കേരളത്തിലെ വിവിധ സമുദായങ്ങളില്‍ പെട്ട വിധവകളോ വിവാഹമോചിതരോ പുനര്‍വിവാഹിതരോ ആയ 13 പേരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയത്.
ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗത്തിന്റെ 'സൗദ പടന്ന ഫെലോഷിപ്പി'ന് അർഹത നേടിയ പഠനം
''വിധവയേയും ദരിദ്രനെയും സഹായിക്കാന്‍ പരിശ്രമിക്കുന്ന വ്യക്തി ദൈവമാര്‍ഗത്തില്‍ സമരം ചെയ്യുന്നവനെ പോലെയും രാത്രി മുഴുവന്‍ നിന്ന് നമസ്‌കരിക്കുന്നവനെ പോലെയും പകല്‍ മുഴുവന്‍ നോമ്പ് എടുക്കുന്നവനെ പോലെയും ആണ്.'' (സഹീഹു ബുഖാരി & മുസ്ലിം: 5353, 2989)
വിധവകളെ സഹായിക്കുന്ന പ്രവൃത്തി ദൈവ മാര്‍ഗത്തില്‍ സമരം ചെയ്യുന്നതുമായും നോമ്പും നമസ്‌കാരവുമായും ഒക്കെ സമീകരിക്കുന്ന പ്രവാചക വചനം അവരുടെ പ്രശ്‌നങ്ങള്‍ വ്യക്തിപരമല്ലെന്നും അവരെ സഹായിക്കല്‍ ഒരു സാമൂഹിക ബാധ്യതയാണെന്നും വളരെ വലിയ പുണ്യ കര്‍മമാണെന്നും വ്യക്തമാക്കുന്നു. എന്നാല്‍, വിധവകളെ ദുശ്ശകുനമായും വിവാഹമോചനം പാപമായും കരുതുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ തങ്ങള്‍ക്ക് നേരെയുള്ള മുന്‍ വിധികളും കരുതലില്ലായ്മയും അവഗണനയും നിശബ്ദമായി സഹിച്ചു പോരുന്നവരായിട്ടാണ് ഈ വിഭാഗക്കാര്‍ കാണപ്പെടുന്നത്. ഇസ്ലാമികമായി, സ്ത്രീകളെ സാമ്പത്തികമായും അല്ലാതെയും സംരക്ഷിക്കേണ്ടത് ആ സ്ത്രീയോട് ഏറ്റവും അടുത്ത പുരുഷനാണ്. പക്ഷേ, പങ്കാളിയില്ലാത്ത സ്ത്രീകള്‍ ഒറ്റക്ക് തങ്ങളുടെ കുടുംബത്തിന്റെ, കുട്ടികളുടെ ഭാരം ചുമക്കുക എന്നതാണ് നമ്മുടെ സമൂഹത്തില്‍ സ്വാഭാവികവല്‍ക്കരിക്കപ്പെട്ടിരിക്കുന്നത്. 2011 ലെ സെന്‍സസ് അനുസരിച്ച് 5.6 കോടി വിധവകള്‍ ഇന്ത്യയില്‍ ഉണ്ട്. 2019- 20- ലെ യു.എന്നിന്റെ കണക്ക് പ്രകാരം ഇന്ത്യയിലെ 13 ദശലക്ഷം കുടുംബങ്ങളെ നയിക്കുന്നത് സിംഗിള്‍ മദേഴ്‌സ് ആണ്. ഈ ആളുകള്‍ സാമ്പത്തികമായ അരക്ഷിതാവസ്ഥ, വിവേചനങ്ങള്‍, സാമൂഹിക മുന്‍വിധികള്‍, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, സാമൂഹിക പിന്തുണ ഇല്ലായ്മ, ഗാര്‍ഹികാതിക്രമങ്ങള്‍ തുടങ്ങി വിവിധതരം പ്രശ്‌നങ്ങള്‍ നേരിടുന്നതായി പഠനങ്ങള്‍ പറയുന്നു. ഇത്തരം സ്ത്രീകള്‍ക്ക് വെല്ലുവിളികള്‍ സൃഷ്ടിക്കുന്നത് പങ്കാളിയുടെ അഭാവം മാത്രമല്ല, ആ അഭാവം കുടുംബത്തിലും സമൂഹത്തിലും അവരെ കാണുന്ന രീതിയില്‍ ഉണ്ടാക്കുന്ന മാറ്റം, സിംഗിള്‍ മദേഴ്‌സിനെ സംബന്ധിച്ചു കുട്ടികളെ ഒറ്റക്ക് വളര്‍ത്തുമ്പോള്‍ അവര്‍ക്ക് താങ്ങേണ്ടി വരുന്ന അമിതഭാരം തുടങ്ങി നിരവധി ഘടകങ്ങള്‍ക്ക് കൂടി പങ്കുണ്ട്.
