ഓരോ വിളിയും സാന്ത്വനമാണ്

ഹുസൈന്‍ കാരാടി
സെപ്റ്റംബര്‍ 2019

തനിയലത്ത് എന്ന വീട്ടുപേരാണ് മൊബൈലില്‍ ഫീഡ് ചെയ്തുവെച്ചിരിക്കുന്നത്. ബട്ടണ്‍ അമര്‍ത്തി ചെവിയില്‍ വെച്ചു. റിംഗ് പോകുന്നുണ്ട്. കുറച്ചു താമസമുണ്ടാകും എടുക്കാന്‍. കഴിഞ്ഞ തവണ വിളിച്ചപ്പോള്‍ കാലിന്റെ മുട്ടിന് വേദനയാണെന്ന് പറഞ്ഞിരുന്നു. ചിലപ്പോള്‍ നമസ്‌കാരപ്പായയിലാവും. മഗ്‌രിബ് നമസ്‌കാരം കഴിഞ്ഞാല്‍ അവിടെത്തന്നെയിരിക്കും. ഇശാ നമസ്‌കാരം കൂടി കഴിഞ്ഞിട്ടേ നമസ്‌ക്കാരക്കുപ്പായം അഴിച്ചുവെക്കാറുള്ളൂ. അതിനിടക്കാണ് ദിക്‌റുകളും ഉമ്മച്ചിക്കും ബാവ്ച്ചിക്കും വേണ്ടിയുള്ള പ്രാര്‍ഥനകളും.
''ഹലോ...! ആരാ ഇമ്പിച്ച്യാ?''
അപ്പുറത്തുനിന്നും ഇത്താത്തയുടെ പതിഞ്ഞ ശബ്ദം. എന്റെ ശബ്ദം തിരിച്ചറിഞ്ഞിരിക്കുന്നു!
കുട്ടിക്കാലത്ത് പതിഞ്ഞുപോയ ഓമനപ്പേരാണ് ഇമ്പിച്ചി! അന്ന് സ്‌നേഹത്തോടെ ആരെങ്കിലും വിളിച്ചതാവും. ഇപ്പോള്‍ പെങ്ങന്മാര്‍ മാത്രമേ അങ്ങനെ വിളിക്കാറുള്ളൂ.
''ഞ്ഞി വിളിച്ചിട്ട് കൊറച്ച് ദെവസായല്ലോ! എന്താ പറ്റിയത്? ഞാന്‍ ഇന്ന് രാവിലേം കൂടി കുട്ട്യളോട് പറഞ്ഞതേള്ളൂ, ഞ്ഞി വിളിക്ക്ണതാണല്ലോന്ന്!''
''ഓരോ ചുറ്റുപാടിനെടയില്...!'' ഞാന്‍ കുറ്റബോധത്തോടെ പറഞ്ഞു.
വിളിക്കാന്‍ വൈകിയാല്‍ പരാതിയുണ്ടാവും. പക്ഷേ, ഒരു വിളികൊണ്ട് പരാതികളെല്ലാം തീരുകയും ചെയ്യും. ക്ഷമിക്കാനും സൗമ്യമായി സംസാരിക്കാനും പ്രത്യേകം കഴിവുണ്ട് ഇത്താത്തക്ക്. 
മൂത്ത പെങ്ങളാണ് ആയിശത്താത്ത. തനിയലത്ത് വീട്ടിലേക്കാണ് കെട്ടിച്ചത്. ഉമ്മയുടെ സ്ഥാനത്താണ് ഇപ്പോള്‍. ആ സ്ഥാനം സ്ഥാപിച്ചുകൊടുക്കുന്നതിനുവേണ്ടിയാണ് ഇടക്കെല്ലാം തനിയലത്തുപോയി നേരില്‍ കണ്ട് സുഖവിവരങ്ങള്‍ അന്വേഷിക്കുന്നത്. നോമ്പിന്റെ അവസാന നാളുകളില്‍ ഏതെങ്കിലും ഒരു ദിവസം തനിയലത്തു ചെല്ലണം എന്നത് നിര്‍ബന്ധമാണ്. ഇത്താത്തക്കല്ല, എനിക്ക്. അപ്പോള്‍ സകാത്തായി കൊടുക്കുന്ന സംഖ്യ മരുന്ന് വാങ്ങാനുള്ളതാണ്.
