2025-ലെ സാഹിത്യ രംഗം സ്ത്രീ എഴുത്തുകാരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായിരുന്നു.
വൈവിധ്യം, പുതുമ, സ്വതന്ത്ര്യവും നിര്‍ഭയവുമായ ആവിഷ്‌കാരം എന്നിവകൊണ്ട് ഏറെ വേറിട്ട കുറേ നല്ല സ്ത്രീ എഴുത്തുകള്‍ പോയ വര്‍ഷം ലോക സാഹിത്യത്തിലും മലയാള- ഇന്ത്യന്‍ സാഹിത്യത്തിലും ഉണ്ടായി. സാഹിത്യ സൗന്ദര്യവും വായനാ സുഖവും പകരുന്നതോടൊപ്പം പോയ വര്‍ഷത്തെ സ്ത്രീ രചനകളേറെയും സാമൂഹിക-രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് വഴിമാറുന്ന പ്രവണത പ്രകടമാക്കി എന്നത് എടുത്തു പറയേണ്ടതാണ്. സ്ത്രീകളടക്കമുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതങ്ങള്‍, പരമ്പരാഗതമായ ആഖ്യാനരീതികളില്‍നിന്ന് മാറി, പരീക്ഷണാത്മക ശൈലികള്‍, ചരിത്ര സംഭവങ്ങളുടെ സ്ത്രീപക്ഷ ആഖ്യാനങ്ങള്‍ എന്നിവ നോവലുകളില്‍ നിറഞ്ഞപ്പോള്‍, സാമൂഹിക മാധ്യമങ്ങള്‍, ഓണ്‍ലൈന്‍ ബന്ധങ്ങള്‍, സൈബര്‍ ഇടങ്ങളിലെ സ്ത്രീകളുടെ അനുഭവങ്ങള്‍ എന്നിവ പല ചെറുകഥാ സമാഹാരങ്ങളിലും പ്രമേയമായി.
2025-ല്‍ ശ്രദ്ധിക്കപ്പെട്ട സ്ത്രീ എഴുത്തുകാരും സൃഷ്ടികളും
ബാനു മുഷ്താഖ്-ഹാര്‍ട്ട് ലാംപ്
(കന്നഡ)-ചെറുകഥാ സമാഹാരം
76- കാരിയായ ബാനു മുഷ്താഖ് കന്നഡയില്‍ രചിച്ച 'ഹൃദയ ദീപ'യുടെ ഇംഗ്ലീഷ് മൊഴിമാറ്റമാണ് 'ഹാര്‍ട്ട് ലാംപ്. 2025- ലെ അന്താരാഷ്ട്ര ബുക്കര്‍ പ്രൈസ് ലഭിച്ചതിലൂടെ ഇന്ത്യന്‍ സാഹിത്യത്തിന്, പ്രത്യേകിച്ച് കന്നഡ സാഹിത്യത്തിന് വലിയ അംഗീകാരം നേടിക്കൊടുത്ത ആദ്യ കൃതിയായി. പൊതുവെ നോവലുകള്‍ക്ക് മാത്രം മുന്‍ഗണന നല്‍കിയിരുന്ന അന്താരാഷ്ട്ര പുരസ്‌കാര വേദികളില്‍, ഒരു ചെറുകഥാ സമാഹാരം വിജയിച്ചുവെന്നത് ശ്രദ്ധേയമാണ്. 1990 മുതല്‍ 2023 വരെയുള്ള 30 വര്‍ഷത്തിലധികം കാലയളവില്‍ അവര്‍ എഴുതിയ 12 കഥകളാണ് ഈ സമാഹാരത്തില്‍. അവര്‍ ജനിച്ച സമുദായത്തിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ദൈനംദിന ജീവിതമാണ് ഈ കഥാസമാഹാരത്തിലെ പ്രധാന വിഷയം. പുരുഷാധിപത്യം, വര്‍ഗം, ജാതി, മതം എന്നിവയുമായി ബന്ധപ്പെട്ട സാമൂഹിക അസമത്വങ്ങള്‍ക്കെതിരായ സ്ത്രീകളുടെ ചെറുത്തുനില്‍പ്പും അതിജീവനവും കഥകള്‍ വരച്ചുകാട്ടുന്നു. സ്ത്രീകളുടെ വൈകാരികമായ ശക്തി, നിശ്ശബ്ദമായ അധ്വാനം, കുടുംബങ്ങളെ ഒരുമിച്ചു നിര്‍ത്താനുള്ള അവരുടെ കഴിവ് എന്നിവയെക്കുറിച്ചാണ് ഓരോ കഥയും സംസാരിക്കുന്നത്. ഇതിലെ കഥാപാത്രങ്ങളില്‍ ധീരരായ അമ്മമാരും അഭിപ്രായമുള്ള മുത്തശ്ശിമാരും കഠിന ഹൃദയരായ ഭര്‍ത്താക്കന്മാരുമുണ്ട്. എഴത്തുകാരിയുടെ അഭിഭാഷക-ആക്ടിവിസ്റ്റ് ജീവിതത്തിലെ അനുഭവങ്ങള്‍ ഈ കഥകള്‍ക്ക് തീക്ഷ്ണത നല്‍കുന്നു. ഹാസനിലെ പുരോഗമന മുസ്്‌ലിം കുടുംബത്തില്‍ ജനിച്ച ബാനു സ്‌കൂള്‍ പഠന കാലത്താണ് തന്റെ ആദ്യ ചെറുകഥയെഴുതുന്നത്. തന്റെ അനുഭവങ്ങളില്‍ നിന്നാണ് തന്റെ ചിന്താലോകം വികസിപ്പിക്കുന്നത്. 26- ാം വയസ്സില്‍ ആദ്യ കഥ വെളിച്ചം കണ്ടു.
