ഇസ്ലാമിക ചരിത്രത്തിലെ അധികം ചര്‍ച്ച ചെയ്യപ്പെടാത്ത വ്യക്തിത്വമാണ് ഉമ്മു വറഖ ബിന്‍ത് അബ്ദില്ല ബിന്‍ത് ഹാരിസ്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലത്ത് ജീവിച്ചിരുന്ന ഈ മഹതി, അറിവിലും ധീരതയിലും സമൂഹത്തില്‍ വഹിച്ച നേതൃപരമായ പങ്കിലും ഒരുപോലെ തിളങ്ങി നിന്നു.
ചുരുങ്ങിയ കാലം കൊണ്ട് ഖുര്‍ആന്‍ പൂര്‍ണമായും മനഃപാഠമാക്കിയ ചുരുക്കം വ്യക്തികളില്‍ ഒരാളായിരുന്നു അവര്‍. സ്വന്തമായി എഴുതി സൂക്ഷിച്ച ഒരു മുസ്ഹഫ് അവരുടെ വീട്ടിലുണ്ടായിരുന്നു. അതുപയോഗിച്ച് അവര്‍ ഖുര്‍ആനിക സൂക്തങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു. അറിവ് നേടുന്നതില്‍ മാത്രം ഒതുങ്ങാതെ, സ്വന്തം വീട് ഒരു പഠനകേന്ദ്രമാക്കി മാറ്റി അവര്‍. അവിടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ഖുര്‍ആന്‍ പഠന ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. ഇത്, യുദ്ധരംഗത്തും ആത്മീയ രംഗത്തും അറിവ് നേടുന്നതിലെ താല്‍പര്യം പോലെത്തന്നെ ധീരതയുടെ കാര്യത്തിലും അവര്‍ മുന്നിട്ട് നിന്നു. ബദ്ര്‍ യുദ്ധത്തില്‍ മുറിവേറ്റവരെ ശുശ്രൂഷിക്കാനും രോഗികളെ പരിചരിക്കാനും ഉമ്മു വറഖ നബിയോട് അനുവാദം ചോദിച്ചു. അപ്പോള്‍ നബി പറഞ്ഞു: 'തീര്‍ച്ചയായും അല്ലാഹു നിനക്ക് രക്തസാക്ഷിത്വം ഒരുക്കിയിരിക്കുന്നു.' നബി അവരെ 'രക്തസാക്ഷി' എന്ന് തന്നെയാണ് വിശേഷിപ്പിച്ചിരുന്നത്. ഈ സംഭവം അവരുടെ ആത്മാര്‍ഥതയും ഇസ്ലാമിക സമൂഹത്തോടുള്ള പ്രതിബദ്ധതയും എത്ര വലുതായിരുന്നു എന്ന് കാണിച്ചു തരുന്നു.
ഇമാമത്തും നേതൃപരമായ പങ്കും
ഉമ്മു വറഖയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ചര്‍ച്ച ചെയ്യപ്പെടുന്നതുമായ സംഭവം, പ്രവാചകന്‍ അവര്‍ക്ക് സ്വന്തം വീട്ടില്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ അനുവാദം നല്‍കി എന്നതാണ്. ഇതിനു പുറമെ ബാങ്ക് വിളിക്കാന്‍ മുഅദ്ദിനെ നിയമിക്കാനും അനുമതി ലഭിച്ചു. ഒരു വനിതക്ക് സ്വന്തം വീട്ടില്‍ /കുടുംബത്തില്‍ ഇമാമായി നില്‍ക്കാന്‍ അനുമതി നല്‍കിയത് അന്നത്തെ സമൂഹത്തില്‍ വിപ്ലവകരമായ ചുവടുവെപ്പായിരുന്നു. നമസ്‌കാരത്തിന് പുരുഷന്മാര്‍ മാത്രം നേതൃത്വം നല്‍കിയിരുന്ന കീഴ് വഴക്കമുള്ള സമൂഹത്തിലാണ് ഇത് സംഭവിച്ചതെന്നതും ശ്രദ്ധേയമാണ്.
ഈ സംഭവത്തെക്കുറിച്ച് ഫിഖ്ഹ് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലവിലുണ്ട്. ഭൂരിപക്ഷ പണ്ഡിതന്മാരും ഇത് വീട്ടിലെ സ്ത്രീകള്‍ക്ക് മാത്രം ഇമാമായി നില്‍ക്കാന്‍ ലഭിച്ച അനുമതിയാണെന്ന് വാദിക്കുമ്പോള്‍, ചില പണ്ഡിതന്മാര്‍ ഹദീസിലെ പൊതുവായ പദപ്രയോഗങ്ങള്‍ വെച്ച് വീട്ടിലുള്ള എല്ലാവര്‍ക്കും - ഭര്‍ത്താവും മുഅദ്ദിനും അടക്കം - ഇത് ബാധകമാണെന്ന് അഭിപ്രായപ്പെടുന്നു. എങ്കിലും, മുഖ്യധാരാ ഇസ്ലാമിക ചരിത്രത്തില്‍ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് ഏതെങ്കിലും സ്ത്രീ തന്റെ പിന്നിലുള്ള പുരുഷന്മാര്‍ക്ക് നേതൃത്വം നല്‍കിയതായി രേഖപ്പെടുത്തിയിട്ടില്ല. ഐച്ഛിക നമസ്‌കാരങ്ങള്‍ക്ക് ഇത് സാധ്യമാണെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.
രക്തസാക്ഷിത്വം: പ്രവാചകന്റെ പ്രവചനം
പ്രവാചകന്‍ പ്രവചിച്ചതുപോലെ, ഉമ്മു വറഖ സ്വന്തം വീട്ടില്‍ വെച്ച് രക്തസാക്ഷിത്വം വരിച്ചു. ഉമര്‍ (റ) വിന്റെ ഭരണകാലത്തായിരുന്നു പ്രസ്തുത സംഭവം. അവരുടെ വീട്ടിലെ വേലക്കാരനും വേലക്കാരിയും കൂടി തങ്ങളുടെ യജമാനത്തിയായ ഉമ്മു വറഖയെ കൊലപ്പെടുത്തുകയായിരുന്നു. മരണശേഷം അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കാമെന്ന് ഉമ്മു വറഖ വാഗ്ദാനം ചെയ്തിരുന്നു. പിന്നീട്, വേലക്കാരനെയും വേലക്കാരിയെയും പിടികൂടി തൂക്കിലേറ്റാന്‍ ഉമര്‍ (റ) ഉത്തരവിട്ടു. മദീനയില്‍ തൂക്കിലേറ്റപ്പെടുന്ന ആദ്യത്തെ ആളുകളായിരുന്നു അവര്‍.
ആദ്യകാല ഇസ്ലാമിക സമൂഹം ലിംഗഭേദമില്ലാതെ എല്ലാവര്‍ക്കും കഴിവുകള്‍ കണ്ടെത്താനും പ്രകടിപ്പിക്കാനുമുള്ള അവസരം നല്‍കിയിരുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ മഹതിയുടെ ജീവിതം.
അവലംബം:
മന്‍ഹതുല്‍ അലാം ശര്‍ഹു ബുലൂഗില്‍ മറാം: 438