മറക്കുള്ളിലെ എഴുത്തുകാരി
ആയിഷ ബിന്‍ത് കക്കോടന്‍ അബ്ദുള്ള എഴുതിക്കൊണ്ടിരിക്കുകയാണ്. ഒന്നല്ല, രണ്ടല്ല എട്ടു പുസ്തകങ്ങള്‍
ആയിഷ ബിന്‍ത് കക്കോടന്‍ അബ്ദുള്ള എഴുതിക്കൊണ്ടിരിക്കുകയാണ്. ഒന്നല്ല, രണ്ടല്ല എട്ടു പുസ്തകങ്ങള്‍ അവരെഴുതി. ആരോരും അറിയണമെന്നോ ആരെയും അറിയിക്കണമെന്നോ ആയിഷക്ക് നിര്‍ബന്ധമില്ല. പക്ഷേ എഴുത്തിന്റെ വഴിയിലൂടെ ആയിഷ നടന്നടുക്കുമ്പോള്‍ അവരത് നമ്മളോരോരുത്തരെയും കൊണ്ട് വായിപ്പിക്കും. സമ്പന്ന കുടുംബ തറവാടിന്റെ വേരുകളെ താവഴികളിലേക്ക് പകര്‍ന്നുനല്‍കണമെന്ന ആഗ്രഹം സ്‌നേഹനിധിയായ ഉമ്മയുടെ ഓര്‍മപ്പുസ്തകത്തിലൂടെ സാക്ഷാത്കരിച്ചുകൊണ്ടായിരുന്നു കടലാസുകളിലേക്ക് അക്ഷരങ്ങളെ അവരാദ്യമായി പകര്‍ന്നു നല്‍കിയത്. ഓര്‍മയില്‍ നിന്നും എടുത്തുകോര്‍ത്ത ആ അക്ഷരങ്ങള്‍ ബന്ധുക്കള്‍ക്കും കുടുംബക്കാര്‍ക്കും വേരുകളെ അറിയാനുള്ള വഴികാട്ടിയായിരുന്നെങ്കില്‍ പിന്നീട് ഓരോ പദങ്ങളെയും ആയിഷ പേജുകളിലേക്ക് വിന്യസിച്ചത് നമുക്കോരോരുത്തര്‍ക്കും വേണ്ടിയാണ്. കുഞ്ഞുനാളിലേ ഉമ്മയുടെയും ഉപ്പയുടെയും വല്ല്യുപ്പയുടെയും ഓരം പറ്റി നടന്ന പുറംലോകത്തെ ബഹളങ്ങളെ സ്വയം നിരാകരിച്ചൊരു പെണ്‍കുട്ടി. അവള്‍ വളര്‍ന്നു. ഭര്‍ത്താവും മക്കളും കുടുംബവുമായി. അവള്‍ ഒതുങ്ങിയിരുന്നുകൊണ്ട് അക്ഷരങ്ങളിലൂടെ ലോകത്തോട് സംസാരിക്കുകയാണ്. ആ സംസാരങ്ങള്‍ സംവാദനക്ഷമതയുള്ള ചിന്തകളാണ്. പുസ്തകത്തിന്റെ എണ്ണം കൂടുന്നതിനനുസരിച്ച് ഉള്ളടക്കത്തിന്റെ കനവും കാമ്പും കൂടിക്കൊണ്ടേയിരിക്കുന്നു.
