സാധാരണ നമ്മള്‍ പറയാറുണ്ടല്ലോ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളേക്കാള്‍ നേരത്തെ മുതിര്‍ന്നവരാകുമെന്ന്. അതുതന്നെയായിരുന്നു എന്റെ അനുജത്തി പ്രേമയുടെയും അവസ്ഥ. അവര്‍ അനുജത്തിയാണോ ചേച്ചിയാണോ എന്ന് പറയാനാവാത്ത സ്ഥിതിയായിരുന്നു. കുട്ടിക്കാലത്ത് എന്നേക്കാളും അറിവും പക്വതയുമുണ്ടായിരുന്നത് അവള്‍ക്കായിരുന്നു. പലപ്പോഴും എനിക്ക് അവളോട് വാത്സല്യത്തേക്കാള്‍ ബഹുമാനവും ആരാധനാ മനോഭാവവുമാണുണ്ടായിരുന്നത്. അവളുടെയത്ര വിവരമില്ലല്ലോയെന്നാണ് ഞാനന്ന് ചിന്തിച്ചിരുന്നത്.
കോഴിക്കോട് സാമൂതിരി സ്‌കൂളിനു സമീപം വെങ്ങാലില്‍ തറവാട്ടിലായിരുന്നു ഞങ്ങളുടെ ജനനം. രണ്ടാണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും. മൂത്തവന്‍ ഞാനായിരുന്നു. അനുജത്തി പ്രേമയും ഞാനും തമ്മില്‍ ഒരു വര്‍ഷവും മൂന്ന് ദിവസവും മാത്രമാണ് പ്രായവ്യത്യാസം.
അഛന് ഗുരുവായൂരായിരുന്നു ജോലി. എനിക്ക് ഒരു വയസ്സുള്ളപ്പോള്‍ ഞങ്ങള്‍ ഗുരുവായൂരെത്തി. ഞങ്ങളുടെ സ്‌കൂള്‍ വിദ്യാഭ്യാസം ആരംഭിക്കുന്നത് അവിടെ നിന്നായിരുന്നു. എന്നെ നേരിട്ട് മൂന്നാം ക്ലാസിലും അവളെ ഒന്നാം ക്ലാസിലുമാണ് ചേര്‍ത്തത്. അന്നങ്ങനെയെല്ലാം സ്‌കൂളില്‍ ചേര്‍ക്കാമായിരുന്നു. പക്ഷേ, ഒന്നാം ക്ലാസില്‍ പഠിക്കുന്ന അവളായിരുന്നു എല്ലാവരുടെയും മുന്നില്‍ കേമി. അതിലെനിക്ക് അസൂയയല്ല, ആരാധനയാണ് തോന്നിയത്. അതുകൊണ്ടുതന്നെ അവളെ കണ്ടുപഠിക്കണമെന്ന ചിന്ത എന്നില്‍ കുട്ടിക്കാലത്തു തന്നെ ഉടലെടുത്തു. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും അവള്‍ ഒരുപടി എന്നേക്കാള്‍ മുന്നിലായിരുന്നു. ഡാന്‍സിലും നാടകത്തിലും ചെറുപ്പത്തിലേ അവള്‍ മികവ് പ്രകടിപ്പിച്ചു.
ഞങ്ങള്‍ ഒരുമിച്ചാണ് സ്‌കൂളില്‍ പോയിരുന്നത്. ഞങ്ങള്‍ക്ക് കൂട്ടിന് അമ്മാവന്റെ മക്കളായ വനജേടത്തിയും സുനന്ദേടത്തിയുമുണ്ടാവും. ആ കാലത്താണ് വിമോചന സമരം നടക്കുന്നത്. ഞാന്‍ പേടിച്ച് ക്ലാസിലിരിക്കും. അപ്പോള്‍ അനുജത്തി വന്നു പറയും; ''എല്ലാവരും ക്ലാസില്‍നിന്നും പുറത്തുപോകണം. സമരമാണ്....'' ഞാനിത് അത്ഭുതത്തോടെയാണ് നോക്കിനില്‍ക്കുക. ക്ലാസ് കട്ട് ചെയ്യുക എന്നതേയുള്ളൂ. സമരത്തിനോ ജാഥക്കോ ഒന്നും അവള്‍ പോകില്ല. ഞങ്ങള്‍ നേരെ വീട്ടിലേക്ക് പോകും.
