പാല്‍ വെറും പാനീയമോ അവശ്യവസ്തുവോ മാത്രമല്ലെന്നും അതിന്റെ വെളുത്ത നുരകളില്‍ ചുവപ്പന്‍
പാല്‍ വെറും പാനീയമോ അവശ്യവസ്തുവോ മാത്രമല്ലെന്നും അതിന്റെ വെളുത്ത നുരകളില്‍ ചുവപ്പന്‍ രാഷ്ട്രീയത്തിന് സാധ്യതയുണ്ടെന്നും തിരിച്ചറിഞ്ഞ വ്യക്തിയാണ് തൃശൂര്‍ മേയര്‍ അജിത വിജയന്‍. ആ തിരിച്ചറിവിന് 18 വര്‍ഷത്തെ പഴക്കമുണ്ട്. കോര്‍പറേഷന്‍ 42-ാം ഡിവിഷനായ കണിമംഗലത്തെ നിവാസികളുടെ പ്രഭാതം പുലരുന്നത് പതിവുപോലെ തന്നെ. തങ്ങളുടെ പാല്‍ക്കാരി മേയറായ ശേഷവും അവരുടെ ദിവസം തുടങ്ങുന്നത് അജിത വിജയന്റെ പാല്‍പുഞ്ചിരി കണ്ടുകൊണ്ടാണ്.
വിജയകുമാറിന്റെ കൈപിടിച്ച് കണിമംഗലത്തെ തിരുനിലത്ത് തറവാട്ടില്‍ എത്തുമ്പോള്‍ അജിത സാധാരണ പെണ്‍കുട്ടിയായിരുന്നു. സി.പി.ഐ അംഗമായ ഭര്‍ത്താവ് മില്‍മ ഏജന്റായിരുന്നു. വലിയ മേഖലയിലെ വിതരണക്കാരനാണ് വിജയകുമാര്‍. പിന്നീട് അദ്ദേഹം പാര്‍ട്ടിയുടെ ലോക്കല്‍ സെക്രട്ടറിയുമായി. ഭര്‍ത്താവിന്റെ ഉത്തരവാദിത്തം കൂടിയതോടെ അങ്കണവാടി അധ്യാപികയായിരുന്ന അജിത അദ്ദേഹത്തെ സഹായിക്കാന്‍ ഇറങ്ങി.
ആദ്യം പ്രസ് കേമ്പാസിറ്റര്‍
സാധാരണ കുടുംബത്തില്‍ പിറന്ന അജിതക്ക് വീടിനടുത്ത പ്രസ്സില്‍ കേമ്പാസിറ്ററായി ജോലി ലഭിച്ചത് പാലിയേക്കര വീട്ടുകാര്‍ക്ക് വലിയ ആശ്വാസമായിരുന്നു. എട്ട് കൊല്ലം ആ ജോലിയില്‍ തുടര്‍ന്നുകൊണ്ടിരിക്കുമ്പോഴാണ് 1991-ല്‍ വിവാഹം കഴിഞ്ഞത്. വിവാഹശേഷവും അതേ ജോലിക്ക് പോയെങ്കിലും ആതിരയെന്ന് പേരിട്ടു വിളിച്ച മോള്‍ പിറന്നതോടെ ആ ജോലി ഉപേക്ഷിച്ചു. നല്ലൊരു കുടുംബിനിയായി ഒതുങ്ങിക്കഴിയവെയാണ് അജിതക്ക് അങ്കണവാടി അധ്യാപികയായി വീണ്ടും ജോലി ലഭിച്ചത്; 2002-ല്‍ ആ ജോലിയില്‍ കയറുമ്പോള്‍ മകള്‍ക്ക് ഒമ്പത് വയസ് പ്രായം. ആദ്യം വീടിനടുത്ത് വലിയാലുക്കലില്‍ തന്നെയായിരുന്നു ജോലി. പിന്നീട് വീട്ടില്‍നിന്ന് വളരെ അകലെയല്ലാത്ത മറ്റൊരിടത്തായി ജോലി മാറി. കഴിഞ്ഞ വര്‍ഷം വരെ കുട്ടികള്‍ക്കൊപ്പം കളിച്ചും പാട്ടുപാടിയും ടീച്ചര്‍ മുന്നോട്ടു പോയി.