''അന്റെ സ്ഥിതിയെന്താ?'' ഇത്താത്തയുടെ ചോദ്യം.
''പ്രത്യേകിച്ച് ഒന്നുംല്ല. എങ്ങനേണ്ട് സുഖക്കേട്? ഡോക്ടറെ കാണിച്ചിരുന്നോ?''
കുറച്ചു കാലങ്ങളായിട്ട് പെങ്ങന്മാരോട് ചോദിക്കാറുള്ളത് അവരുടെ അസുഖത്തിന്റെ കാര്യങ്ങളാണ്. കുളിച്ചോ, ഭക്ഷണം കഴിച്ചോ, ഉറങ്ങിയോ എന്ന് ചോദിക്കുന്നതുപോലെ ചില സ്ഥിരം ചോദ്യങ്ങള്‍.  ''ഡോക്ടറെ കാണിച്ചില്ലേ? മരുന്ന് കഴിക്കാറില്ലേ?''
''പഴയ ഡോക്ടറെ മാറ്റി. ഇപ്പോ ഹോമിയോ മരുന്നാണ്. അത് കഴിച്ചപ്പം കാലിലെ നീരൊക്കെ പോയി. എന്ത് ചെയ്തിട്ടെന്താ മോനേ, മരുന്ന് കഴിക്കുമ്പം കൊറച്ച് സുഖംണ്ടാവും! അവനവന്റെ കാര്യത്തിന് എണീറ്റ് നടന്നാ മത്യായിരുന്നു. പായ്ത്തലക്കല് കെടന്ന് പോയാല് ആരാ മോനേ നോക്കാന്ണ്ടാവ്വാ! ആരെയും എടങ്ങേറാക്കാണ്ട് പോയാ മത്യായിരുന്നു. നമ്മളെ മ്മച്ചി മരിച്ചത് പോലെ!''
ഉമ്മച്ചി മരിച്ചിട്ട് മുപ്പതുകൊല്ലം കഴിഞ്ഞു. കുറഞ്ഞ ദിവസങ്ങളേ അസുഖമായി കിടന്നിട്ടുള്ളൂ; രണ്ടാഴ്ച. അതുകൊണ്ട് നല്ല വീര്യത്തില് പോയി. എല്ലാ മക്കള്‍ക്കും ആക്കംപോലെ വന്ന് നോക്കാന്‍ കഴിഞ്ഞു എന്ന് പെങ്ങന്മാര്‍ പറയാറുണ്ട്. ഉമ്മച്ചിയും ബാവ്ച്ചിയും മരിച്ചതുപോലെ ആരെയും ബുദ്ധിമുട്ടിക്കാതെ പോകാന്‍ കഴിയണം എന്നാണ് വര്‍ത്തമാനത്തിനിടക്ക് എല്ലാ പെങ്ങന്മാരും പറയാറുള്ളത്. പ്രായം അതിരുകടക്കുമ്പോള്‍ അസുഖങ്ങളും മരണവും സംസാരത്തിനിടയില്‍ അസ്ഥാനത്തൊക്കെ കയറിവരും!
''ബാവ്ച്ചിയും ആരെയും ബുദ്ധിമുട്ടിച്ചില്ല!''
വൈകുന്നേരം ചായകുടിച്ച് വരാന്തയില്‍ ഇരിക്കുമ്പോഴാണ് ബാവ്ച്ചി മരിച്ചത്.
