പ്രസംഗിക്കാന്‍ പഠിപ്പിച്ച ടീച്ചര്‍
എം.ജി.എസ് നാരായണന്‍
സെപ്റ്റംബര്‍ 2019
വിദ്യാര്‍ഥി ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ആദ്യം മനസ്സില്‍ തെളിയുന്നത് പരപ്പനങ്ങാടി ബി.ഇ.എം സ്‌കൂളില്‍ എന്നെ പഠിപ്പിച്ച അന്ന ടീച്ചറെയാണ്.
വിദ്യാര്‍ഥി ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ആദ്യം മനസ്സില്‍ തെളിയുന്നത് പരപ്പനങ്ങാടി ബി.ഇ.എം സ്‌കൂളില്‍ എന്നെ പഠിപ്പിച്ച അന്ന ടീച്ചറെയാണ്. ക്ലാസില്‍ കൂടുതല്‍ മാര്‍ക്കു വാങ്ങുന്ന എന്നോടും സഹപാഠി ക്രിസ്റ്റിയോടും ടീച്ചര്‍ക്ക് പ്രത്യേക ഇഷ്ടമായിരുന്നു. ഞങ്ങളെ പഠന-പാഠ്യേതര വിഷയങ്ങളില്‍ ടീച്ചര്‍ പ്രോത്സാഹിപ്പിക്കുക പതിവായിരുന്നു.
അന്നടീച്ചറുടെ പ്രോത്സാഹനത്തിലൂടെയാണ് ഞാനാദ്യമായി പ്രസംഗവേദിയിലെത്തുന്നത്. ചെറുപ്പത്തില്‍ വളരെ ലജ്ജാലുവായ കുട്ടിയായിരുന്നു ഞാന്‍. അങ്ങനെയുള്ള എന്നെ പ്രത്യേകം വിളിച്ചുകൊണ്ടുപോയി പ്രസംഗിക്കാന്‍ ടീച്ചര്‍ പഠിപ്പിക്കും. മടിയും ലജ്ജയും കാരണം ഞാന്‍ പിന്മാറാന്‍ ശ്രമിക്കുമ്പോള്‍, നിന്നെകൊണ്ട് സാധിക്കുമെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കും. പഞ്ചതന്ത്ര കഥകളും മറ്റും പറഞ്ഞ് പ്രസംഗിക്കാന്‍ അവര്‍ പഠിപ്പിക്കുമായിരുന്നു. കൂടാതെ ബിസ്‌കറ്റും ചോക്ലേറ്റും നല്‍കി ഭയമില്ലാതെ വേദിക്കു മുന്നില്‍ നില്‍ക്കാന്‍ ടീച്ചര്‍ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു.
അങ്ങനെ അവരുടെ നിര്‍ബന്ധം കാരണമാണ് ഞാനാദ്യമായി സ്‌കൂളിലെ പ്രസംഗ വേദിയിലെത്തുന്നത്. അപ്പോള്‍ സദസ്സില്‍ സ്‌കൂളിലെ മുഴുവന്‍ കുട്ടികളെയും കണ്ട ഞാന്‍ അമ്പരന്നു. തൊണ്ടയിലെ വെള്ളം വറ്റി. ഭയാശങ്കകളോടെ സ്റ്റേജില്‍ നില്‍ക്കുന്ന എന്റെ ചെവിയില്‍ അപ്പോള്‍ ഭൂകമ്പം പോലെ മുരള്‍ച്ച അനുഭവപ്പെടുന്നുണ്ടായിരുന്നു. സദസ്സിന്റെ ഒരു കോണില്‍ ടീച്ചര്‍ നില്‍പ്പുണ്ട്. പുഞ്ചിരി തൂകി കൊണ്ട് ആംഗ്യരൂപേണ ടീച്ചര്‍ എന്നോട് പ്രസംഗിക്കാന്‍ പറഞ്ഞു. അവര്‍ നല്‍കിയ ധൈര്യത്തില്‍ ഞാന്‍ പ്രസംഗിച്ചു. നിര്‍ത്താതെയുള്ള കരഘോഷമാണ് ഒടുവില്‍ ഞാന്‍ കേട്ടത്. എന്റെ തലയില്‍ തലോടി കൊണ്ട്, നീയൊരു പ്രാസംഗികനായി തീരുമെന്ന് ടീച്ചര്‍ അനുഗ്രഹിച്ചു. എന്റെ പ്രസംഗ ജീവിതത്തിലെ തുടക്കമായിരുന്നു ആ ദിനം.
