ഹിജ്‌റയുടെ പാതയിലെ പെണ്‍മണം

ഷഹ്‌നാസ് ബീഗം No image

'എവിടെടീ നിന്റെ തന്ത അബൂബക്ര്‍?' അബൂജഹ്‌ലിന്റെ ശബ്ദം ഇപ്പോഴും കാതില്‍ മുഴങ്ങുന്നപോലെ അസ്മാക്ക് തോന്നി. അബൂജഹ്ല്‍ മാത്രമല്ല ഖുറൈശികളുടെ ഒരു സംഘവും അയാളോടൊപ്പമുണ്ടായിരുന്നു. നബിയെയായിരുന്നു അവര്‍ക്ക് വേണ്ടിയിരുന്നത്. ഗൂഢാലോചന മുഴുവന്‍ പൊളിഞ്ഞുപോയ ഇഛാഭംഗത്തിലായിരുന്നു അവര്‍. എന്തുമാത്രം പഴുതടച്ച ആസൂത്രണത്തോടെയാണ് നബിയെ വധിക്കാന്‍ രാത്രിയുടെ മറവില്‍ വീടു വളഞ്ഞത്. ബനൂഹാശിം പ്രതികാരത്തിന് ഇറങ്ങിപ്പുറപ്പെടാന്‍ കഴിയാത്തവിധം അവരെ ഒറ്റപ്പെടുത്തി എല്ലാ കുടുംബത്തലവന്മാരും ഒത്തൊരുമിച്ചായിരുന്നു ഖുറൈശിപുറപ്പാട്. എന്നിട്ടോ നേരം പുലര്‍ന്നപ്പോള്‍ നബി കിടന്ന ശയ്യയില്‍ അബൂത്വാലിബിന്റെ മകന്‍ അലി. അബൂബക്ര്‍ അറിയാതെ നബി എങ്ങോട്ടും നീങ്ങുകയില്ലെന്ന് അവര്‍ക്ക് നന്നായറിയാം. വന്നു നോക്കുമ്പോള്‍ അബൂബക്‌റും കടന്നുകളഞ്ഞിരിക്കുന്നു. വീട്ടില്‍ അബൂബക്‌റിന്റെ ഭാര്യയും ബാല്യക്കാരികളായ അസ്മയും ആഇശയും മാത്രം. അരിശം വരാന്‍ പിന്നെ മറ്റെന്തെങ്കിലും വേണോ? കുട്ടികളെ പേടിപ്പിച്ചു വിട്ടാല്‍ എല്ലാം തുറന്ന് പറയുമെന്നായിരിക്കും അയാള്‍ കരുതിയത്. ആഇശയേക്കാള്‍ അല്‍പം മുതിര്‍ന്ന തന്റെ നേരെ അയാള്‍ തിരിഞ്ഞത് അതുകൊണ്ടായിരിക്കണം. എനിക്കറിയില്ല എന്നു തന്നെ കടുപ്പിച്ചു പറഞ്ഞത് അയാള്‍ക്ക് ഒട്ടും രസിച്ചില്ല. ഠേ എന്ന ശബ്ദത്തോടെ അയാളുടെ കൈ തന്റെ കവിളില്‍ പതിഞ്ഞതും അതിന്റെ ശക്തിയില്‍ കര്‍ണാഭരണം ദൂരെ തെറിച്ചുവീണതും അത് കണ്ട ആഇശ ഉറക്കെ നിലവിളിച്ചതും ഒപ്പമായിരുന്നു. വെറുതെയല്ല ജ്ഞാനി എന്നര്‍ഥമുള്ള അബുല്‍ഹകം എന്ന അയാളുടെ പേര് ഉപ്പയുടെ ആള്‍ക്കാര്‍ ഭോഷന്‍ എന്നര്‍ഥമുള്ള അബൂജഹ്ല്‍ എന്നാക്കി മാറ്റിയത്. എന്തൊരു ദുഷ്ടന്‍. പെണ്ണുങ്ങളോടാണോ, അതും ബാല്യക്കാരത്തികളോട്, പരാക്രമം കാട്ടുക. കവിളത്ത് ആ കൈച്ചൂട് തട്ടിയപ്പോള്‍ പെരുവിരലില്‍നിന്ന് മൂര്‍ധാവിലോളം രോഷം ഇരമ്പിവന്നു. അതു കണ്ണുകളിലൂടെ തീപാറിച്ചുകൊണ്ട് ആ മുരടന്റെ നേരെ ഒരു ചുട്ട നോട്ടമെറിഞ്ഞു. അതോടെ അയാളും സംഘവും നിരാശരായി പടിയിറങ്ങി പോകുന്നതാണ് കണ്ടത്. മുഹമ്മദ് മാത്രമല്ല അബൂബക്‌റും നാടുവിട്ടുവെന്ന് അവര്‍ ഉറപ്പിച്ചു.
