നവാഗത പുരസ്‌കാരം
ഗോവയില്‍ നടന്ന 56-ാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ വേവ്‌സ് ഫിലിം ബസാറില്‍ സിനിമാരംഗത്തെ നവാഗതര്‍ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയായ ഹെസ്സ സാലിഹ് ഫാറൂഖ് കോളേജ് വിദ്യാര്‍ഥിനിയും മുഹമ്മദ് സാലിഹ്-നര്‍ഗീസ് ദമ്പതികളുടെ മകളുമാണ്. സിനിമാ രംഗത്തെ നവാഗത പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനായി നാഷണല്‍ ഫിലിം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (എന്‍.എഫ്.ഡി.സി) വര്‍ഷംതോറും നടത്തിവരുന്ന ഫിലിം ബസാര്‍ പരിപാടിയില്‍ ഇത്തവണ Work in Progress വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് പടങ്ങളില്‍ ഹെസ്സ സാലിഹ് എഴുതി സംവിധാനം നിര്‍വഹിച്ച 'അഴി' എന്ന ഫീച്ചര്‍ ഫിലിമും സ്ഥാനം പിടിച്ചു. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ കഥ പറയുന്ന 'അഴി'ക്ക് മൂന്ന് അംഗീകാരങ്ങള്‍ കിട്ടി. അന്താരാഷ്ട്ര സിനിമ ഫണ്ടിംഗ്് ഏജന്‍സി റെഡ് സീ ഫണ്ടിന്റെ അയ്യായിരം യു.എസ് ഡോളറിന്റെ അവാര്‍ഡ് 'അഴി'യും ഹിന്ദി ഫീച്ചര്‍ ഫിലിം 'ഉസ്താദ് ബന്തൂ'വും പങ്കിട്ടു. ഇതിനു പുറമെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്‌നോളജീസ്, പ്രസാദ് കോര്‍പറേഷന്‍ എന്നീ ചലച്ചിത്ര സാങ്കേതിക സ്ഥാപനങ്ങളുടെ പുരസ്‌കാരത്തിനും ഹെസ്സയുടെ 'അഴി' അര്‍ഹമായി.
നിയമ പോരാട്ടത്തില്‍ വിജയിച്ച് സേബ
സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (SMA) ബാധിതര്‍ക്കുള്ള മരുന്നിന്റെ ഉയര്‍ന്ന വില പലപ്പോഴും രോഗികള്‍ക്ക് താങ്ങാനാവാത്തതാണ്. രണ്ടു വയസ്സിനുള്ളില്‍ കൊടുക്കേണ്ട ഒറ്റ ഡോസ് മരുന്നിനു 18 കോടി രൂപയാണ്. കൂടാതെ ജീവന്‍ നിലനിര്‍ത്താനും അസുഖത്തിന്റെ തീവ്രത കുറക്കാനും ഉപയോഗിക്കുന്ന മരുന്നിനു പ്രതിമാസം വേണ്ടത് 6.2 ലക്ഷം രൂപ വേറെയും. ഈയൊരു പശ്ചാത്തലത്തിലാണ് സേബ നിയമത്തിന്റെ വഴി തേടിയത്.
റിസ്ഡിപ്ലം എന്ന ഈ മരുന്ന് കുറഞ്ഞ വിലക്ക് ലഭ്യമാക്കാനുള്ള നിയമ പോരാട്ടത്തില്‍ SMA ബാധിതയായ ആലുവ സ്വദേശി പി.എ സേബ വിജയിച്ചു. സേബയുടെ നിയമ പോരാട്ടത്തിനൊടുവില്‍ ഈ മരുന്നിന്റെ ജനിതക പതിപ്പ് ഇന്ത്യയില്‍ നിര്‍മിക്കുന്നതോടെ 15,900 രൂപക്ക് രോഗികള്‍ക്ക് ലഭ്യമാകും.
കുറഞ്ഞ വിലക്ക് മരുന്ന് ലഭ്യമാകാനുള്ള നീക്കങ്ങളെ നിയമ കുരുക്കില്‍ പെടുത്തി അസ്ഥിരപ്പെടുത്താനുള്ള ബഹുരാഷ്ട്ര മരുന്ന് കമ്പനികളുടെ നീക്കത്തിന് നേര്‍ക്കുള്ള പ്രതിരോധം കൂടിയാണ് സേബയുടെ നിയമ പോരാട്ടം.
