നല്ല പാഠങ്ങള്‍ അധ്യാപകരില്‍നിന്നാവട്ടെ 

കെ.പി ആഷിക്  
സെപ്റ്റംബര്‍ 2019

മറ്റു സേവനമേഖലകളെ അപേക്ഷിച്ചു പൊതുമേഖല/സര്‍ക്കാര്‍ സേവന മേഖലകളുടെ പ്രസക്തി എന്നത്, അതിനുമാത്രമേ  മുന്‍വിധികളും  വിവേചനങ്ങളുമില്ലാതെ പൊതു സമൂഹത്തോടും ആവശ്യക്കാരോടും ഏറെ നീതിപൂര്‍ണമായും അനുകമ്പാപൂര്‍ണമായും പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നതാണ്. എന്നാല്‍ സാമൂഹിക സംവിധാനങ്ങളുടെ സ്വയം സമര്‍പ്പിത സേവനമേഖല എന്ന പരികല്‍പനയില്‍നിന്നും മാറി ഇത്തരം സംവിധാനങ്ങള്‍ അഴിമതിയുടെയും അക്രമത്തിന്റെയും സ്വജനപക്ഷപാതിത്വത്തിന്റെയും വഴിയെ നീങ്ങുന്ന കാഴ്ചകളാണ് നാം നിത്യേന കാണുന്നത്. നീതിപൂര്‍വകമല്ലാത്ത സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഇരകളായി ജീവിക്കുന്നവരും മരിച്ചവരും അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. മൂല്യബോധത്തോടെ സമൂഹസൃഷ്ടി നടത്തുന്നതിന് അടിത്തറ പാകേണ്ട വിദ്യാലയങ്ങള്‍ പോലും ചോരക്കറയാല്‍ വിറങ്ങലിച്ചുനില്‍ക്കുന്ന അവസ്ഥയാണ് നാം കാണുന്നത്. വിദ്യയുടെ സരസ്വതീക്ഷേത്രങ്ങളാകേണ്ട കലാലയ മുറ്റങ്ങള്‍ സഹപാഠിയുടെ ചോരയുറ്റി വീഴ്ത്തുന്ന കുരുക്ഷേത്ര ഭൂമിയായി മാറിക്കൊണ്ടിരിക്കുകയാണ്. ധാര്‍മികതയുടെ ബാലപാഠങ്ങള്‍ പകര്‍ന്നുനല്‍കേണ്ട അധ്യാപകര്‍പോലും പക്ഷം പിടിച്ചും ചേരിതിരിഞ്ഞും നിസ്സംഗത നടിച്ചും നടക്കുന്ന വേദനയുള്ള അവസ്ഥകളാണ് ചുറ്റും.
സമീപകാലങ്ങളിലുണ്ടായ സംഭവവികാസങ്ങള്‍  അന്തൂരിലെ വ്യവസായിയുടെ ആത്മഹത്യയും, കേരള യൂനിവേഴ്‌സിറ്റിയിലെ കത്തിക്കുത്തും, ജയിലിലെ ഉരുട്ടിക്കൊലയുമൊക്ക- കാണുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുക ഇത് കേവലമൊരു രാഷ്ട്രീയപ്രശ്‌നം മാത്രമല്ല, മറിച്ച് സമൂഹത്തിലെ  പ്രത്യേകിച്ച്, വിദ്യാഭ്യാസരംഗത്തെയും പൊതുമേഖലയിലെയും അപചയത്തിന്റെ പ്രശ്‌നമാണ് എന്നാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേവലം അറിവുനിര്‍മാണ ശാലയാകുമ്പോള്‍ അവിടെ കൂട്ടായ്മയും സ്‌നേഹവും നീതിബോധവും അന്യമായി മാറുന്നു. നേരിന്റെയും നന്മയുടെയും വക്താക്കളായി മാറേണ്ട അധ്യാപകര്‍ അങ്ങനെ മാറാതിരിക്കുമ്പോള്‍ ആര്‍ക്കും ആരോടും പ്രതിബദ്ധതയില്ലാത്ത ഒരു സമൂഹം സൃഷ്ടിക്കപ്പെടുന്നു അവന്റെ മുന്നില്‍ മാനവസ്‌നേഹമോ മൂല്യബോധമോ സമൂഹത്തിന്റെ സൃഷ്ടിപ്പോ ഒന്നും ഇല്ല. ഇത്തരം പരിസരത്തിലൂടെ വാര്‍ത്തെടുക്കപ്പെടുന്ന വിദ്യാര്‍ഥിയും അവനിലൂടെ സൃഷ്ടിക്കപ്പെടുന്ന സമൂഹവും അരാജകത്വത്തിന്റെ ചുക്കാന്‍ പിടിക്കുന്നവരായി മാറുന്നതില്‍ സംശയമില്ല. അധികാരം ഉപയോഗിക്കാനുള്ള ഉപാധി മാത്രമാകുന്നു ഇത്തരം തലമുറകള്‍ക്ക് ജോലിയും ജീവിതവും. ഇത്തരം ആളുകള്‍ക്ക്  ഒത്താശ പാടാന്‍ നമ്മുടെ രാഷ്ട്രീയ- മത സംഘടനകളില്‍ ചിലരെങ്കിലും കൂട്ടുനില്‍ക്കുന്നു.
