വലിയ സ്വപ്നങ്ങള്‍ക്ക് പിന്നാലെ പായുന്ന തിരക്കിനിടയില്‍ നമ്മള് പലപ്പോഴും നമ്മുടെ ചുറ്റുമുള്ള ചെറിയ മനോഹരങ്ങളായ കാര്യങ്ങളെ കാണാതെ പോകാറുണ്ട്. ജീവിതം എന്നത് എപ്പോഴും വലിയ വിജയങ്ങളുടെയോ നേട്ടങ്ങളുടെയോ മാത്രം കണക്കല്ല. മറിച്ച്, നാം ഓരോ ദിവസവും അനുഭവിക്കുന്ന ചെറിയ ചെറിയ സന്തോഷങ്ങളും ചെയ്യുന്ന ചെറിയ ചെറിയ പ്രവൃത്തികളും പറയുന്ന നല്ല വാക്കുകളും കൂടി ചേര്‍ന്നതാണ്. ഈ ചെറിയ കാര്യങ്ങളാണ് പലപ്പോഴും നമ്മുടെ ജീവിതത്തെ ഏറ്റവും മനോഹരവും അര്‍ഥപൂര്‍ണവുമാക്കാന്‍ സാധിക്കുന്നത്. ഒപ്പം നാം ജീവിതത്തില്‍ അനുവര്‍ത്തിക്കുന്ന ചെറിയ ചെറിയ സഹായങ്ങള്‍ നമ്മുടെയും മറ്റുള്ളവരുടെയും ജീവിതത്തെ എത്ര മനോഹരമാക്കുന്നു എന്നത് അത്ഭുതകരമാണ്. നമുക്ക് ചുറ്റുമുള്ള മനുഷ്യര്‍ക്ക്, പ്രകൃതിക്ക്, ജീവജാലങ്ങള്‍ക്ക് നാം ചെയ്യുന്ന ചെറിയ ചെറിയ സഹായങ്ങള്‍, അത് ലഭിക്കുന്നവരെക്കാള് സഹായിക്കുന്ന നമ്മില്‍ ഉണ്ടാക്കുന്ന പോസിറ്റീവ് വൈബ് വളരെ വലുതാണ്.
'അറ്റോമിക് ഹാബിറ്റാറ്റ്' എന്ന പേരില്‍ ജോണ്‍ ക്ലിയറിന്റെ ഒരു പുസ്തകമുണ്ട്. അതിലെ അറ്റോമിക് എന്ന പ്രയോഗം തന്നെ വളരെ മനോഹരമാണ്. നമുക്ക് കാണാനാവാത്ത ചെറിയ ആറ്റം, അവയുടെ ഉള്ളില്‍ അടങ്ങിയിരിക്കുന്ന അഭൂതപൂര്‍വമായ ഊര്‍ജത്തെക്കുറിച്ച് നമുക്ക് ഇപ്പോള്‍ ധാരണയുണ്ട്. ജീവിതത്തിലുണ്ടാകുന്ന വളരെ ചെറിയ മാറ്റങ്ങള്‍ പോലും വലിയ പ്രതിഫലനമുണ്ടാക്കും എന്ന് ഈ പുസ്തകം നമ്മെ ഓര്‍മിപ്പിക്കുന്നു. ഒരു വിമാനത്തിന്റെ ദിശയില്‍ ഉണ്ടാകുന്ന നേരിയ മാറ്റം ഭൂഖണ്ഡങ്ങളുടെ വ്യത്യാസം ഉണ്ടാക്കുന്നുവെന്ന്! ജീവിതത്തില്‍ ചെറിയ ചെറിയ കാര്യങ്ങളിലൂടെ എങ്ങനെ വലിയ കാര്യങ്ങള്‍ നേടിയെടുക്കാം എന്നാണ് ഈ പുസ്തകം നമ്മെ ഓര്‍മിപ്പിക്കുന്നത്.
