സല്‍ഗുണങ്ങള്‍ ആര്‍ജിക്കുകയും ദുര്‍ഗുണങ്ങള്‍ വര്‍ജിക്കുകയും ചെയ്യുമ്പോഴാണ് ഒരാള്‍ സല്‍സ്വഭാവിയായിത്തീരുന്നത്. വിശുദ്ധ ഖുര്‍ആന്റെ അധ്യാപനങ്ങള്‍ ജീവിത മണ്ഡലങ്ങളില്‍ അഖിലം സ്വായത്തമാക്കുക എന്നതാണ് സ്വഭാവ വിശുദ്ധിയുടെ മാനദണ്ഡം, നബി(സ)യുടെ ജീവിത രീതിയെ സംബന്ധിച്ച് പത്‌നി ആഇശ(റ)യോട് ചോദിച്ചപ്പോള്‍ 'അദ്ദേഹത്തിന്റെ സ്വഭാവം ഖുര്‍ആനായിരുന്നു' എന്നാണ് മറുപടി പറഞ്ഞത്. 'എന്റെ നിയോഗം തന്നെ ഉത്തമ സ്വഭാവങ്ങളുടെ സംപൂര്‍ത്തീകരണാര്‍ഥമാണ്' എന്ന് പ്രവാചകന്‍ പ്രസ്താവിച്ചിട്ടുണ്ട്.
പാരത്രികലോകത്ത് മനുഷ്യരുടെ വിചാരണ വേളയില്‍ നന്മതിന്മകള്‍ തൂക്കിനോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ഘനം തൂങ്ങുക സല്‍സ്വഭാവമായിരിക്കുമെന്ന് നബി തിരുമേനി പറഞ്ഞിരിക്കുന്നു.
പ്രവാചക ശിഷ്യന്മാരില്‍ പലരും അദ്ദേഹത്തോട് പ്രത്യേക ഉപദേശങ്ങള്‍ തേടുക പതിവായിരുന്നു. അങ്ങനെ നബി (സ) നല്‍കിയ സവിശേഷ ഉപദേശങ്ങളില്‍ പെട്ടതായിരുന്നു സല്‍സ്വഭാവത്തിന്റെ കാര്യം. ഇമാം തിര്‍മിദി ഉദ്ധരിക്കുന്നു: ''ഒരാള്‍ റസൂലുല്ലാഹി(സ)യോട് അപേക്ഷിച്ചു: 'എനിക്ക് ഒരുപദേശം നല്‍കിയാലും.' നബി(സ) പറഞ്ഞു: 'നീ എവിടെയായിരുന്നാലും അല്ലാഹുവെ സൂക്ഷിക്കുക.' അയാള്‍ പറഞ്ഞു: 'എനിക്ക് ഇനിയും ഉപദേശം തരിക.' നബി (സ) പറഞ്ഞു: 'നീ തിന്മ ചെയ്തുപോയാല്‍ തുടര്‍ന്ന് നന്മ ചെയ്യുക. എങ്കില്‍ ആ നന്മ തിന്മയെ മായ്ച്ചുകളയും.' അയാള്‍ വീണ്ടും അപേക്ഷിച്ചു; 'എന്നെ ഇനിയും ഉപദേശിക്കുക.' പ്രവാചകന്‍ പ്രതിവചിച്ചു: നീ ജനങ്ങളോട് ഉത്തമ സ്വഭാവത്തോടെ വര്‍ത്തിക്കുക.''
നബി തിരുമേനി നമസ്‌കാരത്തിന്റെ ആരംഭത്തില്‍ പ്രാര്‍ഥിക്കാറുണ്ടായിരുന്നു; 'അല്ലാഹുവേ, നീ എന്നെ ഉത്കൃഷ്ട സ്വഭാവങ്ങളിലേക്ക് മാര്‍ഗദര്‍ശനം ചെയ്യേണമേ! ഉത്കൃഷ്ട സ്വഭാവങ്ങളിലേക്ക് മാര്‍ഗദര്‍ശനം ചെയ്യാന്‍ നീയല്ലാതെ ആരുമില്ല. ദുഃസ്വഭാവങ്ങളെ നീ എന്നില്‍നിന്ന് തിരിച്ചുകളയേണമേ! ദുഃസ്വഭാവങ്ങളെ എന്നില്‍നിന്ന് തിരിച്ചുകളയാന്‍ നീയല്ലാതെ ആരുമില്ല' (മുസ്‌ലിം).