അവര്‍ പടിയിറങ്ങിപ്പോയെങ്കിലും മനസ്സില്‍ ചില ബേജാറുകളൊക്കെ അപ്പോഴും അവശേഷിക്കുന്നുണ്ടായിരുന്നു. നബിയെയും ഉപ്പാനെയും എങ്ങാനും അവരുടെ പിണിയാളുകള്‍ പിടികൂടിയേക്കുമോ? അവരെ പിടികൂടുന്നവര്‍ക്ക് നൂറു ചുകചുകന്ന ഒട്ടകങ്ങളാണ് ഇനാമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇനാം മോഹികളായ തെരച്ചില്‍ സംഘങ്ങള്‍ നാടിന്റെ നാനാഭാഗത്തും മത്സരിച്ച് ഓടി നടക്കുകയാണെന്നാണ് കേള്‍ക്കുന്നത്. അവരിപ്പോള്‍ സൗര്‍ ഗുഹയില്‍ എന്തെടുക്കുകയായിരിക്കും? നാട്ടില്‍ നടക്കുന്ന കുതൂഹലങ്ങളൊക്കെ അവര്‍ അറിയുന്നുണ്ടാകുമോ? ശത്രു നീക്കങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ എത്തിക്കാനും വീട്ടില്‍നിന്ന് ഭക്ഷണം ജനം കാണാതെ അവര്‍ക്ക് എത്തിച്ചുകൊടുക്കാനും എന്നെയാണ് ചുമതലപ്പെടുത്തിയത്. സൗറ് ഗുഹയിലേക്ക് വീട്ടില്‍നിന്ന് മൂന്ന് നാഴിക വഴിദൂരമുണ്ട്. അബൂജഹ്‌ലും സംഘവും വീട്ടില്‍ വന്ന് കവിളത്തടിച്ചതും അപ്പോള്‍ അവര്‍ക്ക് ചുട്ട മറുപടി കൊടുത്തതും സമ്മാനത്തുക നേടിയെടുക്കാന്‍ തെരച്ചില്‍ സംഘങ്ങള്‍ മത്സരിക്കുന്നതുമൊക്കെ സൗറ് ഗുഹയില്‍ ചെന്ന് ധരിപ്പിക്കണം. അതിന് മുമ്പ് ശത്രുക്കള്‍ നബിയെയും ഉറ്റ സുഹൃത്തിനെയും പിടികൂടിയേക്കുമോ?  ഹേയ്, നബി അങ്ങനെ കുഴിയില്‍ ചാടുന്ന വങ്കനൊന്നുമല്ല. ശത്രു ഒരു കുരുക്കിടുമ്പോള്‍ അതിനെ വെല്ലുന്ന നൂറു കുരുക്കിടാന്‍ നബിക്ക് സാമര്‍ഥ്യമുണ്ട്. യസ്‌രിബിലെ പോരടിക്കുന്ന രണ്ട് വലിയ ഗോത്രങ്ങളെ ഔസിനെയും ഖസ്‌റജിനെയും ഒന്നിപ്പിച്ച ശേഷമല്ലേ മുസ്‌ലിംകള്‍ക്കവിടെ നബി അഭയമൊരുക്കിയത്. അപ്പോഴും വിശ്വസിച്ചിട്ടില്ലാത്ത പിതൃസഹോദരനായ അബ്ബാസിന്റെ സാന്നിധ്യത്തില്‍ അഖബയില്‍ വെച്ചു രണ്ടാമതൊരു ഉടമ്പടി കൂടി ചെയ്ത് സുരക്ഷിതത്വം ഉറപ്പാക്കിയ ശേഷമാണ് വിശ്വാസികളെ ഓരോരുത്തരെയുമായി നബി രഹസ്യമായി യസ്‌രിബിലെത്തിച്ചത്. നേതാവാദ്യം, അനുയായികള്‍ പിന്നെ എന്ന സ്വാര്‍ഥം പല നേതാക്കളെയും പോലെ നബിയെ തീണ്ടിയതേയില്ല. അവസാനം യാത്രക്കൊരുങ്ങിയപ്പോഴും പഴുതടച്ച, ആസൂത്രിതമായ കരുനീക്കങ്ങളാണ് നബി നടത്തിയത്. സവാരി മൃഗത്തിന്റെ കാല്‍പാടുകള്‍ പിന്തുടര്‍ന്ന് തെരച്ചില്‍കാര്‍ പിടികൂടാതിരിക്കാന്‍ പോയ വഴിയേ ആട്ടിന്‍പറ്റത്തെ മേയ്ക്കാന്‍ ഇടയനെ ശട്ടം കെട്ടി. പരിചയസമ്പന്നനായ വഴികാട്ടിയെ തെരഞ്ഞെടുത്ത് പതിവു വഴികളില്‍നിന്ന് മാറി സഞ്ചരിച്ചു. ഈയൊരു ജാഗ്രതയെ ശത്രുവിന്റെ കോപാന്ധതക്ക് എങ്ങനെ വെല്ലാന്‍ കഴിയാനാണ്!
ശത്രുനീക്കങ്ങളെ കുറിച്ച് വിവരമറിയിക്കാന്‍ എന്തുകൊണ്ടായിരിക്കും തന്നെ ഏല്‍പിച്ചത്. തന്റെ ധൈര്യത്തിലും തന്റേടത്തിലുമുള്ള വിശ്വാസം തന്നെയാകാനേ വഴിയുള്ളൂ. അബൂജഹ്‌ലും സംഘവും ഇറങ്ങിപ്പോയപ്പോള്‍ ഗുഹയിലെ ഒളിയിടത്ത് ചെന്ന് വിവരമറിയിക്കാന്‍ മനസ്സു വെമ്പുകയായിരുന്നു. വഴിച്ചോറുമെത്തിക്കേണ്ടതുണ്ട്. പകല്‍ ഭക്ഷണഭാണ്ഡവുമായി പോകുന്നത് പന്തിയല്ല. മൂന്ന് നാഴിക ചുട്ടുപൊള്ളുന്ന മരുഭൂമിയിലൂടെ സഞ്ചരിച്ചുവേണം സൗര്‍ ഗുഹയിലെത്താന്‍. സന്ധ്യ മയങ്ങട്ടെ. ഇരുട്ടുവീണിട്ടുവേണം വീടുവിട്ടിറങ്ങാന്‍. അപ്പോള്‍ ആരുടെയും കണ്ണില്‍ പെടാതെ ദൗത്യം പൂര്‍ത്തിയാക്കാം.
