റസൂലിന്റെ കാലത്ത് സ്ത്രീകള്‍ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും അവ ജനങ്ങളെ പഠിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. ആ വിഷയത്തിലേക്ക് കടക്കുന്നതിന് മുമ്പ് രണ്ട് ഉദ്ധരണികള്‍ നിങ്ങള്‍ക്ക് മുമ്പാകെ വെക്കട്ടെ. ഒന്നാമത്തത് ഹദീസ് പണ്ഡിതനായ ഇമാം ദഹബിയുടേതാണ്. അദ്ദേഹം പറയുന്നു: 'ഹദീസ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഏതെങ്കിലും ഒരു സ്ത്രീ കളവ് പറഞ്ഞതായി എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. 'മറ്റൊരു ഹദീസ് പണ്ഡിതനായ ഇമാം ശൗകാനി പറയുന്നു: 'റിപ്പോര്‍ട്ട് ചെയ്തത് സ്ത്രീയാണ് എന്നതുകൊണ്ട് ഒരു പണ്ഡിതനും ഒരു ഹദീസും തള്ളിക്കളഞ്ഞിട്ടില്ല. ഒരൊറ്റ സ്വഹാബി വനിത മാത്രം റസൂലില്‍നിന്ന് കേട്ടതായി റിപ്പോര്‍ട്ട് ചെയ്ത എത്രയോ ഹദീസുകളുണ്ട് നാം നിരന്തരം ഉദ്ധരിക്കുന്നവയായി. അത്രയേറെ സ്വീകാര്യതയാണ് അവയ്ക്ക് സമൂഹത്തില്‍ ലഭിച്ചത്. ഹദീസില്‍ സാമാന്യവിവരമുള്ള ഒരാളും ഇത് നിഷേധിക്കുകയില്ല.'
ഇനി സ്ത്രീകള്‍ റിപ്പോര്‍ട്ടര്‍മാരായ ചില ഹദീസുകളിലൂടെ കടന്നുപോകാം.
- റസൂലിന്റെ പത്‌നി ആഇശ (റ)യില്‍ നിന്ന്. റസൂല്‍ പറയുന്നതായി ഞാന്‍ കേട്ടു: 'നമ്മുടെ കാര്യങ്ങളില്‍ അവയില്‍ ഇല്ലാത്തത് ആരെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ അത് തള്ളപ്പെടേണ്ടതാണ്.' (ബുഖാരി, മുസ്ലിം)
- റസൂലിന്റെ പത്‌നി ഹഫ്‌സ (റ)യില്‍ നിന്ന്. അവര്‍ പറയുന്നു: 'റസൂല്‍ ഈ ലോകത്തോട് വിടവാങ്ങുന്നതിന് ഒരു വര്‍ഷം മുമ്പ് വരെ ഐഛിക (സുന്നത്ത്) നമസ്‌കാരങ്ങളില്‍ അവിടുന്ന് ഇരുന്ന് നമസ്‌കരിക്കുന്നതായി ഞാന്‍ കണ്ടിട്ടില്ല. അതിന് ശേഷം അവിടുന്ന് ചിലപ്പോള്‍ ഇരുന്നാണ് നമസ്‌കരിക്കുക. ചിലപ്പോള്‍ അദ്ദേഹം ഖുര്‍ആനിലെ ഒരു അധ്യായം പാരായണം ചെയ്യുമ്പോള്‍ അതിനേക്കാള്‍ വലിയ അധ്യായങ്ങളേക്കാള്‍ ദൈര്‍ഘ്യമുള്ളതായി തോന്നും.' (മുസ്ലിം)
- നബിയുടെ പത്‌നി ഉമ്മുസലമ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: 'ഒരിക്കല്‍ കുറെയാളുകള്‍ തന്റെ വീടിന്റെ പുറത്ത് കലഹിക്കുന്നത് റസൂല്‍ (സ) കേട്ടു. അദ്ദേഹം ഇറങ്ങിച്ചെന്ന് കാര്യമെന്താണെന്ന് അന്വേഷിച്ചു; ശേഷം അവരോട് പറഞ്ഞു: ഞാനൊരു മനുഷ്യന്‍ മാത്രമാണ്. ആളുകള്‍ തര്‍ക്കങ്ങളുമായി എന്റെയടുത്ത് വരും. നിങ്ങളിലൊരാള്‍ക്ക് എല്ലാവര്‍ക്കും ബോധ്യമാകുന്ന വിധം തന്റെ വാദമുഖം അവതരിപ്പിക്കാന്‍ കഴിവുണ്ടായിരിക്കും. അയാള്‍ സത്യമാണ് പറയുന്നതെന്ന് ഞാന്‍ കരുതിപ്പോയേക്കാം, അയാള്‍ക്കനുകൂലമായി വിധിക്കുകയും ചെയ്‌തേക്കാം. ഓര്‍ക്കുക, മറ്റൊരാള്‍ക്ക് അവകാശപ്പെട്ടതാണ് ഞാന്‍ ഇയാള്‍ക്ക് വിധിച്ച് നല്‍കുന്നതെങ്കില്‍ നരകാഗ്‌നിയുടെ ഒരു തുണ്ടാണ് ഞാന്‍ അയാള്‍ക്ക് നല്‍കുന്നത്. അയാള്‍ക്കത് എടുക്കാം; വേണ്ടെന്ന് വെക്കുകയും ചെയ്യാം.' (ബുഖാരി, മുസ്ലിം).
