'അഭയ'ത്തിന് ജനപിന്തുണ; മൈനക്കും
സാന്ത്വന ചികിത്സാ രംഗത്ത് ഇപ്പോള്‍ നിരവധിപേര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ ഒരുപക്ഷേ
സാന്ത്വന ചികിത്സാ രംഗത്ത് ഇപ്പോള്‍ നിരവധിപേര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ ഒരുപക്ഷേ ദമ്പതികളുമുണ്ടാകാം. പക്ഷേ, തൃശൂര്‍ വടക്കേക്കാട്ടെ കെ.വി ഹംസ-മൈമൂന ദമ്പതികളും അവരുടെ പ്രവര്‍ത്തനങ്ങളും ഇതില്‍നിന്ന് വേറിട്ടു നില്‍ക്കുന്നു. അവരുടെ നേതൃത്വത്തിലുള്ള 'അഭയ'ത്തിന്റെയും. ജനപങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനമാണ് 'അഭയ'ത്തിന്റെ പ്രേത്യകത. അതിന്റെ ശക്തിയും അതു തന്നെ.
2008-ലാണ് 'അഭയം' എന്ന സാന്ത്വന ചികിത്സാ സംഘടനക്ക് മൈന എന്ന് അടുപ്പമുള്ളവരും ഭര്‍ത്താവും വിളിക്കുന്ന മൈമൂന രൂപം നല്‍കിയത്. ഇന്ന് അത് ചരിത്രപരമായ ദൗത്യത്തിലാണ് ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്. കിടപ്പു രോഗികള്‍ക്ക് സന്തോഷത്തോടെ ഈ ലോകത്തുനിന്നും വിടവാങ്ങാന്‍ സൗകര്യമൊരുക്കണമെന്നും അതിനായി രോഗികള്‍ക്ക് ഒസ്യത്ത് (ലിവിംഗ് വില്‍) തയാറാക്കി വെക്കാമെന്നതുമായ സുപ്രീം കോടതി വിധി യാഥാര്‍ഥ്യമാക്കാനും കിടപ്പുരോഗികളുടെ ഈ അവകാശത്തിന് ജനപിന്തുണ തേടാനും കാമ്പയിനുമായി രംഗത്തിറങ്ങിയിരിക്കുകയാണ് 'അഭയം'. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ലോക ആരോഗ്യ സംഘടനയും (WHO) ഇന്ത്യന്‍ പാലിയേറ്റീവ് അസോസിയേഷനും ആവിഷ്‌കരിച്ച ലിവിംഗ് വില്‍ പദ്ധതി തേന്റടത്തോടെ ഏറ്റെടുത്തിരിക്കുകയാണ് 'അഭയം.'
ഹംസയുടെ കട്ട പിന്തുണ
മൊഹബത്ത് എന്ന വാക്കിനെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്ന ദമ്പതികള്‍ അപൂര്‍വമാണ്. അക്കൂട്ടത്തില്‍ മുന്നില്‍ നിര്‍ത്താനാവും ഹംസ-മൈമൂന ദമ്പതികളെ. കൊതി തോന്നിപ്പിക്കുന്ന മൊഹബത്ത്. അതില്‍ ഫുള്‍ മാര്‍ക്ക് തീര്‍ച്ചയായും ഹംസക്കു തന്നെ. മൈമൂന മനസ്സില്‍ കാണുന്നത് ഹംസ മാനത്ത് കാണും. കട്ട പിന്തുണ.
മൈമൂനയാവെട്ട ഭര്‍ത്താവിന്റെ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കുന്ന മാതൃകാ കുടുംബിനിയും. മൂന്ന് മക്കളും പേരക്കുട്ടികളുമായിട്ടും ഇവര്‍ നാട്ടുകാര്‍ക്ക് വേി പറന്ന് നടക്കുന്നുണ്ടെങ്കില്‍ അത് ഹംസയുടെയും മക്കളുടെയും വളന്റിയര്‍മാരുടെയും പിന്തുണ കൊണ്ടാണ്. തന്റെ ഭാര്യയുടെ പ്രവര്‍ത്തനങ്ങളില്‍ തനിക്കും മക്കള്‍ക്കും അഭിമാനമാണുള്ളതെന്ന് ഹംസ പറയുന്നു. പ്രിയപ്പെട്ടവള്‍ സാന്ത്വന ചികിത്സാ രംഗത്ത് കടന്നു വന്നപ്പോള്‍ ഹംസയും അവരോടൊപ്പം കൂടി.