കേരളത്തിലെ വിവിധ സമുദായങ്ങളിലെ വിധവകളും സിംഗിള്‍ മദേഴ്‌സും നേരിടുന്ന മാനസിക സാമൂഹിക വെല്ലുവിളികള്‍ എന്തൊക്കെയാണ്, അവരുടെ നിലവിലെ പിന്തുണ സംവിധാനങ്ങള്‍ എന്തൊക്കെയാണ്, പുനര്‍ വിവാഹത്തെ പറ്റിയുള്ള അവരുടെ കാഴ്ചപ്പാട് എന്താണ് എന്നൊക്കെയാണ് പരിശോധിക്കുന്നത്.
സിംഗിള്‍ മദേഴ്‌സും വിധവകളും നേരിടുന്ന മാനസിക സാമൂഹിക വെല്ലുവിളികള്‍
സിംഗിള്‍ മദേഴ്‌സും വിധവകളും നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് സാമ്പത്തിക സുരക്ഷയുടെ അഭാവമാണ്. ഈ പഠനത്തിന്റെ ഭാഗമായ ഭൂരിഭാഗം ആളുകള്‍ക്കും സ്ഥിര വരുമാനം ഉണ്ടായിരുന്നില്ല; കട ബാധ്യത മൂലം ഉള്ള മാനസിക സംഘര്‍ഷങ്ങളും സാമ്പത്തിക ബുദ്ധിമുട്ട് മൂലം മക്കളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാനാകാത്തതും പ്രാക്ടീസ് ചെയ്യാന്‍ പറ്റാത്തതുമെല്ലാം പലരും പങ്കുവെച്ചു. കേരളത്തിലെ മുതിര്‍ന്ന സ്ത്രീകളില്‍ സ്വന്തം പേരില്‍ സ്വത്ത് ഉള്ളവര്‍ വളരെ കുറവാണെന്ന് മൊഹീന്ദ്ര കെ.എസ്, ഹദ്ദാദ് എസ് എന്നിവര്‍ നടത്തിയ പഠനം (cited) വ്യക്തമാക്കുന്നു. ഈ കണ്ടെത്തല്‍ ഈ പഠനവുമായി പൊരുത്തപ്പെടുന്നതായി കാണാവുന്നതാണ്.
മാനസിക ശാരീരിക ആരോഗ്യപ്രശ്‌നങ്ങള്‍ മറ്റൊരു പ്രധാന വെല്ലുവിളിയാണ്. അപകടകരമായ വീടുകളില്‍ താമസിക്കേണ്ടി വരുന്നതും മുന്‍ വിവാഹബന്ധത്തിലെ ദീര്‍ഘകാല ശാരീരിക പീഡനങ്ങള്‍ മൂലം ആരോഗ്യപ്രശ്‌നങ്ങള്‍ വരുന്നതും തൊഴില്‍ സാധ്യമാകാതെ പോകുന്നതും കാണാം. പലരും ഉറക്കമില്ലായ്മ, ഭക്ഷണശീല വ്യതിയാനം, ഹൃദയമിടിപ്പിന്റെ വര്‍ധന തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവരാണ്. ഇവയെല്ലാം പൂര്‍വ കാല മാനസികാഘാതത്തിന്റെ ശാരീരിക പ്രതികരണങ്ങളാണെന്ന് ഹെര്‍മന്റെ 'Trauma and Recovery Framework' ഇല്‍നിന്ന് മനസ്സിലാക്കാം. പങ്കാളി മരണപ്പെട്ട പ്രായമായ ചിലരുടെ പ്രധാന പ്രശ്‌നം ആരോഗ്യ പ്രശ്‌നമാണ്. പിന്നെ, കുട്ടികളെ ഓര്‍ത്തുള്ള ആശങ്കകളും.
സമൂഹത്തിലെ സ്റ്റിഗ്മയും കുറ്റപ്പെടുത്തലും
വിവാഹ മോചിതരായ സിംഗിള്‍ മദേഴ്‌സിനെ സംബന്ധിച്ച് സമൂഹത്തിലെ കുറ്റപ്പെടുത്തലും മുന്‍വിധികളും അവരെ കൂടുതല്‍ ഒറ്റപ്പെടലിലേക്കും സാമൂഹികമായ ഉള്‍വലിയലിലേക്കും നയിക്കുന്നു. വിവാഹമോചിതയായ സിംഗിള്‍ മദര്‍ ''കല്യാണങ്ങള്‍ക്ക് പോയാല്‍ ആളുകളുടെ ചോദ്യങ്ങളെ പേടിച്ച് ഏറ്റവും അവസാനം പോയിട്ട് ആദ്യം തിരിച്ചു വരുമെന്ന് പറഞ്ഞു.' .മറ്റൊരു സിംഗിള്‍ മദര്‍ പറഞ്ഞത്: ''ഡൈവേഴ്‌സ് ആണെന്ന് പറഞ്ഞാല്‍ ആളുകള്‍ ദുരന്തം സംഭവിച്ചതുപോലെ നോക്കുന്നു; അതുകൊണ്ട് ഞാന്‍ ഇപ്പോള്‍ പൊതുപരിപാടികളില്‍ പങ്കെടുക്കാറില്ല എന്നാണ്''.