പത്താംക്ലാസില്‍ അവള്‍ പഠനം നിര്‍ത്തി. വിവാഹിതയായി. ഗുരുവായൂര്‍ പുന്നയൂര്‍കുളത്തുള്ള രാജേന്ദ്രനായിരുന്നു വരന്‍. ഭിലായില്‍ സ്റ്റീല്‍ പ്ലാന്റിലായിരുന്നു അദ്ദേഹത്തിനു ജോലി. വിവാഹാനന്തരം അവര്‍ ഭിലായിലേക്കു പോയി. കുറേ കാലത്തേക്ക് ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ചിരുന്നില്ല. മൂത്ത മകനായതുകൊണ്ട് അമ്മക്ക് എന്നോട് വാത്സല്യമായിരുന്നു. എന്നാല്‍ എന്നെ നിയന്ത്രിച്ചിരുന്നത് പെങ്ങളായിരുന്നു. അനുജത്തി പോയതോടെ ഒരു ഏകാന്തതാബോധം എന്നില്‍ ഉടലെടുത്തു. കത്തെഴുത്തായിരുന്നു ഏക ആശ്വാസം. കത്തിലൂടെ എനിക്ക് കര്‍ശനമായ നിര്‍ദേശങ്ങള്‍ നല്‍കുന്ന ഒരു ചേച്ചിയുടെ ഭാവമായിരുന്നു പെങ്ങളുടേത്. ചേച്ചിയോടുള്ള ബഹുമാനം അനുജത്തിയോടും തോന്നുകയെന്നതൊരു പ്രത്യേകതയാണ്. ഈയൊരു വികാരം വളരെ കുറച്ച് ആളുകള്‍ക്കു മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് ഞാന്‍ കരുതുന്നു. അതിനിടക്കായിരുന്നു അനുജന്റെ മരണം. ഇത് എന്നെ മാനസികമായി വളരെയേറെ തളര്‍ത്തി. അപ്പോഴെനിക്ക് ഊര്‍ജം പകര്‍ന്നുതന്നത് പ്രേമയായിരുന്നു.
നാട്ടില്‍ ഞാനും അമ്മയും മാത്രം. മിക്കപ്പോഴും ഞങ്ങളെ അവിടേക്ക് ക്ഷണിക്കും. ഭിലായിലും ബൊക്കാറോയിലുമായിരുന്നു പെങ്ങളുടെ ഭര്‍ത്താവിനു ജോലി. ചിലപ്പോഴൊക്കെ ഞങ്ങളവിടെ പോയി നില്‍ക്കും. അവിടെയെത്തിയപ്പോള്‍, അനുജത്തി മലയാളം പോലെ ഹിന്ദി സംസാരിക്കുന്നതു കേട്ട് ഞാന്‍ അത്ഭുപ്പെടാറുണ്ട്. ഇടക്കൊക്കെ അവര്‍ നാട്ടില്‍ വരികയും ചെയ്യും.
ഞാന്‍ ബി.കോം പഠനം പൂര്‍ത്തിയാക്കി വെറുതെയിരിക്കുന്ന കാലം. ഈ സമയത്താണ് പെങ്ങളുടെ ഭര്‍ത്താവ് ഭിലായിലെ ജോലി രാജിവെച്ച് ഗള്‍ഫിലേക്ക് പോയത്. ഏറെ താമസിയാതെ പെങ്ങളുടെ ശ്രമഫലമായി അളിയന്‍ ജോലി ചെയ്യുന്ന അബൂദബിയിലെ കമ്പനിയില്‍ എനിക്കും ജോലി ലഭിച്ചു. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ഞാന്‍ മസ്‌കത്തിലേക്കു പോയി. ഈ സമയത്ത് പെങ്ങള്‍ അമ്മയോടൊപ്പം പാലക്കാട്ടായിരുന്നു.
ഞാന്‍ ഗള്‍ഫിലുള്ളപ്പോഴാണ് എന്റെ വിവാഹാലോചന നടക്കുന്നത്. അമ്മയും അനുജത്തിയും പെണ്ണിനെ കണ്ട് ഫോട്ടോ എനിക്കയച്ചുതന്നു. എനിക്കിഷ്ടമായി. നിശ്ചയിച്ചോളാന്‍ ഞാന്‍ പറഞ്ഞു. പെണ്ണിനെ കാണേണ്ടേയെന്ന അവരുടെ ചോദ്യത്തിന് നിങ്ങള്‍ കണ്ടാല്‍ മതിയെന്നു ഞാന്‍ പറഞ്ഞു. അങ്ങനെ പാലക്കാട് രാജകുടുംബത്തിലെ അകത്തേത്തറ തറവാട്ടിലെ അമ്മു എന്റെ ജീവിത സഖിയായി. അമ്മുവും പെങ്ങളും ഇന്നും നല്ല കൂട്ടുകാരാണ്.
