ഊട്ടി പാതയിലെ വാനമ്പാടി
ഹന്ന സിത്താര വാഹിദ്
മാര്ച്ച് 2019
കാര്‍ക്കശ്യത്തിന്റെ നോട്ടവും ഭാവവുമാണ് നമ്മള്‍ കണ്ടു ശീലിച്ച ടിക്കറ്റ് എക്‌സാമിനര്‍മാര്‍ക്ക്.
കാര്‍ക്കശ്യത്തിന്റെ നോട്ടവും ഭാവവുമാണ് നമ്മള്‍ കണ്ടു ശീലിച്ച ടിക്കറ്റ് എക്‌സാമിനര്‍മാര്‍ക്ക്. നമ്മില്‍ ചിലര്‍ക്കെങ്കിലും അവരെ കാണുമ്പോള്‍ എന്തിനെന്നറിയാതെ നെഞ്ചിടിപ്പുയരുമെന്നതും സത്യം. ഇനിയെങ്ങാനും ടിക്കറ്റ് വെച്ചിടത്തില്ലെങ്കിലോ എന്ന് സന്ദേഹപ്പെടും. ടിക്കറ്റെങ്ങാനും നഷ്ടപ്പെട്ടു പോയാല്‍ പിന്നീട് നേരിടേണ്ടിവരുന്ന അവഹേളനവും മറ്റും ആലോചിച്ചിട്ട് ഭീതിപ്പെടും.
എന്നാല്‍ ഇവിടെയൊരു ടി.ടി.ആര്‍ പാട്ടുപാടുകയാണ്, യാത്രക്കാര്‍ ഒപ്പം പാടുകയും താളം പിടിക്കുകയും ചെയ്യുന്നു. തന്റെ സംഗീതം കൊണ്ട് യാത്രക്കാരുടെ ആ ദിവസം മനോഹരമാക്കുകയാണ്. ഊട്ടി-മേട്ടുപ്പാളയം പൈതൃക തീവണ്ടിയിലെ ടിക്കറ്റ് എക്‌സാമിനറായ വള്ളിയാണ് തന്റെ വ്യത്യസ്തമായ ഇടപെടലുകള്‍ കൊണ്ട് നമ്മുടെയെല്ലാം ഇതുവരെയുള്ള ധാരണകളെ തിരുത്തിക്കുറിക്കുന്നത്.
ഊട്ടി-മേട്ടുപ്പാളയം പൈതൃക തീവണ്ടിക്ക് ഏറെ പ്രത്യേകതകളുണ്ട്. റാക്ക് റെയില്‍പാത ഉപയോഗിക്കുന്ന ഇന്ത്യയിലെ ഒരേയൊരു പാത. തമിഴ്‌നാട് സംസ്ഥാനത്തെ പട്ടണങ്ങളായ മേട്ടുപ്പാളയം, ഊട്ടി എന്നിവയെ ബന്ധിപ്പിക്കുന്ന മലയോരപ്പാത നീലഗിരി മലയോര തീവണ്ടിപ്പാത എന്നാണറിയപ്പെടുന്നത്. യാത്രക്കാരിലധികവും വിനോദസഞ്ചാരികളായിരിക്കും. ഇപ്പോഴും നീരാവി കൊണ്ട് പ്രവര്‍ത്തിക്കുന്ന എഞ്ചിന്‍ ഉപയോഗിക്കുന്ന ട്രെയിന്‍. അതുകൊണ്ടു തന്നെ യുനസ്‌കോ പൈതൃകപട്ടികയില്‍ ഇടം നേടിയിട്ടുണ്ട്, ഈ പാതയും തീവണ്ടിയും. മണിക്കൂറില്‍ ശരാശരി 10.4 കിലോമീറ്റര്‍ വേഗതയില്‍ മാത്രം സഞ്ചരിക്കുന്നതിനാല്‍ ഇന്ത്യയിലെ ഏറ്റവും വേഗം കുറഞ്ഞ തീവണ്ടിയാണിത്. സമുദ്രനിരപ്പില്‍നിന്ന് 330 മീറ്റര്‍ ഉയരത്തിലുള്ള മേട്ടുപ്പാളയത്തുനിന്ന് 46 കിലോമീറ്റര്‍ അകലെ സമുദ്രനിരപ്പില്‍നിന്ന് 2200 മീറ്റര്‍ ഉയരത്തിലുള്ള ഊട്ടിയിലേക്കാണ് ഈ വിനോദസഞ്ചാര തീവണ്ടി സഞ്ചരിക്കുന്നത്. നാലര മണിക്കൂറാണ് സഞ്ചാരസമയം. ഏറെ വ്യത്യസ്തമായ ഈ ട്രെയിനിലെ യാത്രയും വ്യത്യസ്തമാക്കുകയാണ് ടി.ടി.ആര്‍ ആയി ജോലി ചെയ്യുന്ന വള്ളി.
