കാടും കുടിലും മനുഷ്യരും; വെല്‍കം ടു സാധന

മുഹ്‌സിന ഖദീജ ഹംസ No image

സാധാരണ മലയാളത്തിലെ കലപില മാത്രം കേട്ടു പരിചയമുള്ള ഞങ്ങള്‍, ഓറവില്ലയില്‍ നിന്നും സാധന ഫോറസ്റ്റിലേക്കു പോകുന്ന ആ വണ്ടിയിലെ 'സ്.. സ്..' മാത്രം പുറത്തുവരുന്ന ഇംഗ്ലീഷ് വര്‍ത്തമാനം നന്നായി ആസ്വദിച്ചു. പലതരം മനുഷ്യര്‍. പല വേഷങ്ങള്‍, കോലങ്ങള്‍. വിദേശികളാണ് അധികവും. ഞങ്ങള്‍ ഹെഡ് സ്‌കാര്‍ഫ് ഇട്ട് രണ്ടു പെണ്‍കുട്ടികള്‍. മലയാളികളായി വേറാരുമില്ല. ഇന്ത്യക്കാരായി മറ്റു രണ്ട് പേര്‍ കൂടിയും. വണ്ടി റോഡില്‍ നിന്നിറങ്ങി, ചുറ്റിലും മരങ്ങളും ചെറുചെറു വീടുകളും ഉള്ള വെളുത്ത മണ്‍വഴിയിലൂടെ പോകാന്‍ തുടങ്ങി. എന്റെയും പ്രിയസുഹൃത്ത് ഷിബിയുടെയും ഹൃദയമിടിപ്പ് അല്‍പം കൂടി. ഒരു ഐഡിയ യുമില്ലല്ലോ, അവിടെ താമസിക്കാന്‍ പറ്റോ, അതോ തിരിച്ച് പോരേണ്ടി വരോ? മനസ്സിലായത് പ്രകാരം ഈ വണ്ടിയിലുള്ളവരെല്ലാം തിരിച്ച് പോരുന്നവരാണ്. സന്ദര്‍ശകര്‍ മാത്രം. ഞങ്ങള്‍ അങ്ങനെയല്ലല്ലോ.. തിരിച്ച്‌പോകാന്‍ ഒരു ഇടം വേണ്ടേ... വെറും ഗൂഗിള്‍ നോക്കി മാത്രം അറിഞ്ഞ, മറ്റൊരു വിവരവുമില്ലാത്ത ഒരു വനത്തിലേക്കാണ് യാത്ര. യൂറോപ്പിലും മറ്റു നാടുകളിലും നിന്നുള്ളവരാണവിടം നിറയെ. പടച്ചോനേം കൂട്ടുപിടിച്ച് ആകാംക്ഷയോടെ, സന്തോഷത്തോടെ ഇരിക്കുന്ന ഞങ്ങളെയും മറ്റുള്ളവരെയും വഹിച്ചു കൊണ്ട് ആ വണ്ടി സാധന ലക്ഷ്യമാക്കി വളയം തിരിച്ചുകൊണ്ടേയിരുന്നു. ആലോചിച്ചും  പറഞ്ഞും വന്നപ്പോഴേക്കും വണ്ടി ബ്രേക്കിട്ടു. ആവേശത്തില്‍ ഞങ്ങളിറങ്ങി. വണ്ടിയിലുണ്ടായിരുന്ന സാധന  വാളന്റിയര്‍ ആന്‍ ഇംഗ്ലീഷില്‍ എന്തൊക്കെയോ പറഞ്ഞു. എല്ലാരും പുറകെ നടന്നു. ഞങ്ങളും. 
സാധന ഫോറസ്റ്റ് എന്നെഴുതിയ മരം കൊണ്ട് ഉണ്ടാക്കിയ കവാടം മനോഹരമായിരുന്നു. ആന്‍ ആദ്യം തന്നെ എല്ലാരെയും കൊണ്ട് പോയത്, അവിടുത്തെ ശൗച്യാലയം കാണിക്കാന്‍ ആണ്. അതേ.. അതും മനുഷ്യന്റെ ഏറ്റവും അത്യാവശ്യമുള്ള ഇടമാണല്ലോ.. ഗൂഗിളില്‍ ഫോട്ടോ കണ്ടിട്ടുണ്ടെങ്കിലും, ആന്‍ പുറത്ത് അതിന്റെ ഡെമോ കാണിച്ച് ഉപയോഗ രീതി പറഞ്ഞപ്പോള്‍ തിരിച്ച് പോകാന്‍ ഒരു ഇടമില്ലെങ്കിലും പോയാലോന്നു  വരെ ആലോചിച്ചുപോയി. വെള്ളം വളരെ കുറവ് മാത്രമേ ഉപയോഗിക്കാവൂ. ടോയ്ലറ്റ് വെള്ളമൊഴിച്ച് വൃത്തിയാക്കുന്നതിന് പകരം അറയ്ക്ക പൊടി ഇടുകയാണ് ചെയ്യുക. വെള്ളത്തിന്റെ ഉപയോഗം പരമാവധി കുറക്കുന്നതിനും മനുഷ്യവിസര്‍ജ്യം മരങ്ങള്‍ക്കുള്ള വളമായി ഉപയോഗിക്കുന്നതിനും വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്. തുടക്കം ആംഗ്യത്തിലൂടെ ആണ് മനസ്സിലായത് എങ്കിലും ഇത്ര വ്യക്തമായത് ഉപയോഗിച്ച് കഴിഞ്ഞപ്പോള്‍ ആണ്.
