(ചരിത്രം അവന്റെ മാത്രം കഥയല്ല-3)
എ.ഡി നാലാം നൂറ്റാണ്ടില്‍ ഉത്തരേന്ത്യയില്‍നിന്ന് കേരളത്തിലെത്തിയ ബ്രാഹ്മണര്‍ 64 ഗ്രാമങ്ങളിലായി വാസമുറപ്പിച്ചു. 12-ാം ശതകം വരെ നീണ്ടുനിന്ന ചേര-ചോള യുദ്ധത്തിന്റെ ഫലമായി, നമ്പൂതിരിമാര്‍ക്ക് പൂര്‍വാധികം പ്രാമാണ്യം കല്‍പിച്ചുപോന്നുവെങ്കിലും ജാതിവ്യവസ്ഥയെക്കുറിച്ചുള്ള വ്യത്യസ്ത നിഗമനങ്ങള്‍ നമ്പൂതിരി സമുദായത്തെ അക്ഷരാര്‍ഥത്തില്‍ ഒറ്റപ്പെടുത്തിയിരുന്നു.
അക്കാലത്തെ നായര്‍ സ്ത്രീകള്‍ ബഹുഭര്‍തൃത്വം അവലംബിച്ചിരുന്നവരായിരുന്നു. ചരിത്രത്തില്‍ 'നായന്മാര്‍' എന്ന് പ്രതിപാദിച്ചു കാണുന്നത് എട്ടാം നൂറ്റാണ്ടുമുതലാണ്. നമ്പൂതിരിമാരോടൊപ്പം കേരളത്തില്‍ കുടിയേറിയ ബ്രാഹ്മണന്മാരല്ലാത്തവര്‍, സംഘകാലത്തെ വെള്ളാളര്‍, മറവര്‍ തുടങ്ങിയ ഗണങ്ങളുമായി കലര്‍ന്നാവാം നായര്‍ സമുദായം ഉത്ഭവിച്ചിരിക്കുക എന്ന് കരുതിവരുന്നു. മരുമക്കത്തായ സമ്പ്രദായവും നായര്‍ സമുദായത്തിന്റെ പ്രത്യേകതയായിരുന്നു. അറബികളുടെ ഇടയില്‍ പുരാതന കാലം മുതല്‍ മരുമക്കത്തായം നിലവിലിരുന്നതായി റോബര്‍ട്‌സണ്‍ സ്മിത്ത് Kinship and Marriage in Early Arabia എന്ന ഗ്രന്ഥത്തില്‍ സ്ഥാപിക്കുന്നുണ്ട്. ബ്രസീലിലെ പുരാതന ഗ്രാന്‍ചകോ (Gran Chaco) വര്‍ഗക്കാര്‍ മരുമക്കത്തായം പിന്തുടര്‍ന്നിരുന്നതായി നരവംശ ശാസ്ത്രജ്ഞരുടെ പഠനങ്ങളില്‍ കാണാം. ആസാമിലെ ഖാസി (Khasi) വര്‍ഗക്കാരും ഗാരോ (Gaors) വര്‍ഗക്കാരും മരുമക്കത്തായികളായിരുന്നുവത്രെ. പ്രാചീന കര്‍ണാടകത്തില്‍, കേരളത്തിലെ മരുമക്കത്തായ നിയമത്തോട് സദൃശമായ അളിയസന്താനനിയമവുമായിരുന്നു. കേരളത്തിന്റെ മധ്യകാല ചരിത്രം യുദ്ധങ്ങളുടെ കഥ പറയുന്നു. ഈ യുദ്ധകാല ചരിത്രത്തിലെ 'ചാവേറ്റുപട' എന്ന ആത്മരക്ഷാസംഘങ്ങളുടെ നിയന്ത്രണം നായര്‍പടയാളികള്‍ക്കായിരുന്നു. യുദ്ധത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന നായര്‍ യോദ്ധാക്കള്‍ക്ക്, സമാധാനപരമായ ഒരു വൈവാഹിക ജീവിതം അവരുടെ സ്വപ്‌നങ്ങളില്‍ ഒതുങ്ങിനിന്നു. ഈ സാഹചര്യത്തില്‍ നായര്‍ സ്ത്രീകള്‍ ബഹുഭര്‍തൃത്വം സ്വീകരിക്കാന്‍ നിര്‍ബന്ധിതരായെന്ന് മരുമക്കത്തായ സമ്പ്രദായത്തിന്റെ ആവിര്‍ഭാവത്തിന് കാരണമായി ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ 'ചാവേര്‍പ്പട'യിലൂടെ കുടുംബജീവിതം നിഷേധിക്കപ്പെട്ട നായര്‍ യോദ്ധാക്കളുടെ അഭാവം അവരുടെ സ്ത്രീകളുടെ സദാചാരത്തെ പ്രതികൂലമായി ബാധിച്ചുവെങ്കിലും ഈ കാരണം കൊണ്ട് മാത്രം ഒരു ദായക്രമം ഇവിടെ ഉദയം ചെയ്തു എന്ന് വിശ്വസിക്കുവാനില്ല. ഒരു നിശ്ചിത വരുമാനമില്ലായ്മ 'ചാവേര്‍പ്പട'യിലെ യോദ്ധാക്കള്‍ക്ക് അവര്‍ യുദ്ധമുന്നണിയിലായിരിക്കുമ്പോള്‍, ഗൃഹസ്ഥക്കും മക്കള്‍ക്കും വീട്ടുചെലവിനായി പണം നല്‍കാനുള്ള വരുമാന മാര്‍ഗവും ഉണ്ടായിരുന്നില്ല.
