വിളിച്ചുണര്ത്തപ്പെടുന്നവര്
വീണ്ടുമിരുന്നുറങ്ങുന്നത് കാണുമ്പോഴൊക്കെ
വിളിക്കാതെ ഓര്മയിലുണരാറുണ്ട്
ഉറക്കച്ചടവ് പോലുമനുവദിച്ചു കിട്ടാതെ
ഉയിര് കൊത്തിപ്പറിച്ചെടുക്കപ്പെട്ടൊരാ പൈതല്‍.
അനൗചിത്യമേറെയെന്നാകിലും
കാല്‍പ്പന്ത് കാണുമ്പോഴൊക്കെ
ഓര്‍ത്തുപോവാറുണ്ട്
എടുത്തെറിയപ്പെടുകയും
കനത്ത ചവിട്ടേല്‍ക്കുകയും
ചെയ്തൊരാ പിഞ്ചുടല്‍.
ഓമല്ക്കിടാവിനെയുണര്ത്തി
ശുചിമുറിയിലേക്കെടുത്തു
കൊണ്ടുപോകുന്നൊരമ്മച്ചിത്രം
പണ്ടേയുള്ളില് പതിഞ്ഞതുകൊണ്ടാവണം,
വൈവാഹികപ്പരസ്യങ്ങളില്
'തന്റേതല്ലാത്ത കാരണത്താലെ'ന്ന്
വായിക്കുമ്പോഴൊക്കെ
ഓര്മവരാറുണ്ട്
മൂത്രമൊഴിപ്പിച്ചില്ല അനിയനെയെന്ന തെറ്റിന്
ജീവന് തന്നെ പിഴയടക്കേണ്ടിവന്നൊരാ
പാവം കുരുന്നിന് മുഖം.