പറഞ്ഞ് കഴിഞ്ഞ ഉടനെ ആന്‍ എന്റെ അടുത്തേക്ക് നീങ്ങി. ആദ്യ പ്രാക്ടീസ് ചെയ്തത് പറയാന്‍ തുടങ്ങി. 'മാം, വീ വാന്‍ടു സ്റ്റേ ഹിയര്‍ ആസ് എ വളണ്ടിയര്‍...' ണീം..... അത് മാത്രം മനസ്സിലായി. പിന്നെ ആന്‍ പറഞ്ഞതൊക്കെ അന്തം വിട്ട കുന്തം പോലെ നോക്കി നിന്നു ഞാനും അവളും. പടച്ചോനെ, ഇവിടെ നിന്നോളാന്‍ ആണോ നില്‍ക്കണ്ട എന്നാണോ പറഞ്ഞത്? വീണ്ടും കണ്‍ഫ്യുഷന്‍. അപ്പോ പുറകില്‍ നിന്നും ഒരു ചോദ്യം: 'നാട്ടീന്ന് എവിടുന്നാ?'
മരുഭൂമീല്‍ മഴ പെയ്ത പോലൊരു സുഖം. 'കോഴിക്കോട്..' 
'അഹ.. ഞാന്‍ ബേപ്പൂര്‍ ന്നാ...'
'നിങ്ങള് വളന്റിയര്‍ ആയി നില്‍ക്കാന്‍ വന്നതാണല്ലേ? ആന്‍ പറഞ്ഞിട്ട് വന്നതാണ്.' 
അപ്പോ ഞങ്ങള്‍ക്ക് മാത്രല്ല, ആനിനും മനസ്സിലായിട്ടുണ്ട് ഞങ്ങള്‍ക്ക് ഒന്നും തിരിഞ്ഞിട്ടില്ല എന്ന്.
പിന്നെ ചെന്നെത്തിയത് അടുക്കളയ്ക്ക് മുമ്പില്‍. ഇരുവശങ്ങളും തുറന്നുകിടക്കുന്ന നീണ്ട അടുക്കള. ഒരു സൈഡില്‍ ടേബിളും വലിയ അടുപ്പും പൈപ്പും ഷെല്‍ഫുമൊക്കെയുണ്ട്. കുറച്ചപ്പുറത്തായി പാത്രങ്ങള്‍ വെക്കുന്നതിനും കഴുകുന്നതിനുമുള്ള പ്രത്യേകയിടം.  
വീണ്ടും ഒരു വലിയ പറമ്പിന് നടുവിലൂടെ മഡ് പോണ്ടിനടുത്തേക്ക്. കുളിക്കാനും നീന്തിക്കളിക്കാനുമൊക്കെ ഉള്ള ചെളിയുള്ള ഒരു കുളം. അവിടെയൊക്കെ എത്തിയപ്പോഴേക്കും ഞങ്ങള്‍ ആദ്യമായി കണ്ടവരെ പോലെ സംസാരിച്ച് കൊണ്ടേയിരുന്നു. ആദ്യമായിട്ടാണ് ഒരു മദാമ്മ സൈലന്‍സ് പ്ലീസ് എന്ന് പറഞ്ഞ് കേട്ടത്. നല്ല രസം. മിണ്ടാതിരിക്കാതെ വഴി ഇല്ല. രണ്ടും നന്നായി ചമ്മി.. പിന്നെയുള്ള സംസാരമൊക്കെ സ്വകാര്യത്തിലായി. 