അവിചാരിതമായി കണ്ട സുഹൃത്തിന്റെ ഉപ്പ എഴുത്തുകാരന്‍ കലാം വെള്ളിമാടുകുന്നിനോടൊത്തുള്ള സൗഹൃദ സംസാരത്തില്‍നിന്നാണ് ആയിഷയെന്ന എഴുത്തുകാരിയെക്കുറിച്ചറിഞ്ഞത്. അവരുടെ വീടിനെ ലക്ഷ്യമാക്കിയുള്ള അന്വേഷണം കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ബീച്ചിനഭിമുഖമായി നില്‍ക്കുന്ന നസീബ് മന്‍സിലിലേക്കാണ് എത്തിച്ചത്. വിശാലമായ മുറ്റവും കടന്ന് നിശ്ശബ്ദത തോന്നിക്കുന്ന പ്രൗഢിയുള്ള വീട്ടിനുള്ളിലേക്കു കടന്നപ്പോള്‍ നിഖാബ് ധരിച്ച സ്ത്രീയാണ് എതിരേറ്റത്. കൂടെ ആണുങ്ങളാരെങ്കിലുമുണ്ടോ, അവരിങ്ങോട്ടു വരുമോ എന്നായിരുന്നു ആദ്യ ചോദ്യം. ഇല്ല എന്ന എന്റെ ഉത്തരത്തിനുമുന്നില്‍ എനിക്ക് അന്യരായ ആണുങ്ങളെ കാണുന്നത് ഇഷ്ടമില്ലാത്തതുകൊണ്ടാണ് എന്നു പറഞ്ഞു കൂടെ ആരും ഇല്ലെന്നു ഉറപ്പു വരുത്തി. ആയിഷ അങ്ങനെയാണ്. ആഢംഭരത്തിന്റെയും ആര്‍ഭാടത്തിന്റെയും വര്‍ണപ്പൊലിമകള്‍ അവരെ ഭ്രമിപ്പിക്കുന്നില്ല. അവരുടെ പ്രയാണങ്ങള്‍ ദൈവികസത്തയെ തിരിച്ചറിയാനാണ്. താന്‍ അറിഞ്ഞ ദൈവിക മൂല്യങ്ങളെ സമൂഹത്തിനു പകര്‍ന്നു നല്‍കണമെന്നാണ് ആഗ്രഹം.
2011-ല്‍ പ്രസിദ്ധീകരിച്ച 'മാഷും ടീച്ചറും' എന്ന ചെറുകഥ വായിക്കുമ്പോള്‍ ഇതു തന്നെയല്ലേ ആയിഷയെന്നു നമുക്കൂഹിക്കാം. ഒരു ഉമ്മ തന്റെ ചുറ്റുമിരിക്കുന്ന കുട്ടിക്കൂട്ടത്തോട് സരസമായി കഥ പറഞ്ഞുകൊടുക്കുകയാണ്. പ്രവാചക കഥകളിലൂടെ പോയി മാഷും കുട്ടിയിലും കഥയെത്തുമ്പോള്‍ ആയിഷയെന്ന എഴുത്തുകാരിയെ രൂപപ്പെടുത്തിയ കുടുംബ പശ്ചാത്തലം ഇതള്‍ വിരിയും. സ്‌നേഹനിധിയായ ഉമ്മയുടെ ഓരം പറ്റി നടന്ന് പത്താം ക്ലാസ്സിലേ പഠിപ്പുമുടക്കി കുടുംബജീവിതത്തിലേക്ക് പോയ ആയിഷ എങ്ങനെയൊരു എഴുത്തുകാരിയായി മാറി എന്ന് ആ പുസ്തകം നമ്മോട് പറയും.