പിന്നീട് പെങ്ങള്‍ ഭര്‍ത്താവിന്റെയടുക്കല്‍ ദുബൈയിലേക്ക് പോയി; ഞാനും ഭാര്യയും മസ്‌കത്തിലേക്കും. ഫോണ്‍ വിളിയിലൂടെ സ്‌നേഹബന്ധങ്ങള്‍ ദൃഢപ്പെടുത്തിക്കൊണ്ടേയിരുന്നു. പന്ത്രണ്ടു വര്‍ഷത്തോളം ഞാന്‍ അബൂദബിയിലും മസ്‌കത്തിലുമായി ജോലി ചെയ്തു. പിന്നെ നാട്ടില്‍ തിരിച്ചെത്തി. കോഴിക്കോട്ട് താമസമാക്കി. അപ്പോഴേക്കും പെങ്ങളും കുടുംബവും ഗള്‍ഫ് വാസം മതിയാക്കി കോഴിക്കോട്ട് താമസമാക്കിയിരുന്നു. അതുകൊണ്ടുതന്നെ എനിക്കുള്ള വീട് കണ്ടുപിടിച്ചു തന്നതും മറ്റ് സൗകര്യങ്ങളൊരുക്കിയതുമെല്ലാം പെങ്ങളുടെ മേല്‍നോട്ടത്തിലായിരുന്നു. അമ്മ എന്നോടൊപ്പമായിരുന്നു. പ്രായാധിക്യം കാരണം പലവിധ അസുഖങ്ങള്‍. അനുജത്തി ഇടക്കെല്ലാം വരും. അമ്മയെ പരിചരിക്കും. എനിക്കും ഭാര്യക്കും മാര്‍ഗനിര്‍ദേശങ്ങളും തരും. പിന്നെ അമ്മയുടെ മരണം. അതും എന്നെ ഏറെ വേദനിപ്പിച്ചു. അപ്പോള്‍ പെങ്ങള്‍ അമ്മയുടെ സ്ഥാനത്തേക്കുയര്‍ന്ന് എന്നെ ആശ്വസിപ്പിക്കുകയായിരുന്നു.
അമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു അഛന്റെ മരണം. അതെന്റെ ജീവിതത്തിലെ പ്രതിസന്ധികളുടെ കാലഘട്ടമായിരുന്നു. ഞാനാകെ തകര്‍ന്നു പോയിരുന്നു. എപ്പോഴും അഛനെ മാത്രം ആശ്രയിച്ചായിരുന്നു ഞാനന്ന് ജീവിച്ചിരുന്നത്. പെട്ടെന്നുള്ള അഛന്റെ വേര്‍പാട് എനിക്ക് താങ്ങാനായില്ല. അന്നും പെങ്ങള്‍ ഓടിവന്ന് എന്നെ സമാധാനപ്പെടുത്തി. കുറേക്കാലം എന്നോടൊപ്പം നിന്നിട്ടാണ് ഭര്‍ത്താവിന്റെ അടുക്കലേക്ക് തിരിച്ചുപോയത്. എല്ലാ വിഷമഘട്ടങ്ങളിലും എന്നെയും ഭാര്യയെയും ആശ്വസിപ്പിക്കാനും സാന്ത്വനിപ്പിക്കാനും പെങ്ങള്‍ ഓടിയെത്തുന്നത് പതിവാണ്.
രമയുടെ മനസ്സിന്റെ നന്മ. മക്കള്‍ നല്ല നിലയിലെത്തി. ഒരാള്‍ വിദേശത്താണ്. നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് അവളുടെ ഭര്‍ത്താവ് ഞങ്ങളെ വിട്ടുപോയി. കാന്‍സറായിരുന്നു മരണകാരണം. ഉറ്റവരുടെ വേര്‍പാടില്‍ തളര്‍ന്നപ്പോഴെല്ലാം എന്നെ ആശ്വസിപ്പിച്ച അനുജത്തിയെ എങ്ങനെ സമാധാനിപ്പിക്കുമെന്നറിയാതെ ഞാന്‍ വലഞ്ഞു. അവള്‍ പകര്‍ന്നു നല്‍കിയ ഊര്‍ജമായിരിക്കാം, എന്നിലെ സഹോദരനുണര്‍ന്നു. അപ്പോള്‍ ഞാനവളുടെ ജ്യേഷ്ഠനായി. അവളെന്റെ അനുജത്തിയും. ജ്യേഷ്ഠന്റെ സാന്ത്വനങ്ങള്‍ അപ്പോള്‍ അവള്‍ക്ക് ആശ്വാസം നല്‍കിയിരിക്കുമെന്നാണെന്റെ വിശ്വാസം.
എന്റെ കഥകളില്‍ അനുജത്തി പലപ്പോഴായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതും ആജ്ഞാശക്തിയുള്ള കഥാപാത്രമായിട്ടു തന്നെയാണ് വന്നിട്ടുള്ളത്. പ്രധാന കഥാപാത്രങ്ങളേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്ന കഥാപാത്രമാണ് എന്റെ കഥകളിലെ സഹോദരി. അങ്ങനെ അല്ലാത്തൊരു പെങ്ങളെ എനിക്ക് ഭാവന ചെയ്യാന്‍ സാധിക്കുമോ? അറിയില്ല!