മുന്‍ വിവാഹബന്ധത്തില്‍ നിന്നും ലൈംഗികവും മാനസികവുമായ പീഡനങ്ങള്‍ നേരിട്ട ഒരു പുനര്‍വിവാഹിത പറഞ്ഞത്: വിവാഹ മോചന വേളയില്‍ താന്‍ ഉന്നയിച്ച ആരോപണങ്ങളെ അംഗീകരിക്കാതെ 'ആണുങ്ങളോടൊപ്പം ജീവിക്കാന്‍ അറിയില്ല, അഹങ്കാരിയാണ്'' തുടങ്ങിയ ലേബലുകള്‍ തന്നത് തന്റെ self-worth നെ തകര്‍ത്തുവെന്നാണ്. വിവാഹബന്ധത്തിലുള്ള പീഡനങ്ങള്‍ സ്വാഭാവികവല്‍ക്കരിക്കപ്പെട്ട സമൂഹത്തില്‍, വിവാഹ ബന്ധത്തിനകത്ത് പീഡനങ്ങള്‍ നേരിടേണ്ടി വരുന്നത് പ്രശ്‌നമാണ് എന്ന് ബോധ്യപ്പെടുത്തേണ്ടി വന്നത് തന്നെ ആദ്യമേ ട്രോമാറ്റിക്ക് ആയ തനിക്ക് വീണ്ടും മാനസികമായി പരിക്കേല്‍ക്കുന്ന അനുഭവമായി മാറി.
കുട്ടികളെ ഒറ്റക്കു വളര്‍ത്തുന്നതിനുള്ള മുഴുവന്‍ ഉത്തരവാദിത്വവും ഏല്‍ക്കേണ്ടി വരുന്നത് ഭാരമായി അനുഭവപ്പെടുന്നു എന്ന് ചില സിംഗിള്‍ മദേഴ്‌സ്, പ്രത്യേകിച്ചും പഠനപ്രശ്‌നങ്ങള്‍ ഉള്ള കുട്ടികളുള്ള സിംഗിള്‍ മദേഴ്‌സ് പറഞ്ഞു. ''ഞാന്‍ സിംഗിള്‍ മദറായതുകൊണ്ടാണ് ' ഇങ്ങനെ സംഭവിച്ചത് എന്ന കുറ്റബോധം പേറുന്നതായി കാണാം. അതേ സമയം, പീഡനങ്ങള്‍ നിറഞ്ഞ ബന്ധങ്ങളില്‍ നിന്നും മോചിതരായ ചിലര്‍ ധൈര്യവും തിരിച്ചറിവും ആത്മവിശ്വാസവും വര്‍ധിച്ചെന്നും, ആളുകളെ മുന്‍വിധികള്‍ ഇല്ലാതെ കാണാന്‍ തുടങ്ങിയത് അതിനു ശേഷമാണെന്നും അവകാശപ്പെട്ടു.
വിധവകളുടെയും സിംഗിള്‍ മദേഴ്‌സിന്റെയും പിന്തുണാ സംവിധാനങ്ങള്‍
വിധവകളും സിംഗിള്‍ മദേഴ്‌സും ജീവിതത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്തുന്നതില്‍ വിവിധ സംവിധാനങ്ങള്‍ അവരെ എത്രത്തോളം പിന്തുണക്കുന്നു എന്ന കാര്യം പ്രധാനമാണ്. കുടുംബം, സമുദായം, മാനസികാരോഗ്യ സേവനങ്ങള്‍ തുടങ്ങിയ പിന്തുണാ ഘടകങ്ങളുടെ ലഭ്യതയും അവയുടെ ഇടപെടലുകളുടെ പോരായ്മകളും ഈ ആളുകളുടെ അനുഭവങ്ങളിലൂടെ മനസ്സിലാക്കാന്‍ സാധിച്ചു.