ഭര്‍ത്താക്കന്മാരുടെ അഭാവത്തില്‍ കുടുംബപരമായ ഭൂസ്വത്ത് കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം അന്നത്തെ കുടുംബിനികള്‍ക്കുണ്ടായിരുന്നുവെന്ന് കരുതാന്‍ നിര്‍വാഹമില്ല. കാരണം കുടുംബത്തിന്റെ നിയന്ത്രണം കാരണവരിലായിരുന്നു. ഈ കാരണവരാകട്ടെ തറവാട്ടിലെ ഏറ്റവും മുതിര്‍ന്ന പുരുഷനുമാണ്. നമ്പൂതിരി അധിനിവേശകാലത്തെ കേരളത്തില്‍ പിതൃവഴിയിലുള്ള സ്വകാര്യസ്വത്തുടമസ്ഥതയായിരുന്നു നിലവിലുണ്ടായിരുന്നത് (ഇന്ത്യയിലെ ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വളരെ മുമ്പുതന്നെ സ്വകാര്യസ്വത്ത് സമ്പ്രദായം ഉത്ഭവിച്ചിരുന്നു. സംഘകാലത്ത് കൂടി ഈ സ്ഥിതിവിശേഷമായിരുന്നു). ചോളരാജാക്കന്മാരുടെ ആക്രമണത്തോടെ നാടുവാഴികളുടെ പ്രാബല്യവും വര്‍ധിച്ചു. ഭൂമിയുടെ ജന്മാവകാശം നാടുവാഴികളില്‍ നിക്ഷിപ്തമായിക്കൊണ്ടുള്ള ജന്മി-നാടുവാഴി വ്യവസ്ഥയും ഉടലെടുത്തു. അധ്വാനം ചെയ്യാതെ തന്നെ ഭൂസ്വത്തില്‍ ഗണ്യമായ ഒരു പങ്കിന് ജന്മികള്‍ക്ക് അവകാശം ലഭിച്ചിരുന്നു.
സംഘകാലകൃതികളെ വിലയിരുത്തുമ്പോള്‍, പതിറ്റുപ്പത്തില്‍ മരുമക്കത്തായ രീതിയുടെ സൂചന ഉണ്ടായിരുന്നുവെന്ന് കാണാം. വി.ടി ഇന്ദുചൂഡന്റെ പ്രബന്ധത്തിലെ ചില പ്രസക്ത ഭാഗങ്ങള്‍ ശ്രദ്ധിക്കുക:
''പതിറ്റുപ്പത്തില്‍ കാണുന്നത് ശരിയാണെങ്കില്‍ വേള്‍ ആവിക്കോമന്‍ പുതുമന്‍ ദേവിക്ക് രണ്ട് ഭര്‍ത്താക്കന്മാരുണ്ടായിരുന്നു എന്ന് കരുതുന്നതില്‍ തെറ്റില്ല. ഒന്നിലധികം സഹോദരന്മാര്‍ ഒരു സ്ത്രീയെ വിവാഹം ചെയ്യുന്ന സമ്പ്രദായമാണെങ്കില്‍ മാത്രമേ മേല്‍പ്പറഞ്ഞത് ഒരു മക്കത്തായ കൂട്ടുകുടുംബത്തില്‍ സാധ്യമാവുകയുള്ളൂ. അങ്ങനെയാണെങ്കില്‍ സ്ത്രീക്ക് തന്റെ ഭര്‍ത്താക്കന്മാരോടൊന്നിച്ച് അവളുടെ കൂട്ടുകുടുംബത്തില്‍ താമസിക്കാന്‍ കഴിയും. എന്നാല്‍ ഇവിടെ പുതുമന്‍ ദേവിയുടെ രണ്ട് ഭര്‍ത്താക്കന്മാരായ നെടുംചേരലാതരും ചൊല്‍വക്കടുംക്കോവും സഹോദരന്മാരായിരുന്നില്ല. ഇവര്‍ ഇരുവരും വ്യത്യസ്തങ്ങളായ രണ്ട് താവഴികളില്‍പെട്ടവരായിരുന്നു. പുതുമന്‍ ദേവി ഏര്‍പ്പെട്ടിരുന്ന തരത്തില്‍ ഉള്ള ബഹുഭര്‍തൃത്വം മരുമക്കത്തായ തറവാടുകളില്‍ മാത്രമേ സാധ്യമാവുകയുള്ളൂ. സ്ത്രീ തന്റെ അമ്മയുടെ തറവാട്ടില്‍ വസിക്കുകയും ഭര്‍ത്താക്കന്മാര്‍ അവിടെ ചെന്ന് അവരെ സന്ദര്‍ശിക്കുകയും ചെയ്യുന്നു. പക്ഷേ, സംഘകാലത്തെ ജനങ്ങളെ സംബന്ധിച്ചേടത്തോളം സ്വത്തവകാശം, പിന്തുടര്‍ച്ചയായുള്ള ഒരു ദായക്രമമായി നിലനിന്നിരുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നായാട്ടിലും യുദ്ധത്തിലും പുരുഷന്മാര്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നപ്പോള്‍, സ്ത്രീകള്‍ കൃഷി കാര്യങ്ങളില്‍ ശ്രദ്ധിച്ചിരുന്നുവെന്നാണ് നരവംശ ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നത്.
