വിദ്യാഭ്യാസം പുനരാലോചന അനിവാര്യം
ശൈഖ് മുഹമ്മദ് കാരകുന്ന്
സെപ്റ്റംബര്‍ 2019
ആഴ്ചകള്‍ക്കു മുമ്പ് പെരിന്തല്‍മണ്ണയിലെ പേരുകേട്ട പ്രഗത്ഭനായ ഡോക്ടറെ കാണേണ്ടി വന്നു. പൊതുപ്രവര്‍ത്തകന്‍ കൂടിയായ അദ്ദേഹം സംസാരമധ്യേ
ആഴ്ചകള്‍ക്കു മുമ്പ് പെരിന്തല്‍മണ്ണയിലെ പേരുകേട്ട പ്രഗത്ഭനായ ഡോക്ടറെ കാണേണ്ടി വന്നു. പൊതുപ്രവര്‍ത്തകന്‍ കൂടിയായ അദ്ദേഹം സംസാരമധ്യേ പറഞ്ഞു: ദീര്‍ഘ വീക്ഷണത്തിന്റെ അഭാവമാണ് മുസ്‌ലിം സമൂഹം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം. ഒരുകാലത്ത് വിദ്യാഭ്യാസത്തോടുള്ള അവഗണനയായിരുന്നു നാം നേരിട്ട ഏറ്റവും വലിയ പ്രശ്‌നം. ഇന്ന് ഈ രംഗത്തെ ദിശാബോധമില്ലായ്മയാണ് നാം അഭിമുഖീകരിക്കുന്ന അതി ഗുരുതരമായ പ്രതിസന്ധി.
ഇപ്പോഴും പല രക്ഷിതാക്കളും തങ്ങളുടെ മക്കളെ എങ്ങനെയെങ്കിലും ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ആക്കാനാണ് വെമ്പല്‍ കൊള്ളുന്നത്. അതിനായി ലക്ഷങ്ങള്‍ ചെലവഴിക്കുന്നു. എന്‍ട്രന്‍സ് കോച്ചിംഗിനു വേണ്ടി മക്കളെ തൃശൂരിലേക്കും പാലയിലേക്കും പറഞ്ഞയക്കുന്നു. അങ്ങനെ ഏറെ പ്രയാസപ്പെട്ട് കഠിനമായി അധ്വാനിച്ച് പഠിക്കുന്ന മക്കള്‍ അതുകൊണ്ട് എന്ത് നേടുമെന്ന് ഏറെപ്പേരും ആലോചിക്കാറില്ല.
കേവല ബിരുദം നേടിയ എഞ്ചിനീയര്‍മാര്‍ക്ക് ഇന്ന് ഒട്ടും പഞ്ഞമില്ല. അവരില്‍ പലരും തൊഴില്‍ തേടി അലഞ്ഞു തിരിയുകയാണ്. എത്ര കുറഞ്ഞ വേതനത്തിനും ഏത് ജോലിയും ചെയ്യാന്‍ അവരിന്ന് സന്നദ്ധരാണ്. എഞ്ചിനീയറിംഗ് ബിരുദധാരിണികളായ പെണ്‍കുട്ടികളില്‍ ഭൂരിഭാഗവും വീട്ടിലിരിക്കുന്നവരാണ്.
ഡോക്ടര്‍മാരുടെ സ്ഥിതിയും അതുതന്നെ. എണ്ണായിരവും പതിനായിരവുമൊക്കെയാണിന്ന് ബി.ഡി.എസ്. പാസ്സായ ഡോക്ടര്‍മാരുടെ ശമ്പളം.
ദന്ത ഡോക്ടര്‍മാരെക്കുറിച്ച് അദ്ദേഹം പറഞ്ഞത് അവിശ്വസനീയമായി തോന്നിയെങ്കിലും കേരളത്തിലെ പ്രമുഖനായ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ പറഞ്ഞത് ഓര്‍മവന്നു. 'ഡോക്ടറുടെ ശമ്പളം പതിനായിരം. ഡ്രൈവറുടേത് ഇരുപതിനായിരവും.'