പ്രതീക്ഷ നല്‍കുന്നതായിരിക്കണം നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അവര്‍ക്ക് ദിശ നിര്‍ണയിക്കുന്ന അധ്യാപകരും. കുട്ടികളുടെ വൈകാരിക-സാമൂഹിക പശ്ചാത്തലം മനസ്സിലാക്കി, ലോകത്തെ മനസ്സിലാക്കി മുന്നേറാനുള്ള ചങ്കൂറ്റം ഉണ്ടാക്കിക്കൊടുക്കുന്നതായിരിക്കണം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. അതിനു ചുക്കാന്‍ പിടിക്കുന്നവരായിരിക്കണം അധ്യാപകര്‍. ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞത് ചിന്തിപ്പിക്കുന്ന കാര്യമാണ്. ജപ്പാനിലെ ക്ലാസ്സ് മുറിയില്‍ ഹൈഡ്രജന്‍ ഉപയോഗിച്ച് കാര്‍ ഓടുന്ന സാങ്കേതിക വിദ്യയെക്കുറിച്ച് കുട്ടികള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ നമ്മുടെ കലാലയങ്ങള്‍ ഹനുമാന്റെ ജാതിയെക്കുറിച്ച് ചര്‍ച്ചചെയ്യുന്നു. മനുഷ്യരെ പരസ്പരം അപരവല്‍ക്കരിക്കുകയും നീതി നിഷേധിക്കുകയും ചെയ്യുന്ന സാമൂഹിക വ്യവസ്ഥിതിയാണ് നമ്മില്‍ പുലര്‍ന്നുകൊണ്ടിരിക്കുന്നത്. തൊട്ടുകൂടായ്മയുടെയും അസ്പൃശ്യതയുടെയും വേരുകള്‍ ഇന്നും സമൂഹത്തില്‍ പിഴുതെറിയപ്പെടുകയല്ല, പൂര്‍വാധികം ശക്തിയോടെ നിലനില്‍ക്കുകയാണ്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും അധ്യാപകരുടെ ധര്‍മബോധത്തിന്റെയും അപചയമാണിത്. സാധാരണക്കാരന് നീതിബോധം തോന്നിപ്പിക്കേണ്ട പൊതുമേഖലകള്‍ അയാളില്‍ അപകര്‍ഷ ബോധം സൃഷ്ടിക്കുന്നു. എന്തുകൊണ്ട്  സഹപാഠിയെ കുത്തിക്കൊല്ലുന്ന വിദ്യാര്‍ഥി ഉാവുകയും  പൊതുജനത്തിന് നന്മ ചൊരിയേണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഇല്ലാതാവുകയും ചെയ്യുന്നു എന്നതിന്റെ കാരണം അന്വേഷിക്കുമ്പോള്‍ കണ്ടെത്താന്‍ കഴിയുന്നത് അവര്‍ക്ക് പകര്‍ത്താന്‍ മാതൃകകള്‍ ഇല്ലാതാവുന്നു എന്നതാണ്. നാം കുറേക്കൂടി ഗൗരവമായി നമ്മുടെ കര്‍മങ്ങളെ ഉള്‍ക്കൊള്ളേണ്ടതുണ്ട്. രാഷ്ട്രീയ നേതാക്കളും അധ്യാപകരും പൊതുസേവനമേഖലയിലെ ഉദ്യോഗസ്ഥരും നീതിബോധത്തോടെ കര്‍മാധിഷ്ഠിത മായി പ്രവര്‍ത്തിക്കേണ്ടത് സമൂഹത്തിന്റെ പുതുസൃഷ്ടിക്ക് അത്യന്താപേക്ഷിതമാണ്. ഇവിടെയാണ് നല്ല മാതൃകകള്‍ കാഴ്ചവെക്കാന്‍ ഉതകുന്ന നല്ല പാഠങ്ങള്‍ നല്‍കുന്ന അധ്യാപകരുടെ പ്രസക്തി.
