നിയമം - സാധ്യതകളുടെ ലോകം

ഫരീദ എം.ടി
ജനുവരി 2026

ഒരു ജൂനിയര്‍ അഭിഭാഷകന്‍ മുതല്‍ സുപ്രീം കോടതി ജഡ്ജി വരെ നീളുന്നതാണ് നിയമപഠനത്തിന്റെ സാധ്യതകള്‍.  ആശയ വിനിമയ ശേഷി, നിരീക്ഷണ പാടവം, സാമാന്യ ബുദ്ധി, അപഗ്രഥന ശേഷി, വിവേചന ശേഷി, ആത്മ വിശ്വാസം തുടങ്ങിയവയുള്ള വ്യക്തികള്‍ക്ക് മികവ് തെളിയിക്കാന്‍ സാധിക്കുന്ന മേഖലയാണിത്.

 

അവസരങ്ങള്‍ നിരവധി

സര്‍ക്കാര്‍- പൊതു മേഖലാ സ്ഥാപനങ്ങള്‍, വ്യവസായ- വാണിജ്യ- ധനകാര്യ സ്ഥാപനങ്ങള്‍, പബ്ലിക് പ്രോസിക്യൂഷന്‍,  മീഡിയ, ജുഡീഷ്യല്‍ സര്‍വീസ്, ടാക്‌സ് കണ്‍സള്‍ട്ടന്‍സി, നോട്ടറി, ആര്‍ബിട്രേഷന്‍, പാരാലീഗല്‍ സര്‍വീസ്, ഇന്‍ഷൂറന്‍സ്, ലീഗല്‍ ജേര്‍ണലിസം, ഫാമിലി കൗണ്‍സലിംഗ്, ഹെല്‍ത്ത് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ്, സ്‌പോര്‍ട്‌സ് ആന്‍ഡ് എന്റര്‍ടെടെയ്ൻമെന്റ്, മാരിടൈം, എമിഗ്രേഷന്‍,  ടാക്‌സ് തുടങ്ങിയ മേഖലകളില്‍ വിശാലമായ തൊഴിലവസരങ്ങളുണ്ട്. ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷനുകള്‍, കണ്‍സ്യൂമര്‍ ഫോറങ്ങള്‍, ലോകായുക്ത, എന്‍.ജി.ഒകള്‍, റെയില്‍വേ, സി.ബി.ഐ, എന്‍.ഐ.എ തുടങ്ങിയ മേഖലകളിലും ജോലി സാധ്യതകളുണ്ട്. നിയമ ബിരുദത്തോടൊപ്പം എം.ബി.എ, എം.സ്. ഡബ്ല്യു, കമ്പനി സെക്രട്ടറിഷിപ്പ്   പോലുള്ള അധിക യോഗ്യതകള്‍ കോര്‍പ്പറേറ്റ് മേഖലയില്‍ മികച്ച അവസരങ്ങള്‍ നല്‍കുന്നു. ബിരുദാനന്തര ബിരുദ ശേഷം നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് വിജയിച്ചാല്‍ അധ്യാപകരാകാം. റിസര്‍ച്ച് മേഖലകളിലും അവസരങ്ങളുണ്ട്. മുന്‍സിഫ്/ മജിസ്‌ട്രേറ്റ് പരീക്ഷ വഴി നേരിട്ട് ജഡ്ജിയാകാം. ഐ.ബി.പി.എസ് (IBPS) നടത്തുന്ന സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ (SO) പരീക്ഷ വഴി ലോ ഓഫീസര്‍ തസ്തികയിലെത്താം. ലീഗല്‍ പ്രാക്ടീസിന് പ്രായ പരിധിയില്ല. വക്കീലായി മൂന്ന് വര്‍ഷത്തെ പരിചയമുണ്ടെങ്കില്‍ ആര്‍.ബി.ഐ, എസ്.ബി.ഐ എന്നിവിടങ്ങളിലെ ലീഗല്‍ തസ്തികകളില്‍ അപേക്ഷിക്കാം. സീനിയര്‍ അഡ്വക്കേറ്റായാല്‍ പല കമ്മീഷനുകള്‍ക്കും നേതൃത്വം നല്‍കാം. സ്ഥാനക്കയറ്റത്തിനുള്ള അധിക യോഗ്യതയായും നിയമ ബിരുദം പരിഗണിക്കാറുണ്ട്. സേനകളിലെ ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ (JAG) തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യത നിയമ ബിരുദമാണ്. സര്‍വീസ് സെലക് ഷന്‍ ബോര്‍ഡ് (SSB) ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

 