ദിവസവും നമ്മള് അനുഭവിക്കുന്ന ചെറിയ ചെറിയ കാര്യങ്ങളില്‍ വലിയ സന്തോഷം ഒളിഞ്ഞിരിപ്പുണ്ട്. രാവിലെ എഴുന്നേല്ക്കുമ്പോള് ലഭിക്കുന്ന ഒരു ചായ/ കാപ്പി, അവിചാരിതമായി കേള്‍ക്കുന്ന നല്ല പാട്ട്, നിഷ്കളങ്കമായ ചിരി, നമ്മള് നട്ടു വളര്‍ത്തിയ ചെടിയില്‍ വിരിയുന്ന ഒരു പുതിയ പൂവ്... ഇതൊന്നും വലിയ സംഭവങ്ങളല്ല. എന്നാല്‍, ഇവയെല്ലാം ആ നിമിഷത്തില്‍ നമുക്ക് നല്കുന്ന സന്തോഷം വളരെ വലുതാണ്.
അയല്ക്കാരന് ഒരു പുഞ്ചിരി സമ്മാനിക്കുക, സുഹൃത്തിനോട് പ്രോത്സാഹന വാക്ക് പറയുക, അപരിചിതനെ സഹായിക്കുക... ഇവ ചെറുതായി തോന്നാമെങ്കിലും, അവയുടെ പ്രതിഫലനം വലുതാണ്. ശാസ്ത്രീയമായി പറഞ്ഞാല്‍, ഇത്തരം സഹായങ്ങള്‍ നമ്മുടെ മസ്തിഷ്കത്തില്‍ ഡോപമിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നു, അത് സന്തോഷവും പ്രചോദനവും നല്കുന്നു. നല്ല അനുഭവങ്ങള്‍ നമ്മുടെ മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.
ഉദാഹരണത്തിന്, ഡോക്ടര്‍ ല വ് എന്നറിയപ്പെട്ടിരുന്ന ലിയോ ബസ്കാഗ്ലിയ എന്ന എഴുത്തുകാരന് പറയുന്നത് പോലെ: 'Too often we underestimate the power of a touch, a smile, a kind word, a listening ear, an honest compliment, or the smallest act of caring, all of which have the potential to turn a life around' (പലപ്പോഴും നമ്മള് ഒരു സ്പര്‍ശത്തിന്റെ, പുഞ്ചിരിയുടെ, ദയാപൂര്‍വമായ വാക്കിന്റെ, ശ്രദ്ധയോടെയുള്ള കേള്‍വിയുടെ, ആത്മാര്‍ഥമായ പ്രശംസയുടെ, അല്ലെങ്കില്‍ ഏറ്റവും ചെറിയ ദയയുടെ ശക്തിയെ അവഗണിക്കുന്നു. അവയെല്ലാം ഒരു ജീവിതത്തെ മാറ്റിമറിക്കാന്‍ കഴിവുള്ളവയാണ്) ഈ വാക്കുകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു: ചെറിയ കാര്യങ്ങള്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും.