മാതാപിതാക്കളോ സഹോദരങ്ങളോ നല്‍കുന്ന പിന്തുണ പലര്‍ക്കും അതിജീവനത്തിന് വലിയ സഹായമായിരുന്നുവെന്ന് കണ്ടു. എന്നാല്‍, പിന്തുണയുടെ ലഭ്യത എല്ലാവര്‍ക്കും ഒരുപോലെ ആയിരുന്നില്ല. കുടുംബത്തിന്റെ പിന്തുയില്ലാത്തതു കാരണം പ്രാക്ടീസ് തുടരാനാവാത്തത്, കുട്ടിയെ നോക്കല്‍ ബുദ്ധിമുട്ടായി മാറുന്നത്, വിവാഹമോചന വേളയില്‍ പൂര്‍ണമായും ഒറ്റപ്പെടുത്തപ്പെട്ടത്, സ്വന്തം കുടുംബത്താല്‍ പൂര്‍ണമായും ഉപേക്ഷിക്കപ്പെട്ടത്, അബ്യൂസീവായ ബന്ധത്തില്‍ നിന്നും പുറത്ത് പോകണമെന്ന് പറഞ്ഞതിനാല്‍ തനിക്ക് മാനസിക രോഗം ഉണ്ടെന്ന് ചിത്രീകരിക്കാന്‍ സ്വന്തം കുടുംബക്കാരും ബന്ധുക്കളും ശ്രമിച്ചത്, കൈക്കുഞ്ഞുമായി ബന്ധു വീട്ടില്‍ ചെന്ന് കയറിയപ്പോള്‍ അവര്‍ ഭക്ഷണം നല്‍കാതിരുന്നത്, ആദ്യകാല മധ്യസ്ഥ ശ്രമങ്ങളില്‍ കുടുംബം തന്നെ പിന്തുണക്കാതിരുന്നത്, കുടുംബാംഗങ്ങളുടെ മോശമായ പെരുമാറ്റം മൂലം ഉണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങള്‍ തുടങ്ങിയ ഗുരുതുരമായ പിന്തുണയില്ലായ്മയുടെ കഥകള്‍ ചിലര്‍ക്കെല്ലാം പറയാനുണ്ടായിരുന്നു. കുടുംബത്തിന്റെ പിന്തുണയില്ലായ്മയാണ് ഈ ആളുകളെ തകര്‍ക്കുന്നത്. വിവാഹ മോചിതരെയും വിധവകളെയും പിന്തുണക്കേണ്ട ഉത്തരവാദിത്വം കുടുംബങ്ങള്‍ക്കുണ്ട് എന്ന് പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകത ഈ അനുഭവങ്ങള്‍ നമ്മോടു പറയുന്നു.
പിതാവ് ജീവിച്ചിരിപ്പുണ്ടെങ്കിലും സ്വന്തം കുട്ടികളുടെ സാമ്പത്തികമായോ അല്ലാതെയോ ഉള്ള ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഭൂരിപക്ഷം പേരും തയ്യാറാകാത്തത് സാമ്പത്തികമായും മാനസികമായും വലിയ ഭാരവും മാനസിക സമ്മര്‍ദ്ദവും അമ്മമാരില്‍ ഉണ്ടാക്കുന്നു. ഈ പഠനത്തില്‍ ഉള്‍പ്പെട്ട സിംഗിള്‍ മദേഴ്‌സില്‍ രണ്ടുപേര്‍ക്കാണ് കുട്ടികളുടെ പിതാവിന്റെ സാമ്പത്തിക പിന്തുണ ലഭിച്ചിരുന്നത്. അവര്‍ നിയമ സഹായം തേടാന്‍ മാത്രം പ്രിവിലേജ് ഉള്ളവരാണ് താനും. ഒരു സിംഗിൾ മദറിന്റെ ഭര്‍ത്താവ് തന്റെ ഭൂമി കുട്ടികള്‍ക്കും ഭാര്യക്കും കൊടുക്കാന്‍ കോടതി ഉത്തരവിടുമോ എന്ന ഭയത്തില്‍ സഹോദരന് എഴുതി കൊടുത്തു. ഒരു പിതാവ് തന്റെ മക്കളില്‍ പെണ്‍കുട്ടിയുടെ ചെലവ് ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് പറഞ്ഞത് ലിംഗ വിവേചനത്തിന്റെ പ്രതിഫലനമാണ്. മറ്റൊരു പിതാവ് (അയാള്‍ മുസ്ലിമാണ്) അയാള്‍ക്ക് ആറു മക്കള്‍ ഉണ്ടായിരിക്കെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു മറ്റൊരു വിവാഹം കഴിച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഈ പുരുഷന്മാരെ ചോദ്യം ചെയ്യുന്ന സ്വന്തം മക്കളുടെ കാര്യത്തില്‍ ഉത്തരവാദിത്വ ബോധം ഉണ്ടാക്കുന്ന ഒരു സിസ്റ്റവും നമ്മുടെ നാട്ടില്‍ ഇല്ല എന്നത് പരിതാപകരമാണ്. ഈ കാരണം കൊണ്ട് മാത്രം ആ മാതാവിന് കുട്ടികളെ പഠിപ്പിക്കാന്‍ പറ്റാതെ വരുന്നു. ചെറിയ പ്രായത്തില്‍ പെണ്‍മക്കളെ ഗുജറാത്തിലേക്ക് കല്യാണം കഴിപ്പിക്കേണ്ടി വരുന്നു. അവരില്‍ ഒരാള്‍ ഭര്‍ത്താവിന്റെ ഉപദ്രവം കാരണം ഇപ്പോള്‍ വീട്ടില്‍ തിരിച്ചു വന്നിട്ടുണ്ട് എന്നത് അടുത്ത തലമുറയെ ആ പിതാവിന്റെ ഉത്തരവാദിത്വമില്ലായ്മ എങ്ങനെയാണ് ബാധിച്ചത് എന്നത് കാണിക്കുന്നു. രക്ഷാകര്‍തൃത്വം സാമ്പത്തിക സഹായത്തില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും, പിതാവിന്റെ വൈകാരികമായ സാന്നിധ്യം കുട്ടികളുടെ മാനസികാരോഗ്യത്തിന് നിര്‍ണായകമാണെന്നും ദിശാ ശര്‍മ്മ Times of India- യില്‍ എഴുതിയ ലേഖനം ചൂണ്ടിക്കാണിക്കുന്നു.
