നിറങ്ങളുടെ ലോകം ആരിലും കൗതുകം ജനിപ്പിക്കുന്നതാണ്. നിറങ്ങളുടെ ലോകത്ത് തന്റെ കണ്‍മുന്നിലെ കാഴ്ചകളെ പകര്‍ത്തുക എന്നത് അതിനേക്കാള്‍ കൗതുകവും രസകരവുമാണ്. രസക്കൂട്ടുകള്‍ ചാലിക്കാന്‍ എല്ലാവര്‍ക്കും ആവില്ല. എന്നാല്‍ രസവര്‍ണങ്ങള്‍ കൊണ്ട് വിസ്മയങ്ങളുടെ ലോകത്താണ് യാരിയെന്ന പെണ്‍കുട്ടി. ചിത്രകലാരംഗത്ത് വേണ്ടത്ര അക്കാദമിക പഠനങ്ങള്‍ ഒന്നും ഇല്ലാത്ത യാരി ഇന്ന് വരകളിലൂടെ മനംകുളിരുന്ന വര്‍ണ വിസ്മയങ്ങള്‍ തീര്‍ക്കുകയാണ്. എണ്ണഛായത്തിലും ആക്രിലിക്കിലുമായാണ് യാരി വരകളുടെ ഋതുപ്പകര്‍ച്ചകളെ പകര്‍ത്തുന്നത്. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന പ്രകൃതിയുടെ മാറ്റങ്ങളാണ് യാരിയുടെ ചിത്രക്കൂട്ടുകളില്‍ നിറയുന്നത്. കത്തിക്കാളുന്ന ചൂടും മരംകോച്ചുന്ന തണുപ്പും കുത്തിയൊലിക്കുന്ന പ്രളയവും നല്‍കുന്ന പ്രകൃതിയുടെ മാറിമറിച്ചിലുകളെ നാം കണ്ടതാണ്. ഇങ്ങനെ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ എങ്ങനെയാണ് പ്രകൃതിയെ മാറ്റിമറിക്കുന്നതെന്ന് യാരി കളത്തിങ്ങല്‍ വരയിലൂടെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ചിത്രം വരയുടെ ഔപചാരിക ക്ലാസ്സുകളൊന്നും പോയി പഠിച്ചുകൊണ്ടല്ല അവളീ രംഗത്ത് ചുവടുറപ്പിക്കുന്നത്. മഴക്കാലത്തെ പ്രകൃതി, ഇലപൊഴിയും കാലം, തണുപ്പുകാലത്തെ രാത്രി, വനത്തിലെ വേനല്‍ കിരണങ്ങള്‍, സൂര്യാസ്തമയത്തെ കടല്‍, ശരത്കാലത്തിലെ മരങ്ങള്‍, പ്രകൃതിക്ക് വര്‍ണക്കുട ചൂടുന്ന ആകാശം തുടങ്ങിയ പേരിട്ട ചിത്രങ്ങളിലൂടെയാണ് പ്രകൃതി മാറിമറിച്ചിലുകളെ യാരി പകര്‍ത്തുന്നത്. ബിരുദ പഠനത്തിനും വിവാഹത്തിനും ശേഷമാണ് ചിത്രംവരയില്‍ സജീവമായത്. കോഴിക്കോട് ജെ.ഡി.ടി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍നിന്നാണ് ഫംങ്ഷണല്‍ ഇംഗ്ലീഷില്‍ ബിരുദമെടുത്തത്. അതിനു ശേഷം ബിസിനസ്സുകാരനായ ഹാദിയുമൊത്ത് വിവാഹജീവിതത്തിലേക്ക്. വിവാഹത്തിലൂടെ വര്‍ണങ്ങളുടെ ലോകത്ത് സജീവമാവുകയാണ് ചെയ്തത്. ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും പ്രോത്സാഹിപ്പിച്ച് കൂടെ നിന്നപ്പോള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം ഒരുക്കാനുമായി. അങ്ങനെയാണ് 'പോര്‍ട്ടല്‍ ടു ഹൊറൈസണ്‍സ്' എന്ന പേരില്‍ 31 ചിത്രങ്ങളൂടെ പ്രദര്‍ശനം കോഴിക്കോട് ലളിതകലാ ആര്‍ട്ട് ഗാലറിയിലൂടെ നടത്തപ്പെട്ടത്. പ്രദര്‍ശനം ആദ്യമായാണെങ്കിലും 20-ഓളം പെയിന്റിംഗുകള്‍ സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും വീടുകളിലും അപ്പാര്‍ട്ട്‌മെന്റിലും ചെയ്തുകൊടുത്തിട്ടുണ്ട്. പുതു തലമുറയിലെ ചിത്രകാരിയായി വളരാന്‍ ആഗ്രഹിക്കുന്ന യാരി സോഷ്യല്‍ മീഡിയ തന്റെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനായി ഉപയോഗിക്കുന്നു. അതിനായി ഒരു ഇന്‍സ്റ്റഗ്രാം പേജും തുടങ്ങിയിട്ടുണ്ട്. ഇതിലൂടെ യു.എസിലും ദുബൈയിലും ബഹ്‌റൈനിലുമായി നിരവധി പെയിന്റിംഗുകള്‍ വിറ്റിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ യാരി കളത്തിങ്ങല്‍ ഫസീല-നാസര്‍ ദമ്പതികളുടെ നാല് മക്കളില്‍ മൂത്തവളാണ്.