ന്യൂമാഹിയില്‍നിന്നും കുടുംബവേരുകള്‍ പറിച്ച് വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ നട്ട് അവിടെ വ്യാപാര സാമ്രാജ്യം കെട്ടിപ്പടുത്ത പൗരപ്രമുഖനായ കക്കോടന്‍ മമ്മു ഹാജിയുടെ പേരക്കുട്ടി. ഏക പെങ്ങള്‍ കുഞ്ഞാമിയുടെ മകളെത്തന്നെയാണ് അദ്ദേഹം മൂത്ത മകന്‍ കക്കോടന്‍ അബ്ദുള്ള ഹാജിക്ക് തുണയായി തെരഞ്ഞടുത്തത്. അവരിലൂടെ ഏഴാമത്തെ മകളായി ജനിച്ച ആയിഷ. അവരുടെ തന്നെ ഭാഷയില്‍ പറഞാല്‍ നാട്ടുപ്രമാണിമാരും സാമൂഹിക സേവകരും കൂട്ടുകുടുംബക്കാരും കാട്ടുജാതിക്കാരും കര്‍ഷകരും ഒത്തുകൂടാറുള്ള തറവാട്ടു മുറ്റത്ത് കളിച്ചു വളര്‍ന്ന ആയിഷ. ഉമ്മയുടെ ഓരം പറ്റി ആ മടിയില്‍ സാന്ത്വനം കണ്ടെത്തി നടന്നവള്‍. ചെറുപ്രായത്തിലേ തന്നെ വിവാഹജീവിതത്തിലേക്കു കടന്നപ്പോഴും ഒറ്റപ്പെടലും ഏകാന്തതയും മറച്ചുപിടിച്ചത് ഉമ്മ നല്‍കിയ ആ ഉപദേശങ്ങളിലും ഓര്‍മകളിലും തന്നെയായിരുന്നു.
പത്ത് മക്കളെ സ്‌നേഹത്തണലില്‍ പോറ്റി വളര്‍ത്തിയ ആ ഉമ്മയായിരുന്നു ജീവിത മാതൃക. അങ്ങകലെയുള്ള ഭര്‍തൃവീട്ടില്‍നിന്നും സാന്ത്വനവും സ്‌നേഹവും നുകരാന്‍ ഇടക്കിടെ ഓടിയെത്തിയ ആയിഷക്ക് മുതിര്‍ന്ന മൂന്ന് മക്കളുടെ മാതാവായിട്ടും ഉമ്മയുടെ മരണം താങ്ങാന്‍ കഴിയുമായിരുന്നില്ല. ഉമ്മയുടെ ഓര്‍മകള്‍ ബോധക്കേടായും അസുഖമായും പിന്തുടര്‍ന്നു. ജീവിതത്തിന്റെ എല്ലാ സൗഭാഗ്യങ്ങള്‍ ഉണ്ടായിട്ടും ഉമ്മത്തണല്‍ നഷ്ടപ്പെട്ടപ്പോള്‍ ഭൂമിയില്‍ ഒറ്റപ്പെട്ടതുപോലെയാണ് തോന്നിയത്. ഉമ്മയോര്‍മകള്‍ വല്ലാതെ അലട്ടിയപ്പോള്‍ അത് കടലാസിലേക്കു പകര്‍ത്തി. ഉമ്മ എങ്ങനെയാണ് കുടുംബത്തെ സ്‌നേഹത്തണലില്‍ ഒരുമിച്ചുകൂട്ടിയതെന്ന് കുടംബക്കാരോടു പറയണം. വീട്ടിലെ വാല്യക്കാരോടും ചോദിച്ചു വരുന്നവരോടും ഉമ്മ പെരുമാറിയത് എങ്ങനെയായിരുന്നുവെന്ന് നാലാള്‍ അറിയണം. പട്ടും സ്വര്‍ണവും അണിഞ്ഞിട്ടും അഹങ്കാരമേതുമില്ലാതെ ജീവിച്ചത്, യൗവനത്തില്‍ തന്നെ പിതാവ് നഷ്ടപ്പെട്ടിട്ടും അനാഥത്വമറിയാതെ മക്കളെ വളര്‍ത്തിയത് അതൊക്കെ എങ്ങനെയെന്ന് കുടുംബത്തിലെ പുതുതലമുറയോട് പറയണം. ആ പറച്ചിലായിരുന്നു അവരുടെ ആദ്യ പുസ്തകം. 'പ്രകാശം പരത്തുന്ന ഓര്‍മകള്‍' എന്ന പേരില്‍ ഉമ്മയെ കുറിച്ച ഓര്‍മകളായി അതു പകര്‍ന്നെഴുതി.