- റസൂലിന്റെ ഭാര്യ ജുവൈരിയ (റ) യില്‍ നിന്ന് നിവേദനം: 'ഒരു ദിവസം സ്വുബ്ഹ് നമസ്‌കാരം കഴിഞ്ഞ ഉടനെ അതിരാവിലെ തന്നെ റസൂല്‍ പുറത്തേക്ക് പോയി. അപ്പോള്‍ ജുവൈരിയ നമസ്‌കരിച്ച സ്ഥലത്ത് തന്നെ ഇരിക്കുകയായിരുന്നു. സൂര്യനുദിച്ച് കഴിഞ്ഞ് റസൂല്‍ തിരിച്ച് വന്നപ്പോഴും അവര്‍ അതേ സ്ഥലത്ത് തന്നെ ഇരിക്കുകയാണ്. അപ്പോള്‍ റസൂല്‍ ചോദിച്ചു: 'ഞാന്‍ വിട്ടുപോയതിന് ശേഷം നീ ഇതേ ഇരിപ്പ് ഇരിക്കുകയായിരുന്നോ?' അവര്‍ പറഞ്ഞു: 'അതെ.' അപ്പോള്‍ റസൂല്‍: 'ഞാന്‍ നിന്നെ വിട്ട് പുറത്തിറങ്ങിയ ശേഷം നാല് വാക്കുകള്‍ ഞാന്‍ മൂന്ന് തവണ ആവര്‍ത്തിച്ച് ചൊല്ലി. നീ ഈയൊരു ദിവസം മുഴുവന്‍ എന്തൊക്കെ ചൊല്ലിയാലും അവയെക്കാളൊക്കെ കനം തൂങ്ങും ഈ നാല് വാക്കുകള്‍. സുബ്ഹാനല്ലാഹി വബിഹംദിഹി, അദദ ഖല്‍ഖിഹി, വ രിദാ നഫ്‌സിഹി, വ സിനത്ത അര്‍ശിഹി, വ മിദാദ കലിമാത്തിഹി...... ഇതാണ് നാല് വാക്കുകള്‍.' (മുസ്ലിം).
- അബൂബക്കര്‍ സിദ്ദീഖിന്റെ മകള്‍ അസ്മ (റ) യില്‍ നിന്ന്. പ്രവാചകന്‍ പറയുന്നതായി ഞാന്‍ കേട്ടു: 'തടാകത്തിന് അരികില്‍ നിങ്ങളെ കാത്ത് (വിധിദിനത്തില്‍) ഞാന്‍ നില്‍ക്കുകയാണ്. ചിലയാളുകള്‍ എന്റെ അടുത്ത് എത്തുന്നതിന് മുമ്പ് തന്നെ അവര്‍ പിടിച്ച് മാറ്റപ്പെടുകയാണ്. അപ്പോള്‍ ഞാന്‍ പറയും: 'തമ്പുരാനേ ഇയാള്‍ എനിക്ക് വേണ്ടപ്പെട്ടവനാണ്, എന്റെ ഉമ്മത്തില്‍ പെട്ടവനാണ്.' അപ്പോള്‍ എന്നോട് പറയപ്പെടും: താങ്കള്‍ വിട പറഞ്ഞ ശേഷം അവര്‍ എന്താണ് ചെയ്തതെന്ന് അറിയുമോ? അവര്‍ താങ്കളുടെ ചര്യ വിട്ട് പിന്തിരിഞ്ഞ് ഓടുകയായിരുന്നു.' (ബുഖാരി, മുസ്ലിം).