അധ്യായം രണ്ട്; കൗണ്‍സിലര്‍
അങ്കണവാടി അധ്യാപിക എന്ന നിലയില്‍ അജിത ജനകീയ പിന്തുണ ആര്‍ജിച്ചിരുന്നു. അങ്ങനെയിരിക്കുേമ്പാഴാണ് കണിമംഗലം ഡിവിഷനില്‍ മത്സരിക്കാന്‍ 2005-ല്‍ നിയോഗമുണ്ടായത്. ഭര്‍ത്താവ് വിജയകുമാര്‍ മത്സരിച്ച ഇവിടെ വനിതാ ഡിവിഷനായതോടെയാണ് മത്സരിക്കാന്‍ നറുക്കു വീണത്. സി.പി.ഐ സ്ഥാനാര്‍ഥിയായി സമാന്യം നല്ല ഭൂരിപക്ഷത്തോടെ വിജയിച്ചു.
അങ്കണവാടി ടീച്ചര്‍ എന്ന നിലയില്‍ നേരത്തേയുള്ള ജനസമ്പര്‍ക്കം ജനപ്രതിനിധിയായി തിളങ്ങാന്‍ സഹായിച്ചു. ആ പരിചയവും ജനസമ്മിതിയുമാണ് രണ്ടാമൂഴത്തിലേക്ക് അജിതയെ എത്തിച്ചത്. അധികം താമസിയാതെ അജിത ജനകീയ കൗണ്‍സിലറായി.
മേയര്‍ ആവുമെന്നായതോടെ അങ്കണവാടിയില്‍നിന്നും ലീവെടുത്തു. മേയര്‍ എന്ന നിലയില്‍ ഓണറേറിയമുണ്ട്. രണ്ട് ഓണറേറിയം വാങ്ങല്‍ നിയമലംഘനമാണ്. തന്നെയുമല്ല, നഗര മാതാവ് ആകുേമ്പാള്‍ ആ ജോലിക്ക് ഒട്ടേറെ തടസ്സവുമാണ്. അങ്ങനെ അങ്കണവാടി ടീച്ചര്‍ സ്ഥാനം വിട്ട് കുട്ടികളുടെ ഇടയില്‍നിന്നും ജനങ്ങളിലേക്കിറങ്ങി. മേയര്‍ പദവിയിലെത്തും മുമ്പ് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായിരുന്നു. ഇതെല്ലാം മേയര്‍ പദവിയില്‍ ഇവര്‍ക്ക് തുണയായി.
പാല്‍ക്കാരി
സ്വന്തം ഡിവിഷന്‍ പരിധിയില്‍ 150 വീടുകളില്‍ അജിതക്ക് പാല്‍ വിതരണമുണ്ട്. എന്നും രാവിലെ തങ്ങളുടെ വീടുകളില്‍ പാല്‍ വില്‍ക്കാന്‍ എത്തുന്ന കൗണ്‍സിലറോട് നേരിട്ട് പരാതി പറയാന്‍ ജനങ്ങള്‍ക്ക് അവസരമായി. അല്ലെങ്കില്‍ തങ്ങളുടെ പരാതി കേള്‍ക്കാനും അവ പരിഹരിക്കാനും കൗണ്‍സിലര്‍ വീടുകളില്‍ എത്തുന്നുവെന്ന നിലയില്‍ പാല്‍ വിതരണം വികസിച്ചു.
പുലര്‍ച്ചെ അഞ്ചരക്ക് പാല്‍ വിതരണം തുടങ്ങും. എവിടെയൊക്കെ തെരുവു വിളക്കുകള്‍ കത്താത്തതുണ്ടെന്ന് അങ്ങനെ അജിത അറിഞ്ഞു. കുടിവെള്ള പ്രശ്‌നം, തെരുവ് നായ ശല്യം-ഇതൊക്കെ അജിത നേരിട്ടറിഞ്ഞു. ജനങ്ങളുടെ നാഡിമിടിപ്പ് പാല്‍ വില്‍പനയിലൂടെ ഇവര്‍ തൊട്ടറിഞ്ഞുവെന്ന് പറയുന്നതാവും ശരി.
