ചുറ്റിലും അദൃശ്യരായ ജീവികളുണ്ടെന്നും ചെവിപ്പുറത്തുതന്നെ കേള്‍ക്കാനാകാത്ത കുറേ ശബ്ദമിശ്രണങ്ങളുമുണ്ടെന്നുമുള്ള തിരിച്ചറിവാണ് 'നൂറ' എന്ന നോവലെഴുതാന്‍ പ്രേരണയെന്ന് ശംസുദ്ദീന്‍ മുബാറക് ആമുഖത്തില്‍ പറയുമ്പോള്‍, പുസ്തകത്തിലെ അവസാന താളും മറിച്ച് കണ്ണടച്ച് നിശ്വസിച്ചപ്പോള്‍ ആ തിരിച്ചറിവിലേക്ക് എന്നിലെ വായനക്കാരിയും എത്തിച്ചേര്‍ന്നു. ഏകാന്തതയുടെ മൗനനേരങ്ങളില്‍ പലരും ചുറ്റിലും കളി പറയുന്നുണ്ടെന്ന തോന്നല്‍. അദൃശ്യരായ ആരോ എന്നോടു സംസാരിക്കുന്നു. പാട്ടുപാടുന്നു. ഉറക്കെ ചിരിക്കുന്നു. ചുറ്റിലും ഊദിന്റെ സുഗന്ധം നിറയുന്നത് ഞാനറിയുന്നു.
ശംസുദ്ദീന്‍ മുബാറക്കിന്റെ, ഡി.സി ബുക്‌സ് പുറത്തിറക്കിയ 'മരണപര്യന്തവും', മനോരമ ബുക്‌സ് പ്രസിദ്ധീകരിച്ച 'ദാഇശും' വായനക്കാരനു പകരുന്ന അനുഭവത്തില്‍നിന്ന് ഒട്ടും ചോരാതെ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച നോവല്‍ 'നൂറയും' വിരുന്നൊരുക്കിയിട്ടുണ്ടെന്ന് പറയാതെ വയ്യ. വായനയുടെ രസച്ചരട് മുറിയാതെ കൃത്യമായ അളവില്‍ ചേരുവകള്‍ ക്രമീകരിക്കാന്‍ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. ആമുഖം മുതല്‍ അവസാന വരിവരെ ഉദ്വോഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനുള്ള കഥാഗതികളും ഭാഷാസൗന്ദര്യവുമാണ് നൂറയുടെ പ്രത്യേകത. അമീര്‍ ഹസനും സല്‍മയും നൂറയും സുല്‍ത്താനും ഇര്‍ഷാദും ഉസ്താദും മനസ്സിന്റെ ഓരോ കോണുകളിലിരുന്ന് സ്വന്തം ശരികളെ പറയുമ്പോള്‍ വാക്കുകളെല്ലാം പ്രണയം എന്ന ബിന്ദുവിലേക്ക് കേന്ദ്രീകരിക്കുന്നു.
ജിന്നു സുന്ദരി നൂറയും സുല്‍ത്താനും തമ്മിലുള്ള അഭൗമമായ പ്രണയത്തിന്റെ മാത്രം കഥയല്ല 'നൂറ'. നൂറയിലൂടെ ജിന്നുലോകങ്ങളുടെ രഹസ്യങ്ങളിലേക്കും പിശാചിന്റെ നിഗൂഢതകളിലേക്കും അവരുടെ ജീവിതരീതികളിലേക്കും മനുഷ്യനുമായുള്ള ബന്ധത്തിലേക്കുമാണ് നോവല്‍ വിരല്‍ ചൂണ്ടുന്നത്. അതോടൊപ്പം സുല്‍ത്താനിലൂടെ നാടിന്റെ ചരിത്രത്തിലേക്കും ഭൂതകാല നന്മകളിലേക്കും വായനക്കാരന്‍ യാത്ര പോകുന്നു. അവിടെ ആഘോഷങ്ങളും ഉത്സവങ്ങളും കലാരൂപങ്ങളും പഴമയുടെ നാട്ടുവഴികളും നൂറ കാണിച്ചുതരുന്നു. സുലൈമാന്‍ പ്രവാചകന്റെ മോതിരവും ഹാറൂത്തും മാറൂത്തും ഇഫ് രീത്തും കഥപറയാനെത്തുന്നു. ബര്‍മുഡ ട്രയാങ്കിളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും വിഷയമാകുന്നു. അങ്ങനെ ഭൂതകാലത്തേക്കൊരു ഭൂതക്കണ്ണാടിയിലെന്നപോലെ നൂറ നമ്മെ കൊണ്ടുപോകുന്നു.