എ.ഡി പതിനൊന്നാം നൂറ്റാണ്ടുമുതല്‍ 14-ാം നൂറ്റാണ്ടു വരെയുള്ള കാലമാണ് മരുമക്കത്തായം ഉത്ഭവിച്ചത്. മരുമക്കത്തായം പ്രബലമായിരുന്ന കാലഘട്ടത്തില്‍, മരുമക്കത്തായികളായ നായര്‍ സ്ത്രീകള്‍ക്ക് ഇഷ്ടാനുസരണം സ്വത്ത് കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നുവെന്ന് പ്രഥമദൃഷ്ട്യാ തോന്നുമെങ്കിലും സൂക്ഷ്മ നിരീക്ഷണം നടത്തുമ്പോള്‍ തറവാട്ടുസ്വത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന കാരണവരുടെ ആജ്ഞാനുവര്‍ത്തികള്‍ മാത്രമായിരുന്നു സ്ത്രീകളെന്ന് മനസ്സിലാക്കാം. അതിസമ്പന്നമായ നായര്‍ തറവാട്ടിലെ കാരണവരായ പഞ്ചുമേനോനെ അവതരിപ്പിക്കുന്ന ഒ. ചന്തുമേനോന്‍ (ഇന്ദുലേഖയില്‍) അന്നത്തെ തറവാട്ടുകാരണവരുടെ നല്ലൊരു ചിത്രം കാഴ്ചവെക്കുന്നുണ്ട്.
ഇന്ദുലേഖ ഇംഗ്ലീഷ് പഠിച്ചതോടെ തറവാട് മുടിഞ്ഞെന്ന് വരെ പഞ്ചുമേനോന്‍ കരുതുന്നു. 'ശാരദ' യിലെ കാരണവരായ കോമി അഛന്‍ ലക്ഷ്മി അമ്മയെ അവരുടെ ഇഷ്ടഭര്‍ത്താവ് സന്ദര്‍ശിക്കുന്നത് വരെ കര്‍ശനമായി വിലക്കുന്നു. ലക്ഷ്മി അമ്മ മരിക്കുന്നത് തന്നെ വിരഹദുഃഖം താങ്ങാനാവാതെയാണ്. മനോവ്യഥ താങ്ങാനാവാതെ ലക്ഷ്മി അമ്മയെ ക്രൂരമായി പീഡിപ്പിക്കുന്ന ധിക്കാരിയായ കാരണവരുടെ പ്രതീകമാണ് 'ശാരദ'യിലെ കോമി അഛന്‍. കാരണവരുടെ ചൊല്‍പ്പടിയില്‍ കഴിയേണ്ട, മാതൃദായക്രമമനുസരിച്ചു വന്ന നായര്‍ തറവാട്ടിലെ സ്ത്രീകളെ സംബന്ധിച്ചേടത്തോളം സാമ്പത്തിക സ്വാതന്ത്ര്യവും ഒരു വിദൂര സ്വപ്‌നം മാത്രമായിരുന്നു. നായര്‍ സ്ത്രീകളുടെ ദുരിതത്തെക്കുറിച്ച് ചരിത്രകാരനായ അനന്തകൃഷ്ണയ്യരുടെ അഭിപ്രായം ശ്രദ്ധിക്കുക: 'കാരണവര്‍ സഹാനുഭാവമില്ലാത്ത ഒരു സ്വേഛാപ്രമത്തനാണെന്നു വന്നാല്‍ തറവാട്ടംഗങ്ങളായ സ്ത്രീകളും ഇളംതലമുറകളും അതൃപ്തിയിലും നിത്യദുരിതത്തിലും കാലം കഴിക്കേണ്ടിവരുന്നു.'
തറവാട്ടിലെ സ്ത്രീകള്‍ ആരുമായി സംബന്ധം ചെയ്യണമെന്ന് തീരുമാനിക്കുന്നതും കാരണവരാണ്. ഇന്ദുലേഖയിലെ കാരണവരെക്കൊണ്ട് നോവലിസ്റ്റായ ചന്തുമേനോന്‍, 'ബ്രഹ്മണോത്തമാ, അങ്ങെന്തിന് ഇനി കാശിക്ക് പോകുന്നു. എന്റെ ഉടപിറന്നവളായ ഇവളെ സംബന്ധം ചെയ്ത് ഇവിടെ താമസിച്ച് എന്നെ അനുഗ്രഹിക്കണം, എന്ന് പറയിപ്പിക്കുന്നുണ്ട്. മാതൃദായക്രമമനുസരിച്ച് നായര്‍ സ്ത്രീകള്‍ക്കിടയില്‍ ഇന്നത്തെ രീതിയിലുള്ള വിവാഹത്തിന് പകരം സംബന്ധമായിരുന്നു നിലവിലുണ്ടായിരുന്നത്. വിവാഹവേളയില്‍ ഒരു പുരുഷന്‍ താലികെട്ടുമെങ്കിലും, പ്രസ്തുത പുരുഷന് സ്ത്രീകളുടെ മേല്‍ അധികാരമൊന്നും ഉണ്ടായിരുന്നില്ല. ഇഷ്ടാനുസരണം ഭര്‍ത്താക്കന്മാരെ സ്വീകരിക്കുന്ന ഈ രീതി സംബന്ധം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ചടങ്ങുകളൊന്നുമില്ലാത്ത സംബന്ധത്തെ, രാത്രിയുടെ നിശ്ശബ്ദയാമങ്ങളില്‍ കന്യകയുടെ കിടപ്പറയില്‍ വെച്ച് രൂപീകരിക്കപ്പെടുന്ന ഒരു വേഴ്ചയായി വിശേഷിപ്പിക്കുന്ന അനന്തകൃഷ്ണയ്യര്‍ ഇപ്രകാരം തുടരുന്നു: ''ഈ വിവാഹത്തിനുള്ള സാക്ഷികള്‍ തറവാട്ടിലെ തലമുതിര്‍ന്ന സ്ത്രീകളും അവരുടെ യഥാര്‍ഥ ഭര്‍ത്താക്കന്മാരും മാത്രമാണ്. തറവാട്ടു കാരണവരുടെയും തറവാട്ടിലെ പ്രധാന അംഗങ്ങളുടെയും അഭിപ്രായവും അംഗീകാരവും ആരായപ്പെടാറുണ്ടെങ്കിലും തറവാട്ടിലെ മറ്റേതെങ്കിലും പുരുഷന്‍ ഈ ചടങ്ങില്‍ സന്നിഹിതനാവുകയില്ല. അതുതന്നെയുമല്ല, അവരാരും ഈ ബന്ധം അറിഞ്ഞതായി പരസ്യമായി ഭാവിക്കാറുമില്ല. സംബന്ധവിവാഹത്തിനു മതപരമായ ചടങ്ങുകളോ നിയമപരമായ നടപടിക്രമങ്ങളോ യാതൊന്നുമില്ല. അത്തരം ബാധ്യതകളില്‍നിന്നും സ്വാതന്ത്ര്യമാകയാല്‍ ഇരുകൂട്ടരില്‍ ആര്‍ക്കു വേണമെങ്കിലും തോന്നുമ്പോള്‍ വേഴ്ച മതിയാക്കാവുന്നതാണ്. സ്ത്രീ ജാരസംസര്‍ഗം ചെയ്താല്‍ ബന്ധം ഉപേക്ഷിക്കുക എന്നതാണ് പൊതു നടപടി. എന്നാല്‍ അത് മാപ്പാക്കാവുന്ന കുറ്റമാണ്. മോചനം നേടുന്ന ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമായി ബന്ധത്തിലേര്‍പ്പെടുന്ന നടപടിയും ഒഴിഞ്ഞ സ്ത്രീയുമായി രമ്യതപ്പെട്ട് വീണ്ടും സംബന്ധം തുടങ്ങുന്ന നടപടിയും അസാധാരണമല്ല. സംബന്ധ വേഴ്ചയില്‍ ഏര്‍പ്പെടുന്ന മിഥുനങ്ങള്‍ ഒരിക്കല്‍പോലും ഒന്നിച്ചു താമസിക്കാതിരിക്കുക എന്നതാണ് സാധാരണ നടപടി. സ്വജാതിയില്‍ താഴെയല്ലാത്ത പുരുഷന്മാരുമായും സ്ത്രീക്ക് സംബന്ധവേഴ്ചകള്‍ ആകാവുന്നതാണ്.''
ഒരു സ്ത്രീക്ക് എത്രയധികം പുരുഷന്മാരോട് ബന്ധമുണ്ടോ അത്രയും മാന്യതയിലാണ് ജനങ്ങള്‍ അവരെ ബഹുമാനിച്ചിരുന്നതെന്ന് 1500 മുതല്‍ 1517 വരെ കേരളത്തില്‍ താമസിച്ചിരുന്ന ബാര്‍ബോസയും രേഖപ്പെടുത്തിയിട്ടുണ്ട്.
'ഒരു ദിവസം ഉച്ചനേരം മുതല്‍ പിറ്റേ ദിവസം ഉച്ചവരെ ഒരു പുരുഷനുമായി രമിക്കും. അതുകഴിഞ്ഞാല്‍ വേറെ ഒരു പുരുഷന്‍ വരികയായി. ഇങ്ങനെ പുരുഷന്മാര്‍ ഊഴമിട്ട് വരികയും ആര്‍ക്കും അവളുടെ നേരെ സുഖക്കേട് ഉണ്ടാവാതിരിക്കുകയും ചെയ്യുന്നു' എന്നും ബാര്‍ബോസ അഭിപ്രായപ്പെട്ടിട്ടുണ്ട്. നായര്‍ ഭവനങ്ങളുടെ വെളിയില്‍ വാള്‍ ചാരിവെച്ചിരിക്കുന്നത് കണ്ടാല്‍ അകത്ത് ആള്‍ ഉണ്ടെന്ന് മനസ്സിലായി ഭര്‍ത്താവും മറ്റ് കാമുകന്മാരും സമാധാനപൂര്‍വം മടങ്ങിപ്പോയിരുന്നതായി ലിന്‍ഷാട്ടനും രേഖപ്പെടുത്തിയിരിക്കുന്നു. ശരീരത്തില്‍ എണ്ണതേയ്ക്കാന്‍ സ്വജാതിയിലോ ഉയര്‍ന്ന ജാതിയിലോ ഉള്ള പുരുഷന്‍ ആവശ്യപ്പെട്ടാല്‍ അതനുസരിക്കുന്ന നായര്‍ സ്ത്രീ, അയാളുമായുള്ള സംബന്ധത്തിന് തയാറാകണമെന്ന സന്ദേശമാണ് നല്‍കുന്നതെന്ന് ചരിത്രകാരനായ കെ.എം പണിക്കര്‍ സൂചിപ്പിച്ചിട്ടുണ്ട് എന്നത് വികലമായ ചരിത്ര രചനയുടെ ഉദാഹരണം മാത്രമായി കാണാവുന്നതാണ്.