നേരം ഇരുട്ടി ഭക്ഷണവുമായി യാത്ര തിരിക്കുമ്പോള്‍ പ്രാര്‍ഥനകള്‍ മാത്രമായിരുന്നു കാവല്‍. കുതന്ത്രക്കാരെയെല്ലാം തോല്‍പിക്കുന്ന തന്ത്രക്കാരനാണ് അല്ലാഹു എന്ന് അല്ലാഹു തന്നെ പറഞ്ഞിട്ടുണ്ടല്ലോ എന്നാണ് അപ്പോള്‍ ഓര്‍ത്തത്. ആ ദിവ്യമന്ത്രവും ഉരുവിട്ടങ്ങനെ മുന്നോട്ടു പോയപ്പോള്‍ എല്ലാ പേടിയും മനസ്സില്‍നിന്ന് ഇറങ്ങിപ്പോയി.
കുന്ന് ചവിട്ടി ഗുഹാമുഖത്തെത്തിയപ്പോള്‍ നെടുതായൊന്ന് നിശ്വസിച്ചു. അല്ലാഹുവിന് സ്തുതി. ഒരു ആപത്തുമില്ലാതെ സുരക്ഷിതയായി എത്തിയല്ലോ. ഗുഹക്കകത്ത് കയറി സലാം പറഞ്ഞപ്പോള്‍ നബി പുഞ്ചിരിച്ചു സലാം മടക്കി. അപ്പോള്‍ ഗുഹക്കകത്ത് നിലാവുദിച്ച പോലെ തോന്നി. ഭക്ഷണഭാണ്ഡം താഴെ വെച്ചു. അബൂജഹ#്‌ലും സംഘവും വീട്ടില്‍ വന്നതും കവിളത്തടിച്ചതും ഇനാം പ്രഖ്യാപിച്ചു തെരച്ചിലുകാരെ പ്രോത്സാഹിപ്പിച്ചതുമൊക്കെ ചറപറാ പറഞ്ഞു തീര്‍ത്തു. വിശ്വാസിയല്ലാത്ത വല്യുപ്പ അബൂഖുഹാഫ വീട്ടില്‍ വന്ന് മകന്‍ സൂക്ഷിപ്പുപണം മുഴുവന്‍ എടുത്ത് നിങ്ങളെ കഷ്ടപ്പെടുത്തിയാണ് പോയത് അല്ലേ എന്ന് സങ്കടപ്പെട്ടതും കൂട്ടത്തില്‍ പറഞ്ഞു. അപ്പോള്‍ എന്ത് മറുപടി പറഞ്ഞുവെന്നറിയാനായിരുന്നു നബിക്ക് താല്‍പര്യം. 
വീട്ടിന്റെ ഒരു മൂലയിലെ കുഴിഞ്ഞ ഭാഗത്ത് കുറേ ചരല്‍ക്കല്ലിട്ട് അതിന്റെ മീതെ ശീലക്കഷ്ണം വിരിച്ച് കണ്ണ് കാണാത്ത വല്യുപ്പാന്റെ കൈ പിടിച്ച് അതിന്റെ മേല്‍ തടവിച്ചുകൊണ്ട് പണമൊക്കെ ഇവിടെത്തന്നെയുണ്ടെന്ന് പറഞ്ഞു ആശ്വസിപ്പിച്ചത് പറഞ്ഞപ്പോള്‍ മിടുക്കി എന്ന് പറഞ്ഞ് ഉപ്പ ഒന്ന് ചിരിച്ചു. അപ്പോഴാണ് ഭക്ഷണഭാണ്ഡം പൊതിഞ്ഞുകെട്ടിയ ശീലക്കഷ്ണങ്ങള്‍ നബിയുടെ ശ്രദ്ധയില്‍പെട്ടതെന്ന് തോന്നുന്നു. അത് തന്റെ തന്നെ കച്ച ചീന്തിയെടുത്ത് പൊതിഞ്ഞു കെട്ടിയതായിരുന്നു. പാഥേയം ഒരുക്കി കഴിഞ്ഞപ്പോള്‍ അത് പൊതിഞ്ഞുകെട്ടാന്‍ വീട്ടില്‍ ഒന്നും കിട്ടിയില്ല. അപ്പോള്‍ സ്വന്തം അരക്കച്ച രണ്ടായി ചീന്തിയെടുത്ത് കെട്ടുകയായിരുന്നു. 