മേഘ മജുംദാര്‍-എ ഗാര്‍ഡിയന്‍
ആന്റ് എ തീഫ് (ഇന്ത്യന്‍ ഇംഗ്ലീഷ്) നോവല്‍
ലോക ശ്രദ്ധ പിടിച്ചുപറ്റിയ മേഘ മജുംദാറിന്റെ രണ്ടാമത്തെ നോവലായ A Guardian and a Thief 2025ല്‍ അമേരിക്കയിലെയും ഇന്ത്യയിലെയും പ്രമുഖ പ്രസിദ്ധീകരണങ്ങളുടെ വലിയ നിരൂപണ പ്രശംസ നേടി. ഇന്ത്യയിലെ വര്‍ധിച്ചുവരുന്ന സാമ്പത്തിക അസമത്വങ്ങളെയും, പാവപ്പെട്ടവരും ധനികരും തമ്മിലുള്ള അന്തരം സമൂഹത്തില്‍ എങ്ങനെ സ്വാധീനം ചെലുത്തുന്നുവെന്നുമാണ് പ്രമേയം. ഒരു വലിയ വീട്ടില്‍ ജോലി ചെയ്യുന്ന വിശ്വസ്തനായ ഒരു സുരക്ഷാ ജീവനക്കാരനായ ഗാഡിയന്‍, ജീവിതം വഴിമുട്ടിയ ഒരു കള്ളന്‍ എന്നീ രണ്ട് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് കഥ. മകന്റെ മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനു വേണ്ടി കഠിനാധ്വാനം ചെയ്യുന്ന ഗാഡിയന്‍, ധനിക കുടുംബത്തില്‍ നിന്ന് എന്തെങ്കിലും മോഷ്ടിക്കാന്‍ ശ്രമിക്കുന്ന മോഷ്ടാവ്. ഇവരുടെ ജീവിതങ്ങള്‍ യാദൃശ്ചികമായി കൂട്ടിമുട്ടുന്നതിലൂടെ, ധാര്‍മികത, അതിജീവനം, പണം സൃഷ്ടിക്കുന്ന വിള്ളലുകള്‍ എന്നിവ നോവല്‍ ശക്തമായി ചര്‍ച്ച ചെയ്യുന്നു.
താനിയ ജെയിംസ്-ലൂട്ട്
(ഇന്ത്യന്‍ ഇംഗ്ലീഷ്) നോവല്‍
കൊളോണിയല്‍ ചരിത്രത്തിന്റെ പുനര്‍വായനയായ ഈ കൃതി 2025-ല്‍ ഇന്ത്യയിലെ മികച്ച വനിതാ ഫിക്ഷന്‍ എഴുത്തുകാര്‍ക്ക് നല്‍കുന്ന ഓട്‌ഹെര്‍ (AutHer) അവാര്‍ഡിനര്‍ഹമായി. 18-ഉം 19-ഉം നൂറ്റാണ്ടുകളിലെ ഇന്ത്യ, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ കൊളോണിയല്‍ കൊള്ളയുടെയും ചൂഷണത്തിന്റെയും കദനകഥ നോവല്‍ പറയുന്നു. ഇന്നത്തെ മ്യൂസിയം ശില്‍പങ്ങള്‍ പലപ്പോഴും മറന്നുപോയ ചൂഷണത്തിന്റെ ഫലമാണെന്ന് ഈ കൃതി ഓര്‍മിപ്പിക്കുന്നു.
നമിത ഗോഖലെ -നെവര്‍ നെവര്‍
ലാന്‍ഡ് (ഇന്ത്യന്‍ ഇംഗ്ലീഷ്) നോവല്‍
2025ലെ ഓട്‌ഹെര്‍ (AutHer) അവാര്‍ഡിനര്‍ഹമായ നമിത ഗോഖലെയുടെ ഈ നോവല്‍, നഗരത്തിരക്കുകളില്‍ നിന്ന് ആശ്വാസം തേടി ഹിമാലയന്‍ മലനിരകളിലേക്ക് മടങ്ങിയെത്തുന്ന ഒരു മധ്യവയസ്‌കയായ സ്ത്രീയുടെ ആത്മീയവും വൈകാരികവുമായ യാത്രയാണ്. പ്രധാന കഥാപാത്രം ഇതി ആര്യ ഒരു ഫ്രീലാന്‍സ് എഡിറ്ററാണ്. ഒറ്റപ്പെട്ട ജീവിതം, പ്രൊഫഷണല്‍ പ്രതിസന്ധികള്‍, നഗരജീവിതത്തോടുള്ള മടുപ്പ് എന്നിവ കാരണം അസ്വസ്ഥയായ അവര്‍ ഡല്‍ഹി ഗുഡ്ഗാവിലെ തിരക്കുകള്‍ ഉപേക്ഷിച്ച് തന്റെ കുട്ടിക്കാല ഓര്‍മ്മകള്‍ ഉറങ്ങുന്ന കുമയൂണ്‍ മലനിരകളിലെ ഗ്രാമത്തിലുള്ള തന്റെ വീട്ടിലേക്ക് മടങ്ങിയെത്തി തൊണ്ണൂറിനടുത്ത് പ്രായമുള്ള രണ്ട് മുത്തശ്ശിമാരോടൊപ്പം താമസിക്കുന്നു. ജീവിതത്തിലെ പ്രതിസന്ധികളില്‍നിന്ന് 'പിന്‍വാങ്ങുന്നത്', കൂടുതല്‍ കരുത്തോടെ 'മടങ്ങിവരാന്‍' വേണ്ടിയുള്ള ഒരു മാര്‍ഗമാണെന്ന് നോവല്‍ പറയുന്നു.: 90 വയസ്സ് കഴിഞ്ഞ രണ്ട് സ്ത്രീകളുടെ ധീരത, അവരുടെ സൗഹൃദം, അവരുടെ പഴയകാല രഹസ്യങ്ങള്‍ എന്നിവ നോവലിന് ഒരുപാട് ആഴം നല്‍കുന്നു. പ്രായത്തിന്റെ അവഹേളനങ്ങളും, അതേ സമയം വാര്‍ധക്യം നല്‍കുന്ന ധൈര്യവും ആശ്വാസവും ഗോഖലെ മനോഹരമായി വരച്ചുകാട്ടുന്നു.