ഒരുകാലത്ത് കൊറിയന്‍ സീരിയലിന്റെ അഡിക്ട് ആയിരുന്ന ഷിബി അവിടെ വെച്ച് കുറച്ച് കൊറിയന്‍സിനെ കണ്ടു. ഹായ് പറഞ്ഞതിന് ശേഷം അവള്‍ ആദ്യം പറഞ്ഞത് കൊറിയന്‍ സീരിയല്‍ കാണാറുണ്ടായിരുന്നു എന്നും അതിലെ കഥാപാത്രങ്ങളുടെ പേരുമാണ്. ഏത് വികാരങ്ങളെയും പറ്റാവുന്നത്ര പ്രകടമാക്കുന്ന അവര്‍ രണ്ട് കൈയും കൊട്ടി തുള്ളിച്ചാടി. അഹ..കൊള്ളാലോ! 'നെയിം?'
'ചെയ... ജെസി...' ആ ചോദ്യം തന്നെ തിരിച്ചും. 'ഷിബില, മുഹ്‌സിന.' പേര് പറഞ്ഞു കഴിഞ്ഞതും എന്തോ ചേക്കോസ്ലോവാക്യ എന്നൊക്കെ പറഞ്ഞപോലെ ആയിരുന്നു അവരുടെ മുഖഭാവം. 'ഓക്കേ. ഞാന്‍ മൂസി, ഇവള്‍ ഷിബി.' ണീം.. പിന്നെ അവര്‍ നമ്മുടെ പേര് വിളിക്കുമ്പോള്‍ ഉള്ള ഒരു സുഖം.. 
ഇനി നേരെ മെയിന്‍ ഹട്ടിലേക്ക്. മരം കൊണ്ടുണ്ടാക്കിയ ചെറുപടികളും സദാസമയവും തുറന്നുകിടക്കുന്ന പൂമുഖവാതിലും കഴിഞ്ഞാലാണ്, സ്വീകരണമുറിയും വ്യത്യസ്തപരിപാടികളും കൂടിയാലോചനകളുമെല്ലാം നടക്കുന്ന സാധനയുടെ ഹൃദയഭാഗം. തുറന്നുകിടക്കുന്ന വിശാലമായ മുറിയില്‍ മഞ്ഞവെളിച്ചത്തില്‍ താഴെ പായ വിരിച്ചു പ്രത്യേകം തുണികള്‍ കൊണ്ടുണ്ടാക്കിയായ ഇരിപ്പിടങ്ങളും. സാധനയുടെ സന്ദര്‍ശകര്‍ക്ക് ഫിലിം ക്ലബിന്റെ വക ഒരു ഫിലിമും കുറച്ച് വിശദീകരണങ്ങളും. എല്ലാം കഴിഞ്ഞപ്പോള്‍ അവിടുത്തെ തമിഴ് കുട്ടികളുടെ വക കിടിലന്‍ ഡാന്‍സും. ഒക്കെ കഴിഞ്ഞ് ഫ്രീയായി ഭക്ഷണവും കൊടുത്തിട്ടാണ് അവിടുന്ന് പറഞ്ഞയക്കുക. എല്ലാര്‍ക്കും സ്റ്റീല്‍ പ്ലേറ്റിലും ഗ്ലാസിലും ഭക്ഷണവും വെള്ളവുമായി കുറച്ചു പേര്‍. അവരുടെ മുഖത്തുനോക്കി നല്ല ചിരിപാസാക്കി നേരെ പാത്രത്തിലേക്ക്  നോക്കിയപ്പോള്‍ ചിരീം വിശപ്പൊക്കെ ആവിയായി പോയി. ജൈവഭക്ഷണം ആണ്. ഓരോ വില്ലില്‍ തന്നെ കൃഷി ചെയ്തുണ്ടാക്കുന്ന മായങ്ങള്‍ ഒന്നുമില്ലാത്ത, എണ്ണയിലൊന്നും അധികം വേവിച്ചെടുക്കാത്ത എരിവും പുളിയൊന്നുമില്ലാത്ത ഒന്നാന്തരം സസ്യാഹാരം. പ്രത്യക്ഷത്തില്‍ പച്ചക്കറികള്‍ പച്ചക്ക് തന്ന പോലൊരു ഫീല്‍. പരസ്പരം അതിദയനീയമായി ഒന്ന് നോക്കി ഒന്നും രണ്ടും പറയാന്‍ തുടങ്ങി. മലയാളികളാണല്ലേ എന്ന ഒരു ചോദ്യം കേട്ടപ്പോള്‍ ആണ് അടുത്തിരിക്കുന്നവനെ ശ്രദ്ധിക്കുന്നത്. പിറുപിറുക്കുന്നത് കണ്ടപ്പോഴേ തോന്നി എന്ന് മൂപ്പര്‍. എല്ലാ സങ്കടോം ഉള്ളിലുള്ളതുകൊണ്ട് ഹാ ആയിക്കോട്ടെ മട്ടില്‍ ഞങ്ങളും ഇരുന്നു. 