'നിന്റെ അരക്കച്ചക്ക് പകരമായി അല്ലാഹു സ്വര്‍ഗത്തില്‍ രണ്ടു അരക്കച്ച തരുമെന്നാണ്' ഇത് കേട്ടപ്പോള്‍ നബിയുടെ പ്രതികരണം. സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട പത്ത് ആണുങ്ങളെക്കുറിച്ച് ആളുകള്‍ പറഞ്ഞുകേള്‍ക്കാറുണ്ട്. അക്കൂട്ടത്തില്‍ ഇങ്ങനെയൊരു പെണ്ണുമുണ്ടെന്ന് എന്താണ് ആരും ഓര്‍ക്കാത്തതാവോ! എന്തായാലും ഇതിനേക്കാള്‍ വലിയൊരു സമ്മാനം ഒരു പെണ്ണിന് മറ്റെന്താണ് കിട്ടാനുള്ളത്! പരലോകത്ത് ആ കച്ചകള്‍ കിട്ടുംമുമ്പ് ഈ ലോകത്ത് തന്നെ അത് മറ്റൊരു ഉപഹാരമായി. 'ദാത്തുന്നിത്വാഖയ്ന്‍' - രണ്ടു അരക്കച്ചക്കാരി- എന്നായി പിന്നെ വിളിപ്പേര്. ആ പേര് നബി തന്നതായതുകൊണ്ട് ചരിത്രത്തില്‍ അത് ദൃഢപ്രതിഷ്ഠിതമാകുമെന്നുറപ്പ്.
ഹജ്ജാജിനോട് കണക്ക് തീര്‍ത്തപ്പോള്‍ ഇതൊക്കെ വീണ്ടും ഓര്‍ത്തുപോയി. 'ദാത്തുന്നിത്വാഖയ്‌ന്റെ മകനേ' എന്നാണത്രെ അബ്ദുല്ലയെ അയാള്‍ വിളിച്ചത്. അയാള്‍ക്കതൊരു പരിഹാസപ്പേരായിരുന്നു. കഅ്ബക്ക് നേരെ 'മിന്‍ ജനീഖ്' തിരിച്ചുവെച്ചു ആക്രമിച്ചു അബ്ദുല്ലയെ കൊന്ന് ദിവസങ്ങളോളം കെട്ടിത്തൂക്കിയ അയാളെ ഞാന്‍ ചെന്ന് കാണണമത്രെ. എന്റെ കോവര്‍ കഴുതപോയിട്ട് വേണ്ടേ ഞാന്‍ അയാളെ ചെന്ന് കാണാന്‍. അയാള്‍ക്ക് അസ്മാഇനെയും അറിയില്ല, വീരപ്രസുവായ അസ്മാഇന്റെ മകന്‍ അബ്ദുല്ലയെയും അറിയില്ല. വയറ്റില്‍ 10 തികഞ്ഞ അബ്ദുല്ലയെയും വഹിച്ചുകൊണ്ടാണ് ഈ അസ്മാ മദീനയിലേക്ക് ഹിജ്‌റ പോയത്. ഖുബാഇലെത്തിയതോടെ പ്രസവവും കഴിഞ്ഞു. കൈക്കുഞ്ഞിനെയുമായാണ് നബിയെ പോയി കണ്ടത്. മദീനയിലെ മുഹാജിറുകള്‍ക്കാര്‍ക്കും കുഞ്ഞുപിറക്കാത്തതിനെക്കുറിച്ചു ജൂതന്മാര്‍ പരിഹസിച്ചുകൊണ്ടിരുന്നപ്പോഴാണ് അബ്ദുല്ലയുടെ ജനനം. നബിയുടെ തൃക്കരങ്ങളില്‍നിന്നുള്ള മധുരമാണ് അവന്‍ ആദ്യം നുണഞ്ഞത്. മദീനയില്‍ ജനം അവന്റെ ജനനം ആഘോഷിക്കുകയായിരുന്നു. പ്രവാചകന്റെ നഗരിയുടെ പുത്രനായിരുന്നു അവന്‍. അവന്‍ ജീവിതത്തിലുടനീളം ഈ വീരമാതാവിന്റെ പുത്രനാണെന്ന് തെളിയിച്ചുകൊണ്ടിരുന്നു. മൂന്നാം ഖലീഫ ഉസ്മാനെ കലാപകാരികള്‍ ഉപരോധിച്ചപ്പോള്‍ അതിനെ  ചെറുക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നു അവന്‍. പുത്രന്‍ യസീദിനെ മുആവിയ ഖലീഫയായി വാഴിച്ചപ്പോള്‍ അതിനെതിരെയും എന്റെ അഭിമാനപുത്രന്‍ നിലപാടെടുത്തു. യസീദ് മരിച്ചപ്പോള്‍ ശാമിലെ ചില പ്രദേശങ്ങളൊഴികെ എല്ലാ ദേശങ്ങളും അവന് ബൈഅത്ത് ചെയ്തു. മക്ക ആസ്ഥാനമാക്കി അവന്‍ ഖലീഫയായി. ഹജ്ജാജിന്റെ സൈന്യം മക്ക വളഞ്ഞപ്പോള്‍ അവന്റെ കൂടെ നിന്നവര്‍ ചകിതരായിപ്പോയി. ഒറ്റക്ക് പൊരുതാന്‍ അവന് മടിയൊന്നുമുണ്ടായിരുന്നില്ല. കൊല്ലപ്പെട്ടാല്‍ മൃതദേഹം ശത്രുക്കള്‍ വികൃതമാക്കുമോ എന്നായിരുന്നു അവന്റെ സങ്കടം. ആടിനെ അറുത്തു കഴിഞ്ഞാല്‍ തൊലി ഉരിയുമ്പോള്‍ അതിന് വേദനിക്കുമോ എന്ന് ചോദിച്ചപ്പോള്‍ അവന്റെ ഉശിര് ഒന്നുകൂടി കൂടി. അവന്‍ എന്റെ നെറുകയില്‍ മുത്തി പ്രാര്‍ഥിക്കാന്‍ അപേക്ഷിച്ചുകൊണ്ടാണ് രണാങ്കണത്തിലേക്ക് പോയത്. എവിടന്നാണെന്നറിയില്ല, പ്രതിസന്ധികള്‍ വരുമ്പോള്‍ ചരിത്രം കല്ലില്‍ കൊത്തിവെക്കുന്ന വാക്കുകള്‍ നാവില്‍ ഒഴുകിവരും; 'സത്യത്തിലാണെന്ന് നിനക്ക് ഉറപ്പുണ്ടെങ്കില്‍ ആ ഉള്‍ക്കാഴ്ചയില്‍ നീ ധീരമായി ശത്രുവിനോടു പൊരുതുക.' അവനോട് അതല്ലാതെ മറ്റൊന്നും പറയാനില്ലായിരുന്നു. മരിച്ചുകൊണ്ട് ജീവിക്കാനുള്ള വഴി അവന്‍ തെരഞ്ഞെടുത്തു. അവനെ കഴുമരത്തില്‍ കെട്ടിത്തൂക്കിയതറിഞ്ഞപ്പോള്‍ നൂറോടടുത്ത ഈ കിഴവിക്ക് കണ്ണുകാണുകയില്ലെങ്കിലും അവനെ കാണണമെന്ന് തോന്നി. പലരും തടഞ്ഞെങ്കിലും കൂട്ടാക്കാതെ ആ കഴുമരച്ചുവട്ടില്‍ ചെന്നു നിന്നു. കാഴ്ചയില്ലാത്ത കണ്ണില്‍ ഒരു തുള്ളി കണ്ണീര്‍പോലും പൊടിഞ്ഞില്ല. അപ്പോഴും ഭാവി ചരിത്രത്തിനു വേണ്ടി എവിടെനിന്നോ വാക്കുകള്‍ നാവിന്‍തുമ്പത്ത് ഒഴുകിയെത്തി; 'ഈ പുരുഷകേസരിക്ക് ഇനിയും ഇവിടെനിന്ന് താഴെ ഇറങ്ങാന്‍ സമയമായിട്ടില്ലേ?' ചരിത്രം ഒരുപക്ഷേ ആ വാക്കുകള്‍ ഏറ്റെടുക്കുമായിരിക്കും.
