'നമ്മില്‍ പലരും അവസരം കാത്തു നില്‍ക്കുമ്പോള്‍ ചിലര്‍ അതിനെ തന്നെ സൃഷ്ടിക്കുന്നു' -
ഇതൊരു മഹദ് വചനമായി തോന്നിയേക്കാം. പക്ഷേ, അവസരങ്ങളെ തന്റെ ജീവിത വഴിയായി തിരിച്ചറിഞ്ഞ് വളര്‍ച്ചയുടെ പടവുകള്‍ താണ്ടിയ വ്യക്തിത്വമാണ് ലിസ മായന്‍ എന്ന വനിതാ സംരംഭക.
ആകസ്മികമായി തനിക്ക് ലഭിച്ച അവസരത്തെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തുകയും, ശേഷം അതൊരു പാഷനായി ഏറ്റെടുത്ത് അസാമാന്യമായ ആത്മവിശ്വാസത്തോടെ ബിസിനസ് മേഖലയില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച വനിതാ രത്‌നം.
2000-ല്‍ ബിസിനസ് മേഖലയിലേക്ക് കാലെടുത്തുവെച്ച ലിസ മായന്‍ 2025-ലേക്കെത്തുമ്പോള്‍, ഇന്ത്യയിലെ തന്നെ എണ്ണപ്പെട്ട വനിതാ സംരംഭകരില്‍ ഒരാളായി മാറി. ക്ലാസിക് സ്‌പോര്‍ട്‌സ് ഗുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒ എന്ന സ്ഥാനത്തേക്കുള്ള യാത്ര വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞതായിരുന്നു എന്ന് ലിസ മായന്‍ പറഞ്ഞുവെക്കുന്നു.
ദുബായില്‍ താമസമാക്കിയിരുന്ന ലിസ, അവിടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷമാണ് ഉപരിപഠനാര്‍ഥം കൊല്ലം ടി.കെ.എം എന്‍ജിനീയറിങ് കോളേജില്‍ ചേരുന്നത്. 1993-ല്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് ബിരുദധാരിണിയായി.
തൊട്ടടുത്ത വര്‍ഷം തന്നെ 1994-ല്‍ വിവാഹ ജീവിതത്തിലേക്കും പ്രവേശിച്ചു. എറണാകുളം സ്വദേശിയായ ലിസ തികച്ചും അപരിചിതമായ കണ്ണൂരിന്റെ മറ്റൊരു സംസ്‌കാരത്തിലേക്ക് കൂടിയായിരുന്നു പറിച്ച് നടപ്പെട്ടത്.
1945-ല്‍ സ്ഥാപിക്കപ്പെട്ട വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ കണ്ണൂര്‍ താണ സ്വദേശി പി.കെ മായന്‍ മുഹമ്മദ് ആയിരുന്നു ലിസയുടെ ജീവിതപങ്കാളി.
ജര്‍മനിയിലെ പഠനത്തിനുശേഷം നാട്ടിലെത്തിയ മായന്‍ 1987-ല്‍ ജര്‍മന്‍ കാര്‍ബണ്‍ ഗ്രാഫേറ്റ് ടെന്നീസ് റാക്കറ്റുകള്‍ നിര്‍മിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ ഫാക്ടറിക്ക് രൂപം നല്‍കിയിരുന്നു. അക്കാലഘട്ടത്തില്‍ യു.എസ്.എസ്.ആറിലേക്ക് വരെ കണ്ണൂരില്‍ നിന്ന് ടെന്നീസ് റാക്കറ്റുകള്‍ കയറ്റുമതി ചെയ്യപ്പെട്ടു. പിന്നീട് അദ്ദേഹം ടെന്നീസ് ബോള്‍, ഷട്ടില്‍ കോക്ക്, ക്യാരംസ് ബോര്‍ഡ് മുതലായവ നിര്‍മിക്കുന്നതിനായി മറ്റൊരു ഫാക്ടറിയും സ്ഥാപിച്ചു. ഇതും ഇന്ത്യയിലെ ആ കാലഘട്ടത്തിലെ ഏക ഫാക്ടറി ആയിരുന്നു.
'Pacer' എന്ന പ്രശസ്തമായ ബ്രാന്‍ഡ് ഇന്നും എല്ലാവര്‍ക്കും സുപരിചിതമാണ്. അന്നത്തെ ലോക ബാഡ്മിന്റണ്‍ ചാമ്പ്യനായിരുന്ന, ഇന്ത്യക്കാരന്‍ പ്രകാശ് പദുകോണായിരുന്നു 'Pacer' ന്റെ ബ്രാന്‍ഡ് അംബാസിഡര്‍.
വിവാഹത്തിന് ശേഷം ആറു വര്‍ഷങ്ങള്‍ സാധാരണ പോലെ മുന്നോട്ടുപോയി. അതിനിടയില്‍ ലിസക്കും മായനും രണ്ട് കണ്‍മണികള്‍ പിറന്നു. മറിയം മായനും, സല്‍മാന്‍ മായനും.
ഒരു ദിവസം തന്റെ ഫാക്ടറിയില്‍, പ്രൊഡക്ഷന്‍ സംബന്ധമായ ചില പേപ്പറുകള്‍ പരിശോധിക്കുന്നതിന് വേണ്ടി വരാന്‍ മായന്‍, ലിസയോട് ആവശ്യപ്പെട്ടതാണ് സംരംഭക വഴിയിലെ വഴിത്തിരിവായത്. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങള്‍ അവര്‍ ഫാക്ടറിയിലേക്ക് പോയി. പേപ്പറുകള്‍ പരിശോധിച്ചു, തിരിച്ചുവന്നു. നാലാമത്തെ ദിവസം, തന്റെ ആവശ്യം കഴിഞ്ഞു എന്ന തോന്നലില്‍ പഴയതുപോലെ വീട്ടിലിരുന്ന ലിസയോട് മായന്‍ വീണ്ടും ചോദിച്ചു: നീ ഇന്ന് ഫാക്ടറിയിലേക്ക് പോകുന്നില്ലേ?
ഈ ചോദ്യമായിരുന്നു ലിസയുടെ, കരുത്തുറ്റ വനിതാ സംരംഭക എന്ന യാത്രയിലേക്കുള്ള വഴിത്തിരിവാകുന്നത്.
പോകെപ്പോകെ, ആ ഫാക്ടറിയില്‍ തന്റെ സാന്നിധ്യം ആവശ്യമാണെന്ന് ലിസ തിരിച്ചറിയുകയായിരുന്നു. തന്റെ വഴി ഇതാണെന്നും. പിന്നീടുള്ള പല ചുവടുവെപ്പുകളും തികച്ചും വിപ്ലവകരമായിരുന്നു എന്ന് പറയാം. 2001-ല്‍ ഫാക്ടറിയുടെ സി.ഇ.ഒ സ്ഥാനം ഏറ്റെടുത്ത ലിസക്ക് ഉല്‍പാദനം വര്‍ധിപ്പിക്കാനും കമ്പനിയെ മികച്ച വളര്‍ച്ചയിലേക്ക് എത്തിക്കാനും കഴിഞ്ഞു.
തനിക്ക് മുന്നിലേക്ക് വന്ന പല പ്രതിസന്ധികളെയും അവര്‍ സധൈര്യം നേരിട്ടു. 2002-ല്‍ അവര്‍ക്ക് തൊഴിലാളികളുമായി ബന്ധപ്പെട്ട ബോണസ് വിഷയത്തില്‍ ഇടപെടേണ്ടി വന്നു. ജീവിതത്തില്‍ ആദ്യമായി ഒരു ഗവണ്‍മെന്റ്് സ്ഥാപനത്തില്‍, അതും ലേബര്‍ കമ്മീഷണര്‍ ഓഫീസിലേക്ക് ലിസ കടന്നുചെന്നു. ''നിങ്ങളെയാണോ മായന്‍ സാര്‍ ഈ ചര്‍ച്ചക്ക് അയച്ചിരിക്കുന്നത്?'' എന്ന തൊഴിലാളി നേതാവിന്റെ ചോദ്യം ലിസക്ക് ഒരേസമയം അത്ഭുതവും നീരസവുമുണ്ടാക്കി. ഒരു നിശ്ചിത ശതമാനം ബോണസ് നല്‍കണമെന്ന് വാദിച്ചവര്‍ക്ക് മുന്നില്‍ ഏറ്റവും ഉയര്‍ന്ന ബോണസ് തുക തന്നെ ലിസ പ്രഖ്യാപിച്ചു.
അങ്ങനെ 1987-ല്‍ രൂപീകൃതമായ ഫാക്ടറിയുടെ ചരിത്രത്തില്‍, ആദ്യമായി തൊഴിലാളികള്‍ക്ക് ഏറ്റവും ഉയര്‍ന്ന ബോണസ് തുക ലഭ്യമായി. ഈയൊരു പ്രഖ്യാപനം തൊഴിലാളികള്‍ക്ക് തന്നെ അവിശ്വസനീയമായിരുന്നു.