വന്നവരൊക്കെ തിരിച്ചുപോയി. ആന്‍ ഞങ്ങളെ ഹട്ടിനോട് ചേര്‍ന്ന ഒരു മുറിയിലേക്ക് കൂട്ടി. ഒരു ഫോമില്‍ പേരും അഡ്രസ്സും എത്ര ദിവസങ്ങള്‍ക്കാണ് വന്നത്  എന്നുമൊക്കെ എഴുതിച്ചേര്‍ത്തു. കൂട്ടത്തില്‍ അവരുടെ ഫോണില്‍ ഫോട്ടോയും. കുളിക്കേണ്ട ഓര്‍ഗാനിക് സോപ്പും ഒരു നോട്ട്ബുക്കും കൈയില്‍ തന്ന് ഞങ്ങളേം കൂട്ടി ആന്‍ ഒരു കുഞ്ഞുടോര്‍ച്ചിന്റെ വെളിച്ചത്തില്‍ നടന്നു. ഒറ്റക്കൊരു ഹട്ടും സ്വപ്‌നം കണ്ട്  ഞങ്ങളും. 
ഒരിത്തിരി വെളിച്ചത്തില്‍ ഒരു വലിയ ഹട്ടിന്റെ മുമ്പിലെത്തി. മേലേക്ക് മരം കൊണ്ടുള്ള ഗോവണികള്‍. അങ്ങോട്ടേക്ക് കയറാനൊരു പൂതി. പക്ഷെ താഴേക്ക് തന്നെ പോക്ക്. ആരുടേയും ഉറക്കത്തിനു ശല്യമാകാതെ ഞങ്ങള്‍ മൂന്നു പേരും പമ്മി പമ്മി നടന്നുനീങ്ങി. പൊക്കമുള്ള, ഒറ്റയാള്‍ക് മാത്രം കിടക്കാന്‍ കഴിയുന്ന കയര്‍ കട്ടിലുകള്‍. കൊതുകുവല മാത്രമാണ് മറ. മുകളില്‍ ഓലമേഞ്ഞ മേല്‍ക്കൂരയുണ്ട്. താഴെ മണ്ണും. അവിടെ കിടന്നോളാന്‍ പറഞ്ഞുകൊണ്ട് ആന്‍  അവിടെ നിന്നും പോയി. പടച്ചോനെ നൂറുവട്ടം മനസ്സില്‍ ധ്യാനിച്ചു കിടന്നു. സുഖനിദ്ര സമ്മാനിച്ചുകൊണ്ട്  ഡിസംബറിന്റെ എല്ലാ തണുപ്പും അരിച്ചിറങ്ങുന്നുണ്ടായിരുന്നു...

ആദ്യാനുഭവങ്ങളുടെ ആദ്യദിനം
പിറ്റേദിവസം നേരം വൈകി എണീറ്റ ഞങ്ങള്‍ക്ക്, അവിടുത്തെ കൃത്യനിഷ്ഠയുടെ പേരില്‍ പ്രാതല്‍ മിസ്സായി. സാരമില്ല. ഉമിക്കരി ഉപയോഗിച്ച്, സ്റ്റീല്‍പാത്രങ്ങള്‍ കൊണ്ടുണ്ടാക്കിയ കൃത്രിമമായ പൈപ്പില്‍ നിന്ന് ഇത്തിരി വെള്ളം കൊണ്ട് പല്ല് തേച്ചു. ചായ ഉണ്ടെന്ന് ഹൈദരാബാദില്‍ നിന്ന് വന്ന സഹോദരങ്ങള്‍ പറഞ്ഞത് കേട്ട് ഷിബി അടുക്കളയിലേക്ക് പോയി. പതിവില്ലാത്തൊരു സ്‌നേഹം, എനിക്കും കൂടിയുള്ള ചായയുമായാണ് വരവ്. ഒരു കള്ളച്ചിരിയോടെ അവള്‍ എനിക്ക് ചായ നീട്ടി. ചൂടുവെള്ളത്തില്‍ നാരങ്ങാ നീരും ഇഞ്ചിയും ചേര്‍ത്തൊരു വെള്ളം. വലത്തോട്ടും ഇടത്തോട്ടും ഒന്ന് തിരിഞ്ഞ് നോക്കി അതങ്ങ് കളഞ്ഞു. വേറൊരു വഴിയും ഇല്ല.