താന്‍ പേടിച്ചു മുമ്പില്‍ ചെന്ന് കുമ്പിടുമെന്നാണ് ഹജ്ജാജ് ധരിച്ചത്. കല്‍പന നിരസിച്ചപ്പോള്‍ വലിച്ചിഴച്ചു കൊണ്ടുവരാന്‍ ആളെ വിടുമെന്നായി ഭീഷണി. വലിച്ചിഴക്കാന്‍ ആളെ വിടേണ്ടിവരുമെന്ന് അപ്പോള്‍ മറുപടി കൊടുത്തു. അബൂജഹ്‌ലിനെ പേടിക്കാത്ത താന്‍ ഇനി ഇയാളെയാണോ പേടിക്കുക! അവസാനം അയാള്‍ക്ക് തന്റെ മുന്നില്‍ വരേണ്ടി വന്നു. അപ്പോള്‍ കണക്കു തീര്‍ത്ത് കൊടുക്കുകയും ചെയ്തു: 'ദാത്തുന്നിത്വാഖയ്‌ന്റെ മകനെന്ന് താന്‍ അബ്ദുല്ലയെ കൊച്ചാക്കി അല്ലേ? അല്ലാഹു സത്യം, ഞാന്‍ രണ്ടു കച്ചക്കാരി തന്നെ. നബിക്ക് ഭക്ഷണപ്പൊതി കെട്ടാനാണ് ഞാനത് ഉപയോഗിച്ചത്.'
കുലീനമായ വാക്കുകള്‍ അയാള്‍ക്ക് പരിചയമില്ലായിരുന്നു. 'ദൈവശത്രുവിനോട് ഞാന്‍ ചെയ്തതിനെ കുറിച്ചു എന്താണ് നിനക്ക് പറയാനുള്ളതെ'ന്നാണ് അയാള്‍ ചോദിച്ചത്. ചുണയുള്ള, കുലീനമായ വാക്കുകള്‍ ഞാന്‍ അയാള്‍ക്ക് പഠിപ്പിച്ചുകൊടുത്തു; 'അവന്റെ ദുന്‍യാവ് നീ നശിപ്പിച്ചിട്ടുണ്ടാവാം. എന്നാല്‍ നിന്റെ പരലോകമാണ് നീ നശിപ്പിച്ചത്. സഖീഫില്‍ ഒരു വ്യാജനും ഒരു ജനദ്രോഹിയുമുണ്ടാകുമെന്ന് നബി ഞങ്ങളോട് പറഞ്ഞിട്ടുണ്ടായിരുന്നു. വ്യാജനായ മുഖ്താര്‍ സഖഫിയെ ഞങ്ങള്‍ നേരത്തേ കണ്ടു. എന്നാല്‍ നബി പറഞ്ഞ ജനദ്രോഹി നീയല്ലാതെ മറ്റാരുമല്ലെന്നാണ് എനിക്ക് തോന്നുന്നത്.' ഇളിഭ്യനായി എന്റെ മുന്നില്‍നിന്ന് തലകുനിച്ചു പോവുകയല്ലാതെ അയാള്‍ക്ക് ഗത്യന്തരമുണ്ടായിരുന്നില്ല.
