മനുഷ്യമനസ്സ് പൊതുവെ പ്രയാസരഹിതമായ ജീവിതമാണ് കൊതിക്കുന്നത്. തടസ്സങ്ങളും ബുദ്ധിമുട്ടുകളുമില്ലാത്ത ജീവിതവഴി അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു. ജീവിതലക്ഷ്യവും പ്രപഞ്ചസംവിധാനങ്ങളും ദൈവത്തിന്റെ തീരുമാനങ്ങളും സംഭവങ്ങളുടെ ഗതിവിഗതികളും വിലയിരുത്തിയാല്‍ നമ്മുടെ ആഗ്രഹങ്ങള്‍ക്കും സൗകര്യങ്ങള്ക്കുമൊത്ത അവസ്ഥയിലൂടെയായിരിക്കില്ല പലപ്പോഴും നമുക്ക് സഞ്ചരിക്കേണ്ടിവരിക. തെളിഞ്ഞ ആകാശം പൊടുന്നനെ കാര്‍മേഘം തിങ്ങിനിറഞ്ഞ് ഇടിയും മിന്നലും വന്ന് പേടിപ്പെടുത്തുന്നതായിത്തീര്ന്നേക്കാം. പെട്ടെന്ന് വന്നെത്തുന്ന കാറ്റില്‍ അലമാലകള്‍ വഞ്ചിയെ ഇളക്കിമറിച്ച് മരണഭയത്താല്‍ യാത്ര ദുഷ്കരമായേക്കാം. തടസ്സങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ഇറങ്ങിപ്പുറപ്പെടുന്നതില്നിന്ന് നമ്മെ പിന്തിരിപ്പിച്ചേക്കാം. ഒരേയൊരവസരമാണ് നമുക്കിവിടെ അനുവദിച്ചുകിട്ടിയിരിക്കുന്നത്. വിധിയെ പഴിച്ചും നിരാശയാല്‍ ഒതുങ്ങിക്കൂടിയും ഭയത്തോടെയല്ല, അഭിമാനത്തോടെയാവണം ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടത്.
അര്‍ഥമുള്ള ലക്ഷ്യം അറിഞ്ഞാവണം ജീവിക്കേണ്ടത്. ''എന്നില്‍നിന്നും സന്മാര്ഗം വന്നെത്തുമ്പോള്‍, അതിനെ പിന്‍പറ്റുന്നുവെങ്കില്‍ അവര്‍ ഭയപ്പെടുകയും ദുഃഖിക്കുകയും ചെയ്യേണ്ടി വരില്ല'' - മനുഷ്യരോടുള്ള സ്രഷ്ടാവിന്റെ ആശ്വാസ സന്ദേശമാണിത്. മനുഷ്യനെ പരാജിതനാക്കുന്ന രണ്ട് അവസ്ഥകളാണ് ഭയവും ദുഃഖവും. വിജയകരമായ രീതിയില്‍ അത്തരം അവസ്ഥകളെ തരണം ചെയ്തുപോകാന്‍ ബുദ്ധിയെയും ഹൃദയത്തെയും പ്രാപ്തമാക്കേണ്ടതുണ്ട്. അതിനുവേണ്ടിയാണ് ദൈവികസന്ദേശങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്. മുന്നില്‍ സമുദ്രവും പിന്നില്‍ ഫറോവയും സൈന്യവും, വഴിമുടങ്ങിയെന്ന് നിരാശരായി ഭയപ്പെട്ട, കുറ്റപ്പെടുത്തുന്ന അനുയായികളും; അവരോട് 'എന്റെ കൂടെ എന്റെ നാഥനുണ്ട്, അവന് എനിക്ക് വഴികാണിച്ചുതരും' എന്നായിരുന്നു പ്രവാചകന് മൂസായുടെ മറുപടി. അങ്ങനെ പറയാന്‍ പാകതയാര്ജിച്ച മനസ്സുണ്ടായിരുന്നു അദ്ദേഹത്തിന്. താന്‍ നിയോഗിക്കപ്പെട്ട ലക്ഷ്യത്തെപ്പറ്റി കൃത്യമായ തിരിച്ചറിവുമുണ്ടായിരുന്നു. ദൈവികപാതയാണ് തന്റെ മാര്ഗമെന്നറിയാമായിരുന്നു. പ്രയാസങ്ങളില്‍ തുണയായി എപ്പോഴും പടച്ചവന് കൂടെയുണ്ടായിരിക്കുമെന്ന അടിയുറച്ച ആത്മവിശ്വാസവുമുണ്ടായിരുന്നു. ആ ആത്മവിശ്വാസം പകരുന്ന കരുത്തായിരിക്കണം മനുഷ്യരുടെ അറ്റുപോവാത്ത അവലംബം.