കുളിക്കാന്‍  മൂന്ന് ബക്കറ്റ് വെള്ളമെങ്കിലും വേണ്ടിടത്ത് ഒരു ബക്കറ്റ് വെള്ളം കൊണ്ട് കുളിക്കേണ്ടി വന്ന നിസ്സഹായ നിമിഷങ്ങള്‍. കൂടുതലായി ഒരു ബക്കറ്റു കൂടി എടുക്കാന്ന് വെച്ചാല്‍ അതിനും തോന്നില്ല. കുളിമുറിയും വെള്ളമെടുക്കുന്ന പൈപ്പും രണ്ട് അറ്റങ്ങളിലാണ്. വെള്ളം മിതമായി ഉപയോഗിക്കണം എന്നുള്ളത് അവിടുത്തെ നിയമവുമാണ്. ഇനി ഭക്ഷണം. അന്വേഷണത്തിനൊടുവില്‍ ഒരു വിവരം കിട്ടി, അടുക്കളയിലെ അലമാരയില്‍ എപ്പോഴും പഴവര്‍ഗങ്ങള്‍ ഉണ്ടാകും. ഇഷ്ടംപോലെ ഇഷ്ടമുള്ളപ്പോ എടുത്ത് കഴിക്കാം. ആഹാ. റോബസ്റ്റ് പഴവും സപ്പോട്ടയും കഴിച്ച് അന്നത്തെ വിശപ്പടക്കി. തമ്മില്‍ ഭേദം തൊമ്മന്‍ എന്നല്ലേ. 
ശനിയാഴ്ച ആയതുകാരണം പ്രത്യേകിച്ച്  പണിയൊന്നും ഇല്ല. ശനിയും ഞായറും ഫ്രീ ആണ്. തിങ്കള്‍ മുതല്‍ വെള്ളി വരെ സേവ ഉണ്ട്. കാടുണ്ടാക്കല്‍, ഭക്ഷണം പാകംചെയ്യല്‍, ടോയ്ലറ്റ് വൃത്തിയാക്കല്‍, വളമുണ്ടാക്കല്‍ തുടങ്ങിയതെല്ലാമാണ് സേവയില്‍ ഉള്‍പ്പെടുക. ഞായറാഴ്ച രാത്രി ഒരു കമ്യൂണിറ്റി മീറ്റിംഗ്  ഉണ്ടാകും. അതിലാണ് ആരൊക്കെ ഏതൊക്കെ സേവ ചെയ്യും എന്ന് തീരുമാനിക്കുക. ഗ്രൂപ് തിരിച്ചുകൊണ്ട്. കൂടാതെ രാവിലെ ഗിത്താറില്‍ പാട്ടുമായി എത്തുന്ന വേക്കപ് കോളര്‍ ആരാണെന്നും ആരൊക്കെ ഏതൊക്കെ വര്‍ക് ഷോപ്പുകള്‍ നടത്തുമെന്നും. ഉച്ചവരെയാണ് സേവ. അത് കഴിഞ്ഞുള്ള സമയം ആര്‍ക്കു വേണമെങ്കിലും അവര്‍ക്കറിയാവുന്ന ഒന്ന് ബാക്കിയുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാം. താല്‍പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം. ഒരു ബോര്‍ഡില്‍ അത് ക്രമീകരിച്ച് എഴുതിവെക്കണം. അതുപോലെ തന്നെ നേരം പുലരും മുന്‍പേ ഗിത്താറില്‍ പാട്ടുമായി ഒരാള്‍ എല്ലാ ഹട്ടിന് മുമ്പിലും എത്തും. അതുകഴിഞ്ഞ ഉടനെ അടുത്തുള്ള സാധന സര്‍ക്കിള്‍ എന്ന ചെറിയ പറമ്പില്‍ കൂട്ടത്തോടെ വ്യായാമം കഴിഞ്ഞ് 'സാധന ഹഗ്' എന്ന് പരസ്പരം പറഞ്ഞ ആലിംഗനവും കഴിഞ്ഞ് എല്ലാവരും അവരവരുടെ ജോലിയിലേക്ക് തിരിയും. ഇതാണ് അവിടുത്തെ രീതികള്‍. വളരെ കൗതുകവും താല്‍പര്യവുമുള്ള കാര്യങ്ങള്‍. സാധന പതുക്കെ പതുക്കെ വലിയ ഇഷ്ടമായി തുടങ്ങി. 
