ചോര പുരണ്ട ജീവിതവഴിയിലൂടെ
സലീംനൂര്‍ ഒരുമനയൂര്‍
മാര്ച്ച് 2019
മലയാളി സ്ത്രീകളില്‍ വലിയൊരു വിഭാഗം സ്വന്തമായി വരുമാനം തേടി ജോലിക്ക് പോകുന്നുണ്ട്. പുതിയ തലമുറ വിദ്യാഭ്യാസപരമായി ഏറെ ഉയര്‍ന്നതിനാല്‍ സ്ത്രീകള്‍ക്ക് ഇന്ന് ഏത് മേഖലയിലും ജോലി ലഭിക്കാന്‍ കാര്യമായ
മലയാളി സ്ത്രീകളില്‍ വലിയൊരു വിഭാഗം സ്വന്തമായി വരുമാനം തേടി ജോലിക്ക് പോകുന്നുണ്ട്. പുതിയ തലമുറ വിദ്യാഭ്യാസപരമായി ഏറെ ഉയര്‍ന്നതിനാല്‍ സ്ത്രീകള്‍ക്ക് ഇന്ന് ഏത് മേഖലയിലും ജോലി ലഭിക്കാന്‍ കാര്യമായ ബുദ്ധിമുട്ടുമില്ല. കഠിന ജോലിയായ, ഒരു കാലത്ത് പുരുഷന്മാര്‍ മാത്രം ചെയ്തിരുന്ന തെങ്ങുകയറ്റം വരെ ചെയ്യുന്ന സ്ത്രീകളെ ഇന്ന് സമൂഹത്തില്‍ കാണാം. എന്നാല്‍ ഇന്നും സ്ത്രീകളെ അധികം കണ്ടുവരാത്ത മറ്റൊരിടമാണ് അറവുശാല. അറവുശാലയിലെ ജോലിക്ക് സ്ത്രീകളാരും അധികം ശ്രമിക്കാറില്ല. വെട്ടുകത്തി, രക്തം എന്നിവ നിര്‍മലഹൃദയരായ സ്ത്രീകള്‍ക്ക് അത്ര പെട്ടെന്ന് ദഹിക്കില്ല. എന്നിട്ടും അവിടെ ജോലി ചെയ്യുന്ന ഒരു സ്ത്രീയെ കണ്ടാല്‍ എന്തു കരുതണം? ജീവിതസാഹചര്യം അവരുടെ കൈയില്‍ വെട്ടുകത്തി നല്‍കി എന്നല്ലേ. അങ്ങനെയൊരു സ്ത്രീയെ എറണാകുളം ഭാഗത്തേക്ക് സഞ്ചരിച്ചാല്‍ കാണാം.
ഗുരുവായൂര്‍-എറണാകുളം ദേശീയ പാതയില്‍ ഒരുമനയൂരിലെ മുത്തമ്മാവ് പ്രദേശത്തെ വഴിയോരത്താണ് നബീസയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഇറച്ചിക്കട നമുക്ക് കാണാന്‍ കഴിയുക. അവിടത്തെ മുതലാളിയും തൊഴിലാളിയും ഇപ്പോള്‍ നബീസ മാത്രം.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഭര്‍ത്താവ് വലിയകത്ത് തോട്ടുങ്ങല്‍ മുഹമ്മദ് സ്ഥാപിച്ചതാണ് ഈ സ്ഥാപനം. അന്നൊക്കെ പ്രിയതമന് ഒരു കൈ സഹായമായി നബീസ എത്തും. ആവശ്യമായ സഹായസഹകരണങ്ങള്‍ ചെയ്തുകൊടുക്കും. ഇറച്ചി കഴുകാന്‍ ആവശ്യമായ വെള്ളം കൊണ്ട് വന്നു കൊടുത്തും ഇറച്ചി തൂക്കിക്കൊടുത്തും മറ്റുമായിരുന്നു തുടക്കം. ഭര്‍ത്താവ് സ്വന്തമായി വാങ്ങുന്ന പോത്തിനെ അറുക്കുന്നതും തോലെടുക്കുന്നതും വെട്ടി കഷ്ണങ്ങളാക്കുന്നതും നബീസ കൗതുകത്തോടെ നോക്കിനില്‍ക്കും. കൈസഹായത്തിന് ആളെ വെക്കുന്നതിനു പകരമായിട്ടായിരുന്നു നബീസ ഭര്‍ത്താവിനോടൊപ്പം കടയിലേക്ക് പോയത്. മറ്റൊരാള്‍ക്കു കൂടി നല്‍കുന്ന ശമ്പളം മിച്ചം കിട്ടിയാല്‍ അത്രയും നല്ലത്. മൂന്ന് പെണ്‍മക്കളാണ് വീട്ടില്‍ വളര്‍ന്നു വരുന്നത്. ഭര്‍ത്താവിനോടൊപ്പം ജോലിക്ക് കൂടിയപ്പോള്‍ നബീസ അതേ കരുതിയുള്ളൂ.