അന്ന ടീച്ചറുടെ പ്രോത്സാഹനം എന്നെ ഉത്സാഹഭരിതനാക്കി. കൂടുതല്‍ സംസാരിക്കുന്നതിന് ധാരാളം ഞാന്‍ വായിക്കാന്‍ തുടങ്ങി. ചിന്തിക്കാന്‍ തുടങ്ങി. ഇതോടെ പ്രസംഗ വേദികളില്‍ എനിക്ക് കൂടുതല്‍ വിജയിക്കാന്‍ സാധിച്ചു. മുതിര്‍ന്നതിനുശേഷം ഞാന്‍ അന്നടീച്ചറെ തേടി സ്‌കൂളില്‍ പോയി. അപ്പോഴേക്കും അവിടെനിന്നും മാറിപ്പോവുകയും അധ്യാപക വൃത്തിയില്‍നിന്നും വിരമിക്കുകയും ചെയ്തതായി അറിഞ്ഞു. അന്നടീച്ചറുടെ സ്‌നേഹപൂര്‍ണമായ നിര്‍ബന്ധത്തിലൂടെ പ്രസംഗ വേദിയിലെത്തിയ എന്നില്‍ ഇപ്പോഴും അവരുടെ ഓര്‍മകള്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.
പത്താം തരം കഴിഞ്ഞ് സാമൂരിയന്‍സ് കോളേജില്‍ ഇന്റര്‍മീഡിയറ്റ് ക്ലാസിലെത്തിയപ്പോള്‍ എന്നെ ചരിത്രം പഠിപ്പിച്ചത് കെ.വി കൃഷ്ണയ്യര്‍ സാറായിരുന്നു. സാമൂരിന്‍സ് ഓഫ് കാലിക്കറ്റ് എന്ന പുസ്തകത്തിന്റെ ഗ്രന്ഥകര്‍ത്താവാണ് അദ്ദേഹം. കോയമ്പത്തൂര്‍ സ്വദേശിയായ അദ്ദേഹം കോഴിക്കോട് തളിക്ഷേത്രത്തിനടുത്തായിരുന്നു താമസിച്ചിരുന്നത്. തലപ്പാവുംവെച്ച് കോട്ടും ടൈയും ധരിച്ച് ക്ലാസില്‍ വരുന്ന അദ്ദേഹത്തോട് എല്ലാവര്‍ക്കും വലിയ ബഹുമാനമായിരുന്നു.
ക്ലാസ് മുറിയിലെ പഠനത്തിനപ്പുറം ഒരു ലോകമുണ്ടെന്നും അവിടെനിന്നും ഏറെ പഠിക്കാനുണ്ടെന്നും അദ്ദേഹം പറയുമായിരുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹം വിദ്യാര്‍ഥികളായ ഞങ്ങളെയും കൂട്ടി യാത്ര ചെയ്തു ചരിത്രപ്രധാന സ്ഥലങ്ങളെല്ലാം കാണിച്ചുതന്നു. തിരുന്നാവായ കൊണ്ടുപോയി ക്ഷേത്രങ്ങളും കോവിലകങ്ങളും കാണിച്ചു തന്നു. മാമാങ്കത്തിന്റെ ചരിത്ര പശ്ചാത്തലം പഠിപ്പിച്ചു തന്നു. അക്കാലത്ത് ചരിത്രപ്രധാന സ്ഥലങ്ങളോ, കോവിലകങ്ങളോ, മ്യൂസിയങ്ങളോ കാണിച്ച് പഠിപ്പിക്കുന്ന സമ്പ്രദായം ഇല്ലായിരുന്നു. ഞങ്ങളെ സംബന്ധിച്ചേടത്തോളം അതിനെല്ലാം തുടക്കം കുറിച്ചത് കൃഷ്ണയ്യര്‍ സാറായിരുന്നു. ഇതിലൂടെ ജീവിക്കുന്ന ചരിത്രവുമായി ഞങ്ങളെ ബന്ധപ്പെടുത്തുകയായിരുന്നു അദ്ദേഹം. കേരളത്തിലുടനീളം ഞങ്ങള്‍ യാത്ര ചെയ്തു. പഠിച്ചു.