ഓള്‍ ഇന്ത്യ ലോ എന്‍ട്രന്‍സ് ടെസ്റ്റ് (AILET)

ന്യൂഡല്‍ഹിയിലുള്ള ദേശീയ നിയമ സര്‍വകലാശാലയില്‍ പഞ്ചവര്‍ഷ നിയമ ബിരുദ പ്രോഗ്രാമായ ബി.എ എല്‍.എല്‍.ബി (ഓണേഴ്‌സ്) പ്രോഗ്രാമിനുള്ള പ്രവേശന പരീക്ഷയാണ് 'ഐലറ്റ്'. 45 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ്ടുവാണ് യോഗ്യത. നിയമ ബിരുദ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് എല്‍.എല്‍.എം പ്രോഗ്രാമിനും 'ഐലറ്റ്' വഴി പ്രവേശനം നേടാം.

വെബ്‌സൈറ്റ്: www.nludelhi.ac.in.

ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ സി.യു.ഇ ടി.യുജിയടക്കം വ്യത്യസ്തമായ പ്രവേശന പരീക്ഷകള്‍ വഴി നിയമ പഠനത്തിന്  അവസരമുണ്ട്. ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ, അലീഗഢ് മുസ്ലിം സര്‍വകലാശാല, സൗത്ത് ബിഹാര്‍ സെന്‍ട്രല്‍ സര്‍വകലാശാല, ബനാറസ് ഹിന്ദു സര്‍വകലാശാല, ഗവണ്‍മെന്റ് ലോ കോളെജ് മുംബൈ, ഡോ. ബി.ആര്‍ അംബേദ്കര്‍ ലോ കോളെജ് വിശാഖപട്ടണം, ക്രൈസ്റ്റ് സര്‍വകലാശാല, ലവ് ലി പ്രൊഫഷണല്‍ സര്‍വകലാശാല, ജിന്‍ഡാല്‍ ലോ സ്‌കൂള്‍, ലക്‌നൗ സര്‍വകലാശാല, സിംബയോസിസ് ലോ സ്‌കൂള്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്.

 

പഠനം കേരളത്തില്‍

കേരളത്തില്‍ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, തൃശൂര്‍ എന്നീ നാല് സര്‍ക്കാര്‍ ലോ കോളേജുകളിലും മറ്റു സ്വകാര്യ ലോ കോളേജുകളിലും കേരള ലോ എന്‍ട്രന്‍സ് പരീക്ഷ വഴി അഞ്ച് വര്‍ഷ എല്‍.എല്‍.ബി പ്രോഗ്രാമുകള്‍ പഠിക്കാം. ബി.എ/ബി.കോം / ബി.ബി.എ എല്‍.എല്‍.ബി പ്രോഗ്രാമുകളുണ്ട്. 45 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ്ടു വിജയമാണ് പ്രവേശന യോഗ്യത. ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് ത്രിവത്സര പ്രോഗ്രാമുകളുമുണ്ട്.

വെബ്‌സൈറ്റ്: cee.kerala.gov.in.

കൊച്ചി ശാസ്ത്ര സര്‍വകലാശാലയുടെ  (CUSAT) കീഴിലുള്ള സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ അഞ്ചുവര്‍ഷ ബി.ബി.എ/ബി.കോം എല്‍.എല്‍.ബി (ഓണേഴ്‌സ് ), ബി.എസ് സി എല്‍.എല്‍.ബി (ഓണേഴ്‌സ്) കമ്പ്യൂട്ടര്‍ സയന്‍സ്  പ്രോഗ്രാമുകളുണ്ട്.

വെബ്‌സൈറ്റ്: admissions.cusat.ac.in. അലീഗഢ് യൂനിവേഴ്‌സിറ്റിയുടെ മലപ്പുറം കാമ്പസില്‍ പഞ്ചവര്‍ഷ ബി.എ എല്‍.എല്‍.ബി പ്രോഗ്രാമുണ്ട്. കൂടാതെ  മഹാത്മാഗാന്ധി സര്‍വകലാശാലക്ക് കീഴിലുള്ള സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട് , കണ്ണൂര്‍ സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ്, കേരള ലോ അക്കാദമി തിരുവനന്തപുരം തുടങ്ങിയ സ്ഥാപനങ്ങളിലും നിയമ പഠനത്തിന് അവസരമുണ്ട്.