- ഉമ്മു ഹുസൈന്‍ (റ) പറയുന്നു: 'ഹജ്ജത്തുല്‍ വിദാഇല്‍ ഞാന്‍ റസൂലിനോടൊപ്പം ഹജ്ജ് നിര്‍വഹിച്ചു. അല്‍പം ദീര്‍ഘമായി അവിടുന്ന് സംസാരിച്ചു. ഇങ്ങനെ പറയുന്നതും ഞാന്‍ കേട്ടു: 'മൂക്കിന് തുളയിട്ട ഒരടിമയാണ് ദൈവിക ഗ്രന്ഥപ്രകാരം നിങ്ങളെ ഭരിക്കുന്നതെങ്കില്‍ അയാളെ അനുസരിക്കുക.'' (മുസ്ലിം)
- ഉഖ്ബയുടെ മകള്‍ ഉമ്മുകുല്‍സൂമി (റ)ല്‍ നിന്ന്. റസൂല്‍ ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടു: 'നല്ലത് പറഞ്ഞും നല്ലത് പറഞ്ഞതായി ഉദ്ധരിച്ചും ജനങ്ങള്‍ക്കിടയില്‍ ഒത്തു തീര്‍പ്പുണ്ടാക്കുന്നവന്‍ കള്ളം പറയുകയല്ല ചെയ്യുന്നത്.' (ബുഖാരി, മുസ്ലിം).
- ഹാരിസതു ബ്‌നു നുഅ്മാന്റെ മകള്‍ ഉമ്മുഹിശാം പറയുന്നു: 'റസൂലിന്റെ നാവില്‍ നിന്ന് കേട്ട് മാത്രമാണ് ഞാന്‍ സൂറ ഖാഫ് മനപ്പാഠമാക്കിയത്. റസൂലിന്റെ എല്ലാ വെള്ളിയാഴ്ച പ്രഭാഷണത്തിലും ആ സൂറയുടെ പാരായണമുണ്ടാകും.' അവര്‍ തുടരുന്നു: 'റസൂലിന്റെ അടുപ്പും ഞങ്ങളുടെ അടുപ്പും ഒന്ന് തന്നെയായിരുന്നു.' (മുസ്ലിം).
സ്ത്രീകളും സംഘ പ്രാര്‍ഥനകളും
റസൂലിന്റെ കാലത്ത് സംഘമായി നടത്തിയിരുന്ന പ്രാര്‍ഥനകളിലെല്ലാം സ്ത്രീകള്‍ പങ്കാളികളായിരുന്നു.
- നിര്‍ബന്ധ നമസ്‌കാരങ്ങള്‍. ആഇശ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ' പ്രഭാതത്തിലെ ജമാഅത്ത് നമസ്‌കാരത്തില്‍ പ്രവാചകനോടൊപ്പം സ്ത്രീകള്‍ പങ്കെടുക്കാറുണ്ടായിരുന്നു. അവര്‍ കട്ടിയുള്ള വസ്ത്രങ്ങള്‍ അണിഞ്ഞിരിക്കും. നമസ്‌കാരം കഴിഞ്ഞാല്‍ അവര്‍ വീട്ടിലേക്ക് തിരിച്ചു പോകും. ഇരുട്ടില്‍ അവരെ തിരിച്ചറിയാനാകുമായിരുന്നില്ല' (ബുഖാരി, മുസ്ലിം).
