ഓര്‍മശക്തിയും ബുദ്ധിവികാസവുമായി ബന്ധപ്പെട്ട ഔഷധസസ്യങ്ങളില്‍ ആദ്യം കേള്‍ക്കുന്ന പേര് ബ്രഹ്മിയുടേതാണ്.ഈര്‍പ്പമുള്ള പ്രദേശങ്ങളിലും ചതുപ്പുപ്രദേശങ്ങളിലും നിലംപറ്റി വളരുന്ന മാംസളമായ തണ്ടോടും ഇലകളോടും കൂടിയ
ബ്രഹ്മി
ഓര്‍മശക്തിയും ബുദ്ധിവികാസവുമായി ബന്ധപ്പെട്ട ഔഷധസസ്യങ്ങളില്‍ ആദ്യം കേള്‍ക്കുന്ന പേര് ബ്രഹ്മിയുടേതാണ്. ഈര്‍പ്പമുള്ള പ്രദേശങ്ങളിലും ചതുപ്പുപ്രദേശങ്ങളിലും നിലംപറ്റി വളരുന്ന മാംസളമായ തണ്ടോടും ഇലകളോടും കൂടിയ ഏകവര്‍ഷ ഔഷധിയാണ് ബ്രഹ്മി. അധിക അളവില്‍ സേവിച്ചാല്‍ വയറിളക്കമുണ്ടാകും. ബ്രഹ്മി നീര് നെയ്യ് ചേര്‍ത്ത് കുഞ്ഞുങ്ങള്‍ക്ക് നല്കിയാല് നല്ല ധാരണാശക്തിയും ഓര്‍മശക്തിയും ഉണ്ടാകും.
മുത്തിള്‍
ബുദ്ധിവികാസത്തിന് ഉപയോഗിക്കുന്ന ഔഷധസസ്യമാണ് മുത്തിള്‍. ഇത് 'കുടങ്ങല്‍' എന്ന പ്രാദേശിക ഭാഷയില്‍ അറിയപ്പെടുന്നു. ബുദ്ധിസാമര്‍ഥ്യം, ധാരണാശക്തി, ഓര്മ വര്‍ധനവ് എന്നിവക്കും മുത്തിള്‍ വളരെ നല്ലതാണ്.
ശംഖുപുഷ്പം
കേരളത്തിലെല്ലായിടത്തും സമൃദ്ധമായി വളരുന്ന ഇത് ബുദ്ധിവികാസത്തിന് ഏറെ സഹായിക്കുന്നു. ഉറക്കം വര്‍ധിപ്പിക്കാനും പനി കുറക്കാനും കഴിവുള്ള ഈ ഔഷധസസ്യത്തിന്റെ വേരും പൂവും ഉപയോഗപ്പെടുത്താം. ശംഖുപുഷ്പത്തിന്റെ വേര് പച്ചക്കരച്ച് നെയ്യിലോ വെണ്ണയിലോ വെറുംവയറ്റില്‍ നല്കിയാല് ബുദ്ധിശക്തി, ഓര്‍മശക്തി, ധാരണാശക്തി ഇവ വര്‍ധിക്കും.
വയമ്പ്
ബുദ്ധിവികാസത്തിന് വളരെ പ്രയോജനപ്രദമായ ഒരു ഔഷധമാണ് വയമ്പ്. അതിതീക്ഷ്ണമായ ഗന്ധമുള്ളതിനാല്‍ 'ഉഗ്രഗന്ധ' എന്ന് ആയുര്‍വേദത്തില്‍ പറയുന്നു. 'വചാ' എന്നാണ് സംസ്കൃതനാമം. വചാദി ചൂര്‍ണത്തിലെ പ്രധാന ഘടകം വയമ്പാണ്. വയമ്പ് ഉണക്കിപ്പൊടിച്ച് ബ്രഹ്മിനീരില്‍ ചേര്‍ത്തുപയോഗിച്ചാല്‍ ബുദ്ധിശക്തിയും ഓര്‍മശക്തിയും വര്‍ധിച്ച് മനോബലം ഉണ്ടാകും.
വിഷ്ണുക്രാന്തി
നിലത്തു പടര്‍ന്നു വളരുന്ന പുല്ലിനു സദൃശമായ ഒരു സസ്യമാണിത്. ബുദ്ധിശക്തി വര്‍ധിപ്പിച്ച് ബുദ്ധിമാന്ദ്യം ഇല്ലാതാക്കും. വിഷ്ണുക്രാന്തി വേരോടെ ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് നെയ്യും ചേര്‍ത്ത് ദിവസം രണ്ടുനേരം കൊടുത്താല്‍ ഓര്‍മശക്തി വര്‍ധിക്കും.
വയമ്പും സ്വര്‍ണവും
ജനിച്ചാലുടന് കുഞ്ഞിന് ആദ്യം ബുദ്ധിശക്തിയും ആയുര്‍ബലവും വര്‍ധിപ്പിക്കുന്ന ബ്രഹ്മി, വയമ്പ്, കാട്ടുവെള്ളരി വേര് ഇവ സ്വര്‍ണത്തില്‍ അരച്ച് നല്കാന് ആയുര്വേദാചാര്യന്മാര് നിര്‍ദേശിക്കുന്നു. വയമ്പ്, കൊട്ടം ഇവ സ്വര്‍ണത്തില്‍ അരച്ചു നല്‍കാനും ഉപദേശിക്കുന്നുണ്ട്. ചില കുട്ടികളില്‍ വാക്കുകള്‍ വേണ്ട രീതിയില്‍ ഉച്ചരിക്കാന്‍ കഴിയായ്കയും ബുദ്ധിപരമായ വൈകല്യവും കാണാറുണ്ട്. കുടങ്ങല്‍, കടുക്, വയമ്പ്, നറുനീണ്ടിക്കിഴങ്ങ്, കൊട്ടം, ഇന്തുപ്പ്, തിപ്പലി ഇവ ചേര്‍ത്ത് നെയ്യുണ്ടാക്കി കൊടുക്കുന്നത് നല്ല ഓര്‍മശക്തിയും ബുദ്ധിശക്തിയും ഉണ്ടാകാന്‍ സഹായിക്കും. അക്ഷര സ്ഫുടത ഉണ്ടാക്കുകയും ചെയ്യും. പടര്ച്ചുണ്ട വേര്, ത്രിഫല, ബ്രഹ്മി, കുറുന്തോട്ടി വേര്, കൊടുവേലിക്കിഴങ്ങ് ഇവ സമം പൊടിച്ച് തേനും നെയ്യും ചേര്‍ത്ത് നല്‍കുന്നത് ഓര്‍മശക്തി, ധാരണാശക്തി എന്നിവ വര്‍ധിപ്പിക്കും. വയമ്പും കൊട്ടവും പൊടിച്ച് തേനില്‍ കുഴച്ച് ദിവസേന നാവില്‍ തേച്ചുകൊടുത്താല്‍ വാക്ശുദ്ധി ഉണ്ടാകും.