 

പഠനാവസരങ്ങള്‍

ഏത് വിഷയമെടുത്ത് ഹയര്‍ സെക്കണ്ടറി പൂര്‍ത്തിയാക്കിയവര്‍ക്കും നിയമ പഠനം സാധ്യമാണ്. അഞ്ച് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് എല്‍.എല്‍.ബി പ്രോഗ്രാമിന് പുറമെ ബിരുദ വിദ്യാര്‍ഥികള്‍ക്ക് ചേരാവുന്ന മൂന്ന് വര്‍ഷ എല്‍.എല്‍.ബി പ്രോഗ്രാമുകളുമുണ്ട്. എല്‍.എല്‍.ബിക്ക് ശേഷം ഇന്ത്യയിലും വിദേശത്തുമുള്ള സ്‌പെഷ്യലൈസേഷനോടെയുള്ള എല്‍.എല്‍.എം, പിഎച്ച്.ഡി പഠനങ്ങള്‍ക്കും അവസരമുണ്ട്. ടാക്‌സേഷന്‍, ആര്‍ബിട്രേഷന്‍, കോര്‍പ്പറേറ്റ് ലോ, ഇന്റര്‍നാഷണല്‍ ലോ, ഇന്റലക്ച്ചല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ് (IPR),  മാരിടൈം ലോ, എന്‍വയോണ്‍മെന്റല്‍ ലോ, കോണ്‍സ്റ്റിറ്റിയൂഷനല്‍ ലോ, സൈബര്‍ ലോ, ഫിനാന്‍ഷ്യല്‍ ലോ, ഹ്യൂമണ്‍ റൈറ്റ്‌സ് ലോ, ലേബര്‍ ലോ തുടങ്ങി നിരവധി മികച്ച കരിയര്‍ സാധ്യതകളുള്ള സ്‌പെഷ്യലൈസേഷനുകളുണ്ട്.

 

പ്രവേശന പരീക്ഷകള്‍

കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (CLAT)

ദേശീയ സര്‍വകലാശാലകളില്‍ നിയമ പഠനത്തിനുള്ള പ്രവേശന പരീക്ഷയാണ് 'ക്ലാറ്റ്'. പഞ്ചവത്സര എല്‍.എല്‍.ബി പ്രവേശനത്തിന് 45 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ്ടുവാണ് യോഗ്യത (പട്ടിക, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 40 ശതമാനം). 26 നിയമ സര്‍വകലാശാലകളിലേക്കാണ് പ്രവേശനം. നുവാല്‍സില്‍ ബി.എ എല്‍.എല്‍.ബിയും മറ്റു സര്‍വകലാശാലകളില്‍ ബി.എ/ബി.കോം/ബി.ബി.എ/ബി.എസ്.സി/ ബി.എസ്.ഡബ്ല്യു. എല്‍.എല്‍.ബി (ഓണേഴ്‌സ്) പ്രോഗ്രാമുകളും പഠിക്കാവുന്നതാണ്. ഐ.ഐ.എം റോത്തക്ക്, നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂനിവേഴ്‌സിറ്റി (ദല്‍ഹി കാമ്പസ്), മഹാരാഷ്ട്ര നാഷണല്‍ ലോ യൂനിവേഴ്‌സിറ്റി നാഗ്പൂര്‍, സേവിയര്‍ ലോ സ്‌കൂള്‍ ഭുവനേശ്വര്‍, രാമയ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ സ്റ്റഡീസ് ബംഗളൂരു, ഏഷ്യന്‍ ലോ കോളേജ് നോയിഡ, നര്‍സി മോന്‍ജി ഇന്‍സ്റ്റിറ്റ്യൂട്ട് ബെംഗളൂരു, നിര്‍മ യൂനിവേഴ്‌സിറ്റി അഹമ്മദാബാദ് തുടങ്ങിയ സ്ഥാപനങ്ങളിലും  വിവിധ പ്രോഗ്രാമുകള്‍ക്ക് ക്ലാറ്റ് സ്‌കോര്‍ പരിഗണിക്കാറുണ്ട്.

വെബ്‌സൈറ്റ്: consortiumofnlus.ac.in

 

വിദേശത്തും പഠിക്കാം

ലോ സ്‌കൂള്‍ അഡ്മിഷന്‍ ടെസ്റ്റ് (LSAT), നാഷനല്‍ അഡ്മിഷന്‍സ് ടെസ്റ്റ് ഫോര്‍ ലോ (LNAT) പോലുള്ള പരീക്ഷകള്‍ വഴി വിദേശ രാജ്യങ്ങളിലെ മികച്ച സര്‍വകലാശാലകളിലും നിയമ പഠനം നടത്താവുന്നതാണ്. യു.കെ, യു.എസ്, ഓസ്‌ട്രേലിയ, കാനഡ, സിംഗപ്പൂര്‍, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിയമ പഠനത്തിന് പരിഗണിക്കാവുന്ന മികവുറ്റ സ്ഥാപനങ്ങളുണ്ട്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media