എന്നോട് മര്യാദകെട്ടു സംസാരിച്ചതിന് ശാമിലെ ഭരണാധികാരി അബ്ദുല്‍ മലികു ബ്‌നു മര്‍വാന്‍ അയാളെ ശകാരിച്ചുവെന്നാണ് പിന്നീടറിഞ്ഞത്. എന്റെ പ്രിയപുത്രന്‍ അബ്ദുല്ലാഹിബ്‌നു സുബൈറിന്റെ മൃതദേഹം കഴുമരത്തില്‍നിന്ന് ഇറക്കാന്‍ കല്‍പിക്കുകയും ചെയ്തു.
മകനെ ഏറ്റുവാങ്ങി കുളിപ്പിച്ചു കഫന്‍ ചെയ്ത്, സുഗന്ധത്തൈലം പൂശി നമസ്‌കരിച്ചു ഞാന്‍ തന്നെ ഖബ്‌റടക്കി.
ഹിജ്‌റയുടെ പാതയിലെ പെണ്ണുരുക്കങ്ങളെപ്പറ്റി പറയാന്‍ തുടങ്ങിയാല്‍ ഒരുപാടു പറയാനുണ്ടാകും. അത് മദീനയില്‍നിന്നല്ല, അബ്‌സീനിയയില്‍നിന്നാണ് തുടങ്ങുന്നത്. ജഅ്ഫറുബ്‌നു അബീത്വാലിബിന്റെ ഭാര്യ അസ്മാ, അബൂസുഫ്‌യാന്റെ മകള്‍ ഉമ്മുഹബീബ, സുക്‌റാനുബ്‌നു അംറിന്റെ ഭാര്യ സൗദ, അബൂസലമയുടെ ഭാര്യ ഉമ്മുസലമ...... അങ്ങനെ സൗരഭ്യം പൂത്തുലയുന്ന എത്രയെത്ര പെണ്ണുങ്ങള്‍! അവര്‍ക്കോരോരുത്തര്‍ക്കുമുണ്ട് അവരുടേതായ കഥകള്‍. നേഗസ് ചക്രവര്‍ത്തിയുടെ മകളെ മുലയൂട്ടിയവളാണ് അസ്മാ. ഉമ്മുഹബീബയുടെ ഭര്‍ത്താവ് അബ്ദുല്ലാഹിബ്‌നു ജഹ്ശും സൗദയുടെ ഭര്‍ത്താവ് സുക്‌റാനും അബ്‌സീനിയയില്‍ വെച്ച് ഇസ്‌ലാം ഉപേക്ഷിച്ചു ക്രിസ്ത്യാനികളായവരാണ്. പക്ഷേ, അവരിരുവരും ഭര്‍ത്താക്കന്മാരുടെ പിന്നാലെ പോയില്ല. പെണ്ണുങ്ങള്‍ ആണുങ്ങളുടെ വാലാണെന്നതിനൊരു തിരുത്തായിരുന്നു അവര്‍. ഉമ്മുസലമയുടെ കഥ ഒരു സങ്കടക്കടലാണ്. മദീനയിലെത്താന്‍ അവര്‍ താണ്ടിയ ദുരിതക്കയങ്ങളുടെ ആഴം അളന്നെടുക്കാന്‍ സാധിക്കുകയില്ല. ഒടുവില്‍ പറഞ്ഞ മൂവര്‍ക്കും വിശ്വാസികളുടെ മാതാക്കളാകാനും ഭാഗ്യമുണ്ടായി. വയസ്സു നൂറോടടുത്തെങ്കിലും ഈ പെണ്‍ജീവിതങ്ങളുടെ ശോഭ ഇപ്പോഴും എന്റെ ഓര്‍മകളിലുണ്ട്. ഏറ്റവും ഒടുവില്‍ പരലോകത്തേക്ക് യാത്രയാകുന്ന മുഹാജിറയാകാനാണ് എന്റെ വിധി എന്ന് തോന്നുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top