ഇടിമുഴങ്ങുന്നതും പഴം മുറിയുന്നതും
പി.കെ ഗോപി
സെപ്റ്റംബര്‍ 2019
ഓരോകുട്ടിയും കവിത ചൊല്ലി. പത്മനാഭന്‍ മാഷ് വിരല്‍ ഞൊടിച്ചു താളമിട്ടും ആസ്വദിച്ചും ആരോടെന്നില്ലാതെ ചിരിച്ചും ക്ലാസില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു
ഇടിവെട്ടീടുംവണ്ണം/വില്‍മുറിഞ്ഞൊച്ചകേട്ടു
നടുങ്ങീരാജാക്കന്മാര്‍/ഉരഗങ്ങളെപോലെ....
ഓരോകുട്ടിയും കവിത ചൊല്ലി. പത്മനാഭന്‍ മാഷ് വിരല്‍ ഞൊടിച്ചു താളമിട്ടും ആസ്വദിച്ചും ആരോടെന്നില്ലാതെ ചിരിച്ചും ക്ലാസില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. രാമായണമെന്നോ സീതാസ്വയംവരെമെന്നോ മനസ്സിലാക്കാത്ത കുട്ടികള്‍ തോന്നുംപടി ഉച്ചരിച്ച്, കാലാതിവര്‍ത്തിയായ കവിതയുടെ കണികാംശം നാവിലിറ്റിച്ചു. എല്ലാവരും കവിത ചൊല്ലികഴിഞ്ഞു. ക്ലാസില്‍ ആഹ്ലാദം നിറഞ്ഞു.
നീളന്‍ കുപ്പായമിട്ട് നിവര്‍ന്നുനടക്കുന്ന പത്മനാഭന്‍ മാഷിനെ കാണാന്‍ ഒരഴകുണ്ട്. മെലിഞ്ഞ ശരീരപ്രകൃതി, എണ്ണതേച്ചമുടി ഒരിഴപോലുമിളകാതെ പുറകോട്ടു ചീകിവെക്കും. കരയുള്ള ഖദര്‍ മുണ്ടാണ് ഉടുക്കുക. അലക്കിതേച്ച ഒരു ഖദര്‍ ഷാള്‍ മിക്കപ്പോഴും തോളിലുണ്ടാവും. ബാഗും കുടയും മണ്ണിനെ നോവിക്കാത്ത ആ നടത്തം. ഓര്‍മയിലിപ്പോഴും അവസാനിച്ചിട്ടില്ല. ഇടവഴി പിന്നിട്ട് പഞ്ചായത്തുറോഡിലൂടെ സ്‌കൂള്‍ മൈതാനം കടന്ന് പടവുകള്‍ കയറി ഓഫീസിലേക്ക് പോകുന്ന പത്മനാഭന്‍ മാഷിനെ കാണുമ്പോള്‍ എല്ലാവരും ചിരിച്ച് കൈകൂപ്പും. കുട്ടികള്‍ വഴിയൊഴിഞ്ഞു നില്‍ക്കും. ചന്ദനഗന്ധമുള്ള കാറ്റ് എല്ലാവരോടും പറഞ്ഞ് നടക്കും. ഹെഡ്മാസ്റ്റര്‍ വന്നിട്ടുണ്ട്.
അധ്യാപകന്‍ ആരെങ്കിലും അവധിയെടുത്താല്‍ ആ ക്ലാസിലേക്ക് ഹെഡ്മാസ്റ്റര്‍ വരും. മലയാളം ക്ലാസാണ് മാഷിനിഷ്ടം. എല്ലാവരെയും പരിഗണിച്ചേ പെരുമാറുകയുള്ളൂ. പേരെടുത്തുവിളിക്കും. ചിരിക്കും, തോളില്‍ തട്ടും. വീട്ടിലെ വിശേഷം ചോദിക്കും. അച്ഛനെ അന്വേഷിച്ചതായി പറയും. ഒരേയൊരു പച്ചഷര്‍ട്ടു മാത്രമുണ്ടായിരുന്ന എനിക്ക് പച്ച ഗോപി എന്ന് ഇരട്ടപേരിട്ടത് പത്മനാഭന്‍ മാഷാണ്. അതില്‍ എനിക്കൊട്ടും വിഷമം തോന്നിയിട്ടില്ല. പച്ച ഒരു മോശം പദമല്ലല്ലോ. പ്രകൃതിയുടെ ആകെ അടിസ്ഥാനവര്‍ണം എന്റെ പേരിന് ചാര്‍ത്തി തന്ന മാഷിന് നമസ്‌കാരം!
