മാനവരാശിയുടെ മാര്‍ഗദര്‍ശന ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍ അനേകായിരങ്ങളുടെ കൈപടങ്ങളാല്‍ ആവര്‍ത്തിച്ച് അടയാളപ്പെടുത്തുന്നതില്‍ ജന്മ സായൂജ്യം കൊതിക്കുന്ന കണ്ണൂര്‍ സ്വദേശി ടി.ബി തശ് രീഫയാണ് വിശുദ്ധ ഖുര്‍ആന്‍ പുതുലോകത്തിന് അത്യാകര്‍ഷകമായ രീതിയില്‍ എഴുതപ്പെടാന്‍ അവസരം നല്കുന്ന (Write the Quran) റൈറ്റ് ദ ഖുറാന് പരിചയപ്പെടുത്തുന്നത്.
അറബി കാലിഗ്രഫിയിലെ തന്റെ പരിജ്ഞാനം കൈമുതലാക്കി സ്വന്തമായി രൂപകല്പന ചെയ്ത ലോഗോയും കവറും ഗ്രേസിംഗ് സൗകര്യമുള്‍പ്പെടെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വികസിപ്പിച്ചെടുത്താണ് ഈ 26- കാരി നൂതനാശയത്തിന്റെ പ്രചാരകയാകുന്നത്.
ജീവിതത്തിലൊരിക്കലെങ്കിലും വിശുദ്ധ ഖുര്‍ആന്‍ സ്വന്തം കൈകള്‍ കൊണ്ടെഴുതി സൂക്ഷിക്കണമെന്ന അതിയായ ആഗ്രഹത്താല്‍ നിരവധിയിടങ്ങളില്നിന്നും അനുയോജ്യമായ പേപ്പറും പേനയും മഷിയും അന്വേഷിച്ചു ഗുണമേന്മയുള്ളവ കൈപിടിയിലൊതുക്കി എഴുതിത്തുടങ്ങിയപ്പോഴാണ് ഖുര്‍ആന്‍ മാനവരാശിയുടേതെന്ന ആഹ്വാനം മനഃസാക്ഷിയെ നോവിച്ചത്. തന്നില്‍ പരിമിതപ്പെടുത്താതെ പൊതുസമൂഹത്തിന് ഉപകാരപ്രദമാകുംവിധമാക്കി എങ്ങനെ രൂപമാറ്റം വരുത്താമെന്ന് ചിന്തിച്ചത്. ഖുര്‍ആന്‍ പരിചയപ്പെടണമെന്നും എഴുതണമെന്നും ആഗ്രഹമുള്ള ഏതൊരാള്‍ക്കും അറബി ഭാഷാ പരിജ്ഞാനത്തിന്റെ അഭാവത്തിലും ആകര്‍ഷകമായ എഴുത്തുശൈലിയില്‍ തെറ്റുകള്‍ മായ്ച് എഴുതാന്‍ പര്യാപ്തമായ രീതിയിലുള്ള പ്രതികള്‍ രൂപപ്പെടുത്താന്‍ ആലോചിക്കുന്നത്. നവ- സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള രണ്ടര വര്‍ഷത്തെ നിരന്തര അന്വേഷണമാണ് അനുയോജ്യമായ പേപ്പര്‍, അച്ചടി, ബൈന്റിംഗ് തുടങ്ങിയ സൗകര്യങ്ങള്‍ മികച്ച സാങ്കേതിക വിദ്യയുടെ സാധ്യതയോടെ സ്വരുക്കൂട്ടിയെടുത്തത്. മായ്ച് എഴുതുന്നതിനുള്ള പേനകളും കൂടെ ലഭ്യമാകുമ്പോള്‍ ഓരോ വ്യക്തിക്കും കുടുംബത്തിനും ആവശ്യാനുസരണം കൂടുതല്‍ തവണ ആവര്‍ത്തിച്ച് ഉപയോഗിക്കുന്നതിന് സഹായകമാകുന്നു. ഖുര്‍ആന്‍ വായനയോടൊപ്പം എഴുതുമ്പോള്‍ വേഗത്തില്‍ ഹൃദിസ്ഥമാക്കുന്നതിനും കൂടുതല്‍ ആത്മീയ ചൈതന്യം ഉള്‍ക്കൊള്ളുന്നതിനും ഈ രീതി സഹായകമാകുന്നു.
വിശുദ്ധ ഖുര്‍ആനുമായി ബന്ധപ്പെട്ട ഈ നൂതനാശയ വീഥിയില്‍ ഏറെ പ്രതിസന്ധികളുടെ നടുക്കയത്തില്‍ നിന്നുമാണ് തശ് രീഫ നിശ്ചയദാര്‍ഢ്യത്തിന്റെ ആത്മബലത്തില്‍ ലക്ഷ്യപ്രാപ്തിയിലെത്തുന്നത്. ഗുണമേന്മയുള്ള ഉത്പാദന വസ്തുക്കളുടെ ലഭ്യത, അച്ചടി സൗകര്യങ്ങളുടെ അപര്യാപ്തത, ഭാരിച്ച സാമ്പത്തിക ചെലവ്, വിപണി സാധ്യതകള്‍, പിന്തുണാ ദാരിദ്ര്യം, ആകസ്മികമായെത്തിയ അസുഖങ്ങള്‍ തുടങ്ങി ഒന്ന് ഒന്നിനേക്കാള്‍ ഭീഷണി സൃഷ്ടിക്കപ്പെട്ടപ്പോഴും വിശുദ്ധ ഖുര്‍ആന്‍ നെഞ്ചേറ്റിയ തശ് രീഫ അച്ചടിയുടെയും പ്രസാധനത്തിന്റെയും ബാലപാഠം പോലുമില്ലാതിരുന്നിട്ടും തന്റെ ഇച്ഛാശക്തികൊണ്ടു മാത്രമാണ് Write the Quran കൈകളിലേന്തി നില്‍ക്കുന്നത്.
സ്വന്തമായി ഏറെ പ്രിയപ്പെട്ട വാഹനം വാങ്ങുന്നതിനായി സൂക്ഷിച്ച പണം പ്രിയപ്പെട്ടവള്‍ക്കു സമ്മാനിച്ചാണ് അബൂദബിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് അബ്ദുല്‍ ഗഫൂര്‍ ഈ ചരിത്ര ദൗത്യത്തിന് താങ്ങായത്. ആദ്യം പത്ത് കോപ്പികളില്‍ തുടങ്ങി ആയിരക്കണക്കിന് കോപ്പികള്‍ ഓണ്‍ലൈനില്‍ സ്വന്തമായി വില്പന നടത്തിയ ഈ ചെറുപ്പക്കാരി മികച്ച ഒരു സംരംഭക കൂടിയാണ്. മണ്ണില്‍ നിര്‍മിക്കുന്ന മനോഹരങ്ങളായ കാലിഗ്രഫികളും ചിത്രകാരിയായ ഇവര്‍ തയ്യാറാക്കുന്നുണ്ട്. വളപട്ടണം അബ്ദുല്‍ ഗഫൂര്‍, തലൂജ ദമ്പതികളുടെ മകളാണ്. ഏക മകള്‍ അയ്റ ഹെസ് ലിന്, ഖുര്‍ആന്‍ പഠനമേഖലക്ക് നൂതനാശയങ്ങള്‍ പരതുന്ന തിരക്കിലാണ് ബികോം ബിരുദധാരിയായ ഈ അനുഗൃഹീത കലാകാരി.