പര്‍ശിക്കാതെ ഭൗതികതയുടെ ലോകം മാത്രമെ സ്ത്രീക്ക് വഴങ്ങൂ എന്ന് പഠിപ്പിക്കുന്നതായിരുന്നു അക്കാലത്തെ മാസികകളുടെ പൊതുരീതി. ഈ ഘട്ടത്തിലാണ് സാമൂഹികപ്രശ്നങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുകയും അറിവിന്റെ വാതായനത്തിലേക്ക് സമൂഹത്തെ കൈപിടിച്ചുയര്‍ത്തുകയും സര്‍ഗവാസനയും അറിവും സമൂഹത്തിന് മുതല്‍ക്കൂട്ടാവുകയും ചെയ്യുന്ന തരത്തില്‍ ഒരു മാസിക എന്ന ചിന്ത പ്രസ്ഥാനം മുന്നോട്ടുവെക്കുന്നത്. ആരാമം പ്രസിദ്ധീകരണമാരംഭിച്ച കാലത്ത് കേരളത്തില്‍ വേറെ മുസ്ലിം വനിതാ മാസികകള്‍ നിലവിലുണ്ടായിരുന്നില്ല. പൂര്‍ണമായും സ്ത്രീകളുടെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്ന മലയാളത്തിലെ ഏകവനിതാ പ്രസിദ്ധീകരണം എന്ന പ്രത്യേകതകൂടി ആരാമത്തിനുണ്ട്. ഇന്ന് അനേകം പ്രസിദ്ധീകരണങ്ങള്‍ ഈ മേഖലയില്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ആരാമം പ്രചാരത്തില്‍ മുന്നില്‍ത്തന്നെ നില്‍ക്കുന്നുവെന്നത് അതിന്റെ സ്വീകാര്യതയെ സാക്ഷ്യപ്പെടുത്തുന്നു.


ദേശീയവും അന്തര്‍ദേശീയവുമായ സമകാലീന പ്രശ്‌നങ്ങളെക്കുറിച്ച് അവലോകനങ്ങള്‍, ചര്‍ച്ചകള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍, കഥകള്‍, കവിതകള്‍, അഭിമുഖങ്ങള്‍, തുടങ്ങിയവയ്ക്കു പുറമെ, ഖുര്‍ആന്‍, ഹദീസ്, കര്‍മശാസ്ത്രം, വനിതാലോകം, നിയമവേദി, സമകാലികം, മറുനാട്ടിലെ മഹിള തുടങ്ങിയ പംക്തികളും കൃഷി, ആരോഗ്യം, പാചകം തുടങ്ങിയ വിഷയങ്ങളും പ്രസിദ്ധീകരിക്കുന്നു.


പത്രാധിപ സമിതി


പണ്ഡിതയും പ്രഭാഷകയുമായ കെ.കെ. ഫാത്തിമ സുഹറയാണ് ആരാമത്തിന്റെ തുടക്കം മുതല്‍ 2023 വരെ പത്രാധിപ സ്ഥാനം വഹിച്ചത്. ഇസ്ലാമിക് സര്‍വീസ് ട്രസ്റ്റിന്റെ ഉടമസ്ഥതയില്‍ കെ.എം. അബ്ദുല്‍ അഹദ് തങ്ങള്‍ പ്രിന്ററുടെയും പബ്ലിഷറുടെയും സ്ഥാനം തുടക്കകാലത്ത്് വഹിച്ചിരുന്നു. പിന്നീട് ആ ചുമതല കെ.കെ ഫാത്തിമ സുഹറക്കായിരുന്നു. വിവിധ കാലങ്ങളിലായി പി.ടി. അബ്ദുറഹിമാന്‍, ഖാദിര്‍കുട്ടി മാരേക്കാട്, ബഷീര്‍ തൊടിയില്‍, എന്‍.എന്‍. ഗഫൂര്‍, അന്‍വര്‍ പാലേരി, പി.എ.എം ഹനീഫ് തുടങ്ങിയവര്‍ ആരാമത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.കെ. ശ്രീദേവി, ആശാപോള്‍, ഫൗസിയ മുഹമ്മദ് കുഞ്ഞു, ഹംഷീന ഹമീദ്, വി.പി റജീന, ഖാസിദ കലാം എന്നിവരും പല കാലങ്ങളിലായി സഹ പത്രാധിപരായി സേവനമനുഷ്ഠിക്കുകയുണ്ടായി. ഷിഫാന കല്ലായി ആണ് ആരാമം ലേ-ഔട്ട് ആര്‍ട്ടിസ്റ്റ്. 2008 മുതല്‍ ഫൗസിയ ഷംസ്, ഫാത്തിമ ബിശാറ എന്നിവര്‍ സഹ പത്രാധിപരായി സേവനമനുഷ്ഠിക്കുന്നു. 2024 മുതല്‍ പി. റുക്‌സാനയാണ് ആരാമം മാസികയുടെ എഡിറ്റര്‍.


ധാര്‍മികതയിലൂന്നിയ സ്ത്രീ ശാക്തീകരണത്തിലൂടെ സമൂഹത്തിന്റെ ആദ്യപടിയായ കുടുംബത്തെ ദൃഢമാക്കുക എന്ന ദൗത്യത്തെ പരിപാലിക്കാന്‍ ആരാമം എന്നും ശ്രമിക്കുന്നു. അതിനാല്‍ വനിതാ മാസിക എന്നതിനപ്പുറം കുടുംബത്തെയൊന്നാകെ ഉള്‍ക്കൊള്ളുന്ന രചനാശൈലിയാണ് ആരാമം മുന്നോട്ടുവെക്കുന്നത്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media