ഇത്താത്ത ഇടക്കൊന്ന് കാലുതെറ്റി വീണ കാര്യം കുറച്ചു വൈകിയാണ് അറിഞ്ഞത്. അറിയിക്കേണ്ട എന്ന് കരുതിയതാവും. രണ്ടാമത്തെ മകന്റെ വീട്ടിലേക്കുള്ള ഒതുക്കുകള്‍ കയറുമ്പോള്‍ കാല് തെറ്റിയതാണ്. നെറ്റിയില്‍ മോശമല്ലാത്ത ഒരു മുറിവുണ്ടായി. വല്ലാതെ രക്തം വന്നു. ഹോസ്പിറ്റലില്‍ പോയി തുന്നിടേണ്ടിവന്നു.
''അതൊക്കെ സുഖായി. തുന്നെടുത്തു!''
മുറിവില്‍ തടവിയിട്ട് ഇത്താത്ത പറഞ്ഞു: ''മുറിവിന് ഉണക്കു പറ്റി. പൊറ്റ കെട്ടിക്കിടക്കുന്നു.''
പഴയ വീടുകളെല്ലാം കൂട്ടുകുടുംബങ്ങളായിരുന്നു. എട്ടും പത്തും അതിലധികവും മക്കള്‍ താമസിക്കുന്ന പനയോല മേഞ്ഞ കൊച്ചുവീടുകളായിരുന്നു എല്ലായിടത്തും. ഓരോരുത്തര്‍ക്കായി പ്രത്യേകം മുറികളോ കിടപ്പു കട്ടിലുകളോ ഇല്ലായിരുന്നു. കൈതോലപ്പായയും ചപ്പിയ തലയിണകളും. മുറികള്‍ക്ക് ജനാലകള്‍ക്കു പകരം കാറ്റ് കയറാത്ത കിളിവാതിലുകള്‍.
ഞങ്ങള്‍ ഏഴു മക്കളാണ്. നാലു പെണ്ണും മൂന്ന് ആണും. മൂത്ത ജ്യേഷ്ഠന്‍ മരണപ്പെട്ടു. മൂന്ന് പെങ്ങന്മാരുടെ ഭര്‍ത്താക്കന്മാരും ഇന്നില്ല. ബാക്കി ആറു പേര്‍ക്കും പ്രായമെത്തിയപ്പോള്‍ നിഴലുപോലെ കൂടെ നടക്കാന്‍ രോഗങ്ങളും!
ഉമ്മയുടെ സ്ഥാനമാണ് മൂത്ത പെങ്ങള്‍ക്ക്. ഉമ്മയുടെ പല അധികാരങ്ങളും അവകാശങ്ങളും അവര്‍ക്കുണ്ട്. ഉമ്മയുടെ അടുത്ത് ചെല്ലുന്നതുപോലെയാണ് അവരുടെ അടുത്ത് ചെന്ന് സുഖവിവരങ്ങള്‍ അന്വേഷിക്കുന്നത്. കണ്ട് കുറച്ചുനേരം അടുത്തിരുന്ന് സംസാരിച്ചാല്‍ അതൊരു ആശ്വാസമാണ്, സാന്ത്വനമാണ്!
നൂറാംതോട്ടിലെ പെങ്ങളെ ഫോണില്‍ കിട്ടാന്‍ പ്രയാസമാണ്. പലതവണ ആവര്‍ത്തിക്കണം, വിളിച്ച ആളെ മനസ്സിലാക്കിക്കൊടുക്കാന്‍. ഇത്താത്ത സംസാരിച്ചാല്‍ മനസ്സിലാക്കിയെടുക്കാനും പ്രയാസം. ആരോഗ്യപ്രശ്‌നം കാരണം ചെന്നു കാണാന്‍ കഴിയാറില്ല. അതുകൊണ്ട് മകന്‍ സജീറിനെ വിളിക്കും. മറിയത്താത്തയുടെ വിവരങ്ങള്‍ അന്വേഷിച്ചറിയും.
''സജീറേ, ഞ്ഞി എവടാ? പീടികേലാ?''
