2019 ഫെബ്രുവരി ആദ്യത്തില്‍ കണ്ണൂരില്‍ നടന്ന ചരിത്ര സെമിനാര്‍ എല്ലാം കൊണ്ടും ഏറെ ശ്രദ്ധേയമായിരുന്നു. 2013 ഡിസംബറില്‍ കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്‌ലാമില്‍ സംഘടിപ്പിച്ച ചരിത്ര സെമിനാറിന്റെ തുടര്‍ച്ചയായിരുന്നു സോളിഡാരിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഈ പരിപാടി.
ഭൂതകാലത്തിന്മേലാണല്ലോ വര്‍ത്തമാനം നിര്‍മിക്കപ്പെടുന്നത്. അതിനാല്‍ ഇന്നലെകളുടെ ശക്തിയും ദൗര്‍ബല്യവും ധന്യതയും ദാരിദ്ര്യവും ഇന്നിനെ അഗാധമായി സ്വാധീനിക്കുന്നു. ചരിത്രം സമൂഹ നിര്‍മിതിയിലും സംസ്‌കാര, നാഗരിക രൂപീകരണത്തിലും നിര്‍ണായകമായ പങ്കുവഹിക്കുന്നു എന്നു പറയാനുള്ള കാരണവും ഇതുതന്നെ. ജനസമൂഹങ്ങളെ ഇല്ലാതാക്കാന്‍ അവരുടെ ചരിത്രത്തെ മാറ്റിമറിക്കുകയോ മുറിച്ചുമാറ്റുകയോ ചെയ്താല്‍ മതി. യശോധന്യമായ പാരമ്പര്യമുള്ള ദ്രാവിഡ ജനതയും സംസ്‌കാരവും നാഗരികതയും ആധുനിക ഇന്ത്യയില്‍ അപ്രസക്തമായത് അങ്ങനെയാണ്. കേരളത്തിലെ കരുത്തുറ്റ ജനവിഭാഗമായിരുന്നു ബുദ്ധന്മാരും ജൈനരും. ഇവിടത്തെ അറിയപ്പെടുന്ന മിക്ക ആരാധനാലയങ്ങളും അവരുടേതായിരുന്നു. അവരെ ഇല്ലാതാക്കി അവയൊക്കെയും ക്ഷേത്രങ്ങളാക്കി മാറ്റിയവര്‍ അവരുടെ ചരിത്രവും തേച്ചുമായിച്ചു. അങ്ങനെയാണ് അവര്‍ കേരളീയ ചരിത്രത്തില്‍ ഇല്ലാതെപോയത്. അവരുടെ ആരാധനാലയങ്ങള്‍ ഹൈന്ദവവല്‍ക്കരിക്കപ്പെട്ടത്. ആശയങ്ങള്‍ പോലും കടമെടുത്ത ഉപരിവര്‍ഗം ചരിത്രത്തില്‍നിന്ന് യഥാര്‍ഥ അവകാശികളെ വെട്ടിമാറ്റി അതും സ്വന്തമാക്കാറുണ്ട്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അദൈ്വതസിദ്ധാന്തം. ബുദ്ധമതത്തിലെ നിര്‍വാണ സിദ്ധാന്തത്തെ ശങ്കരാചാര്യര്‍ കടമെടുത്ത് സ്വന്തമാക്കി അവതരിപ്പിക്കുകയായിരുന്നു. ബുദ്ധചരിത്രം തുടച്ചുനീക്കിയതിലൂടെ അദൈ്വതം ശക്തമാകുകയും നിര്‍വാണ സിദ്ധാന്തം വിസ്മൃതമാവുകയും ചെയ്തു.