തങ്ങള്‍ക്ക് ഫാക്ടറിയിലെ എല്ലാ സെക്ഷനുകളിലും ജോലി ചെയ്യാന്‍ സാധ്യമല്ലെന്നും, അധികഭാരമുണ്ടാക്കുന്നുവെന്നും പറഞ്ഞുകൊണ്ട് തൊഴിലാളികള്‍ മറ്റൊരു പ്രതിഷേധത്തിന് തിരികൊളുത്തി. അതിനെ ആവുംവിധം പരിഹരിക്കുവാന്‍ ശ്രമിച്ചെങ്കിലും തൊഴിലാളികള്‍ അതിന് സന്നദ്ധരായില്ല. ഇതോടെ ഫാക്ടറിയിലെ പ്രസ് സെക്ഷനില്‍ പിറ്റേ ദിവസം ലിസ തന്നെ നേരിട്ടെത്തി ജോലി ചെയ്യാന്‍ തുടങ്ങി. ഇത് കണ്ട് പ്രയാസപ്പെട്ട സ്ത്രീ തൊഴിലാളികള്‍, അതേറ്റെടുത്ത് ചെയ്തു. ഫാക്ടറിയിലെ എല്ലാ വിഭാഗത്തിലെയും ജോലികള്‍ സ്ത്രീകള്‍ ചെയ്യുകയാണെങ്കില്‍ ഒരു പുരുഷ തൊഴിലാളിയുടെ അതേ വേതനം തന്നെ സ്ത്രീകള്‍ക്കും ഉറപ്പുവരുത്താമെന്ന് അവര്‍ വാക്കു നല്‍കി. അതോടെ തൊഴിലാളികള്‍ തങ്ങളുടെ പ്രതിഷേധങ്ങള്‍ പിന്‍വലിച്ചുകൊണ്ട് വീണ്ടും ജോലിയില്‍ തുടര്‍ന്നു.
ലിസ മായന്‍ എടുത്ത മറ്റൊരു പ്രധാനപ്പെട്ട തീരുമാനമായിരുന്നു തൊഴിലാളികളുടെ വേതന വിനിമയം ബാങ്ക് വഴിയാക്കിയത്. വലിയ ഒച്ചപ്പാടുണ്ടാക്കിയ ഈയൊരു നീക്കം പിന്നീട് അവര്‍ക്ക് തന്നെ ഗുണകരമാണെന്ന് തൊഴിലാളികള്‍ തിരിച്ചറിയുകയായിരുന്നു. പ്രത്യേകിച്ച്, ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗവും സ്ത്രീ തൊഴിലാളികളായതിനാല്‍ അവര്‍ അധ്വാനിച്ചുണ്ടാക്കിയ പൈസ സ്വാഭാവികമായും അവരുടെ കൈയിലെത്തിയിരുന്നില്ല. സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി പോലും തങ്ങള്‍ അധ്വാനിച്ച പൈസ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയില്‍നിന്ന് സ്വന്തമായി സാമ്പത്തിക നീക്കിയിരിപ്പ് സാധ്യമായതിന്റെ സന്തോഷം സ്ത്രീ തൊഴിലാളികള്‍ ലിസാ മായനോട് പങ്കുവെച്ചു. അതിനും ശേഷമാണ് കേരളത്തില്‍ പല കമ്പനികളും തൊഴിലാളികളുടെ വേതനം ബാങ്ക് വഴി ആക്കി മാറ്റുന്നത്.
2003-ല്‍ അവര്‍ ഒരു ഫ്രെയിമിംഗ് യൂണിറ്റ് കൂടി സ്ഥാപിച്ചു. UK കേന്ദ്രമായ പ്രശസ്ത ഫ്രെയിമിംഗ് കമ്പനി ഇന്ത്യയിലെ 15 പേര്‍ക്ക് നല്‍കിയ ഫ്രെയിമിങ്ങ് സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമില്‍ ഒരാളായി പങ്കെടുത്തുകൊണ്ടായിരുന്നു അവര്‍ ഈ മേഖലയിലും തന്റെ ചുവടുറപ്പിച്ചത്. അങ്ങനെ തന്റെ ആശയത്തെ കൂടുതല്‍ വിപുലപ്പെടുത്തിക്കൊണ്ട് ഇന്ത്യയില്‍ പോലും അത്ര പരിചിതമല്ലാതിരുന്ന ഒബ്ജക്ട് ഫ്രെയിമിംഗിന് കൂടി അവര്‍ ഇതിലൂടെ തുടക്കം കുറിച്ചു.