പതിനാലാം നൂറ്റാണ്ടിലെ മറ്റൊരു സവിശേഷതയായിരുന്നു താലികെട്ട് കല്യാണം. ക്ഷത്രിയര്‍, നായന്മാര്‍, ഈഴവര്‍, കമ്മാളര്‍, മുക്കുവര്‍, പാണന്‍, വേലന്‍, പുള്ളുവന്‍, കണിയാന്‍- ഇവര്‍ക്കിടയിലെ സമുദായപരമായ ചടങ്ങായിരുന്നു 'താലികെട്ടു കല്യാണം.' ആഘോഷപൂര്‍വം കൊണ്ടാടുന്ന ഈ ആചാരം പല കുടുംബങ്ങളുടെയും സമ്പത്ത് ക്ഷയിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. തറവാട്ടിലെ പെണ്‍കുട്ടി, ഋതുമതിയാകുന്നതിന് മുമ്പ് തന്നെ താലികെട്ട് കല്യാണം നടത്തിയില്ലെങ്കില്‍ തറവാട്ടിന് ജാതിഭ്രഷ്ട് കല്‍പിക്കുന്ന ഒരാചാരമായിരുന്നതിനാല്‍ കടംവാങ്ങിയും ഈ ചടങ്ങ് ആഡംബരത്തോടുകൂടി നടത്തിയിരുന്നുവത്രെ.
താലികെട്ടു കല്യാണത്തെക്കുറിച്ച് ബാര്‍ബോസ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: 'സ്ത്രീകള്‍ക്ക് പത്തോ പന്ത്രണ്ടോ വയസ്സ് പ്രായം ചെന്നാല്‍ അവരുടെ അമ്മ ഒരു കല്യാണ അടിയന്തിരം നടത്തിവരുന്നു, കല്യാണത്തിന്റെ ദിവസം നിശ്ചയിച്ചാല്‍ അതിനു വരുവാന്‍ വേണ്ടി തന്റെ ബന്ധുക്കളെയും ചര്‍ച്ചക്കാരെയും ക്ഷണിക്കുകയും കുട്ടിയെ കെട്ടുവാന്‍ വേണ്ടി അവര്‍ ചിലരോടഭ്യര്‍ഥിക്കുകയും അവര്‍ അതുപ്രകാരം വന്ന് അടിയന്തിരം നടത്തിക്കൊടുക്കുകയും ചെയ്യുന്നു. സ്വര്‍ണം കൊണ്ട് ഒരു ചെറിയ താലി ഉണ്ടാക്കി അതിന്റെ നടുവില്‍ ഉള്ള ദ്വാരത്തില്‍ കൂടി ഒരു പട്ടുചരടു കോര്‍ത്ത് പെണ്‍കുട്ടിയുടെ കഴുത്തില്‍ കെട്ടുന്നു. അമ്മയും കുട്ടിയും ധാരാളം ആഭരണങ്ങള്‍ അണിയുകയും ചെയ്യും. പാട്ടും കൊട്ടും ഉണ്ടാകും. ബന്ധുക്കളും മറ്റ് അതിഥികളുമായി നിരവധി ആളുകള്‍ വന്നുകൂടും. ഈ ബന്ധുക്കളില്‍ ചില പുരുഷന്മാര്‍ മണവാളന്മാരുടെ നിലയില്‍ പെണ്‍കുട്ടികളെ സാധാരണ വിവാഹം കഴിക്കുന്നത് പോലെ വേളി കഴിക്കുകയും കുട്ടികളുടെ കഴുത്തില്‍ മേല്‍പ്പറഞ്ഞ ആഭരണം കൊടുക്കുകയും ചെയ്യുന്നു. കുട്ടിയെ പിന്നെ തൊടുകയാകട്ടെ, അവളോട് ഒരു വാക്ക് സംസാരിക്കുകയാകട്ടെ ഇവര്‍ ചെയ്യാറില്ല. ഇയാള്‍ക്ക് സ്ത്രീയുടെ ഭര്‍ത്താവായിരിക്കണമെങ്കില്‍ വിരോധമില്ല. അതിന് മനസ്സില്ലെങ്കില്‍ അങ്ങനെ ചെയ്യണമെന്ന് നിര്‍ബന്ധമില്ല. ഈ ചടങ്ങ് കഴിഞ്ഞാല്‍ സ്ത്രീക്ക് തന്നേക്കാള്‍ താണ ജാതിയിലല്ലാത്ത ഏത് പുരുഷനോടുകൂടിയെങ്കിലും രമിക്കുന്നതിന് വിരോധമില്ല.'
പ്രസ്തുത പുരുഷന് പ്രത്യേകിച്ചൊരു ബാധ്യതകളും പെണ്‍കുട്ടിയുടെ മേല്‍ ഉണ്ടാകുന്നില്ലെങ്കിലും, പെണ്‍കുട്ടിക്ക് ലൈംഗിക സ്വാതന്ത്ര്യം പരസ്യമായി അനുവദിച്ചുകൊടുക്കുന്ന ഒരു ലൈസന്‍സായിരുന്നു ഈ അനാചാരം.
