ഏത്തപ്പഴം - 4 എണ്ണം
തേങ്ങ ചിരവിയത് - ഒരു കപ്പ്
പഞ്ചസാര - അര കപ്പ്
അണ്ടിപ്പരിപ്പ് - അര കപ്പ്
മുന്തിരി - കാല്‍ കപ്പ്
ഏലക്ക - 2 എണ്ണം
മൈദ - അര കപ്പ്
വെള്ളം - അര കപ്പ്
നെയ്യ് - 3 ടീ സ്പൂണ്‍
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - പൊരിക്കാന്‍ ആവശ്യമുള്ളത്
പഴം തൊലികളഞ്ഞ് അറ്റം വിട്ടുപോകാതെ നടുഭാഗം കത്തികൊണ്ട് കീറി ഉള്ളിലെ കുരുവും നാരും കളഞ്ഞ് വെക്കുക. മൈദ ഉപ്പും വെള്ളവും ചേര്‍ത്ത് കട്ടിയുള്ള മാവ് തയാറാക്കുക. ഒരു പാന്‍ അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ നെയ്യൊഴിച്ച് അണ്ടിപ്പരിപ്പ്, മുന്തിരി വറുത്ത് കോരുക. ശേഷം തേങ്ങയിട്ട്, തേങ്ങയിലെ വെള്ളം വലിയുമ്പോള്‍ പഞ്ചസാരയും ഏലക്കായും ഇട്ട്, പഞ്ചസാര അലിഞ്ഞ് തേങ്ങയില്‍ പിടിക്കുമ്പോള്‍ പാന്‍ ഇറക്കിവെച്ച് വറുത്ത മുന്തിരിയും അണ്ടിപ്പരിപ്പും ചേര്‍ക്കുക. ഇതാണ് പഴത്തില്‍ നിറക്കാനുള്ള ഫില്ലിംഗ്. ഇനി പൊളിച്ചു വെച്ച പഴത്തിനുള്ളിലേക്ക് ഫില്ലിംഗ് 2 ടീ സ്പൂണ്‍ നിറക്കുക. ഇടതു കൈയില്‍ പഴം കൂട്ടി പിടിച്ച് കീറിയ ഭാഗത്തിനു മുകളില്‍ മാത്രം മൈദ മാവ് കൊണ്ട് അടക്കുക. ചൂടായ എണ്ണയിലേക്ക് മാവ് തേച്ചഭാഗം മുകളില്‍ വരത്തക്ക രീതിയില്‍ പതുക്കെ ഇടുക. രണ്ട് മിനിറ്റിനു ശേഷം തിരിച്ചിടുക. ഗോള്‍ഡന്‍ നിറമാകുമ്പോള്‍ കോരി ടിഷ്യൂ പേപ്പറിലേക്കിടുക. ചൂടാറിയ ശേഷം രണ്ടിഞ്ച് കനത്തില്‍ മുറിച്ച് വിളമ്പുക.
******************************************************************
ഗോതമ്പ് നെയ്യപ്പം
ഗോതമ്പുപൊടി - രണ്ട് കപ്പ്
ശര്‍ക്കര പാനി - ഒരു കപ്പ്
എള്ള് - ഒരു ടീ സ്പൂണ്‍
തേങ്ങാക്കൊത്ത് - അര കപ്പ് (നിര്‍ബന്ധമില്ല)
ഉപ്പ് - ഒരു നുള്ള്
വെളിച്ചെണ്ണ - വറുക്കാനാവശ്യമായത്
ജീരകപ്പൊടി - ഒരു ടീ സ്പൂണ്‍
ഗോതമ്പു പൊടിയില്‍ വെളിച്ചെണ്ണ അല്ലാത്ത എല്ലാ ചേരുവകളും കൂടി കുഴച്ച് മാവ് ശരിയാക്കുക. സാധാരണ നെയ്യപ്പമുണ്ടാക്കുന്നതിന് തയാറാക്കുന്നതുപോലെ കുറുകിയിരിക്കണം. വെളിച്ചെണ്ണ ചൂടാവുമ്പോള്‍ ചെറിയ കുഴിയുള്ള സ്പൂണില്‍ കോരിയൊഴിച്ച് നെയ്യപ്പം ചുട്ടെടുക്കാം.