നാട് ഭരിക്കുന്ന വര്‍ഗീയ ഫാഷിസ്റ്റുകള്‍ ഇന്ത്യയില്‍ ഇസ്ലാമിനെയും മുസ്ലിംകളെയും അപ്രസക്തമാക്കാനുള്ള തീവ്ര ശ്രമത്തിലാണ്. അതിനായി ഇന്ത്യയുടെ ചരിത്രം പൂര്‍ണമായും മാറ്റിമറിക്കുകയും വികൃതമാക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ ചരിത്രത്തില്‍നിന്ന് മുസ്‌ലിം സംഭാവനകളെയും സംസ്‌കാരത്തെയും നാഗരികതയെയും തുടച്ചുനീക്കാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. യശോധന്യമായ മുസ്‌ലിം ഭരണത്തിന്റെ ആയിരം കൊല്ലത്തെ ചരിത്രത്തെ തമസ്‌കരിക്കാനും ഇരുണ്ട കാലമായി ചിത്രീകരിക്കാനുമാണ് അവര്‍ ഭരണകൂടത്തിന്റെ പിന്‍ബലത്തോടെ ശ്രമിക്കുന്നത്. നഗരങ്ങളുടെ പേരുമാറ്റവും സ്ഥാപനങ്ങളുടെ നിര്‍മാതാക്കളുടെ പേരും കുറിയും തേച്ചുമായ്ച്ചു കളയുന്നതും ഇതിനായി നടത്തപ്പെടുന്ന ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണ്. കള്ളം പറഞ്ഞു സത്യത്തെ തോല്‍പ്പിക്കുന്ന ഈ ആസുരകാലത്ത് ഭൂതകാലത്തിലെ ശേഷിപ്പുകള്‍ സംരക്ഷിക്കാനും ചരിത്രം സത്യസന്ധമായി പറഞ്ഞുകൊണ്ടിരിക്കാനും നാം ബാധ്യസ്ഥരാണ്. അതുകൊണ്ടുതന്നെ രാജ്യത്ത് നടത്തപ്പെടുന്ന ചരിത്ര പഠനങ്ങളും മുസ്‌ലിം സാംസ്‌കാരിക, നാഗരിക ശേഷിപ്പുകളുടെ സംരക്ഷണ യത്‌നങ്ങളും ഏറെ മഹത്തരവും പ്രശംസാര്‍ഹവുമാണ്.
സമാനതകളില്ലാത്ത സ്ത്രീസാന്നിധ്യം
കണ്ണൂരിന്റെ ചരിത്രം പറയുന്ന സെമിനാര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കാനായി അറക്കല്‍ രാജകുടുംബത്തിന്റെ ചരിത്രം ഒരിക്കല്‍കൂടി പരിശോധനാവിധേയമാക്കിയപ്പോള്‍ കേരളത്തില്‍ ഇന്ന് ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന നവോത്ഥാനവുമായി അതിനെ ബന്ധിപ്പിക്കാന്‍ തീരുമാനിച്ചു. അറക്കല്‍ രാജകുടുംബത്തെക്കുറിച്ച് നേരത്തേ ധാരാളം വായിച്ചിരുന്നുവെങ്കിലും അന്നൊന്നും വേണ്ടത്ര പരിഗണിച്ചിട്ടില്ലാതിരുന്ന ഭരണരംഗത്തെ സ്ത്രീസാന്നിധ്യം വനിതാ മതില്‍ സംഘടിപ്പിക്കപ്പെട്ട സമകാലീന കേരളീയ സാഹചര്യത്തില്‍ ഉയര്‍ത്തിക്കാണിക്കേണ്ട വസ്തുതയാണെന്ന കാര്യം ഓര്‍മയില്‍ വന്നു.
അറക്കല്‍ രാജകുടുംബത്തില്‍ ഭരണം നടത്തിയ 29 പേരില്‍ 11 പേരും സ്ത്രീകളായിരുന്നു. ഇവരില്‍ 42 വര്‍ഷം ഭരണം നടത്തിയ ജുനുമ്മാബിയും 24 വര്‍ഷം ഭരിച്ച ആയിശാബിയും 19 കൊല്ലം അധികാരത്തിലിരുന്ന മര്‍യംബിയും ഉള്‍പ്പെടുന്നു. പോര്‍ച്ചുഗീസുകാര്‍ക്കും ഡച്ചുകാര്‍ക്കും ഇംഗ്ലീഷുകാര്‍ക്കും എതിരെ പോരാട്ടം നയിച്ചത് വനിതാ ഭരണാധികാരികളാണ്. അവര്‍ രാജ്യത്തിന്റെ സാമ്പത്തികവും സാംസ്‌കാരികവും വിദ്യാഭ്യാസപരവും സാമൂഹികവും മതപരവുമായ വളര്‍ച്ചയിലും വികാസത്തിലും നിതാന്ത ജാഗ്രത പുലര്‍ത്തിയിരുന്നു. അതുകൊണ്ടുതന്നെ അവരുടെ ഭരണകാലം ഏറെ ശ്രദ്ധേയമായിരുന്നു.