ഒന്നിലധികം പെണ്‍കുട്ടികളുടെ കഴുത്തില്‍ ഒരാളെക്കൊണ്ട് താലികെട്ടിച്ച് ചടങ്ങ് നടത്താറുണ്ട്. ക്ഷേത്രമുമ്പാകെ നടത്തുന്ന ഈ ആചാരത്തെക്കുറിച്ച് പ്രാചീന സാഹിത്യത്തില്‍ കാര്യമായ പരാമര്‍ശങ്ങളൊന്നും കാണുന്നില്ല. താലികെട്ടു കല്യാണം നടത്തിയ ശേഷം പെണ്‍കുട്ടിയെ വധുവായി സ്വീകരിച്ച ഉദാഹരണങ്ങളുമുണ്ട്. കൊടുങ്ങല്ലൂര്‍ രാജകുടുംബത്തിലെ തമ്പുരാക്കന്മാര്‍ സാമൂതിരി കോവിലകത്തെ പെണ്‍കുട്ടികളെ (നമ്പൂതിരിമാരെ) താലികെട്ടു കല്യാണം നടത്തി വധുവായി സ്വീകരിച്ചിരുന്നതായി അന്നത്തെ ഡച്ച് ഗവര്‍ണറായിരുന്ന ഗൊനല്ലനസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഉത്തര കേരളത്തിലെ തിയ്യരും ഭാവിവധുവിനെ താലികെട്ടിയിരുന്നത്രെ. താലികെട്ടിയ പെണ്‍കുട്ടി ഋതുമതിയാകുമ്പോള്‍ നടത്തുന്ന ചടങ്ങാണ് 'തിരണ്ടുകുളി'. ഒരു സ്ത്രീ ഗര്‍ഭിണിയായാല്‍ നടത്തുന്ന ചടങ്ങാണ് 'പുളികുടി.' വീടിന്റെ നടുമുറ്റത്ത് നട്ട അമ്പഴച്ചെടിയുടെ ഇലകളില്‍നിന്നുമെടുക്കുന്ന നീര് ഒമ്പതാം മാസത്തില്‍ ഗര്‍ഭിണിക്ക് നല്‍കുന്ന പുളികുടിയും പണച്ചെലവുള്ള ഒരു ചടങ്ങാണ്. താലികെട്ട്, തിരണ്ടുകുളി, പുളികുടി തുടങ്ങിയ ചടങ്ങുകള്‍ പല തറവാട്ടുകളെയും ക്ഷയിപ്പിച്ചിരുന്നു.
നമ്പൂതിരിമാര്‍ക്കിടയില്‍ കെട്ടുകല്യാണമെന്ന ചടങ്ങുകളില്ലായിരുന്നുവെങ്കിലും അന്തര്‍ജനങ്ങളും പത്തു വയസ്സ് കഴിഞ്ഞാല്‍ വിവാഹം കഴിച്ചുകൊള്ളാമെന്ന നിയമമുണ്ടായിരുന്നു. ഈ വിളംബരം നമ്പൂതിരി പെണ്‍കുട്ടികളുടെ മേല്‍ അടിച്ചേല്‍പിച്ചത് റാണി പാര്‍വതി ഭായിയായിരുന്നു. 'നമ്പൂതിരിമാരുടെയും പോറ്റിമാരുടെയും കുടുംബത്തിലുള്ള കന്യകകളെയെല്ലാം പത്ത് വയസ്സിനും പതിനാല് വയസ്സിനും ഇടക്ക് വിവാഹം കഴിച്ചുകൊള്ളണം. 700 പണത്തില്‍ (95 രൂപ 4 അണ) കൂടുതല്‍ ആരും സ്ത്രീധനം ചോദിക്കുകയോ കൊടുക്കുകയോ ചെയ്തുപോകരുത്. 14 കഴിഞ്ഞിട്ടും വിവാഹം കഴിക്കാതിരിക്കുന്ന കന്യകകളെ ഇന്നേക്ക് രണ്ടു വര്‍ഷത്തിനകം വിവാഹം കഴിപ്പിച്ചുകൊള്ളണം. ഈ നിയമം ലംഘിക്കുന്നവരുടെ മേല്‍ കേസെടുക്കുന്നതും ധര്‍മശാസ്ത്രവിധി പ്രകാരം അവരെ ശിക്ഷിക്കുന്നതുമാണ്' എന്ന വിളംബരത്തിലൂടെ (998, കര്‍ക്കിടകം 31) പ്രായമായവര്‍ക്ക് പോലും പന്ത്രണ്ടുകാരിയായ പെണ്‍കുട്ടിയെ വേള്‍ക്കാനുള്ള അനുവാദമാണ് റാണി നല്‍കിയത്. ഇളംപ്രായത്തില്‍ തന്നെ, വേളി കഴിക്കാന്‍ പെണ്‍കുട്ടികള്‍ വിസമ്മതം പ്രകടിപ്പിച്ചതുകൊണ്ടാണല്ലോ റാണി ഇപ്രകാരമൊരു നിബന്ധന മുന്നോട്ടുവെച്ചത്. സ്ത്രീയുടെ ശത്രു സ്ത്രീതന്നെയായിരുന്നു എന്ന് ചരിത്രം.
