എത്ര സീറ്റ് നീക്കിവെക്കും?
സമത്വത്തിന്റെയും തുല്യതയുടെയും മുദ്രാവാക്യമുയര്‍ത്തിയാണ് കേരളത്തില്‍ അടുത്തിടെ ഒരു വനിതാ മതില് ഉയര്‍ന്നത്.
സമത്വത്തിന്റെയും തുല്യതയുടെയും മുദ്രാവാക്യമുയര്‍ത്തിയാണ് കേരളത്തില്‍ അടുത്തിടെ ഒരു വനിതാ മതില് ഉയര്‍ന്നത്. അടുത്തു നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ വെച്ചുവേണം ഇതിനെ വിലയിരുത്താന്‍. ഇലക്ഷന് അടുക്കുമ്പോള്‍ കേട്ടുകൊണ്ടിരിക്കുന്ന ഒരു വര്‍ത്തമാനമാണ് സ്ത്രീയുടെ രാഷ്ട്രീയ സംവരണം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ കേരള സന്ദര്‍ശനത്തിനിടെ നടത്തിയ പ്രസംഗത്തിന്റെ ഏറ്റവും വലിയ വാഗ്ദാനം സ്ത്രീ സംവരണം ഉറപ്പുവരുത്തും എന്നാണ്. ഒന്നാം യു.പി.എ സര്‍ക്കാറിന്റെ കാലത്താണ് സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം പാര്‍ലമെന്റിലും നിയമസഭയിലും ഉറപ്പുവരുത്തുന്ന ബില്‍ കൊണ്ടുവന്നത്. കേരളമാകെ ഉയരുന്ന സ്ത്രീ തുല്യതാവാദത്തിന്റെ പ്രതിഫലനം ഇടതുമുന്നണയിലെ ഓരോ കക്ഷികളുടെയും മുന്നോട്ടുള്ള തീരുമാനത്തെ സ്വാധീനിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിട്ടുണ്ട്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയും ഇത്തരം പറച്ചിലുകളില്‍ മുന്നില്‍ തന്നെയാണ്.
'സ്ത്രീ പദവി, തുല്യത എന്നിവയില്‍ ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേക്കാളും മുന്നിലാണ് കേരളം. വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളിലും അവരുടെ സേവനം സവിശേഷമാണ്' എന്നാണ് ലോകബാങ്കിന്റെ സാമൂഹിക സൂചികാ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. പക്ഷേ സ്ത്രീ സുരക്ഷക്കാണെന്നു പറഞ്ഞ് നവോത്ഥാന മതില് തീര്‍ത്തവരുടെയും സ്ത്രീ സുരക്ഷയുടെ പേരില്‍ മതിലിനെ എതിര്‍ത്തവരുടെയും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയില്‍ ഈ വര്‍ഗത്തെ കാണുന്നില്ല. സ്ഥാനാര്‍ഥി പേരുകള്‍ സജീവമായി പാര്‍ട്ടികള്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോഴും അവിടെയൊന്നും ഒരു പാര്‍ട്ടിയും സ്ത്രീകളുടെ പേരുകള്‍ വലിയതോതില്‍ പറയുന്നതായി കേള്‍ക്കുന്നില്ല.
നിയമസഭയില്‍ വനിതാ പ്രാധിനിധ്യത്തിന്റ കാര്യത്തില്‍ 22-ാം സ്ഥാനത്താണ് കേരളം. വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ മുന്നേറ്റം രാഷ്ട്രീയ മുന്നേറ്റമായി വളര്‍ത്തിക്കൊണ്ടുവരാന്‍ പ്രബുദ്ധമായ കേരളത്തില്‍ പോലും ഇനിയും കഴിഞ്ഞിട്ടില്ല. നിലവിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മാത്രമല്ല സ്ത്രീ സംഘടനകള്‍ക്കും അതില്‍ ഉത്തരവാദിത്തമുണ്ട്. കേരളത്തില്‍ ആകെ വോട്ടര്‍മാരില്‍ 51 ശതമാനത്തിലധികം സ്ത്രീ വോട്ടര്‍മാരാണ്. ഓരോ കാലത്തും വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ അധികാരത്തിലെത്തിക്കുന്നതില്‍ സ്ത്രീകളുടെ പങ്ക് വലുതാണ്. മറ്റേതൊരു മേഖലയിലും കാണുന്നതുപോലെയുള്ള ശാക്തീകരണം രാഷ്ട്രീയ രംഗത്ത് കാണണമെങ്കില്‍ ശക്തമായ ആവശ്യം അതതു പാര്‍ട്ടികളുടെ സ്ത്രീകളുടെ ഭാഗത്തുനിന്നും ഉണ്ടായേ മതിയാവൂ.