ശനിയും ഞായറും രാവിലെ മുതല്‍ പുറത്തുപോകാം. ഉച്ചഭക്ഷണം കഴിക്കാന്‍ വേണ്ടി ഞങ്ങള്‍ അവിടുന്ന് രണ്ട് സൈക്കിളും ഒപ്പിച്ച് പുറപ്പെട്ടു. കൂട്ടമായി നില്‍ക്കുന്ന ചെറുമരങ്ങള്‍ക്കിടയിലൂടെ ഉള്ള നീണ്ട മണ്‍വഴികള്‍. മുന്നോട്ട് പോകുംതോറും വിജനതയുമേറുന്നു. കുറച്ചുകഴിഞ്ഞു ചെറിയറോഡിലേക്ക് കയറി. നിറയെ നായ്ക്കളൊക്കെ  ഉലാത്തുന്ന ഒരു ഗ്രാമപ്രദേശം. അങ്ങനെ ഒരുവിധം ചവിട്ടി മെയിന്‍ റോഡില്‍ എത്തി. അവിടെ കണ്ട ഒരു ബസ് സ്റ്റോപ്പില്‍ വിശ്രമിക്കാന്‍ ഇരുന്നു. ഒരു അപ്പൂപ്പന്‍ വന്നു വിശേഷങ്ങളും വിവരങ്ങളും അന്വേഷിച്ചു. സാധനയിലേക്ക് പോകുന്ന വഴികള്‍ അത്ര പന്തിയല്ല എന്നൊക്കെ പറഞ്ഞു. മാനഭംഗ കേസുകള്‍ വരെ ഉണ്ടായിട്ടുണ്ടത്രെ. ഹൃദയം പതിവിലും വേഗത്തില്‍ മിടിക്കാന്‍ തുടങ്ങി. പിറ്റേന്ന് തന്നെ മടങ്ങിയാലോ എന്നുവരെ ആലോചനയായി. എന്നാലും വിശപ്പ് പോയില്ല. ഭക്ഷണം കഴിച്ച് വേഗം അവിടെ നിന്ന് തിരിച്ചു. ഇങ്ങോട്ട് വന്നത്ര തന്നെ അങ്ങോട്ടും ചവിട്ടണ്ടേ എന്നോര്‍ത്തു ആധിയായി. വയറിനുള്ളില്‍ കിടക്കുന്ന ആഹാരവും നെഞ്ചിനുള്ളിലെ പേടിയും തിരിച്ചു പോക്കിന് കഷ്ടത കൂട്ടി. എങ്കിലും വലിച്ചുചവിട്ടി. അപ്പോളും വഴിയില്‍ നിന്ന് കുറച്ച് ക്യാരറ്റും രണ്ട് ഐസ് ക്രീമും വാങ്ങികഴിക്കാനുള്ള ധൈര്യം എവിടെയോ ബാക്കി ഉണ്ടായിരുന്നു. പാലുല്‍പന്നങ്ങള്‍ക്കോ പ്ലാസ്റ്റിക്കിനോ സാധനയിലേക്ക് പ്രവേശനം ഇല്ലല്ലോ. അങ്ങനെ അപ്പൂപ്പന്റെ കഥയിലെ ഇടമെത്തി. ആളും ആള്‍പാര്‍പ്പും ഇല്ലാത്ത വളഞ്ഞ വഴികള്‍. ചീവീടിന്റെ ശബ്ദവും നായ്ക്കളുടെ കുരയും എന്തിനു ഇലയനക്കം വരെ പേടിപ്പിച്ചുകൊണ്ടിരുന്നു. ഞങ്ങള്‍  മത്സരിച്ച്  സൈക്കിള്‍ ഓട്ടി. ഇടക്ക് അവളൊന്നു ഗംഭീരമായി വീണു. ഒരു മനുഷ്യനില്ലാത്തതിന്റെ ഗുണം അവിടെയാണ് ഉണ്ടായത്. ഒരുകണക്കിന് അങ്ങെത്തി. 
മലയാളി വളണ്ടിയര്‍ ഷിഹാബിക്കയുടെ കൈയില്‍ താക്കോല്‍ കൊണ്ടുകൊടുത്തിട്ട് ഇനിയെങ്ങോട്ടും പോകില്ലെന്ന് പറഞ്ഞ് സംഭവം അറിയിച്ചു. എന്നാല്‍ അങ്ങനെയൊന്നും അടുത്തകാലത്തൊന്നും സംഭവിച്ചിട്ടില്ല എന്നും ചിലപ്പോള്‍ വഴികള്‍ അങ്ങനെ ആയതുകൊണ്ട് പറഞ്ഞതാവുമെന്നും സാധനയില്‍ ഇതുവരെ അങ്ങനെ ഉണ്ടായിട്ടില്ലെന്നും പറഞ്ഞ് അയാള്‍ ആശ്വസിപ്പിച്ചു. കൂട്ടത്തില്‍ സന്ധ്യകഴിഞ്ഞു പുറത്തേക്കും അകത്തേക്കും തനിച്ചുള്ള യാത്ര ഒഴിവാക്കുന്നതാവും നല്ലതെന്ന ഉപദേശവും.  പിറ്റേന്ന് പുതുവര്‍ഷമാണ്.