ഏതെങ്കിലും ഒരു നായര്‍ സ്ത്രീ, പുരുഷന്റെ ആഗ്രഹത്തിന് വഴങ്ങാതിരുന്നാല്‍ (സംബന്ധത്തിന് താല്‍പര്യമില്ലെന്ന് അറിയിച്ചാല്‍) ആ പുരുഷന് സ്ത്രീയെ കൊന്നുകളയാനുള്ള അവകാശമുണ്ടെന്ന കാര്‍ത്തികപ്പള്ളി രാജാവിന്റെ വിളംബരത്തെക്കുറിച്ച് ക്യാപ്റ്റന്‍ ന്യൂഹോഫ് (1664) രേഖപ്പെടുത്തിയിട്ടുണ്ട്. പരപ്രേരണയാല്‍ പുരുഷന്റെ ഇംഗിതത്തിന് വഴങ്ങേണ്ടിവരുന്ന നിസ്സഹായരായ പെണ്‍കുട്ടിയെ സംബന്ധിച്ചേടത്തോളം ഈ രണ്ട് വിളംബരവും എരിതീയില്‍ എണ്ണകോരിയിടുന്ന സുഗ്രീവാജ്ഞകളുമായിരുന്നു. ഒരു കാലത്ത് കേരളത്തില്‍ നടമാടിയിരുന്ന ലൈംഗിക അരാജകത്വത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. പെണ്‍കുട്ടികള്‍ നിസ്സഹായരായിരുന്നു. എന്തെങ്കിലും ചെയ്യാനാകുമായിരുന്ന റാണി പോലും കര്‍ശനമായ വിളംബരത്തിലൂടെ സ്ത്രീയുടെ ന്യായമായ അവകാശത്തെ ചങ്ങലക്കിടുന്നതാണ് നമുക്ക് കണ്ടെത്താനാവുക. ഗ്രോസ് എന്ന സഞ്ചാരിയുടെ വിവരണത്തില്‍നിന്നും മാറുമറച്ചു കൊണ്ട് ആറ്റിങ്ങല്‍ റാണിയുടെ മുമ്പില്‍ ചെന്ന ഒരു സ്ത്രീക്ക് ലഭിച്ച ശിക്ഷയെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. കുറച്ചുകാലം ഒരു യൂറോപ്യന്‍ താവളത്തില്‍ താമസിച്ചിരുന്ന ഒരു സ്ത്രീ മാറു മറച്ചുകൊണ്ട് ആറ്റിങ്ങല്‍ റാണിയുടെ മുമ്പില്‍ ചെന്നു. ഉടന്‍ തന്നെ മുലകള്‍ ഛേദിച്ചുകളയാന്‍ റാണി കല്‍പിച്ചുവത്രെ.
ഉയര്‍ന്ന ശ്രേണിയിലുള്ളവരെ കാണുമ്പോള്‍ ബഹുമാനസൂചകമായി മേല്‍മുണ്ട് മാറില്‍നിന്ന് മാറ്റണമെന്ന ആചാരം പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യം വരെ സ്ത്രീകള്‍ പാലിച്ചുപോന്നിരുന്നു. കൊച്ചി രാജകുടുംബത്തിലെ ഒരു റാണി തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍വെച്ച് റൗക്ക ധരിച്ചുകൊണ്ട് ക്ഷേത്രദര്‍ശനത്തിനെത്തിയ നായര്‍ സ്ത്രീയെ കാണാനിടയായി. റൗക്ക ധരിച്ച് രാജകുടുംബങ്ങളുടെ മുന്നിലൂടെ കടന്നുപോയ സ്ത്രീ, ആചാരലംഘനം നടത്തിയെന്നാരോപിച്ച രാജകിങ്കരന്മാര്‍ നായര്‍സ്ത്രീയുടെ റൗക്ക വലിച്ചുകീറി. പിന്നീട് സ്ത്രീയുടെ രക്ഷാകര്‍ത്താവ് കൊച്ചി മഹാരാജാവിന് രേഖാമൂലം പരാതി നല്‍കിയെങ്കിലും മറുപടിയൊന്നുമുണ്ടായില്ല. ഈ സംഭവത്തെത്തുടര്‍ന്ന് ക്ഷേത്രദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ മാറ് മറയ്ക്കരുതെന്ന് രാജകല്‍പനയുള്ളതായി ക്ഷേത്രപരിസരങ്ങളില്‍ കിംവദന്തി പ്രചരിച്ചു. ഇതോടെ, റൗക്ക ധരിച്ച് ക്ഷേത്രത്തിലെത്താറുള്ള സ്ത്രീകള്‍ പലരും റൗക്ക ഉപേക്ഷിച്ചു. വിശദീകരണം തേടിയെത്തിയവര്‍ക്ക് ബുദ്ധിമാനായ ദേവസ്വം സൂപ്രണ്ടില്‍നിന്നും ലഭിച്ച മറുപടി ഇപ്രകാരമായിരുന്നു. 'ക്ഷേത്രത്തിലെത്തുന്ന നായര്‍ സ്ത്രീകള്‍ റൗക്ക ധരിക്കാന്‍ പാടില്ലെന്ന രേഖാമൂലമായ ഉത്തരവൊന്നും ഞാന്‍ കൈപ്പറ്റിയിട്ടില്ല. ഏതായാലും തൃപ്പൂണിത്തുറ സംഭവത്തിനുശേഷം സ്ത്രീകള്‍ റൗക്ക ധരിച്ചുകൊണ്ട് ക്ഷേത്രദര്‍ശനം നടത്തിയിട്ടില്ല എന്ന വസ്തുത ഞാനും ശ്രദ്ധിച്ചു. ഇതിന്റെ പുറകില്‍ ഏതെങ്കിലും വിധത്തിലുള്ള സമ്മര്‍ദമുള്ളതായി എനിക്ക് തോന്നുന്നില്ല.'
മധ്യകാല കേരളത്തിലെ സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് പറയുന്ന ഗ്രോസ്, സ്ത്രീകളാരും തന്നെ മാറ് മറച്ചിരുന്നില്ല എന്ന് വിശദീകരിക്കുന്നുണ്ട്. അര്‍ധനഗ്നയായ യുവതികള്‍ ഒരു പതിവു കാഴ്ചയായതിനാല്‍ അതില്‍ അപാകതയുള്ളതായി കാണികള്‍ക്ക് അനുഭവപ്പെടുകയില്ലെന്ന് ഗ്രോസ് പറയുന്നു.