******************************************************************
പഴത്തില്‍ പഴംപൊരി
ഏത്തപ്പഴം - 3 എണ്ണം
പുഴുക്കലരി - ഒരു കപ്പ്
മൈദപ്പൊടി - അര കപ്പ്
ശര്‍ക്കര പാനി - ഒന്നര കപ്പ്
ചെറുപഴം (മൈസൂര്‍ പൂവന്‍) - 4 എണ്ണം
എണ്ണ - പൊരിക്കാനാവശ്യമുള്ളത്
ഉപ്പ് - ഒരു നുള്ള്
പുഴുക്കലരി നാല് മണിക്കൂര്‍ വെള്ളത്തിലിട്ട് വെച്ചതിനുശേഷം അരച്ചെടുക്കുക. ഒരുവിധം അരഞ്ഞു വരുമ്പോള്‍ ചെറുപഴം കൈകൊണ്ട് ഞെരടി അരിക്കൂട്ടിലേക്ക് ചേര്‍ക്കുക. ഈ മാവ് ഒരു പാത്രത്തിലാക്കി മൈദപ്പൊടിയും ഉപ്പും ശര്‍ക്കര പാനിയും ചേര്‍ത്ത് കട്ടിയുള്ള ബാറ്റര്‍ തയാറാക്കുക. ഏത്തപ്പഴം തൊലികളഞ്ഞ് വട്ടത്തില്‍ കട്ടി കുറഞ്ഞ് അരിഞ്ഞു വെക്കുക. പാന്‍ അടുപ്പില്‍ വെച്ച് എണ്ണ ഒഴിച്ച് നല്ലതുപോലെ ചൂടാവുമ്പോള്‍ ഓരോ പഴക്കഷ്ണവും അരച്ചുവെച്ച അരി പഴക്കൂട്ടില്‍ മുക്കി എണ്ണയിലേക്കിടുക. തിരിച്ചിട്ട് ഗോള്‍ഡന്‍ നിറമാകുമ്പോള്‍ കോരിയെടുത്ത് വിളമ്പാം. ഇത് ഒരാഴ്ചയോളം കേടു കൂടാതിരിക്കും. വളരെ രുചികരവുമാണ്.
******************************************************************
മുട്ട ബജി
മുട്ട പുഴുങ്ങിയത് - 4 എണ്ണം
1. മൈദപ്പൊടി - മുക്കാല്‍ കപ്പ്
2. അരിപ്പൊടി - കാല്‍ കപ്പ്
3. കടലപ്പൊടി - ഒരു കപ്പ്
4. കുരുമുളകു പൊടി - ഒരു ടീ സ്പൂണ്‍
5. കായപ്പൊടി - ഒരു നുള്ള്
6. സോഡാപ്പൊടി - ഒരു നുള്ള്
7. മുളകുപൊടി - ഒരു ടീ സ്പൂണ്‍
8. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - ഒരു ടീ സ്പൂണ്‍
9. ഉപ്പ് - പാകത്തിന്
എണ്ണ - പൊരിക്കാനാവശ്യമായത്
മുട്ട പുഴുങ്ങി തോട് കളഞ്ഞ് നെടുക്കെ മുറിച്ചു വെക്കുക. 1 മുതല്‍ 9 വരെ സാധനങ്ങള്‍ യോജിപ്പിച്ച് കട്ടിയില്‍ മാവുണ്ടാക്കുക. എണ്ണ ചൂടായാല്‍ ഓരോ മുട്ട കഷ്ണവും മാവില്‍ പൊതിഞ്ഞ് പൊരിച്ച് കോരിയെടുക്കുക.