പച്ചക്കറികളുടെ ആവശ്യകത നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഏറിവരുന്ന ആരോഗ്യപ്രശ്‌നങ്ങളെ ചെറുക്കാനും ശരീരത്തിനാവശ്യമായ ജീവകങ്ങള്‍, ധാതുലവണങ്ങള്‍ എന്നിവ പ്രദാനം ചെയ്യാനും കഴിവുള്ള പോഷക കലവറകള്‍ തന്നെയാണ് പച്ചക്കറികള്‍. അതിനാല്‍ സംരക്ഷകാഹാരം എന്ന നിലയില്‍ പച്ചക്കറികള്‍ക്കുള്ള സ്ഥാനം മറ്റേതിനേക്കാളും ഒരുപടി മുന്നിലാണ്.
കേരളത്തില്‍ പച്ചക്കറി വ്യാപകമായി കൃഷി ചെയ്യന്നത് പ്രധാനമായും രണ്ട് സീസണിലാണ്. ഡിസംബര്‍- ജനുവരി മാസങ്ങളിലാരംഭിക്കുന്ന വേനല്‍ക്കാല പച്ചക്കറിയും മെയ്-ജൂണ്‍ മാസങ്ങളില്‍ തുടങ്ങുന്ന വര്‍ഷകാല പച്ചക്കറി കൃഷിയും. മുണ്ടകന്‍ കൊയ്ത്തു കഴിഞ്ഞ നെല്‍പാടങ്ങളിലാണ് വേനല്‍ക്കാല പച്ചക്കറിയില്‍ കൂടുതലും കൃഷി ചെയ്യുന്നത്. നെല്‍പാടങ്ങളിലെ അവശേഷിക്കുന്ന ജലലഭ്യത ഉറപ്പുവരുത്താനും കൂടുതല്‍ ഫലഭൂയിഷ്ഠമായ മണ്ണില്‍ പച്ചക്കറി വിളയിക്കാനും തന്മൂലം സാധിക്കുന്നു. കുമ്പളം, മത്തന്‍, വെള്ളരി, ചീര, കുറ്റിപ്പയര്‍, കോവല്‍, പീച്ചില്‍, ചുരക്ക, സാലഡ് വെള്ളരി തുടങ്ങിയ വിളകളാണ് വേനല്‍ക്കാല പച്ചക്കറികൃഷിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുമ്പളം, വെള്ളരി, മത്തന്‍, ചീര സാലഡ് വെള്ളരി എന്നിവക്ക് ചൂട് കൂടുതലുള്ള ജനുവരി മുതല്‍ മെയ് വരെ മാസങ്ങളില്‍ ഉപയോഗം കൂടുതലാണ്.
പയര്‍
കുറ്റിപ്പയറാണ് വേനല്‍ക്കാലത്ത് കൃഷിചെയ്യാന്‍ അത്യുത്തമം. തനിവിളയായും ഇടവിളയായും കൃഷി ചെയ്യാം. പുളിരസം അധികമുള്ള മണ്ണില്‍ ആവശ്യാനുസരണം കുമ്മായം ചേര്‍ത്ത ശേഷമേ വിത്തിടാവൂ. വരികള്‍ക്കിടയില്‍ 45 സെന്റീമീറ്ററും ചെടികള്‍ക്കിടയില്‍ 30 സെന്റീമീറ്ററും അകലം നല്‍കണം. നട്ട് 45 ദിവസം കഴിഞ്ഞാല്‍ വിളവെടുത്ത് തുടങ്ങാം.
കുറ്റിപ്പയറിനേക്കാള്‍ കൂടുതല്‍ വളര്‍ച്ച കാണിക്കുന്ന തടപ്പയര്‍ മണല്‍ പ്രദേശങ്ങളിലും തണലുള്ളിടത്തും അനുയോജ്യമായതാണ്. കൂടാതെ തെങ്ങ്, കമുക് തോട്ടങ്ങളില്‍ ഇടവിളയായും കൃഷി ചെയ്യാം. വള്ളിപ്പയറായി ഉപയോഗിക്കുന്ന ലോല ഉയര്‍ന്ന വിളവു തരും. വയലറ്റ് നിറമുള്ള വൈജയന്തി, വാട്ടരോഗത്തെ പ്രതിരോധിക്കുന്ന വെള്ളായനി ജ്യോതിക എന്നിവയും നല്ല വിളവു തരുന്നവയും കൃഷിചെയ്യാന്‍ ഉത്തമവുമാണ്. കനകമണി എന്ന കുറ്റിപ്പയറിന്റെ കടും പച്ച നിറമുള്ള കായ്കള്‍ ഉണക്കപ്പയറായും ഉപയോഗിക്കാം.