''അതേ!'' സജീര്‍ പറഞ്ഞു.
''ന്താ മ്മച്ചിന്റെ വര്‍ത്താനം?''
''ഇപ്പം വെല്യ കൊഴപ്പൊന്നുല്ല! കഴിഞ്ഞ ആഴ്ച ഒരു പനി വന്നിരുന്നു. അടിവാരത്തെ ശാന്തറാം ഡോക്ടറെ കാണിച്ചു. പിന്നെ പ്രായത്തിന്റെ അവശതണ്ട്. അതേള്ളൂ!''
''ഞാന്‍ വിളിച്ച കാര്യം മ്മച്ചിനോട് പറയണം.''
രാത്രി പീടിക അടച്ചു ചെല്ലുമ്പോള്‍ പറയാമെന്ന് അവന്‍ പറഞ്ഞു.
നൂറാംതോട് അങ്ങാടിയില്‍ കച്ചവടമാണ് സജീറിന്.
ആമി എന്ന് മൊബൈലില്‍ അടിക്കുമ്പോള്‍ പുതുപ്പാടിയിലെ റബ്ബര്‍ മരങ്ങള്‍ക്കടുത്തായുള്ള ഓടിട്ട പഴയ വീട്ടില്‍ ബെല്ലടിക്കുന്നു. മൂന്നാമത്തെ പെങ്ങള്‍ ആമിത്താത്ത അവിടെയാണ് താമസം. കൂടെ മകനും ഭാര്യയും. കുറേ നാളായി അസുഖമാണ് ഇത്താത്തക്ക്. നടക്കാന്‍ പ്രയാസം. ഡോക്ടര്‍മാരെ മാറിമാറി കാണിക്കുന്നു. വിളിച്ചില്ലെങ്കില്‍ പരാതിയാണ്. കുശുമ്പ് ഇച്ചിരി കൂടുതലാണ്. അതേപോലെ സ്‌നേഹവും. ഉമ്മച്ചി നല്ലപോലെ പാചകം ചെയ്യുമായിരുന്നു. ആ കൈപ്പുണ്യം പകര്‍ന്നുകിട്ടിയത് ആമിത്താത്തക്കാണ്. കൂടുതല്‍ മക്കളെ പ്രസവിച്ചതും അവര് തന്നെ.
''കൊറേ ദെവസായല്ലോ ഞ്ഞി വിളിച്ചിട്ട്!''
കാഠിന്യമൊന്നുമില്ല ശബ്ദത്തിന്. സൗമ്യതയോടെയുള്ള പരിഭവം!
''എങ്ങനേണ്ട് സുഖക്കേട്?''
''കൊറവ്ണ്ട്. ഇപ്പം കാണിക്ക്ണത് എകരൂലെ വൈദ്യരെയാണ്. എല്ല് വളഞ്ഞുപോയതാണെന്നാണ് വൈദ്യര് പറഞ്ഞത്. അതുകൊണ്ടാ നടക്കാന്‍ കഴിയാത്തത്ന്ന്. നടക്കാനാക്കിത്തരുംന്നാ പറഞ്ഞത്. പിന്നെന്താ, ഓരോ പോക്കിനും പൈസ നല്ലോണം മാണം!''
''സുഖണ്ടെങ്കില് ആ മരുന്നുതന്നെ കഴിച്ചാമതി''
''അതേള്ളു മോനേ, അഞ്ച് വഖ്ത്തിന് കൈയും കാലും കഴുകി നിസ്‌കരിക്കാനും ന്റെ അത്യാവശ്യത്തിന് നടക്കാനും ആയിക്കിട്ട്യാ മതി. പിന്നെ വയസ്സായില്ലേ, ഇനി ത്രാന്നല്ലേള്ളൂ.''
വളരെ വിസ്തരിച്ചാണ് ആമിത്താത്തയുടെ സംസാരം.