സമൂഹത്തിലെ അപചയത്തിനു കാരണം നമ്മളോരോരുത്തരില്‍നിന്നും അന്യമായിക്കൊണ്ടിരിക്കുന്ന നൈതികതയാണ്. നൈതികത എന്നത് സ്വയം ബോധ്യപ്പെടുത്തല്‍ കൂടിയാണ്. അവഗണിക്കുന്നു എന്ന തോന്നല്‍ ഒരാളില്‍ ഉണ്ടാക്കുന്ന ആത്മനിന്ദ വളരെ വലുതാണ്. പൊതുമേഖലയില്‍ ഇത് സാര്‍വത്രികമാണ്. സ്വന്തം അഭിപ്രായത്തിനോ തീരുമാനം അവതരിപ്പിക്കുന്നതിനോ ഒരു അവസരവും കിട്ടാതെ വരുമ്പോള്‍ ആദ്യമതൊരു അസഹ്യതയായും പിന്നീട് നിസ്സംഗതയായും അതു കഴിഞ്ഞ് ഇടപെടാതിരിക്കലാണ് നല്ലത് എന്ന തോന്നലിലേക്കും ഇത് കൊണ്ടെത്തിക്കും. ബുദ്ധിപരമായ ഒരടിമത്തത്തിലേക്കാണ് ഇത് നയിക്കുക. ഇത് പൊതു സേവനമേഖലയില്‍ പടര്‍ന്നുപിടിക്കുമ്പോള്‍ അതുണ്ടാക്കുന്ന അപചയം ഭീകരമാണ്. ആത്മാഭിമാനം നഷ്ടപ്പെടുന്നയാള്‍ക്കുള്ള അമര്‍ഷവും അസ്വസ്ഥതയും അയാളുടെ പ്രവര്‍ത്തനങ്ങളെ വളരെയധികം ദോഷകരമായി ബാധിക്കും. ഒരുല്‍പാദന പ്രക്രിയയില്‍ ഭൂമി, മൂലധനം എന്നിവയേക്കാള്‍ പ്രധാനപ്പെട്ടത് തൊഴിലാളിയെന്നാണ് കാള്‍ മാര്‍ക്‌സ് എഴുതിയത്. Workers are the Perishable Commodity എന്നാണ് മാര്‍ക്‌സ് തൊഴിലാളിയെ വിശേഷിപ്പിച്ചത്. അതുകൊണ്ടുതന്നെ ഓരോ തൊഴിലാളിയെയും അവരര്‍ഹിക്കുന്ന തലത്തിലേക്ക് ഉയര്‍ത്തേണ്ടതുണ്ട്. അയാളില്‍ ഉന്നതമായ ബോധ്യം ഉണ്ടാക്കേണ്ടതുണ്ട്. ഈ ബോധ്യം സ്വയം ആരാണെന്നും തന്റെ പങ്ക് ഒരു സമൂഹത്തിലും താനിടപെടുന്നിടത്തും എങ്ങനെയായിരിക്കണമെന്നും അയാളെ ചിന്തിപ്പിച്ചുകൊണ്ടിരിക്കും. പക്ഷേ ഇത്തരം ആശയപരിസരത്തു നില്‍ക്കുന്നവര്‍ക്കു പോലും അതിനു സാധിക്കാതെ വരുന്നതിന്റെ ഉദാഹരണങ്ങള്‍ ഏറെ നാം കേട്ടുകൊണ്ടിരിക്കുന്നു. നാം ആരാണെന്നു തിരിച്ചറിയുകയും തന്റെ കര്‍ത്തവ്യങ്ങളും ധര്‍മങ്ങളും എന്താണെന്നു മനസ്സിലാവുകയും ചെയ്യുമ്പോള്‍ അയാളില്‍നിന്ന് പുറത്തേക്കു വരുന്നത് നീതിപൂര്‍വകമായി  മറ്റുള്ളവരെ മനസ്സിലാക്കിക്കൊണ്ടുള്ള, പരിഹാരകേന്ദ്രീകൃതമായ സമീപനമായിരിക്കും. വിദ്യാഭ്യാസത്തിനും നമ്മുടെ കലാലയങ്ങള്‍ക്കും ഈ രീതിയില്‍ മനുഷ്യരെ മാറ്റാത്തതില്‍ വലിയ റോള്‍ ഉണ്ട്. മനുഷ്യനെ മനസ്സിലാക്കിക്കൊടുക്കുന്ന, സത്യവും മിഥ്യ യും