സാന്ത്വന ചികിത്സാ രംഗത്തേക്ക്
സാന്ത്വന ചികിത്സാ രംഗത്തുള്ളവര്‍ക്കായി ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി കോഴിക്കോട്ട് നടന്ന സാന്ത്വന ചികിത്സാ പരിശീലകര്‍ക്കുള്ള പരിശീലന(ടി.ഒ.ടി.) കോഴ്‌സ് കഴിഞ്ഞവരാണ് ഹംസയും മൈമൂനയും. ഇതുമായി ബന്ധപ്പെട്ട വിവിധ കോഴ്‌സുകളും പൂര്‍ത്തീകരിച്ച ഇവര്‍ പാലിയേറ്റീവ് സംസ്ഥാന ഫാക്കല്‍റ്റികളുമാണ്. ചെറുപ്പം മുതല്‍ക്കേ പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കുന്ന പ്രകൃതക്കാരിയായിരുന്നു മൈമൂന. ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് കൂട്ടിനു പോകല്‍ മൈമൂനക്ക് എന്നും താല്‍പര്യം തന്നെയായിരുന്നു. മുതിര്‍ന്ന് വിവാഹിതയായപ്പോഴും ആ ശീലം മാറ്റിയില്ല. വിവാഹം കഴിഞ്ഞെത്തിയ വീടും അതിന് വളക്കൂറുള്ള മണ്ണായിരുന്നു ഒരുക്കിയത്.
ഭര്‍തൃമാതാവും അവരെപോലെ മറ്റുള്ളവര്‍ക്ക് സാന്ത്വനമേകണമെന്ന ചിന്താഗതിക്കാരി തന്നെ. നാട്ടുകാര്‍ അവരെ നല്ലുമ്മ എന്നാണ് വിളിച്ചിരുന്നത്. കുടുംബമായപ്പോഴും കാലചക്രഗതിക്ക് മൈമൂനയുടെ സേവന മനസ്സിന് മാറ്റം വരുത്താനായില്ല. അതിനെ ശക്തിപ്പെടുത്തുകയാണുണ്ടായത്.
പിന്നീടാണ് സാന്ത്വന ചികിത്സാരംഗത്തേക്ക് ചുവടു മാറിയത്. ഒരു നഴ്‌സിന്റെ സഹായത്തോടെ ആദ്യമൊക്കെ കിടപ്പുരോഗികളുടെ വീടുകളില്‍ പോയി ചികിത്സിക്കുകയായിരുന്നു. പിന്നീട് അത് വളര്‍ന്നു. മാറാരോഗികളായവര്‍ക്ക് സാന്ത്വനമേകി 'അഭയം' എന്ന സംഘടനയുമായി അവര്‍ ആവശ്യക്കാരെ തേടിച്ചെന്നു.
ഇപ്പോള്‍ കൂടെ സദാ സേവന സന്നദ്ധരായ നൂറോളം വളന്റിയര്‍മാരും മറ്റുമുണ്ട്. വളന്റിയര്‍മാരും സമൂഹവുമാണ് തങ്ങളുടെ ശക്തിയെന്ന് മൈമൂനയും ഹംസയും ഉറപ്പിച്ചു പറയുന്നു.
രോഗികളെ മാനസികമായും മറ്റും ശാക്തീകരിക്കുകയാണ് 'അഭയം' ചെയ്യുന്ന പ്രധാന പ്രവൃത്തി. ഒറ്റപ്പെട്ട രോഗികള്‍, രോഗപീഡ അനുഭവിക്കുന്നവര്‍ എന്നിവര്‍ക്ക് സാന്ത്വനവും സമാധാനവും ഏകുന്നതോടൊപ്പം വീട്ടുകാരെ തേടിച്ചെന്ന് പരിചരണ രീതികള്‍ പഠിപ്പിക്കുന്നു. രോഗികള്‍ക്ക് ഏതുവിധത്തിലാണ് ആശ്വാസം നല്‍കാന്‍ കഴിയുക എന്നും രോഗിയുള്ള കുടുംബം അനുഭവിക്കുന്ന പ്രയാസം എന്തെന്നും മനസ്സിലാക്കി അവരെ എല്ലാ രീതിയിലും ശാക്തീകരിക്കുന്നു. രോഗി അനുഭവിക്കുന്ന വലിയ വേദന വീട്ടുനുള്ളില്‍ തളച്ചിടപ്പെടുക എന്നാണ്. അത് മനസ്സിലാക്കി വീടുകളില്‍ ഒറ്റപ്പെട്ടുകഴിയുന്ന രോഗികളെ സാമൂഹിക ബന്ധങ്ങളിലേക്കും എത്തിക്കാന്‍ അഭയം ശ്രദ്ധിക്കുന്നു.
24 മണിക്കൂറും സേവനമനസ്സോടെ പ്രവര്‍ത്തിക്കുന്നതിലൂടെയാണ് 'അഭയം' വേറിട്ടു നില്‍ക്കുന്നത്. എപ്പോള്‍ ആവശ്യം വന്നാലും സേവനസന്നദ്ധരായി രംഗത്തുവരുന്ന വളന്റിയര്‍മാര്‍. തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന പൊതുസമൂഹവും. എല്ലാ പിന്തുണയുമായി മക്കളായ ഡോ. ഫാത്വിമ, ആഇശ, അഹമ്മദ് എന്നിവരും മരുമക്കളായ അര്‍ഷദ്, മിലേഷ്, അസ്മ എന്നിവരും മൈമൂനയുടെ കൂടെയുണ്ട്.