'പെണ്ണുകെട്ടിന് കുറിയെടുക്കുമ്പം ഒരു നറുക്കിന് ചേര്‍ക്കണേ...' പണ്ട് കുറേകാലം യുവാക്കളുടെ നാവിന്‍തുമ്പില്‍ തത്തിക്കളിച്ച ഈ ഗാനത്തിന് ഇന്നും പ്രസക്തിയുണ്ട്.
വിവാഹപ്രായം കഴിഞ്ഞും പെണ്ണ് കെട്ടാന്‍ ആശ വെച്ച് നടക്കുന്ന യുവാക്കളുടെ ഒരു കൂട്ടം തന്നെ ഇന്ന് നമുക്കിടയിലുണ്ട്.
ചില പ്രദേശങ്ങളില്‍ പണ്ടൊക്കെ പുതിയാപ്പിളയെ തേടി പെണ്‍വീട്ടുകാര്‍ വരുമത്രെ! ദിക്കും ദേശവുമില്ലാതെ പ്രായമായ കാരണവന്മാര്‍ പോലും വടിയും കുത്തി ചെറുക്കന്റെ വീട്ടിലെത്തും. ചിലര്‍ പരിഹസിക്കും, മറ്റു ചിലര്‍ ആട്ടിയോടിക്കും. ഇന്നത് ചിന്തിക്കുമ്പോള്‍ കൗതുകമാണ്. അന്ന് പുതിയാപ്പിളയും പുതിയാപ്പിളയുടെ ആളുകളും രാജതുല്യരാണ്. അവരെ എപ്പോഴും ബഹുമാനിച്ചുകൊണ്ടിരിക്കണം. കല്യാണം കഴിഞ്ഞ ദിവസം പുതിയാപ്പിളയെ പെണ്ണിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒരു ചടങ്ങുണ്ട്. അതിനായി പെണ്‍വീട്ടില്‍നിന്നുള്ള ഒരു പ്രതിനിധി കൈനിറയെ പലഹാരങ്ങളുമായി ചെറുക്കന്റെ വീട്ടില്‍ കാലത്ത് മുതല്‍ കാത്തുകെട്ടിക്കിടക്കും. രാത്രി പത്തു മണിയൊക്കെ ആവുമ്പോഴാണ് കാത്തുനിന്ന 'പരിചാരകനു'മൊത്ത് പുതിയാപ്പിളയുടെ എഴുന്നള്ളത്ത്. വധൂഗൃഹത്തില്‍ എത്തുമ്പോഴേക്കും വീട്ടുകാരും ബന്ധുക്കളും വിശന്ന് വലഞ്ഞിട്ടുണ്ടാവും. എങ്കിലും ഒരു നേര്‍ത്ത അപസ്വരം പോലും കേള്‍പ്പിക്കാതെ അവര്‍ പുതിയാപ്പിളയെ പ്രത്യേക അറയിലേക്ക് ആനയിക്കുന്നു.
അങ്ങനെയൊരു കാലമുണ്ടായിരുന്നു പോലും. ഇന്ന് അതെല്ലാം തലകീഴായി മറഞ്ഞിരിക്കുന്നു. പെണ്‍കുട്ടികള്‍ക്കും വിലയുണ്ടെന്നും അവരുടെ വാപ്പക്കും ഉമ്മക്കും പദവിയുണ്ടെന്നും കാലം തെളിയിച്ചിരിക്കുന്നു. ഒരു മനുഷ്യന് അവന്റെ ജീവിതത്തിന്റെ ഏറ്റവും വിലയേറിയ മുഹൂര്‍ത്തത്തില്‍ നടക്കുന്നതാണ് കല്യാണം. ചിലര്‍ക്കത് വഴിതെറ്റി വന്ന ഭാഗ്യംപോലെയോ നാട് മുഴുവന്‍ പെണ്ണന്വേഷിച്ച് നടക്കുന്ന സമയത്തും അല്‍പ്പന് അര്‍ഥം കിട്ടിയതു പോലെയോ ആയിരിക്കുന്നുവെന്ന് തോന്നും. ചില കല്യാണങ്ങളും തുടര്‍ന്ന് വധൂഗൃഹത്തിലേക്കുള്ള യാത്രകളും കാണുമ്പോള്‍.