ആമിത്താത്തയും മരണത്തെപ്പറ്റി സൂചിപ്പിക്കുന്നതിനിടയില്‍ കടന്നുവരുന്നത് ഉമ്മച്ചിയുടെയും ബാവ്ച്ചിയുടെയും മരണം തന്നെ.
''ഓല് രണ്ടാളും പോയപോലൊക്കെ പോയാ മത്യായിരുന്നു. ഞ്ഞി വെച്ചോ. കൊറേ നേരായി. ഒരുപാട് പൈസായിറ്റ്ണ്ടാവും. കദീശക്കുട്ടി ഇന്നലെയും വിളിച്ചിരുന്നു. ഓളെയട്ത്ത് ഒന്ന് പോകേണ്ടിരുന്നു. ഞാനെങ്ങനെ പോകാനാ മോനേ. ഒന്ന് മുറ്റത്തേക്കെറങ്ങണെങ്കില് ഒരാള് താങ്ങണം! ഞ്ഞി ഓളട്ത്ത് പോയീനോ?''
''രണ്ട് ദെവസംമുമ്പ് പോയിരുന്നു.''
''എങ്ങനെണ്ട് ഓക്ക്? എണീറ്റ് നടക്ക്വോ?''
''വാക്കറ്ണ്ട്. ഒരുവിധം അതില്‍ പിടിച്ച് നടക്കും!''
''എല്ലാടത്തും പറന്നെത്ത്വായിര്ന്ന്. ഓളായിരുന്നു കൂട്ടത്തില് കൊറച്ചൊക്കെ ആരോഗ്യള്ള ആള്! ഇപ്പളെത്രായി കെടപ്പിലായിട്ട്?''
''എട്ട് മാസം കഴിഞ്ഞ്!''
ഇളയ പെങ്ങളാണ് കദീശ. എനിക്ക് ശേഷം ജനിച്ചവള്‍! ഡിസംബര്‍ അവസാനത്തിലാണ് അവള്‍ക്ക് പെട്ടെന്ന് ഒരു പനി വന്നതും ശരീരം തളര്‍ന്നതും. അപൂര്‍വ രോഗമായ ഗില്ലന്‍ബറീസ് സിന്‍ഡ്രം ആണെന്ന് മെഡിക്കല്‍ കോളേജില്‍ വെച്ച് സ്ഥിരീകരിച്ചു. ഗില്ലന്‍ബറീസ് നാഡിഞരമ്പുകളെ തളര്‍ത്തിയിടുകയാണ് ചെയ്യുന്നത്. ഇരുപത്തി അയ്യായിരം രൂപ വിലയുളള അഞ്ച് ഇഞ്ചക്ഷനുകള്‍ തുടര്‍ച്ചയായി കൊടുത്തു. അതുകൊണ്ടാണ് പോലും രക്ഷപ്പെട്ടത്. ശരീരം അനക്കാന്‍ പോലും കഴിയാതെ രണ്ട് മാസത്തോളം ഐ.സി.യുവിലായിരുന്നു. പിന്നെ, ഡിസ്ചാര്‍ജായി വീട്ടില്‍ കട്ടിലില്‍ കിടപ്പാണ്. പിടിച്ചെഴുന്നേല്‍പിച്ച് നിര്‍ത്തിയാല്‍ മെല്ലെ വാക്കറില്‍ നടക്കും. മുച്ചക്ര വാഹനമുള്ളതുകൊണ്ട് ഇടക്ക് അവിടെ പോകും. വിവരങ്ങളന്വേഷിക്കും. അല്ലാത്ത ദിവസങ്ങളില്‍ ഫോണില്‍ സംസാരിക്കും.