ഈ സംഭാഷണത്തിനു ശേഷം ഏതാനും ദിവസം പിന്നിട്ടപ്പോള്‍ അയല്‍പ്രദേശത്തുകാരനായ ബി.ഡി.എസ് ബിരുദധാരി തന്റെ കൂട്ടുകാരനോടൊപ്പം വീട്ടില്‍ വന്നു. സംഭാഷണത്തിനിടയില്‍ എവിടെയാണ് ജോലിയെന്ന് അന്വേഷിച്ചു. തൊട്ടടുത്തുള്ള പട്ടണത്തിന്റെ പേര് പറഞ്ഞപ്പോള്‍ ശമ്പളം എത്രയാണെന്ന് ചോദിച്ചു. സാധാരണ ഗതിയില്‍ അങ്ങനെ ചോദിക്കുന്നത് ശരിയല്ലെന്നറിയാം. ചോദിക്കാറുമില്ല. പെരിന്തല്‍മണ്ണയിലെ ഡോക്ടറുടെ വാക്കുകള്‍ മനസ്സിലുണ്ടാക്കിയ അസ്വസ്ഥതയാണ് പതിവില്ലാത്തതും മര്യാദ കെട്ടതുമായ ഈ ചോദ്യം ഉന്നയിക്കാന്‍ പ്രേരിപ്പിച്ചത്. പതിനായിരം രൂപ ഉണ്ടെന്നാണ് മറുപടി പറഞ്ഞത്. പതിനായിരമേയുള്ളൂ എന്നല്ല. ഇന്നത്തെ അവസ്ഥയില്‍ അത് മാന്യമായ ശമ്പളമായതിനാലാണ് അങ്ങനെ പറഞ്ഞത്. അഞ്ചു വര്‍ഷം സേവനപാരമ്പര്യമുള്ള ദന്ത ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്ന ശമ്പളം പതിനെണ്ണായിരവും ഇരുപതിനായിരവുമൊക്കെയാണ്. മെഡിക്കല്‍ മേഖലയില്‍ ബിരുദം മാത്രമുള്ള ഏതാണ്ടെല്ലാ ഡോക്ടര്‍മാരുടെയും അവസ്ഥ ഇതുതന്നെ.
അതോടൊപ്പം എം.ബി.ബി.എസ് പാസ്സായ പെണ്‍കുട്ടികളില്‍ നാല്‍പത് ശതമാനവും ബി.ഡി.എസ് പാസായവരില്‍ അറുപതിലേറെ ശതമാനവും ജോലിക്കൊന്നും പോകാതെ വീട്ടിലിരിക്കുന്നവരാണെന്ന് അതേക്കുറിച്ച് പഠിച്ചവര്‍ പറയുന്നു. ഇത് അവര്‍ക്കും അവരുടെ കുടുംബത്തിനും സമുദായത്തിനും സമൂഹത്തിനും നാട്ടിനും ഉണ്ടാക്കുന്ന നഷ്ടം കണക്കു കൂട്ടാവുന്നതിലപ്പുറമാണ്. മെഡിക്കല്‍, എഞ്ചിനീയറിംഗ് ബിരുദങ്ങള്‍ ആ മേഖലകളില്‍ ജോലി ചെയ്യാത്തവര്‍ക്ക് പ്രത്യേകിച്ചൊരു പ്രയോജനവും ചെയ്യുകയില്ല.
അതിനാല്‍ വലിയ മികവ് നേടാന്‍ കഴിയുന്ന അതീവസമര്‍ഥരായ വിദ്യാര്‍ഥികള്‍ മാത്രമേ മെഡിക്കല്‍, എഞ്ചിനീയറിംഗ് മേഖലകള്‍ തെരഞ്ഞെടുക്കാവൂ. സ്വാശ്രയ കോളേജുകളില്‍ വലിയ ഫീസ് നല്‍കി പഠിക്കുന്നത് ഒട്ടും പ്രയോജനം ചെയ്യില്ലെന്ന് മാത്രമല്ല, വമ്പിച്ച നഷ്ടം വരുത്തുകയും ചെയ്യും. പഠനത്തിന് ചെലവഴിക്കുന്ന ഭീമമായ സംഖ്യ തിരിച്ചുകിട്ടണമെങ്കില്‍ ആയുസ്സിന്റെ നല്ല ഭാഗം അതിനായി വിനിയോഗിക്കേണ്ടി വരും. സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് നല്‍കുന്ന ലക്ഷങ്ങളും കോടികളും രോഗികളില്‍നിന്ന് ഈടാക്കുന്നതിലെ ക്രൂരതയും മനുഷ്യവിരുദ്ധതയും വിവരണമാവശ്യമില്ലാത്ത വിധം വ്യക്തവുമാണ്.