രണ്ടാമതെഴുതിയയും കുടുംബത്തെക്കുറിച്ചു തന്നെ. കുടുംബ വേരുകള്‍ വയനാടന്‍ മണ്ണിലാഴ്ത്തിയ വല്ല്യുപ്പയെക്കുറിച്ച്. ആരോരും കാണാതെ മക്കളുടെയും ഭര്‍ത്താവിന്റെയും ആവശ്യങ്ങള്‍ നിറവേറ്റി അവരെ സ്‌കൂളിലും ഓഫീസിലും പറഞ്ഞയച്ച് അവര്‍ പേനയെടുത്തു. മുന്നില്‍ കണ്ട കടലാസുകളില്‍ അങ്ങിങ്ങായി കുത്തിക്കുറിച്ച ആ എഴുത്തുകള്‍ അല്‍പ്പം സങ്കോചത്തോടെ തന്റെ പ്രിയപ്പെട്ടവന്റെ മുന്നില്‍ നിവര്‍ത്തിക്കാണിച്ചു. മാതാവും ഭാര്യയുമായി കരുതലോടെ കുടുംബത്തെ കാക്കുന്നവളുടെ കഴിവുകള്‍ കണ്ടറിഞ്ഞ നിമിഷം ഭര്‍ത്താവ് കോഴിക്കോട് ബിസിനസ് നടത്തുന്ന ബീരാന്‍കോയയും മക്കളായ ഷിബിന്‍ മുഹമ്മദും മുഹമ്മദ് റജിലും മകള്‍ ഫാത്തിമയും അവര്‍ക്കായി പേനയും കടലാസും സമയവും കരുതി നല്‍കി. അതോടെ ആയിഷയുടെ എഴുത്തിന്റെ ഗതി മാറി. ചിന്തകളും ചോദ്യങ്ങളും സംശയങ്ങളുമായി അവര്‍ സമൂഹത്തോട് സംവദിക്കാന്‍ തന്നെ തീരുമാനിച്ചു. അത് ഒരര്‍ഥത്തില്‍ പഠിക്കാത്ത ഉമ്മയടെ ഓരം പറ്റി നടന്ന അന്തര്‍മുഖിയായ കുട്ടി എന്ന കുടുംബസദസ്സിലെ വിളിപ്പേരിനെ മാറ്റിയെടുക്കലായിരുന്നു.
'വര്‍ണപ്പക്ഷി' എന്ന കൊച്ചു കഥാ പുസ്തകത്തില്‍ മനുഷ്യമനസ്സിനെ ചിന്തിപ്പിക്കുകയും ജിജ്ഞാസയുളവാക്കുകയും ചെയ്യുന്ന രീതിയിലാണ് കഥ ആവിഷ്‌കരിച്ചിരിക്കുന്നത്. ഖുര്‍ആനിലെ കഥകളാണ് അതിലെ പ്രതിപാദന വിഷയം. കാലത്തോട് സംവദിക്കുന്ന രീതിയിലാണ് ആ കഥകളെ പുനരാവിഷ്‌കരിച്ചിരിക്കുന്നത്. കുട്ടികള്‍ക്കായി എഴുതിയ ഈ കഥയില്‍ കഥ വായിച്ചുപോകുന്നതിനപ്പുറം മൂല്യവത്തായ സന്ദേശം നല്‍കി ഖുര്‍ആനിലേക്ക് അടുപ്പിക്കാനുള്ള ശ്രമം നടത്തുകയാണ്. സൂറത്തു സബഅും നംലും സ്വാദും ബഖറയും സുലൈമാന്‍ നബിയും ബില്‍ഖീസ് രാജ്ഞിയും തുടങ്ങി ഖലീലുല്ലാഹി ഇബ്‌റാഹീം നബിയുടെ സംശയവും ചിതലും തേനീച്ചയും ഉറുമ്പിനെയും മരം കൊത്തി പക്ഷിയെയും മുന്നില്‍ വെച്ച് ഖുര്‍ആനിക കഥകളെ പുനരാവിഷ്‌കരിക്കുമ്പോള്‍ ചരിത്ര സംഭവങ്ങളിലൂടെ കുട്ടികളെ ഖുര്‍ആനിലേക്ക് ചേര്‍ത്തുനിര്‍ത്തുകയാണ്. ഈ കഥയെഴുതിയതിനുശേഷം ഒരു വര്‍ണപ്പക്ഷി വീട്ടില്‍ കൂടുകൂട്ടിയ
തും എങ്ങുനിന്നോ വന്ന ഒരു ആമ അവരെ വിട്ടുപോകാതെ ഇന്നും നില്‍ക്കുന്നതും എന്തോ ഒരു യാദൃഛികതയായി അവര്‍ക്കു തോന്നുന്നു.