ഗുഡ് ഗേള്‍- ആര്യ ആബര്‍
(ഇംഗ്ലീഷ്) നോവല്‍
വായിച്ചിരിക്കേണ്ട 100 പുസ്തകങ്ങളില്‍ ഒന്നായി ടൈം മാഗസിന്‍ വിലയിരുത്തിയ കൃതിയാണ് കവയിത്രിയായ ആര്യ അബര്‍ എഴുതിയ ഗുഡ് ഗേള്‍. അഫ്ഗാനിസ്ഥാനില്‍ നിന്നും ജര്‍മനിയിലേക്ക് അഭയാര്‍ഥികളായി കുടിയേറിയ കുടുംബത്തിലെ നൈല എന്ന 19 വയസ്സുകാരിയാണ് നോവലിലെ പ്രധാന കഥാപാത്രം. അഫ്ഗാന്‍ പശ്ചാത്തലവും ജര്‍മനിയിലെ ജീവിതവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍, നൈല തന്റെ അഫ്ഗാന്‍ പൈതൃകവും ദാരിദ്ര്യവും മറച്ചുവെക്കാന്‍ ശ്രമിക്കുന്നതും, ഭൂതകാലത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ബെര്‍ലിനിലെ രാത്രി ജീവിതത്തിലേക്ക് തിരിയുന്നതും നോവല്‍ ചിത്രീകരിക്കുന്നു. 2025-ലെ വിമന്‍സ് പ്രൈസ് ഫോര്‍ ഫിക് ഷന് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട ഈ നോവല്‍ 'ടൈം ബുക്ക് ഓഫ് ദി ഇയര്‍ 2025' ലിസ്റ്റിലും ഉള്‍പ്പെട്ടു.
ക്രിസ്റ്റിന്‍ ഹന്ന-ദി വിമന്‍
(ഇംഗ്ലീഷ്) ചരിത്ര നോവല്‍
വിയറ്റ്‌നാം യുദ്ധകാലത്തെ സ്ത്രീകളുടെ കഥ പറയുന്ന, 2025- ല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു നോവലാണ്. വിയറ്റ്‌നാം യുദ്ധത്തില്‍ പങ്കെടുത്ത സ്ത്രീകളുടെ, പ്രത്യേകിച്ച് നഴ്‌സുമാരുടെ അനുഭവങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ് കഥ. യുദ്ധത്തിന്റെ ഭീകരതകള്‍, സ്ത്രീകള്‍ നേരിടേണ്ടി വന്ന അവഗണനകള്‍ പീഡനങ്ങള്‍, യുദ്ധാനന്തര ജീവിതം, ആഴത്തിലുള്ള സൗഹൃദങ്ങള്‍, ധൈര്യം വീണ്ടെടുക്കല്‍ എന്നിവയാണ് പ്രധാന പ്രമേയങ്ങള്‍. വിയറ്റ്‌നാം യുദ്ധത്തില്‍ പങ്കെടുത്ത പുരുഷന്മാരെപ്പോലെ തന്നെ, വിയറ്റ്‌നാമിലെ വനിതാ സേവകരും സമൂഹത്തില്‍നിന്ന് അവഗണന നേരിട്ടു. അവര്‍ക്ക് ആവശ്യമായ മാനസിക പിന്തുണയോ ചികിത്സയോ ലഭിച്ചില്ല. ഈ കഠിനമായ അനുഭവങ്ങളെയും ഒറ്റപ്പെടലിനെയും അതിജീവിച്ച്, തന്റേതായ ഒരു സ്ഥാനം കണ്ടെത്തുന്നതിനും, താന്‍ ചെയ്ത സേവനത്തിന് അംഗീകാരം നേടുന്നതിനും ഫ്രാങ്കി എന്ന കഥാപാത്രം നടത്തുന്ന പോരാട്ടമാണ് നോവലിന്റെ മര്‍മം.
മിറാന്‍ഡ ജൂലൈ-ആള്‍ ഫോര്‍സ്
(ഇംഗ്ലീഷ്) നോവല്‍
2025- ലെ വിമന്‍സ് പ്രൈസ് ഷോര്‍ട്ട്‌ലിസ്റ്റില്‍ ഇടംപിടിച്ച കൃതി. ലൈംഗികതയുടെയും മാതൃത്വത്തിന്റെയും തുറന്ന അവതരണം കാരണം വളരെയധികം ചര്‍ച്ച ചെയ്യപ്പെടുകയും നിരൂപക ശ്രദ്ധ നേടുകയും ചെയ്തു. സ്ത്രീയുടെ ശരീരം, ലൈംഗികത, അമ്മ എന്ന നിലയിലുള്ള കടമകള്‍, കലയുടെ പ്രാധാന്യം, മധ്യവയസ്സിലെ ഐഡന്റിറ്റി എന്നിവയെക്കുറിച്ച് നോവല്‍ ആഴത്തില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. മാതൃത്വവും ലൈംഗികതയും (Motherhood and Sexuality): ഒരമ്മ എന്ന നിലയില്‍ സമൂഹം പ്രതീക്ഷിക്കുന്ന രൂപത്തില്‍ നിന്ന് മാറി, തന്റെ ലൈംഗികാഭിലാഷങ്ങളെ അംഗീകരിക്കുന്നതിനും ആഘോഷിക്കുന്നതിനും കഥാപാത്രം നടത്തുന്ന ശ്രമങ്ങള്‍ നോവല്‍ ചര്‍ച്ച ചെയ്യുന്നു. സ്ത്രീകളുടെ ശരീരത്തെക്കുറിച്ചും, അതിന്റെ മാറ്റങ്ങളെക്കുറിച്ചും സമൂഹവും വ്യക്തിയും ശരീരത്തെ എങ്ങനെയാണ് കാണുന്നത് എന്നതിനെക്കുറിച്ചുമുള്ള മിറാന്‍ഡ ജൂലൈയുടെ ധീരമായ നിരീക്ഷണങ്ങള്‍ ഈ പുസ്തകത്തിലുണ്ട്.