ചരിത്രത്തില്‍ മറ്റൊരു ഭരണവംശത്തിലും ഇത്രയേറെ വനിതാ ഭരണാധികാരികള്‍ ഉണ്ടായിട്ടില്ല. എന്നിട്ടും ആരിലും കൗതുകമുണര്‍ത്തുന്ന പ്രോജ്ജ്വലമായ ഈ സ്‌ത്രൈണ പ്രഭാവത്തിന് ചരിത്രത്തില്‍ ഇടം കിട്ടിയില്ലെന്നതാണ് ഏറെ വിചിത്രവും വിസ്മയകരവും. കേരളനവോത്ഥാനത്തെ സ്ത്രീകളുമായി ബന്ധപ്പെടുത്തിയ സമകാലിക സംഭവം ഉണ്ടായിരുന്നില്ലെങ്കില്‍ വായനക്കിടയില്‍ ഈ ലേഖകനും ഇത് ശ്രദ്ധിക്കാതെ പോകുമായിരുന്നു.
വെളിച്ചം വന്ന വഴികള്‍
ആവശ്യങ്ങളാണല്ലോ പലപ്പോഴും നമ്മെ പുതിയ അന്വേഷണങ്ങള്‍ നടത്താനും കാര്യങ്ങള്‍ കണ്ടെത്താനും സഹായിക്കുക.
വിദ്യാര്‍ഥിജീവിതം തൊട്ട് കഴിഞ്ഞ ആറ് പതിറ്റാണ്ടോളമായി വിശുദ്ധ ഖുര്‍ആന്‍ അര്‍ഥവും ആശയവും മനസ്സിലാക്കി പാരായണം ചെയ്യാന്‍ തുടങ്ങിയിട്ട്. ഇതിനിടയില്‍ പല ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളും വായിക്കുകയും പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും മക്കയില്‍ നിഷിദ്ധമായിരുന്ന യുദ്ധം മദീനയില്‍ ഹിജ്‌റ രണ്ടാംവര്‍ഷം അനുവദിച്ചത് വിവിധ മതസമൂഹങ്ങളുടെ ആരാധനാലയങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ വേണ്ടി കൂടിയായിരുന്നു എന്ന വസ്തുത മനസ്സില്‍ പതിഞ്ഞിരുന്നില്ല. പിന്നീട് ഖുര്‍ആന്റെ യുദ്ധസമീപനം വിമര്‍ശനവിധേയമായപ്പോള്‍ അതിന് മറുപടി പറയേണ്ടിവന്നു. അപ്പോള്‍ നടത്തിയ അന്വേഷണത്തിലൂടെയാണ് മുസ്‌ലിം പള്ളികളും ക്രൈസ്തവ ചര്‍ച്ചുകളും ജൂത സിനഗോഗുകളും സന്യാസിമഠങ്ങളും സംരക്ഷിക്കപ്പെടാന്‍ വേണ്ടി കൂടിയാണ് യുദ്ധത്തിനുണ്ടായിരുന്ന വിലക്ക് നീക്കി അതനുവദിക്കപ്പെട്ടത് എന്ന വസ്തുത മനസ്സില്‍ പതിഞ്ഞത്. ഇവിടെ മറ്റു മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് മുസ്‌ലിം പള്ളികളുടെ അത്രതന്നെ പ്രാധാന്യം കല്‍പിച്ച് അതിനോട് ചേര്‍ത്തു പറയുകയാണല്ലോ ഉണ്ടായത്.