വിവാഹമോചന വേളയിലെ മധ്യസ്ഥതയുടെ ഘട്ടത്തില്‍ മൂന്നുപേര്‍ ഗുരുതരമായ അനീതി നേരിട്ടതായി പരാതിപ്പെട്ടു. മധ്യസ്ഥര്‍ പങ്കാളിയായ അബ്യൂസറുടെ തെറ്റായ പെരുമാറ്റത്തെ അഭിമുഖീകരിക്കുന്നതിന് പകരം ഇരകളാക്കപ്പെടുന്നവരോട് പീഡനങ്ങളോട് പൊരുത്തപ്പെട്ട് പോകാന്‍ പറയുന്നത് ഇരകളെ വീണ്ടും മാനസികമായി പരിക്കേല്‍പ്പിക്കുന്ന (റീ ട്രോമറ്റൈസേഷന്‍) അനുഭവമായി മാറി. നിലവില്‍ പുനര്‍ വിവാഹിതയായ പെണ്‍കുട്ടി മാനസിക പീഡനങ്ങളും ലൈംഗിക പീഡനങ്ങളും നിറഞ്ഞ ഒരു ബന്ധത്തില്‍ നിന്നും പുറത്ത് വരാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ ഇടപെട്ട സംഘടന തന്നെ പുറത്ത് നിര്‍ത്തി ആ വിഷയം മാതാപിതാക്കളോടു ചര്‍ച്ച ചെയ്തതും തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക പീഡനങ്ങളെ പറ്റിയും മറ്റും മധ്യസ്ഥതക്ക് വന്ന അപരിചിതരായ പുരുഷന്മാരോട് പറയേണ്ടി വന്നതും അതവര്‍ യാതൊരു സഹാനുഭൂതിയും ഇല്ലാതെ കേട്ടതും തന്റെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിച്ചതായി പരാതിപ്പെട്ടു. വിവാഹ മോചനത്തെ പറ്റി തീരുമാനം എടുക്കുന്ന കാര്യത്തില്‍ തന്റെ ഏജന്‍സിയെ മധ്യസ്ഥര്‍ നിഷേധിച്ചതാണ് തനിക്ക് പാനിക്ക് അറ്റാക്കുകള്‍ ഉണ്ടാകാനുള്ള കാരണം എന്ന് ആ പെണ്‍കുട്ടി പറഞ്ഞു. മധ്യസ്ഥരുടെ, തെറ്റ് ആരുടെ ഭാഗത്തായാലും ആ കാര്യത്തോട് പൊരുത്തപ്പെടെണ്ടതും മാറേണ്ടതും സ്ത്രീകളാണെന്ന ചിന്തയും പീഡനങ്ങള്‍ നിറഞ്ഞ ബന്ധത്തില്‍ നിന്നും പുറത്ത് വരുന്ന സ്ത്രീകള്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള മാനസികമായ പരിക്കുകളെ പറ്റിയുള്ള ധാരണയില്ലായ്മയും സൂക്ഷിച്ചുവേണം ഈ ആളുകളോട് സംസാരിക്കാന്‍ എന്ന അറിവില്ലായ്മയും എത്ര ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് ഈ സ്ത്രീകളെ എടുത്തെറിഞ്ഞത് എന്ന് കാണാവുന്നതാണ്.