പക്ഷേ, വിധി കരുതിയത് മറ്റൊന്നായിരുന്നു. അല്ലലില്ലാതെ ജീവിതം ഒരുവിധം മുന്നോട്ടു പോകുന്നതിനിടെയാണ് ഇടിത്തീപോലെ ഭര്‍ത്താവിന്റെ മരണം സംഭവിക്കുന്നത്. അതോടെ കട പൂട്ടി. നബീസ 'ഇദ്ദ'യിലുമായി. ആരൊക്കെയോ നല്‍കിപ്പോന്നിരുന്ന സഹായങ്ങള്‍ കൊണ്ട് ഇദ്ദയും കടന്നുപോയി. ജീവിതം നിലയില്ലാക്കയമായി തോന്നിയതോടെ ഇനി മടിച്ചിരുന്നിട്ടു കാര്യമില്ലെന്ന യാഥാര്‍ഥ്യം നബീസ തിരിച്ചറിഞ്ഞു. തുരുമ്പു പിടിച്ചു തുടങ്ങിയിരുന്ന വെട്ടുകത്തികളുമെടുത്ത് നബീസ അങ്ങാടിയിലേക്കിറങ്ങി. നെറ്റി ചുളിച്ചവര്‍ക്കു മുന്നില്‍ നിവര്‍ന്നു നിന്നുകൊണ്ട്. ഒരു പോത്തിനെ മുഴുവനായി എടുക്കുക എന്നത് സാമ്പത്തികമായി ദുഷ്‌കരമായതുകൊണ്ട് മറ്റൊരു കടയില്‍ അറുക്കുന്നതില്‍നിന്നും ഭാഗം വാങ്ങിക്കൊണ്ട് 'ബിസ്മി' ചൊല്ലി തുടങ്ങി. മുകളിലുള്ളവന്‍ കൈവിടില്ലെന്ന മനക്കരുത്തില്‍ പരിചയക്കാരുടെയും നാട്ടുകാരുടെയും പിന്‍ബലത്തില്‍ നബീസ പിടിച്ചുനിന്നു. അതോടെ നിത്യച്ചെലവുകള്‍ ഈ ജോലി കൊണ്ട് നബീസ നടത്തിപ്പോന്നു.
ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കു മുമ്പ് പണിത കൊച്ചുവീട് ഇന്ന് ഉപയോഗശൂന്യമായിരിക്കുന്നു. കഠിനമായ ജോലി കഴിഞ്ഞ് വന്ന് കയറിക്കിടക്കാന്‍ നബീസക്ക് അടച്ചുറപ്പുള്ളൊരു വീടുവേണം. പക്ഷേ തന്റെ വരുമാനം അതിനനുവദിക്കില്ലെന്ന യാഥാര്‍ഥ്യം നബീസക്കറിയാം. എങ്കിലും ഉടയ തമ്പുരാന്‍ തന്നെ കൈവിടില്ലെന്ന ഉറച്ച വിശ്വാസത്തില്‍ തന്നെയാണ് നേരം പുലരുംമുമ്പ് രക്തത്തോടും മാംസത്തോടും പടവെട്ടാനിറങ്ങുന്നത്.