ഇസ്‌ലാമിലെ ആരാധനാകര്‍മങ്ങളെല്ലാം മനുഷ്യനെ അധമസ്വഭാവങ്ങളില്‍നിന്ന് ശുദ്ധീകരിച്ച് ഉത്കൃഷ്ട സ്വഭാവഗുണങ്ങള്‍ പരിശീലിപ്പിക്കുന്നതാണ്.
ദുഃസ്വഭാവങ്ങളില്‍നിന്നും മ്ലേഛ വൃത്തികളില്‍നിന്നുമുള്ള ശുദ്ധീകരണം നമസ്‌കാരത്തിന്റെ ഉദ്ദേശ്യങ്ങളിലൊന്നാണ്. അല്ലാഹു പറയുന്നു: ''നീ നമസ്‌കാരം നിലനിര്‍ത്തുക. തീര്‍ച്ചയായും നമസ്‌കാരം മ്ലേഛ വൃത്തിയില്‍നിന്നും തിന്മയില്‍നിന്നും തടയുന്നതാണ്'' (അല്‍ അന്‍കബൂത്ത്: 45).
സകാത്ത് സമ്പന്നരില്‍നിന്ന് പിടിച്ചുവാങ്ങുന്ന ഒരു നികുതിയല്ല. പ്രത്യുത, സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്‌നേഹാനുകമ്പയുടെയും പരസ്പര സഹകരണത്തിന്റെയും വികാരം സംജാതമാക്കുന്ന ഒരാരാധനാ കര്‍മമാണ്. മനുഷ്യമനസ്സിനെ മലീമസമാക്കുന്ന സ്വാര്‍ഥതയില്‍നിന്നും ലുബ്ധില്‍നിന്നും അത് ശുദ്ധീകരിക്കുന്നു. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: ''അവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്ന ഒരു ദാനം അവരുടെ മുതലുകളില്‍നിന്ന് വാങ്ങുക'' (അത്തൗബ: 108).
വ്രതം നിര്‍ബന്ധമാക്കിയത് പട്ടിണിക്കിടുക എന്ന ലക്ഷ്യത്തോടെയല്ല. മറിച്ച്, അധമമായ ഇഛകളില്‍നിന്ന് മനുഷ്യമനസ്സിന് വിമുക്തി നേടാന്‍ അവനെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. 'തഖ്‌വ' കരസ്ഥമാക്കുകയാണ് നോമ്പിന്റെ ലക്ഷ്യമെന്ന് അല്ലാഹു പറഞ്ഞതിന്റെ വിവക്ഷയും അതുതന്നെ. ''സത്യവിശ്വാസികളേ, നിങ്ങളുടെ പൂര്‍വികന്മാര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്നതുപോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ തഖ്‌വയുള്ളവരായിത്തീരാന്‍ വേണ്ടിയാണിത്'' (അല്‍ബഖറ: 183).
യഥാര്‍ഥ നോമ്പ് അന്നപാനാദികളുടെ വര്‍ജനമല്ല. അനാവശ്യ കാര്യങ്ങളുടെയും മ്ലേഛവൃത്തികളുടെയും വര്‍ജനമാണ്. നബി തിരുമേനി പറഞ്ഞു: ''ഭക്ഷണപാനീയങ്ങളുടെ വര്‍ജനമല്ല നോമ്പ്. അനാവശ്യ കാര്യങ്ങളുടെയും മ്ലേഛവൃത്തികളുടെയും വര്‍ജനമാണ് നോമ്പ്. അതിനാല്‍ ആരെങ്കിലും നിന്നെ ശകാരിക്കുകയോ നിനക്കു നേരെ അവിവേകം കാണിക്കുകയോ ചെയ്യുകയാണെങ്കില്‍ 'ഞാന്‍ നോമ്പുകാരനാണ്' എന്ന് പറയുക'' (മുസ്‌ലിം).