പോസ്റ്റ് ഡോക്ടറല്‍ ഫെലോ
വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിക്കാരിയാണ് ഡോ. ഹസീന കെ.വി, ഡല്‍ഹി ഐ.ഐ.ടിയില്‍നിന്ന് കെമിക്കല്‍ എഞ്ചിനീയറിംഗില്‍ പി.എച്ച്.ഡി പൂര്‍ത്തിയാക്കിയിട്ടുണ്ട്. സൗദി അറേബ്യയിലെ കിംഗ് ഫഹദ് യൂണിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആന്‍ഡ് മിനറല്‍സില്‍ (കെ.എഫ്.യു.പി.എം) സെന്റര്‍ ഫോര്‍ റിഫൈനിംഗ് ആന്‍ഡ് അഡ്വാന്‍സ്ഡ് കെമിക്കല്‍സില്‍ (ആര്‍.എ.സി) പോസ്റ്റ് ഡോക്ടറല്‍ ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ടു. ക്യു.എസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗില്‍ 67-ാം സ്ഥാനത്തും മിഡില്‍ ഈസ്റ്റില്‍ ഒന്നാം സ്ഥാനത്തുമുള്ള പ്രമുഖ ഗവേഷണ സര്‍വകലാശാലയാണ് കെ.എഫ്.യു.പി.എം. ഈ അവസരം ഹസീനയുടെ അക്കാദമിക യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്.
അമേരിക്കയില്‍ നിന്ന് ബോറിസ് സ്ടോയ്‌ഷെഫ് അവാര്‍ഡ് നേടി ഹസന ജഹാന്‍
കനേഡിയന്‍ അസോസിയേഷന്‍ ഓഫ് ഫിസിസ്റ്റ് ഫൗണ്ടേഷനും അമേരിക്ക ആസ്ഥാനമായുള്ള ഒപ്റ്റിക ഫൗണ്ടേഷനും ചേര്‍ന്ന് ഭൗതിക ശാസ്ത്രജ്ഞനായ ബോറിസ് പി. സ്ടോയ്‌ഷെഫിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ അവാര്‍ഡ് നേടി മലയാളി വിദ്യാര്‍ഥിനി. കാലിക്കറ്റ് എന്‍.ഐ.ടി ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഗവേഷകയാണ് ഹസ്‌ന ജഹാന്‍ ഏലംകുളവന്‍.
അമേരിക്കയിലെ ഡെന്‍വറില്‍ നടന്ന ഫ്രോണ്ടിയര്‍ ഇന്‍ ഒപ്റ്റിക്‌സ് അന്താരാഷ്ട്ര സമ്മേളനത്തില്‍ വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെയും അക്കാദമീഷ്യന്‍സിന്റെയും ഗവേഷകരുടെയും ശാസ്ത്ര വിദ്യാര്‍ഥികളുടെയും പങ്കാളിത്തത്തോടെ നടന്ന ചടങ്ങിലാണ് അവാര്‍ഡ് വിതരണം ചെയ്തത്.
അക്കാദമിക ഗവേഷണ രംഗത്തെ മികവ്, ശാസ്ത്രാവബോധം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, സാമൂഹിക സേവനവും നേതൃപാടവവും എന്നിവയെല്ലാം മാനദണ്ഡമായ അവാര്‍ഡിന് പരിഗണിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് ഹസന. ഭൗതിക ശാസ്ത്രത്തിലെ ഒപ്റ്റിക്‌സ് മേഖലയിലാണ് ഹസന ജഹാന്‍ ഗവേഷണം നടത്തുന്നത്. 2024-ല്‍ ജപ്പാനില്‍ നടന്ന ഒപ്റ്റിക്കല്‍ ലേസര്‍ കോണ്‍ഗ്രസില്‍, 'ഒപ്റ്റിക്‌സ് എമര്‍ജിംഗ് ഇക്കോണമി' പേപ്പര്‍ പ്രൈസ് കരസ്ഥമാക്കിയിരുന്നു.
നൂറോളം രാജ്യങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെടുന്ന ശാസ്ത്ര വിദ്യാര്‍ഥികള്‍ക്കാണ് ഇതില്‍ പങ്കെടുക്കാനാവുക. പ്രശസ്തി പത്രവും 3000 യു.എസ് ഡോളര്‍ സ്‌കോളര്‍ഷിപ്പും ഭൗതികശാസ്ത്ര ഗവേഷണ രംഗത്ത് മറ്റ് മികച്ച അവസരങ്ങളുമാണ് തേടിയെത്തിയിരിക്കുന്നത്. ഏഷ്യയില്‍നിന്ന് ഈ അവാര്‍ഡ് നേടുന്ന ആദ്യ വനിതയാണ് ഹസന ജഹാന്‍.