അതിമനോഹരമായി മലയാളം വായിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന മത്തായി മാഷ് മഞ്ഞപിത്തം ബാധിച്ച് അവധി എടുത്തപ്പോഴാണ് പത്മനാഭന്‍ മാഷ് ക്ലാസിലേക്ക് വരുന്നത്. അധികാര സ്വഭാവങ്ങളൊന്നും മാഷിന് വശമില്ല. വടിയോ ശകാരമോ ശാപവാക്കോ പ്രയോഗിക്കേണ്ടി വരാറില്ല. മത്തായി മാഷും പത്മനാഭന്‍ മാഷുമൊക്കെ ക്ലാസില്‍ കയറിയാല്‍ കുട്ടികള്‍ സന്തുഷ്ടരാണ്. ഭയന്നും കുനിഞ്ഞും വിറച്ചും സമയത്തെ പഴിക്കേണ്ട അവസാനത്തെ ബഞ്ചിലെ അവസാന വിദ്യാര്‍ഥി മുതല്‍ മുന്‍നിരയിലെ ഒന്നാം വിദ്യാര്‍ഥിവരെ കവിത ചൊല്ലണമെന്നത് പത്മനാഭന്‍ മാഷിന്റെ നിര്‍ദേശമായിരുന്നു. ഒരുപദം... എത്രതരം ഉച്ചാരണം! ഒരേ അര്‍ഥം.... എത്ര ഭാവവൈവിധ്യം!! ക്ലാസ് രാസവിസ്മയങ്ങളിലൊഴുക്കി തുളുമ്പുന്നു. സമയം പോകുന്നതറിയുന്നേയില്ല. വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വിഷമിക്കുന്നവരും കൂട്ടായിരുന്ന വാക്കിനെ മുറിച്ചു മാറ്റിയവരും വാക്കിന്മേല്‍ അധികഭാരമേല്‍പിച്ചവരും പലവതവണ തിരുത്തപ്പെട്ടു. അതൊരു വിലപ്പെട്ട പാഠമായിരുന്നു. തൊണ്ടയില്‍ വരുന്ന നാദത്തെ വാക്കായി മാറ്റുന്ന അത്ഭുതവിദ്യ ആരറിഞ്ഞു. നാവിന്റെ വ്യത്യസ്ത സുന്ദരമായ ചലനങ്ങളെ ആരു പഠിച്ചു? പറഞ്ഞുതന്നു?
'വായില്‍ വരുന്നത് കോതയ്ക്ക് പാട്ട്' പഴഞ്ചൊല്ലാണോ? അല്ല, എന്നുപറയാന്‍ തോന്നുന്നു. അത് ഏതു കാലത്തെയും പുതിയ ചൊല്ലാണ്. പദം ഉച്ചരിക്കുന്നവരുടെ പരിശുദ്ധപാഠം.'
'ഇടിമുഴങ്ങുന്നത് പഴം മുറിക്കുന്നതുപോലെയാണോ?' പത്മനാഭന്‍ മാഷിന്റെ ചോദ്യം. ക്ലാസില്‍ എല്ലാ മുഴക്കങ്ങളും നിലച്ചു!
'ഇടിവെട്ടീടും വണ്ണം....' ഇഴപൊട്ടുന്നതുപോലെയാണോ?
'വില്ല് മുറിയുന്നത് പുല്ലുമുറിയും പോലെയാണോ?
'രാജാക്കന്മാര്‍ നടുങ്ങുന്നത് അനങ്ങാപ്പാറ പോലെയാണോ?
'ഉരഗങ്ങളെപ്പോലെ' എന്നത് വടിപോലെ നിവര്‍ന്നാണോ?