ഹജ്ജ് മനുഷ്യന്റെ സമ്പൂര്‍ണ വിശുദ്ധിയാണ് ലക്ഷ്യമിടുന്നത്. അതുകൊണ്ടാണ് അതുവഴിയായി നവജാത ശിശുവിന് സമാനമായ നൈര്‍മല്യം കൈവരിക്കാന്‍ സാധിക്കുന്നത്. ഹജ്ജിന് തീരുമാനിച്ചു കഴിഞ്ഞ വ്യക്തി എല്ലാവിധ ദുഃസ്വഭാവങ്ങളും വര്‍ജിക്കണമെന്ന് അല്ലാഹു ആജ്ഞാപിച്ചിരിക്കുന്നു: ''നിശ്ചിത മാസങ്ങളിലാണ് ഹജ്ജ്. അതിനാല്‍ അതില്‍ ആരെങ്കിലും ഹജ്ജിന് തീരുമാനിച്ചുകഴിഞ്ഞാല്‍ പിന്നീട് ഹജ്ജ് വേളയില്‍ മ്ലേഛവൃത്തിയോ അധര്‍മമോ തര്‍ക്കമോ പാടില്ല. നിങ്ങള്‍ എന്ത് നന്മ ചെയ്യുകയാണെങ്കിലും അത് അല്ലാഹു അറിയും. നിങ്ങള്‍ പാഥേയം കരുതുക. ഏറ്റവും നല്ല പാഥേയം തഖ്‌വയാണ്. ബുദ്ധിയുള്ളവരേ, നിങ്ങള്‍ എന്നെ ഭയപ്പെടുകയും സൂക്ഷിക്കുകയും ചെയ്യുക'' (അല്‍ബഖറ: 197).
നബി(സ) പറഞ്ഞു: ''മ്ലേഛവൃത്തിയും അധര്‍മവും പ്രവര്‍ത്തിക്കാതെ ഹജ്ജ് നിര്‍വഹിക്കുന്നവന്‍ തന്റെ മാതാവ് തന്നെ പ്രസവിച്ച ദിവസത്തിലെ നിര്‍മലാവസ്ഥയിലാണ് തിരിച്ചുവരുന്നത്'' (ബുഖാരി, മുസ്‌ലിം).
സല്‍സ്വഭാവത്തിന്റെ അഭാവം സത്യവിശ്വാസത്തിന്റെ ദൗര്‍ബല്യത്തെ കുറിക്കുന്നു. സല്‍സ്വഭാവമില്ലാത്ത വ്യക്തിയെ സത്യവിശ്വാസിയെന്ന് വിശേഷിപ്പിക്കുന്നതു പോലും ശരിയല്ലെന്നാണ് നബി(സ) പഠിപ്പിച്ചത്. അയല്‍വാസിയോട് നല്ല നിലയില്‍ വര്‍ത്തിക്കാതിരിക്കല്‍ ദുഃസ്വഭാവമാണ്. അത്തരം ആളുകളെക്കുറിച്ച് നബി(സ) പറഞ്ഞു: ''അല്ലാഹുവാണ, അവന്‍ സത്യവിശ്വാസിയാവുകയില്ല. അല്ലാഹുവാണ സത്യം, അവന്‍ സത്യവിശ്വാസിയാവുകയില്ല. അല്ലാഹുവാണ, അവന്‍ സത്യവിശ്വാസിയാവുകയില്ല.''
അപ്പോള്‍ ഒരാള്‍ ചോദിച്ചു: ''ആരാണയാള്‍?'' തിരുമേനി പറഞ്ഞു: ''തന്റെ ഉപദ്രവങ്ങളില്‍നിന്ന് അയല്‍വാസിക്ക് നിര്‍ഭയത്വം ലഭിക്കാത്തവനാണവന്‍'' (ബുഖാരി).