അരുന്ധതി റോയ്- മദര്‍ മേരി
കംസ് റ്റു മി (ഇന്ത്യന്‍ ഇംഗ്ലീഷ്) ഓര്‍മ
എഴുത്തുകാരിയുടെ ബാല്യത്തില്‍നിന്ന് പ്രായപൂര്‍ത്തിയിലേക്കുള്ള യാത്ര, അമ്മയുമായുള്ള സങ്കീര്‍ണ ബന്ധം, വ്യക്തിത്വത്തിന്റെ രൂപപ്പെടല്‍, സ്വാതന്ത്ര്യവും സത്യവും തേടിയുള്ള പോരാട്ടം എന്നിവയെ ആഴത്തില്‍ അവതരിപ്പിക്കുന്നു. ട്രാവന്‍കൂര്‍ ക്രിസ്ത്യന്‍ പിതൃസ്വത്ത് നിയമത്തിനെതിരെ അമ്മ മേരി റോയി നടത്തിയ നിയമയുദ്ധം മുതല്‍, എഴുത്തുകാരിയുടെ ഡല്‍ഹിയിലേക്കുള്ള യാത്ര വരെ ഈ ഓര്‍മകുറിപ്പില്‍ വരുന്നു. കാവ്യാത്മകവും ശക്തവുമായ ഭാഷയില്‍ സത്യത്തെ വിളിച്ചുപറയുന്ന ധൈര്യം, സ്വേച്ഛാധികാരികള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന രചനാശൈലി, വൈകാരികവും രാഷ്ട്രീയവുമായ ഇടിമുഴക്കങ്ങള്‍, അനീതിക്കെതിരായ പ്രതികരണങ്ങള്‍ എല്ലാം ചേര്‍ന്ന അവരുടെ സ്വതസിദ്ധമായ വൈകാരികതകളോടെയാണ് എഴുത്ത്.
ഒരു അമ്മയുടെയും മകളുടെയും കഥ മാത്രമല്ല; ഒരു ഗ്രാമത്തിന്റെ, ഒരു സംസ്ഥാനത്തിന്റെ, ഒരു രാജ്യത്തിന്റെ ചരിത്രവും 'മദര്‍ മേരി കംസ് റ്റു മി'യിലുണ്ട്.
മിഷേല്‍ ഒബാമ-ദി ലുക്ക്
(ഇംഗ്ലീഷ്) നോണ്‍ ഫിക് ഷന്‍
ഒരു ഫാഷന്‍-ഓര്‍മപ്പുസ്തകം എന്നു പറയാമെങ്കിലും അവരുടെ വ്യക്തിത്വവും ശക്തിയും എങ്ങനെ വസ്ത്രധാരണത്തിലൂടെ പ്രകടിപ്പിച്ചു എന്നതിന്റെ ആത്മാര്‍ഥമായ രേഖപ്പെടുത്തലാണ് രാഷ്ട്രീയ-സാഹിത്യ-ഫാഷന്‍ രംഗത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ പുസ്തകം. അമേരിക്കന്‍ പ്രസിഡന്റിന്റെ സഹധര്‍മിണി എന്ന നിലക്ക് തന്റെ വസ്ത്രധാരണത്തെ സ്വയം പ്രകടിപ്പിക്കുന്നതിനും, രാഷ്ട്രീയ സന്ദേശങ്ങള്‍ നല്‍കുന്നതിനും എങ്ങനെ ഉപയോഗിച്ചു എന്നതിന്റെ സൂക്ഷ്മമായ വിലയിരുത്തലാണ് ഈ പുസ്തകം. ഓരോ വസ്ത്രവും നിറവും ഡിസൈനറും സൂക്ഷ്മമായൊരു രാഷ്ട്രീയ-സാംസ്‌കാരിക സന്ദേശം നല്‍കാന്‍ തെരഞ്ഞെടുത്തതാണെന്ന് അവള്‍ തുറന്നുപറയുന്നു. അവരുടെ ശരീരത്തെയും വസ്ത്രങ്ങളെയും കുറിച്ചുള്ള അമിത ശ്രദ്ധ വംശീയ രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നു എന്ന് അവര്‍ തുറന്നുപറയുന്നു.സ്ത്രീകള്‍ക്ക്, പ്രത്യേകിച്ച് വര്‍ണവിവേചനത്തെ നേരിടുന്നവര്‍ക്കുള്ള സന്ദേശം: Visibility is both a privilege and a burden-but authenticity is the real act of rebellion.
സിതാര - വെയിലില്‍ ഒരു കളിയെഴുത്തുകാരി (ചെറുകഥാ സമാഹാരം)
സിതാരയുടെ കഥകള്‍ മനുഷ്യ മനസ്സിന്റെ പ്രത്യേകിച്ചും സ്ത്രീ മനസ്സിന്റെ ഭൂഖണ്ഡങ്ങള്‍ തുറന്നുകാട്ടുന്നതാണ്. സമരവീര്യവും ഇച്ഛാശക്തിയുമുള്ള സ്ത്രീയുടെ മനോവിചാരങ്ങള്‍ക്ക് ശക്തമായ ഭാഷ നല്‍കുകയാണ് ഈ കഥകളൊക്കെ. സാമൂഹിക യാഥാര്‍ഥ്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടോടെയുള്ള, സ്ത്രീകള്‍ സാഹചര്യങ്ങളെ എങ്ങനെ അതിജീവിക്കുന്നു എന്നതിനെക്കുറിച്ചുള്ള തെരഞ്ഞെടുപ്പുകളാണ് അവരുടെ ഓരോ കഥയും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും പരാജയപ്പെട്ടു പോകുന്ന അതല്ലെങ്കില്‍ എങ്ങും എത്തിപ്പെടാന്‍ കഴിയാതെ പോകുന്ന മനുഷ്യരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ വികാരവിചാരങ്ങളെ വളരെ ആഴത്തില്‍ സമീപിക്കാനും അവയെ അടയാളപ്പെടുത്താനുമുള്ള ശ്രമം അവരുടെ കഥകളില്‍ നമുക്ക് കാണാം.