ദൈവികവചനങ്ങള്‍ ഭൂമിയിലെ മനുഷ്യവാസത്തിനുള്ള വഴികാട്ടിയാണ്. അവ മനസ്സിനെ തൊട്ടുണര്‍ത്തുന്ന സന്ദേശങ്ങളാണ്. അവ നല്കുന്ന പോംവഴികളും പ്രശ്നപരിഹാരമാര്‍ഗങ്ങളും വിജയകരമായ ജീവിതത്തിനു വേണ്ടിയാണ്. ദൈവത്തില്‍ പ്രതീക്ഷയര്‍പ്പിക്കാനും പ്രാര്‍ഥനവഴി ദൈവസഹായം തേടാനും അത് ഓര്‍മപ്പെടുത്തുന്നു. ആവശ്യമായ സന്ദര്‍ഭങ്ങളില്‍ യുക്തിബോധം ഉപയോഗിച്ച് വിവേകത്തോടെ പെരുമാറാന്‍ അത് സഹായകമായിത്തീരുന്നു. ക്ഷമയും സഹനവും അവലംബിച്ച് പ്രതിസന്ധികളെ മറികടക്കാനും അത് പ്രാപ്തനാക്കുന്നു. മനസ്സ് പാകപ്പെടുത്തി കരുത്തുറ്റ മനുഷ്യനാവാന്‍ അത് പ്രേരിപ്പിക്കുന്നു.
''മനുഷ്യര്‍ക്കായി ഈ ഖുര്‍ആനില്‍ എല്ലാതരം ഉദാഹരണങ്ങളും നാം വിവരിച്ചിരിക്കുന്നു'' - ഖുര്‍ആന്‍. എളുപ്പത്തില്‍ മനസ്സില്‍ പതിയുന്ന ഉദാഹരണങ്ങളും അടയാളങ്ങളും സംഭവങ്ങളും കഥകളും ഖുര്‍ആനില്‍ വായിക്കാനാവും. ധാരാളം ചിത്രങ്ങള്‍ അവ മനസ്സില്‍ വരച്ചിടുന്നു. വലിയ ആശയപ്രപഞ്ചത്തെ അവ പ്രതിനിധീകരിക്കുന്നു. അവ നല്കുന്ന സന്ദേശങ്ങളും നിര്‍ദേശങ്ങളും പോംവഴികളും മനുഷ്യര്‍ക്ക് പ്രയോജനകരമായിത്തീരും. അവയോരോന്നും മനസ്സിനാവശ്യമായ പ്രകാശകിരണങ്ങളാണ്. വെളിച്ചമുണ്ടായാല്‍ വഴിയില്‍ തടഞ്ഞുവീഴാതെ യാത്ര തുടരാനാവും. ഇരുട്ടിലാണ് യാത്രയെങ്കില്‍ തപ്പിത്തടയേണ്ടിവരും. രാത്രിയിലെ മിന്നല്വെളിച്ചത്തിന്റെ സഹായത്തോടെയുള്ള യാത്രയെ ഖുര്‍ആന്‍ ഉദാഹരിക്കുന്നുണ്ട്. മിന്നല്‍ അവസാനിച്ചാല്‍ ഇരുട്ട് പരന്ന് നടത്തം മുട്ടിപ്പോവുന്നു. ഖുര്‍ആന്‍ പകരുന്ന അറിവിന്റെ വെളിച്ചം ഹൃദയത്തില്‍ കത്തിച്ചുവെക്കണം. ജീവിതവഴിയിലെ തടസ്സങ്ങളെ തട്ടിമാറ്റാന്‍ ആവശ്യമായ പോംവഴികള്‍ നല്കി അത് സഹായിച്ചുകൊണ്ടേയിരിക്കും.
''ദൈവികവചനങ്ങളാല് മനസ്സിനെ പ്രകാശിപ്പിക്കുക.'' അധ്യായം അല്കഹ്ഫിന്റെ പാരായണത്തെക്കുറിച്ച് രണ്ടു വെള്ളിയാഴ്ചകള്ക്കിടയിലെ പ്രകാശമാണതെന്ന് നബി(സ)പ്രസ്താവിക്കുന്നുണ്ട്. സത്യത്തിനുവേണ്ടി എന്തും ത്യജിക്കാന്‍ പ്രചോദനം പകരുന്ന ഗുഹാവാസികളെ വിവരിക്കുന്നുണ്ടതില്‍. ഖിള്റിന്റെ കൂടെയുള്ള മൂസായുടെ യാത്രയാവട്ടെ, ക്ഷമയോടെ, അനുഭവജ്ഞാനം നേടി, യുക്തിബോധത്തോടെ ജീവിതത്തെ നേരിടാനുള്ള സന്ദേശമാണ് നല്‍കുന്നത്. ജയിച്ചടക്കിയ രാജ്യങ്ങളിലെ ജനഹൃദയങ്ങളെ ഉദാരതയാല്‍ കീഴടക്കിയ ദുല്ഖര്നൈനിയുടെ മാതൃകയും വിവരിക്കുന്നുണ്ട്. 'പറയുക, ഞാനും നിങ്ങളെപ്പോലൊരു മനുഷ്യന് മാത്രമാണ്' എന്ന പ്രസ്താവനയിലൂടെ മനുഷ്യസാധ്യമായ കാര്യങ്ങളേ ഈ വേദഗ്രന്ഥം നിര്‍ദേശിക്കുന്നുള്ളൂ എന്ന് തിരിച്ചറിവും നല്കുന്നു.