മാതൃഭൂമി ഗൃഹലക്ഷ്മി വനിതാ സംരംഭക അവാര്‍ഡ് (2008), ആദ്യ ഇന്‍ഡോ-അറബ് വനിതാ സംരംഭക അവാര്‍ഡ്, മികച്ച വനിതാ സംരംഭകക്കുള്ള VPN - IBE അവാര്‍ഡ് (2019), 'ധനം' മാഗസിന്‍ തെരഞ്ഞെടുത്ത കേരളത്തിലെ മികച്ച 20 വനിതാ സംരംഭകരില്‍ ഒരാള്‍ എന്ന് തുടങ്ങി വ്യത്യസ്തങ്ങളായ അംഗീകാരങ്ങള്‍ ലിസ മായനെ തേടിയെത്തിയിട്ടുണ്ട്.
സ്ത്രീകളെക്കുറിച്ചും പുതിയ തലമുറയെക്കുറിച്ചും ലിസ മായന് വളരെ കൃത്യമായ കാഴ്ചപ്പാടുകളുണ്ട്. ഓരോ സ്ത്രീയും തന്റെ സ്വത്വത്തെക്കുറിച്ച് അഭിമാനമുള്ളവളാവണമെന്നും, പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നവരെന്ന നിലക്ക് അവരുടെ അധികഭാരം ഏറ്റെടുക്കാതെ, നമ്മുടെ കുഞ്ഞുങ്ങളെ സ്വയം പര്യാപ്തരാവാന്‍ വിടേണ്ടതുണ്ടെന്നും അവര്‍ പറയുന്നു.
സമൂഹത്തിലെ വ്യത്യസ്ത മതസംഘടനകള്‍, യുവ തലമുറയ്ക്ക് കേവലം ചില തൊഴില്‍ പരിശീലന പരിപാടികള്‍ നടത്തുന്നതിനപ്പുറത്ത് തൊഴില്‍ സംരംഭങ്ങള്‍ കൂടി മുന്നോട്ട് വെക്കണമെന്നാണ് ലിസ മായന്റെ അഭിപ്രായം.
നൂതനമായ പല പദ്ധതികളും ലിസ മായന്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുന്നുണ്ട്. വിദ്യാര്‍ഥികളെ ലക്ഷ്യം വെച്ച് കൊണ്ട് അവരുടെ കരിയര്‍ വളര്‍ച്ചക്ക് കൂടി ഉപകാരപ്പെടുന്ന 'എജുക്കേഷനല്‍ ടൂറിസം' എന്ന ആശയം അതിലൊന്നാണ്.
നിലവില്‍ കണ്ണൂര്‍ മാത്രം കേന്ദ്രീകരിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന ഈ പദ്ധതി വയനാട്ടിലേക്കും വ്യാപിപ്പിച്ചുകൊണ്ട് കുറച്ചുകൂടി വിപുലപ്പെടുത്താനാണ് അവര്‍ ആഗ്രഹിക്കുന്നത്. ഒപ്പം തന്നെ ഇന്ത്യയിലെ മികച്ച കലാകാരന്മാരെ ഉള്‍പ്പെടുത്തിക്കൊണ്ട് 'ആര്‍ട്ടിസ്റ്റ് ക്യാമ്പ്' സജ്ജീകരിക്കാനും അവര്‍ ആസൂത്രണം ചെയ്യുന്നു.
അവര്‍ സ്വപ്‌നം കാണുന്നത് വെറുതെയല്ല, അത് യാഥാര്‍ഥ്യമാക്കുന്നതിന് കൂടി വേണ്ടിയാണ്. അഥവാ തന്നിലേക്ക് വരുന്ന എല്ലാ അവസരങ്ങളെയും പുതിയ സാധ്യതകളാക്കി പരിവര്‍ത്തിപ്പിക്കുന്ന 'കല' കൊണ്ടാണ് അവര്‍ തന്റെ വിജയം സാധ്യമാക്കുന്നത്. പുതുതലമുറയോടും അവര്‍ക്ക് നല്‍കാനുള്ള ഉപദേശവും ഇതുതന്നെയാണ്, അവസരങ്ങള്‍ എപ്പോഴും നമ്മെ തേടി വരില്ല, നമ്മുടെ സാഹചര്യങ്ങളെ അവസരങ്ങളാക്കി മാറ്റുന്നതിലാണ് നമ്മുടെ ജീവിത വിജയം എന്നുള്ളത്.