ഇന്റര്‍നാഷണല്‍ ഓങ്കോളജി കോണ്‍ഗ്രസില്‍ ആഷിക്കയുടെ പ്രബന്ധവും
ശാസ്ത്ര- സാങ്കേതിക വിദ്യകളും നവീന ചികിത്സാരീതികളും അസൂയാവഹമാം വിധം വളര്‍ന്നുകഴിഞ്ഞിട്ടും നമ്മുടെ ആതുരരംഗത്തെ നിരന്തരം വെല്ലുവിളിച്ചുകൊണ്ടിരിക്കുന്ന രോഗങ്ങളിലൊന്നാണ് കാന്‍സര്‍. 115 രാജ്യങ്ങളില്‍ നിന്നുള്ള സര്‍വെ പ്രകാരം ഭൂരിഭാഗം രാജ്യങ്ങളിലും പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങളോ ക്യാന്‍സറിന് വേണ്ട പരിപാലന കേന്ദ്രങ്ങളോ പ്രാദേശിക തലങ്ങളില്‍ ഇല്ലെന്നതാണ് യാഥാര്‍ഥ്യം.
കാന്‍സറിന്റെ കാര്യകാരണങ്ങളെ സസൂക്ഷ്മം വിലയിരുത്തുക, അതേക്കുറിച്ച് ആരോഗ്യകരമായ ചര്‍ച്ചകള്‍ മുന്നോട്ടുവെക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി വര്‍ഷം തോറും നടന്നുവരുന്ന സവിശേഷമായ കോണ്‍ഫറന്‍സാണ് 'ഇന്റര്‍നാഷണല്‍ ഓങ്കോളജി കോണ്‍ഗ്രസ്.' 'അര്‍ബുദവും പൊതുജനാരോഗ്യ നയവും; ആഗോള ദര്‍ശനങ്ങള്‍' (Global Insights in Cancer and Public health strategies) എന്ന തീമിലാണ് അമേരിക്ക ആസ്ഥാനമാക്കിയുള്ള Scisynopsis വര്‍ഷം തോറും കോണ്‍ഫറന്‍സ് സംഘടിപ്പിക്കാറുള്ളത്. കോണ്‍ഫറന്‍സിന്റെ നാലാമത് എഡിഷന്‍ ആണ് ദുബായില്‍ ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ അരങ്ങേറിയത്. 18 രാജ്യങ്ങളില്‍ നിന്നായി 50- ലധികം തെരഞ്ഞെടുക്കപ്പെട്ട ഡോക്ടര്‍മാരും സയന്റിസ്റ്റുകളും റിസര്‍ച്ച് സ്‌കോളേഴ്‌സും അടങ്ങുന്നതായിരുന്നു കോണ്‍ഫറന്‍സ് പാനല്‍.
2024 മെയ് മാസത്തിലാണ് ചെന്നൈയിലെ Saveetha Institute of Medical and Technical Science ല്‍ Prof. Durairaj Sekar ന്റെ കീഴില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ആഷിക്കയുടെ പ്രബന്ധം കോണ്‍ഫറന്‍സിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. വായിലെ കാന്‍സര്‍ നേരത്തെ കണ്ടുപിടിക്കാനുള്ള ഒരു ബയോ സെന്‍സര്‍ ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു ഓറല്‍ കാന്‍സറില്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്ന ആഷിക്കയുടെ പ്രബന്ധത്തിന്റെ ലക്ഷ്യം.
രോഗവ്യാപനവും മരണനിരക്കും അനുദിനം വര്‍ധിച്ച് വികസിത രാജ്യങ്ങളെ മുച്ചൂടും പ്രതിസന്ധിയിലാക്കുന്ന ഒരു മഹാവിപത്തായി മാറിക്കൊണ്ടിരിക്കുകയാണ് ഓറല്‍ കാന്‍സര്‍. വായിലെ പുണ്ണ് എന്ന് നമ്മള്‍ നിസ്സാരവല്‍ക്കരിക്കുകയും അവഗണിക്കുകയും ചെയ്യുന്ന വ്രണങ്ങള്‍ കാന്‍സറിന്റെ ലക്ഷണങ്ങളായിരുന്നുവെന്ന് പലപ്പോഴും മൂന്നാം ഘട്ടത്തിലോ നാലാം ഘട്ടത്തിലോ മാത്രമാണ് രോഗികള്‍ക്ക് മനസ്സിലാക്കാനാവുക.
ഇത്തരം പ്രതിസന്ധികളെയെല്ലാം എങ്ങനെ നേരിടാം എന്ന ആലോചനയില്‍ നിന്നാണ് നേരത്തെയുള്ള രോഗ നിര്‍ണയത്തിനായി ഒരു ബയോ സെന്‍സര്‍ വികസിപ്പിച്ചെടുക്കുക എന്ന ആശയത്തിലേക്കെത്തുന്നത്. ശരീരത്തിലെ എല്ലാ തരം ദ്രാവകങ്ങളിലും കാണുന്ന microRNA ഉപയോഗപ്പെടുത്തിയാണ് ഈ ബയോ സെന്‍സര്‍ വര്‍ക്ക് ചെയ്യുന്നത്. ഗ്ലൂക്കോമീറ്ററും പ്രഗ്‌നന്‍സി കിറ്റും പോലെ അനായാസം ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ഉപകരണമാണ് ഈ ബയോ സെന്‍സറും.