വേര്‍തിരിച്ചറിയിച്ചുകൊടുക്കുന്ന, തെറ്റും ശരിയും സ്വയം അളക്കാനുള്ള, നിര്‍ഭയനായി മുന്നേറാനുള്ള കഴിവ് പ്രദാനം ചെയ്യുന്നതാവണം വിദ്യാഭ്യാസം. തന്റെ ധര്‍മം താനുള്‍ക്കൊള്ളുന്ന  ഈ സമൂഹത്തിനു ഗുണമായി ഭവിക്കേണ്ടതുണ്ടെന്ന ബോധം പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും പ്രാവര്‍ത്തികമാക്കിയാല്‍ നമ്മുടെ നാടിനെ ജനാധിപത്യം ഉള്‍ക്കൊള്ളുന്ന, നാം സ്വപ്‌നം കാണുന്ന ഒരു രാഷ്ട്രമാക്കി മാറ്റാം.
ഇതിനു സമൂഹത്തില്‍ നല്ല മാതൃകകള്‍ ഉണ്ടാവേണ്ടതുണ്ട്. മാതൃകകളാവേണ്ട അധ്യാപകന്‍തന്നെ കോപ്പിയടിക്കാന്‍ കൂട്ടുനില്‍ക്കുകയും, പി.എസ്.സി പോലുള്ള സ്ഥാപനങ്ങളില്‍ സംശയത്തിന്റെ മുന നീളുകയും ചെയ്യുമ്പോള്‍ നല്ല മാതൃകകളുണ്ടാക്കാന്‍ നാം മുന്നിട്ടിറങ്ങണം. അധ്യാപകരുടെയും മതനേതാക്കളുടെയും രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക നേതാക്കളുടെയും പൊതുമേഖലയിലുള്ളവരുടെയും ഒരുമിച്ചുള്ള ശ്രമം ഇതിനാവശ്യമാണ്. 
ഗവേണന്‍സ്, good governance  എന്നിവ തമ്മിലുള്ള വ്യത്യാസം നീതി എന്ന രണ്ടു വാക്കാണ്. നമ്മള്‍ അല്ലാത്തവരെ പരിഗണിക്കുമ്പോള്‍ മാത്രമേ നീതിയോട് അടുക്കാന്‍ കഴിയൂ. നാം എത്ര കരുതലോടെ നമ്മെ എങ്ങനെ ക്രമപ്പെടുത്തുന്നു എന്നതാണ് നീതിയുടെ കാതല്‍. മനുഷ്യന്റെ പുരോഗതിക്കും ജനാധിപത്യത്തിന്റെ സൂക്ഷിപ്പിനും ഇത് അത്യന്താപേക്ഷിതമാണ്. മതങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും സംഘടനകളും ഊന്നല്‍ കൊടുക്കേണ്ടത് ഇതിനു തന്നെയാണ്. നാം ചെയ്യുന്ന പ്രവൃത്തി മറ്റുള്ളവന് ഉപകാരപ്പെടണം. ആത്മാഭിമാനം വ്രണപ്പെടാനുള്ള കാരണം അവഗണനയാണ്. അത് നിങ്ങളെ അപകര്‍ഷതയിലേക്കും അപകര്‍ഷത ഒറ്റപ്പെടലിലേക്കും ഒറ്റപ്പെടല്‍ ദേശവിരുദ്ധ ചിന്തകളിലേക്കും ദേശവിരുദ്ധ ചിന്ത തീവ്രവാദത്തിലേക്കും നയിക്കുമെന്ന ആല്‍ബേര്‍ കമ്യുവിന്റെ വാക്കുകള്‍ ഓര്‍ക്കുക. ദൈവം നിന്റെ ഹൃദയത്തിലേക്കു നോക്കുന്നു എന്നതാണ് മതങ്ങളുടെ കാതല്‍. ഇന്ന് ലോകം സിംഗുലാരിറ്റി തിയറിയിലേക്ക് ചിന്തിച്ചുകൊണ്ടിരിക്കുന്നു.  