''യുദ്ധത്തിനിരയായവര്‍ക്ക് തിരിച്ചടിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നു. കാരണം അവര്‍ മര്‍ദിതരാണ്. ഉറപ്പായും അല്ലാഹു അവരെ സഹായിക്കാന്‍ പോന്നവന്‍ തന്നെ. സ്വന്തം വീടുകളില്‍നിന്ന് അന്യായമായി ഇറക്കപ്പെട്ടവരാണവര്‍. 'ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണ്' എന്ന് പ്രഖ്യാപിച്ചതല്ലാതെ ഒരു തെറ്റുമവര്‍ ചെയ്തിട്ടില്ല. അല്ലാഹു ജനങ്ങളില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് പ്രതിരോധിക്കുന്നില്ലായെങ്കില്‍ ദൈവനാമം ധാരാളമായി സ്മരിക്കപ്പെടുന്ന മുസ്‌ലിം പള്ളികളും സന്യാസിമഠങ്ങളും ചര്‍ച്ചുകളും സിനഗോഗുകളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നവരെ ഉറപ്പായും അല്ലാഹു സഹായിക്കും. അല്ലാഹു സര്‍വശക്തനും ഏറെ പ്രതാപിയും തന്നെ'' (ഖുര്‍ആന്‍ 22: 39,40).
ഇസ്ലാം ഉയര്‍ത്തിപ്പിടിക്കുന്ന മതസഹിഷ്ണുതയെയും നീതിയെയും സംബന്ധിച്ച അന്വേഷണമാണ് വിശുദ്ധ ഖുര്‍ആനില്‍ ജൂതന്റെ നീതിക്കുവേണ്ടി ഒമ്പത് സൂക്തങ്ങളുണ്ടെന്ന തിരിച്ചറിവ് നല്‍കിയത്.
തുഅമതുബ്‌നു ഉബൈരിഖ് അന്‍സാരി സ്വഹാബിയായിരുന്നു. അയാള്‍ ഒരു പടയങ്കി മോഷ്ടിച്ചു. അത് ഒരു ജൂതന്റെ വശം പണയംവച്ചു. സംഭവം കേസാവുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തപ്പോള്‍ അയാള്‍ മോഷണക്കുറ്റം ജൂതന്റെ മേല്‍ ആരോപിച്ചു. അതോടൊപ്പം പടയങ്കി ജൂതനില്‍നിന്ന് കണ്ടെടുക്കുകയും ചെയ്തു. പടയങ്കി തന്റെ വശം പണയം വെച്ചതാണെന്നതിന് ആ ജൂതന്‍ മറ്റൊരു ജൂതനെ സാക്ഷിയായി കൊണ്ടുവന്നെങ്കിലും തുഅമതും അയാളുടെ ഗോത്രമായ ബനൂ ളഫ്‌റും അതംഗീകരിച്ചില്ല. അതോടൊപ്പം അവര്‍ പ്രവാചകനെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തു. മുസ്‌ലിം മോഷണം നടത്താന്‍ സാധ്യതയില്ലെന്നും ജൂതനാണ് അത് ചെയ്യുകയെന്നും പ്രവാചകന്‍ ധരിച്ചു. തൊണ്ടിസാധനം ജൂതന്റെ വശമായിരുന്നു താനും. അതിനാല്‍ നബിതിരുമേനി ജൂതനെ കുറ്റവാളിയായി പ്രഖ്യാപിക്കാന്‍ തയാറെടുക്കുകയായിരുന്നു. അപ്പോഴാണ് വിശുദ്ധ ഖുര്‍ആനിലെ നാലാം അധ്യായത്തിലെ 105 മുതല്‍ 113 വരെയുള്ള സൂക്തങ്ങള്‍ അവതീര്‍ണമായത്. അത് ആരംഭിക്കുന്നതിങ്ങനെയാണ്: ''നാം നിനക്ക് സത്യസന്ദേശവുമായി ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. അല്ലാഹു കാണിച്ചുതന്നതനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ വിധി നടത്താന്‍ വേണ്ടിയാണിത്. നീ വഞ്ചകര്‍ക്ക് വേണ്ടി വാദിക്കുന്നവനാകരുത്. അല്ലാഹുവോട് പാപമോചനം തേടുക. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ; തീര്‍ച്ച. ആത്മവഞ്ചന നടത്തുന്നവര്‍ക്കു വേണ്ടി നീ വാദിക്കരുത്. കൊടും വഞ്ചകനും പെരും പാപിയുമായ ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല'' (4:105-107).