വീട്ടുകാര്‍ കൊടുക്കുന്ന ആഡംബര കാറുകളൊന്നും അവര്‍ക്ക് വേണ്ട. അവര്‍ക്ക് അവര്‍ തന്നെയോ സുഹൃത്തുക്കളോ തെരഞ്ഞെടുക്കുന്ന ചില വാഹനങ്ങളുണ്ട്. അത് ചിലപ്പോള്‍ 'അര്‍ബാന'യും ജെസിബിയുമാകാം. കടല വില്‍ക്കുന്ന ഉന്തുവണ്ടിയുമാകാം. ഏതായാലും വിവാഹ യാത്ര അതിലാണ്.
അടുത്തിടെ ഒരു കല്യാണത്തിന് വധൂഗൃഹത്തിലേക്കുള്ള യാത്രയില്‍ പുതിയാപ്പിളക്ക് ശവമഞ്ചം പോലും സുഹൃത്തുക്കള്‍ ഒരുക്കിയിട്ടുണ്ട്. അതിലേറിയാണ് വരന്‍ വധുവീട്ടിലേക്ക് വന്നത്.
ഇന്ന് നാം എത്തിപ്പെട്ട ആഡംബരത്തിന്റെ മൂല്യച്യുതിയില്‍നിന്നും. പണാധിപത്യത്തിന്റെ ധൂര്‍ത്തില്‍ നിന്നുമാണ് ഇത്തരം ചെകുത്താന്‍ കല്യാണങ്ങളുണ്ടാകുന്നത്. 'ബര്‍കത്തുള്ള' ഒരു പണത്തില്‍നിന്നും ഒരിക്കലും ഇത്തരം ദുഷ്‌ചെയ്തികള്‍ ജനിക്കുന്നില്ല. പണ്ടൊക്കെ ആളുകള്‍ പറയുമായിരുന്നു, ഒരു വിഭാഗത്തെ നോക്കൂ, അവരുടെ പണത്തിന് എന്തൊരു ദൈവാനുഗ്രഹമുണ്ട്, എത്ര കുടുംബങ്ങളെയാണ് അവര്‍ പോറ്റുന്നത് എന്ന്. ലളിതമായ അവരുടെ ജീവിതരീതികള്‍ കണ്ട് മറ്റുള്ളവര്‍ അസൂയപ്പെട്ടിരുന്ന ഒരു കാലം.
ഇങ്ങനെ ചൂണ്ടിക്കാണിക്കാന്‍ ഇന്ന് ഒരു പ്രത്യേക വിഭാഗവുമില്ല. കല്യാണം നടക്കുന്ന വീടുകള്‍ ഒന്ന് നേരില്‍ കണ്ടാല്‍ നമുക്കത് മനസ്സിലാകും. വിവാഹവുമായി ബന്ധപ്പെട്ട ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ അലങ്കാരങ്ങളാണ് നിറയെ. പണം കാര്‍ന്ന് തിന്നുന്ന പുതിയ രീതി. പണ്ട് പുതിയാപ്പിളയുടെ അറകളില്‍ ആയിരങ്ങള്‍ ചെലവിട്ട് ചെയ്യുന്ന ഇന്റീരിയര്‍ ഡിസൈന്‍ വര്‍ക്കുകള്‍ ഇന്ന് വീട് മൊത്തം വ്യാപിച്ചിരിക്കുന്നു. പിന്നെ പുറംമോടികള്‍. കഴിഞ്ഞ കല്യാണത്തിന് മുറ്റത്ത് വിരിച്ച കല്ലുകളല്ല ഈ കല്യാണത്തിന്. പുല്‍ത്തകിടിയും മാറിയിരിക്കുന്നു. വീടിനു ചുറ്റും പൂര്‍ണ ചന്ദ്രന്‍ ഉദിച്ചത് പോലെ അലങ്കാര ദീപങ്ങള്‍. കേവലം ഒരാഴ്ചത്തെ കല്യാണക്കാഴ്ചകള്‍ക്ക് ലക്ഷങ്ങളുടെ അധികച്ചെലവുകള്‍. പണമുള്ളവരും, ഇല്ലാത്തവര്‍ കടം വാങ്ങിയും ഒരു മത്സരം പോലെ ഈ രംഗത്ത് സജീവമായുണ്ട്. ഒരു വിധം നല്ല സാമ്പത്തിക സ്ഥിതിയിലെത്തിയ പ്രായമായവര്‍ പോലും ഗള്‍ഫില്‍നിന്നും തിരിച്ചുവരാതെ, നാട്ടില്‍ സെറ്റില്‍ ആവാതെ നില്‍ക്കുന്നത് ഒരു ഗൃഹപ്രവേശമോ കല്യാണമോ വന്ന് കഴിഞ്ഞാല്‍ തീര്‍ന്നു എന്നായിരിക്കുന്നു കാര്യങ്ങള്‍ എന്നതിനാലാണ്. ചെലവിട്ടതൊക്കെയും തിരിച്ചുപിടിക്കാന്‍ ഇനിയും എത്രകാലത്തെ കഷ്ടപ്പാടുകള്‍.