'ഞാന്‍ ചെയ്യുന്നത് തെറ്റാണോ ശരിയാണോ എന്നൊന്നും എനിക്കറിയില്ല. ജീവിത പ്രാരാബ്ധങ്ങളില്‍നിന്നെല്ലാം ഒഴിഞ്ഞ് സന്തോഷിക്കാനായി വരുന്നവര്‍ക്ക് എന്നെക്കൊണ്ട് കഴിയുംവിധം സന്തോഷം നല്‍കാനുള്ള ശ്രമം മാത്രമാണിതെ'ന്ന് വള്ളി പറയുന്നു. റെയില്‍വേ ജോലിയില്‍ പ്രവേശിച്ച ശേഷം തുടരാന്‍ കഴിയാതിരുന്ന സംഗീതജീവിതത്തിന്റെ തുടര്‍ച്ച കൂടിയാവുന്നു അവര്‍ക്കിത്.
കലാ കുടുംബമാണ് വള്ളിയുടേത്. കേരളത്തിലെ ഷൊര്‍ണൂരാണ് സ്വദേശം. ഗായകരും നര്‍ത്തകരും എല്ലാമുള്ള കുടുംബം. സഹോദരന്മാര്‍ ഗായകരാണ്. അതുകൊണ്ടുതന്നെ ചെറുപ്രായത്തില്‍ അനവധി സ്റ്റേജുകളില്‍ പാടാനവര്‍ക്ക് കഴിഞ്ഞു. ഷൊര്‍ണൂര്‍ വള്ളി എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയ കാലത്താണ് അഛന്‍ മരണപ്പെടുന്നത്. സര്‍വീസിലിരിക്കെ മരിച്ച അഛന്റെ ജോലി ലഭിച്ചതോടെ 1985 മുതല്‍ വള്ളി റെയില്‍വേയുടെ ഭാഗമായി. ജോലിയുടെ സ്വഭാവവും സമയക്രമവുമെല്ലാം കെട്ടുപിണഞ്ഞതോടെ താല്‍ക്കാലികമായി ഗായികാപട്ടം അഴിച്ചുവെക്കുകയായിരുന്നു.
ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിലെ ജോലി എന്നു പറഞ്ഞിട്ട് നിയമനം കിട്ടിയത് സ്വീപ്പര്‍ ആയിട്ടായിരുന്നു. മനസ്സ് വിഷമിച്ചെങ്കിലും മടി കൂടാതെ അത് ചെയ്തു. ജോലിക്കിടെ പണ്ട് കൂടെ പാടിയ പാട്ടുകാരെ കാണുമ്പോള്‍ പലപ്പോഴും ഒളിച്ചിരിക്കേണ്ടി വന്നു.
1986-ലാണ് വള്ളിയുടെ വിവാഹം നടന്നത്. വരന്റെ വീട് പാലക്കാടായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷം പാലക്കാട്ടേക്ക് ട്രാന്‍സ്ഫര്‍ കിട്ടി. ഏതാണ്ട് പതിനഞ്ച് വര്‍ഷത്തോളം ഊട്ടി കൂനൂരില്‍ ആയിരുന്നു ഡ്യൂട്ടി. അവിടെ നിന്ന് കോയമ്പത്തൂര്‍ റെയില്‍വേ എന്‍ക്വയറി ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് പ്രമോഷന്‍ കിട്ടി.
2016-ലാണ് ടി.ടി.ആര്‍ ആയി വള്ളി നീലഗിരി മൗണ്ടന്‍ റെയില്‍വേയുടെ ഭാഗമാകുന്നത്. ഊട്ടിയില്‍ മുമ്പും താമസിച്ച് പരിചയമുള്ളതുകൊണ്ട് താന്‍ ആവശ്യപ്പെട്ട് നേടിയതാണ് ഈ റൂട്ട് എന്ന് അവര്‍ പറഞ്ഞു.