അപ്പുറം സാധനസര്‍ക്കിളില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള പണികള്‍ തകൃതിയായി നടക്കുന്നുണ്ട്. ഒന്ന് പോയിനോക്കണം എന്നുണ്ട്. പക്ഷെ അപ്പോഴേക്കും എവിടുന്നോ ഒരു മെഹന്ദി കോണ്‍ പ്രത്യക്ഷപ്പെട്ടു. ഷിബി ആണ് തുടങ്ങിവെച്ചത്. പിന്നെ ഞാനും ഏറ്റുപിടിച്ചു. ഒരാളുടെ കഴിയുമ്പോള്‍ മറ്റെയാള്‍ എന്നരീതിയില്‍ ഓരോരുത്തരായി വരാന്‍ തുടങ്ങി. കൈയിലും കഴുത്തിലും കാലിലും ഒക്കെ മൈലാഞ്ചിയണിഞ്ഞ അവരുടെ സന്തോഷം ഞങ്ങളിലും ആനന്ദമുണ്ടാക്കി. ഒരു ടാറ്റൂ ഒക്കെ ചെയ്തുകൊടുക്കുന്ന ആളെ പോലെയാണ് അവരെന്നെ സമീപിച്ചത്. തേളിനെ ഒക്കെ വരച്ചുകൊടുക്കാന്‍. എന്നോടോ ബാലാ മട്ടില്‍ ഞാന്‍ അവരെ നോക്കി. ഫഌവര്‍ ആണ് ബ്യൂട്ടിഫുള്‍ എന്നൊക്കെ പറഞ്ഞ് അവരെ സമാധാനിപ്പിച്ച് ഞാനും രക്ഷപ്പെട്ടു.  ഇടക്ക് ഒരുക്കങ്ങള്‍ നടക്കുന്നിടത്തൊക്കെ പോയി ഷിബി വിവരങ്ങള്‍ അറിയിച്ചുകൊണ്ടിരുന്നു. ഒരു കല്ല്യാണവീടിന്റെ പ്രതീതിയായിരുന്നു അവിടം. മൈലാഞ്ചിയും പാട്ടും ഡാന്‍സം ലൈറ്റും എല്ലാവരുടെയും മുഖത്തെ സന്തോഷങ്ങളും. 
പുതുവര്‍ഷത്തിന് അരമണിക്കൂര്‍ മുമ്പേ എല്ലാവരും അവിടെ എത്തി. എല്ലാവരും തകര്‍ത്താടുകയാണ്. മദ്യമോ മറ്റു ലഹരികളോ ഇല്ലാതെതന്നെ. കാഴ്ചക്കാരായി ഞങ്ങള്‍ രണ്ടുപേരും അവിടെ ഒരു ഓരത്ത് നിന്നു. ഡാന്‍സ് ചെയ്തുകൊണ്ട് ചിലര്‍ അടുത്തുവന്നു. പുഞ്ചിരിയോടെ അവരെ മടക്കി. ആദ്യമായി കാണുന്ന, അനുഭവിക്കുന്ന പുതുകാഴ്ചകള്‍ കണ്ടങ്ങനെ തോളോട് തോള്‍ ചാരി നില്‍ക്കുമ്പോള്‍ ആണ് ഒരു വര്‍ഷം മായുന്നതിന്റെ അക്കങ്ങള്‍ നെഞ്ചിലിങ്ങനെ എന്തോപോലെ. ആ സന്തോഷത്തിനു പേരറിയാത്തപോലെ. 
ബാക്കി വാക്കു പറഞ്ഞുപോയവര്‍ക്ക് കൂടി മെഹന്ദിയണിഞ്ഞ്  ഒരു ഫോട്ടോയൊക്കെ എടുത്ത് ഞാനും ഉറങ്ങാന്‍ പോയി. ഇന്നിന്റെ സന്തോഷത്തില്‍ നല്ലൊരു നാളെയെ സ്വപ്‌നം കണ്ട്...