പുതു തലമുറയ്ക്ക് പരിചയമില്ലാത്ത ഏറനാടന്‍ മാപ്പിള ഭാഷയില്‍ മനോഹരമായി എഴുതിയ സല്‍മയുടെ കത്തുകള്‍ വായനക്കാരനു പുഞ്ചിരി സമ്മാനിക്കുന്നതോടൊപ്പം ഉള്ളും നിറയ്ക്കുന്നു. പുരാതന കഥകളും ഐതിഹ്യങ്ങളും ചരിത്രവും പറയുമ്പോഴും സമകാലികത കൈവിടാതെയുള്ള ആഖ്യാനശൈലി പുസ്തകത്തിന്റെ കാതലായ സവിശേഷതയാണ്.
കുപ്പിവളകള്‍ കിലുക്കുന്ന ജിന്നിന്റെ പ്രണയത്തിന് ഇരുതലവാളിന്റെ മൂര്‍ച്ചയുണ്ടെന്ന് അമീര്‍ ഹസന്‍ വ്യക്തമായി പറഞ്ഞുവയ്ക്കുന്നു. തീവ്രമായി പ്രണയിക്കുന്ന പോലെ അതിനേക്കാള്‍ തീവ്രമായി വെറുക്കാനും ജിന്നുകള്‍ക്കു കഴിയുമെന്ന് 'നൂറ' പറഞ്ഞുതരുന്നുണ്ട്. ആയിരത്തിയൊന്നു രാവിലും അവസാനിക്കാത്ത ജിന്നുകഥകള്‍ മനുഷ്യന്റെ കണ്ണുകള്‍ക്ക് അന്യമായ മറ്റൊരു ലോകത്തെ നിറപ്പകിട്ടോടെ ചിത്രീകരിക്കുന്നുണ്ട്. കാല്പനികതയ്ക്കുള്ളിലായി കാലങ്ങളും കാര്യവും കഥയും ഈ എഴുത്ത് ഉള്‍ക്കൊള്ളുന്നു.
പ്രണയസംഭാഷണത്തിലൂടെ ഒരു നാടിന്റെതായിരുന്ന മനോഹര ചിത്രവും കലാരൂപങ്ങളും ചരിത്രവും അറിവുകളും തിരിച്ചറിവുകളും പറഞ്ഞുവയ്ക്കുമ്പോള്‍ പോലും അടുത്ത താളിലേക്ക് വായനക്കാരന്റെ കൈയും മെയ്യും നീളുന്നു എന്നതാണ് സത്യം.
നൂറയോടൊപ്പം അല്‍മ ദി യെമ്മയിലേക്കുള്ള കടല്‍യാത്ര അതിമനോഹരമാണ്. കൊമ്പന്‍ സ്രാവിന്റെ പിടിയില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മുത്തും പവിഴവും കണ്ട് സറാഫിനയുടെ വിവാഹം കൂടാനുള്ള യാത്ര. കോഴിക്കഞ്ഞിയും മുഴുക്കോഴിയും മുട്ടസുര്‍ക്കയും ചക്കരച്ചോറുമെല്ലാമടങ്ങുന്ന വിവാഹസദ്യ കഴിച്ചപ്പോള്‍ അയല്‍പക്കത്തെ കല്യാണം കൂടി മടങ്ങിയെത്തിയ പ്രതീതി.
ജിന്നു ലോകത്തെ അധികാര സ്വഭാവത്തെ പറയുന്നതിലൂടെ മനുഷ്യന്റെ പഴയകാല രാജവാഴ്ചയിലേക്കുള്ള വഴികള്‍ നോവല്‍ തുറന്നിടുന്നുണ്ട്. സ്ത്രീയും പുരുഷനും വ്യത്യാസം കല്‍പിക്കപ്പെട്ടവരല്ല എന്ന് സുല്‍ത്താന്‍ വാദിക്കുമ്പോള്‍ ശാസ്ത്രീയ വശത്തിലൂടെ സമത്വത്തെയും തുല്യ നീതിയെയും നൂറ വിശദീകരിക്കുന്നു. ഇണയില്ലെങ്കില്‍ തുണയില്ല എന്ന സത്യത്തിലേക്ക് നൂറയുടെയും സുല്‍ത്താന്റെയും സംഭാഷണങ്ങള്‍ വെളിച്ചം വീശുന്നുണ്ട്. സ്ത്രീ-പുരുഷ കല്‍പനകളില്‍ പൊതുവേ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ നൂറ തന്നെ യുക്തിസഹമായി തിരുത്തുന്നത് നമുക്കു വായിക്കാനാകും.