നാലാം വ്യാവസായിക വിപ്ലവത്തിന് ലോകം തുടക്കം കുറിച്ചു. നിര്‍മിത ബുദ്ധിയും റോബോട്ടുകളും യന്ത്ര സാങ്കേതികതയും ബയോടെക്‌നോളജിയും ലോകത്തില്‍ സൂനാമി പോലെ ആഞ്ഞടിക്കുന്ന ഘട്ടം വന്നുകൊണ്ടിരിക്കുന്നു. അൗഴാലിലേറ റിയാലിറ്റിയുടെ കാലം, ഡാറ്റാ മൈനിങ് ആന്‍ഡ് ഡാറ്റ അനലിറ്റിക്‌സ് കാലം. ഇത്തരം സാങ്കേതിക വിദ്യകളൊക്കെ മനുഷ്യന്റെ പങ്കാളിത്തത്തെയും സാഹോദര്യത്തെയും ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു. സാഹോദര്യവും  നീതിബോധവും തകരുമ്പോള്‍ ജനാധിപത്യം ഏകാധിപത്യമായി മാറുകയും അത്  അക്രമോത്സുകമായ യുവാക്കളുടെ കടന്നുകയറ്റത്തിലേക്ക് നയിക്കുകയും ചെയ്യും. 
പൊതുഭരണ സേവനം ഒരു കലയാണ്. മറ്റുള്ളവരുടെ അനുഭവങ്ങളിലേക്ക് കടന്നുചെല്ലുന്നതാണ് കല. നാം അല്ലാത്തവരുടെ അനുഭവങ്ങളിലേക്ക്, അവരുടെ കണ്ണീരിലേക്ക്, ദുഃഖങ്ങളിലേക്ക്, അസ്വസ്ഥതകളിലേക്ക് അനുഭാവപൂര്‍വം കടന്നുകയറാന്‍ നമ്മുടെ മനസ്സിനെ പ്രേരിപ്പിക്കുന്നതാണ് കല. നിങ്ങള്‍ ഒരാളോട് നിങ്ങളുടെ ആവലാതിയും വേവലാതിയും പങ്കുവെക്കുമ്പോള്‍ ഒന്നുകില്‍ അയാള്‍ അത് അനുഭവിച്ചവരോ  അല്ലെങ്കില്‍ അല്‍പമെങ്കിലും അതിലൂടെ  കടന്നുപോയവരോ ആയിരിക്കണം. 'മറ്റുള്ളവനെ പരിഗണിക്കുന്നത് അടിസ്ഥാനമൂല്യം ആകുമ്പോഴേ ജനാധിപത്യം  ശക്തിയാര്‍ജിച്ചു നില്‍ക്കൂ' എന്ന ബര്‍ട്രന്‍ഡ് റെസ്സലിന്റെ വാക്കുകള്‍ എത്ര പ്രസക്തമാണ്! വിഘടിക്കുന്നതല്ല, എതിര്‍പ്പുകളെ ഇല്ലാതാക്കുന്നതും അല്ല, മറിച്ച് ഭിന്നതകളെയും എതിര്‍പ്പുകളെയും ഉള്‍ക്കൊള്ളുകയും മാനിക്കുകയും ചെയ്യുന്നതാണ് സദ്ഭരണം. അതുതന്നെയാണ് ജനാധിപത്യം. അതുതന്നെയാണ് മൂല്യബോധന സേവനവും. ഇതു സാധ്യമാവണമെങ്കില്‍ നാം ആരാണെന്ന് തിരിച്ചറിയണം. അത്തരം തിരിച്ചറിവ് മറ്റുള്ളവരിലേക്ക് പകര്‍ന്നുകൊടുക്കാന്‍ നമുക്ക് കഴിയണം. സാഹോദര്യത്തിലൂടെ ഉള്ള ഇത്തരം കരുതലുകളും പകര്‍ന്നുകൊടുക്കലുകളും സുശക്തമായ പൊതുപ്രവര്‍ത്തനങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ്. 

(മുന്‍ സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗമാണ് ലേഖകന്‍)

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media