അധികാരമുള്ള വിദ്യാഭ്യാസം
സ്വകാര്യ ആശുപത്രികളില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാരില്‍ ഏറെപ്പേരും സ്വതന്ത്രമായി തൊഴിലെടുക്കാന്‍ അവസരം നിഷേധിക്കപ്പെടുന്നവരാണ്. മാനേജ്‌മെന്റ് നിശ്ചയിക്കുന്ന എണ്ണം തികക്കാന്‍ രോഗികളുടെ മേല്‍ പരിശോധന വിധിക്കാനും ഓപ്പറേഷന്‍ നടത്താനും നിര്‍ബന്ധിതരാണ്. അതോടെ അവരുടെ പ്രതിബദ്ധത രോഗികളോടല്ലാതാവുകയും മാനേജ്‌മെന്റുകളോടാവുകയും ചെയ്യുന്നു. അങ്ങനെ അവര്‍ മറ്റാരും ചെയ്യാത്ത കൊടും ക്രൂരതകള്‍ ചെയ്യുകയും അതുവഴി പരലോകം നഷ്ടപ്പെടുത്തുകയും ചെയ്യുന്ന നിര്‍ഭാഗ്യവാന്മാരായിത്തീരുന്നു. ഒരുവിധ വിവേചനാധികാരവും സ്വാതന്ത്ര്യവുമില്ലാത്ത ആജ്ഞാനുവര്‍ത്തികളാകേണ്ടി വരുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. അസാമാന്യമായ കഴിവും യോഗ്യതയുമുള്ളവര്‍ക്ക് മാത്രമേ മാനേജ്‌മെന്റുകളുടെ ദുശ്ശാഠ്യങ്ങളെ മറികടക്കാന്‍ കഴിയുകയുള്ളൂ.
എല്ലാ രംഗത്തും അവഗണിക്കപ്പെടുകയും അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും പൊതുമണ്ഡലത്തില്‍നിന്ന് പുറംതള്ളപ്പെടുകയും അങ്ങനെ പീഡിതരും ഇരകളുമാക്കപ്പെടുകയും ചെയ്യുന്ന സമുദായത്തിന് ഇന്നു വേണ്ടത് അധികാര പങ്കാളിത്തത്തിനും നടത്തിപ്പിനും സഹായകമായ വിദ്യാഭ്യാസമാണ്. വില്ലേജ് ഓഫീസര്‍ തൊട്ട് സെക്രട്ടേറിയറ്റ് വരെയുള്ള സിവില്‍ സര്‍വീസിലെ ഏത് ഓഫീസിലെയും മിക്ക ജോലിയും വലിയ സേവനം ചെയ്യാന്‍ സാധിക്കുന്നതും അധികാര നടത്തിപ്പില്‍ പങ്കാളിത്തമുള്ളതുമാണ്.
രാജ്യത്ത് വംശീയവും വര്‍ഗീയവും സാമുദായികമായ ധ്രുവീകരണം സംഭവിക്കുകയും ഭൂരിപക്ഷ സമുദായം ഹിംസാത്മകതയോടെ അധികാരം നടത്തുകയും ചെയ്യുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്ക് പ്രാഥമികാവശ്യങ്ങളും മൗലികാവകാശങ്ങളും പൗരാവകാശങ്ങളും നേടിയെടുക്കാനുള്ള അവസാനത്തെ അവലംബവും അഭയകേന്ദ്രവുമാണ് കോടതികള്‍. അതുകൊണ്ടുതന്നെ സമകാലീന ഇന്ത്യന്‍ സമൂഹത്തില്‍ നിയമ പോരാട്ടം പരമപ്രധാനമാണ്. അതിനാല്‍ സമുദായത്തിന്റെ ശ്രദ്ധ ഏറെ പതിയേണ്ട മേഖലയാണ് നിയമപഠനം. വിദ്യാര്‍ഥി, വിദ്യാര്‍ഥിനികളെ നിയമപഠനത്തിന് പ്രേരിപ്പിക്കുന്നതോടൊപ്പം അധ്യാപകരുള്‍പ്പെടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ റിട്ടയര്‍ ചെയ്യുന്നതിനു മുമ്പ് നിയമ പഠനത്തില്‍ ബിരുദാനന്തര ബിരുദമോ പി.എച്ച്.ഡിയോ നേടാന്‍ ശ്രദ്ധിക്കുന്നതും ശ്രമിക്കുന്നതും ഗുണകരമായിരിക്കും. റിട്ടയര്‍ ചെയ്യുന്നതോടെ പ്രാക്ടീസ് ആരംഭിക്കാമല്ലോ.
മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം തൂണായാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ സമകാലിക സാഹചര്യത്തില്‍ അത് ഒന്നാം തൂണായി പരിണമിച്ചിരിക്കുന്നു. ഭരണകൂടങ്ങളെ അധികാരത്തിലേറ്റുന്നതും ഇറക്കുന്നതും ഇന്ന് മാധ്യമങ്ങളാണ്. നേതാക്കളും ഭരണാധികാരികളും ഉള്‍പ്പെടെ ആരെയും വിഗ്രഹവല്‍ക്കരിക്കുന്നതും പൈശാചികവല്‍ക്കരിക്കുന്നതും അവ തന്നെ. അപാര ശക്തിയും സ്വാധീനവുമുള്ള മാധ്യമ മേഖലയില്‍ അതി സമര്‍ഥരായ വ്യക്തികളെ വാര്‍ത്ത് വളര്‍ത്തിയെടുക്കാന്‍ നാം ബാധ്യസ്ഥരാണ്.