ചീര
വേനല്‍ക്കാലത്ത് വളരെ ആവശ്യമുള്ള പച്ചക്കറിയാണിത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ വിളവെടുക്കാന്‍ (30- 45 ദിവസം) സാധിക്കുന്നു. എല്ലാ മണ്ണും ചീരകൃഷിക്കനുയോജ്യമാണെങ്കിലും സൂര്യപ്രകാശവും നനയും നന്നായി കിട്ടുന്ന സ്ഥലമാണ് അഭികാമ്യമായിട്ടുള്ളത്. തൈകള്‍ തമ്മില്‍ ഒരടി ഇടയകലം കൊടുക്കാം. നേര്‍പ്പിച്ച ഗോമൂത്രമോ പുളിപ്പിച്ച് നേര്‍പ്പിച്ച പിണ്ണാക്ക് ലായനിയോ ആഴ്ചതോറും തടങ്ങളില്‍ തളിച്ച് കൊടുത്താല്‍ ഉല്‍പാദനം വര്‍ധിപ്പിക്കാം. നനക്കുമ്പോള്‍ വെള്ളം ഇലകളില്‍ വീഴാതെ ശ്രദ്ധിച്ചാല്‍ എന്തെങ്കിലും രോഗബാധയുണ്ടെങ്കില്‍ മറ്റുള്ളവയിലേക്ക് പകരാതിരിക്കാന്‍ സഹായിക്കും. ഇലകളില്‍ കൂടുകെട്ടുന്ന പുഴുക്കളെ കണ്ടാല്‍ ഇലനുള്ളി നശിപ്പിക്കണം. ചുവപ്പും പച്ചയും ഇനം ഇടകലര്‍ത്തി നട്ടാല്‍ രോഗബാധ കുറക്കാം. പച്ചച്ചീര കീടങ്ങള്‍ക്കും പുള്ളിക്കുത്ത് രോഗങ്ങള്‍ക്കുമെതിരെ പ്രതിരോധ ശേഷി കൂടുതലായി കാണിക്കുന്നു. കൂടുകെട്ടിപ്പുഴുക്കള്‍ക്കെതിരെ കാന്താരി- ഗോമൂത്ര മിശ്രിതം വളരെ ഫലപ്രദമാണ്.
വെള്ളരി
വളരെ പ്രധാനപ്പെട്ട വേനല്‍ക്കാല വിളയാണിത്. കൊയ്ത്ത് കഴിഞ്ഞ പാടത്തും കരപ്രദേശങ്ങളിലും കൃഷിചെയ്യാം. പൂത്തു തുടങ്ങുന്നതു വരെ രണ്ടു തവണ നന നല്‍കണം. പൂത്തു തുടങ്ങിയാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ നനക്കണം. രണ്ട് മീറ്റര്‍ വരികള്‍ക്കിടയിലും 1.5 മീറ്റര്‍ ചെടികള്‍ക്കിടയിലും ഇട അകലം നല്‍കണം. വെള്ളരി വര്‍ഗത്തില്‍പെടുന്ന എല്ലാ വിളകളെയും ആക്രമിക്കുന്ന പ്രധാന കീടമാണ് കായീച്ച. ചെറുപ്രായത്തില്‍ തന്നെ കായുടെ പുറത്തു കുത്തി മുട്ടയിടുകയും കായ്ക്കുള്ളില്‍ വളരുകയും ചെയ്യും. ഇത്തരം കായ്കള്‍ മഞ്ഞളിച്ച് ചീഞ്ഞുപോകും. ഇവ പറിച്ചെടുത്ത് തീയിട്ട് നശിപ്പിക്കാം. പൂക്കളുണ്ടാകുമ്പോള്‍ തന്നെ കൃഷിയിടത്തില്‍ ഫിറമോന്‍ കെണികള്‍ തൂക്കിയിടുന്നത് അവയെ നിയന്ത്രിക്കാന്‍ ഫലപ്രദമാണ്.
