എപ്പോഴും നാം അവരോടൊപ്പം ഉണ്ടാകണം
'മനുഷ്യന് അപൂര്‍വ സുഹൃത്തുക്കളെ പരിചയപ്പെടുത്തിക്കൊടുക്കുന്ന ഒന്നാണ് ദുരിതം'- വിശ്വസാഹിത്യകാരന്‍ ഷേക്‌സ്പിയറിന്റെ ഈ വരികള്‍ പലപ്പോഴും നമ്മുടെ ജീവിതത്തോട് ചേര്‍ന്നു വരാറുണ്ട്
'മനുഷ്യന് അപൂര്‍വ സുഹൃത്തുക്കളെ പരിചയപ്പെടുത്തിക്കൊടുക്കുന്ന ഒന്നാണ് ദുരിതം'- വിശ്വസാഹിത്യകാരന്‍ ഷേക്‌സ്പിയറിന്റെ ഈ വരികള്‍ പലപ്പോഴും നമ്മുടെ ജീവിതത്തോട് ചേര്‍ന്നു വരാറുണ്ട്. വേദനകളും തീരാ ദുഃഖങ്ങളും മറവിയില്‍ ആഴ്ന്നുപോകാത്ത കാഴ്ചകളും നല്‍കിയാണ് വീണ്ടും ആഗസ്റ്റ് മാസം നമുക്കു മുമ്പിലേക്കെത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വന്ന അപ്രതീക്ഷിത പ്രളയ ദുരന്തത്തെ നാടും നാട്ടാരും സര്‍ക്കാര്‍ മെഷിനറികളും ഒന്നായി നിന്നു അതിജീവിച്ചെങ്കിലും അതിന്റെ നടുക്കം മായുന്നതിനു മുന്നേയാണ് ഒറ്റ നിമിഷം കൊണ്ട് സമാനമായ മറ്റൊരു ദുരന്തത്തിലൂടെ ഒരുപാട് സഹോദരങ്ങള്‍ നമ്മില്‍നിന്നും വിട്ടുപോയത്. മധ്യകേരളത്തിലെ മിക്ക ജില്ലകളിലും വെള്ളപ്പൊക്കത്താലും ഉരുള്‍പൊട്ടലും മലയിടിച്ചിലും കൊണ്ട് ഒട്ടനേകം പേര്‍ക്ക് ജീവനും ജീവിതവും നഷ്ടപ്പെട്ടതു നാം കണ്ടു.
വീടും വസ്തുവകകളും മാത്രമല്ല ഒരു പ്രദേശം തന്നെ ഭൂപടത്തില്‍നിന്നും മാഞ്ഞുപോകും വിധമാണ് പ്രകൃതി ഒറ്റ നിമിഷം കൊണ്ട് കലിതീര്‍ത്തത്. കണ്ണുചിമ്മിതുറക്കും നേരം കണ്‍മുന്നില്‍ നിന്നും ഉറ്റവര്‍ നഷ്ടപ്പെട്ടുപോയ കാഴ്ച കണ്ടു വിറങ്ങലിച്ചവരും മണ്ണിനടിയില്‍ കാണാതായവരെ തേടി കണ്ണീര്‍ വറ്റാതെ കാത്തിരിക്കുന്നവരും നമുക്കിടയിലുണ്ട്. ഇതെഴുതുമ്പോഴും സേവനസന്നദ്ധരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ ത്യാഗപരിശ്രമങ്ങള്‍ അവരെ കണ്ടെത്താന്‍ വേണ്ടി തുടരുകയാണ്.
വന്നു ഭവിച്ച ഈ നഷ്ടങ്ങളും ദുരിതങ്ങളും പെട്ടെന്നൊന്നും മറക്കാന്‍ അതിനിരയായവര്‍ക്കാവില്ല. പക്ഷേ തളര്‍ന്നുപോകുന്നവരെ താങ്ങിനിര്‍ത്തേണ്ട ബാധ്യത എല്ലാവരിലും വന്നു ചേരുകയാണ്. ഇത്തരം അവസ്ഥകളില്‍ കേരളം ഒന്നാണ് എന്ന് നാം തെളിയിച്ചതുമാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് മാത്രം സാധ്യമാകുന്ന ഒന്നല്ല ദുരന്തത്തിനിരയായവരുടെ പുനരധിവാസം. ആയിരക്കണക്കിന് വീടുകള്‍ പൂര്‍ണമായി നശിച്ചിട്ടുണ്ട്. അതിലുമെത്രയോ അധികം അടുത്തകാലത്തൊന്നും താമസിക്കാന്‍ യോഗ്യമല്ലാത്ത വിധം തകര്‍ന്നിട്ടുണ്ട്. കൃഷികളും ജീവിതോപാധികളും നഷ്ടപ്പെട്ടവരും ഏറെയാണ്.
ഇതുവരെ നമ്മുടെ നാട് ഇക്കാര്യത്തില്‍ കാണിച്ച ഒത്തൊരുമ കൈവിടാതെ നിലനിര്‍ത്തിക്കൊണ്ടു തന്നെ അവരെ ജീവിതത്തിലേക്കു കരയറ്റാനുള്ള ബാധ്യതയാണ് ഇനിയുള്ളത്. സന്നദ്ധ സംഘടനകള്‍, കൂട്ടായ്മകള്‍, റസിഡന്റ് അസോസിയേഷനുകള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഉള്ളവരെല്ലാവരും അതോടൊപ്പം ഓരോ വ്യക്തിയും സമ്പത്തുകൊണ്ടും ആരോഗ്യം കൊണ്ടും മറ്റു വിധേനയും തന്നാല്‍ കഴിയുന്നത് നല്‍കി സഹായിക്കാന്‍ മുന്നോട്ടു വരിക തന്നെ വേണം. കേരളം ഇതുവരെ കാണിച്ച ഒരുമ നഷ്ടപ്പെടാതെ തന്നെ ഈ ദുരന്തത്തെയും നമ്മള്‍ അതിജീവിക്കും എന്ന് നാം ഓരോരുത്തരും പ്രതിജ്ഞയെടുക്കണം.