ഒരിക്കല്‍ ഒരാള്‍ നബി(സ)യുടെ സന്നിധിയില്‍ ചെന്ന് പറഞ്ഞു: ''അല്ലാഹുവിന്റെ ദൂതരേ, ഇന്ന സ്ത്രീ നമസ്‌കാരം, നോമ്പ്, ദാനധര്‍മങ്ങള്‍ എന്നിവയുടെ ആധിക്യത്തിന്റെ കാര്യത്തില്‍ പ്രസിദ്ധയാണ്. പക്ഷേ അവള്‍ തന്റെ നാവ്‌കൊണ്ട് അയല്‍വാസികള്‍ക്ക് ശല്യം ചെയ്യുന്നു.'' നബി(സ) പറഞ്ഞു: ''അവള്‍ നരകവാസിയാണ്.'' പിന്നീടയാള്‍ മറ്റൊരു സ്ത്രീയെക്കുറിച്ച് പറഞ്ഞു: ''അല്ലാഹുവിന്റെ ദൂതരേ, ഇന്ന സ്ത്രീ നമസ്‌കാരം, നോമ്പ് എന്നിവയുടെ കാര്യത്തില്‍ അത്രയൊന്നും പ്രസിദ്ധയല്ല. അല്‍പം പാല്‍ക്കട്ടിയുടെ കഷ്ണങ്ങളേ ദാനം ചെയ്യാറുള്ളൂ. പക്ഷേ, അയല്‍വാസികള്‍ക്ക് ശല്യം ചെയ്യുകയില്ല.'' നബി(സ) പറഞ്ഞു: ''അവള്‍ സ്വര്‍ഗത്തിലാണ്'' (അഹ്മദ്).
ജനങ്ങളുടെ അഭിമാനം, സമ്പത്ത്, രക്തം എന്നിവക്ക് പോറലേല്‍പ്പിക്കുന്ന ദുഃസ്വഭാവി ഐഹിക ജീവിതത്തില്‍ അനുഷ്ഠിക്കുന്ന സല്‍ക്കര്‍മങ്ങളെല്ലാം വിനഷ്ടമായി, പാപ്പരായിട്ടാണ് പുനരുത്ഥാന നാളില്‍ ഹാജരാക്കപ്പെടുക. ഈ വിഷയകമായി വന്ന ഒരു ഹദീസ്:
''അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം: റസൂലുല്ലാഹി(സ) ഒരിക്കല്‍ സഖാക്കളോട് ചോദിച്ചു: 'ആരാണ് പാപ്പരായവന്‍ എന്ന് നിങ്ങള്‍ക്കറിയുമോ?' അവര്‍ പറഞ്ഞു: 'ഞങ്ങളുടെ കൂട്ടത്തില്‍ പാപ്പരായവന്‍ പണവും സ്വത്തുമില്ലാത്തവനാണ്.' അപ്പോള്‍ നബി തിരുമേനി പറഞ്ഞു: എന്നാല്‍ എന്റെ സമുദായത്തില്‍ പാപ്പരായവന്‍ പുനരുത്ഥാന നാളില്‍ നമസ്‌കാരം, നോമ്പ്, സകാത്ത് തുടങ്ങിയ സല്‍ക്കര്‍മങ്ങളുമായി വരുന്നവനാണ്. അവന്‍ വരുന്നത് ഒരുത്തനെ ചീത്തപറയുകയും അടിക്കുകയും ചെയ്തുകൊണ്ടാണ്. അപ്പോള്‍ അവരില്‍ ഒരോരുത്തര്‍ക്കുമായി അവന്റെ സല്‍ക്കര്‍മങ്ങള്‍ നല്‍കപ്പെടും. അവന്റെ മേലുള്ള ബാധ്യത തീരുന്നതിനുമുമ്പ് അവന്റെ സല്‍ക്കര്‍മങ്ങള്‍ തീര്‍ന്നുപോയാല്‍ അവരുടെ പാപങ്ങളെടുത്ത് അവന്റെ മേല്‍ ചാര്‍ത്തപ്പെടുകയും പിന്നീടവന്‍ നരകത്തില്‍ എറിയപ്പെടുകയും ചെയ്യും'' (മുസ്‌ലിം).