മരുമക്കത്തായം അനുഷ്ഠിച്ച നായര്‍ തറവാട്ടിലെ സാധാരണക്കാരായ സ്ത്രീകള്‍ കാരണവരുടെ ആജ്ഞാനുവര്‍ത്തികള്‍ മാത്രമായിരുന്നുവെങ്കിലും നാടുവാഴി കുടുംബത്തില്‍ സ്വാതന്ത്ര്യം വീട്ടമ്മയില്‍ തന്നെയാണ് നിക്ഷിപ്തമായിരുന്നത്. ചില പ്രത്യേക സാഹചര്യങ്ങളില്‍ മക്കത്തായികള്‍ മരുമക്കത്തായം സ്വീകരിച്ചിട്ടുമുണ്ട്. സംഘകാലത്ത് മക്കത്തായികളായിരുന്ന തായ് വംശത്തിലെ രാജാക്കന്മാരുടെ പിന്‍ഗാമികള്‍ (ഓടനാട്, വേണാട്, തൃപ്പാപ്പൂര്‍ തുടങ്ങിയ) അഞ്ചാം ശതകത്തില്‍ മരുമക്കത്തായം സ്വീകരിച്ചവരായിരുന്നു. കുറുമ്പ്രനാട് താലൂക്കിലെ വ്യാപാരികളായ നായന്മാര്‍ മക്കത്തായികളായിരുന്നുവെന്ന് 1517-ല്‍ ബാര്‍ബോസ രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ പിന്നീട് ഇവര്‍ മരുമക്കത്തായം സ്വീകരിച്ചിരുന്നതായി കാണാം. മരുമക്കത്തായ സമ്പ്രദായമനുസരിച്ച് പുരുഷന്മാര്‍ പേരിനോടൊപ്പം അമ്മാവന്മാരുടെ പേരും സ്ത്രീകള്‍ അമ്മയുടെ പേരും ഇരട്ടപ്പേരായി ഉപയോഗിക്കുന്നു. ഉദാഹരണത്തിന് മരുമക്കത്തായ കൂട്ടുകുടുംബത്തിലെ കോതവര്‍മയുടെ പേര് ഇരാമന്‍ കോതവര്‍മ എന്നാണെങ്കില്‍ ഇരാമന്‍ അമ്മാവന്റെ പേരായിരിക്കും. സ്ത്രീയുടെ പേര് മാധവി ഉമയമ്മ എന്നാണെങ്കില്‍ മാധവി അമ്മയുടെ പേരുമായിരിക്കും എന്നര്‍ഥം. മരുമക്കത്തായത്തെക്കുറിച്ച് കേരളത്തില്‍ പ്രചരിച്ചിരുന്ന ഐതിഹ്യത്തില്‍നിന്നും കേരളം വാണ ഒടുവിലത്തെ പെരുമാളായ രാമവര്‍മ കുലശേഖരന്‍ പുത്രന്‍ വീരകേരളനെ 1104-ല്‍ വേണാടിലെ രാജാവായി വാഴ്ത്തിയെന്നും വീരകേരളനില്‍നിന്നും മരുമക്കത്തായം ആരംഭിച്ചുവെന്നും പറയപ്പെടുന്നു. എന്നാല്‍ എസ്. ശങ്കു അയ്യരുടെ 'സ്യാനന്ദപുരാണ സമുച്ചയം' എന്ന സംസ്‌കൃത കാവ്യത്തില്‍ പന്ത്രണ്ടാം ശതകത്തിനു ശേഷമാണ് വേണാട്ടുകാര്‍ മരുമക്കത്തായം സ്വീകരിച്ചിരുന്നതെന്നും കാണപ്പെടുന്നു. ജയസിംഹപുത്രനായ സംഗ്രാമധീരനു ശേഷം വന്ന തലമുറ മുതല്‍ മക്കത്തായം തുടര്‍ന്നുവന്നു എന്നും ചരിത്രകാരന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. പതിനാലാം നൂറ്റാണ്ടില്‍ വേണാട് വാണ ജയസിംഹന്റെ പത്‌നിയായ ഉമാദേവി പുത്രനായ രവിവര്‍മയെ (രവിവര്‍മ സംഗ്രാമധീരന്‍) പ്രസവിച്ചപ്പോള്‍ മാതുലനായ കോതമാര്‍ത്താണ്ഡവര്‍മ അതിഥികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയത്, മരുമക്കത്തായ രീതിയുടെ സൂചനയാണ്.
നായന്മാരെ കൂടാതെ ക്ഷത്രിയര്‍, അമ്പലവാസികള്‍, വടക്കേ മലബാറിലെ തിയ്യര്‍, കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ ഗ്രാമത്തിലെ നമ്പൂതിരിമാര്‍, കണ്ണൂരിലെ അറക്കല്‍ രാജകുടുംബം (മുസ്‌ലിം), തലശ്ശേരിയിലെ കേയിമാര്‍ തുടങ്ങിയവരും മരുമക്കത്തായികളായിരുന്നു. മുതുവന്‍, മലഊരാളി, മണ്ണാന്‍, കാണിക്കാര്‍, വെള്ളാളര്‍, വെളുത്തേടന്‍, ചാലിയാര്‍, ചാക്കാലന്‍, വേട്ടുവാന്‍ എന്നീ സമുദായങ്ങളും മരുമക്കത്തായമനുഷ്ഠിച്ചിരുന്നു. പറയരും പുലയരും രണ്ടു രീതികള്‍ - മരുമക്കത്തായവും മക്കത്തായവും- പിന്തുടര്‍ന്നിരുന്നു. തിരുവിതാംകൂര്‍, കൊച്ചി രാജകുടുംബാംഗങ്ങള്‍ രാജ്യാവകാശത്തിന് മരുമക്കത്തായം സ്വീകരിച്ചവരായിരുന്നു. ഇതനുസരിച്ച് മൂത്ത ഭാഗിനേയന്‍ അധികാരമേല്‍ക്കുന്നു.