ബി.എം. സുഹറ-ഓള് (നോവലെറ്റ്)
ഒരു സമൂഹം തീര്‍ത്ത വേലിക്കെട്ടുകളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഒരു മുസ്ലിം സ്ത്രീയുടെ ധീരമായ നിലനില്‍പ്പിന്റെ കഥയാണ്. നോവലിലെ കേന്ദ്രകഥാപാത്രമായ 'ഓള്' (അവള്‍), അവള്‍ ലൈംഗികമായ ചൂഷണങ്ങളെയും കഷ്ടപ്പാടുകളെയും അതിജീവിച്ച് സ്വന്തം വ്യക്തിത്വം കണ്ടെത്താന്‍ ശ്രമിക്കുന്നു. പുരുഷാധിപത്യ സമൂഹത്തിലെ ഇരയാക്കപ്പെടുന്ന സ്ത്രീയുടെ നിസ്സഹായതയും, എന്നാല്‍ അതിനെയെല്ലാം മറികടന്ന് മുന്നോട്ട് പോകാനുള്ള അവളുടെ അടങ്ങാത്ത വാഞ്ഛയുമാണ് നോവലിന്റെ കാതല്‍. കോഴിക്കോടന്‍ ഭാഷയുടെ തനിമയും ലാളിത്യവും സുഹറയുടെ എഴുത്തിനുണ്ട്. അവരുടെ ഭാഷക്ക് ഒരുതരം നര്‍മം കലര്‍ന്ന നിസ്സംഗതയുണ്ട്, അത് കഥാപാത്രങ്ങളുടെ ദുരിതങ്ങളെ ലഘൂകരിക്കുന്നതിനു പകരം, അവയെ കൂടുതല്‍ യാഥാര്‍ഥ്യബോധത്തോടെ അവതരിപ്പിക്കുന്നു.
ശ്രീ പാര്‍വതി- പോയട്രി കില്ലര്‍
(നോവല്‍)
2025-ല്‍ പുറത്തിറങ്ങിയ ഒരു ശ്രദ്ധേയമായ മലയാള നോവലാണ് 'പോയട്രി കില്ലര്‍'. എഴുത്തുകാരെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്ന ഒരു കൊലയാളിയെക്കുറിച്ചുള്ള ഒരു ക്രൈം ത്രില്ലറാണിത്. കൊലയാളി കൊലനടത്തുന്നിടത്ത് വിരലടയാളം അവശേഷിപ്പിക്കുന്നില്ല, എന്നാല്‍, ഓരോ മരണസ്ഥലത്തും വരാനിരിക്കുന്ന കൊലപാതകങ്ങളുടെ സൂചനകള്‍ നല്‍കുന്ന മനോഹരമായ കവിതകള്‍ അവശേഷിപ്പിക്കുന്നു എന്നതാണ് വിചിത്രം. ഈ കവിതകളുടെ രഹസ്യം തേടിയുള്ള സമര്‍ഥനായ പോലീസ് ഉദ്യോഗസ്ഥന്റെ അന്വേഷണമാണ് കഥയുടെ കാതല്‍. ദിനക്കുറിപ്പുകളിലൂടെയും അഭിമുഖങ്ങളിലൂടെയും പത്രസമ്മേളനങ്ങളിലെ ചോദ്യോത്തരങ്ങളിലൂടെയുമൊക്കെ കഥ ലളിതമായി മുന്നോട്ട് കൊണ്ടുപോകാന്‍ എഴുത്തുകാരി ശ്രമിച്ചിരിക്കുന്നു. ഭാഷയിലെ തെളിമയും എഡിറ്റിംഗിലെ മികവും വായനയെ ചടുലവും ഉദ്വേഗഭരിതവുമാക്കുന്നു.
ഫര്‍സാന- കിള (നോവല്‍)
കാല്പനികതയുടെ ലാളിത്യം, ഹൃദയസ്പര്‍ശിയായ കഥ എന്നിവകൊണ്ട് ശ്രദ്ധേയമായ നോവല്‍. മതത്തിന്റെ പുറന്തോടിനുള്ളില്‍ സസുഖം വാഴുന്ന ആണഹന്തക്കെതിരെ സേബ എന്ന യുവതി നടത്തുന്ന പോരാട്ടത്തിന്റെ കഥയാണിത്. മലബാറിലെ മുസ്ലിം സ്ത്രീജീവിതത്തിലെ യാഥാര്‍ഥ്യങ്ങള്‍, അവരുടെ പോരാട്ടങ്ങള്‍, എല്ലാതരം അടിച്ചമര്‍ത്തലുകളില്‍ നിന്നും മോചിതരാകാനുള്ള സ്ത്രീയുടെ ശ്രമങ്ങളെക്കുറിച്ചാണ് നോവല്‍ സംസാരിക്കുന്നത്. മതത്തിനല്ല കുഴപ്പം, മതശാസനകളെ വളച്ചൊടിച്ച് തങ്ങളുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മതത്തെ കവചമായി ഉപയോഗിക്കുന്നവരാണ് യഥാര്‍ഥ കുഴപ്പക്കാരെന്ന് നോവലിസ്റ്റ് പരോക്ഷമായി പറയുന്നുണ്ട്. ഉദാത്തമായ മാനവികതയാണ് മനുഷ്യവംശത്തിന്റെ സൗന്ദര്യമെന്ന് വെളിപ്പെടുത്തുന്ന കിള മികച്ച വായനാനുഭവം സമ്മാനിക്കുന്നു.
പുഷ്പമ്മ-മുടി (നോവല്‍)
അടിസ്ഥാനവര്‍ഗത്തില്‍പ്പെട്ട മനുഷ്യരുടെ ജീവിതത്തിലെ വേദനകളും ചെറുത്തുനില്‍പ്പുകളും കാടിന്റെ ഇരുളില്‍ പുതിയ ജീവിതം കണ്ടെത്താന്‍ ശ്രമിക്കുന്നവരുടെ പോരാട്ടങ്ങളും ചിത്രീകരിക്കുന്ന നോവല്‍. 'കൊളുക്കന്‍' എന്ന നോവലിനുശേഷം പുഷ്പമ്മയുടെ ഏറ്റവും പുതിയ നോവല്‍, പൊതുഭാവനകളിലോ ചരിത്രത്തിലോ ഇടം നേടാതെപോയ ഒരുകൂട്ടം മനുഷ്യരുടെ കഥയാണ്. ഈ മനുഷ്യര്‍ തലയുയര്‍ത്തിനില്‍ക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ മുഖത്ത് അടികൊണ്ടു. അവരുടെ ദരിദ്രമായ നിദ്രയിലെ ഇറ്റുസ്വപ്നം പൂര്‍ത്തിയാകുംമുന്‍പേ അവരെ മണ്ണുമൂടിക്കളഞ്ഞു. ഇപ്രകാരം പാതിയില്‍ അവസാനിക്കുന്ന ചെറുത്തുനില്‍പുകളുടെ കഥയാണ് മുടി.