സല്‍സ്വഭാവം പാപങ്ങളെ അലിയിച്ചുകളയുകയും ദുഃസ്വഭാവം കര്‍മങ്ങളെ ദുഷിപ്പിക്കുകയും ചെയ്യം.' നബി(സ) പറഞ്ഞു: ''വെള്ളം ഹിമത്തെ അലിയിച്ചുകളയുന്നതുപോലെ സല്‍സ്വഭാവം പാപങ്ങളെ അലിയിച്ചുകളയുകയും സുര്‍ക്ക തേനിനെ ദുഷിപ്പിക്കുന്നതുപോലെ ദുഃസ്വഭാവം കര്‍മങ്ങളെ ദുഷിപ്പിക്കുകയും ചെയ്യും'' (ബൈഹഖി).
''മൂന്ന് കാര്യങ്ങള്‍ ഒരാളിലുണ്ടായാല്‍ അവന്‍ കപടവിശ്വാസിയായി; അവന്‍ നോമ്പനുഷ്ഠിക്കുകയും നമസ്‌കരിക്കുകയും ഹജ്ജും ഉംറയും നിര്‍വഹിക്കുകയും മുസ്‌ലിമാണെന്ന് വാദിക്കുകയും ചെയ്താലും. അവന്‍ സംസാരിച്ചാല്‍ കളവ് പറയും, വാഗ്ദത്തം ചെയ്താല്‍ ലംഘിക്കും, വിശ്വസിച്ചാല്‍ വഞ്ചിക്കും'' (മുസ്‌ലിം).
ഉത്കൃഷ്ട സ്വഭാവത്തിന്റെ ഉത്തമ മാതൃകയായിരുന്നു മുഹമ്മദ് നബി(സ). വിവിധ സന്ദര്‍ഭങ്ങളില്‍ നബി(സ) പ്രകടിപ്പിച്ച സ്വഭാവമഹിമയുടെ ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
അനസ്(റ) പറയുന്നു: ''ഞാന്‍ നബി(സ)ക്ക് പത്ത് വര്‍ഷം സേവനം ചെയ്തിട്ടുണ്ട്. അല്ലാഹുവാണ് സത്യം, അദ്ദേഹം ഒരിക്കലും എന്നോട് ഛെ എന്നുപോലും പറഞ്ഞിട്ടില്ല. ഒരു കാര്യത്തെക്കുറിച്ചും 'എന്തിനാണ് നീ അത് ചെയ്തതെന്നോ, നിനക്കിങ്ങനെ ചെയ്തുകൂടായിരുന്നോ' എന്നോ ചോദിച്ചിട്ടില്ല'' (മുസ്‌ലിം).
പ്രവാചകന്‍ തനിക്കുവേണ്ടി ആരോടും പ്രതികാരം ചെയ്യാറുണ്ടായിരുന്നില്ല. ആഇശ(റ) പറഞ്ഞു: ''രണ്ടിലൊന്ന് തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കപ്പെട്ടിട്ടുള്ള കാര്യങ്ങളില്‍ റസൂല്‍(സ) തെരഞ്ഞെടുത്തിരുന്നത് അവയില്‍ ഏറ്റവും എളുപ്പമുള്ളതായിരുന്നു, അത് കുറ്റകരമല്ലാത്ത കാലത്തോളം. കുറ്റകരമാണെങ്കില്‍ അതില്‍നിന്ന് ജനങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദൂരത്താവും തിരുമേനി. നബി(സ) ഒരു കാര്യത്തിലും ഒരിക്കലും തനിക്കുവേണ്ടി പ്രതികാരം ചെയ്തിട്ടില്ല, അല്ലാഹുവിന്റെ ആദരണീയത ഹനിക്കപ്പെട്ടാലൊഴികെ. അങ്ങനെ സംഭവിച്ചാല്‍ പ്രതികാരം ചെയ്യും. സ്ത്രീ, വേലക്കാരന്‍ തുടങ്ങി ഒരാളെയും പ്രവാചകന്‍ ഒരിക്കലും തന്റെ കൈകൊണ്ട് അടിച്ചിട്ടില്ല, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്ന സന്ദര്‍ഭത്തിലല്ലാതെ'' (മുസ്‌ലിം).