- സൂര്യഗ്രഹണത്തോട് അനുബന്ധിച്ചുള്ള പ്രത്യേക നമസ്‌കാരം. അബൂബക്കര്‍ സിദ്ദീഖിന്റെ മകള്‍ അസ്മ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: 'സൂര്യഗ്രഹണമുണ്ടായപ്പോള്‍ ഞാന്‍ ആഇശ (സഹോദരി)യുടെ അടുത്തേക്ക് ചെന്നു. ആളുകള്‍ പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു. ആഇശയും പ്രാര്‍ഥിക്കുന്നുണ്ട്. ഞാന്‍ ചോദിച്ചു: 'എന്താണ് സംഭവിക്കുന്നത്?' ആഇശ ആകാശത്തേക്ക് ചൂണ്ടി 'സുബ്ഹാനല്ലാഹ്' എന്ന് പറഞ്ഞു. ഞാന്‍ ചോദിച്ചു: 'ഇതൊരു ദൃഷ്ടാന്തമാണോ? ആണ് എന്ന അര്‍ഥത്തില്‍ ആഇശ തലകുലുക്കി. ഞാനും എഴുന്നേറ്റുനിന്ന് അവരോടൊപ്പം നമസ്‌കാരത്തിന് നിന്നു. (നമസ്‌കാരത്തിന്റെ ദൈര്‍ഘ്യം കാരണം) ഞാന്‍ ബോധം കെട്ട് വീഴുമെന്നായി. ഞാന്‍ തലയിലേക്ക് വെള്ളം കോരിയൊഴിച്ചു. പ്രവാചകന്‍ നമസ്‌കാരത്തില്‍നിന്ന് വിരമിച്ചപ്പോള്‍ അവിടുന്ന് ദൈവത്തെ സ്തുതിച്ചു....' (ബുഖാരി, മുസ്ലിം).
- മയ്യിത്ത് നമസ്‌കാരങ്ങള്‍. ആഇശ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു. 'സഅ്ദ് ബ്‌നു അബീ വഖാസ് മരണപ്പെട്ടപ്പോള്‍ ജനാസ പള്ളി വഴി കൊണ്ട് വരണമെന്ന് പ്രവാചക പത്‌നിമാര്‍ ആവശ്യപ്പെട്ടു. അവര്‍ക്കും നമസ്‌കാരത്തിന് അവസരം കിട്ടുന്നതിന് വേണ്ടിയായിരുന്നു ഇത്. അങ്ങനെ തന്നെയാണ് സംഭവിച്ചതും. പ്രവാചക പത്‌നിമാര്‍ അവരുടെ മുറികളില്‍ വെച്ച് മരിച്ചയാള്‍ക്ക് വേണ്ടി ജനാസ നമസ്‌കരിച്ചു.' (മുസ്ലിം)
റസൂല്‍ വിടവാങ്ങിയപ്പോള്‍ അവിടുത്തെ ജനാസ നമസ്‌കാരത്തിലും സ്ത്രീകള്‍ പങ്ക് കൊള്ളുകയുണ്ടായി. ഇമാം നവവി പറയുന്നു: 'ഒറ്റക്കൊറ്റക്കായിട്ടാണ് അവര്‍ റസൂലിന് വേണ്ടി മയ്യിത്ത് നമസ്‌കാരം നിര്‍വഹിച്ചത്. ആദ്യം ഒരു സംഘം പോകും; അവര്‍ ഒറ്റക്കൊറ്റക്ക് നമസ്‌കാരം നിര്‍വഹിക്കും. പിന്നെ മറ്റൊരു സംഘം പ്രവേശിക്കും; അവരും അതുപോലെ ചെയ്യും. പുരുഷന്മാര്‍ നമസ്‌കരിച്ച ശേഷമാണ് സ്ത്രീകള്‍ നമസ്‌കരിക്കാന്‍ കയറിയത്. സ്ത്രീകളുടെ നമസ്‌കാരം കഴിഞ്ഞപ്പോള്‍ കുട്ടികള്‍ വന്നു, അവരും നമസ്‌കരിച്ചു.'
- ഇഅ്തികാഫ്, അഥവാ പള്ളിയിലെ ഉപവാസം. ആഇശ (റ) നിവേദനം ചെയ്യുന്നു: ' റമദാന്‍ മാസത്തിലെ അവസാന പത്ത് ദിവസം റസൂല്‍ പള്ളിയില്‍ തന്നെയാണ് ചെലവഴിക്കുക. മരണം വരെ അങ്ങനെത്തന്നെയായിരുന്നു. അദ്ദേഹം ഇഹലോകവാസം വെടിഞ്ഞ ശേഷം അദ്ദേഹത്തിന്റെ ഭാര്യമാരും ഈ പതിവ് തുടര്‍ന്നു' (ബുഖാരി).