കൃഷ്ണയ്യര്‍ സാര്‍ ചെയ്ത മറ്റൊരു പ്രധാന കാര്യം, ഒരു ഇന്റര്‍മീഡിയറ്റ് കോളേജില്‍ സാധാരണ ലഭ്യമല്ലാത്ത വിദേശ പത്രമാസികകള്‍ ലൈബ്രറിയില്‍ വരുത്തുകയായിരുന്നു. അവയെല്ലാം ഞങ്ങളെക്കൊണ്ട് വായിപ്പിക്കും. അത് ഞങ്ങള്‍ക്ക് വളരെ പ്രയോജനപ്പെട്ടു. പുതിയ കാര്യങ്ങള്‍ അറിയാനും പഠിക്കാനും സാധിച്ചത് അദ്ദേഹത്തിന്റെ ഇടപെടല്‍ കൊണ്ടായിരുന്നു. വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി പുസ്തകങ്ങളെ പരിചയപ്പെടുത്താനും പഠിപ്പിച്ചുതരാനും സാറിന് മടിയില്ലായിരുന്നു. ചരിത്രത്തെ സൂക്ഷ്മ നിരീക്ഷണങ്ങളിലൂടെ വിശകലനം ചെയ്യുന്ന അദ്ദേഹത്തിന്റെ രീതി എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഞാന്‍ ചരിത്രകാരനാവാനുള്ള പ്രചോദനവും വഴികാട്ടിയും കൃഷ്ണയ്യര്‍ സാറായിരുന്നു.
ജോലിയില്‍നിന്നും വിരമിച്ചതിനുശേഷവും വിദ്യാര്‍ഥികളോടൊപ്പം പഠനയാത്രകളിലും സെമിനാറുകളിലും പങ്കെടുത്തു. ഗവേഷണവും പഠനവും അദ്ദേഹം തുടര്‍ന്നു. ഇതിന്റെ ഫലമായി ധാരാളം ഉപന്യാസങ്ങളും ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിക്കുകയുണ്ടായി.
ഞാനൊരു ഗവേഷണ വിദ്യാര്‍ഥിയായി. പിന്നീട് അധ്യാപകനായി. അക്കാലത്തും അദ്ദേഹം ഒരു സഞ്ചിയും തൂക്കി തന്റെ ഗവേഷണവും യാത്രയും തുടര്‍ന്നു. കൂട്ടത്തില്‍ ഞാനും പോയിരുന്നു. ഒടുവില്‍ ഗവേഷണങ്ങളെല്ലാം അവസാനിപ്പിച്ച് അദ്ദേഹം മറ്റൊരു ലോകത്തേക്ക് യാത്രയായി. എന്നാല്‍ എന്റെ ഓരോ യാത്രയിലും അന്വേഷണത്തിലും അദ്ദേഹത്തിന്റെ സാന്നിധ്യം ഞാന്‍ തിരിച്ചറിയുന്നു. കെ.വി കൃഷ്ണയ്യര്‍ എന്ന എന്റെ ഗുരുവിനെ ഓര്‍ക്കാതെ എങ്ങനെ എനിക്ക് എന്റെ ഗവേഷണങ്ങള്‍ തുടരാന്‍ സാധിക്കും.