മന്ദാകിനി നാരായണന്‍ (1925- 2006) ജനറല്‍ എഡിറ്റര്‍: കെ. അജിത (ഓര്‍മ)
ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു വേണ്ടി ജീവിത സുഖങ്ങള്‍ വെടിഞ്ഞ് പോരാട്ടം സ്വീകരിച്ച വിപ്ലവ നായിക മന്ദാകിനി നാരായണനെ കുറിച്ചുള്ള ഓര്‍മ. ലോകം തിളച്ചുമറിയുന്ന കാലം. ഇന്ത്യയുടെ ചക്രവാളത്തിലും വസന്തം ഇടിമുഴക്കുന്നുവെന്ന് തോന്നിപ്പിച്ചു. ആ വിളി കേട്ട് ഭൂമിയിലെ ഏറ്റവും പീഡിതര്‍ക്കൊപ്പം അനീതിക്കെതിരെ പൊരുതാന്‍ ഇറങ്ങിപ്പുറപ്പെട്ട ഒരു സ്ത്രീ. വീടുവിട്ടിറങ്ങുമ്പോള്‍ അവര്‍ തന്റെ വീടിനെയും കൂടെക്കൂട്ടി; ആ യാത്രയില്‍ ഭേദിക്കപ്പെട്ടത് കുടുംബം, സ്ത്രീ, അമ്മ തുടങ്ങി പലതിനെക്കുറിച്ചുമുള്ള സങ്കല്‍പങ്ങളാണ്. പ്രസവിക്കുകയും പോറ്റി വളര്‍ത്തുകയും ചെയ്യുന്ന അമ്മയില്‍നിന്ന്, എല്ലാ മക്കള്‍ക്കു വേണ്ടിയും പോരാടുന്ന അമ്മ.
ദിവ്യ ദ്വിവേദി, ഷാജ് മോഹന്‍- ഇന്ത്യന്‍ ഫിലോസഫി
ഇന്ത്യന്‍ റവലൂഷന്‍; ജാതിയും രാഷ്ട്രീയവും (ഫിലോസഫി) മുഖ്യധാരാ ദേശീയ പ്രസിദ്ധീകരണങ്ങള്‍ അച്ചടിക്കാന്‍ വിസമ്മതിച്ചവയുള്‍പ്പെടെയുള്ള ലേഖനങ്ങളുടെ സമാഹാരം. ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 60 ശതമാനം ഒ.ബി.സിക്കാരും 30 ശതമാനം പട്ടികജാതി, പട്ടികവര്‍ഗങ്ങളുമാണ്. സവര്‍ണജാതിക്കാര്‍ വെറും പത്തു ശതമാനത്തില്‍ താഴെ മാത്രമേ വരൂ. അതേസമയം, ദലിതര്‍ക്കെതിരായ അതിക്രമങ്ങളും തൊട്ടുകൂടായ്മയും ഇന്ത്യയിലെങ്ങും നിലനില്‍ക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലും തത്ത്വചിന്തയിലും നിലനില്‍ക്കുന്ന വിശ്വാസങ്ങളെ പിടിച്ചുലക്കുന്ന പുസ്തകം.
മേരി ടെയ് ലര്‍-ഇന്ത്യന്‍ തടവറയില്‍ അഞ്ചു വര്‍ഷങ്ങള്‍ (ഓര്‍മ)
അടിയന്തരാവസ്ഥ ഘട്ടത്തില്‍ നക്‌സലൈറ്റ് എന്ന് മുദ്രകുത്തി അഞ്ചുവര്‍ഷം തടവിലടക്കപ്പെട്ട ബ്രിട്ടീഷ് പൗരയുടെ ഓര്‍മക്കുറിപ്പുകള്‍. ഇന്ത്യന്‍ ജയിലവസ്ഥകളും രാഷ്ട്രീയ സാഹചര്യങ്ങളും വിവരിക്കുന്ന കൃതി. കേരളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ് ഈ പുസ്തകം.
പ്രായം പ്രതിഭക്ക് കൂച്ച് വിലങ്ങിടില്ല എന്നതിന് ഉദാഹരണമാണ് തമാര നമ്പ്യാര്‍ എന്ന പതിനാലുകാരി പെണ്‍കുട്ടിയുടെ Bruises And Butterflise (English Poem), ഡോ. അഞ്ജലി എ- ലളിതാംബിക അന്തര്‍ജനം - എഴുത്തുകാരിയുടെ പോരാട്ടങ്ങള്‍ (പഠനം) ഹ രി ത സാ വി ത്രിയുടെ കു ര്‍ബാന്‍ (നോവല്‍),ഷബ്‌ന മറിയം-ചുറ്റ്(ചെറുകഥ), ജിസ ജോസ്-രാത്രിയോ അതിദീര്‍ഘം (ചെറുകഥ),സലിന്‍ മാങ്കുഴി-ചോരവട്ടം(ചെറുകഥ), ബിന്നറ്റ് സി. ജെ -സ ത്യാനന്തര കാലത്തെ മാധ്യമ വിശേഷ ങ്ങള്‍ (ലേഖ നം), ഡോ. (മേജര്‍) നളിനി ജനാര്‍ദനന്‍-അര്‍ബുദങ്ങള്‍ (ആരോഗ്യം),ഡോ. സലീമ ഹമീദ്-പുരാതന വൈദ്യശാസ്ത്ര ചരിത്രം(ചരിത്രം), കടലിനേക്കാള്‍ നീലിച്ച്, ജയശ്രീ പള്ളിക്കല്‍- കനലിനേക്കാള്‍ ചുവന്ന് (കവിത),നൂറ വരിക്കോടന്‍- സഹൃദയവള്ളിയിലെ മുന്തിരിപ്പഴങ്ങള്‍ (കവിത) എന്നിവ 2025-ലെ ശ്രദ്ധേയമായ സ്ത്രീ എഴുത്തുകളാണ്.