5- ഹജ്ജ് നിര്‍വഹണം. യഹ് യ ബ്‌നു ഹുസൈനില്‍ നിന്ന് നിവേദനം, തന്റെ വല്യുമ്മ ഉമ്മു ഹുസൈന്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു: 'റസൂലിന്റെ കൂടെ ഹജ്ജത്തുല്‍ വിദാഇ (വിടവാങ്ങല്‍ ഹജ്ജ്)ല്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. അഖബയില്‍ അദ്ദേഹം കല്ലെറിയുന്നതും പിന്നെ അവിടം വിട്ടുപോകുന്നതും ഞാന്‍ കണ്ടിട്ടുണ്ട്' (മുസ്ലിം).
റസൂലിന്റെ കാലത്ത് പൊതുചടങ്ങുകളിലും ആഘോഷങ്ങളിലും സ്ത്രീകള്‍ പങ്കെടുക്കാറുണ്ട്. പല തലങ്ങളിലുള്ള പങ്കാളിത്തം. ചില ഉദാഹരണങ്ങള്‍ നോക്കാം.
- വിവാഹങ്ങള്‍. അനസി(റ)ല്‍നിന്ന് നിവേദനം. 'ഒരു സംഘം സ്ത്രീകളും കുട്ടികളും തന്റെ നേരെ നടന്നു വരുന്നതായി റസൂല്‍ കണ്ടു... അവര്‍ ഒരു വിവാഹം കഴിഞ്ഞ് വരികയാണ്. അവരെ അഭിവാദ്യം ചെയ്യാനായി റസൂല്‍ അവിടെ നിന്നു. എന്നിട്ട് അവരോട് പറഞ്ഞു: ഞാന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നവരുടെ കൂട്ടത്തിലാണ് നിങ്ങള്‍' (ബുഖാരി, മുസ്ലിം).
- മതകീയ സന്ദര്‍ഭങ്ങള്‍. ഉമ്മു അത്വിയ്യ(റ) പറയുകയാണ്: 'ഈദ് ദിനത്തില്‍ നമസ്‌കാരത്തിനായി പുറത്തേക്കിറങ്ങാന്‍ ഞങ്ങളോട് ആവശ്യപ്പെടുകയുണ്ടായി. തങ്ങളുടെ സ്വകാര്യ മുറികളില്‍ കഴിയുന്ന അവിവാഹിതരായ പെണ്‍കുട്ടികളെയും കൂടെ കൂട്ടാന്‍ നിര്‍ദേശമുണ്ടായി. അവരില്‍ ആര്‍ത്തവമുള്ളവര്‍ വരെ ഉണ്ടാവും. നമസ്‌കാരസമയത്ത് അവര്‍ പുറത്ത് മാറി നില്‍ക്കും. അല്ലാഹുവിനെ സ്തുതിക്കുന്ന സമയത്ത് അവരും സ്തുതിക്കും. പ്രാര്‍ഥിക്കുന്ന സമയത്ത് അവരും പ്രാര്‍ഥനകളില്‍ പങ്കാളികളാവും.' മറ്റൊരു നിവേദനത്തില്‍, ആര്‍ത്തവമുള്ള പെണ്‍കുട്ടികളെയും കൊണ്ട് വരുന്നതിന്റെ ലക്ഷ്യം ഉമ്മുഅത്വിയ്യ വിശദീകരിക്കുന്നുണ്ട്: 'ഈ നന്‍മനിറഞ്ഞ സന്ദര്‍ഭത്തിന് സാക്ഷികളാകാനും വിശ്വാസികളോടൊപ്പം പ്രാര്‍ഥനകളില്‍ പങ്കാളികളാകാനും' (ബുഖാരി, മുസ്ലിം).
- സ്വീകരിക്കുന്നവരുടെ സംഘത്തില്‍. അബൂബക്കർ(റ) പറയുന്നു: 'ഞങ്ങള്‍ പലായനം ചെയ്ത് മദീനയിലെത്തിയത് രാത്രിയാണ്. പുരുഷന്മാരും സ്ത്രീകളും വീടുകളുടെ മേല്‍ക്കൂരകളില്‍ നില്‍ക്കുന്നുണ്ടായിരുന്നു. കുട്ടികളും ഭൃത്യന്മാരും 'ദൈവദൂതനിതാ, മുഹമ്മദുന്‍ റസൂലുല്ലാഹ്' എന്ന് പാടിക്കൊണ്ട് തെരുവുകളിലും' (മുസ്ലിം).
വിവ: അഷ്റഫ് കീഴുപറമ്പ്