സത്യം, ധര്‍മം, നീതി തുടങ്ങിയ മൂല്യങ്ങളാല്‍ ഊട്ടപ്പെട്ട മനസ്സായിരിക്കണം നമ്മെ ചലിപ്പിക്കുന്നത്. വികലമായ ചിന്താഗതികളും വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും നമ്മെ വഴിതെറ്റിച്ചുകൊണ്ടേയിരിക്കും. അവ പരാജയമല്ലാതെ മറ്റൊന്നും നേടിത്തരില്ല. അങ്ങനെ സത്യപാതയില്‍നിന്നും അകന്നുപോയ ജനസമൂഹങ്ങളെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു. അവരുടെ നിര്‍മാണങ്ങളും പ്രവര്‍ത്തനങ്ങളും സാഹസങ്ങളും നമുക്ക് വലിയ അത്ഭുതമായി തോന്നിയേക്കാം. എന്നാല്‍ അവയെല്ലാം നശ്വരമായ താല്‍ക്കാലിക അനുഭവങ്ങള്‍ മാത്രമായിരുന്നു. മനോഹരമെന്ന് കരുതിയിരുന്നവ വിനാശകരമായ ദുരന്തമായി അവസാനിക്കുന്നു. സന്തോഷദായകമെന്ന് തോന്നിയവ അവസാനിച്ചത് ദുഃഖത്തിലായിരുന്നു. പിശാചിനാല്‍ പ്രചോദിതരായി തിന്മകളിലൂടെ കിതച്ചോടിയ അനേകം വ്യക്തികളുടെ, സമുദായങ്ങളുടെ, നഗരങ്ങളുടെ ചരിത്രമുണ്ടതില്‍. വഴിവിട്ട ജീവിതം കാരണം പതനമായിരുന്നു അവരുടെ അവസാനം. സത്യമാണ് എല്ലാ വിജയങ്ങളുടെയും ആധാരം എന്ന വസ്തുതയെ അവര്‍ വിസ്മരിക്കുകയായിരുന്നു. സത്യം മനുഷ്യരുടെ കൂട്ടായിരിക്കണം. അത് നഷ്ടപ്പെടുന്നതോടെ കര്‍മങ്ങള്‍ പാഴായിത്തീരും.
ഭൂമിയിലെ ജീവിതം പരീക്ഷണമാണ്, താല്ക്കാലികമാണ്. നമുക്കു ചുറ്റുമുള്ള പടച്ചവന്റെ സംവിധാനങ്ങള്‍ ജീവിതത്തിന് സഹായകമാംവിധമാണ് അവന് സംവിധാനിച്ചിരിക്കുന്നത്. അവയില്‍ പലതും പലപ്പോഴും പരീക്ഷണമായി മാറും. കാറ്റിന്റെ വേഗത കൂടിയാല്‍ വിനാശകരമാകും പോലെ. സംരക്ഷണം അമിതമായാല്‍ സ്വയംപര്യാപ്തമാവാതെ വടവൃക്ഷങ്ങള്ക്കുകീഴില് ചെടികള്‍ മുരടിക്കും പോലെ. സൗഹൃദങ്ങള്‍ സ്വകാര്യതയിലേക്ക് അമിതമായി കടന്നു കയറിയാല്‍ ആശ്വാസം ശല്യമായി മാറുന്നു. അനുകൂല സാഹചര്യത്തിലും പ്രതികൂല സാഹചര്യത്തിലും നമ്മെ മുന്നോട്ടു നയിക്കുന്ന പ്രചോദകശക്തി നമ്മുടെ അകത്തുതന്നെ കുടിയിരുത്തപ്പെടണം. എങ്കിലേ പരീക്ഷണങ്ങളില്‍ പരാജിതരാവാതെ വിജയിക്കാനാവൂ.