2025-ലെ അറബ് സ്ത്രീ സാഹിത്യം
പോയ വര്‍ഷം അറബി സാഹിത്യത്തില്‍ സ്ത്രീസ്വാതന്ത്ര്യം, യുദ്ധാനുഭവം, മതപരമായ തിരിച്ചറിവ് തുടങ്ങിയ വിഷയങ്ങള്‍ ശക്തമായി അവതരിപ്പിക്കുന്ന ശ്രദ്ധേയമായ നിരവധി പെണ്‍ സാഹിത്യ സൃഷ്ടികള്‍ ഇറങ്ങിയിട്ടുണ്ട് . Hanin Al-Sayegh പോലുള്ള കൃതികള്‍, Samar Yazbek, Joumana Haddad, Asma Lamrabet എന്നിവരുടെ രചനകള്‍, അറബി സാഹിത്യത്തിലെ സ്ത്രീ ശബ്ദങ്ങളുടെ ശക്തി തെളിയിക്കുന്നു.
ഹനീന്‍ അല്‍സയേഗിന്റെ മീസാക്കു നിസാഅ് (Charter of Women)
2025-ലെ ഇന്റര്‍നാഷണല്‍ പ്രൈസ് ഫോര്‍ അറബിക് ഫിക് ഷന്‍ തെരഞ്ഞെടുക്കപ്പെട്ട ഒന്നാണ്. സ്ത്രീകളുടെ സ്വത്വം കണ്ടെത്തുന്നതിനും നിലനില്‍ക്കുന്ന വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നതിനും അടിച്ചമര്‍ത്തപ്പെട്ട സ്ത്രീ ശബ്ദങ്ങള്‍ക്ക് കരുത്ത് പകരുന്നതിനും ശ്രമിക്കുന്ന ഈ നോവല്‍, അറിവും വിദ്യാഭ്യാസവുമാണ് സ്ത്രീകളുടെ സ്വാതന്ത്ര്യത്തിലേക്കും സ്വതന്ത്രമായ വ്യക്തിത്വത്തിലേക്കുമുള്ള താക്കോലാണ്.
സാഹിത്യ ലോകത്ത് സ്ത്രീ വിഷയങ്ങള്‍ തന്റെ മൂര്‍ച്ചയേറിയ ലേഖനങ്ങളിലൂടെ സജീവമായി നിലനിര്‍ത്തുന്ന പെണ്ണെഴുത്തുകാരിയാണ് ടുണീഷ്യന്‍ സര്‍വ്വകലാശാലാ പ്രൊഫസറും മനോരോഗ വിദഗ്ധയുമായ റജാ ബെന്‍ സല്‍മ. സ്ത്രീകളുടെ ജീവിതവും സാമൂഹിക തിരിച്ചറിവും അന്വേഷിക്കുന്ന കൃതികളെഴുതിയ അവര്‍ അറബ്-ഇസ്ലാമിക പാരമ്പര്യത്തിലെ മിഥ്യകളെയും മൗനങ്ങളെയും ആധുനിക മാറ്റങ്ങളുടെ വൈരുധ്യങ്ങളെയും തന്റെ കൃതികളിലൂടെ ചോദ്യം ചെയ്തു. അവരുടെ ഒരു പ്രധാന ലേഖന സമാഹാരമാണ് 'ജെന്‍ഡര്‍ ഓര്‍ഡേഴ്‌സ്/ഡിസോര്‍ഡേഴ്‌സ്: ക്രോസ്-റീഡിങ്‌സ് ഓണ്‍ വയലന്‍സ് ആന്‍ഡ് ലവ്'.
ജുമാന ഹദ്ദാദ്
കവിതയും നോവലുകളും സ്ത്രീസ്വാതന്ത്ര്യവും രാഷ്ട്രീയവും ചേര്‍ന്ന രചനകള്‍ നടത്തുന്ന അറബ് ലോകത്തെ പ്രശസ്ത. അവരുടെ 'ഐ ഹനാന്‍', 'ദി ബുക്ക് ഓഫ് ക്വീന്‍സ്' എന്നീ നോവലുകള്‍ കാലികമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. 'ഐ ഹനാന്‍' നിലവിലെ ഇസ്രായേല്‍ ക്രൂരതക്കിരയായ ഗസയിലെ ജനങ്ങളുടെ അതിജീവനത്തിന്റെ കഥയാണ്. അറബിക്, ഫ്രഞ്ച്, ഇറ്റാലിയന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട 'ദി ബുക്ക് ഓഫ് ക്വീന്‍സ്' നാല് തലമുറകളിലെ സ്ത്രീകളുടെ ജീവിതത്തിലൂടെയുള്ള കുടുംബഗാഥയാണ്. യുദ്ധം നിറഞ്ഞ ഒരു പ്രദേശത്ത് സ്ത്രീകളായി ജീവിക്കുമ്പോള്‍ നേരിടുന്ന പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള അവരുടെ അചഞ്ചലമായ ശക്തിയും പ്രതിരോധശേഷിയുമാണ് നോവല്‍ ചര്‍ച്ച ചെയ്യുന്നത്.
സമര്‍ യെസ്‌ബെക്
സിറിയയില്‍ ജീവിക്കുന്ന സ്ത്രീ എന്ന നിലക്ക് തന്റെ സിറിയന്‍ യുദ്ധാനുഭവങ്ങളും സ്ത്രീകളുടെയും അഭയാര്‍ത്ഥികളുടെയും തീക്ഷ്ണമായ ജീവിതവും ചേര്‍ന്ന വിഷയങ്ങള്‍ പ്രമേയമാക്കിയ നോവലുകളെഴുതിയ സമര്‍ യെസ്‌ബെക്കിന്റെ ഏറ്റവും പുതിയ നോവലാണ് 'വെയര്‍ ദി വിന്‍ഡ് ബ്ലോസ്' ഇതിന്റെ യഥാര്‍ഥ അറബി തലക്കെട്ട് 'അയ്‌ന യഹബ്ബ് അല്‍-റീഹ്' എന്നാണ്. യുദ്ധഭൂമിയിലെ ജീവിതത്തിന്റെ കരളലിയിക്കുന്നതും സത്യസന്ധവുമായ ചിത്രീകരണം നല്‍കുന്ന കൃതിയാണിത്. സിറിയന്‍ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, തകര്‍ന്നടിഞ്ഞ ഒരു സമൂഹത്തില്‍ അതിജീവിക്കാന്‍ ശ്രമിക്കുന്ന മനുഷ്യരുടെ കഥ. യുദ്ധം, പലായനം, അടിച്ചമര്‍ത്തല്‍, മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവയാണ് നോവലിന്റെ പ്രധാന വിഷയങ്ങള്‍. യുദ്ധത്തിന്റെ ഭീകരതക്കിടയിലും മനുഷ്യത്വവും പ്രതീക്ഷയും കൈവിടാതെ ജീവിക്കുന്ന കഥാപാത്രങ്ങളെ ഇതില്‍ അവതരിപ്പിക്കുന്നു.