പീഡനങ്ങള്‍ നിറഞ്ഞ ബന്ധത്തില്‍ നിന്നും ഒരു സ്ത്രീ പുറത്ത് വരാന്‍ ഒരുങ്ങുമ്പോള്‍ അവര്‍ക്ക് പിന്തുണ കൊടുക്കുന്നതിനു പകരം 'വിവാഹ മോചനം എന്നത് അല്ലാഹുവിന്റെ സിംഹാസനം കുലുങ്ങുന്ന പ്രക്രിയയാണെന്ന്' പറയല്‍ സ്പിരിച്വല്‍ വയലന്‍സിന്റെ പരിധിയില്‍പെടുന്ന കാര്യമാണ്. തങ്ങള്‍ക്ക് ഉപദ്രവകാരമായ ബന്ധത്തില്‍ എന്തും സഹിച്ച് ജീവിക്കലല്ല ഇസ്ലാമിലെ വിവാഹം. അതില്‍ ഒരു പുരുഷന്‍ അബ്യൂസീവായി പെരുമാറുന്നുവെങ്കില്‍ അവിടെ ഉപദേശം അര്‍ഹിക്കുന്ന ഒരേയൊരു വ്യക്തി അയാളാണ്. അയാള്‍ക്ക് അയാളുടെ പങ്കാളിക്ക് സമാധാനം നല്‍കുന്ന രീതിയില്‍ പെരുമാറാനുള്ള ഉത്തരവാദിത്വമുണ്ട്. അതില്‍ അയാള്‍ പരാജയപ്പെടുന്നുവെങ്കില്‍ ആ സ്ത്രീക്ക് തീര്‍ച്ചയായും ആ ബന്ധത്തില്‍ നിന്നും പുറത്ത് വരാനുള്ള അവകാശം ഉണ്ട്. അതിനെ തടയാന്‍ കുടുംബാംഗങ്ങള്‍ക്കോ മത പണ്ഡിതര്‍ക്കോ അവകാശമില്ല. ഏത് പ്രശ്‌നത്തിലും ഇടപെടലുകളില്‍ നീതി പാലിക്കുക എന്നത് ഖുര്‍ആനികധ്യാപനമാണ് താനും (ഖുര്‍ആന്‍: 4:58). തെറ്റ് ആരുടെ ഭാഗത്തായാലും കൂട്ടത്തില്‍ പവര്‍ ലെസ്സ് ആയ ആളെ ഉപദേശിച്ച് നന്നാക്കൂ, അല്ലെങ്കില്‍ സ്ത്രീകളെ ഉപദേശിച്ചു നന്നാക്കൂ എന്നല്ല ഖുര്‍ആന്‍ പറഞ്ഞത്.
നേരത്തെ തന്നെ മാനസികാഘാതം ഏല്‍പ്പിക്കപ്പെട്ട ഒരു വ്യക്തിക്ക് ആവശ്യമില്ലാത്ത ഉപദേശങ്ങള്‍ നേരിടേണ്ടിവരുന്നത്, അല്ലെങ്കില്‍, ഒരു പ്രശ്‌നത്തെ പെട്ടെന്ന് മറികടക്കാന്‍ നിര്‍ബന്ധിക്കുന്നത് ഈ ആളുകളെ നിരാശപ്പെടുത്തുകയോ അവരുടെ വികാരങ്ങളെ മുറിപ്പെടുത്തുകയോ ചെയ്യുമെന്ന് തോയ്റ്റസിന്റെ പഠനത്തില്‍ വോട്ട്മാനേയും ലഹ്‌മാനെയും ഉദ്ധരിച്ചു പറയുന്നു (1985). മാനസികമോ ശാരീരികമോ ആയ പീഡനങ്ങള്‍ക്ക് വിധേയരായവര്‍ക്ക് മാനസികാഘാതത്തില്‍ നിന്നും മോചിതരാകാന്‍ അവരുടെ കാര്യത്തില്‍ അവരുടെ അഭിപ്രായങ്ങളെ താല്‍പര്യങ്ങളെ, അവരുടെ ജീവിതത്തിന്‍മേലുള്ള തീരുമാനാധികാരത്തെ പരിഗണിക്കേണ്ട ആവശ്യകതയെ കുറിച്ച് ജൂഡിത്ത് ഹെര്‍മന്‍ ട്രോമാ ആന്‍ഡ് റിക്കവറി എന്ന പേരില്‍ നടത്തിയ പഠനം പറയുന്നു. ഹെര്‍മ്മന്റെ തന്നെ നിരീക്ഷണം അനുസരിച്ച് അതിജീവിതര്‍ ഏറ്റവും കൂടുതല്‍ ഉപദ്രവം നേരിടുന്നത് പീഡനങ്ങള്‍ നേരിടുമ്പോള്‍ മാത്രമല്ല, അതില്‍ നിന്നും രക്ഷപ്പെടാന്‍ സഹായം തേടുമ്പോള്‍ കൂടിയാണ്.