'ഗള്‍ഫ് നാടുകള്‍ മാറിയിരിക്കുന്നു. പഴയ പളപളപ്പ് അവിടെയൊന്നുമില്ല' എന്ന് ഇക്കൂട്ടര്‍ തന്നെ പറഞ്ഞുകൊണ്ടിരിക്കുന്ന ജല്‍പനങ്ങളാണ് താനും.
പണത്തിന്റെ വിലയറിഞ്ഞ ഒരു പഴയ തലമുറ നമുക്ക് മുന്നിലൂടെയാണ് നടന്ന് പോയത്. അവര്‍ നമുക്ക് തന്ന ഉപദേശങ്ങളും പ്രായോഗികമായി കാട്ടിത്തന്ന മാര്‍ഗങ്ങളും മറക്കുന്നതെങ്ങനെ? പണമുണ്ടായിട്ടും ലാളിത്യത്തില്‍ കഴിഞ്ഞ ജീവിതവും വീടും കല്യാണങ്ങളും മറക്കുന്നതെങ്ങനെ?
നിത്യവും പാര്‍ട്ടികളും ആഘോഷങ്ങളും നടക്കുന്ന ഒരു ആഡംബര ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ പോലെയായിരിക്കുന്നു ഇന്ന് നമ്മുടെ വീട്. ഓരോ ദിവസവും വീടുകളില്‍നിന്ന് ഫോര്‍ച്യൂണര്‍, ഇന്നോവ കാറുകളുടെ കല്യാണ ഘോഷയാത്രകള്‍ ഇറങ്ങി വരുന്നത് കാണാം. സമൃദ്ധിയാണ്, ആഡംബരമാണ്. കുഴിമന്തിയും ബിരിയാണിയും മജ്ബൂസും നിറയുന്ന ടേബിളുകള്‍, എല്‍.സി.എച്ച്.എഫുകാര്‍ക്ക് ഇറച്ചി തിന്നാന്‍ മാത്രം പ്രത്യേകം കൗണ്ടറുകള്‍, ഗ്രില്‍ ചിക്കനും മട്ടനും ഫിഷും ആയി ബഫേകള്‍, കഴിച്ചതൊന്നും അധികമായില്ലെന്ന് തെളിയിക്കുന്ന ഈ കാലത്തും ഇത്രയും കഴിച്ചിട്ടും തനിക്ക് ഷുഗറൊന്നുമില്ലെന്നും തെളിയിക്കുന്ന സ്വീറ്റ്‌സ് കൗണ്ടറുകള്‍.
ഇങ്ങനെ എല്ലാം തിന്ന് മത്ത്പിടിച്ച് മനമിളകിയ അതിഥികള്‍. മറ്റുള്ളവരേക്കാളും കെങ്കേമമാവണം തന്റെ കല്യാണമെന്ന വാശിയില്‍ ആതിഥേയരും.
'നിങ്ങള്‍ തിന്നുക, കുടിക്കുക അധികമാവരുത്' ഈ ഹദീസ് ഒക്കെ ആര്‍ക്ക് ബാധകം? ഇതെല്ലാം കണ്ടും കേട്ടും പുറത്തിറങ്ങുകയാണ് നമ്മുടെ പുതിയാപ്പിളയും സംഘവും. അവര്‍ക്കു മുമ്പില്‍ കാണിച്ചുകൊടുക്കാന്‍ മാത്രമായി എന്ത് മതബോധമാണ് നമുക്കിടയില്‍ ഉള്ളത്? അവര്‍ പടക്കം പൊട്ടിച്ചും എറിഞ്ഞും കോമാളിവേഷമണിഞ്ഞും ശവമഞ്ചമേറിയും പവിത്രമായൊരു ജീവിതത്തിലേക്ക് യാത്രതിരിക്കുന്നു.
'നിങ്ങളുടെ ദാരിദ്ര്യം അതെനിക്ക് പ്രശ്‌നമല്ല, പക്ഷേ നിങ്ങളുടെ സമ്പത്ത് അതാണെന്റെ ഭയം!'
നബിവചനം വായിക്കുമ്പോഴെല്ലാം പുതിയകാലവും ഓര്‍മവരും.