ചെറിയ ചെറിയ സഹായങ്ങളെയും നന്മകളെയും കുറിച്ച് ഖുര്‍ആന്‍ സംസാരിക്കുന്നത് നോക്കൂ: 'ഒരു അണുവിന്റെ തൂക്കം നന്മ ചെയ്തിട്ടുള്ളവന് അത് കാണും. ഒരു അണുവിന്റെ തൂക്കം തിന്മ ചെയ്തിട്ടുള്ളവന് അതും കാണും' (99: 7,8). ചെറിയ നന്മകള്, കര്‍മങ്ങള്‍ ഒന്നും അപ്രസക്തമല്ല. രേഖപ്പെടുത്തും. അന്ത്യ വിചാരണയില്‍ ബോധ്യപ്പെടുത്തും. 'സത്യനിഷേധിയെ കണ്ടുവോ?' എന്ന ഖുര്‍ആന്റെ ചോദ്യത്തിന് താഴെ, ചെറിയ ചെറിയ സഹായങ്ങള്‍ (മാഊന്‍) തടയുന്നവരെയും ഉള്‍പ്പെടുത്തുന്നത് കാണാം. മാഊന്‍ എന്നാല്‍ പണ്ഡിതര്‍ പരിചയപ്പെടുത്തുന്നത്, ഒരു ചെറിയ സാധനം കടം കൊടുക്കല്‍, വീട്ടുപകരണം നല്കി സഹായിക്കല്‍ പോലെ എന്നാണ്. 'ചെറിയ നന്മകളില് ഒന്നുംതന്നെ അവഗണിക്കരുത്, തന്റെ സഹോദരനെ പുഞ്ചിരിയോടെ കണ്ടുമുട്ടുന്നത് പോലും 'എന്നാണ് പ്രവാചക അധ്യാപനം. 'ഓരോ നല്ല പ്രവര്‍ത്തനവും സ്വദഖ (ദാനം)യാണ്. നിന്റെ സഹോദരനെ പുഞ്ചിരിയോടെ കണ്ടുമുട്ടുന്നതും സ്വദഖയാണ്. നല്ല വാക്ക് പറയലും റോഡില്‍നിന്ന് ഉപദ്രവകരമായ ഒരു വസ്തു നീക്കം ചെയ്യലും സ്വദഖയാണ് 'എത്ര ചെറിയ കാര്യങ്ങളാണ് പ്രവാചകന് പരിചയപ്പെടുത്തുന്നത്. കേവലം ഉപദേശങ്ങള്‍ മാത്രമല്ല, വീട്ടിലും അടുക്കളയിലും വീട്ടുകാര്‍ക്ക് സഹായകമായി വര്‍ത്തിക്കുന്ന ഒരു പ്രവാചകനെയാണ് പ്രവാചക ജീവിതത്തെ പരിചയപ്പെടുത്തിയവര്‍ വരച്ചു കാണിക്കുന്നത്. 'ഒരു അണുതൂക്കം നന്മ 'ഇഹത്തിലും പരത്തിലും വലിയ പ്രതിഫലനം ഉണ്ടാക്കുന്ന മഹത്തായ ദൗത്യമാണ്. ഒരു വന്‍ ആല്‍മരത്തിന്റെ വിത്ത് ഒരു തരിയോളം ചെറുതായത് പോലെ.
ചെറിയ സഹായങ്ങള്‍ നമ്മുടെ ജീവിതശൈലിയെ എങ്ങനെ മാറ്റുന്നു? അത് പടിപടിയായി സംഭവിക്കുന്നു. ആദ്യം, ഇത് നമ്മുടെ മനോഭാവത്തെ മാറ്റുന്നു. നമ്മള് കൂടുതല്‍ ദയാലുക്കളാകുന്നു, അത് നമ്മുടെ ബന്ധങ്ങളെ മെച്ചപ്പെടുത്തുന്നു. രണ്ടാമത്, ഇത് ശീലങ്ങളെ രൂപപ്പെടുത്തുന്നു.
ചെറിയ മാറ്റങ്ങള്‍ ക്രമേണ വലിയ ശീലങ്ങളാകുന്നു. ഒരു പഠനമനുസരിച്ച്, 21 ദിവസം തുടര്‍ച്ചയായി ഒരു ചെറിയ ശീലം പിന്തുടരുന്നത് അതിനെ സ്ഥിരമാക്കുന്നു. അങ്ങനെ, ചെറിയ സഹായങ്ങള്‍ നമ്മുടെ ജീവിതത്തെ കൂടുതല്‍ അര്‍ത്ഥവത്താക്കുന്നു.
ചെറിയ സഹായങ്ങള്‍ തുടങ്ങാന്‍ എളുപ്പമാണ്.
ഒരു ദിവസം ഒരു സഹായം ചെയ്യുക; അത് നിങ്ങളോടോ മറ്റുള്ളവരോടോ ആകട്ടെ.
അത് രേഖപ്പെടുത്തുക. ഒരു ജേണലില്‍ എഴുതി, പ്രചോദനം നിലനിര്‍ത്തുക.
മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക. നിങ്ങളുടെ സുഹൃത്തുക്കളോട് പങ്കുവെക്കുക.