ഫലപ്രദമായ മാനസികാരോഗ്യ സേവനങ്ങള്‍ വേണ്ട രീതിയില്‍ ഈ ആളുകള്‍ക്ക് ലഭ്യമല്ല എന്ന് കാണാവുന്നതാണ്. പീഡനങ്ങള്‍ നിറഞ്ഞ വിവാഹ ബന്ധത്തിലൂടെ കടന്നു പോയവര്‍ക്കും പങ്കാളി മരണപ്പെട്ട പലര്‍ക്കും തങ്ങള്‍ക്ക് മാനസികാരോഗ്യ സേവനങ്ങള്‍ ആവശ്യമാണെന്ന തിരിച്ചറിവുണ്ടായിരുന്നില്ല. തിരിച്ചറിഞ്ഞ ചിലര്‍ക്കാകട്ടെ, മാനസികാരോഗ്യ സേവനങ്ങളുടെ ചെലവു കാരണവും ഫലപ്രദമല്ലെന്ന തോന്നലിനാലും കുറച്ച് കഴിയുമ്പോള്‍ സേവനങ്ങള്‍ നിര്‍ത്തുകയാണ് ചെയ്യുന്നത്. ഒരാള്‍ മാത്രമാണ് തെറാപ്പി എടുത്തതിലൂടെ തന്റെ ജീവിതം മാറി എന്ന് പറഞ്ഞത്. ADHD support group- ലൂടെ, Carolyn Strawson- ന്റെ 'How to Heal After Narcissistic Abuse' പോലുള്ള പുസ്തകങ്ങളിലൂടെ ചിലര്‍ ആശ്വാസം കണ്ടെത്തിയതായി പറഞ്ഞു. കുറഞ്ഞ ചെലവില്‍ ഫലപ്രദമായ സേവനങ്ങള്‍ ഈ ആളുകള്‍ക്ക് ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി ഈ അനുഭവങ്ങളില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്.
ഞാന്‍ സംസാരിച്ചവരില്‍ ഭൂരിഭാഗം ആളുകളും പുനര്‍ വിവാഹത്തില്‍ തല്‍പരായിരുന്നില്ല. അതില്‍ ചിലര്‍ക്ക് മറ്റൊരു വിവാഹം കഴിച്ചാല്‍ ആദ്യത്തെ വിവാഹ ബന്ധത്തിലെ അനുഭവം ആവര്‍ത്തിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. മറ്റ് ചിലരാകട്ടെ, മറ്റൊരു വിവാഹം കഴിക്കുമ്പോള്‍ തങ്ങളുടെ പെണ്മക്കള്‍ പുതിയ പങ്കാളിയുടെ കീഴില്‍ സുരക്ഷിതരായിരിക്കില്ല എന്ന് കരുതുന്നവരായിരുന്നു. എന്നാല്‍, ചിലര്‍ പങ്കാളിയുടെ പിന്തുണ ജീവിതത്തില്‍ ആവശ്യമാണെന്ന് തുറന്ന് പറഞ്ഞു. 'എല്ലാ സ്ത്രീകള്‍ക്കുമുള്ളതു പോലെ വികാരങ്ങള്‍ തനിക്കുമുണ്ടെന്നും കുട്ടി ഉള്ളതു കാരണം അതങ്ങു ഡിലീറ്റ് ആയി പോവുകയൊന്നുമില്ല' എന്നും, പക്ഷേ, നമ്മുടെ നാട്ടിലെ പുരുഷന്മാരുടെ കുടുംബങ്ങള്‍, കുട്ടിയുള്ള പെണ്‍കുട്ടിയെ സ്വീകരിക്കില്ല എന്നതാണ് ഈ കാര്യത്തിനു തടസ്സം എന്നും അവര്‍ പറഞ്ഞു. ഖുര്‍ആന്‍ വിവാഹത്തെ ഒരു സാമൂഹിക ബാധ്യതയായാണ് അവതരിപ്പിക്കുന്നത്, പുനര്‍വിവാഹം ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് പങ്കാളിയെ കണ്ടെത്താനായി കുടുംബവും സമുദായവും പരിശ്രമിക്കേണ്ടതുണ്ട് എന്ന പോലെ തന്നെ കുട്ടികളുള്ള സ്ത്രീകളെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹിക മുന്‍വിധികള്‍ ഇല്ലാതാക്കാനായുള്ള പരിശ്രമവും മുസ്ലിം മത നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതുണ്ട്.
ഈ സമൂഹത്തിലെ ദുര്‍ബലരായ മനുഷ്യരുടെ പ്രശ്‌നങ്ങള്‍ക്ക് മുന്‍പില്‍ ഒറ്റക്കാക്കുന്ന സംവിധാനമല്ല ഇസ്ലാം വിഭാവന ചെയ്യുന്ന സാമൂഹിക വ്യവസ്ഥ. വിധവാ വിവാഹം പുണ്യ കര്‍മമായി പ്രഖ്യാപിച്ചുവെങ്കിലും കേരളത്തിലെ മുസ്ലിംകള്‍ക്കിടയില്‍ അതിപ്പോഴും അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ്. അനാഥരുടെ സംരക്ഷണവും അതുപോലെ തന്നെയാണ്.