അതോടെ തുഅമത് കുറ്റവാളിയായി പ്രഖ്യാപിക്കപ്പെട്ടു. അതേ തുടര്‍ന്ന് അയാള്‍ ഓടിപ്പോയി. യഥാര്‍ഥത്തില്‍ കപടവിശ്വാസിയായിരുന്നു അദ്ദേഹം.
വിശുദ്ധ ഖുര്‍ആനിലെ ഈ സൂക്തങ്ങള്‍ അനേകതവണ പാരായണം ചെയ്യുകയും അവതരണ പശ്ചാത്തലം മനസ്സിലാക്കുകയും ചെയ്തിരുന്നുവെങ്കിലും ജൂതന്റെ നീതിക്കുവേണ്ടി ഖുര്‍ആനില്‍ ഒമ്പത് സൂക്തങ്ങള്‍ എന്ന ആശയം ശ്രദ്ധയില്‍ പതിഞ്ഞത് ബഹുസ്വര സമൂഹത്തിലെ ഇസ്‌ലാമിന്റെ പ്രതിനിധാനത്തെയും അതിന്റെ മതാതീത നീതിയെയും സംബന്ധിച്ച അന്വേഷണത്തിനിടയിലാണ്.
ഇപ്രകാരംതന്നെ ഖുര്‍ആനിലെ എണ്‍പതാം അധ്യായമായ 'അബസ' നിരന്തരം പാരായണം ചെയ്തിരുന്നുവെങ്കിലും പാര്‍ശ്വവല്‍കൃത സമൂഹത്തിന് അത് നല്‍കിയേക്കാവുന്ന അതിരറ്റ ആനന്ദത്തെക്കുറിച്ച് ആലോചിച്ചതും അന്ധന്റെ ഭാഗത്തു നിന്ന് അതിനെ വായിക്കാന്‍ ശ്രമിച്ചതും ഇസ്‌ലാമിന്റെ വിമോചനവശത്തെ സംബന്ധിച്ച അന്വേഷണങ്ങളില്‍നിന്നും ആലോചനകളില്‍നിന്നുമാണ്.
പ്രവാചകന്‍ മക്കയിലെ ഖുറൈശി പ്രമുഖരുമായി ഇസ്‌ലാമിന്റെ കാര്യം സംസാരിച്ചുകൊണ്ടിരിക്കെ അന്ധനായ അബ്ദുല്ലാഹിബ്‌നു ഉമ്മി മക്തൂം സദസ്സിലേക്ക് കയറിവന്നു. അപ്പോള്‍ പ്രവാചകന്‍ അദ്ദേഹത്തെ വേണ്ടത്ര പരിഗണിച്ചില്ല. ചെറിയ നീരസം പ്രകടിപ്പിക്കുകയും ചെയ്തു. ഇതൊന്നും കാഴ്ചയില്ലാത്ത ആ സഹോദരന്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍ അന്ധനായ തന്റെ അടിമ യഥാവിധി പരിഗണിക്കപ്പെടാതിരുന്നത് അല്ലാഹുവിന് അംഗീകരിക്കാനാകുമായിരുന്നില്ല. അതുകൊണ്ടുതന്നെ ഇവ്വിഷയകമായി ഖുര്‍ആനില്‍ പതിനാറ് സൂക്തങ്ങള്‍ അവതീര്‍ണമായി.