ഇസ്ലാമിക വിശ്വാസപ്രകാരമുള്ള സ്ത്രീ-പുരുഷ ബന്ധങ്ങളെക്കുറിച്ച് വിശദമായി പറയുന്നുണ്ട് 'നൂറ'. പുതിയ കാലത്ത് പലരാലും തെറ്റിദ്ധരിപ്പിക്കപ്പെട്ട ഇസ്ലാമിക വിശ്വാസമൂല്യങ്ങളെയും നിയമസംഹിതകളെയും യുക്തിസഹമായി സമീപിക്കുകയാണ് നോവലില്‍. മുസ്ലിം സ്ത്രീയുടെ സ്വാതന്ത്ര്യം, ഹിജാബ്, ജെന്‍ഡര്‍ ന്യൂട്രാലിറ്റി, സ്ത്രീ-പുരുഷ സമത്വം, ബഹുഭാര്യത്വം, ത്വലാഖ്, അനന്തരാവകാശം, ഫെമിനിസം തുടങ്ങി ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്ത വിഷയങ്ങളെ ലളിതമായി മനസ്സിലാക്കിത്തരുന്നുണ്ട്. നോവലിന്റെ പല അധ്യായങ്ങളിലായി സുല്‍ത്താനും നൂറയും തമ്മില്‍ നടക്കുന്ന സംഭാഷണങ്ങളായാണ് ഈ വിഷയങ്ങളെ എഴുത്തുകാരന്‍ സമീപിക്കുന്നത്. സ്ത്രീകളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് സ്ത്രീയായ 'നൂറ'തന്നെ ഉത്തരങ്ങള്‍ നല്‍കുന്നുവെന്ന പ്രത്യേകതയുമുണ്ട്. വായനക്കാരന്റെ മനസ്സിലുള്ള ഇത്തരം ചോദ്യങ്ങള്‍ക്കെല്ലാം 'നൂറ' വായിച്ചു തീരുന്നതോടെ ഉത്തരമാകുമെന്നതില്‍ സംശയമില്ല. മണിക്കൂറുകള്‍ നീളുന്ന പ്രഭാഷണങ്ങള്‍ക്കോ നൂറുകണക്കിനു പേജുകളുള്ള പുസ്തകങ്ങള്‍ക്കോ കഴിയാത്ത ദൗത്യമാണ് ശംസുദ്ദീന്‍ മുബാറക് നോവലിലൂടെ സാധ്യമാക്കുന്നത്.
ഓര്‍മകള്‍ സംരക്ഷിക്കുന്ന ഒരു തെളിവ് നാം പൊതിഞ്ഞു സൂക്ഷിക്കുന്നത് പോലെ അമീര്‍ ഹസനും സൂക്ഷിക്കുന്നുണ്ട്. ഒരു യുഗത്തിന്റെ കഥ പറയുന്ന ഇരുമ്പു പെട്ടി. തലമുറകളായി കൈവന്ന പാരമ്പര്യവും പിതാവിന്റെ ഗ്രന്ഥങ്ങളും സല്‍മയുടെ മധുരമൂറുന്ന കൈപ്പടയില്‍ എഴുതിയ കത്തുകളും അടങ്ങിയ ഒരു പെട്ടി. ഓര്‍മച്ചെപ്പിന്റെ വാതിലുകള്‍ തുറന്ന് അമീര്‍ ഒരു യാത്ര നടത്തുമ്പോള്‍ പതിയെ വായനക്കാരും പുസ്തകം അടച്ചൊന്ന് കണ്ണടയ്ക്കും. ഒരിക്കലും തിരിച്ചു വരാത്ത ജീവിതത്തില്‍ സുഗന്ധം വീശിയ ഒരു കാലത്തിലേക്ക് ഒന്ന് എത്തി നോക്കും.
ജിന്നു സുന്ദരി നൂറയും സുല്‍ത്താനും തമ്മിലെ പ്രണയം മാനുഷിക ചിന്തകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുമോ എന്ന ചോദ്യത്തിനപ്പുറം അത്രമേല്‍ സുന്ദരമായി സ്‌നേഹിക്കാന്‍ അവര്‍ക്കു മാത്രമേ കഴിയുകയുള്ളൂ എന്നു നോവല്‍ വായിച്ചു കഴിയുന്നതോടെ നാം അറിയാതെ സമ്മതിക്കും.