കഠിനബലമുള്ള പല്ലുകള്‍ക്കിടയില്‍ മുറിവേല്‍ക്കാതെ മൃദുവായ നാവ് എങ്ങനെ സുരക്ഷിതമായി ചലിക്കുന്നുവെന്ന് അക്ഷരം ഉച്ചരിപ്പിച്ചും വാക്കിനെ മെരുക്കുന്ന വിദ്യ പരിശീലിപ്പിച്ചും അക്ഷരങ്ങള്‍ക്കിടയില്‍ മറഞ്ഞു കിടക്കുന്ന ഭാവങ്ങളെ എങ്ങനെ പുറത്തെടുക്കാമെന്ന് അഭ്യസിപ്പിച്ചു. ഓരോ വിദ്യാര്‍ഥിക്കും ഓരോ വാക്ക്. അതിന്റെ ഭാവചൈതന്യം... ദുഃഖം... പ്രതിഷേധം... വിരഹം... ശക്തി... ശാന്തി... എല്ലാമെല്ലാം കവിതയുടെ ആത്മ ഭാഗ്യമെന്ന് അവസാന നിശ്ചയം. അതാണ് വാക്ക് ഉള്ളിലുറച്ചവന്റെ ബോധ്യം.
ഭാവഭദ്രമായി കവിത ചൊല്ലിയാല്‍ ആക്ഷേപം പറയാന്‍ മടിയില്ലാത്ത ചില അത്യന്താധുനിക അധ്യാപകരെ അറിയാം. അവര്‍ പക്ഷേ പത്മനാഭന്‍ മാഷിന്റെ ക്ലാസില്‍ ഇരിക്കാന്‍ ഭാഗ്യം ലഭിക്കാതെ പോയ കരിയില പ്രമാണിമാര്‍ എന്നേ തോന്നിയിട്ടുള്ളൂ.
ഏത് മൗനത്തിനും നിലവിളിക്കും സന്ദര്‍ഭോചിതമായ ഭാവാര്‍ത്ഥപ്പൊലിമയുണ്ട്. മലയാളം ക്ലാസില്‍ പ്രവേശിക്കുന്ന അധ്യാപകന്‍ സഹൃദയനല്ലെങ്കില്‍ മാര്‍ക്കിനുവേണ്ടിയുള്ള കുറിക്കുവഴികളില്‍ നാം അകപ്പെട്ടുപോകും. പാഠപുസ്തകങ്ങളിലെ ഒറ്റവകവിതയുടെ ഏതാനും വരികളുമായി രാമായണ പശ്ചാത്തലം മുഴുവന്‍ വിവരിച്ചുതന്ന പത്മനാഭന്‍ മാഷ് എന്റെ ഭാഷ ഗുരുവാകുന്നു. ഏതു വാക്കിലും പ്രപഞ്ചത്തിന്റെ മൗനമോ മന്ദഹാസമോ കുടിയിരിക്കാമെന്ന് ബോധ്യപ്പെടുത്തിയ നിത്യചൈതന്യയതി എനിക്ക് ഭാവഗുരുവാകുന്നു. കരഞ്ഞും ചിരിച്ചും ക്ഷോഭിച്ചും കാര്‍ഷിക വൃത്തിയിലും പട്ടിണിയിലും യാതനയിലും പുരാണ കാവ്യപാരായണത്തില്‍നിന്ന് മനസ്സ് വേര്‍പ്പെടുത്താത്ത അച്ഛന്‍ എന്റെ ജീവിത ഗുരു. ഏതുവാക്കിനെയും വാത്സല്യത്തിലലിയിച്ച് മാറോടുചേര്‍ത്ത അമ്മ എന്റെ കാവ്യ ഗുരു. സ്‌നേഹഗുരു! ഒറ്റവാക്കന്റെ പോലും -ഒരു പിലിയുടെയെങ്കിലും- വാ കീറി അര്‍ഥങ്ങളുടെ മഹാവിശ്വം കാണാത്ത അല്‍പജ്ഞാനിയായി ഇതെഴുതുമ്പോള്‍ പ്രാര്‍ഥിക്കുന്നു:
വിത്തിന്റെയുള്ളിലെ വൃക്ഷമൗനം
ഹൃത്തിന്റെ വാക്കിലെ വിശ്വമൗനം
ഒറ്റയ്ക്കടയിരുന്നെത്രകാലം
സത്യത്തെ മുട്ടിവിളിച്ചമൗനം!