ഉമ്മയുടെ ഓര്‍മകള്‍ക്കു മുമ്പില്‍ സമര്‍പ്പിച്ചുകൊണ്ടാണ് ഓരോ കൃതിയും ആയിഷ എഴുതുന്നത്. 'യാത്ര - ദീനിന്റെ വെളിച്ചം' എന്ന കൈപ്പുസ്തകം പോലുള്ളൊരു കൃതി അവരെഴുതുമ്പോള്‍ കുട്ടികളും യുവത്വവും വൃദ്ധരും സ്ത്രീകളും അനുഭവിക്കുന്ന പ്രശ്‌നങ്ങളോടുള്ള സമകാലിക ലോകത്തിന്റെ സന്ദേഹങ്ങളാണ്. അവിടെയും കൊണ്ട് നിര്‍ത്തിയില്ല. എഴുത്തുവഴിയേ നടന്ന് പേജും കാമ്പും കനവുമുള്ള പുസ്തകങ്ങള്‍ പിന്നെയും എഴുതി. സത്യവിശ്വാസികള്‍ക്കൊരു മാര്‍ഗ രേഖ -'തംജീദ്'- സത്യവിശ്വാസികളായ കുടുംബത്തെക്കുറിച്ച ചില വര്‍ത്തമാനങ്ങളാണ് ഇതിലൂടെ ഇതള്‍ വിരിയുന്നത്. ശേഷം ഇരുനൂറ്റി മുപ്പത്തി രണ്ടോളം പേജുകള്‍ വരുന്ന 'ഇസ്‌ലാം വിജയത്തിലേക്കുള്ള പാത' എന്ന പുസ്തകത്തിലേക്കെത്തുമ്പോള്‍ എഴുത്ത് ഗൗരവത്തിലുള്ളതാകുന്നു.
ഖുര്‍ആനിലേക്കും പ്രവാചക വചനത്തിലേക്കും വിജ്ഞാനത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമത്തിലൂടെ താനറിയുന്ന ദൈവികതയെ സമുദായ സ്ത്രീകളിലേക്ക് പ്രസരണം ചെയ്യാനുള്ള ശ്രമം നടത്തുകയാണവര്‍. ആയിഷയുടെ എഴുത്തുവഴി ഖുര്‍ആനിലൂടെയുള്ള സഞ്ചാരമാണ്. ഖുര്‍ആനിന്റെ വിശാലമായ ആശയത്തിലൂടെ ഊളിയിട്ട് സമൂഹത്തിലേക്കു തന്റെ ചിന്തയെ പ്രസരണം ചെയ്യാനുള്ള ശ്രമമാണ് നടത്തുന്നത്. കുടുംബഭദ്രതയെക്കുറിച്ചും സദാചാര നിയമങ്ങളെക്കുറിച്ചും സത്യത്തെയും നീതിയെയും സുരക്ഷയെയും കുറിച്ചെല്ലാം ഖുര്‍ആനിക ബലത്തില്‍ സമൂഹത്തോട് സംസാരിക്കുകയാണ്. ഈ പുസ്തകം വായിച്ച് ഒരുപാട് പേര്‍ വിളിച്ചെങ്കിലും ഏറ്റവും സന്തോഷം തോന്നിയത് 83 വയസ്സുള്ള നഹ്മാബി (മകളുടെ ഭര്‍ത്താവിന്റെ വല്യുമ്മ) വിളിച്ചപ്പോഴാണ് എന്ന് പറയുന്നു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ അഞ്ച് പുസ്തകങ്ങള്‍ ലിപി പബ്ലിക്കേഷന്‍സ് വെച്ചിട്ടുായിരുന്നു.