പ്രവാചക ദൗത്യനിര്‍വഹണത്തിന്റെ കൃത്യാന്തര ബാഹുല്യങ്ങള്‍ക്കിടയിലും നബി(സ) തന്റെ കുടുംബത്തിന് സന്തോഷം പകര്‍ന്നു നല്‍കാന്‍ സമയം കണ്ടെത്തിയിരുന്നു. ഒരിക്കല്‍ പ്രവാചകപത്‌നി ആഇശ(റ)യോട് ഒരാള്‍ ചോദിച്ചു:
''നബി(സ) വീട്ടിലായിരിക്കുമ്പോള്‍ എന്താണ് ചെയ്തിരുന്നത്?'' അവര്‍ പറഞ്ഞു: ''അദ്ദേഹം വീട്ടുകാര്‍ക്ക് സേവനം ചെയ്യുന്നതില്‍ വ്യാപൃതനായിരിക്കും. നമസ്‌കാര സമയമായാല്‍ വുദൂഅ് ചെയ്ത് നമസ്‌കാരത്തിന് പുറപ്പെടും'' (മുസ്‌ലിം).
അവിവേകികളോട് പ്രവാചകന്‍ വര്‍ത്തിച്ചിരുന്നത് കോപാകുലനാകാതെ, ഏറ്റവും വലിയ വിവേകത്തോടെയായിരുന്നു. അവരോട് കയര്‍ത്തു സംസാരിക്കുകയോ പ്രതികാരം ചെയ്യുകയോ ചെയ്തിരുന്നില്ല. അനസ്(റ) ഒരു സംഭവം വിവരിക്കുന്നു:
''ഞാനൊരിക്കല്‍ പ്രവാചകന്റെ കൂടെ നടക്കുകയായിരുന്നു. അദ്ദേഹം ഒരു പരുക്കന്‍ കരയുള്ള പുതപ്പ് പുതച്ചിരിക്കുന്നു. അതിനിടയില്‍ അപരിഷ്‌കൃതനായ ഒരാള്‍ (അഅ്‌റാബി) അദ്ദേഹത്തെ കണ്ടുമുട്ടി. അയാള്‍ തിരുമേനിയുടെ പുതപ്പ് ശക്തിയായി വലിച്ചു. അയാളുടെ വലിയുടെ ശക്തികൊണ്ട് അത് നബിയുടെ ചുമലില്‍ അടയാളമുണ്ടാക്കിയത് ഞാന്‍ കണ്ടു. പിന്നീടയാള്‍ പറഞ്ഞു: 'മുഹമ്മദേ, നിന്റെ അടുത്തുള്ള അല്ലാഹുവിന്റെ ധനത്തില്‍നിന്ന് എനിക്ക് തരാന്‍ കല്‍പിക്കുക.' അപ്പോള്‍ നബി(സ) അയാളുടെ നേരെ തിരിഞ്ഞുനോക്കി, ചിരിച്ചു. അയാള്‍ക്ക് എന്തെങ്കിലും കൊടുക്കാന്‍ കല്‍പിക്കുകയും ചെയ്തു (ബുഖാരി).
നബി(സ) ജനങ്ങളോട് വിനയത്തോടെയാണ് വര്‍ത്തിച്ചിരുന്നത്. താന്‍ വരുമ്പോള്‍ ആരെങ്കിലും എഴുന്നേറ്റു നില്‍ക്കുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. അബൂ ഉമാമ(റ) പറയുന്നു: ''നബി(സ) ഒരിക്കല്‍ ഒരു വടി കുത്തിക്കൊണ്ട് അടുത്തേക്ക് വന്നപ്പോള്‍ ഞങ്ങള്‍ ആദരപൂര്‍വം എഴുന്നേറ്റുനിന്നു. അതു കണ്ട നബി തിരുമേനി പറഞ്ഞു: അനറബികള്‍ പരസ്പരം ആദരിക്കാന്‍ എഴുന്നേറ്റു നില്‍ക്കുന്നതുപോലെ നിങ്ങള്‍ എഴുന്നേറ്റു നില്‍ക്കരുത്.''