നമ്മുടെ അന്തരാളത്തിന് നന്മയെ കുറിച്ചും തിന്മയെകുറിച്ചുമുള്ള ഒരു തിരിച്ചറിവുണ്ട്. 'നിന്നെ സന്തോഷിപ്പിക്കുന്നത് നന്മയെന്നും, നിന്റെ മനസ്സിനെ അസ്വസ്ഥപ്പെടുത്തുന്നത് തിന്മയെന്നും' നബി(സ) പഠിപ്പിച്ചു. ''ആത്മാവിനെ ശരിപ്പെടുത്തിയവനാണ് സത്യം, അതിന്റെ പാപത്തെക്കുറിച്ചും സൂക്ഷ്മതയെക്കുറിച്ചും അതിന് ബോധനം നല്കി.'' എന്നാല്‍ സംഭവബഹുലമായ ജീവിതയാത്രയില്‍ മനസ്സിലെ വെളിച്ചം മങ്ങിപ്പോകുന്നു. ഊഹങ്ങളും സങ്കല്പങ്ങളും തല്‍സ്ഥാനം കൈയടക്കുന്നു. സത്യമേത് അസത്യമേത്, നന്മയേത് തിന്മയേത്, ഏതൊക്കെ ഗുണകരമായിത്തീരും ഏതൊക്കെ ദോഷകരമായിത്തീരും എന്നെല്ലാം തിരിച്ചറിയാനാകാതെ പോവുന്നു. മനസ്സിലെ വെളിച്ചം ക്രമേണ കെട്ടുപോകുന്നതിനാലാണിത്. മനസ്സിനെ തെളിമയുറ്റതാക്കുന്നതിലൂടെ മാത്രമേ നമുക്ക് ഈ വിഷമവൃത്തത്തില്‍നിന്ന് രക്ഷപ്പെടാനാവൂ. അതിനുള്ള വഴിയാണ് മനസ്സിനെ പുതുക്കിക്കൊണ്ടിരിക്കുക എന്നത്.
'വിത്തിനെയും ധാന്യങ്ങളെയും പിളര്‍ത്തി പുതുനാമ്പ് പുറത്തെടുക്കുന്നവന്' എന്ന് സ്വയം പരിചയപ്പെടുത്തുന്നുണ്ട് ഖുര്‍ആനില്‍ അല്ലാഹു. മുളപൊട്ടി കിളിര്‍ത്ത് വളര്‍ന്ന് പടര്‍ന്നു പന്തലിച്ച് ഫലം നിറയുന്ന വലിയ സാധ്യതകള്‍ ഒളിഞ്ഞിരിപ്പുണ്ട് മനുഷ്യന്റെ ഉള്ളില്‍. അനുകൂല സാഹചര്യമൊരുക്കി അതിനായി മനുഷ്യനെ പ്രാപ്തനാക്കുന്നു സ്രഷ്ടാവ്. വിശ്വാസിയെ ഒരു വിളയോട് ഉപമിക്കുന്നുണ്ട് ഖുര്‍ആന്‍ -ഒരു കൂമ്പ് പുറത്തിട്ട വിളപോലെ, പിന്നെയത് ശക്തിപ്പെടുത്തി കരുത്ത് നേടി, അതിന്റെ കാണ്ഡത്തില്‍ എഴുന്നു നിന്നു, കര്ഷകനില് കൗതുകം ജനിപ്പിച്ചു. വളരാനും ഉയരാനും പ്രേരകമാവുന്ന മനോഹരവും ആശയസമ്പുഷ്ടവുമായ ഉദാഹരണം. മനുഷ്യമനസ്സിനെ കരുത്തുറ്റതാക്കിത്തീര്ക്കുന്നവ വേറെയുമുണ്ട്. കാറ്റില്‍ പിഴുതെറിയപ്പെടാതെ വേരുകള്‍ മണ്ണിലാഴ്ത്തി ചില്ലകള്‍ വാനില്‍ പടര്‍ത്തി ഏതു കാലത്തും ഫലം നല്കുന്ന വൃക്ഷത്തോട് വിശ്വാസവാക്യത്തെയും ഉപമിക്കുന്നു. വളര്‍ന്നു പടര്‍ന്നു പന്തലിച്ചു ഫലം നിറഞ്ഞ് പ്രതിസന്ധികളില്‍ ഇടറിവീഴാത്ത, കാന്തിയുള്ള ജീവിതത്തിനായി ആഗ്രഹം ജനിപ്പിക്കുന്നു ഇത്തരം ഉപമകള്‍. ഏതു കാലത്തും എവിടെയും സത്യത്തോടൊപ്പം ജീവിക്കാനാവും മനുഷ്യന് എന്ന സന്ദേശവും ഇത് പകര്‍ന്നുതരുന്നു.