ഒരു വീട്ടുകാരി മാത്രമായി ഒതുങ്ങിയവള്‍ എങ്ങനെ ചിട്ടയോടെ ഖൂര്‍ആനിനെ മുന്‍നിര്‍ത്തി എഴുതിയെന്ന ചോദ്യത്തിന് അല്ലാഹുവിന്റെ കാരുണ്യം എന്നു മാത്രമേ ഉത്തരമുള്ളൂ. ചില നിലപാടുകളാണ് ആയിഷയുടേത്. പക്ഷേ ആ നിലപാടുകള്‍ എന്താണെങ്കിലും അതുപറയാന്‍ മടിയേതുമില്ല. ബഹളങ്ങളുടെ ലോകത്ത് സ്ത്രീയുടെ തട്ടകം വീടും കുടുംബവും കുട്ടികളും മാത്രമാണെന്നും പൊതുഇടം സ്ത്രീയെ നശിപ്പിക്കും എന്ന കര്‍ക്കശ വാദമാണ് മുന്നോട്ടുവെക്കുന്നത്. സ്ത്രീയുടെ ഇടം കുടുംബമാണെന്ന് പറയുന്ന അതേ ഉറപ്പോടെ ഓരോ ആണും അങ്ങാടികളില്‍നിന്നും സമയത്തെ വീടിനകത്തേക്ക് മാറ്റണമെന്നും എന്നാലേ സന്തുഷ്ട കുടുംബം പുലരൂ എന്നും ആണിനെ ഓര്‍മപ്പെടുത്താനും ധൈര്യമുണ്ട്. ഇസ്‌ലാമിലെ മാതൃകാ വനിതകളെ ചൂണ്ടിക്കാണിച്ച് അവര്‍ സ്ത്രീയുടെ പൊതുജീവിതത്തിന് മാതൃകയല്ലേ എന്നു ചോദിക്കുമ്പോള്‍ അതെ കാലം അതല്ല. നിങ്ങളുടെ വാദത്തോട് തീരെ എനിക്ക് യോജിപ്പില്ല എന്നു തീര്‍ത്തു പറയാനും ആയിഷക്ക് മടിയില്ല.
ഒമ്പതാമത്തെ പുസ്തകം മലയാളത്തില്‍ മാത്രമല്ല, അറബിയിലും ഇംഗ്ലീഷിലും കൂടി പ്രസിദ്ധീകരിക്കണമെന്നാണ് ആഗ്രഹം. സൂറത്തുല്‍ ഫാത്വിഹ മാത്രം അവലംബമാക്കിയാണ് ആ രചനയവര്‍ നിര്‍വഹിക്കാന്‍ പോകുന്നത്. എഴുതിത്തുടങ്ങിയപ്പോള്‍ ഒരു ആയത്തിന്റെ ആശയ ഗാഭീര്യം തന്നെ ഒരു പുസ്തകത്തില്‍ ഒതുക്കാനാവില്ലെന്ന സംശയം കേട്ട് പുറത്തിറങ്ങുമ്പോള്‍ പാശ്ചാത്യവല്‍ക്കരണത്തിന്റെ ആലസ്യതയില്‍ നിന്നും ഇസ്‌ലാമിന്റെ തീരമണിഞ്ഞ് പുറംലോക ബഹളങ്ങളെ നിരാകരിച്ച പണ്ഡിത മര്‍യം ജമീലയെപ്പോലെ ആവട്ടെയെന്നു മനസ്സാ പ്രാര്‍ഥിച്ചുകൊണ്ട് അവിടന്നിറങ്ങി.