ഉള്ളിലെ സംഗീതം പലപ്പോഴും വീര്‍പ്പുമുട്ടിച്ചു. യാത്രക്കാരില്‍ ചിലര്‍ പാടുന്നത് കേട്ടപ്പോള്‍ ഒന്ന് പാടിയാലോ എന്ന് വള്ളിക്ക് തോന്നി. അങ്ങനെ അവരുടെ കൂടെ പാടി. അവിടന്നങ്ങോട്ടുള്ള ദിനങ്ങളില്‍ തന്റെ ഡ്യൂട്ടി കഴിഞ്ഞുള്ള നേരങ്ങളില്‍ അവര്‍ യാത്രക്കാര്‍ക്കൊപ്പം പാടുന്നു. അന്ത്യാക്ഷരി കളിക്കുന്നു. സഞ്ചാരികളും ഏറെ കൗതുകത്തോടെ അത് ആസ്വദിക്കുന്നു. സംഗീതത്തിനൊരു മാന്ത്രികതയുണ്ട്. അവിടെ ഭാഷ അപ്രസക്തമാകുന്നു. വര്‍ഗ-വര്‍ണ-ദേശ-ഭാഷാ അതിരുകള്‍ക്കപ്പുറം ഏവരും അതില്‍ ലയിക്കുന്നു.
ട്രെയിന്‍ യാത്രക്കിടെ ആകസ്മികമായി ഇവരുടെ പാട്ടു കേള്‍ക്കാന്‍ ഇടവന്ന 'ആനന്ദവികടന്‍' എന്ന തമിഴ് മാസികയുടെ സബ് എഡിറ്ററാണ് ആദ്യമായി ഇവരുടെ കഥ ലോകത്തെ അറിയിച്ചത്. ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനുമതിയോടെ അവര്‍ ഷൂട്ട് ചെയ്ത വീഡിയോ നീലഗിരി മൗണ്ടന്‍ റെയില്‍വേയും പ്രമോട്ട് ചെയ്യുകയുണ്ടായി. അങ്ങനെ പ്രശസ്ത പിന്നണി ഗായിക എസ്. ജാനകിയുമായി ഫോണില്‍ സംസാരിക്കാനും അവസരമൊരുക്കി. റെയില്‍വേക്ക് ഇവര്‍ നല്‍കുന്ന ഈ സേവനം മാനിച്ച് 2018 ഒക്‌ടോബറില്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം 'എവരിഡേ ഹീറോസ്' എന്ന അവാര്‍ഡ് നല്‍കി ആദരിച്ചു. സേലം ഡിവിഷന്റെ ഏറെ അഭിമാനമുള്ള ജീവനക്കാരിയായി രാജ്യത്തെ പ്രമുഖ പത്രങ്ങളായ ദ ഹിന്ദുവും ടൈംസ് ഓഫ് ഇന്ത്യയുമെല്ലാം ഇവരെപ്പറ്റി സ്റ്റോറി ചെയ്തു. വാനമ്പാടി എന്ന വിശേഷണമാണ് ദ ഹിന്ദു ഇവര്‍ക്ക് നല്‍കിയത്. ഒരാണും രണ്ടു പെണ്ണുമായി മൂന്ന് മക്കളാണ് വള്ളിക്ക്. ഭര്‍ത്താവിന് പാലക്കാട് തന്നെ ചിലങ്ക ബിസിനസാണ്.
തന്റെ യാത്രക്കാരുടെ സന്തോഷത്തിനും സ്വന്തം ആത്മാവിന്റെ ദാഹമകറ്റാനുമായി അവരിപ്പോഴും പാടിക്കൊണ്ടിരിക്കുന്നു. ഇനി മൂന്ന് വര്‍ഷത്തെ സര്‍വീസ് കൂടി ബാക്കിയുണ്ട്. അതും ഇങ്ങനെ സുന്ദരമാക്കിത്തീര്‍ക്കണം. പിന്നീട് സ്വരശുദ്ധി നഷ്ടപ്പെട്ടില്ലെങ്കില്‍ അന്ന് ഇറങ്ങിപ്പോന്ന വേദികളിലേക്ക് തിരികെ നടക്കണം. സംഗീത ജീവിതം തടസ്സമില്ലാതെ തുടരാന്‍ കഴിയണേ എന്ന പ്രാര്‍ഥനയായിരുന്നു അവരുടെ സംസാരത്തിലുടനീളം.