ഈ ആളുകള്‍ക്ക് ലഭ്യമാകേണ്ട പിന്തുണ ബഹുമുഖമാണ്. സാമ്പത്തിക- വൈകാരിക- നിയമ- തൊഴില്‍ പരമായും, കുട്ടികളെ നോക്കുന്ന കാര്യത്തിലുള്ള പിന്തുണയും അത് ഉള്‍ക്കൊള്ളുന്നു. പിന്തുണയുടെ അഭാവം അവരുടെ മാനസികാഘാതത്തെയും മാനസിക സമ്മര്‍ദങ്ങളെയും വര്‍ധിപ്പിക്കുകയും, സമൂഹത്തില്‍ അവരുടെ സാന്നിധ്യം ദുര്‍ബലമാക്കുകയും കുട്ടികളോടുള്ള ഇടപെടലുകളെ വരെ മോശമായി സ്വാധീനിക്കുകയും ചെയ്യുമ്പോള്‍ പിന്തുണയുടെ സാന്നിധ്യം അവരുടെ അതിജീവനത്തിനും ശക്തീകരണത്തിനും അവശ്യമായ കരുത്തായി നിലകൊള്ളുന്നു.
നിര്‍ദേശങ്ങള്‍
* വിവാഹമോചിതരായ സ്ത്രീകളെ പറ്റിയുള്ള സാമൂഹിക മുന്‍വിധികളുടെ പുനര്‍നിര്‍മാണത്തിനായി നിരന്തര ബോധവല്‍ക്കരണം നടത്തുക.
* സിംഗിള്‍ മദേഴ്‌സായ, വിധവകളായ സ്ത്രീകള്‍ക്ക് വൈകാരികമായ പിന്തുണ, നിയമസഹായം, സാമ്പത്തിക പിന്തുണ, ശാരീരിക പിന്തുണ എന്നിവ നല്‍കുന്ന സ്ഥാപനങ്ങള്‍ ഉണ്ടാക്കുകയും അതിജീവിക്കാന്‍ അവരെ നിരന്തരം സഹായിക്കുകയും ചെയ്യുക.
* കുടുംബാംഗങ്ങള്‍ക്ക് ഈ കാര്യത്തിലുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് നിരന്തര ബോധവല്‍ക്കരണം നടത്തുക. പ്രത്യേകിച്ച് സ്വന്തം മക്കളുടെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറല്ലാത്ത പുരുഷന്മാരെ പറ്റി പരാതിപ്പെടാന്‍ മഹല്ല് തലത്തില്‍ തന്നെ സംവിധാനങ്ങള്‍ ഉണ്ടാവുക.
* വിവാഹബന്ധത്തിനകത്ത് മാനസികമായോ അല്ലാതെയോ ഉള്ള പീഡനങ്ങള്‍ അതിജീവിച്ചു വരുന്ന സ്ത്രീകളെ എങ്ങനെ പിന്തുണക്കണം എന്ന് പൊതുജനങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പരിശീലനം നല്‍കുക. വിവാഹ പ്രശ്‌നങ്ങളില്‍ ഇടപെടല്‍ നടത്താനായി സ്ഥിരം സമിതി ഉണ്ടാക്കുക.
ഇത്തരം സ്ത്രീകള്‍ക്ക് ഗുണമേന്മയുള്ള മാനസികാരോഗ്യസേവനങ്ങള്‍ കുറഞ്ഞ ചെലവിലോ സൗജന്യമായോ ലഭ്യമാക്കുക.
* വിധവകളും സിംഗിള്‍ മദേഴ്‌സുമായ സ്ത്രീകളുടെ കൂട്ടായ്മകള്‍ പ്രാദേശികമായി ഉണ്ടാക്കുകയും അവര്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ സംസാരിക്കാനായി സ്ഥിരം വേദികള്‍ ഉണ്ടാക്കുകയും ചെയ്യുക.
* കുട്ടികളുള്ള സ്ത്രീകളെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട പൊതുസമൂഹത്തിന്റെയും കുടുംബങ്ങളുടെയും പുരുഷന്മാരുടെയും മനോഭാവം മാറ്റുന്നതിന് നിരന്തര ബോധവല്‍ക്കരണം നടത്തുക. അത്തരം കുട്ടികളെ ഏറ്റെടുത്ത കുടുംബങ്ങളുടെ ഫീച്ചറുകള്‍, ഡോക്യുമെന്ററികള്‍ നിര്‍മിക്കുക. അത് പ്രചരിപ്പിക്കുക.
* വിധവകളായ സ്ത്രീകള്‍ക്ക് മുതിര്‍ന്ന കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് വേണ്ട പിന്തുണ അവര്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
* സിംഗിള്‍ മദേഴ്‌സിന് ചൈല്‍ഡ് കെയര്‍ സപ്പോര്‍ട്ടിനായി വ്യക്തികളെയോ സ്ഥാപനങ്ങളെയോ ഏര്‍പ്പെടുത്തി കൊടുക്കുക, പ്രത്യേകിച്ച് തൊഴിലെടുത്ത് ജീവിക്കുന്നവര്‍ക്ക്.