കട്ടും പുട്ടും പറഞ്ഞുകുളമാക്കിയ അടുക്കള
മൂന്നാം ദിവസം, വെറുതെ അവിടെയൊക്കെ കണ്ടുനടന്നു. ഒരു കപ്പ് വെള്ളം കൊണ്ട് വുദു ഉണ്ടാക്കി. മെയിന്‍ഹട്ടിലാണ് ദുഹ്ര്‍ നമസ്‌കരിച്ചത്. ഒപ്പം കഥക് നന്നായി കളിക്കുന്ന ഹൈദരാബാദില്‍ നിന്ന് വന്ന സുഹൃത്ത് വന്നു. അവളും കൂടെ നിന്ന് നമസ്‌കരിച്ചു. ശേഷം ഇനി ഇന്നത്തെ ഉച്ചയുടെ കാര്യം എന്താവും എന്നോര്‍ത്തു അവിടെ കണ്ടൊരു ഊഞ്ഞാലില്‍ ആടിയാടി ആലോചിച്ചിരിക്കുമ്പോള്‍ ആണ് ഷിഹാബിക്കയുടെ വരവ്. പുറത്തുപോകുന്നുണ്ട്, വരുന്നോ ചോദിച്ചു. വിശന്നുപൊരിഞ്ഞിരിക്കുന്നവരോട് ആ ചോദ്യത്തിന്റെ ആവശ്യമേ ഇല്ല എന്ന മട്ടില്‍ ഞങ്ങള്‍ ഉണ്ടെന്ന് മൂളി.
തിരികെ വരും നേരം രാത്രിയിലെ ഭക്ഷണം കേരളസ്റ്റൈലില്‍ ഉണ്ടാക്കാം എന്ന് ചോദിച്ചു.  അതായത് വൈകുന്നേരം മൂപ്പരെ  ഒപ്പം ഞങ്ങളും കൂടി പാകംചെയ്യാന്‍ കയറണം എന്നര്‍ഥം. ഇംഗ്ലീഷ് ഒഴികെയുള്ള ഭാഷകളെല്ലാം നിരോധിച്ച ഇടങ്ങളാണ് മെയിന്‍ ഹട്ടും അടുക്കളയും. കട്ടും പുട്ടും പറഞ്ഞു കുഴഞ്ഞു കുളമായ രസകരമായ സന്ധ്യ. ഷിഹാബിക്ക ചോറ് വെക്കാന്‍ ഒരുങ്ങി. ഷിബിയുടെ നേതൃത്വത്തിലാണ് തക്കാളിക്കറി. ഞങ്ങള്‍ തക്കാളിയും ഉരുളക്കിഴങ്ങും സവോളയും അരിഞ്ഞു. ഒപ്പം അവിടുത്തെ മറ്റു സുഹൃത്തുക്കളും കൂടി. അടുക്കളയിലെ ഓരോ നിമിഷവും ആസ്വദിച്ചുകൊണ്ടേയിരുന്നു. ഇത്തിരി എരിവിലും പുളിയിലും ഉണ്ടാക്കിയ കറി അകത്താക്കുന്ന  സായിപ്പുമാരുടെ മുഖഭാവം കാണാന്‍ ഞങ്ങളിരുന്നു. എരിവിന്റെ കാറ്റ് നാവിലൂടെ വീശിയപ്പോഴേക്കുമവര്‍ ഹൂ ഹാ എന്നൊക്കെ നിശബ്ദമായി പറയാന്‍ തുടങ്ങി. എങ്കിലുമവര്‍ അത് നന്നായി കഴിച്ചു. അവരില്‍ നിന്ന് കേട്ട 'ഡെലീഷ്യസി'ല്‍ ഞങ്ങള്‍ മതിമറന്നിരുന്നു. ഇതുവരെയും അവരുണ്ടാക്കുന്ന ഭക്ഷണത്തെ കുറ്റംപറഞ്ഞും അതുകഴിക്കാതെയുമിരുന്ന ഞങ്ങളോട് അപ്പോള്‍ സ്വയം ഒരു പുച്ഛം തോന്നി.
ശേഷം കമ്യൂണിറ്റി മീറ്റിംഗ് ആണ്. സാധനയുടെ പ്രവര്‍ത്തന അവലോകനവും കഴിഞ്ഞ ആഴ്ചയിലെ റിപ്പോര്‍ട്ട് അവതരണവും. ഒപ്പം വരുന്ന ആഴ്ചയില്‍ ആരൊക്കെ ഏതൊക്കെ സേവ ചെയ്യുമെന്നും വേക്കപ്പ്‌കോളര്‍ ആരാണെന്ന തീരുമാനവും. കൂട്ടത്തിലിരിക്കുന്നവര്‍ അവരവരുടെ വര്‍ക്‌ഷോപ്പുകളുടെ സമയവും അവയെക്കുറിച്ചും അറിയിച്ചു. ഞങ്ങള്‍ ഫോറസ്റ്റ് ടീമിനൊപ്പം സേവക്ക് ചേരാമെന്നും അറിയിച്ചു. പിരിഞ്ഞ ശേഷം വീണ്ടുമുറക്കത്തിലേക്ക്. വേക്കപ്പ് കോളറേയും പ്രതീക്ഷിച്ച്. 

(തുടരും)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top