മാനേജ്‌മെന്റ് മേഖലയിലും സമൂഹം അനുഭവിക്കുന്ന ദാരിദ്ര്യം വളരെ വലുതാണ്. യോഗ്യരായ വ്യക്തികളെ കിട്ടാതെ വലയുന്ന സ്ഥാപനങ്ങള്‍ നിരവധിയാണ്. വിദ്യാഭ്യാസരംഗത്ത് ഈ മേഖലയിലും ശ്രദ്ധ പതിയേണ്ടതുണ്ട്.
പാഠപുസ്തകങ്ങളില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കെട്ടുകഥകളും വര്‍ഗീയ വിദ്വേഷവും കുത്തിനിറക്കപ്പെടുന്ന സമകാലീന സാഹചര്യത്തില്‍ അധ്യാപകര്‍ക്ക് നിര്‍വഹിക്കാനുള്ള ദൗത്യവും വളരെ വലുതാണ്.
വിദ്യാര്‍ഥികള്‍ കോഴ്‌സുകള്‍ തെരഞ്ഞെടുക്കുമ്പോഴും രക്ഷിതാക്കള്‍ അവര്‍ക്ക് മാര്‍ഗദര്‍ശനവും പ്രേരണയും പ്രോത്സാഹനവും നല്‍കുമ്പോഴും അവഗണിക്കാനാവാത്ത അതിപ്രധാനങ്ങളായ കാര്യങ്ങളാണിതൊക്കെയും.
സ്ത്രീസൗഹൃദപരം
മെഡിസിനിലും എഞ്ചിനീയറിംഗിലും ബിരുദം നേടി വീട്ടിലിരിക്കേണ്ടി വരുന്ന അവസ്ഥക്ക് അറുതി വരുത്തുക തന്നെ വേണം. അതുണ്ടാക്കുന്ന അതിരുകളില്ലാത്ത നഷ്ടം ഒരിക്കലും നികത്തപ്പെടുകയില്ല. അതിനാല്‍ പെണ്‍കുട്ടികള്‍ കോഴ്‌സുകള്‍ തെരഞ്ഞെടുക്കുമ്പോഴും അക്കാര്യത്തില്‍ അവര്‍ക്ക് മാര്‍ഗദര്‍ശനവും ഉപദേശനിര്‍ദേശങ്ങളും നല്‍കുമ്പോഴും ഭാവി ജീവിതത്തില്‍ അവര്‍ക്ക് ഉപകരിക്കുന്നവയായിരിക്കാന്‍ പ്രത്യേക ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തണം. ആരോഗ്യകരമായ കുടുംബജീവിതവും കുട്ടികളുടെ സംരക്ഷണവും സാധിക്കുന്നതോടൊപ്പം ചെയ്യാവുന്ന ജോലികള്‍ക്കും വീട്ടിലിരുന്ന് നിര്‍വഹിക്കാവുന്ന തൊഴിലുകള്‍ക്കും സഹായകമായ വിദ്യാഭ്യാസമാണ് അവര്‍ക്ക് നല്‍കേണ്ടതും അവര്‍ നേടേണ്ടതും.
മെഡിക്കല്‍-എഞ്ചിനീയറിംഗ് മേഖലകളില്‍ മികവ് തെളിയിക്കാനും വൈദഗ്ധ്യം നേടാനും കഴിവും യോഗ്യതയുമുള്ളവര്‍ ആ മേഖലകള്‍ തെരഞ്ഞെടുക്കുകയും വമ്പിച്ച മത്സരം നടക്കുന്നതിനാല്‍ പുറന്തള്ളപ്പെടാന്‍ സാധ്യതയുള്ളവര്‍ മറ്റു കോഴ്‌സുകള്‍ തെരഞ്ഞെടുക്കുകയും ചെയ്യുന്നതാണ് അവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സമൂഹത്തിനും സമുദായത്തിനും നാട്ടിനും നല്ലത്. വിശദമായ അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് ഉപരിപഠന വിഷയം തെരഞ്ഞെടുക്കേണ്ടതെന്നര്‍ഥം. അത് സ്വന്തത്തിന്റെ സാധ്യതയോടൊപ്പം സമുദായത്തിന്റെയും നാടിന്റെയും ആവശ്യങ്ങളും താല്‍പ്പര്യങ്ങളും കൂടി പരിഗണിച്ചുകൊണ്ടായിരിക്കണം.