കാലത്തിന്റെ കരുതിവെപ്പുകളില്‍ നിന്നും ഒരോന്നായി കൊഴിഞ്ഞുപോകുന്നതിനിടയില്‍ കേള്‍ക്കുന്ന വര്‍ത്തമാനങ്ങളിലേറെയും 'സമയമില്ലായ്മ'യാണ് അനുഭവിക്കുന്ന പ്രശ്നങ്ങളില്‍ മുഖ്യമെന്ന രീതിയിലുള്ളതാണ്. എന്നാല്‍, കാലങ്ങള്‍ക്കപ്പുറം ഓര്‍ത്തെടുക്കാവുന്നതും കാലമെത്ര കഴിഞ്ഞാലും തേടിച്ചെല്ലുന്ന ഈടുവെപ്പുകളെ ബാക്കിവെച്ചുമാണ് ഓരോ ആണ്ടറുതികളും തീര്‍ന്നുപോകുന്നത്.
കര്‍ത്തവ്യങ്ങളും ഉത്തരവാദിത്വങ്ങളും ഓര്മിപ്പിക്കുന്നതിനിടയിലും തനിക്കുവേണ്ടി സ്വയം അറിയാനും ആസ്വദിക്കാനും അടയാളപ്പെടുത്താനും ആരാലും പ്രേരിപ്പിക്കപ്പെടാതെ തന്നെ ഓരോരുത്തരും ഉല്‍സാഹിച്ചിട്ടുണ്ട്. പോരാത്തതിന്, കൂടുതല്‍ തെളിമയോടെയും ഉര്‍ജസ്വലമായും തങ്ങളുടെ ഇടം നികത്തിയവര്‍ സ്ത്രീകളായിരുന്നു. സര്‍ഗാത്മകതയുടെ അടരുകളിലൂടെ അരിച്ചിറങ്ങുമ്പോഴും പരമ്പരഗതമായ ആഖ്യാന ശൈലികളില്‍ നിന്നും തെന്നിമാറി നിര്‍ഭയമായ ആവിഷ്കാരം സാധ്യമാക്കിയവരും നിലനിന്നുപോകുന്ന അനീതിയെ മതാധികാരത്തിന്റെയോ രാഷ്ട്രീയാധികാരത്തിന്റെയോ എന്നു നോക്കാതെ ധിക്കരിച്ചവരും സ്ത്രീകള്‍ തന്നെ. പുതു വര്‍ഷം പിറക്കാനിരിക്കുന്നതുതന്നെ അധികാര വികേന്ദ്രീകരണത്തിന്റെ ഇടമായ തദ്ദേശസ്ഥാപനങ്ങളിലേക്ക് പുതിയ നാരികളെ തെരഞ്ഞെടുത്തുകൊണ്ടാണല്ലോ.
പകലന്തികള്‍ കുഞ്ഞുകുഞ്ഞു സന്തോഷങ്ങളിലൂടെ വ്യാപരിക്കുമ്പോഴും ഒന്നിനു വേണ്ടി മറ്റൊന്നു മാറ്റിവെക്കാന്‍ മുമ്പത്തെപ്പോലെ സ്ത്രീകള്‍ തയ്യാറല്ലായിരുന്നു. സാധ്യമായതെല്ലാം നേടിക്കൊണ്ടാണ് ഓരോരുത്തരും 2015- ന്റെ ദിനരാത്രങ്ങളെ സാര്‍ഥകമാക്കിയത്. ജോലിയും വീടും കുടുംബവും കുട്ടികളും മാത്രമല്ല, മനസംതൃപ്തിയുടെ പല വ്യവഹാരങ്ങള്‍ക്കും അവര്‍ മുതിര്‍ന്നു. അവരില്‍ ചിലരൊക്കെ ആരാമത്തോട് സംസാരിക്കുകയാണ്. സംവേദനക്ഷമതയോടെ ഇടപെട്ട എഴുത്തുകാര്‍- രചനകള്‍, നിയമങ്ങള്‍, നേട്ടം കൊയ്തവര്‍ - എല്ലാം ആരാമം വായനക്കാര്‍ക്കു മുമ്പില്‍ പരിചയപ്പെടുത്തുകയാണ്. എത്രതന്നെ സംശയനിവാരണം വരുത്തിയാലും പിന്നെയും തികട്ടിവരുന്ന സംശയങ്ങളുണ്ട്. അത്തരം ചിലതിനും ആരാമം മറുപടി പറയുകയാണ്. കാലത്തോടുള്ള കടപ്പാട് തീര്‍ക്കാന്‍ ഉതകുന്നതാകണം വായന എന്ന ആരാമത്തിന്റെ തുടക്കം മുതലേയുള്ള പ്രതിബദ്ധത വരും നാളുകളില്‍ കൂടുതല്‍ കരുത്തുറ്റതാകും എന്ന വാഗ്ദാനം തന്നെയാണ് പുതിയൊരു നാളെയെ പ്രതീക്ഷിക്കുന്ന മാന്യ വായനക്കാര്‍ക്കു മുമ്പില്‍ വെക്കുന്നത്. പുതിയ വര്‍ഷം കൂടുല്‍ ഊര്‍ജ്ജ്വസ്വലമായി മുന്നേറാനാവട്ടെ.