സുരക്ഷയാകണം നിയമങ്ങളുടെ കാതല്‍

അഡ്വ. ഫിദ ലുലു കെ.ജി
ജനുവരി 2026
സ്ത്രീകളുമായി ബന്ധപ്പെട്ട വ്യത്യസ്ത വിധികൾ വിശകലനം ചെയ്യുന്നു

ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന നിയമങ്ങളും മുസ്ലിം വ്യക്തിനിയമങ്ങളും ഒരുപോലെ അനുസരിക്കാന്‍ ബാധ്യസ്ഥരാണ് മുസ്്‌ലിംകള്‍. വിവാഹം വിവാഹമോചനം, ജീവനാംശം, അനന്തരാവകാശം, ദത്തവകാശം, വഖഫ്, വസിയ്യത്ത് തുടങ്ങിയ കാര്യങ്ങളില്‍ മുസ്ലിം വ്യക്തിനിയമം ബാധകമാണ്. എന്നാല്‍, ഇത്തരം വ്യക്തിനിയമങ്ങളില്‍ കാലാനുസൃതമായി ഉണ്ടാവേണ്ട പരിഷ്‌കരണങ്ങള്‍ക്ക് പകരം നിലനില്‍ക്കുന്ന പൊതുബോധങ്ങള്‍ക്കനുസരിച്ച് പലവിധ മാറ്റങ്ങളും കൊണ്ടുവരുന്ന പ്രവണത അധികരിച്ചിരിക്കുന്നു. മുത്തലാഖ് ക്രിമിനല്‍ കുറ്റമായി ഗണിക്കപ്പെട്ടതോടുകൂടി ത്വലാഖ് എന്ന സംവിധാനത്തെ തന്നെ സമുദായം ഭയക്കാന്‍ തുടങ്ങിയിരിക്കുന്നു. ശിരോവസ്ത്രം, മദ്രസ വിദ്യാഭ്യാസം, പള്ളി പ്രവേശനം... തുടങ്ങി വ്യക്തിസ്വാതന്ത്ര്യത്തില്‍ അമിതമായ കൈകടത്തലുകള്‍ പ്രകടമാണ്. ഈയടുത്തായി മുസ്ലിം സ്ത്രീയുടെ വിവാഹവും വിവാഹ മോചനവുമായി ബന്ധപ്പെട്ട് ധാരാളം സുപ്രീം കോടതി- ഹൈകോടതി വിധികള്‍ വന്നതായി കാണാം.

 

വിവാഹ മോചനവും ജീവനാംശവും

വിവാഹമോചനം ചെയ്താല്‍ ഇദ്ദാകാലത്ത് ഭാര്യക്ക് ചെലവിന് കൊടുക്കേണ്ടത് പുരുഷന്റെ ബാധ്യതയാണ്. കുട്ടികളുണ്ടെങ്കില്‍ അവരുടെ ചെലവും വഹിക്കേണ്ടത് അയാള്‍ തന്നെയാണ് എന്നതാണ് വിവാഹ മോചിതക്കും കുട്ടികള്‍ക്കുമുള്ള ജീവനാംശത്തെക്കുറിച്ചുള്ള ഇസ്ലാമിക കാഴ്ചപ്പാട്. CRPC section  125 (BNSS 144) പ്രകാരം വിവാഹമോചിതയായ സ്ത്രീക്ക് അവര്‍ ഏതു മതത്തില്‍ പെട്ടവരായാലും ജീവനാംശം ലഭിക്കണമെന്നാണ് വ്യവസ്ഥ (Shabana Bano vs Imran Khan). അതുകൊണ്ട് തന്നെ വിവാഹ മോചിതയായ മുസ്ലിം സ്ത്രീക്കും ജീവനാംശം തേടുന്നതില്‍ ഇന്ത്യയില്‍ യാതൊരു തടസ്സവുമില്ല. മുത്തലാഖ് (കുറ്റമായി പരിഗണിക്കപ്പെട്ട സാഹചര്യത്തിലും) മുഖേന വിവാഹബന്ധം വിച്ഛേദിക്കപ്പെട്ടവരാണെങ്കില്‍ അവര്‍ക്ക് ജീവനാംശം ആവശ്യപ്പെടാം (Mohd Abdul Samad v. State of Telangana & Anr. 2024).