കാരാടിയിലെ വീട്ടില്‍ ഇവരെല്ലാം യൗവനത്തിന്റെ തുടിപ്പുമായി ഊര്‍ജസ്വലതയോടെ നടന്ന ഒരു കാലമുണ്ടായിരുന്നു. ആ ഓര്‍മകള്‍ ഇപ്പോഴും മനസ്സിലുണ്ട്. ഉമ്മാക്ക് നേരാംവണ്ണം ഞങ്ങളെ നോക്കാന്‍ കഴിഞ്ഞിരുന്നില്ല. ബാപ്പക്ക് ചായക്കച്ചവടമായിരുന്നു. എന്നും തിരക്കു പിടിച്ച ജോലിക്കാരിയായിട്ടേ ഉമ്മയെ കണ്ടിട്ടുള്ളൂ. പിടിപ്പത് പണിയുണ്ടാവും. അപ്പോഴെല്ലാം ഞങ്ങള്‍ക്ക് ആശ്വാസം പെങ്ങന്മാര്‍ തന്നെ.
ഊട്ടിയതും ഉറക്കിയതും അവരായിരുന്നു. പെരുന്നാളിന് മേലാകെ എണ്ണ തേച്ചു പിടിപ്പിച്ച് വാസന സോപ്പിട്ട് കുളിപ്പിച്ചതും ചോറ് വിളമ്പിത്തന്നതുമെല്ലാം ഓര്‍മയിലുണ്ട്.
ഇപ്പോള്‍ നാലുപേരും അവശരാണ്. നേരില്‍ കാണാനും കുറേനേരം ഒന്നിച്ചിരുന്ന് വര്‍ത്തമാനം പറഞ്ഞിരിക്കാനും പഴയ നല്ലകാലം അയവിറക്കാനും കൊതിക്കുന്നുണ്ടാവണം അവര്‍. പക്ഷേ, പരസഹായം വേണം ഒന്നിച്ചുകൂടാന്‍. ചെന്ന് കണ്ട് പരസ്പരം സ്‌നേഹം പങ്കുവെക്കുന്നതില്‍ വലിയ താല്‍പര്യമൊന്നും കാണിക്കത്ത പുതിയ തലമുറയുടെ ഇടയിലാണ് അവര്‍ മോഹങ്ങള്‍ അടക്കിവെച്ച് ജീവിക്കുന്നത്. ഫോണില്‍ വിളിക്കുമ്പോഴെല്ലാം ആശ്വസിപ്പിക്കും. ഇനി ഇങ്ങനെയൊക്കെ വിവരങ്ങള്‍ അറിഞ്ഞാല്‍ മതി. പോയി കാണാനൊന്നും ആഗ്രഹിക്കേണ്ട എന്ന്. കുട്ടികളാരോടും ഈ കാര്യത്തില്‍ പരിഭവം വേണ്ട എന്നും പറയും. അവരെല്ലാം സ്വന്തം കുടുംബവും സ്വന്തം കാര്യവും നോക്കിനടക്കുന്നവരായില്ലേ!
''ശരിയാ! എടക്കൊക്കെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഒരാളുണ്ടാവുക എന്നത് വെല്യ കാര്യല്ലെ! അല്ലെ മോനേ?''
''അതേ, വലിയ കാര്യം തന്നെ!''
രാത്രി സമയങ്ങളിലാണ് എല്ലാവരെയും വിളിച്ച് സുഖവിവരങ്ങള്‍ അന്വേഷിക്കാറുള്ളത്. കൈപ്പിടിയില്‍ ഒതുങ്ങുന്ന കൊച്ചുയന്ത്രത്തിലൂടെ ശബ്ദം പെങ്ങന്മാരെ തേടി പുറത്തേക്ക് പോകുന്നു. അവരുടെ ശബ്ദം അതേപോലെ തിരിച്ച് കാതിലെത്തിച്ച് തരുന്നു! സന്തോഷത്തിന്റെ കഥകളല്ല കേള്‍ക്കാറുള്ളത്. എങ്കിലും ശബ്ദങ്ങള്‍ കൈമാറുന്ന യന്ത്രം ഒരാശ്വാസമാണ്. ആ ശബ്ദത്തിലൂടെ അവരുടെ രൂപവും കണ്‍മുമ്പില്‍ തെളിഞ്ഞുവരുന്നു!

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media