കോവല്‍
വിത്തിന് പകരം കമ്പാണ് നടാനുപയോഗിക്കുന്നത്. വേലികളോ മറ്റോ പടര്‍ന്നു വളരാന്‍ അനുവദിച്ചാല്‍ ഏതാനും വര്‍ഷം വരെ തുടര്‍ച്ചയായി കായ്കള്‍ ലഭിക്കും. മഴക്കുമുമ്പെ കായുണ്ടായ വള്ളികള്‍ മുറിച്ചു മാറ്റുന്നത് കൂടുതല്‍ കായ്കളുണ്ടാകാന്‍ സഹായിക്കും.
സാലഡ് വെള്ളരി
ഡിസംബര്‍- ഫെബ്രുവരി മാസമാണ് യോജിച്ച നടീല്‍ കാലം. വേനലില്‍ തടങ്ങളെടുത്ത് അതില്‍ വിത്തിട്ട് പാകുന്നതാണുത്തമം. കൂനകള്‍ക്കിടയില്‍ ഒരു മീറ്റര്‍ ഇടയകലം കൊടുക്കണം. വേനല്‍ക്കാലത്ത് ശരീരത്തിന് തണുപ്പ് കിട്ടുന്നതിനാല്‍ ഇതിന്റെ മൂപ്പ് കുറഞ്ഞ കായ്കള്‍ ധാരാളമായി ഉപയോഗിക്കാന്‍ നല്ലതാണ്. വേനല്‍ക്കാലത്ത് തടങ്ങളില്‍ വൈക്കോല്‍ കൊണ്ട് പുതയിടണം.
മത്തന്‍, കുമ്പളം
പന്തല്‍ ആവശ്യമില്ലാത്തതിനാല്‍ കൃഷിച്ചെലവ് കുറയും. കേടില്ലാതെ വളരെക്കാലം സൂക്ഷിക്കാമെന്നതുകൊണ്ട് എല്ലാവര്‍ക്കും പ്രിയപ്പെട്ട വിളവാണിവ. അടിവളമായി ഉണങ്ങിയ ചാണകം, കോഴിക്കാഷ്ടം, വേപ്പിന്‍ പിണ്ണാക്ക്, എല്ലുപൊടി എന്നിവ നല്‍കാം. വിത്തുകള്‍ പാകുന്നതിന് മുമ്പ് ആറ് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം ഉപയോഗിക്കുക. വള്ളി വീശുമ്പോഴും പൂവിടുമ്പോഴും ജൈവവളം നല്‍കണം. വളമിടുന്നതോടൊപ്പം കള പറിക്കലും ഇട ഇളക്കലും നടത്താം. വള്ളികള്‍ പടരാന്‍ തുടങ്ങുമ്പോള്‍ തെങ്ങിന്‍പട്ടയോ ചപ്പോ ഇട്ട് കൊടുക്കുന്നത് കായ് മണ്ണില്‍ പതിഞ്ഞ് കേടുവരാതിരിക്കാന്‍ സഹായിക്കും.
ചുരക്ക, പീച്ചില്‍
വേനല്‍ക്കാലത്ത് വളരെ നന്നായി കൃഷിചെയ്യാവുന്ന ഇനങ്ങളാണ് ചുരക്കയും പീച്ചിലും. ചുരക്കയില്‍ നാരിന്റെ അംശവും പീച്ചിലില്‍ ജലാംശവും കൂടുതലാണ്. ഇവയുടെ കായ്കള്‍ പച്ചക്കറിക്കാണെങ്കില്‍ മൂന്നിലൊന്ന് മൂപ്പെത്തുമ്പോള്‍ പറിക്കാം. കീടരോഗങ്ങള്‍ വളരെ കുറവാണ് ഈ വിളകളില്‍.
(ഒതുക്കുങ്ങല്‍ കൃഷി ഓഫീസറാണ് ലേഖിക)