സ്ത്രീസുരക്ഷ മുന്‍നിര്‍ത്തി, വിവാഹ മോചിത പുനര്‍വിവാഹിതയാവുന്നത് വരെ, അവര്‍ക്ക് ചെലവിന് നല്‍കണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. അവര്‍ പുനര്‍വിവാഹിതയായിട്ടുണ്ടെങ്കിലും ത്വലാഖ് ചെയ്യപ്പെട്ട നാള്‍ മുതല്‍ പുനര്‍വിവാഹം

ചെയ്യുന്ന അന്ന് വരെയുള്ള ജീവനാംശം മുന്‍ ഭര്‍ത്താവില്‍ നിന്ന് ആവശ്യപ്പെടാന്‍ അവള്‍ക്ക് അവകാശമുണ്ട്. ഇനി ഭര്‍ത്താവ് പുനര്‍ വിവാഹിതനായിട്ടുണ്ടെങ്കിലും അവള്‍ക്ക് ജീവനാംശം അവകാശപ്പെടാമെന്നുള്ള സുപ്രധാന വിധി (K.A.S.v.S.R (2025 KER 78554) ഈയടുത്ത കാലത്താണ് കേരള ഹൈക്കോടതി പുറപ്പെടുവിച്ചത്. വിദ്യാഭ്യാസവും ജോലി സാധ്യതയുമുള്ളവളാണെങ്കിലും, നിലവില്‍ ജീവിതമാര്‍ഗം ഇല്ലെങ്കില്‍ അവര്‍ക്കും ജീവനാംശം തേടാം എന്നും കോടതി പറയുന്നു.

മുസ്ലിം വനിതക്ക് തന്റെ ത്വലാഖ് രേഖപ്പെടുത്താന്‍ കോടതി ഉത്തരവിന്റെ ആവശ്യമില്ലെന്നും മാരേജ് രജിസ്ട്രാരെ കൊണ്ട് തന്നെ ഡിവോഴ്‌സ് രജിസ്റ്റര്‍ ചെയ്യിപ്പിച്ചാല്‍ മതി എന്നുമുള്ള സുപ്രധാന വിധി (ABC v. Local Registrar for Births and Deaths & Marriages & Ors. (Neutral Citation: 2024/KER/2629) വലിയൊരു ആശ്വാസമാണ്. വിവാഹമോചിതക്ക് അവകാശപ്പെട്ട, ഇദ്ദാ കാലയളവിലെ ജീവനാംശം, മഹ്‌റ്, വിവാഹ സമയത്ത് ലഭിച്ച സമ്മാനങ്ങള്‍ ഒക്കെ (fair provision and maintenance (Section 3 of the 1986 Act).തിരികെ ആവശ്യപ്പെടാനുള്ള കാലയളവിന് 3 വര്‍ഷ പരിധി നിശ്ചയിക്കപ്പെട്ടു. (Safia P.M. v. State of Kerala & Anr. (ICR (Crl.M.C.) No. 14 of 2025) വിവാഹ സമയത്ത് ഭാര്യാ വീട്ടുകാര്‍ സമ്മാനമായി നല്‍കിയ പണം, സ്വര്‍ണം, വീട്ടുപകരണങ്ങള്‍ തുടങ്ങി മൂല്യമുള്ള ഏത് വസ്തുവും തിരിച്ചു വാങ്ങിക്കാനുള്ള അവകാശം വിവാഹമോചിതക്ക് ഉണ്ടെന്നാണ് (Rousannara beegam v Salahuddin ) സുപ്രീം കോടതിയുടെ വിധി.

Kerala registration of marriages (Common) rules 2008 പ്രകാരം രണ്ടാം വിവാഹം ചെയ്യുന്ന പുരുഷന്‍ തന്റെ ആദ്യ ഭാര്യയെ അറിയിച്ചിരിക്കണം. നിക്കാഹ് കര്‍മം സാധു ആവാന്‍ അത് രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമില്ലാത്തതു പോലെ തന്നെ മുബാറത്ത് (ഉഭയസമ്മതം വഴിയുള്ള വിവാഹമോചനം) ചെയ്യുന്നതിന് കരാറിന്റെ ആവശ്യമില്ല. ദമ്പതികളുടെ വാക്കാലുള്ള സമ്മതം മാത്രം മതി (ആസിഫ് ദൗദ് ഭായ് കരവ കേസ്) തുടങ്ങിയ സുപ്രധാന വിധികള്‍ ഈയടുത്ത് വരികയുണ്ടായി.