ഇസ്ലാമിക ലോകത്തെ പെണ്ണെഴുത്തുകള്‍
സാറ ഹംദാന്‍- വാട്ട് വില്‍ പീപ്പിള്‍ തിങ്ക് (നോവല്‍)
പലസ്തീനിയന്‍-അമേരിക്കന്‍ എഴുത്തുകാരി സാറ ഹംദാന്റെ, ഫലസ്തീനിയന്‍-അമേരിക്കന്‍ പശ്ചാത്തലത്തിലുള്ള യുവതിയുടെ കഥ പറയുന്ന ഈ നോവല്‍ പോയ വര്‍ഷത്തെ ശ്രദ്ധേയമായ കൃതിയാണ്. ഫലസ്തീനിയന്‍-അമേരിക്കന്‍ യുവതി മിയ ആല്‍മാസ് തന്റെ സ്വപ്നങ്ങളും കുടുംബത്തിന്റെ പരമ്പരാഗത പ്രതീക്ഷകളും തമ്മില്‍ പൊരുത്തപ്പെടുത്താന്‍ നടത്തുന്ന പോരാട്ടമാണ് കഥ. സാംസ്‌കാരിക തിരിച്ചറിവും വ്യക്തിപരമായ സ്വാതന്ത്ര്യവും തമ്മിലുള്ള സംഘര്‍ഷം ഹാസ്യവും ഹൃദയസ്പര്‍ശിയും ഉള്‍ച്ചേര്‍ന്നതാണ്. ഇന്നത്തെ ന്യൂയോര്‍ക്കിലെ ഫലസ്തീന്‍ കുടിയേറ്റക്കാരുടെ ജീവിതവും 1940-കളിലെ ഫലസ്തീന്‍ ജീവിതവും ചേര്‍ത്ത് പറയുന്നത് കഥക്ക് ആഴം നല്‍കുന്നു.
നുസ്സൈബ യൂനിസ്-ഫണ്ടമെന്റലി (നോവല്‍)
ഫലസ്തീനിയന്‍ അറബ് വംശജയായ എഴുത്തുകാരിയും ഗവേഷകയുമായ നുസൈബ യൂനിസ് എഴുതിയ സാഹസികതയുടെയും ഹാസ്യത്തിന്റെയും ചേരുവയില്‍ മതം, രാഷ്ട്രീയം, വ്യക്തിത്വം എന്നീ വിഷയങ്ങളെ ചോദ്യം ചെയ്യുന്ന ഒരു നോവലാണ് ഫണ്ടമെന്റലി. അന്താരാഷ്ട്ര സഹായം, മതപരമായ തീവ്രവാദം, വ്യക്തിത്വം എന്നീ വിഷയങ്ങളെ ആഴത്തില്‍ പരിശോധിക്കുന്ന കൃതി അറബ്/ഫലസ്തീനിയന്‍ സ്വത്വം, പാശ്ചാത്യ ലോകത്തെ അറബ് പ്രവാസികളുടെ അനുഭവങ്ങള്‍, മതം, സംസ്‌കാരം, ആധുനികത എന്നിവ തമ്മിലുള്ള സംഘര്‍ഷം, അറബ്- ഫലസ്തീനിയന്‍ സ്ത്രീകള്‍ നേരിടുന്ന സംഘര്‍ഷം, സാമൂഹിക പരിധികള്‍, മത വ്യാഖ്യാനങ്ങളുടെ സ്വാധീനം, മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന അറബ്്- മുസ്ലിം പ്രതിനിധാനങ്ങള്‍ എന്നിവയെല്ലാം കൃതി വിമര്‍ശനാത്മകമായി വായിക്കുന്നു. ഗുരുതര വിഷയങ്ങളെ ഹാസ്യത്തിന്റെ ചേരുവകളില്‍ അവതരിപ്പിക്കുന്ന നോവല്‍ യു.എന്നിന്റെ അസമത്വവും രാഷ്ട്രീയ കളികളും തുറന്നുകാട്ടുന്നു.
ഉസ്മ ജലാലുദ്ദീന്‍-ഡിറ്റക്റ്റീവ് ആന്റി (നോവല്‍)
കാനഡയില്‍ താമസിക്കുന്ന, ദക്ഷിണേഷ്യന്‍-മുസ്ലിം പശ്ചാത്തലമുള്ള എഴുത്തുകാരിയായ ഉസ്മ ജലാലുദ്ദീന്റെ ഒരു ഹാസ്യ-മിസ്റ്ററി നോവലാണിത്. ദക്ഷിണേഷ്യന്‍ കുടിയേറ്റ സമൂഹത്തിന്റെ പശ്ചാത്തലത്തില്‍, കുടുംബബന്ധങ്ങളും സാംസ്‌കാരിക തിരിച്ചറിവുകളും ചേര്‍ത്ത്, ഒരു ''ആന്റി'' കഥാപാത്രം ഡിറ്റക്റ്റീവ് വേഷത്തില്‍ എത്തുന്ന കഥയാണ് ഇതില്‍.
റീം ഫാറൂഖിയുടെ സറീന ഡിവൈഡഡ്, സാറ ജാഫ്രിയുടെ 'ദി മിസ്മാച്ച്' എന്നീ കൃതികള്‍ ഇസ്ലാമിക ലോകത്തെ സ്ത്രീകളുടെ വൈവിധ്യമാര്‍ന്ന ജീവിതാനുഭവങ്ങളെയും സാംസ്‌കാരിക പശ്ചാത്തലങ്ങളെയും വരച്ചുകാട്ടുന്നു.