കണ്ടറിഞ്ഞ പ്രശ്‌നങ്ങള്‍ അവര്‍ ഉടന്‍ പരിഹരിച്ചു. ജനകീയ കൗണ്‍സിലറാവാന്‍ പിന്നെയെന്തു വേണം? തൃശൂര്‍ നഗരസഭയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ഒന്നായിരുന്നു അവരുടെ ഡിവിഷന്‍. ഇത്തവണ കൗണ്‍സിലറായതോടെ അതിന് ശാശ്വത പരിഹാരം തേടാന്‍ അജിതക്കായി.
മേയറും കുടുംബിനിയും
മേയറായതോടെ ജോലിഭാരം അല്‍പം കൂടി. നേരത്തേ അഞ്ചരക്ക് തുടങ്ങിയ ജോലി ഇപ്പോള്‍ കുറേകൂടി നേരത്തേയായി. പുലര്‍ച്ചെ നാലിന് ഉണര്‍ന്ന് ഭക്ഷണം പാചകം ചെയ്യല്‍ അടക്കമുള്ള അത്യാവശ്യം വീട്ടുജോലികളൊക്കെ പാല്‍ വില്‍ക്കുന്നതോടൊപ്പം സ്വയം തന്നെയാണ് ചെയ്യുന്നത്. അങ്ങനെ അടുക്കള ജോലികഴിഞ്ഞ് തന്റെ ആക്ടീവയില്‍ പാല്‍ വിതരണത്തിന്. ആവശ്യക്കാര്‍ക്ക് പാലും നല്‍കി ജനങ്ങളുടെ പരാതിയും ആവശ്യങ്ങളും കൂടി കേട്ടു തിരിച്ചെത്തുേമ്പാള്‍ മണി ഏഴരയെങ്കിലും ആകും.
അപ്പോഴേക്കും മേയറെ കാത്ത് മറ്റു ഡിവിഷനുകളിലെ പരാതിക്കാരും ആവശ്യക്കാരും നില്‍പുണ്ടാവും. അതും കഴിഞ്ഞാല്‍ കോര്‍പറേഷന്‍ ഓഫീസിലേക്ക്. കോര്‍പറേഷനിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടുകയെന്നതായിരിക്കും പ്രധാന ലക്ഷ്യമെന്ന് മേയര്‍ പറയുന്നു. ഇടതുമുന്നണിയിലെ ധാരണ പ്രകാരം അടുത്ത ഒരു വര്‍ഷത്തേക്കാണ് മേയര്‍ പദവി.
തിരുവാതിര കളി
മേയറായിട്ടും തന്നിലെ കലാകാരിക്ക് അവധി കൊടുക്കാന്‍ അജിത തയാറല്ല. നല്ലൊരു തിരുവാതിര കളിക്കാരിയാണ് അജിത. കഴിഞ്ഞ എട്ടു വര്‍ഷമായി കണമംഗലം ശ്രീകൃഷ്ണ തിരുവാതിര കളി സംഘത്തിലെ അംഗമാണ്. 16 പേരാണ് സംഘത്തില്‍.
മേയറായതോടെ അജിതയുടെ സംഘത്തിന് ഇത്തവണ ഡിമാന്റ് കൂടി. തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തിലടക്കം എട്ടിടത്താണ് ഇക്കുറി കളിച്ചത്. അതിനിടെ നെഞ്ചില്‍ കഫക്കെട്ടായി; ചുമയും. കൂര്‍ക്കഞ്ചേരി സോമില്‍ റോഡില്‍ കീഴ്തൃക്കോവില്‍ ക്ഷേത്രത്തില്‍ കളിക്കാന്‍ പോകാനായില്ല. ക്ഷേത്രക്കമ്മിറ്റിക്കാര്‍ അടുത്ത മാസം 'മേയറുടെ സംഘത്തിന്റെ തിരുവാതിര കളി' സംഘടിപ്പിച്ച് കാത്തിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല; മേയര്‍ നയിച്ച കളി കാണാന്‍ നല്ല ജനത്തിരക്കായിരുന്നു എങ്ങും. ഏക മകള്‍ ആതിരയുടെ വിവാഹം കഴിഞ്ഞ ഒക്‌ടോബറിലായിരുന്നു. മരുമകന്‍ ശ്രീകുമാര്‍.