കുട്ടികളുടെ കസ്റ്റഡി

വിവാഹമോചനം ചെയ്യപ്പെട്ട ദമ്പതികളുടെ കുട്ടികളെ എന്ത് ചെയ്യുമെന്ന് പലപ്പോഴും ചോദ്യചിഹ്നമായി മാറുകയാണ് പതിവ്. കുട്ടികളെ മാതാപിതാക്കളിരുവരുടെയും പരിചരണത്തില്‍ വളര്‍ത്തുക എന്നതാണ് ഏറ്റവും അഭികാമ്യമായിട്ടുള്ളത്. അവരുടെ പരിഗണനയിലും പരിലാളനയിലുമാണ്, അവന്റെ ശാരീരികവും ബുദ്ധിപരവും മാനസികവുമായ വളര്‍ച്ചയും വികാസവും കൂടുതല്‍ നന്നായി നടക്കുക. എന്നാല്‍, മാതാപിതാക്കള്‍ വേര്‍പിരിഞ്ഞാല്‍ ചെറിയ കുട്ടികളാണെങ്കില്‍ അവരുടെ പരിപാലന ഉത്തരവാദിത്വം നിയമ പ്രകാരം മാതാവിലാണ് വന്നുചേരുക. എന്നാല്‍, ഇസ്ലാം, ശിശു പരിപാലനത്തിന് ചില വ്യവസ്ഥകള്‍ മുന്നോട്ടുവെക്കുന്നുണ്ട്. ബുദ്ധിസ്ഥിരത ഉള്ളതോടൊപ്പം ശിക്ഷണം നല്‍കുവാനുള്ള കഴിവ് ഉണ്ടായിരിക്കണം എന്ന് മാത്രമല്ല, വിശ്വസ്തതയും സല്‍സ്വഭാവവുമുള്ള ആളാവുക എന്നതും പ്രധാനമാണ്.

കുഞ്ഞുങ്ങളുടെ കസ്റ്റഡിക്ക് മാതാവിന്റെ ജീവിതരീതി പരിഗണിക്കേണ്ടതില്ല എന്നതാണ് കേരള ഹൈക്കോടതി ഈ അടുത്തായി വിധി പ്രസ്താവം നടത്തിയത്. സ്ത്രീകളെ അവര്‍ ധരിക്കുന്ന വസ്ത്രത്തിന്റെ പേരില്‍ വിലയിരുത്തരുത്. അത് അവരുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് എന്നാണ് കോടതിയുടെ നിരീക്ഷണം. ശരീരം വെളിവാക്കുന്ന രീതിയിലുള്ള വസ്ത്രം ധരിച്ച് പുരുഷ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുന്നതും, ഡേറ്റിംഗ് ആപ്പില്‍ ഫോട്ടോ പ്രസിദ്ധീകരിക്കുന്നതും വിവാഹമോചനം സുഹൃത്തുക്കളോടൊന്നിച്ച് ആഘോഷിക്കുന്നതൊന്നും തന്നെ കുട്ടികളുടെ കസ്റ്റഡി നിഷേധിക്കാന്‍ പര്യാപ്തമായ കാരണമല്ല എന്നാണ് കോടതിയുടെ വിലയിരുത്തല്‍.

രോഗത്തിന്റെ മൂല കാരണങ്ങള്‍ കണ്ടെത്തി രോഗം വരാതിരിക്കുവാനുള്ള എല്ലാ തരത്തിലുമുള്ള മുന്‍കരുതലുകളും സ്വീകരിക്കുക എന്നതാണ് ശരീഅത്തിലെ ഓരോ വ്യവസ്ഥയുടെയും കാതല്‍. വിവാഹ നിയമങ്ങളും സദാചാര ശിക്ഷണ നടപടികളുമെല്ലാം ശരീഅത്തിന്റെ ഈയൊരു സവിശേഷതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

രോഗം വരാനുള്ള സകല സാഹചര്യങ്ങളെയും നിലനിര്‍ത്താന്‍ പ്രോത്സാഹിപ്പിക്കുകയും രോഗം വന്നതിനു ശേഷം പ്രകടമാകുന്ന ഓരോ ലക്ഷണങ്ങള്‍ക്കും മരുന്ന് നല്‍കുകയും ചെയ്യുന്ന രീതിയാണ്, നിലവില്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ നടപ്പിലാക്കുന്നത്. ഒരുവശത്ത് അതിരുവിട്ട സ്വാതന്ത്ര്യവും ലൈംഗികതയും പ്രോത്സാഹിപ്പിക്കുകയും മറുവശത്ത് വിവാഹ മോചന - ജീവനാംശ നിയമങ്ങള്‍ സ്ത്രീ സൗഹൃദമാക്കുകയും ചെയ്തതുകൊണ്ട് മാത്രം സ്ത്രീ സുരക്ഷിതയാകുമെന്ന് കരുതുന്നത് വ്യാമോഹം മാത്രമാണ്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media