ഇതിനെ അന്ധനായ അബ്ദുല്ലാഹിബ്‌നു ഉമ്മി മക്തൂമിന്റെ ഭാഗത്തു നിന്ന് ഇങ്ങനെ വായിക്കാം: 'എന്നും എവിടെയും അവഗണിക്കപ്പെടുകയും മാറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്ന തന്റെ വര്‍ഗത്തിനു വേണ്ടി പ്രപഞ്ചനാഥനായ അല്ലാഹു ലോകാന്ത്യം വരെ നിലനില്‍ക്കുന്ന വിശുദ്ധ ഖുര്‍ആനില്‍ ഇടപെട്ടിരുന്നു. അതും പതിനാറ് സൂക്തങ്ങളിലൂടെ. നമസ്‌കാരം ഉള്‍പ്പെടെയുള്ള ആരാധനാ കര്‍മങ്ങളുടെ വിശദാംശങ്ങളില്ലാത്ത വേദഗ്രന്ഥത്തില്‍ കാഴ്ചയില്ലാത്ത തന്റെ കാര്യം വിശദമായി പരാമര്‍ശിക്കുകയും അങ്ങനെ തന്റെ കഥ ജനകോടികള്‍ തലമുറ തലമുറകളായി പാരായണം ചെയ്യാന്‍ അവസരമൊരുക്കുകയും ചെയ്തിരിക്കുന്നു. സൃഷ്ടികളില്‍ ശ്രേഷ്ഠനായ മുഹമ്മദ് നബി തിരുമേനിയുടെ തന്നോടുള്ള സമീപനത്തെ വിശദമായും നിശിതമായും നിരൂപണം ചെയ്തിരിക്കുന്നു. ലോകാന്ത്യം വരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കും തന്നെ പോലുള്ളവരെ അവഗണിക്കരുതെന്ന താക്കീതും നല്‍കിയിരിക്കുന്നു. പാര്‍ശ്വവല്‍കൃതര്‍ക്ക് ഇതിനേക്കാള്‍ ആശ്വാസം നല്‍കാന്‍ ആര്‍ക്കാണ് സാധിക്കുക.!'
മൂസാ നിന്റെ കൈയില്‍ എന്താണ് എന്ന ചോദ്യത്തിന് അദ്ദേഹം കൃത്യമായി മറുപടി നല്‍കി: 'ഇതെന്റെ വടിയാണ്. ഞാന്‍ അതിന്മേല്‍ ഊന്നി നടക്കുന്നു. ഞാന്‍ ഇതുകൊണ്ട് എന്റെ ആടുകള്‍ക്ക് ഇല വീഴ്ത്തി കൊടുക്കുന്നു. എനിക്ക് ഇതുകൊണ്ട് വേറെയും ചില ആവശ്യമുണ്ട്' (20:17,18).
ഹജ്ജ് എന്ന അതിശ്രേഷ്ഠമായ ആരാധനാക്രമത്തിന്റെ കേന്ദ്ര സ്ഥാനത്തിരിക്കുന്നവരില്‍ ഒരാളായ ഹാജര്‍ ബീവി കറുത്തവളായ വിദേശിയായ അടിമപ്പെണ്ണായിരുന്നുവെന്നത് പാര്‍ശ്വവല്‍കൃതര്‍ക്ക് ഇസ്‌ലാം നല്‍കുന്ന മുഖ്യപരിഗണനയുടെ പ്രകടമായ തെളിവായി ബോധ്യപ്പെട്ടത് അലി ശരീഅത്തിയുടെ പുസ്തകം വായിച്ചപ്പോഴാണ്.
വിശുദ്ധ ഖുര്‍ആനെയും പ്രവാചക വചനങ്ങളെയും ഇസ്‌ലാമിക ചരിത്ര സംഭവങ്ങളെയും സമകാലീന സാഹചര്യത്തില്‍ ആവശ്യങ്ങളും താല്‍പര്യങ്ങളും മുന്നില്‍വച്ച് വായിക്കുമ്പോള്‍ സങ്കീര്‍ണങ്ങളായ പല പ്രശ്‌നങ്ങളിലും പുതിയ വെളിച്ചം ലഭിക്കാന്‍ ഏറെ സാധ്യതയുണ്ട്. ഇതുതന്നെയാണല്ലോ കേവല വിവരങ്ങളെ തിരിച്ചറിവാക്കി മാറ്റാനുള്ള ശരിയായ ശ്രമം.